മണ്ഡല പുനർനിർണയത്തിനുശേഷം ആദ്യം നടന്ന തെരഞ്ഞെടുപ്പ് മുതൽ പി.കെ. ബഷീർ ആണ് മലപ്പുറം ജില്ലയിലെ ഏറനാട് നിയോജകമണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2011-ൽ 13-ാം നിയമസഭയിൽ തുടങ്ങി 16-ാം നിയമസഭയിൽ എത്തിയപ്പോൾ ആദ്യമായി മന്ത്രിയുമായി. മുസ്‌ലിം ലീഗിന്റെ പ്രധാന വകുപ്പുകളിൽപ്പെട്ട പൊതുമരാമത്ത്. തുടർച്ചയായി നാലുവട്ടം എം.എൽ.എ ആകുന്നതിന്റെ സ്വാഭാവിക തുടർച്ചയായി മന്ത്രിയുമാകുന്നു എന്ന് അറിഞ്ഞ ആ സന്ദർഭത്തെക്കുറിച്ച് പി.കെ. ബഷീറോടു ചോദിച്ചു: “മന്ത്രിയാകും എന്ന് പാർട്ടി പ്രഖ്യാപിച്ചപ്പോൾ ആദ്യം ഉമ്മാനെ വിളിച്ചു. “ഉമ്മാ, പാർട്ടി എന്റെ പേരും പ്രഖ്യാപിച്ചിട്ടുണ്ട്, മന്ത്രിയാകും” എന്നു പറഞ്ഞു. പ്രഖ്യാപനം തിരുവനന്തപുരത്തായിരുന്നല്ലോ. തലേന്ന് ഉമ്മാനോട് യാത്ര പറഞ്ഞ് തിരുവനന്തപുരത്തേക്ക് പോരുമ്പോഴും ഉറപ്പുണ്ടായിരുന്നില്ല; ചിലപ്പോൾ മന്ത്രിയാകും, ചിലപ്പോൾ ആയില്ലെന്നും വരാം. തീരുമാനമായപ്പോൾ ഉമ്മാനോട് പറഞ്ഞു, അല്ലാഹുവിനു നന്ദി പറഞ്ഞു, പിന്നെ, എന്നെ ജയിപ്പിച്ച ജനങ്ങൾ; അവരുടെ സന്തോഷം, അഭിനന്ദിച്ചുകൊണ്ടുള്ള വിളികൾ. വല്ലാത്തൊരു വികാരത്തിലായിരുന്നു അപ്പോൾ. ഉള്ളിന്റെയുള്ളിൽ ടെൻഷനായിരുന്നു. വലിയ ഒരു സ്ഥാനമാണല്ലോ, ഒരു രാഷ്ട്രീയ പ്രവർത്തകനു കിട്ടാവുന്ന പ്രധാനപ്പെട്ട അംഗീകാരം.”
പൊതുപ്രവർത്തകർക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആകണം എന്നു തോന്നുന്നത് സ്വാഭാവികമാണെന്ന് ബഷീർ തുറന്നു പറയുന്നു. മെമ്പറായിക്കഴിയുമ്പോൾ അതിലും വലുത് ആകണം എന്നു തോന്നും. “ഞാൻ അങ്ങനെ വന്ന രാഷ്ട്രീയ പ്രവർത്തകനാണ്. സഹകരണ ബാങ്ക് പ്രസിഡന്റായിരുന്നു, ജില്ലാ പഞ്ചായത്ത് അംഗമായി. പിന്നെയാണ് 2011-ൽ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ശക്തമായ മത്സരമായിരുന്നു. പി.വി. അൻവർ ആയിരുന്നു എതിര്. ഇടതുപക്ഷത്തിനു സ്ഥാനാർത്ഥിയുണ്ടായിരുന്നെങ്കിലും സി.പി.എമ്മിൽനിന്ന് അൻവറിനു പിന്തുണ കിട്ടി. പക്ഷേ, അന്ന് എല്ലാവരും എന്നെ ചേർത്തുപിടിച്ചു, 11000 വോട്ടിനു ജയിച്ചു. അതിലൊരു മുഖ്യഘടകം എന്റെ ഉപ്പാന്റെ രാഷ്ട്രീയ പ്രവർത്തനമാണ്; അദ്ദേഹത്തെ സ്നേഹിക്കുന്ന ആളുകളുടെ ഒരു വൈകാരികതയുണ്ടായിരുന്നു. പിന്നെ ജനപ്രതിനിധി എന്ന നിലയിൽ അവരുടെയിടയിൽ ജീവിച്ചു. എന്റെ രാഷ്ട്രീയ ഗുരു ഉപ്പയാണ്.
2016-ൽ ഭൂരിപക്ഷം വർദ്ധിച്ചു, 2021-ൽ ആദ്യ തവണത്തേതിന്റെ ഇരട്ടിയായി ഭൂരിപക്ഷം. നാലാംതവണ ജയിക്കുകയും പാർട്ടി അധികാരത്തിലെത്തുകയും ചെയ്തപ്പോൾ പരിഗണിക്കും എന്നൊരു ധാരണ പൊതുവെ ഉണ്ടായിരുന്നു. എങ്കിലും പാർട്ടി നേതൃത്വം അത് പ്രഖ്യാപിക്കുന്നതുവരെ ആകാംക്ഷയാണല്ലോ. അതുണ്ടായപ്പോൾ സമ്മിശ്ര വികാരമാണ് ഉണ്ടായത്. ഒന്ന്, ഉപ്പ മന്ത്രിയാകും എന്നു പ്രതീക്ഷിച്ചപ്പോഴാണ് അവസാനഘട്ടത്തിൽ ചീഫ് വിപ്പ് ആയത്. അതോർത്തു. പിന്നെ, പാർട്ടിയും ജനങ്ങളും നമ്മളെ സ്നേഹിക്കുന്നവരുമൊക്കെ കൂടെനിന്നു പ്രവർത്തിച്ചതുകൊണ്ടാണല്ലോ എം.എൽ.എയും മന്ത്രിയുമൊക്കെയായത്. ടെൻഷനും സന്തോഷവുമുണ്ടായി. ഇനി നിർവഹിക്കാൻ പോകുന്ന ഉത്തരവാദിത്തം സാധാരണ കാണുന്ന മാതിരിയല്ല എന്ന് നല്ലതുപോലെ അറിയാമായിരുന്നു.”
മുസ്‌ലിം ലീഗിന്റെ ഹൃദയമായ ഒരു സ്ഥലത്തുനിന്നുള്ള ജനപ്രതിനിധി സ്വയം എങ്ങനെ വിലയിരുത്തുന്നു?
ജനങ്ങൾ നിഷ്‌കളങ്കരാണ്, മലബാറിൽ പൊതുവേയും മലപ്പുറത്ത് പ്രത്യേകിച്ചും. സാധാരണക്കാരാണ്. അവരിൽ കർഷകരുണ്ട്, ബിസിനസ് ചെയ്യുന്നവരുണ്ട്. അങ്ങനെ പലതും. പഴയ മലപ്പുറമല്ല ഇപ്പോൾ. ഒരുകാലത്ത് ആരാന്റെ വിറകുവെട്ടികളും വെള്ളംകോരികളുമായിരുന്നു. കൂലിപ്പണിക്കുമൊക്കെ പോയി ജീവിച്ചു. ഗൾഫിലേക്ക് മക്കളൊക്കെ പോയി വന്നപ്പോൾ കുറേശ്ശേ സാമ്പത്തിക അടിത്തറയുണ്ടായി. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടായി. സ്കൂളുകളും കോളേജുകളുമൊക്കെ വന്നു; കുട്ടികൾ നന്നായി പഠിച്ചു, ജോലിയും കാര്യങ്ങളുമൊക്കെയായി.
പൊതുപ്രവർത്തകർ എം.എൽ.എ ആകുമ്പോൾ അവർ നമ്മളെ ഒരു യുദ്ധത്തിൽ സഹായിക്കുകയാണ്; തെരഞ്ഞെടുപ്പു യുദ്ധത്തിൽ നമ്മളെ സഹായിക്കുന്നു. അങ്ങനെ നമുക്ക് ഒരു അംഗീകാരം ലഭിക്കുകയാണ്. അവരാണ് നമ്മുടെ ശക്തി. അവരെ ചേർത്തുപിടിച്ചു പോകണം. അവർക്കു പറയാനുള്ള കാര്യങ്ങൾ കേൾക്കണം. വികസനം മാത്രമല്ല, കരുതലുമുണ്ടാകണം. ക്ഷേമപ്രവർത്തനങ്ങൾ. പ്രയാസപ്പെടുന്ന ഒരുപാടാളുകളുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളും മുഖ്യമാണ്. ഏറനാട് നിയോജകമണ്ഡലത്തിലെ 50 ശതമാനം ആളുകളേയും എനിക്ക് നേരിട്ടു പരിചയമുണ്ട്. മണ്ഡലത്തിലെ ജനസംഖ്യ രണ്ടു ലക്ഷമാണല്ലോ, അതിൽ പകുതിയാളുകളെ നേരിട്ട് അറിയാം. മണ്ഡലത്തിൽ എല്ലായിടത്തും പോകാനും എല്ലാവരേയും കാണാനും പരമാവധി ശ്രമിക്കാറുണ്ട്. അധികം കല്യാണങ്ങൾക്കും തലേദിവസമാണ് പോകാറ്. തലേന്നാകുമ്പോൾ അവരുടെ വീട്ടിൽ പോകാം, വീട്ടുകാരെയെല്ലാം കാണും. അയൽവാസികളും കുടുംബക്കാരുമൊക്കെയുണ്ടാകും. എല്ലാവരേയും കാണാം. അപ്പോൾ ബന്ധങ്ങളുണ്ടാകും. കല്യാണത്തിന്റെ അന്നു പോയാൽ ആൾക്കൂട്ടമാണ്.
ആളുകളെ കേൾക്കണം. എനിക്കൊരു കാര്യമുണ്ട്. ഒരു കാര്യം ചെയ്യാൻ പറ്റുന്നതാണെങ്കിൽ പറ്റുമെന്നു പറയും, ചെയ്യും. ചെയ്യാൻ പറ്റില്ലെങ്കിൽ അതു ബുദ്ധിമുട്ടാണെന്നു പറയും. അതിനു ഗുണവുമുണ്ട്, ദോഷവുമുണ്ട്. പക്ഷേ, അതെന്റെയൊരു നിലപാടാണ്. പറഞ്ഞ ഒരു വാക്കുണ്ടെങ്കിൽ അതു പാലിക്കണം. അതാണ് എന്നെ ആൾക്കാര് കാണുന്നത്. ഇത് അഹങ്കാരം പറയുകയല്ല. ഞാനൊരു കാര്യം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ നടത്തിക്കൊടുക്കും.
ജനങ്ങൾക്കു സ്വീകാര്യനാകാൻ മനപ്പൂർവം ചെയ്യുന്ന കാര്യങ്ങളാണോ ഇതൊക്കെ?
ഒരിക്കലുമല്ല. എന്തെങ്കിലും കാര്യത്തിനു വരുന്ന ആളുകളെ ആദ്യത്തെ തവണ ഉറപ്പായും നേരിട്ടു കാണും, പറയാനുള്ളതു കേൾക്കും. പിന്നെ നമുക്കു ഫോളോഅപ്പ് ചെയ്തു കൊടുക്കാൻ പറ്റും. മറ്റേത് ഒരു ബന്ധവുമുണ്ടാകില്ല. വരുന്ന ആളോട്, വിഷയവുമായി ബന്ധപ്പെട്ട് നമുക്കു ചില കാര്യങ്ങൾ ചോദിക്കാനുണ്ടാകും; സ്വന്തം അനുഭവപരിചയത്തിൽനിന്ന്. അഞ്ച്-പത്ത് ശതമാനം നെഗറ്റീവും ബാക്കി 90 ശതമാനം പോസിറ്റീവും ആണെങ്കിൽ അതു നമുക്കു 100 ശതമാനം പോസിറ്റീവ് ആക്കി മാറ്റാൻ പറ്റുമോ എന്നു ശ്രമിക്കാൻ കഴിയും. പിന്നെ, അധികം ആളുകൾക്കും പ്രത്യേകിച്ചു വലിയ കാര്യസാധ്യമൊന്നുണ്ടാകില്ല. അവരെ നമ്മൾ പരിഗണിക്കണം. അത്രേയുള്ളൂ. അല്ലാതെ, എല്ലാവരും ആവശ്യങ്ങൾക്കു വരുന്ന ആൾക്കാരല്ല. എല്ലാവര്‍ക്കും എന്തെങ്കിലുമൊരു വിഷയമുണ്ടാകുമ്പോൾ പാർട്ടി കൂടെയുണ്ടാകും എന്ന ഉറപ്പുണ്ടാവുക എന്നതാണ് പ്രധാനം; അതാണ് എന്റെയൊരു വിശ്വാസം. പാർട്ടി വലിയ ഉറപ്പാണ് ആളുകൾക്ക്. പിന്നെ, മണ്ഡലത്തിലെ എന്തെങ്കിലും കാര്യങ്ങളാണെങ്കിൽ ‘ബഷീറാക്ക’ ഉണ്ടല്ലോ, ബഷീറാക്കാനോട് പറയാല്ലോ എന്നത്. അതാണ്, നമ്മൾ കൂടെയുണ്ട് എന്നതാണ് രാഷ്ട്രീയത്തിൽ അല്ലെങ്കിൽ പൊതുപ്രവർത്തനത്തിൽ ആളുകൾക്കു വേണ്ടത്. പ്രയാസവും പ്രതിസന്ധിയുമൊക്കെ വരും; അപ്പോൾ ഒരു തണലായിട്ടു നിന്നുകൊടുക്കാൻ കഴിയണം. പിന്നെ, അധികം ആൾക്കാരും ഒരാളേയും ആശ്രയിക്കൂല. കഴിവുന്നതും അവരെക്കൊണ്ടുതന്നെ അതു ചെയ്യാൻ പറ്റുമോന്നു നോക്കും. ഇല്ലെങ്കിലേ ഒരാളെ സമീപിക്കുകയുള്ളൂ. ഉദാഹരണത്തിന്, ഒരു ബിസിനസ്സോ മറ്റോ ചെയ്തു സാമ്പത്തിക പ്രയാസം വന്നു. ആദ്യം സ്വന്തം കയ്യിലെ സോഴ്‌സുകൾ വെച്ചിട്ട് പ്രയാസം തീർക്കാൻ നോക്കും; അതു കഴിഞ്ഞില്ലെങ്കിൽ വീട്ടിലുള്ള സ്വർണം പണയം വയ്ക്കാൻ നോക്കും. അതുകൊണ്ടും തീർന്നില്ലെങ്കിൽ മാത്രമാണ് മറ്റൊരാളിൽനിന്നു കടംവാങ്ങാൻ പോവുക. അല്ലെങ്കിൽ ബാങ്കിൽനിന്നു വായ്പ. നേരെ മറിച്ച്, ആളുകൾക്ക് എന്തെങ്കിലും പ്രയാസമുള്ളതായി അറിഞ്ഞാൽ, പരിഹാരത്തിനുവേണ്ടി അവർ ഇങ്ങോട്ടു സമീപിച്ചില്ലെങ്കിലും നമ്മൾ അങ്ങോട്ടു പോകണം.
“എന്തൊക്കെയാണ് വർത്തമാനം” എന്നു ചോദിച്ച് ലോഹ്യം പറഞ്ഞാൽ മതി. ജനങ്ങളുടെ ഇടയിൽ എപ്പോഴും ഉണ്ടാകണം. വികസനം പ്രധാനമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാകണം. അതിനു റിസൽറ്റുണ്ടാകും.
ഉപ്പയാണ് രാഷ്ട്രീയ ഗുരു എന്നു പറഞ്ഞു. സീതി ഹാജി എന്ന മുസ്‌ലിം ലീഗിന്റെ സമുന്നത നേതാവായിരിക്കും ട്രോളുകൾ വരുന്ന കാലത്തിനു മുന്‍പേ ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട ഒരു രാഷ്ട്രീയ നേതാവ്. പക്ഷേ, അദ്ദേഹം തികഞ്ഞ ജനകീയനായിരുന്നു എന്നു രാഷ്ട്രീയ എതിരാളികൾ ഉൾപ്പെടെ പറയാറുണ്ട്. ഉപ്പയുമായുള്ള അടുപ്പം താങ്കളെ രൂപപ്പെടുത്തിയത് എങ്ങനെയാണ്?
ഉപ്പയുടെ ഏറ്റവും വലിയ ക്വാളിറ്റി അദ്ദേഹം സാധാരണക്കാരുടെ നേതാവായിരുന്നു എന്നതാണ്. കാരണം, ഉപ്പ ചെറുപ്പത്തിൽ വളരെ കഷ്ടപ്പെട്ട ഒരാളാണ്. കഷ്ടപ്പാടെന്നു പറഞ്ഞാൽ, അദ്ദേഹത്തിന്റെ വാപ്പ ചാലിയാറിൽനിന്നു മരം തെരപ്പം (ചെങ്ങാടം) കെട്ടീട്ട് കൊണ്ടുവന്നിരുന്ന ആളായിരുന്നു. വാപ്പാന്റെ വാപ്പയും രണ്ടു ജ്യേഷ്ഠന്മാരും എളാപ്പയുമൊക്കെ ചേർന്നിട്ടാണ് അതു ചെയ്തുകൊണ്ടിരുന്നത്. ഒരു 15 വയസ്സുള്ളപ്പോഴൊക്കെ ആ ജോലി തുടങ്ങി. ഉപ്പയും ജ്യേഷ്ഠന്മാരും ഒരു അനുജനെ പഠിപ്പിച്ചു. സ്വന്തം നിലയിൽ വിദ്യാഭ്യാസം ഇല്ലാത്തതുകൊണ്ട് അനുജനെ പഠിപ്പിക്കാൻ ഇഷ്ടമായിരുന്നു. അനുജൻ കോഴിക്കോട് ഫാറൂഖ് കോളേജിൽ പഠിക്കുമ്പോൾ ഫീസിനുള്ള പണം കൊടുക്കാൻ പോയ അനുഭവമുണ്ട്.
ഇന്നും അതു പറയുമ്പോൾത്തന്നെ ബഷീറിന്റെ കണ്ണുകൾ നിറയും. “അനുജനു കോളേജിലോ ഹോസ്റ്റലിലോ ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ മുഴുവൻ കാശും കൊടുത്തു. പിന്നെ നോക്കുമ്പോൾ തിരിച്ചു വീട്ടിലേക്കുള്ള ബസ് കാശ് ഇല്ല. അന്ന് ന്റുപ്പ 10-40 കിലോമീറ്റർ നടന്നാണ് തിരിച്ചെത്തിയത്.”
കഷ്ടപ്പാടുകൊണ്ടാണ് വിദ്യാഭ്യാസം ചെയ്യാൻ കഴിയാതിരുന്നത്. ഒരപ്പം അഞ്ച് കഷണങ്ങളാക്കിയാണ് ഉമ്മ തന്നിരുന്നത് എന്ന് ഉപ്പ തന്നെ പറഞ്ഞിട്ടുണ്ട്. അങ്ങനെയാണ് കുട്ടിക്കാലത്തുതന്നെ തെരപ്പം കുത്താൻ പോയത്. ഞങ്ങൾ വലുതായിക്കഴിഞ്ഞ് ഒരു ദിവസം ഭക്ഷണം കഴിക്കുമ്പോൾ ഉമ്മാനോട് അതില്ലേ, ഇതില്ലേ എന്നൊക്കെ ചോദിക്കുന്നത് കേട്ടിട്ടാണ് ഉപ്പ ആ അപ്പം വീതംവച്ച അനുഭവം പറഞ്ഞത്.
പിന്നീട്, നിലമ്പൂർ കോവിലകത്തെ തമ്പുരാനാണ് ഉപ്പയ്ക്ക് 200 റുപ്യ കൊടുത്തിട്ട് മരക്കച്ചവടം ചെയ്യാൻ പറഞ്ഞത്. 1960 കാലഘട്ടത്തിലാണ്; അന്നത് വളരെ വലിയ തുകയാണ്. അങ്ങനെയാണ് അദ്ദേഹം പടിപടിയായി മരക്കച്ചവടക്കാരനാകുന്നത്.
മുസ്‌ലീം ലീഗ് രാഷ്ട്രീയത്തിൽ സജീവമാകുകയും എം.എൽ.എ ആവുകയുമൊക്കെ ചെയ്തത് പിന്നീട് കുറേക്കഴിഞ്ഞാണ്. സി.എച്ച്. (മുഹമ്മദ് കോയ) ആയിരുന്നു ഉപ്പയുടെ രാഷ്ട്രീയ ഗുരു. പിന്നെ ബാപ്പു കുരിക്കൾ ഉണ്ടായിരുന്നു. 1967-ലെ ഇ.എം.എസ് സർക്കാരിൽ സി.എച്ചും മഞ്ചേരിയിലെ അഹമ്മദ് കുരിക്കളും ഉണ്ടായിരുന്നു. അന്നത്തെക്കാലത്തെ ജന്മികുടുംബംന്നൊക്കെ പറയാവുന്ന കുടുംബമായിരുന്നു അഹമ്മദ് കുരിക്കളുടേത്. ഉപ്പ അവിടുത്ത ഒരാളായിരുന്നു. സി.എച്ചുമായുള്ള അടുപ്പവും ആ വഴിക്ക് വന്നതാണ്. വീട്ടിൽ ആളുകൾ കാണാൻ വരുമ്പോൾ സാധാരണക്കാരെ ആദ്യം കാണുന്നതായിരുന്നു ഉപ്പയുടെ രീതി. മറ്റുള്ളവരോട് പറയും, ഓന് ഇതു കഴിഞ്ഞ് കൂലിപ്പണിക്കോ മറ്റുമൊക്കെ പോകേണ്ടതായിരിക്കും; ഇവിടെ നിന്നു സമയം കളയണ്ട.
1977-ൽ കൊണ്ടോട്ടിയിൽനിന്നാണ് ഉപ്പ ആദ്യം നിയമസഭയിലേക്കു മത്സരിക്കുന്നത്. ഞങ്ങളന്ന് സംവരണ മണ്ഡലമായ വണ്ടൂരിലാണ്. അതാണ് കൊണ്ടോട്ടിയിൽ നിന്നത്. ഉപ്പയുടെ വിദ്യാഭ്യാസം നാലാംക്ലാസ്സാണ്; എൽ.പി. നിയമസഭയിൽ അദ്ദേഹം അതു പറഞ്ഞിട്ടുണ്ട്. “എന്റെ വിദ്യാഭ്യാസം എൽ.പിയാണ്; ലോകപരിചയം.”
സാമ്പത്തികമായി കുറച്ചു മെച്ചപ്പെട്ടപ്പോൾ, സി.എച്ച് ഒക്കെ പറഞ്ഞിട്ട് എന്നെ മദ്രാസ് ക്രിസ്ത്യൻ കോളേജിന്റെ സ്കൂളിൽ ചേർത്തു. എട്ടാം ക്ലാസ്സിൽ. അവിടുത്തെ ഇ.എസ്.എൽ.സിയാണ്. ഞാൻ അവിടെ പോയിട്ട് ആകെ അന്തംവിട്ടു. ഇന്നും നമ്മുടെ കോളേജുകൾ അതിന്റെ അടുത്തേക്ക് എത്തില്ല. 1973-ൽ ആണ് അവിടെപ്പോയി പഠിക്കുന്നത്. ’77-ൽ തിരിച്ചുപോന്നു. നല്ല ഫുട്‌ബോൾ കളിക്കാരനായിരുന്നു. ഒക്ടോബറിൽ ഒരു ഫുട്‌ബോൾ മത്സരത്തിൽ പരിക്കുപറ്റി വീട്ടിലേക്കു പോരികയായിരുന്നു. ഒന്നര മാസം ക്ലാസ് പോയി. ആ സമയത്ത് എളാപ്പ സർക്കാർ കൂപ്പ് ലേലത്തിലെടുത്തു. ഉപ്പ കൂപ്പ് എടുക്കുന്നതൊക്കെ നിർത്തിയിരുന്നു. പിന്നെ എന്റെ പേരിലാണ് എടുക്കുന്നത്. “നീ ഇനി തിരിച്ചു പോകേണ്ടാന്ന് ഉപ്പ പറഞ്ഞു, ഇനി കച്ചോടം നോക്കിയാൽ മതി.”
അന്ന് മദ്രാസിൽ പ്രീ യൂണിവേഴ്‌സിറ്റിയാണ് പ്രീഡിഗ്രി; 11-ാം ക്ലാസ്സാണ്. 11-ാം ക്ലാസ്സ് കഴിഞ്ഞാൽപ്പിന്നെ കോളേജിലേക്കാണ്. മാർച്ചിൽ പരീക്ഷ. പക്ഷേ, ഫെബ്രുവരിയിൽ എന്നെ തിരിച്ചു വിളിച്ചു. സി.എച്ച് ഉപ്പാനോട് കുറേ പറഞ്ഞു, ഓൻ കംപ്ലീറ്റാക്കിക്കോട്ടേന്ന്. പക്ഷേ, കംപ്ലീറ്റാക്കാൻ പറ്റിയില്ല. പിന്നെ, കച്ചോടവും ഉപ്പാന്റെ നിഴലിൽ രാഷ്ട്രീയ പ്രവർത്തനവും. യൂത്ത് ലീഗിൽ സജീവമായി.
ഉപ്പാ സാധാരണക്കാർക്ക് മുൻഗണന കൊടുക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവന്നത്?
അതെ. ഞാൻ 1982-’83-ൽ എടവണ്ണ സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായപ്പോഴത്തെ ഒരനുഭവമുണ്ട്. വീട്ടിൽ ഒരാൾ എന്നെ കാണാൻ വന്നു മടങ്ങിപ്പോയപ്പോൾ ഉപ്പാ എന്നെ വിളിച്ചു: “ചെങ്ങായീ, ഇങ്ങു വാ. എന്തിനാണ് ഓൻ വരുന്നത്?”
അത്, ഒരു ലോണിന്റെ കാര്യത്തിനു വന്നതാണ്” എന്നു ഞാൻ പറഞ്ഞു.
5000 രൂപയാണ് സ്വത്ത് രജിസ്റ്റർ ചെയ്തുള്ള ലോൺ. അതിനു 450 രൂപ രജിസ്‌ട്രേഷൻ ഫീസാണ്. ലോൺ തിരിച്ചടയ്ക്കുമ്പോൾ തിരിച്ച് രജിസ്റ്റർ ചെയ്യുന്നതിനും 450 രൂപയാകും. ആൾ ജാമ്യത്തിനു 2000 രൂപ ലോൺ കിട്ടും. അന്നൊരു പൊറോട്ടയ്ക്ക് പത്ത് പൈസയുള്ള കാലമാണ്.
രണ്ടുമൂന്നു പ്രാവശ്യമായി വന്നുപോകുന്നല്ലോ എന്നു വാപ്പ പറഞ്ഞു. “ഒരാൾ എവിടുന്നെങ്കിലും വന്നുപോകുന്നുണ്ടെങ്കിൽ രണ്ടു റൂപ്പികയോ അഞ്ചു റുപ്പികയോ കടം വാങ്ങിയിട്ടാകും വരുന്നത്. ഓന്റെ ഗതികേടുകൊണ്ട് വരുന്നതാണ്. അതുകൊണ്ട്, നടക്കുമെങ്കിൽ നടക്കുമെന്നു പറയുക, ചെയ്തുകൊടുക്കുക; നടക്കൂല്ലെങ്കിൽ ആ കാര്യം പറയുക. ഒരാളെ അഞ്ചു പ്രാവശ്യവും പത്തു പ്രാവശ്യവും ഒരു കാര്യത്തിനു ചുറ്റിക്കരുത്. ഓന്റെ പിരാക്കം (എന്നു പറഞ്ഞാൽ ശാപം) വീഴണ്ട. അതു ശ്രദ്ധിച്ചോളണം.” അവിടുന്നു ഞാൻ ഒരു പാഠം പഠിച്ചു. അതാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവ്. ഞാനാരോടാണെങ്കിലും ഉള്ളതു പറയും, നടക്കുമെങ്കിൽ നടക്കും, ഇല്ലെങ്കിൽ ഇല്ല. അല്ലാതെ വെറും വർത്തമാനം പറഞ്ഞ് ആളുകളെ നടത്തില്ല. അതാണ് നമ്മുടെയൊരു പോളിസി. കേൾക്കുന്നോന് ആദ്യം ചെറിയൊരു പ്രയാസം തോന്നും; പക്ഷേ, നമ്മളെ സംബന്ധിച്ചിടത്തോളം ആരെയും വഞ്ചിച്ചിട്ടില്ലല്ലോ എന്ന ആശ്വാസം.
കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയിൽ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് ചോദ്യം ചെയ്യപ്പെടുന്നുണ്ടല്ലോ ഇപ്പോൾ, ലീഗിനു പ്രത്യേകിച്ചു റോളൊന്നുമില്ല എന്ന തരത്തിൽ. യഥാർത്ഥത്തിൽ ലീഗിന്റെ അത്തരം ശ്രമങ്ങൾ അംഗീകരിക്കപ്പെടാതെ പോകുന്നതെന്തുകൊണ്ടാണ്?
ആളുകൾ അംഗീകരിക്കുന്നുണ്ട്. ഇതിൽ മഹാനായ ബാഫഖി തങ്ങൾ, പൂക്കോയ തങ്ങൾ, ശിഹാബ് തങ്ങൾ, സി.എച്ച് ഒരു ഘടകമാണ്. മുസ്‌ലിം പെൺകുട്ടികൾ 1969-’70 കാലഘട്ടത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കില്ല. എന്റെ വലിയ പെങ്ങളെ ആറാം ക്ലാസ്സിൽ കല്ല്യാണം കഴിച്ചു വിട്ടു. ഏഴാം ക്ലാസ്സിൽ വിട്ടില്ല. ഹൈസ്കൂളിൽ പെൺകുട്ടികൾ ഉണ്ടാകില്ല. ആ കാലത്തൊരിക്കൽ സി.എച്ച് മലപ്പുറത്തുകൂടി പോകുമ്പോൾ സ്കൂൾ വിടുന്ന സമയമായിരുന്നു. പത്തര മണിക്കു തുടങ്ങി നാലര മണിക്കാണ് സ്കൂൾ വിട്ടിരുന്നത്. മലപ്പുറം ഗവൺമെന്റ് ഹൈസ്കൂളിനു മുന്‍പിൽ വണ്ടി നിർത്താൻ സി.എച്ച് പറഞ്ഞു. കുട്ടികളൊക്കെ ഇറങ്ങിപ്പോകുന്നു. പത്തിൽ താഴെ മുസ്‌ലിം പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന ലീഗ് നേതാക്കളോട് അദ്ദേഹം പറഞ്ഞു: “കേരളത്തിലെ കലാലയങ്ങൾ മുസ്‌ലിം പെൺകുട്ടികളെക്കൊണ്ട് നിറയുന്ന ഒരു കാലം വരും.” രണ്ടാഴ്ച കഴിഞ്ഞുള്ള ക്യാബിനറ്റ് മുസ്‌ലിം, നാടാർ പെൺകുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനു സ്‌കോളർഷിപ്പ് ഏർപ്പെടുത്തി. അങ്ങനെയൊക്കെയാണ് പിന്നാക്ക സമുദായങ്ങളിലെ പെൺകുട്ടികൾ വിദ്യാഭ്യാസത്തിലേക്ക് കൂടുതലായി എത്തിയത്. ഇന്ന് കേരളത്തിലെ സ്ഥിതി നോക്കൂ. മലബാറിൽത്തന്നെ 70-75 ശതമാനം പെൺകുട്ടികളാണ് വിദ്യാഭ്യാസ മേഖലയിൽ എല്ലായിടത്തും. 1980-ൽ എന്റെ ചെറിയ പെങ്ങളെ എസ്.എസ്.എൽ.സി കഴിഞ്ഞിട്ടാണ് കല്ല്യാണം ചെയ്തയച്ചത്. എന്റെ മക്കളെയൊക്കെ 22, 23 വയസ്സിലാണ് കല്ല്യാണം ചെയ്തയച്ചത്. മാറ്റങ്ങളാണ് ഇതൊക്കെ. എം.എസ്.എഫിന്റെ സമ്മേളനത്തിൽ സി.എച്ച് പറഞ്ഞത് പ്രശസ്തമാണ്: പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക. അല്ലാതെ സമരം ചെയ്യാൻ സി.എച്ചും മറ്റു നേതാക്കന്മാരും പറഞ്ഞിട്ടില്ല. അവകാശങ്ങളൊക്കെ നമുക്കു സംരക്ഷിക്കണം; പക്ഷേ, അക്രമത്തിനു പോകരുത്, അതാണ് ലീഗിന്റെ ഐഡിയോളജി. ഹൈസ്കൂൾ ഇല്ലാത്ത കാലം മാറി, ഹൈസ്കൂൾ വന്നു; പിന്നെ ഘട്ടംഘട്ടമായി നിരവധി കോളേജുകൾ വന്നു, സമൂഹത്തിലും സമുദായത്തിലും ഉയർച്ചയുണ്ടായി.
ലീഗിന്റെ സാമൂഹിക ഇടപെടലുകൾ ചോദ്യം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ചോദിക്കാൻ കാരണം, ബാബ്‌രി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേരളത്തിൽ വർഗീയ സംഘർഷങ്ങളും വർഗീയ ധ്രുവീകരണവും ഉണ്ടാകാതിരുന്നത് ലീഗിന്റെ സാന്നിധ്യം കൊണ്ടാണ് എന്നത് അക്കാലം മുതൽ ലീഗിന്റെ വാദമാണ്. ലീഗ് മതേതര സ്വഭാവമുള്ള കക്ഷിയാണ് എന്നത് രാഷ്ട്രീയമായി വിയോജിക്കുന്നവരുൾപ്പെടെ സമ്മതിക്കുന്ന കാര്യമാണ്. പക്ഷേ, ഇതിനു വിരുദ്ധമായ നറേറ്റീവ് സജീവമാണ്. എങ്ങനെ കാണുന്നു?
ബാബ്‌രി മസ്ജിദ് വിഷയം ഉണ്ടായപ്പോൾ പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആയിരുന്നു ലീഗിന്റെ സംസ്ഥാന പ്രസിഡന്റ്. അദ്ദേഹം പറഞ്ഞു, ആത്മസംയമനം പാലിക്കണം, അമ്പലങ്ങൾ സംരക്ഷിക്കപ്പെടണം, അതിനു മുന്‍പിൽ നമ്മൾ നിൽക്കണം. ആ ആഹ്വാനം കേരളീയ സമൂഹം മുഴുവൻ ഉൾക്കൊണ്ടു. പിന്നെ, ഏതു സമൂഹത്തിലും ഒറ്റപ്പെട്ട ചില തീവ്രവാദികൾ ഉണ്ടാകും. അന്ന് ശിഹാബ് തങ്ങളും ലീഗും ഒരുപാട് വിമർശിക്കപ്പെട്ട ഒരു കാലഘട്ടമായിരുന്നു. സംയമനത്തിന്റെ താരാട്ടു പാടുകയല്ല ലീഗിന്റെ ഉത്തരവാദിത്തം എന്നു ചില ആളുകൾ പറഞ്ഞു. അന്ന് സംയമനത്തിന്റെ താരാട്ട് പാടിയതുകൊണ്ടാണ് ഇന്ന് ഈ അന്തസ്സോടെ അഭിമാനത്തോടെ മനസ്സമാധാനത്തോടുകൂടി സൗഹൃദത്തോടുകൂടി കേരളത്തിൽ ജീവിക്കാൻ സാധിക്കുന്നത്. ഒരു ഘട്ടത്തിൽ ശിഹാബ് തങ്ങൾ പറഞ്ഞു, ആര് പോയാലും ഈ പാർട്ടിക്ക് എന്തു ക്ഷീണം വന്നാലും മതേതര സ്വഭാവത്തോടുകൂടി മാത്രമേ ഈ പാർട്ടി മുന്നോട്ടു പോവുകയുള്ളൂ. ബാബ്‌രി മസ്ജിദ് സംഭവത്തിനു ശേഷം ’96-ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അധികാരം നഷ്ടപ്പെട്ടു. ലീഗിന് ഗുരുവായൂർ സീറ്റ് പോയി. പക്ഷേ, അപ്പോഴും പാർട്ടി പിടിച്ചുനിന്നു. പിന്നെ, പോയ ആളുകളൊക്കെ തിരിച്ചുവന്നു. പേരിൽ മാത്രമേ സമുദായമുള്ളൂ. എല്ലാവരേയും ഉൾക്കൊണ്ടാണ് ഈ പാർട്ടി പോകുന്നത്.
മുസ്‌ലിം സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിനെതിരെ സമുദായ നേതൃത്വത്തിലെ ഒരു വിഭാഗം നടത്തുന്ന ക്യാംപെയ്‌നിൽ ലീഗ് കൃത്യമായ അഭിപ്രായം പറയാത്തത് എന്താണ്?
മുസ്‌ലിം ലീഗ് നിലപാട് പറഞ്ഞിട്ടുണ്ട്. ഓരോരുത്തർ അവരുടെ അഭിപ്രായങ്ങൾ പറയുന്നു. ലീഗ് ഒരു രാഷ്ട്രീയ പാർട്ടിയാണല്ലോ. ലീഗിന് ഒരു കാഴ്ചപ്പാടുണ്ട്. ലീഗിന്റെ കാഴ്ചപ്പാടാണല്ലോ പെൺകുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള ഇടപെടലുകൾ. സ്ത്രീകളെ ഉൾപ്പെടെ എല്ലാവരേയും ഉൾക്കൊണ്ട് എല്ലാവരുടേയും സ്വാതന്ത്ര്യം അംഗീകരിച്ചു മുന്നോട്ടു പോകണം എന്നാണ് ലീഗ് നിലപാട്. ആരെയും മാറ്റിനിർത്തുന്നതിന് ലീഗ് അനുകൂലമല്ല.
സമീപകാലത്ത് സമസ്തയും അനുബന്ധ സംഘടനകളും എപ്പോഴും വാർത്തകളിലും വിവാദത്തിലുമുണ്ടല്ലോ. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയ ബലം സമസ്തയിലെ ഭിന്നതയിലും മറ്റു സംഘടനകൾ തമ്മിലുള്ള പോരിലുമൊക്കെ തട്ടി ചിതറിപ്പോകുന്ന സ്ഥിതിയില്ലേ. എന്താണ് അഭിപ്രായം?
ഒന്നൂല്ല. മതസംഘടനകളിൽ അഭിപ്രായവ്യത്യാസമുണ്ടാകും. മുസ്‌ലിം ലീഗ് എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടിയാണ്. ഇതിൽ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്. സമസ്തയുണ്ട്, മുജാഹിദ് ഉണ്ട്. രാഷ്ട്രീയപരമായ ഒരു തീരുമാനം വരുമ്പോൾ അവരൊക്കെ ലീഗാണ്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സമസ്തയിലെ വിഷയങ്ങൾ ലീഗിനെ ബാധിക്കുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, ബാധിച്ചില്ല. പ്രത്യേകിച്ച് മലബാറിലാണ് ബാധിക്കേണ്ടത്. ഒന്നും ബാധിച്ചില്ലല്ലോ. പാർലമെന്റ് തെരഞ്ഞെടുപ്പിലും ഞങ്ങൾക്ക് ഒരു വിഷയവുമുണ്ടായില്ല. പൊന്നാനിയിലും മലപ്പുറത്തും ലീഗ് സ്ഥാനാർത്ഥികൾ റെക്കോഡ് ഭൂരിപക്ഷത്തിൽ ജയിച്ചു. സമീപ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളും വിജയിച്ചു. ഒറ്റപ്പെട്ട ചില കാര്യങ്ങൾ സോഷ്യൽ മീഡിയയിലുമൊക്കെ പറയുന്നതല്ലാതെ ഒന്നുമില്ല.
സമസ്ത ലീഗിന്റെ പിടിയിൽനിന്നു കുതറിമാറാൻ ശ്രമിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമല്ലേ?
ഞങ്ങൾ മതസംഘടനകളുടെ കാര്യങ്ങളിലൊന്നും ഇടപെടാറില്ല. ആത്മീയ നേതാക്കളായ പാണക്കാട് തങ്ങന്മാരും ഇവരുമൊക്കെ യോജിച്ചിട്ടാണല്ലോ പോകുന്നത്. അവരുമായിക്കൂടി കൂടിയാലോചിച്ചാണ് തീരുമാനങ്ങളൊക്കെ എടുക്കാറുള്ളത്. ഏതിലും കാലത്തിനനുസരിച്ച് ചില പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടാകുമല്ലോ.
മതരാഷ്ട്രവാദ നിലപാടുണ്ട് എന്നു വിമർശിക്കപ്പെടുന്ന ജമാഅത്തെ ഇസ്‌ലാമിയോട് നേരത്തേ ലീഗിന് മൃദു സമീപനം ഇല്ലായിരുന്നു. പക്ഷേ, ഇപ്പോൾ ജമാഅത്തിനേയും കോൺഗ്രസ്സിനേയും തമ്മിൽ അടുപ്പിക്കുന്നതിന് പാലമായി മാറുന്നു?
അവർക്കു രാഷ്ട്രീയ പാർട്ടിയായി വെൽഫെയർ പാർട്ടിയുണ്ടല്ലോ. ജമാഅത്തെ ഇസ്‌ലാമിയുമായിട്ടല്ല വെൽഫെയർ പാർട്ടിയുമായാണ് ബന്ധം. അവർ നമ്മളെ എതിർക്കുന്നില്ല. നമ്മളെ എതിർക്കാത്തവരെ പോയിട്ട് വെറുതേയെന്തിനാണ് നമ്മൾ എതിർക്കുന്നത്. പിന്നെ, എല്ലാവരും ഒന്നിച്ചുനിൽക്കേണ്ട കാലഘട്ടമാണ് ഇത്. ഭിന്നിച്ചുനിൽക്കേണ്ട കാലഘട്ടമല്ല. ഒരുമിച്ചു നിന്നിട്ടില്ലെങ്കിൽ അതിന്റെ അനന്തരഫലങ്ങൾ നമ്മൾ അനുഭവിക്കേണ്ടിവരും. അതാണല്ലോ ഇപ്പോൾ ബംഗാളിലൊക്കെ പറ്റിയത്.
ഏറനാട് ഉൾപ്പെടെ ലീഗിന്റെ മൂന്നു നിയമസഭാ നിയോജകമണ്ഡലങ്ങൾ കൂടി ചേർന്നതാണ് വയനാട് ലോക്‌സഭാ മണ്ഡലം. ലീഗിന്റെ ശക്തികേന്ദ്രം. അവിടെ നേരത്തേ രാഹുൽ ഗാന്ധി ജയിച്ചു, ഇപ്പോൾ പ്രിയങ്ക ഗാന്ധി അവിടെനിന്നുള്ള എം.പിയാണ്. പക്ഷേ, ലീഗിന്റെ പച്ചക്കൊടി യു.ഡി.എഫ് റാലികളിൽ കണ്ടാൽ അത് പാകിസ്താന്റെ കൊടിയാണ് എന്നു സംഘപരിവാർ ഉത്തരേന്ത്യയിലും മറ്റും പ്രചരിപ്പിക്കുന്നു എന്നു പറഞ്ഞ് കോൺഗ്രസ് ലീഗ് കൊടി വിലക്കി. കൊടിക്കു പകരം ലീഗണികൾ പച്ച ബലൂൺ പിടിക്കേണ്ട സ്ഥിതി, ആത്മാഭിമാനത്തെ മുറിവേല്പിക്കുന്ന ഈ കാര്യത്തോട് ലീഗിന്റെ പ്രതികരണം എന്താണ്?
ലീഗിന്റെ അഭിമാനത്തിനൊന്നും ഒരു കുറവും വന്നിട്ടില്ല. രണ്ട് വിഷയങ്ങളാണ് ഇതിൽ. നമ്മൾ ഘടകകക്ഷികളാകുമ്പോൾ റാലിയിൽ കൊടിയൊക്കെ ഉയർത്തും. ഇലക്ഷൻ കമ്മിഷൻ വളരെ സ്ട്രിക്റ്റായ ശേഷം ഇതിനൊക്കെ ഒരു കണക്ക് വയ്ക്കാൻ തുടങ്ങി. അപ്പോൾപ്പിന്നെ നമ്മൾ ഒരു പൊതു തീരുമാനമെടുത്തു, ഒരു കൊടിയും വേണ്ട. ലീഗിന്റെ മാത്രമല്ല, കോൺഗ്രസ്സിന്റെ കൊടിയും വേണ്ട. ഞാനായിരുന്നു കഴിഞ്ഞ പ്രാവശ്യം വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫിന്റെ വർക്കിംഗ് ചെയർമാൻ; തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി സജീവമായി ബന്ധപ്പെട്ടയാളാണ്. അന്ന് കൊടി വേണ്ടാന്നു വെച്ചത് എങ്ങനെയാണെന്നു വെച്ചാൽ അത് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശമല്ല. ഞങ്ങളെടുത്ത തീരുമാനമാണ്. മറ്റുള്ളവർക്ക് ഓരോരോ അവസരം ഉണ്ടാക്കിക്കൊടുക്കണ്ട എന്ന നിലപാടാണ് കാരണം. അപ്പോൾ കോൺഗ്രസ്സും പറഞ്ഞു, ഞങ്ങളുടെ കൊടിയും വേണ്ടാന്ന്. അല്ലാതെ ലീഗിന്റെ കൊടി മാത്രമല്ല മാറ്റിനിർത്തപ്പെട്ടത്. അതുകൊണ്ട് അതിൽ യാതൊരു പ്രശ്നവും ഉണ്ടായില്ല. ലീഗുകാരും ജനങ്ങളും കോൺഗ്രസ്സും ഉൾക്കൊണ്ടു. ഭൂരിപക്ഷം കൂടി. നിങ്ങളാലോചിച്ചിട്ടുണ്ടോ, 70 ശതമാനം പോളിംഗ് ഉള്ളപ്പോഴാണ് ആ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി 4,10,000 വോട്ടിനു ജയിക്കുന്നത്.
യു.ഡി.എഫ് സർക്കാർ സംഘപരിവാർ സ്വാധീനത്തിനു വഴങ്ങുന്നു എന്ന വിമർശനം വ്യാപകമാണ്. ലീഗ് പ്രവർത്തകരും നേതാക്കളും ഈ വിമർശനം അഭിമുഖീകരിക്കുന്നവരായിരിക്കുമല്ലോ. എങ്ങനെ കാണുന്നു, എങ്ങനെ മറികടക്കും?
നാല് മാസമേ ആയുള്ളൂ വന്നിട്ട്. ഞങ്ങൾ ആർക്കും വഴങ്ങൂല്ല. ഇന്ത്യയിൽ ഇന്ന് ബി.ജെ.പിയെ ഏറ്റവുമധികം എതിർക്കുന്ന പാർട്ടിയാരാ? കോൺഗ്രസ്സല്ലേ. ആ കോൺഗ്രസ്സിനെ തകർക്കാനല്ലേ ബി.ജെ.പി ശ്രമിക്കുന്നത്. അവരുടെ നേതാക്കന്മാരുടെ പേരിൽ കേസും കാര്യങ്ങളും. ഇ.ഡി റെയ്ഡ് എല്ലായിടത്തും. മംഗലാപുരത്തും കർണാടകയിൽ മറ്റു പലയിടത്തും. ഇതൊക്കെ നടക്കുന്നില്ലേ. കോൺഗ്രസ്സിനെ ഏറ്റവും രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ബി.ജെ.പിയാണ്. അങ്ങനെയുള്ള കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് ഗവൺമെന്റിന് സംഘപരിവാറുമായി ധാരണയുണ്ടാകുമോ. അത് ഭാവനയാണ്. മുസ്‌ലിം ലീഗിനകത്ത് അങ്ങനെയൊരു വിഷയമില്ല. ഞങ്ങൾ തെരഞ്ഞെടുപ്പിനെ നേരിട്ടതുതന്നെ ഇവരെയൊക്കെ എതിർത്തിട്ടല്ലേ. ഇവിടെ ധാരണയുണ്ടായതും ഡീൽ ഉണ്ടായതുമൊക്കെ എൽ.ഡി.എഫിന്റെ കാലഘട്ടത്തിലല്ലേ.
പിഎം ശ്രീ നടപ്പാക്കുന്നു, കേന്ദ്രത്തിന്റെ ഭാഗിക സഹായത്തോടെ വയ്ക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെച്ചാലെന്താണ് എന്ന് മന്ത്രി കെ.എം. ഷാജി ചോദിക്കുന്നു, വന്ദേമാതരം മുഴുവൻ പാടണം എന്നതിൽ യു.ഡി.എഫ് ഒരു മൃദുസമീപനം എടുക്കുന്നു, വി.സിമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുക്കുമ്പോൾ അതിനോട് ലീഗ് നിശ്ശബ്ദത പാലിക്കുന്നു ഇതൊക്കെയാണ് ചോദ്യം?
ഗവർണർ പങ്കെടുക്കുന്ന പരിപാടിയിലാണ് പ്രോട്ടോക്കോൾ പ്രകാരം വന്ദേമാതരം പാടുന്നത്. വന്ദേമാതരം മുഴുവൻ പാടണം എന്നു നമ്മൾ പറഞ്ഞിട്ടില്ല. ആഗസ്റ്റ് 15-ന് വന്ദേമാതരം എവിടെയും പാടിയില്ലല്ലോ. അത് ഈ ഗവൺമെന്റ് എടുത്ത ഇച്ഛാശക്തിയുള്ള തീരുമാനമല്ലേ. പിഎം ശ്രീ ഞങ്ങൾ നടപ്പാക്കിയിട്ടില്ല. ധാരണാപത്രം ഒപ്പിട്ടത് അവരാണ്, ആദ്യ ഗഡു വാങ്ങിയതും അവരാണ്. രണ്ടാമത്തേയോ മൂന്നാമത്തേയോ ഗഡു ഞങ്ങൾ വാങ്ങിയിട്ടില്ലല്ലോ. അതിനു സബ്കമ്മിറ്റി വെച്ചിട്ട് നാനാവശങ്ങളും പരിശോധിച്ച് തീരുമാനമെടുക്കണം എന്നാണ് നിയമസഭയിൽ ഞാൻ പറഞ്ഞത്. അല്ലാതെ നടപ്പിലാക്കും എന്നു ഞങ്ങൾ പറഞ്ഞിട്ടില്ല. പിന്നെ, പി.എം.എ.വൈ പദ്ധതിയിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വയ്ക്കാം എന്നല്ല ഷാജി പറഞ്ഞത്. അതിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ ഇല്ല. അതിൽ ഒരു എംബ്ലം ആണ് ഉള്ളത്. പേര് പലതുമുണ്ടാകും. ഇന്ദിരാ ആവാസ് യോജനയുണ്ട്, ജവഹർ റോസ്ഗർ യോജന ഉണ്ടായിട്ടുണ്ട്. മാറിമാറി വരുന്ന ഗവൺമെന്റുകൾ ഓരോ പദ്ധതികൾ നടപ്പാക്കുമ്പോൾ അതിന്റെ പേരിന്റെ പേരിൽ അല്ലല്ലോ കാണേണ്ടത്. പാവപ്പെട്ട ആളുകൾക്ക് ആനുകൂല്യം കിട്ടുന്നുവെന്ന് ഉറപ്പാക്കുകയല്ലേ പ്രധാനം.
കേരളത്തിൽ ഉദ്യോഗസ്ഥതലത്തിലെ അഴിമതി ഇപ്പോഴും ഒരു യാഥാർത്ഥ്യമാണ്. അത് എങ്ങനെ ഇല്ലാതാക്കാൻ ശ്രമിക്കും?
ഉദ്യോഗസ്ഥതലത്തിലും മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി അഴിമതികളൊക്കെ വളരെ കുറവാണ്. ഉദ്യോഗസ്ഥരും കാലത്തിനനുസരിച്ചൊക്കെ നന്നായി മാറാൻ തുടങ്ങിയിട്ടുണ്ട്. എല്ലാത്തിലും ഉണ്ടാകുമല്ലോ അപൂർവം ചില ആളുകളൊക്കെ. പക്ഷേ, അതു നമ്മൾ കണിശമായി വാച്ച് ചെയ്യും, നിയന്ത്രിക്കും. അങ്ങനെ ഒരു അഴിമതിയും പ്രോത്സാഹിപ്പിക്കില്ല. ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണല്ലോ ഈ പദ്ധതികളൊക്കെ നടപ്പിലാക്കുന്നത്. അതിലൊരു അഴിമതിയും ഇല്ലാതിരിക്കാൻ വേണ്ടിത്തന്നെ നമ്മൾ ശ്രദ്ധിക്കും. പരമാവധി സുതാര്യമാക്കും. പിന്നെ, പഴയമാതിരിയല്ല ഇപ്പോൾ ഇ ടെൻഡറുമൊക്കെയായി ഒരുപാട് മാറ്റങ്ങളുണ്ട്. അങ്ങനെയൊരു അഴിമതിയുള്ള സംസ്ഥാനമല്ലല്ലോ കേരളം. പൊതുമരാമത്ത് എന്നല്ല എല്ലാ ഡിപ്പാർട്ടുമെന്റിലും നല്ലതും ചീത്തയുമുണ്ട്. കൈവിട്ടുപോകാതിരിക്കാൻ ശ്രദ്ധിക്കണം, ശ്രദ്ധിക്കുന്നുണ്ട്.
യു.ഡി.എഫിലെ രണ്ടാം കക്ഷിയായ ലീഗിന് കോൺഗ്രസ് രണ്ട് ലോക്‌സഭാ സീറ്റ് മാത്രമാണല്ലോ തരുന്നത്. സി.പി.ഐക്ക് എൽ.ഡി.എഫ് നാല് സീറ്റ് കൊടുക്കുന്നു. ലീഗ് ഈ കാര്യത്തിലെ അവകാശവാദങ്ങൾ ഉപേക്ഷിച്ചോ?
1977 മുതൽ കേരളത്തിൽ 20 ലോക്‌സഭാ സീറ്റുകളാണ്. അന്നു മുതൽ ലീഗ് മത്സരിക്കുന്നത് രണ്ട് സീറ്റിലാണ്. കേന്ദ്രത്തിൽ ഭരണം ഉറപ്പാക്കാൻ പാർലമെന്റിൽ അവർക്ക് കൂടുതൽ സീറ്റുകൾ വേണമായിരുന്നു മുന്‍പ്. ഇപ്പോഴും പരമാവധി ലോക്‌സഭാ സീറ്റുകൾ ഉറപ്പാക്കണം. പകരം നമ്മൾ നിയമസഭയിൽ കൂടുതൽ സീറ്റുകൾ ചോദിക്കും. ആദ്യമൊക്കെ ലീഗ് 15-16 സീറ്റിലാണ് മത്സരിച്ചിരുന്നത്. പിന്നെ 18-20 സീറ്റായി. ഇപ്പോൾ 27 സീറ്റിൽ മത്സരിക്കുന്നുണ്ട്. അന്നും 20 പാർലമെന്റ് സീറ്റാണ്, ഇപ്പോഴും ഇരുപതാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങൾ ഒരു രാജ്യസഭാ സീറ്റ് അധികം വേണമെന്ന് പറഞ്ഞു. 2027 ഏപ്രിലിൽ വരാൻ പോകുന്ന മൂന്ന് രാജ്യസഭാ ഒഴിവുകളിൽ ഒന്ന് ലീഗിന്റെ തന്നെ പി.വി. അബ്ദുൽ വഹാബ് ആണല്ലോ. അത് 2021-ൽ കിട്ടിയതാണ്. ആ ഒരു രാജ്യസഭാ സീറ്റേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. 2024 ജൂലൈയിൽ ഒരു സീറ്റ് കൂടി തന്നു. അതിൽ ഞങ്ങൾ ഹാരിസ് ബീരാനെ ജയിപ്പിച്ചു. അപ്പോൾ രണ്ടായി. ഇനി വഹാബിന്റെ ഒഴിവ് വരുമ്പോൾ അതും ലീഗിനു തന്നെ തരും. രണ്ട് രാജ്യസഭാ സീറ്റ് നിലനിർത്താൻ കഴിയും.
സമൂഹമാധ്യമങ്ങൾക്കു വലിയ സ്വാധീനമുള്ള കാലമാണ്. താങ്കളെപ്പോലെ താഴേത്തട്ടിൽ ആളുകളുമായി ബന്ധമുള്ള രാഷ്ട്രീയ നേതാവിനെപ്പോലും സ്വന്തം ഭാഷയുടെ പേരിൽ ആക്ഷേപിക്കുന്നു. ഇത് താങ്കളെ ബാധിക്കാറുണ്ടോ?
എന്നെ ഒട്ടും ബാധിക്കില്ല. വീട്ടിൽ പണി ഇല്ലാതിരിക്കുന്ന കുറേയാളുകൾ സോഷ്യൽ മീഡിയയിൽ എഴുതി അയയ്ക്കുന്നത് ബഷീറിനെ സംബന്ധിച്ച് ഒരു വിഷയവുമല്ല. ഞാൻ പഠിച്ച ഭാഷ തന്നെയേ എനിക്കു പറയാൻ പറ്റ്വൊള്ളൂ. എന്റെ നാട്ടിൽ ഇതൊക്കെത്തന്നെയേ പറയാൻ പറ്റുവൊള്ളൂ. ഞാൻ ഏറനാടൻ ശൈലിയിൽത്തന്നെയേ നിയമസഭയിൽ പ്രസംഗിച്ചിട്ടുള്ളൂ. അതിൽ സോഷ്യൽ മീഡിയയിൽ എന്തുവരുന്നു എന്നുള്ളത് എന്നെ ബാധിക്കുന്ന വിഷയമേ അല്ല. ഞാൻ പഠിച്ചതല്ലേ എനിക്കു പറയാൻ പറ്റൂ? അങ്ങനെയാണെങ്കിൽ തൃശൂര്‌ത്തെ ഭാഷയോ കാസർകോട്‌ത്തെ ഭാഷയോ തിരുവനന്തപുരത്തെ ഭാഷയോ? ആളുകൾക്ക് ആശയം മനസ്സിലായാൽ മതി; അവർക്ക് എന്താണ് നമ്മൾ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായാൽ മതി. അല്ലാതെ ശുദ്ധ മലയാളത്തിൽ പറഞ്ഞു ഫലിപ്പിക്കേണ്ട ആവശ്യം എനിക്കില്ല. കുയി എന്നു പറഞ്ഞാൽ കുഴി ആണെന്നും മയ എന്നു പറഞ്ഞാൽ മഴയാണ് എന്നും കേൾക്കുന്നവർക്ക് അറിയാം. അതിൽത്തന്നെയോ നിൽക്കുകൊള്ളൂ. ഞാൻ പഠിച്ചതു തന്നെയേ പാടുകൊള്ളൂ. അല്ലാതെ ഈ പത്തറുപത്തിയഞ്ച് വയസ്സായപ്പോൾ ഇനി അതു മാറ്റാനൊന്നും നടക്കണൊന്നുമില്ല. നമ്മുടെ നാട്ടിൽ ച്ച് എന്നു പറയും; അത് എനിക്ക് എന്നാണ്. ജ്ജ് എന്നു പറയും; അതു നീ ആണ്. അതിലൊരു ബഹുമാനക്കുറവുമില്ല. സ്വന്തം നാടിനേയും സ്വന്തം സംസ്കാരത്തേയും മറന്നുപോകാൻ പറ്റില്ല. മറ്റുള്ളവരെ അനുകരിക്കണമെന്ന് താല്പര്യമില്ല. ഞാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ കാണാൻ കർണാടകത്തിൽ പോയി. അവിടെവെച്ച് എ.എൻ.ഐയുടെ ആൾ എന്നോട് ചോദിച്ചു; ഞാൻ എനിക്കറിയാവുന്ന ഇംഗ്ലീഷിൽ പറഞ്ഞു. അതിനു ഗ്രാമർ വേണമെന്നില്ല. അതിനു ട്രോൾ വന്നു. അതേക്കുറിച്ച് പിന്നെയും ആരോ ചോദിച്ചപ്പോൾ പറഞ്ഞു, ട്രോൾ ചെയ്തവർക്കു തന്നെ മനസ്സിലായിട്ടുണ്ടാകുമല്ലോ. ട്രോൾ ചെയ്ത ആൾ എന്നെ വിളിച്ചു; ബഷീറാക്കാ ഞാൻ അങ്ങനെ ഉദ്ദേശിച്ചു ചെയ്തതല്ല. കുഴപ്പമില്ലാന്ന് ഞാൻ പറഞ്ഞു. പിന്നെ വേറൊരു കാര്യമുണ്ട്: അങ്ങനെ ട്രോൾ ചെയ്യുന്നവർക്ക് ചിരിക്കാനും സന്തോഷിക്കാനും നമ്മളെക്കൊണ്ട് കഴിയുന്നെങ്കിൽ അവർക്ക് അത്രയും ടെൻഷൻ കുറയുമല്ലോ.
രാഷ്ട്രീയ എതിരാളികൾ തമ്മിലുള്ള വ്യക്തിബന്ധം കേരളത്തിൽ പൊതുവേ നല്ല രീതിയിലാണ്. ഇ.പി. ജയരാജനെ വലിയ സന്തോഷത്തോടെ ചെന്നു കെട്ടിപ്പിടിക്കുന്ന ഒരു വിഷ്വൽ കണ്ടു. അത്തരം അടുപ്പങ്ങളെക്കുറിച്ച് പറയാമോ?
ഇ.പി. ജയരാജനുമായി 1984-’85 മുതലുള്ള ബന്ധമാണ്. ഞാൻ എല്ലാവരുമായും നല്ല ബന്ധത്തിലാണ്. അവർ നമ്മുടെ രാഷ്ട്രീയ എതിരാളികളാണ്, ശത്രു അല്ല. അതാണ് കാര്യം. പിന്നെ, എതിരാളികളുമായി ബന്ധം സ്ഥാപിക്കുമ്പോൾ അവരിൽനിന്നും ചില കാര്യങ്ങൾ നമുക്കു കിട്ടും; നമ്മളിൽനിന്നു ചില കാര്യങ്ങൾ അവർക്കും കിട്ടും. സൗഹൃദമാണല്ലോ. വടക്കേ ഇന്ത്യൻ രാഷ്ട്രീയം നമുക്കു പറ്റില്ല. ഏറ്റവും വലിയ രാഷ്ട്രീയ എതിരാളികളായിരുന്നു എന്റെ വാപ്പയും എം.വി. രാഘവനും. നിയമസഭയിൽ കീരിയും പാമ്പുമായിരുന്നു. പക്ഷേ, അവരായിരുന്നു ഏറ്റവും വലിയ ആത്മമിത്രങ്ങൾ. അതു കണ്ടു വളർന്നവരാണ്. നായനാർ സാറുമായിട്ടും ബാപ്പയുമായി നല്ല ബന്ധമായിരുന്നു; പിന്നെ പി.എസ്. ശ്രീനിവാസൻ, പി.കെ. വാസുദേവൻ നായർ ഇവരൊക്കെയായി നല്ല വ്യക്തിബന്ധമായിരുന്നു. ബേബി ജോണും വാപ്പയും സി.എച്ചും ഒറ്റക്കെട്ടായിരുന്നു. ലീഗിൽ പ്രശ്നമുണ്ടായപ്പോൾ, ലീഗിലെ പിളർപ്പിന്റെ സമയത്ത് മധ്യസ്ഥനായിട്ട് വന്നത് ബേബി ജോൺ ആയിരുന്നല്ലോ. കിസിഞ്ചർ എന്നാണ് അന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ശീതയുദ്ധകാലത്ത് അമേരിക്കയിലെ ഏറ്റവും കരുത്തുറ്റ നയതന്ത്രജ്ഞനായിരുന്ന ഹെൻറി കിസിഞ്ചർ ലോകപ്രശസ്തനായിരുന്നല്ലോ. അന്ന് ആ പേരാണ് ബേബി ജോണിനെ രാഷ്ട്രീയ കേരളം വിളിച്ചത്.
വകുപ്പിലെ ഉദ്യോഗസ്ഥർക്ക് എല്ലാ കാര്യങ്ങളും തുറന്നുപറയാൻ അവസരമുണ്ടെന്ന് പി.കെ. ബഷീർ വിശദീകരിക്കുന്നു. അത് അവരോടുതന്നെ തുറന്നുപറഞ്ഞിട്ടുമുണ്ട്. മുന്‍പ് ഞാനും പി.ഡബ്ല്യു.ഡി കരാറുകാരനായി പ്രവർത്തിച്ചിട്ടുണ്ട്. നിലനിൽക്കാത്ത ന്യായങ്ങളും ന്യായീകരണങ്ങളും പെട്ടെന്നു മനസ്സിലാകും. കൈകാര്യം ചെയ്യുന്നത് പൊതുപണമാണ് എന്നും ജനങ്ങളുടെ ഓഡിറ്റിന് എപ്പോഴും വിധേയരാകുന്നവരാണ് സർക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളും എന്നും ബോധ്യം വേണം. നമ്മുടെ ഒരു ചെറിയ പ്രവൃത്തികൊണ്ടുപോലും സർക്കാരിനെ മോശമാക്കരുത്. ഇതൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. “വകുപ്പിനെ നല്ല നിലയ്ക്കാണ് കൊണ്ടുപോകാൻ ശ്രമിക്കുന്നത്.”
മന്ത്രി എന്ന നിലയിൽ പാളിച്ചകളുണ്ടായാൽ മാധ്യമങ്ങളും ജനങ്ങളും തിരുത്തണം എന്ന അഭ്യർത്ഥനയോടെ പി.കെ. ബഷീർ വർത്തമാനം അവസാനിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates