ലതികാ സുഭാഷ് Samakalika Malayalam Weekly
Malayalam Weekly

അരങ്ങിൽനിന്ന് അടുക്കളയിലേക്ക് ഒതുങ്ങിയിട്ടില്ല

മഹിളാ കോൺഗ്രസ് അധ്യക്ഷയായിരിക്കെ കോൺഗ്രസ് വിട്ട ലതികാ സുഭാഷ് ഇന്നിപ്പോൾ രാഷ്ട്രീയത്തെപ്പോലെ സ്വന്തം സംരംഭത്തേയും ശ്രദ്ധിക്കുന്നതിൽ അനുഭവങ്ങളുടെ പാഠമുണ്ട്

പി.എസ്. റംഷാദ്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് കേരളം ഏറെ ചർച്ച ചെയ്ത രാഷ്ട്രീയ തീരുമാനങ്ങളിലൊന്ന് കോൺഗ്രസ്സിൽനിന്ന് ലതികാ സുഭാഷിന്റെ രാജിയാണ്. മഹിളാ കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു കൊടുക്കുന്ന പതിവുരീതിയിൽനിന്നു മാറി കോൺഗ്രസ് സീറ്റു നിഷേധിച്ചതാണ് ലതികയെ വിഷമിപ്പിച്ചത്. കെ.പി.സി.സി ജനറൽ സെക്രട്ടറി കൂടിയായിരുന്ന അവർ ഇന്ദിരാഭവനു മുന്നിൽവെച്ച് തല മുണ്ഡനം ചെയ്തതിന്റെ തത്സമയ ദൃശ്യം കേരളം കണ്ടു. സ്വന്തം വീടുൾപ്പെടുന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നിയോജകമണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി; എൽ.ഡി.എഫിനായിരുന്നു വിജയം. തുടർന്ന് എൻ.സി.പിയിൽ ചേർന്ന് എൽ.ഡി.എഫിന്റെ ഭാഗമായി; എൻ.സി.പി വൈസ് പ്രസിഡന്റും സംസ്ഥാന വനം വികസന കോർപറേഷൻ ചെയർപേഴ്‌സണുമായി. രാഷ്ട്രീയത്തിൽ ഇപ്പോഴും സജീവം; ഒപ്പം, വീട്ടിൽത്തന്നെ തുടങ്ങിയ ലതികാസ് കിച്ചണിന്റെ പ്രവർത്തനങ്ങളും. ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്ന കായ വറുത്തതുൾപ്പെടെയാണ് ലതികാസ് കിച്ചണിന്റെ ഹൈലൈറ്റ്‌സ്.

2021-ലെ ആ ദിവസത്തിനു ശേഷമുള്ള ലതികാ സുഭാഷിന്റെ രാഷ്ട്രീയ, ജീവിത വർത്തമാനങ്ങൾ:

ഞങ്ങളെത്ര പേർ പുറത്തുപോയി

എല്ലാക്കാലത്തും കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാകോൺഗ്രസ് പ്രസിഡന്റുമാർക്ക് നിയമസഭയിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിത്വം കിട്ടാറുണ്ട്. ഞാൻ മഹിളാകോൺഗ്രസ് പ്രസിഡന്റായിരിക്കുമ്പോൾ 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല എന്ന സൂചന കിട്ടിയപ്പോൾത്തന്നെ, ഇങ്ങനെ കേൾക്കുന്നല്ലോ എന്ന് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനോടും എ.കെ. ആന്റണിയോടും പറഞ്ഞിരുന്നു. എനിക്കു ശേഷം വരുന്ന മഹിളാകോൺഗ്രസ് പ്രസിഡന്റുമാർക്ക് അത് നൽകുന്ന മെസ്സേജ് എന്തായിരിക്കും എന്നുകൂടി ചോദിച്ചു. അങ്ങനെയൊരു തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ രാജിവെച്ച് തലമുണ്ഡനം ചെയ്യും എന്നു പറയുകയും ചെയ്തു. അവർ അത് വളരെ നിസ്സാരമായി കണ്ടു. അതുകൊണ്ടാണ് എന്നോട് മാന്യമായി വിവരം പറയാൻപോലും തയ്യാറാകാതിരുന്നത്. ഇത്തവണ ഉൾപ്പെടുത്താൻ പറ്റിയിട്ടില്ല, അതിന്റെ പേരിൽ പ്രതിഷേധിക്കുകയോ പറഞ്ഞതുപോലെ എന്തെങ്കിലും ചെയ്യുകയോ അരുത് എന്നൊരു വർത്തമാനം അവരുടെ ആരുടേയും ഭാഗത്തുനിന്ന് ഉണ്ടായില്ല. ഞാൻ പറഞ്ഞതുപോലെ പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. അതിനുശേഷം വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോഴും അവിടെയൊരു വനിതയെ നിർത്തിയതിൽ എന്റെ ആ നടപടി ഒരു കാരണമായിട്ടുണ്ടാകണം എന്നാണ് കരുതുന്നത്.

2000-ൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായതു മുതൽ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി കേരളം മുഴുവൻ യാത്ര ചെയ്യുന്ന ആളാണ്. മഹിളാകോൺഗ്രസ് വൈസ് പ്രസിഡന്റ്, ഒന്‍പത് വർഷം കെ.പി.സി.സി സെക്രട്ടറി, പിന്നീട് ജനറൽ സെക്രട്ടറി, മൂന്നര വർഷത്തോളം മഹിളാകോൺഗ്രസ് അധ്യക്ഷ എന്നീ നിലകളിലെല്ലാം കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പോയിട്ടുണ്ട്. നാലോ അഞ്ചോ തവണ കെ.പി.സി.സി പ്രസിഡന്റുമാരുടെ കേരള യാത്രകളുടെ ഭാഗമായി. പിന്നെ, മഹിളാ കോൺഗ്രസ്സിന്റെ യാത്ര, ജനശ്രീയുടെ യാത്ര. അപ്പോഴൊക്കെ താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ബന്ധപ്പെടുമ്പോൾ വനിതാ പ്രവർത്തകർ പറയുന്ന ഒരു പ്രധാന കാര്യം അവരെ പരിഗണിക്കുന്നില്ല എന്നതായിരുന്നു. വേദിയിൽ പുരുഷന്മാരുടെ ആധിപത്യം, പാർട്ടി പരിപാടികളുടെ പത്രവാർത്തകൾ കൊടുക്കുമ്പോൾ വനിതകളുടെ പേര് ഒഴിവാക്കുന്നു. പക്ഷേ, ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഇതിനൊക്കെ മാറ്റം വന്നു തുടങ്ങി. എന്റെ കൂടി ഇടപെടലുകൾ അതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.

സ്ഥാനാർത്ഥി നിർണയത്തിൽ വനിതകളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പ്രാദേശിക ഭാരവാഹികളും പ്രവർത്തകരുമായിട്ടും ആലോചിച്ച് എല്ലാ ജില്ലകളിൽനിന്നും ഞാൻ കെ.പി.സി.സിക്ക് ലിസ്റ്റ് കൊടുത്തിരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ എന്നെക്കൂടാതെ പത്മജ വേണുഗോപാൽ, കെ.സി. റോസക്കുട്ടി ടീച്ചർ, സുമാ ബാലകൃഷ്ണൻ, വൽസലാ പ്രസന്നകുമാർ എന്നിവരും ജനറൽ സെക്രട്ടറിമാരായിരുന്നു. പിന്നത്തെ കെ.പി.സി.സിയിൽ കോട്ടയത്തെ പി.ആർ. സോന മാത്രമായി ജനറൽ സെക്രട്ടറി. അതിനെക്കുറിച്ച് ഞാൻ സോണിയ ഗാന്ധിക്ക് കത്തെഴുതി. മുല്ലപ്പള്ളി അസ്വസ്ഥനായി, സോണിയാജിക്ക് കത്തെഴുതാൻ പാടില്ലായിരുന്നു എന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. മഹിളാകോൺഗ്രസ് പ്രസിഡന്റല്ലാതെ വേറെ ആരാണ് അത് ചൂണ്ടിക്കാണിക്കുന്നത് എന്ന് ഉമ്മൻ ചാണ്ടി സാർ മാത്രം പറഞ്ഞു. അതായത്, എനിക്കുവേണ്ടിയല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളിൽ ഞാൻ ഇടപെട്ടിരുന്നു. അത് പലർക്കും അസ്വസ്ഥതയുണ്ടാക്കി.

ഒന്ന് ആലോചിച്ചു നോക്കൂ, കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ കോൺഗ്രസ്സിൽനിന്ന് സ്ത്രീകളുടെ വലിയ നിരയാണ് മറ്റു പാർട്ടികളിലേക്ക് പോയത്. എന്തുകൊണ്ടാണത്? കോൺഗ്രസ്സിൽനിന്നു മാത്രം എന്തുകൊണ്ടാണ് അങ്ങനെ പോകുന്നത്? മുൻ എം.എൽ.എയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന റോസക്കുട്ടി ടീച്ചർ വൈസ് പ്രസിഡന്റായിരുന്നപ്പോഴാണ് പോയത്; ജനറൽ സെക്രട്ടറിയും പിന്നെ വൈസ് പ്രസിഡന്റുമായ പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ പോയി, ഇപ്പോൾ പറവൂർ നിയോജകമണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി വൽസല പ്രസന്നകുമാർ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരുന്നല്ലോ. സത്യത്തിൽ ഒരു മാധ്യമങ്ങളും അതൊന്നും എടുത്തുപറയുന്നില്ല. കൊട്ടാരക്കരയിലെ ബി.ജെ.പി സ്ഥാനാർത്ഥി ആർ. രശ്‌മി മഹിളാകോൺഗ്രസ് സംസ്ഥാന ഭാരവാഹിയും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു, പിന്നെ, മുൻ എം.എൽ.എ ശോഭനാ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ജയാ ഡാളി, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മഹിളാകോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയുമായിരുന്ന ഷാഹിദ കമാൽ എന്നിവരെല്ലാം വേറെ പാർട്ടികളിൽ പോയി. സി.പി.എമ്മിലെ സി.എസ്. സുജാതയേയും ശൈലജ ടീച്ചറേയും ശ്രീമതി ടീച്ചറേയുമൊക്കെപ്പോലെ കോൺഗ്രസ്സിൽനിന്നവരാണ് ഞങ്ങളൊക്കെ. എന്തുകൊണ്ട് പോകേണ്ടി വന്നു എന്ന് നേതൃത്വം ചിന്തിക്കാറുണ്ടോ? പക്ഷേ, എ.വി. ഗോപിനാഥ് പാർട്ടി വിടുന്നു എന്നു വന്നപ്പോൾ അദ്ദേഹത്തെ പിടിച്ചുനിർത്താൻ എന്തു പാടുപെട്ടു! ഞാൻ പോയിക്കഴിഞ്ഞ് എന്നെ എ.കെ. ആന്റണി വിളിച്ചത് ഏറ്റുമാനൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കരുത് എന്ന് പറയാനാണ്. വി.എം. സുധീരൻ മാത്രമാണ് വിളിച്ച് വിഷമം തിരക്കിയത്.

ഉമ്മന്‍ചാണ്ടിക്കൊപ്പം

അധികപ്പറ്റാകുന്നവർ

സീറ്റു കിട്ടാത്തതിന് ഇന്ദിരാഭവനു മുന്നിൽ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചവൾ എന്ന മട്ടിൽ സമൂഹമാധ്യമങ്ങളിലും പുറത്തും മുദ്രകുത്തി. ഇക്കാലമത്രയും, അതായത് 1980-ൽ മാന്നാനം കെ.ഇ. കോളേജിൽ ലേഡി റെപ്രസന്റേറ്റീവ് ആയിരുന്ന, 1984-ൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായ, എം.ജി യൂണിവേഴ്‌സിറ്റിയിൽ കെ.എസ്.യുവിന്റെ പ്രഥമ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായ, അങ്ങനെയെല്ലാം എത്രയോ കാലമായി പാർട്ടിയുടെ ഭാഗമായിരുന്ന എന്നെയാണ് ഇങ്ങനെ അവഹേളിച്ചത്. 1991-ൽ ജില്ലാ കൗൺസിലിലും 1995-ൽ ജില്ലാ പഞ്ചായത്തിലും അംഗമായി, 2000-ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. വനിതാ സംവരണത്തിൽ ’91-ൽ മത്സരിച്ച ഏറ്റുമാനൂരും ’95-ൽ മത്സരിച്ച കുമാരനല്ലൂർ, അയ‌്മനം, ആർപ്പൂക്കരയും ഒക്കെ ടഫ് സീറ്റ് തന്നെയായിരുന്നു. 2000-ൽ അത് ജനറൽ സീറ്റായിരുന്നപ്പോഴാണ് വീണ്ടും അവിടെത്തന്നെ മത്സരിച്ചു ജയിച്ചത്. സി.പി.എമ്മിന്റെ പ്രൊഫ. ചന്ദ്രമോഹനെയാണ് തോൽപ്പിച്ചത്. മൂന്നു വട്ടം ജയിക്കുകയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തതുകൊണ്ട് 2005-ൽ മത്സരിക്കാതെ സ്വയം മാറിനിൽക്കുകയായിരുന്നു. ഡി.സി.സി ഭാരവാഹിയായ ആൾ ആ ഡിവിഷനിൽ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ അനിൽകുമാറിനോടു തോറ്റു; ഇപ്പോൾ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ മത്സരിക്കുന്ന അനിൽകുമാർ.

പിന്നെ എന്നെ സ്ഥാനാർത്ഥിയാക്കിയത് 2011-ലാണ്. മലമ്പുഴയിൽ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെതിരെ. പക്ഷേ, ഇതിനിടയിലുള്ള കാലം ഞാൻ വെറുതെ ഇരിക്കുകയായിരുന്നില്ല. മഹിളാകോൺഗ്രസ്സിലും കോൺഗ്രസ്സിലുമായി മുഴുവൻസമയ സംഘടനാ പ്രവർത്തനത്തിലായിരുന്നു. 24 മണിക്കൂർ തികയാത്തവിധം ഓട്ടമായിരുന്നു. എന്നെ അറിയാവുന്നവർക്കൊക്കെ നന്നായി അറിയുന്ന കാര്യമാണത്. മലമ്പുഴയിൽ മത്സരിക്കാൻ പറഞ്ഞപ്പോൾ ഓടി അവിടെച്ചെന്നു. വി.എസ്സിന്റെ വായിലിരുന്നത് കേട്ടു; അതിന്റെ പിറകെ കേസുമായിട്ടു പോയി, പിന്നെ, വന്ദ്യവയോധികനായ അദ്ദേഹത്തിനെതിരായ കേസ് സ്വയം വേണ്ടെന്നു വെച്ചു. നിയമസഭയിലേക്ക് ആ ഒരു തവണ മാത്രമാണ് സ്ഥാനാർത്ഥിയായത്. ഇതൊന്നും സമൂഹമാധ്യമങ്ങളിൽ വന്ന് എന്തെങ്കിലുമൊക്കെ എന്നെക്കുറിച്ച് എഴുതുന്നവർക്ക് അറിയില്ലല്ലോ. 2016-ൽ സുഭാഷേട്ടന് വൈപ്പിനിൽ സീറ്റു കൊടുത്തു. അവർ തന്നെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് സുഭാഷേട്ടൻ മതി എന്നു തീരുമാനിച്ചത്. പക്ഷേ, കോൺഗ്രസ്സുകാർ കാലുവാരിയതുകൊണ്ടാണ് സുഭാഷേട്ടൻ തോറ്റത്. 2011-ൽ അജയ് തറയിലാണ് വൈപ്പിനിൽ മത്സരിച്ചത്. സുഭാഷേട്ടൻ എന്റെ കൂടെ മലമ്പുഴയിലായിരുന്നു. എന്നിട്ട് സുഭാഷേട്ടൻ കാരണമാണ് അജയ് തറയിൽ തോറ്റതെന്ന് വർക്കിംഗ് കമ്മിറ്റി റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു. സുഭാഷേട്ടൻ അന്ന് എറണാകുളം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നു. ’91-ൽ ജില്ലാ കൗൺസിലിലും ’95-ലും 2000-ലും ജില്ലാ പഞ്ചായത്തിലും സുഭാഷേട്ടനുണ്ടായിരുന്നു. 2005-ൽ രണ്ടുപേരും മത്സരിച്ചില്ല. 2010-ൽ സുഭാഷേട്ടൻ മത്സരിച്ചു ജയിച്ചു. പ്രസിഡന്റാകുമെന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, എൽദോസ് കുന്നപ്പള്ളി പ്രസിഡന്റായി. ജില്ലാ കൗൺസിലിലേക്കും ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചപ്പോൾ നല്ല വിജയമുണ്ടായിടത്ത് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ തോറ്റത് സീറ്റു മോഹിച്ചവരെല്ലാം കൂടി ഒന്നിച്ചുചേർന്നു തോൽപ്പിക്കാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു.

സംസ്ഥാന തലത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയതു മുതൽ ഉപതെരഞ്ഞെടുപ്പുകളിൽ സജീവമായിരുന്നു. ഒന്നര മാസത്തോളം താമസിച്ചാണ് പ്രവർത്തിക്കുന്നത്. ഞങ്ങളെപ്പോലുള്ളവർ വണ്ടിയും ഡ്രൈവറുമൊക്കെയായിട്ടാണ് പോകുന്നത്. വേറാരുടെയെങ്കിലും കാറിൽ കയറി പോയാൽ നമ്മൾ ഉദ്ദേശിക്കുന്നവിധം പ്രവർത്തനം നടക്കില്ലല്ലോ. കേരളത്തിൽ എവിടെ ഉപതെരഞ്ഞെടുപ്പു നടന്നാലും ചുമതലയുണ്ടാകും. തിരുവമ്പാടി മുതൽ നെയ്യാറ്റിൻകരയിൽ ശെൽവരാജ് രണ്ടാമതു മത്സരിച്ചപ്പോൾ വരെ; ശബരീനാഥ് ആദ്യം മത്സരിച്ച അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ തൊളിക്കോട് ആയിരുന്നു ചുമതല. സതീശൻ പാച്ചേനിയും വി.വി. പ്രകാശുമൊക്കെ അടുത്തടുത്ത സ്ഥലങ്ങളിൽ ചുമതലക്കാരായി ഉണ്ടായിരുന്നു. രണ്ടുപേരും ഇന്ന് ജീവിച്ചിരിപ്പില്ല. മണ്ഡലം പ്രസിഡന്റിനെപ്പോലെ അവിടെനിന്നു വർക്ക് ചെയ്തു; അതുപോലെ പിറവത്ത് അനൂപ് ജേക്കബിന്റെ ഉപതെരഞ്ഞെടുപ്പിൽ പിറവം മണ്ഡലത്തിന്റെ ചുമതല. എറണാകുളത്തുനിന്ന് സുഭാഷേട്ടനും ആ മണ്ഡലത്തിന്റെ ചുമതലയുണ്ടായിരുന്നു. അതായിരുന്നു അന്നു കിട്ടിയ വലിയ സന്തോഷം. രണ്ടുപേരും ഒന്നുകിൽ കോട്ടയത്തേക്ക് അല്ലെങ്കിൽ ചെറായിയിലേക്കു പോകും.

മനസ്സറിയാത്ത കള്ളക്കഥകൾ

ജില്ലാ പഞ്ചായത്തിലേക്കു മത്സരിച്ച അയ്‌മനം, ആർപ്പൂക്കര, കുമാരനല്ലൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശത്ത് എനിക്ക് നല്ല സ്വീകാര്യത കിട്ടിയിരുന്നു. ഏറ്റുമാനൂർ ഞാൻ ജനിച്ചു വളർന്ന നാടാണ്. പിന്നെ ആ നിയോജകമണ്ഡലത്തിൽ അതിരമ്പുഴ, നീണ്ടൂർ പഞ്ചായത്തുകളേ ഉള്ളൂ. അവിടെയും ആളുകൾക്ക് എന്നെ നന്നായി അറിയാം. എന്നെ അറിയാവുന്ന, എനിക്ക് ഉള്ളംകയ്യിലെ രേഖപോലെ ഹൃദിസ്ഥമായ സ്ഥലം എന്ന നിലയിലാണ് ഏറ്റുമാനൂർ ചോദിച്ചത്. ആവശ്യപ്പെട്ടു എന്നേയുള്ളൂ. അല്ലെങ്കിലും സന്തോഷക്കുറവൊന്നും ഉണ്ടാകുമായിരുന്നില്ല. പക്ഷേ, എല്ലാവർക്കും അറിയാവുന്നതുപോലെ കാലങ്ങൾക്കു ശേഷം കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ കയ്യിൽനിന്ന് ആ സീറ്റ് കോൺഗ്രസ്സിലേക്ക് വരാൻ സാഹചര്യമൊരുങ്ങിയിരുന്നു. മാണി വിഭാഗം എൽ.ഡി.എഫിൽ പോയതോടെ മണ്ഡലം ഫ്രീ ആയിരുന്നു.

ഇതിനിടയിൽ, നമ്മൾ അന്ന്, അതായത് കോൺഗ്രസ് വിട്ടപ്പോൾ നൽകിയ അഭിമുഖത്തിൽ മെൻഷൻ ചെയ്യാത്ത ഒരു കാര്യമുണ്ട്. മുന്‍പേ സൂചനയുണ്ടായിരുന്നെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞാണ് അത് വ്യക്തമായത്. ഫ്രാങ്കോ ബിഷപ്പിന്റെ വിഷയം വന്നപ്പോൾ കന്യാസ്ത്രീകളുടെ എറണാകുളത്തെ സമരത്തിൽ എല്ലാ വനിതാ പ്രവർത്തകരും ചെന്ന് അഭിവാദ്യം അർപ്പിച്ചു. ഞാനും പോയി; ഷാനിമോളും ബിന്ദു കൃഷ്ണയുമൊക്കെ പോയിട്ടുണ്ട്. പക്ഷേ, ഏറ്റുമാനൂരിൽ മത്സരിക്കാൻ എന്റെ പേര് ഉയർന്നപ്പോൾത്തന്നെ, യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ഞാനെങ്ങാനും മന്ത്രിയായാലോ എന്ന് കോട്ടയം ജില്ലയിലെ കോൺഗ്രസ്സിന്റെ പല എം.എൽ.എമാർക്കും ചിന്ത വന്നു. എന്നെ ഫ്രാങ്കോ കേസുമായി ബന്ധപ്പെടുത്തി ക്രിസ്ത്യൻ മേഖലകളിൽ വലിയ പ്രചാരണമുണ്ടായി. ഞാൻ ഫ്രാങ്കോ ബിഷപ്പിനെതിരെ നിന്ന ആളാണെന്നും അതുകൊണ്ട് ക്രിസ്ത്യാനികൾക്ക് എതിരാണെന്നും സ്ഥാനാർത്ഥിയാക്കരുത് എന്നും ഉമ്മൻ ചാണ്ടി സാറിനോട് ചിലർ ചെന്ന് ആവശ്യപ്പെട്ടു. ഒരാളെ മോശമാക്കാൻ ഇതിലും വലുത് വല്ലതും വേണോ? നമ്മളൊക്കെ എത്ര സെക്കുലറായാണ് ജീവിച്ചത് എന്ന് ആരെയെങ്കിലും പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമുണ്ടോ? രണ്ടും രണ്ടു കാര്യങ്ങളല്ലേ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ കോട്ടയം ലോക്‌സഭാ സീറ്റിലേക്ക് പേര് വന്ന കാര്യം ഓർക്കുന്നു. സി.എസ്‌.ഐ ബിഷപ്പ് സാം മാത്യു തിരുമേനി ഉമ്മൻ ചാണ്ടി സാറിനെ വിളിച്ച കാര്യം തിരുമേനി തന്നെ പിന്നീട് എന്നോട് പറഞ്ഞു. ഉമ്മൻ ചാണ്ടി പറഞ്ഞത്, തിരുവനന്തപുരത്ത് വി.എസ്. ശിവകുമാർ മുതൽ ഇങ്ങോട്ടു നോക്കിയാൽ പി.ജെ. കുര്യനാണ് മാവേലിക്കരയിലെങ്കിൽ ഇവിടെ ഒരു ഹിന്ദു ഓകെ. പക്ഷേ, മാവേലിക്കരയിൽ രമേശ് ചെന്നിത്തലയാണെങ്കിൽ ഇവിടെയൊരു ക്രിസ്ത്യാനിയായിരിക്കും വരുന്നത് എന്നാണ്. “എന്തു ക്രിസ്ത്യാനി? ഷീ ഈസ് മോർ ദാൻ എ ക്രിസ്ത്യൻ” എന്നായിരുന്നു തിരുമേനിയുടെ മറുപടി. അങ്ങനെയാണ് അറിയാവുന്നവർ എന്നെ മനസ്സിലാക്കിയിരിക്കുന്നത്. എന്നിട്ടാണ് എന്നെപ്പോലെ ഒരാൾക്ക് വർഗീയത് ഉണ്ടെന്ന് പ്രചരിപ്പിച്ചത്. എറണാകുളത്തെ സമരത്തിനു പോയ മറ്റാർക്കുമില്ലാത്ത വർഗീയത എനിക്കു മാത്രം!

എനിക്കുവേണ്ടി ആരെങ്കിലും വാദിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവരെ തടയാനായിരിക്കും ഇതൊക്കെ. പലരും ആഗ്രഹിച്ചിരുന്നു ഏറ്റുമാനൂരിൽ മത്സരിക്കാൻ; ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് അങ്ങനെ പലരും. ഒരാളെ ഒഴിവാക്കാൻ എല്ലാവരും കൂടി പറഞ്ഞാൽ മതിയല്ലോ. എന്നിട്ടൊടുവിൽ, കോൺഗ്രസ്സിന്റെ കയ്യിലേക്കു വന്ന സീറ്റ് എനിക്കു തരുന്നത് ഒഴിവാക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനു കൊടുത്തു. അങ്ങോട്ട് ആവശ്യപ്പെട്ട് കൊടുക്കുകയായിരുന്നു. ഞങ്ങൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു എന്ന് അവരുടെ നേതാക്കൾ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്.

പുതിയ വഴികൾ

പിന്നെയൊരു പാർട്ടിയിൽ ചേരാനൊന്നും ആഗ്രഹിച്ചതല്ല. ഒരുപാടു പേർ നിർബന്ധിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിനൊപ്പം സാമൂഹിക പ്രവർത്തനവും കൂടിയായാണ് ഞാനിതിനെ കണ്ടിരുന്നത്. അതുകൊണ്ടാണല്ലോ പല രാഷ്ട്രീയക്കാരും പോകാത്ത, ട്രേഡ് യൂണിയൻകാർക്കൊക്കെ എതിരായ പെമ്പിളൈ ഒരുമൈ സമരത്തിലൊക്കെ ഞാൻ പോയത്. ഞാൻ 13 തവണയോ മറ്റോ മൂന്നാറിൽ പോയി. ആ സമരം നടക്കുമ്പോഴും അതിനുശേഷം അവരുടെ കാര്യങ്ങൾക്കുമൊക്കെ. പല ദിവസങ്ങളിലും അവരുടെ കൂടെ നിന്നു. ഏതാണ്ട് ഒന്നൊന്നര മാസത്തിനിടെയുള്ള കാര്യമാണിത്. ഇന്നത്തെ കാലത്ത് രാഷ്ട്രീയത്തിലായാലും മറ്റെന്തിലായാലും അവരവർക്ക് എന്തു കിട്ടും എന്നു നോക്കിയാണ് ആളുകൾ ഓരോന്നു ചെയ്യുന്നത്. അതൊന്നും നോക്കിയായിരുന്നില്ല എന്റെ പ്രവർത്തനം. എന്റെ മാധ്യമ പ്രവർത്തനത്തിനിടയിൽപ്പോലും ഞാൻ രാഷ്ട്രീയ പ്രവർത്തകയായിരുന്നല്ലോ. എന്നോടു ചോദിക്കുന്നവരോട്, രണ്ടും പരസ്പര പൂരകങ്ങളാണ് എന്നു പറയുമായിരുന്നു. അങ്ങനെ ഞാൻ ഇനിയൊന്നിനുമില്ല എന്ന് പറഞ്ഞു നിൽക്കുമ്പോൾ എന്നെ ഇഷ്ടമുള്ള ഒരുപാടു പേർ വിളിച്ചു. മുടി മുറിക്കൽ സംഭവിച്ചതോടെ കയ്യിൽനിന്നെല്ലാം വിട്ടുപോയി, സത്യം പറഞ്ഞാൽ. സ്വതന്ത്രയായി മത്സരിക്കണം എന്ന് കുറേയാളുകൾ പറഞ്ഞു. എങ്കിലും ഞാൻ മത്സരിച്ചപ്പോൾ ഈ ആളുകളെ ഒന്നും രണ്ടുമായി നേതാക്കൾ വിളിച്ചു; ഏതാണ്ട് 90 ശതമാനം ആളുകളേയും എന്നിൽനിന്ന് അകറ്റി. എന്നാലും ഞാൻ വെച്ച കാൽ പിന്നോട്ടു വയ്ക്കാതെ പ്രവർത്തിക്കേണ്ടിവന്നു. പിന്നെ വലിയൊരു പ്രചാരണം അഴിച്ചുവിട്ടത് എന്നെ മത്സരിപ്പിച്ചിരിക്കുന്നത് ഇടതുപക്ഷ സ്ഥാനാർത്ഥിയായാണ് എന്നാണ്. ഇത്ര ലക്ഷം മുതൽ ഇത്ര കോടി വരെയൊക്കെ എന്നൊക്കെ പ്രചരിച്ചു. ഇതിനൊക്കെ തുല്യനിലയിൽ മറുപടി കൊടുക്കാൻ നമുക്ക് പാർട്ടി സംവിധാനമൊന്നുമില്ലല്ലോ. ആ പ്രചരണം പെട്ടെന്നങ്ങ് സ്‌പ്രെഡ് ചെയ്തു. ഒരു പത്തു രൂപ തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് തരാനിരുന്നവർപോലും തരാതെയായി. ഇത്രയുമൊക്കെ കാശ് കിട്ടിയെങ്കിൽപ്പിന്നെ ഞങ്ങളെന്തിനു കൊടുക്കണം എന്നുപോലും ചിന്തിച്ചു. അത്രയ്ക്ക് സ്ട്രഗ്ൾ ചെയ്താണ് ആ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മൂന്നു മുന്നണികൾക്കും ഇഷ്ടംപോലെ പണവും മറ്റു സംവിധാനങ്ങളും ഉള്ളപ്പോൾ ഇതൊന്നും ഇല്ലാതെയാണ് 7624 വോട്ട് എനിക്കു കിട്ടിയത്.

കോൺഗ്രസ് വിട്ടപ്പോൾ ഇടതുപക്ഷവും ബി.ജെ.പിയും ഉൾപ്പെടെ ഒട്ടുമിക്ക പാർട്ടിക്കാരും വിളിച്ചിരുന്നു. ഒരാൾക്കും ഞാൻ നിന്നുകൊടുത്തില്ല. തെരഞ്ഞെടുപ്പു കഴിഞ്ഞും അതേ നിലപാടിലായിരുന്നു. പക്ഷേ, ഇത്രകാലവും രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ട് എങ്ങനെ നിശ്ശബ്ദയായി, ഒന്നും ചെയ്യാതിരിക്കും എന്ന് എന്നെ അറിയുന്നവരൊക്കെ ചോദിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് എൻ.സി.പി സംസ്ഥാന അധ്യക്ഷനായ ശേഷം പി.സി. ചാക്കോ സാർ വന്നു ക്ഷണിച്ചപ്പോൾ എൻ.സി.പിയിലേക്കു പോയത്. മുവർണക്കൊടിയാണല്ലോ; ശരത് പവാറിനെപ്പോലെ ഒരു നേതാവ് ഉണ്ടാക്കിയ പാർട്ടിയാണല്ലോ. 2021-ൽ തന്നെ എൻ.സി.പിയിലേക്കു പോയി. എൽ.ഡി.എഫിന്റെ ഭാഗമായ എൻ.സി.പിക്ക് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർപേഴ്‌സൺ സ്ഥാനം കിട്ടി. കെല്ലും കേരള വനം വികസന കോർപറേഷനും (കെ.എഫ്.ഡി.സി). കെ.എഫ്.ഡി.സിയുടെ ചുമതല എന്നെ ഏൽപ്പിച്ചു. നഷ്ടത്തിലായിരുന്ന സ്ഥാപനമാണ്. കഴിഞ്ഞ വർഷം രണ്ടു കോടിയിലധികവും അതിനു തൊട്ടു മുന്‍പത്തെ വർഷം ഒരു കോടിയും ലാഭത്തിലേക്കായി. ആസ്ഥാനമന്ദിരം, അതിനടുത്തുതന്നെ സ്റ്റാഫ് ക്വാർട്ടേഴ്‌സ്, ഗവിയിലും അരിപ്പയിലും പുതിയ കെട്ടിടങ്ങൾ, നെല്ലിയാമ്പതിയിലും വാഗമണ്ണിലും മൂന്നാറിലും ഇക്കോ ടൂറിസം വികസിപ്പിക്കൽ. അങ്ങനെ കഴിയുന്നവിധം എന്റെ സമയം വിനിയോഗിച്ച് പ്രവർത്തിച്ചു.

അങ്ങനിരിക്കുമ്പോഴാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കോട്ടയം നഗരസഭയിലെ ടൗൺ വാർഡായ തിരുനക്കരയിൽ മത്സരിക്കാൻ പറഞ്ഞത്. പണ്ട്, 2011-ൽ കോൺഗ്രസ്സിന്റെ ഏറ്റവും അവസാനത്തെ സീറ്റ് തീരുമാനിക്കുമ്പോഴാണ് രമേശ് ചെന്നിത്തല എന്നെ വിളിച്ചത്. “ഉമ്മൻ ചാണ്ടി സാറും അടുത്തുണ്ട് ലതികേ. തോറ്റുപോകും; എന്നാലും മുഖ്യമന്ത്രിക്കെതിരെ മലമ്പുഴയിൽ മത്സരിക്കണം, പേര് ഞങ്ങൾ പ്രഖ്യാപിക്കാൻ പോവുകയാണ്, പ്രഖ്യാപിക്കട്ടെ” എന്നു ചോദിച്ചത്. ഞാൻ സുഭാഷേട്ടന്റെ കയ്യിൽ ഫോൺ കൊടുത്തു. ചേട്ടൻ കേട്ടിട്ട്, ലതിക മത്സരിക്കും പ്രസിഡന്റേ എന്നു പറഞ്ഞു. അതേപ്പോലെ ഒരു സംസാരമാണ് സി.പി.എമ്മിന്റേയും എൻ.സി.പിയുടേയും ഭാഗത്തുനിന്ന് തിരുനക്കരയിലെ മത്സരത്തിന്റെ കാര്യത്തിൽ ഉണ്ടായത്. പതിവായി എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തു പോകുന്ന വാർഡാണ്. ലതിക വന്നാൽ മാറ്റമുണ്ടാകും എന്നൊക്കെ എല്ലാവരും പറഞ്ഞു. സുഭാഷേട്ടനും അനുകൂലമായി പറഞ്ഞു. അനിൽകുമാറും വാസവൻ ചേട്ടനും വിളിച്ചു, ഒരു കൈ കൊടുക്കണം എന്നു പറഞ്ഞു. എല്ലാവരും നോമിനേഷൻ കൊടുത്ത ദിവസം ഞാൻ കൊടുത്തില്ല. മത്സരിക്കാൻ കെ.എഫ്.ഡി.സിയിൽനിന്നു രാജി വയ്ക്കണോ എന്നതിൽ വ്യക്തത വരുത്താനാണ് വൈകിപ്പിച്ചത്. 50 ശതമാനത്തിനു മുകളിൽ ഓഹരി സർക്കാരിന്റേതായതുകൊണ്ട് രാജിവെച്ചിട്ടു മത്സരിക്കുന്നതാണ് നല്ലതെന്ന് ഉപദേശം കിട്ടി. അല്ലെങ്കിൽ ആരെങ്കിലും നിയമപരമായി ചോദ്യം ചെയ്താൽ പ്രശ്നമാകും. അങ്ങനെ രാജിവെച്ചിട്ടാണ് നോമിനേഷൻ കൊടുത്തത്. റിസൽറ്റ് നമുക്ക് അനുകൂലമല്ലാതെ വന്നാൽ വീണ്ടും ചുമതല ഏറ്റെടുക്കണം എന്ന് മന്ത്രിയും ചാക്കോസാറും ഉൾപ്പെടെ പറഞ്ഞു. മുനിസിപ്പൽ ചെയർമാനായിരുന്ന, അപ്പോഴും വൈസ് ചെയർമാനായിരുന്ന ഗോപകുമാറിന്റെ ഭാര്യയാണ് യു.ഡി.എഫിന്റെ സ്ഥാനാർത്ഥി. അവരും ബി.ജെ.പി സ്ഥാനാർത്ഥിയും അവിടെത്തന്നെയുള്ളവരാണ്. ഞാൻ ഏറ്റുമാനൂരിൽനിന്നു വരുന്ന ആളാണെന്ന് അവർ പ്രചരിപ്പിച്ചു; ചിലർ പറഞ്ഞു കുമാരനല്ലൂരു നിന്നാണെന്ന്. കുമാരനല്ലൂർ ഇതേ മുനിസിപ്പാലിറ്റിയുടെ ഏഴാം വാർഡും തിരുനക്കര 48-ാം വാർഡുമാണ്. ഞാൻ അവിടെ വാടക വീടെടുത്തു താമസിച്ച് പ്രചാരണമൊക്കെ തുടങ്ങിയപ്പോഴാണ് മനസ്സിലാകുന്നത്, ഫ്രാങ്കോ വിഷയം ഉൾപ്പെടെ അവിടെ പ്രചരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. ഞാനൊരു ഭൂലോക അനഭിമത! തിരുനക്കരയിലെ പ്രധാനമന്ത്രിയാകാനാണ് എന്നൊക്കെ പറഞ്ഞ് സമൂഹമാധ്യമങ്ങളിലൊക്കെ പരിഹാസം. വീണ്ടും ചെയർപേഴ്‌സന്റെ ചുമതലയേൽക്കാൻ പാർട്ടിയിലും മുന്നണിയിലും എല്ലാവരും പറഞ്ഞു. പക്ഷേ, എന്റെ എത്തിക്സിന് അത് ശരിയായി തോന്നിയില്ല. ഞാൻ വേണ്ടെന്നു പറഞ്ഞപ്പോൾ കെ.എഫ്.ഡി.സി ഡയറക്ടർ ബോർഡ് മെമ്പറായിരുന്ന എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ റസാക്ക് മൗലവിയെ ചെയർമാനാക്കി. ചെയർപേഴ‌്സന്റെ ഔദ്യോഗിക കാറിൽ ഔദ്യോഗികമല്ലാത്ത കാര്യങ്ങൾക്കു പോയി എന്ന് മാനേജിംഗ് ഡയറക്ടർ പ്രകൃതി ശ്രീവാസ്തവ റിപ്പോർട്ടെഴുതി. അതാണ് സങ്കടമുണ്ടാക്കിയ ഒരു കാര്യം. പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടതനുസരിച്ച് ഏതെങ്കിലും യോഗത്തിൽ പങ്കെടുക്കാൻ ഔദ്യോഗിക യാത്രയിൽത്തന്നെ കുറച്ച് വഴിമാറി ഓടിയതോ, എറണാകുളം വഴി വരുമ്പോൾ ചെറായിയിൽ സുഭാഷേട്ടന്റെ വീട്ടിൽ പോയതോ ഒക്കെയാണ്. അത് വലിയ വിഷയമാക്കി. ഞാൻ ആദ്യമായിട്ടാണല്ലോ ഇത്തരമൊരു ചുമതലയിൽ വരുന്നത്. സംഗതി മനസ്സിലായപ്പോൾ അധികം ഓടിയതിന്റെ തുക നിയമപ്രകാരം കണക്കാക്കി തിരിച്ചടച്ചു. അത് കഴിഞ്ഞു. പക്ഷേ, ഈയിടെയും മനോരമയുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പരാമർശം കണ്ടു: “ബോർഡ്-കോർപറേഷൻ വാഹനങ്ങളിൽ ലതിക സുഭാഷിനെപ്പോലെ ഉല്ലാസയാത്ര നടത്താൻ” എന്ന്. ശരിക്കും സഹിക്കാൻ പറ്റിയില്ല. നമ്മുടെ ജീവിതം എന്താണെന്ന് അറിയാതെയാണ് ഇങ്ങനെ മോശമാക്കി ചിത്രീകരിക്കുന്നത്. പക്ഷേ, കോൺഗ്രസ്സിലെ എന്നെ അറിയാവുന്ന ആരും മോശമായി പറയുകയോ ആരെങ്കിലും പറയുന്നത് വിശ്വസിക്കുകയോ ചെയ്യില്ല. ഒരുപാട് സ്ത്രീകൾ വിളിച്ച് നന്ദി പറയാറുണ്ട്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ചേച്ചി അന്ന് ആദ്യമായി മത്സരിപ്പിക്കാൻ ഇടപെട്ടതുകൊണ്ടാണ് ഇപ്പോൾ വീണ്ടും അവസരം കിട്ടിയത് എന്നൊക്കെ പറയും; പാർട്ടിയിൽ പുതിയ ചുമതലകൾ കിട്ടുമ്പോഴും ഇതുപോലെ അറിയിക്കുന്നവരുണ്ട്.

എൻ.സി.പിയിൽ ഇപ്പോൾ ഏക വൈസ് പ്രസിഡന്റാണ്. മറ്റു രണ്ട് വൈസ് പ്രസിഡന്റുമാർ വർക്കിംഗ് പ്രസിഡന്റുമാരായി. എൻ.സി.പിക്ക് മൂന്ന് നിയമസഭാ സീറ്റുകളാണ് മത്സരിക്കാൻ എൽ.ഡി.എഫ് തരുന്നത്. രണ്ട് എം.എൽ.എമാരുണ്ട്. അതിനിടയിൽ നിയമസഭയിലേക്ക് മത്സരിക്കാൻ എനിക്കു മൂന്നിലൊരു സീറ്റ് ചോദിക്കുക എന്നതൊന്നും എന്റെ ചിന്തയിൽ ഉള്ള കാര്യമല്ല. തെരഞ്ഞെടുപ്പു പ്രചാരണത്തിന് കോട്ടയം ജില്ലയിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും പോയി. ഏറ്റുമാനൂർ, കോട്ടയം നിയോജകമണ്ഡലങ്ങളിലാണ് കൂടുതൽ ശ്രദ്ധിച്ചത്.

ദയാബായിയൊടൊപ്പം

അടുക്കള വിശേഷങ്ങൾ

രണ്ടര വർഷം മുന്‍പ് തുടങ്ങിയ ലതികാസ് കിച്ചണിൽ ആണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ. അമ്മ നല്ല കൈപ്പുണ്യമുള്ള ആളും നന്നായി കായ വറുത്തതുമൊക്കെ ഉണ്ടാക്കുന്ന ആളുമായിരുന്നു. ആ പാത പിന്തുടർന്ന് യാദൃച്ഛികമായാണ് ഇത് തുടങ്ങിയത്. ക്ലിക്കായി. നുറുക്ക് ഉപ്പേരിയിൽ തുടങ്ങി ഇപ്പോൾ കുറേ സാധനങ്ങളായി. ആട്ടിയ വെളിച്ചെണ്ണയിലാണ് ഉണ്ടാക്കുന്നത്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നില്ല. അതിന്റേതായ ഒരു സ്വാദുണ്ട്. ജൈവ ഡീസൽ ഉണ്ടാക്കാനും ഇത്തരം എണ്ണകൾ വീണ്ടും ദുരുപയോഗം ചെയ്യാതിരിക്കാനും ഫുഡ് ആന്റ് സേഫ്റ്റിയുടെ ഒരു ഏജൻസി വഴി ഈ എണ്ണ ശേഖരിക്കുന്നുണ്ട്. ലിറ്ററിന് 50 രൂപയായിരുന്നു, ഇപ്പോൾ 55 ആയി. അങ്ങനെ കൊടുക്കുന്നതുകൊണ്ട് നമ്മൾ മറ്റാർക്കും കൊടുക്കേണ്ട കാര്യമില്ല; ദുരുപയോഗം ഉണ്ടാവുകയുമില്ല.

ആളുകൾ വീട്ടിൽ വന്ന് വാങ്ങുകയാണ് ചെയ്യുന്നത്. ആർട്ടിസ്റ്റിനെക്കൊണ്ട് ലോഗോ ഉണ്ടാക്കി, പായ്ക്കറ്റിലാക്കിയാണ് തുടങ്ങിയത്. അതിനു മുന്‍പ് ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസൻസ് എടുത്തു. ഇപ്പോൾ കടകളിൽ അധികമായി വെയ്ക്കുന്നില്ല. നമ്മൾ ആട്ടിയ വെളിച്ചെണ്ണയിൽ ഉണ്ടാക്കുന്നതുകൊണ്ട് വില കൂടുതലാണ്. പാമോയിലിലും മറ്റ് എണ്ണകളിലും വീണ്ടും വീണ്ടും വറുക്കുന്ന ഉപ്പേരിക്ക് വേറൊരു രുചിയാണ്. പക്ഷേ, പായ്ക്ക് ചെയ്യുമ്പോൾ അതും ഇതും ഒരുപോലെയാണല്ലോ. നമുക്ക് മേലില്‍ ആ വിലയ്ക്ക് കൊടുക്കാൻ പറ്റില്ല. കിലോ 700 രൂപയാണ് റൗണ്ട് ചിപ്‌സിന്. നുറുക്കുപ്പേരിക്ക് 760, ചക്ക വറുത്തതിന് 1200. മേലുകാവുമറ്റത്തും ഇലവീഴാപ്പൂഞ്ചിറയുമൊക്കെ പോയാണ് ചക്ക കൊണ്ടുവരുന്നത്. എല്ലാ ചക്കയും വറുക്കാൻ കൊള്ളില്ല, വറുക്കുന്ന ചക്കയുടെ തന്നെ എല്ലാ ഭാഗവും ഒരുപോലെയല്ല. ഓരോ ചുളയുമെടുത്ത് ശ്രദ്ധിച്ച് അരിഞ്ഞെങ്കിൽ മാത്രമേ ആ ചക്ക ഒരേപോലെ വറുത്തു കോരി എടുക്കാൻ പറ്റുകയുള്ളൂ. മിക്‌സ്ചറും ഒക്കെയുണ്ട് ഇപ്പോൾ. മസാലക്കടല, റൗണ്ട് ചിപ്‌സ്, നുറുക്കുപ്പേരി, ശർക്കര വരട്ടി. മറയൂർ ശർക്കരയാണ് ഉപയോഗിക്കുന്നത്. നല്ല സ്വാദുള്ളത് കഴിക്കണമെന്നുള്ളവർ വന്നു വാങ്ങുന്നുണ്ട്. മക്കൾക്കു വിദേശത്തു പോകണമെങ്കിൽ പല തരത്തിലുള്ളത് കിലോക്കണക്കിന് വാങ്ങുന്നവരുണ്ട്. സ്ഥിരമായി രണ്ടു സ്റ്റാഫുണ്ട്. പിന്നെ ചക്ക അരിയാൻ താൽക്കാലികമായി ആളെ വയ്ക്കും. കഴിഞ്ഞ തവണ ചക്ക വാങ്ങിയിടത്തു നിന്ന് തന്നെ അരിഞ്ഞു കൊണ്ടുപോന്നു. ഇവിടെ കൊണ്ടുവന്ന് ചെയ്യുമ്പോൾ കുറച്ചു പഴുത്ത് പോവുകയൊക്കെ ചെയ്യും. അത് ഒഴിവാക്കാനാണ് അവിടെ വെച്ചു തന്നെ ശരിയാക്കിയത്.

ജീവിതത്തിൽ വലിയ ഒരു പാഠമായി. വളരെ കുറച്ചെങ്കിലും സമയം നമുക്കു വേണ്ടിക്കൂടി വിനിയോഗിക്കണം. മുന്‍പ് പാർട്ടി എന്നു പറഞ്ഞ് ഓട്ടമായിരുന്നല്ലോ. പ്രത്യേകിച്ചും തെരഞ്ഞെടുപ്പൊക്കെ വന്നാൽ നിൽക്കാൻ സമയമുണ്ടാകില്ല, പൊതുയോഗം, കുടുംബയോഗം, വീടുകൾ കയറൽ, പ്രചാരണം ഇതൊക്കെത്തന്നെ. പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഞാനുണ്ണും. അമ്മയും അച്ഛനും ഉണ്ടായിരുന്നല്ലോ. അവർ രണ്ടുപേരും പോയി, കുറച്ചുകൂടി ഉത്തരവാദിത്വം തനിയെ ഏറ്റെടുക്കേണ്ടിവന്നു. സുഭാഷേട്ടൻ ചെറായിയിൽ, പിള്ളേർ വെളിയിൽ. ഇതൊക്കെയായപ്പോൾ പാഠം പഠിച്ചു. സ്വന്തമായി ഒരു വരുമാനം. ജോലി ചെയ്യാത്തതല്ല; മുന്‍പേയുള്ള എൽ.ഐ.സി ഏജൻസി ഇപ്പോഴുമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് ഒരു പൈസ ഉണ്ടാക്കരുത് എന്നത് ജീവിതത്തിലെ നിർബന്ധമാണ്; അത് പാലിക്കുന്നുണ്ട്.

പഴയ സഹപ്രവർത്തകരിൽ പലരുമായും ബന്ധമുണ്ട്. അവരുടെ ജീവിതത്തിൽ നല്ലതു വന്നാലും വിഷമം വന്നാലും അറിയാറുണ്ട്, വിളിക്കാറുണ്ട്; പോകാറുമുണ്ട്. തിരിച്ചും അങ്ങനെ തന്നെ. പഴയതുപോലെ പതിവായി വിളിക്കുകയും തിരക്കുകയുമൊന്നും ചെയ്യുന്നില്ല എന്നേയുള്ളൂ. ആൺ പെൺ ഭേദമില്ലാതെ കോൺഗ്രസ്സിലെ സൗഹൃദങ്ങൾ നിലനിർത്തുന്നുണ്ട്. എന്റെ ജീവിതത്തിലെ ഒരു വലിയ കാലം പ്രവർത്തിച്ച പ്രസ്ഥാനമാണല്ലോ. ഒരിക്കലും ഒരാളേയും വേദനിപ്പിക്കാനോ വിഷമിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. എവിടെപ്പോയാലും നല്ല ആത്മബന്ധങ്ങളുണ്ടായിരുന്നു. ആ കാര്യത്തിൽ ഞാൻ ഒരുപാട് സമ്പന്നയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാമ്പു കടിയേറ്റാല്‍ 108ല്‍ വിളിക്കുക; ആന്റിവെനം ഉള്ള ആശുപത്രിയില്‍ ആംബുലന്‍സിലെത്താം; വീണാ ജോര്‍ജ്‌

'നിയുക്ത കേരള മുഖ്യമന്ത്രി വിഡി സതീശന് അഭിവാദ്യം, ജനങ്ങള്‍ക്കൊപ്പം നടന്നവന്‍ ജനങ്ങളെ നയിക്കട്ടെ'; കണ്ണൂരില്‍ ഫ്‌ലക്‌സ്

ആം ആദ്മിയെ പിളര്‍ത്തി രാഘവ് ഛദ്ദ, ഏഴ് എംപിമാര്‍ ബിജെപിയിലേക്ക്; പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിക്കുക; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തോമസ് കപ്പ് ബാഡ്മിന്റണ്‍; കാനഡയെ തകര്‍ത്ത് ഗംഭീര തുടക്കമിട്ട് ഇന്ത്യ

എൻ‌ടി‌പി‌സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് തസ്തികയിൽ നിയമനം, 250 ഒഴിവുകൾ; എൻജിനീയറിങ് ബിരുദമുള്ളവർക്ക് അവസരം

SCROLL FOR NEXT