ശിവകുമാര്‍  സമകാലിക മലയാളം വാരിക
Malayalam Weekly

നാടകം അതിജീവന മന്ത്രമാകുമ്പോള്‍

എം.എസ്. ശിവകുമാര്‍/സതീശ് സൂര്യന്‍

സതീശ് സൂര്യന്‍

ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ പ്രദേശത്തുള്ള ഒരു കൊച്ചു ദ്വീപിൽ ജീവിക്കുന്ന ഒരു കര്‍ഷകത്തൊഴിലാളി കുടുംബത്തില്‍നിന്നും നാടകത്തിന്റെ വിശാലമായ ലോകത്തേയ്ക്ക് കടന്നുവരികയും അതിജീവനമെന്നത് ക്ലേശങ്ങളില്‍നിന്നുള്ള സ്വന്തം മോചനം മാത്രമല്ലെന്നും അത് ഒരു സമൂഹത്തിന്റെ മുഴുവന്‍ മോചനമാണെന്നും തിരിച്ചറിഞ്ഞിട്ടുള്ള കലാകാരനായ ഒരു വിദ്യാർത്ഥിയാണ് എം.എസ്. ശിവകുമാര്‍. മലയാള നാടകവേദിയില്‍ നടൻ, നാടക രചയിതാവ്, നാടക സംവിധായകൻ, അഭിനയ പരിശീലകൻ, ഗാനരചയിതാവ് എന്നീ നിലകളില്‍ കഴിഞ്ഞ പത്തു വര്‍ഷമായി പ്രവർത്തിക്കുന്നു. ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ എം.എ തിയേറ്റർ ആർട്സ് വിദ്യാർത്ഥിയാണ്. ശ്രദ്ധേയ നാടകസംഘങ്ങളായ ലോകധർമി നാടകസംഘം എറണാകുളം, നെയ്തൽ നാടകസംഘം ആലപ്പുഴ, ജനരംഗവേദി നാടകസംഘം എന്നീ സംഘങ്ങളിൽ നടനായിരുന്നു. ഇന്റർനാഷണൽ തിയേറ്റർ ഫെസ്റ്റിവൽ ഓഫ് കേരളം, ബഹുരൂപി നാഷണൽ ഫെസ്റ്റിവൽ ഓഫ് കർണാടക എന്നീ ദേശീയ-അന്തർ ദേശീയ നാടകോത്സവങ്ങളിൽ അഭിനേതാവായി ചായമണിഞ്ഞു. വിവിധ വർഷങ്ങളിലായി നടന്ന എം.ജി സർവകലാശാല, കോഴിക്കോട് സർവകലാശാല, കണ്ണൂർ സർവകലാശാല, എൻ.ജി.ഒ യൂണിയൻ നാടകോത്സവങ്ങളിലെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ നാടകങ്ങളുടെ സംവിധായകൻ. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥ പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. അബുദാബിയിൽ നടക്കുന്ന ഭരത് മുരളി നാടകോത്സവം 2025-ൽ ‘കാപ്പിരിക്കപ്പൽ’ എന്ന നാടകം സംവിധാനം ചെയ്തു. തമിഴ് സിനിമ സംവിധായകൻ പാ രഞ്ജിത്ത് സ്ഥാപിച്ച നീലം കൾച്ചറൽ സെന്റർ നടത്തുന്ന വാനം തിയേറ്റര്‍ ഫെസ്റ്റിവലിൽ എഴുതി സംവിധാനം ചെയ്ത ‘നായിക’ എന്ന നാടകം അവതരിപ്പിച്ചു. എഴുതി സംവിധാനം ചെയ്ത പറച്ചി എന്ന നാടകം 2025-ലെ എ.ഐ.യു നാഷണൽ യൂണിവേഴ്സിറ്റി ആർട്സ് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ലൈബ്രറി കൗൺസിൽ സംസ്ഥാനതല നാടകോത്സവത്തിലെ 2025-ലെ മികച്ച സംവിധായകനായി ‘ചാപ്പ’ എന്ന നാടകത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി വെടിവെയ്പ് പ്രമേയമാക്കി രചിക്കപ്പെട്ടതാണ് ഈ നാടകം. കൊച്ചിയിലെ കാപ്പിരിമുത്തപ്പന്റെ ഐതിഹ്യം മുന്‍നിര്‍ത്തി സമൂഹത്തിലെ ജാതീയതയും ധനാര്‍ത്തിയും വിചാരണ ചെയ്യുന്ന ‘കാപ്പിരിക്കപ്പല്‍’, സാറ ജോസഫിന്റെ ‘തായ്‍കുലം’ എന്ന കഥയുടെ സ്വതന്ത്രാവിഷ്കാരമായ ‘ശൂര്‍പ്പണഖ’, കുട്ടനാട്ടിലെ ചെളിയിൽ ചവിട്ടിത്താഴ്ത്തപ്പെട്ട, ‘പറച്ചി’ എന്ന പെണ്ണിന്റെ കഥയും അവളുടെ ഉയിർത്തെഴുന്നേൽപ്പും ചർച്ച ചെയ്യുന്ന നാടകമായ ‘പറച്ചി’, -ബഹിരാകാശത്തേക്ക് പോകാൻ തിരഞ്ഞെടുക്കപ്പെട്ട പെണ്ണിന്റെ മേലെയുള്ള സദാചാര ആക്രമണം ചർച്ച ചെയ്യുന്ന നാടകമായ ‘ഗ്രേസി’, തമിഴ് സിനിമ സംവിധായകൻ പാ രഞ്ജിത്ത് സ്ഥാപിച്ച നീലം കൾച്ചറൽ സെന്റർ നടത്തുന്ന വാനം തിയേറ്റർ ഫെസ്റ്റിവലിൽ അവതരിപ്പിക്കപ്പെട്ട, മലയാള സിനിമയിലെ ആദ്യ നായിക പി.കെ. റോസിയുടെ ജീവിതകഥ പറയുന്ന നാടകമായ ‘നായിക’, മഹാരാജാസ് കോളേജ് കാമ്പസ്സില്‍ രക്തസാക്ഷിത്വം വരിച്ച അഭിമന്യുവിന്റെ കഥ പറയുന്ന ‘താരകം’ ആത്മഹത്യ ചെയ്ത ദലിത് വിദ്യാർത്ഥി നിതിൻ രാജിന്റെ കഥ ചർച്ച ചെയ്യുന്ന നാടകമായ ‘ചാക്കാല’ എന്നിവ ചാപ്പയ്ക്കു പുറമേ ശിവകുമാര്‍ എഴുതി സംവിധാനം ചെയ്തവയാണ്. കാലടി സംസ്കൃത സർവകലാശാലയില്‍ അടിസ്ഥാന സൗകര്യങ്ങൾക്കായി സമരം ചെയ്തതിന്റെ പേരിൽ സസ്‌പെൻഷനും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമുള്ള പൊലീസ് കേസും നേരിട്ടിട്ടും സമരമുഖത്ത് ഉറച്ചുനില്‍ക്കുകയാണ് ശിവകുമാറും മറ്റു 15 വിദ്യാർത്ഥികളും. തായങ്കരിയിലെ ഗ്രാമീണജീവിതം മുതൽ ഇന്നത്തെ കാമ്പസ് സമരങ്ങൾ വരെയുള്ള ജീവിതവും നിലപാടുകളും സംബന്ധിച്ച് തന്റെ കാഴ്ചപ്പാടുകള്‍ സമരത്തിനിടയില്‍ ഒരു ഹ്രസ്വ സംഭാഷണത്തിനിടയില്‍ സമകാലിക മലയാളത്തോടു പങ്കുവെച്ചു.

കാലടി സര്‍വകലാശാലയിലെ സമരം ഇപ്പോഴും തുടരുകയാണല്ലോ. സമൂഹത്തിന്റെ നാനാതുറയില്‍പ്പെട്ട നിരവധിപേര്‍ സമരപ്പന്തലിലെത്തിയും പ്രസ്താവനകളിലൂടേയും ഒക്കെ ഈ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഈ സമരത്തിനിടയില്‍ അത്രത്തോളമോ അതിലേറേയോ ജനശ്രദ്ധ നേടിയ, സമരവുമായി ബന്ധപ്പെട്ട ഒരു സംഭവത്തിലെ നായകന്‍ ശിവകുമാറായിരുന്നു എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. ‘അപരിഷ്‍കൃതം’ എന്നെഴുതിയ ജഴ്‍സി ധരിച്ച് സമരത്തെ ‘അപരിഷ്കൃതം’ എന്ന് വിശേഷിപ്പിച്ച മന്ത്രി റോജി എം. ജോണില്‍ നിന്നുതന്നെ അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ജനശ്രദ്ധ നേടുകയും ചെയ്തു. അങ്ങനെ പ്രത്യക്ഷപ്പെട്ടതില്‍ത്തന്നെ ഒരു നാടകീയത ഉണ്ടെന്നാണ് കരുതേണ്ടത്?

തീര്‍ച്ചയായും. പലരും അതിനെ മധുരപ്രതികാരം എന്നൊക്കെ വിശേഷിപ്പിച്ചു കണ്ടു. യഥാര്‍ത്ഥത്തില്‍ അതൊരു മധുരപ്രതികാരമല്ലായിരുന്നു, അതെന്റെ മധുരപ്രതിഷേധമായിരുന്നു. സര്‍വകലാശാല വി.സി സിസ തോമസ് നാടകം ഒരു സമരരൂപമാക്കിയതിന് സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളിൽ ഒരാളാണ് ഞാൻ എന്നു പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ മന്ത്രിയോട് പറയുകയും ചെയ്തിരുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളോട് ചേര്‍ന്നുനില്‍ക്കുകയും അവയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. ഇടതുപക്ഷക്കാര്‍ക്ക് സമരമെന്നാല്‍ മുദ്രാവാക്യം വിളിയും ജാഥയും മാത്രമല്ല. കലയും സാഹിത്യവുമെല്ലാം മനുഷ്യജീവിതത്തെ മുന്നോട്ടുകൊണ്ടുപോകാനുള്ളതരം രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനുള്ള മാധ്യമങ്ങളാണ്. സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ഞാനുള്‍പ്പെടെയുള്ളവര്‍ ഞങ്ങള്‍ക്കറിയാവുന്ന വഴിയിലൂടെ ശ്രമിച്ചു. അത്രമാത്രം.

വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചുവരുന്നവരാണ് സ്വന്തം അവകാശങ്ങൾ ചോദിക്കുന്ന ഞങ്ങളെ അപരിഷ്കൃതർ എന്നു വിളിക്കുന്നത്. ഞാൻ ഒരു കർഷകന്റെ മകനാണ്, ആ ചെളിയിൽ നിൽക്കുന്നതാണ് എന്റെ അഭിമാനം. ഞങ്ങൾ ആവശ്യപ്പെടുന്നത് ഞങ്ങളുടെ പഠിക്കാനുള്ള അവകാശമാണ്, അതിനുള്ള കൃത്യമായ സൗകര്യങ്ങളാണ്. അതു നൽകാൻ അധികാരികൾക്ക് സാധിക്കുന്നില്ലെങ്കിൽ ഞങ്ങൾ അത് സമരം ചെയ്ത് ചോദിച്ചുവാങ്ങുകതന്നെ ചെയ്യും. അതിനെ അവർ അപരിഷ്കൃതം എന്നുവിളിച്ചാൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങൾക്കുവേണ്ടത് നീതിയാണ്. ഈ സമരം തികച്ചും ന്യായമാണ്, അത് ഞങ്ങൾ മുന്നോട്ട് കൊണ്ടുപോവുകതന്നെ ചെയ്യും. നാടകം കളിച്ചതിനാണ് ഞങ്ങളെ സസ്‍പെന്റ് ചെയ്തത്. പണ്ട് ഇതുപോലെ ഒരാള്‍ ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത്. ഒരു പാട്ട് പാടിയതായിരുന്നു രാജന്‍ എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയെ മരണത്തിലേയ്ക്ക് നയിച്ചത്. ഒരച്ഛന് മകനെ നഷ്ടപ്പെടുത്തിയത്. 1986-ൽ പി.എം. ആന്റണി ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം ചെയ്തു. അന്നു വലിയ പ്രശ്നങ്ങളുണ്ടാക്കി ആ നാടകം നിരോധിക്കുകയും അദ്ദേഹത്തിനെതിരെ കേസെടുക്കുകയും ചെയ്തു. ആലപ്പുഴയിലാണ് നാടകം കളിച്ചതിന്റെ പേരിൽ ഈ സംഭവം നടന്നത്. ആ ഒരു നാടക പാരമ്പര്യത്തിൽ വരുന്ന, അവരുടെയൊക്കെ തുടർച്ചയായ ആളുകളാണ് എന്നെ നാടകം പഠിപ്പിച്ചത്. 1986-ലെ ആ സംഭവത്തിനു ശേഷം, നാട് കുറച്ചുകൂടി പുരോഗമിച്ച 2026-ൽ വന്നിട്ട് ഒരു നാടകത്തെ തെറ്റായി വ്യാഖ്യാനിച്ച് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരിക്കുകയാണ്.

ഇപ്പോൾ പഠിക്കുന്ന സർവകലാശാലയിൽ വിദ്യാർത്ഥികൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ എന്തൊക്കെയാണ്?

തികച്ചും അടിസ്ഥാനപരമായ സൗകര്യങ്ങൾക്കുവേണ്ടിയാണ് ഞങ്ങൾ സമരം ചെയ്യുന്നത്. കുടിവെള്ളം, പിഎച്ച്.ഡി വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പ് സംബന്ധിച്ചുള്ളവ, തിയേറ്റർ വിദ്യാർത്ഥികൾക്കുവേണ്ട സൗകര്യങ്ങൾ സംബന്ധിച്ചവ എന്നിവ ഉള്‍പ്പെടുന്ന പതിനെട്ടിന ആവശ്യങ്ങൾ ഉന്നയിച്ചാണ് ഞങ്ങൾ സമരം തുടങ്ങിയത്. മറ്റു വലിയ തൊഴിലവസരങ്ങൾ ഇല്ലാത്ത കോഴ്സുകൾ പഠിക്കുന്ന ഞങ്ങൾക്കു സ്വയം കഴിവ് തെളിയിച്ച് മുന്നേറുകയേ വഴിയുള്ളൂ. എന്നാൽ, അതിനുള്ള ഒരു സൗകര്യവും അധികാരികൾ ഒരുക്കിത്തരുന്നില്ല.

അധികാരികളുടെ ഭാഗത്തുനിന്നും ഒരു അനുകൂല നടപടിയും ഉണ്ടായില്ലേ?

ഇല്ല. സാംസ്കാരിക വകുപ്പ്മന്ത്രി, ഉന്നത വിദ്യാഭ്യാസമന്ത്രി, ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി തുടങ്ങി ഗവർണർക്കും ഡി.ജി.പിക്കും വരെ ഞങ്ങൾ പരാതി നൽകി. വി.സിയുമായി നേരിട്ട് ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും അവർ അതിനു കൂട്ടാക്കിയില്ല. സമരം ദിവസങ്ങളേറെ പിന്നിട്ടിട്ടും അവർ ചർച്ചയ്ക്കു വന്നില്ല. ഈ സമരത്തിന്റെ പേരിൽ ഞാനുൾപ്പെടെ 16 വിദ്യാർത്ഥികളെയാണ് യാതൊരു കാരണവുമില്ലാതെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. സസ്‌പെൻഷനിലായ വിദ്യാർത്ഥികളെല്ലാം അക്കാദമികമായി വളരെ മികച്ച നിലവാരം പുലർത്തുന്നവരാണ്. ഭൂരിഭാഗം പേർക്കും 80 ശതമാനത്തിനു മുകളിൽ അറ്റൻഡൻസ് ഉള്ളവരുമാണ്.

സമരക്കാര്‍ക്കെതിരെ പല ആരോപണങ്ങളാണ് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയുമൊക്കെ ഉന്നയിക്കുന്നത്. സിന്‍ഡിക്കേറ്റ് യോഗത്തില്‍ കയറി അക്രമം നടത്തിയതിനാണ് കേസ് എന്നതാണ് ഒരു ആരോപണം. മറ്റൊന്ന് ഈ ഗവണ്‍മെന്റ് വന്നപ്പോഴാണ് എസ്.എഫ്.ഐ സമരവുമായി രംഗത്തിറങ്ങിയത് എന്നതാണ്. യഥാര്‍ത്ഥത്തില്‍ ഈ സമരത്തില്‍ അക്രമം ഉണ്ടായോ?

ഒരു അക്രമവും ഉണ്ടായിട്ടില്ല. സമരത്തെ എതിര്‍ക്കുന്നവര്‍ ആദ്യം പറഞ്ഞത് സിസാ തോമസിന്റെ ശവസംസ്കാരം ചിത്രീകരിക്കുന്ന നാടകമാണ് അവതരിപ്പിച്ചത് എന്നാണ്. അതു പൊളിഞ്ഞപ്പോഴാണ് പുതിയ വാദവുമായി അവര്‍ രംഗത്തുവരുന്നത്. നാടകം പൊതുജനസമക്ഷം പലതവണ അവതരിപ്പിക്കുകയും ജനത്തിനു നടന്നതെന്തെന്ന് ബോദ്ധ്യമാകുകയും ചെയ്തു. നാടകത്തെ മുന്‍നിര്‍ത്തിയുള്ള വാദം പൊളിഞ്ഞു. ഞങ്ങൾ പൂർണമായും സമാധാനപരമായാണ് സമരം നടത്തിയത്. കാമ്പസിൽ ഭരതനാട്യം കളിച്ചും പാട്ടുപാടിയും ഡാൻസ് ചെയ്തുമൊക്കെയാണ് ഞങ്ങൾ പ്രതിഷേധിച്ചത്. എന്നാൽ, പൊലീസ് വന്നു ഞങ്ങളുടെ സമരം തടയുകയും ഗേറ്റ് പൂട്ടിയിടുകയും ചെയ്തു. ഞങ്ങൾക്കു സംസാരിക്കാൻ ഒരു അഞ്ചു മിനിറ്റ് സമയം ചോദിച്ചിട്ട് അതു പോലും അനുവദിക്കാതെ പൊലീസ് ഞങ്ങളെ അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. 1986-ൽ പി.എം. ആന്റണിയുടെ ‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം കളിച്ചതിനു നിരോധനം വന്നതുപോലെ, വർഷങ്ങൾക്കിപ്പുറം 2026-ലും കേരളത്തിൽ നാടകം കളിച്ച് പ്രതിഷേധിച്ചതിന്റെ പേരിൽ ജാമ്യമില്ലാ കേസെടുക്കുന്ന അവസ്ഥയാണുള്ളത്. ഇത് ഭരണഘടനാപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്.

സമരക്കാരെ പുറത്താക്കുന്നതിന് അക്രമം ഉണ്ടായി എന്നു കാണിക്കാന്‍ രണ്ട് എഫ്.ഐ.ആറുകളാണ്. ഒന്ന് സംഭവം നടന്നതിനു തൊട്ടുപിന്നാലെ, മറ്റൊന്ന് മൂന്നു ദിവസം കഴിഞ്ഞ് ലോക് ഭവനിലെ യോഗത്തിനുശേഷം വി.സി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ. ഇതു രണ്ടും വായിച്ചാല്‍ യഥാർത്ഥ വസ്തുത വ്യക്തമാകും. സിൻഡിക്കേറ്റ് യോഗത്തിലേക്ക് കുട്ടികൾ നടത്തിയ പ്രതിഷേധജാഥയുടെ വീഡിയോയിലെങ്ങും അക്രമം കാണുന്നില്ല. മുദ്രവാക്യം വിളിച്ച് തള്ളിക്കയറാൻ ശ്രമിക്കുന്നവരെ പൊലീസ് തടയുന്നുണ്ട് എന്നതിലപ്പുറം. വീഡിയോ ഇല്ലാതെ പോയി എന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, അവിടെ സി.സി.ടി.വി ഉണ്ടെന്നാണ് അറിവ്.

രണ്ടാമത്തെ കാര്യം എസ്.എഫ്.ഐ ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നപ്പോഴാണ് ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങിയത് എന്നാണ്. പ്രധാനപ്പെട്ട കാര്യം ഇപ്പോഴത്തെ സമരമടക്കം സമരങ്ങള്‍ ഗവണ്‍മെന്റുകള്‍ക്കെതിരെയല്ല എന്നാണ്. യൂണിവേഴ്‍സിറ്റി അധികൃതര്‍ക്കെതിരെ എന്നാണ് പറയേണ്ടത്. ഈ ഗവണ്‍മെന്റ് വരുന്നതിനു മുന്‍പും സമരങ്ങള്‍ അവിടെ എസ്.എഫ്.ഐ നേതൃത്വത്തിലുണ്ടായിട്ടുണ്ട്. സിൻഡിക്കേറ്റ് മാർച്ചുകളും ഇപ്പോഴത്തെ നാടകാവതരണംപോലെ സർഗാത്മക പ്രതിഷേധങ്ങളും ഉണ്ടായിട്ടുണ്ട്. 2025-ൽ ഇപ്പോഴുള്ളത് പോലെ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുന്ന ആവശ്യങ്ങൾ ഉന്നയിച്ച് ഒരു മാസത്തിലേറെ രാപകൽ സമരം നടന്നു. പിന്നീട് വിദ്യാർത്ഥികളുടെ സഞ്ചാരസമയ സ്വാതന്ത്ര്യത്തിൽ നിയന്ത്രണം കൊണ്ടുവരുന്നതിനെതിരേയും രാപകല്‍ സമരം ഉണ്ടായി. അന്നെല്ലാം സമരം ഇടതു സിൻഡിക്കേറ്റിനെതിരെക്കൂടി ആയിരുന്നു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളെ വഴിതടഞ്ഞും സിൻഡിക്കേറ്റ് ഹാളിൽ തടഞ്ഞുവെച്ചുമെല്ലാമുള്ള സമരം അന്നെല്ലാം സ്ഥിരമായിരുന്നു. അവയില്‍ ചിലതെല്ലാം മാധ്യമങ്ങളില്‍ വന്നിട്ടുമുണ്ട്. കാലടിയിൽ ഇടത് സിൻഡിക്കേറ്റിനെതിരെ എസ്.എഫ്.ഐ സമരം എന്ന് ആഘോഷിച്ചുകൊണ്ട്. ആ വാര്‍ത്തകള്‍ ഇപ്പോഴും യുട്യൂബിൽ പരതിയാല്‍ കിട്ടും. എസ്.എഫ്.ഐ കാലടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലുമുണ്ട്. അപ്പോഴൊന്നും കെ.എസ്.യുവോ എ.ബി.വി.പിയോ സമരമുഖത്തുണ്ടായിട്ടില്ല. ആ സമരങ്ങളുടെയൊക്കെ ഫലമായിട്ട് കഴിഞ്ഞ ഫെബ്രുവരിയിൽ ലൈറ്റ് പർച്ചേസിനുള്ള ടെൻഡർ നടപടികൾ കൈക്കൊള്ളും എന്ന ഉറപ്പ് പിന്നെയും കിട്ടിയിരുന്നു. ഇതും എസ്.എഫ്.ഐയുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ കാണാം. പിന്നീട് അവധിക്കാലത്തിനുശേഷം ജൂണിൽ പുതിയ ബാച്ച് വന്നപ്പോള്‍ എസ്.എഫ്.ഐ വീണ്ടും സമരം ആരംഭിച്ചു. ജൂലൈ ആയപ്പോഴേക്കും അത് 18 അടിസ്ഥാന ആവശ്യങ്ങൾ ഉന്നയിച്ചുള്ള അനിശ്ചിതകാല സമരമായി വളരുകയായിരുന്നു. ആ ആവശ്യങ്ങളിൽ ഉറപ്പ് കിട്ടിയിട്ടും പരിഹരിക്കപ്പെടാത്ത തിയേറ്റർ ലൈറ്റും ഉണ്ടായിരുന്നു. കുടില്‍ കെട്ടി അനിശ്ചിതകാല സമരം 30 ദിവസത്തോളമായിട്ടും കാലടിയിലെ വിസിയോ ബന്ധപ്പെട്ട അധികാരികളോ ചർച്ചയ്ക്കുപോലും വിളിക്കാത്തതിനെത്തുടർന്നാണ് സിൻഡിക്കേറ്റിലേക്ക് മാർച്ച് നടത്തേണ്ടിവരുന്നത്. അതിലാണ് ‘ലൈറ്റ് മരിച്ചേ’ എന്ന നാടകം അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലെ സമരങ്ങളുടെ തുടർച്ചതന്നെയായിരുന്നു ഇതെല്ലാം.

സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർത്ഥികളുടെ രാഷ്ട്രീയ പശ്ചാത്തലം എന്താണ്? എല്ലാവരും എസ്.എഫ്.ഐ പ്രവർത്തകരാണോ?

ഈ സമരത്തിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികളിൽ എല്ലാവരും എസ്.എഫ്.ഐ പ്രവർത്തകരല്ല. എനിക്കൊരു എസ്.എഫ്.ഐ അനുഭവമുണ്ട്, സി.പി.എം അനുഭവമുള്ള അവരുടെ കൂടെ ചേർന്നുനിൽക്കുന്ന ഒരാളാണ് ഞാൻ. പൂർണസമയം എസ്.എഫ്.ഐ പ്രവർത്തകരല്ല, അതുപോലുമില്ലാത്ത അംബേദ്കറൈറ്റ് രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ഏറ്റവും അടുത്ത കൂട്ടുകാരനുമുണ്ട്. അവനും ടാർഗെറ്റ് ചെയ്യപ്പെടുകയാണ്. ഈ 16 പേരിൽ ആരും തന്നെ വളരെ സുരക്ഷിതത്വമുള്ള ഒരു പ്രിവിലേജിന്റെ പശ്ചാത്തലത്തിൽനിന്നു വരുന്നവരല്ല. ഒളിവിൽ പോവുക എന്നൊക്കെ പറയുന്നത് ആ കുട്ടികളുടെ മാനസികാവസ്ഥയെ എത്രത്തോളം ബാധിച്ചു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

എസ്.എഫ്.ഐക്കാര്‍ സമരം ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമൊക്കെ ഏതെങ്കിലും ഒരാള്‍ക്കോ ഒരു കൂട്ടര്‍ക്കോ വേണ്ടിയല്ല. മഹാരാജാസിലെ വൈസ് ചെയര്‍പേഴ്സണ്‍ ആയ നഫീസത്തുല്‍ നസ്രിയ എന്ന എസ്.എഫ്.ഐക്കാരി അക്കാര്യം ഓര്‍മിപ്പിച്ചിരുന്നു. തങ്ങളെപ്പോലെ ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഒക്കെ കോഴ്സുകള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങേണ്ടവര്‍ക്കുകൂടി വേണ്ടിയാണ് നഫീസത്തുല്‍ നസ്രിയ ഇടപെട്ടത്. അടുത്തിടെ കൊല്ലത്തെ നീരാവിൽ പ്രകാശ് കലാകേന്ദ്രത്തിലെ കുട്ടികൾ ഒരു നാടകം ചെയ്തിരുന്നു. ആ നാടകത്തിന്റെ വീഡിയോയ്ക്ക് നേരെ വലിയ സൈബർ ആക്രമണമാണുണ്ടായത്. ആ നാടകത്തിൽ കുട്ടികൾ പറയുന്ന ഒരു കാര്യമുണ്ട്: “ഞങ്ങൾ പത്താം ക്ലാസ്സും പ്ലസ് ടുവുമൊക്കെ കഴിഞ്ഞ് ഇതുപോലുള്ള കോളേജുകളിൽ വരുമ്പോൾ അവിടെ ഇത്തരം വലിയ പ്രശ്നങ്ങളുണ്ടെങ്കിൽ ഞങ്ങൾക്കു സമാധാനമായി പഠിക്കാൻ കഴിയില്ലല്ലോ, അതുകൊണ്ട് ഞങ്ങൾ ഇപ്പോഴേ സമരം തുടങ്ങുകയാണ്” എന്ന്. ആ ചെറിയ കുട്ടികൾക്കുള്ള ആ ഒരു വിശാലമായ കാഴ്ചപ്പാടുപോലും ഇത്തരം അരാഷ്ട്രീയവാദികൾക്ക് ഇല്ല എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്വയം ജീവിക്കാനും ഒപ്പം മറ്റുള്ളവരുംകൂടി നന്നായി ജീവിക്കണം എന്നും ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷ ധാരയിലുള്ള എല്ലാവരും. ആ ഒരു വിശാലമായ കാഴ്ചപ്പാടിൽനിന്നാണ് ഈ സമരങ്ങളെല്ലാം മുന്നോട്ട് പോകുന്നത്.

വിദ്യാഭ്യാസം നേടാൻ അവകാശമില്ലാതെയിരുന്ന എന്റെ ജനത കൈമാറിവന്ന അപകർഷതകളും അടിയേറ്റ മുറിവുകളുടെ വേദനകളും ചെവിയിൽ ഈയമുരുക്കി ഒഴിക്കുമ്പോൾ ജീവൻപോണ വേദന തിന്നവർക്കുംകൂടി വേണ്ടിയാണ് ഞാൻ വിദ്യാഭ്യാസം നേടാൻ തീരുമാനിച്ചത്. അതിനുള്ള അടിസ്ഥാന സൗകര്യത്തിനുവേണ്ടിയാണ് ഞാൻ സമരം ചെയ്യുന്നതും നാടകം ചെയ്തതും. രണ്ടു മാസമായി കോളേജിലേയ്ക്ക് കയറാൻ കഴിയാത്തവിധം ഞാന്‍ പുറത്താണ്. പരീക്ഷ എഴുതാന്‍ സാധിക്കാത്തതുകൊണ്ട് ഭാവി അനിശ്ചിതത്വത്തിലാണ്. മാപ്പു പറഞ്ഞാല്‍ തിരിച്ചുകയറാമെന്നാണ് പറയുന്നത്. മാപ്പുപറയലൊക്കെ അവരുടെ ശീലമാണ്. സവര്‍ക്കര്‍മാരുടെ. സിസ തോമസിന്റെ ലക്ഷ്യം ആർ.എസ്.എസ്സിന്റെ ലക്ഷ്യങ്ങളാണ്. സാംസ്കാരികമായ എല്ലാത്തിനേയും തച്ചുതകർത്തുകൊണ്ട് നാടിനെ പിന്നിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതിയാണ് അവർ നടപ്പിലാക്കുന്നത്. അതിനു കൈമെയ്‌ മറന്നു സഹായിക്കാൻ സംസ്ഥാന ഗവണ്‍മെന്റും കൂടെയുണ്ട്. ഒരു നാടകത്തിൽ രോഹിത് വെമുലയായി അഭിനയിക്കുകയുണ്ടായിട്ടുണ്ട്. വെമുല അന്നു കടന്നുപോയ സാഹചര്യമെന്താണെന്നു ചിന്തിച്ച് വല്ലാത്ത അവസ്ഥയിലായിട്ടുണ്ട്. ഇപ്പോൾ അതൊക്കെ ഞാൻ നേരിട്ട് അനുഭവിക്കുന്നു.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാവുക എന്നാല്‍, ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചും വലിയ പ്രതിസന്ധിയാണ് അത്. വലിയ ദുഃഖങ്ങളെ ഇന്ധനമാക്കി നാടകം ചെയ്ത കാലമുണ്ടായിരുന്നു. എന്നാല്‍, ഒരു ചെറിയ ദുഃഖംപോലും താങ്ങാൻ കഴിയാത്തവിധം തളർന്നു പോയിട്ടുണ്ട്. പക്ഷേ, സിസാ തോമസിനു മുന്‍പില്‍ തോറ്റുതരാന്‍ ഭാവമില്ല. അവര്‍ നുണയാണ് പറഞ്ഞതെന്ന് ആര്‍ക്കാണ് അറിയാത്തത്? നിരവധി പൊലീസുകാരുടെ ഇടയിലൂടെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ തല്ലിയോടിക്കാൻ ഉത്തരവിട്ട് വളരെ സേഫായി കാറിൽ കയറി പോകുകയാണ് അവര്‍ ചെയ്തത്. ഞാൻ കണ്ടതാണ്. ജീവിതത്തിൽ നിങ്ങൾ ഒരു പുൽനാമ്പിന്റെ നിലനിൽപ്പിനുപോലും അവര്‍ സമരം ചെയ്തിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്. പക്ഷേ, ഞങ്ങൾ വഴി നടക്കാൻ സമരം ചെയ്തിട്ടുണ്ട്. കൂലി കൂട്ടാൻ സമരം ചെയ്തിട്ടുണ്ട്. ഭൂമിക്കായി സമരം ചെയ്തിട്ടുണ്ട്. കുടിവെള്ളത്തിനുവേണ്ടി സമരം ചെയ്തവരാണ്. സ്വതന്ത്രമായി കലാപ്രവർത്തനം നടത്താൻ സമരം ചെയ്തവരാണ്. പള്ളിക്കൂടത്തിൽ കയറാൻ സമരം ചെയ്ത് മുട്ടിപ്പുല്ല് മുളപ്പിച്ചവരാണ്. സിസാ തോമസുമാര്‍ എത്ര തടഞ്ഞാലും വിദ്യാഭ്യാസത്തിനായി സമരം ചെയ്യും. വിദ്യാഭ്യാസം നേടുക തന്നെ ചെയ്യും.

കുട്ടനാട്ടിലെ വേരുകളെക്കുറിച്ചും കുടുംബപശ്ചാത്തലത്തെക്കുറിച്ചും പറയാമോ?

ഞാൻ ആലപ്പുഴയിലെ എടത്വാ സ്വദേശിയാണ്. വർഷത്തിൽ മൂന്നു മാസത്തോളം എപ്പോഴും വെള്ളപ്പൊക്കമുണ്ടാകുന്ന, അത്ര വലിയ എക്സ്പോഷർ ഒന്നുമില്ലാത്ത തായങ്കരിയിലെ മൂക്കോടി എന്ന ചെറിയൊരു ദ്വീപിൽനിന്നാണ് ഞാൻ വരുന്നത്. എന്റെ അച്ഛൻ സർക്കാർ സർവീസിൽ വാട്ടർ ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്മെന്റിൽ ചെക്കിംഗ് ഇൻസ്പെക്ടറായിരുന്നു. അതിനൊപ്പം തന്നെ അദ്ദേഹം ഒരു കർഷകത്തൊഴിലാളിയും കർഷകത്തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ട് പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന ആളുമായിരുന്നു. അപ്പൂപ്പന്റെയൊക്കെ കാലം തൊട്ടേ കൃഷിയായിരുന്നു പശ്ചാത്തലം. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടർന്ന് ഫെബ്രുവരി 16-ന് അച്ഛൻ മരിച്ചു. ഇപ്പോൾ അമ്മയും പി.ജി കഴിഞ്ഞ് ജോലിചെയ്യുന്ന ഒരു അനുജനുമാണ് എനിക്കുള്ളത്.

ഒരു ചെറിയ ദ്വീപിൽനിന്നും നാടകമെന്ന വിശാലമായ കലാരംഗത്തേയ്ക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?

എടത്വ സെന്റ് അലോഷ്യസ് സ്കൂളിലാണ് ഞാൻ പഠിച്ചത്. അവിടെ പഠിക്കുന്ന കാലത്ത് സ്കൂൾ നാടകങ്ങളിൽ അഭിനയിച്ചാണ് തുടക്കം. ‘മാടൻ മോക്ഷം’ എന്ന നാടകത്തിൽ മാടനായി അഭിനയിച്ച ജയചന്ദ്രൻ തകഴിക്കാരനാണ് എന്നെ ആദ്യമായി നാടകം പഠിപ്പിക്കുന്നത്. പിന്നീട് സന്തോഷ് തകഴിയും വന്നു.

അച്ഛന് പത്താം ക്ലാസ്സ്‌ വരെ പഠിക്കാനായുള്ളൂ. എങ്കിലും ഒരു ഗവണ്‍മന്റ് ജോലി നേടി, അമ്മ പ്രീഡിഗ്രി പൂർത്തിയാക്കി. അനുജന്‍ മഹാരാജാസിൽനിന്നാണ് ഡിഗ്രി പൂർത്തിയാക്കുന്നത്. അപ്പൂപ്പൻ, അമ്മൂമ്മ എന്നിവർ ആറാം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ട് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. അതിനു മുൻപുള്ളവർക്ക് പഠിക്കാൻ അവകാശവുമില്ലായിരുന്നു. പക്ഷേ, അവരെല്ലാം എനിക്കു വായിക്കാൻ പുസ്തകങ്ങൾ വാങ്ങിത്തരികയും വായനശാലയിലേയ്ക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു. നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അപ്പൂപ്പനാണ് എന്നെ ‘കോതമ്പുമണികൾ’ എന്ന കവിത പഠിപ്പിച്ച് സ്റ്റേജിൽ കയറ്റുന്നത്. പിന്നെയും കവിതകൾ, കഥകൾ ഒക്കെ പഠിപ്പിച്ചു, അമ്പലത്തിൽ നാടകം കളിക്കുമ്പോൾ കൊണ്ടുപോയി കാണിച്ചു. സ്കൂളിൽ നാടകടീമിൽ കയറിയപ്പോൾ പ്രോത്സാഹിപ്പിച്ചു. പത്താം ക്ലാസ്സ്‌ പരീക്ഷയുടെ തലേദിവസം വരെ നാടകം കാണാൻ അനുവദിച്ചു. ഒരിക്കലും വർഗീയമായി ചിന്തിക്കാൻ അനുവദിക്കാത്തവിധം വളർത്തി. അങ്ങനെയാണ് ഞാൻ നാടകത്തിലെത്തുന്നത്. നാടകത്തിന്റെ ലോകത്തെത്തിയപ്പോഴും ഒരുപാട് കഷ്ടപ്പെട്ടു. 200 രൂപയ്ക്കുവേണ്ടി വരെ നാടകം ചെയ്തിട്ടുണ്ട്. അച്ഛൻ അസുഖംകൂടി ആശുപത്രിയിലായപ്പോഴും എനിക്ക് അച്ഛന്റെ അടുത്തിരിക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ നാടകം ചെയ്തു. നാടകം കളിച്ച് കിട്ടിയ തുകയിലെ ഭൂരിഭാഗവും ചികിത്സയ്ക്കായി മാറ്റി. കഴിഞ്ഞ വര്‍ഷം അബുദാബിയിലേയ്ക്ക് നാടകം ചെയ്യാൻ പോകാൻ വിളി വന്നപ്പോൾ അച്ഛൻ ഐ.സി.യുവിൽ ആയിരുന്നു. “ഈ അവസ്ഥയിൽ പോകണമോ” എന്ന് അമ്മയോട് ചോദിച്ചു. അമ്മ പറഞ്ഞു: “മോൻ പോണം, രക്ഷപ്പെടണം എന്ന്…” ആ അവസ്ഥയിലും പോയി ഞാൻ നാടകം കളിച്ചു. പല തവണ അച്ഛനു വയ്യാതെയായി. പക്ഷേ, ഞാൻ നാടകം നിർത്തിയില്ല. വിദേശ രാജ്യത്ത് പോയി നാടകം ചെയ്ത് വിജയിച്ച് തിരിച്ചുവരുന്ന മകനെ കാണാൻ അച്ഛൻ മരിക്കാതെ കാത്തിരുന്നു… ഒരു മാസത്തിനുള്ളിൽ അച്ഛനും പോയി…!

തലമുറക്കൾക്കു മുൻപ് വിദ്യാഭ്യാസം നേടാൻ അവകാശമില്ലാതെയിരുന്ന എന്റെ ജനത കൈമാറിവന്ന അപകർഷതകളും അടിയേറ്റ മുറിവുകളുടെ വേദനകളും ചെവിയിൽ ഈയമുരുക്കി ഒഴിക്കുമ്പോൾ ജീവൻപോണ വേദന തിന്നവർക്കുംകൂടി വേണ്ടിയാണ് ഞാൻ വിദ്യാഭ്യാസം നേടാൻ തീരുമാനിച്ചത്. അതിനുള്ള അടിസ്ഥാന സൗകര്യത്തിനുവേണ്ടിയാണ് ഞാൻ സമരം ചെയ്തത്, നാടകം ചെയ്തത്.

സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പെട്ടെന്നു രക്ഷപ്പെടണം, ജീവിക്കാൻ ഒരു ജോലി വേണം എന്ന ചിന്തയിൽ ഞാൻ മർച്ചന്റ് നേവി കോഴ്സിനു പോയിട്ടുണ്ട്. എന്നാല്‍, അവിടത്തെ കടുത്ത ഒറ്റപ്പെടൽ കാരണം ഒരു മാസം കഴിഞ്ഞപ്പോൾ എനിക്കത് പൂർത്തിയാക്കാൻ കഴിയാതെ തിരികെ പോരേണ്ടിവരികയും ചെയ്തു.

അതിനെത്തുടര്‍ന്നാണോ നാടകത്തിൽ കൂടുതൽ സജീവമാകുന്നത്?

അതെ. മർച്ചന്റ് നേവി ഉപേക്ഷിച്ച് തിരികെ വന്ന ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കലാജാഥകളിലൂടെയാണ് ഞാൻ വീണ്ടും നാടകരംഗത്തേയ്ക്ക് ഇറങ്ങുന്നത്. പിന്നീട് കൊച്ചിയിലെ ജനരംഗവേദിയിലും ചന്ദ്രദാസൻ സാറിന്റെ ലോകധർമി തുടങ്ങിയ തിയേറ്റർ ഗ്രൂപ്പുകളിലും പ്രവർത്തിച്ചു. നെയ്തൽ നാടകസംഘത്തിന്റെ വിവാദമായ ‘കക്കുകളി’ എന്ന നാടകത്തിലും ഞാൻ പ്രധാന വേഷം ചെയ്തിരുന്നു. എം.ജി യൂണിവേഴ്സിറ്റി നാടകോത്സവത്തിൽ ഞങ്ങൾ സംവിധാനം ചെയ്ത നാടകങ്ങൾക്ക് ഒന്നാം സ്ഥാനം നേടാനും സാധിച്ചിട്ടുണ്ട്. അച്ഛന് കിഡ്‌നി തകരാറിലായി ഡയാലിസിസ് ചെയ്യുന്ന സമയത്തും ഉറക്കമൊഴിച്ചിരുന്ന് ആശുപത്രി കാര്യങ്ങൾ നോക്കുന്നതിനൊപ്പം തന്നെയാണ് നാടകങ്ങളും ഞങ്ങൾ മുന്നോട്ടുകൊണ്ടുപോയത്.

സിസാ തോമസിന്റെ നിലപാടുകള്‍ക്കു പിറകില്‍ രാഷ്ട്രീയമുണ്ട് എന്ന് ശിവകുമാര്‍ കരുതുന്നുണ്ടോ?

തീർച്ചയായും. സർവകലാശാലയിൽ ആർ.എസ്.എസ് അജന്‍ഡ നടപ്പിലാക്കാനാണ് വി.സി അടക്കമുള്ളവർ ശ്രമിക്കുന്നത്. കൃത്യമായ ആർ.എസ്.എസ് ബുദ്ധിയാണ്. കലകൾ പഠിപ്പിക്കുന്ന, ഇത്രയും വൈവിധ്യങ്ങളുള്ള ഒരു സർവകലാശാലയിൽ വിദ്യാർത്ഥികളേയും കലയേയും വർഗീയമായി ഭിന്നിപ്പിക്കാനും ഇടതുപക്ഷ ചിന്താഗതിയുള്ളവരെ അടിച്ചമർത്താനുമുള്ള അജന്‍ഡയാണിത്. സര്‍വകലാശാലയിലെ പകുതിയിലധികം വരുന്ന വിദ്യാർത്ഥികൾ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍നിന്നും വരുന്നവരാണ്. എങ്കിലും നിരവധി പ്രതിഭകളെ വാർത്തെടുത്ത ഒരു കാമ്പസ്സാണത്. ഏറ്റവും വൈബ്രന്റായ ഒരു വിദ്യാര്‍ത്ഥി സമൂഹമാണ് അവിടെയുള്ളത്. പരിമിതികൾക്കുള്ളിലാണെങ്കിലും മികച്ച അക്കാദമിക ജനാധിപത്യ അന്തരീക്ഷവും കാലടി സംസ്കൃത സർവകലാശാല കാമ്പസ്സിലുണ്ടായിരുന്നു. എന്നാല്‍, കാമ്പസ്സിനെ കൈപ്പിടിയിലൊതുക്കാന്‍ എത്ര ശ്രമിച്ചിട്ടും ഇതുവരെ വര്‍ഗീയവാദികള്‍ക്കായിട്ടില്ല. അടിസ്ഥാന ജനവിഭാഗത്തിൽനിന്നുളള വിദ്യാർത്ഥികൾക്ക് ആരേയും ഭയക്കാതേയും സമാധാനത്തോടേയും തത്ത്വചിന്തയും സംസ്‌കൃതവും കലയും സാഹിത്യവും നാടകവുമെല്ലാം അവിടെ പഠിക്കാം. അതില്ലാതെയാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി മിടുമിടുക്കന്‍; കാണാന്‍ ആരുവന്നാലും സ്വാഗതം; ചങ്ങനാശേരിക്കാരനെ പോലെ നിഷേധിക്കില്ല'

നടുവേദന അലട്ടുന്നുണ്ടോ? ശരിയായ ഇരിപ്പു രീതി എങ്ങനെയാണ്? വീട്ടിൽ ചെയ്യാവുന്ന ലളിതമായ 5 വ്യായാമങ്ങൾ

കൽത്തൂണിൽ തെളിയാത്ത ദീപവും മുന്നണി രാഷ്ട്രീയത്തിലെ കനലും; തിരുപ്പറങ്കുൻറം വിവാദത്തിൽ വിജയ് സർക്കാരിന് മുന്നിൽ ഇനി എന്ത്?

'സായ് പല്ലവിയിൽ നിന്ന് ഇതൊട്ടും പ്രതീക്ഷിച്ചില്ല'; ബോയ്‌കട്ട് ലുക്കിൽ നടി, ശ്രദ്ധേയമായി 'ഇഞ്ചി വെല്ല'ത്തിലെ ലിറിക്കൽ ​ഗാനം

ചപ്പാത്തി, ചോറ്, പരിപ്പ് കറി, ചിക്കനോ പച്ചക്കറിയോ...; ഇനി ദീര്‍ഘദൂര ട്രെയിനുകളില്‍ 'ഫ്‌ലൈറ്റ്' ഭക്ഷണം, തയ്യാറാക്കുന്നത് പ്രമുഖ ക്ലൗഡ് കിച്ചണുകള്‍