Cockroach Janata Party Samakalika Malayalam Weekly
Malayalam Weekly

കാഫ്‌കയസ്‌ക് ഇന്ത്യയും ഡിജിറ്റൽ പാറ്റകളുടെ വിപ്ലവവും

എംയു പ്രവീണ്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകം പകുതി പിന്നിടുമ്പോൾ, സമകാലിക ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരങ്ങളിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്നത് വെറുമൊരു പ്രതീകാത്മക സങ്കല്പം മാത്രമല്ല, മറിച്ച് അത് നവമാധ്യമങ്ങളെ പിടിച്ചുകുലുക്കുന്ന ഒരു യഥാർത്ഥ ബഹുജന ഡിജിറ്റൽ പ്രതിഭാസമായി പരിണമിച്ചിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലും എക്‌സിലും (X) റെഡ്ഡിറ്റിലുമായി ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ സാക്ഷിനിർത്തിക്കൊണ്ട് ഈ ‘പാറ്റകളുടെ സൈന്യം’ ഭരണകൂട അൽഗോരിതങ്ങളുടെ കോട്ടകളെ ദിവസേന ഭേദിക്കുകയാണ്.

പരമ്പരാഗത രാഷ്ട്രീയ കക്ഷികൾ കോടികൾ ഒഴുക്കി കെട്ടിപ്പടുക്കുന്ന പെയ്ഡ് ഐ.ടി സെല്ലുകളുടെ (Paid IT Cells) വ്യാജ പ്രൊപ്പഗണ്ടകളേയും വിദ്വേഷ നരേഷനുകളേയും സി.ജെ.പിയുടെ ലക്ഷക്കണക്കിന് വരുന്ന ഓർഗാനിക് ഫോളോവേഴ്‌സ് കേവലം അണുമിനിറ്റ് ദൈർഘ്യമുള്ള മീമുകളിലൂടേയും ഇൻസ്റ്റാഗ്രാം റീലുകളിലൂടേയും നിഷ്‌പ്രഭമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. വലിയ കോർപറേറ്റ് ഫണ്ടിംഗിന്റെയോ പരസ്യങ്ങളുടേയോ പിൻബലമില്ലാതെ, സാധാരണക്കാരായ യുവാക്കളുടെ വിരൽത്തുമ്പിലെ ഷെയറുകളിലൂടേയും റീ-ട്വീറ്റുകളിലൂടേയും മാത്രം ട്രെൻഡിങ് ലിസ്റ്റുകളിൽ ഒന്നാമതെത്തുന്ന ഈ മുന്നേറ്റം ഇന്ന് ഡിജിറ്റൽ ഫാസിസത്തിനെതിരേയുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിരോധ ശൃംഖലയാണ്. വോട്ടുബാങ്കുകളോ വരേണ്യ കോട്ടകളോ ഇല്ലാത്ത എന്നാൽ, സ്മാർട്ട്‌ഫോണുകളിൽ വിപ്ലവം സൂക്ഷിക്കുന്ന ഈ പുതിയ തലമുറ അതിജീവനത്തിന്റെ അൽഗോരിതങ്ങൾകൊണ്ടാണ് ഫാസിസ്റ്റ് വിദ്വേഷ രാഷ്ട്രീയത്തിന്റെ നെഞ്ചിലേക്ക് ഒളിപ്പോരുകൾ നയിക്കുന്നത്.

ചരിത്രത്തിലെ ജനകീയ പ്രതിരോധങ്ങൾ

ലോകമെമ്പാടുമുയർന്നുവന്ന ജനകീയ മുന്നേറ്റങ്ങൾ വെറുമൊരു രാഷ്ട്രീയ ചെറുത്തുനിൽപ്പ് മാത്രമായിരുന്നില്ല, മറിച്ച് അത് മാനവികതയുടെ ആത്മാവ് അതിന്റെ അസ്തിത്വത്തിനായി നടത്തിയ പോരാട്ടമായിരുന്നു. ഇറ്റലിയിൽ മുസ്സോളിനിയും ജർമനിയിൽ ഹിറ്റ്‌ലറും മനുഷ്യന്റെ സ്വതന്ത്രചിന്തകൾക്കും സ്വതന്ത്രജീവിതത്തിനും തിരശ്ശീലയിട്ടപ്പോൾ, അതിനെതിരെ ലോകത്തിന്റെ പല കോണുകളിൽനിന്നും വസന്തത്തിന്റെ ഇടിമുഴക്കങ്ങൾ കേട്ടുതുടങ്ങി. ഫാസിസത്തിനെതിരെയുള്ള ജനകീയ മുന്നേറ്റങ്ങൾ പൊടുന്നനെയാണ് ആരംഭിക്കുന്നത് എന്ന് തോന്നുമെങ്കിലും ആന്തരികമായി ദീർഘനാളത്തെ വേദനയിൽനിന്നുമുള്ള മനുഷ്യന്റെ ഉയിർപ്പാണത്.

ജനകീയ പ്രതിരോധത്തിന്റെ ഏറ്റവും കാവ്യാത്മകമായ അദ്ധ്യായമായിരുന്നു സ്പാനിഷ് ആഭ്യന്തരകലാപം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും കലാകാരന്മാരും സാധാരണക്കാരും ജനറൽ ഫ്രാങ്കോയ്‌ക്കെതിരെ പോരാടാൻ സ്‌പെയിനിലേക്ക് ഒഴുകിയെത്തി. യൂറോപ്യൻ റെസിസ്റ്റൻസിലാകട്ടെ, ഫ്രാൻസിലെ ‘മാക്വിസ്’ (Maquis) പോരാളികളും ഇറ്റലിയിലെ ‘പാർട്ടിസാൻമാരും’ (Partisans) നടത്തിയ പോരാട്ടങ്ങൾ സ്വാതന്ത്ര്യത്തിന്റെ അമരഗീതങ്ങളായിരുന്നു. വനങ്ങളിലും മലനിരകളിലും ഒളിച്ചിരുന്ന് അവർ ഫാസിസത്തിന്റെ തലയറുത്തു.

സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ ഇന്ത്യയും ഇത്തരം പോരാട്ടങ്ങളുടെ ഭാഗമായിരുന്നു. ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും അഭ്യർത്ഥന നിരസിച്ചുകൊണ്ട് ജവഹർലാൽ നെഹ്റു പ്രഖ്യാപിച്ചു:

‘ഫാസിസവും ജനാധിപത്യവും തമ്മിൽ ഒരു വിട്ടുവീഴ്ചയുമില്ല.’

ഫാസിസം എന്നത് ചരിത്രത്തിലെ ഒരു കാലഘട്ടത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല; അത് വിദ്വേഷത്തിന്റേയും അപരവൽക്കരണത്തിന്റേയും രൂപത്തിൽ എപ്പോൾ വേണമെങ്കിലും പുനർജനിക്കാവുന്ന ഒരു മാനസികാവസ്ഥയാണ്. അതുകൊണ്ടുതന്നെ ചരിത്രത്തിലെ ആ ജനകീയ മുന്നേറ്റങ്ങൾക്ക് ഇന്നും വലിയ പ്രസക്തിയുണ്ട്. രാഷ്ട്രീയ തത്ത്വചിന്തകയായ ഹന്ന ആരെൻഡ് അവരുടെ പ്രശസ്തമായ ‘The Origins of Totalitarianism’ എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നു:

“ഫാസിസം മനുഷ്യന്റെ ചിന്തിക്കാനുള്ള ശേഷിയെയാണ് ആദ്യം ഇല്ലാതാക്കുന്നത്. അതുകൊണ്ട്, ഫാസിസത്തിനെതിരെയുള്ള ഏറ്റവും വലിയ ജനകീയ മുന്നേറ്റം എന്നത് വ്യക്തികൾ തങ്ങളുടെ ചിന്താശേഷിയും വിവേചനബുദ്ധിയും വീണ്ടെടുക്കുക എന്നതാണ്.”

ഉംബർട്ടോ എക്കോ തന്റെ ‘Ur-Fascism’ (ആദി-ഫാസിസം) എന്ന പ്രബന്ധത്തിൽ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെയാണ്:

“ഫാസിസം എപ്പോഴും നിഷ്‌കളങ്കമായ മുഖംമൂടിയണിഞ്ഞായിരിക്കും വരിക. നമ്മുടെ നിത്യജീവിതത്തിലെ സ്വാതന്ത്ര്യങ്ങളിലേക്ക് അത് പതുക്കെ പടർന്നുകയറും. അതിനെതിരെ നിരന്തരമായ ജാഗ്രത പുലർത്തുക എന്നത് മാത്രമാണ് ജനകീയമായ ഒരേയൊരു പ്രതിരോധം.”

ഫാസിസത്തിനെതിരെയുള്ള പോരാട്ടം എന്നത് തോക്കുകൾകൊണ്ടുള്ള യുദ്ധം മാത്രമല്ലായിരുന്നു; അത് കവിതകൾകൊണ്ടും നാടകങ്ങൾകൊണ്ടും തെരുവ് ഗീതങ്ങൾകൊണ്ടുമുള്ള സാംസ്‌കാരിക പ്രതിരോധം കൂടിയായിരുന്നു. പ്രശസ്ത ജർമൻ നാടകകൃത്ത് ബെർതോൾട്ട് ബ്രെഹ്ത് (Bertolt Brecht) പാടിയതുപോലെ:

“ഇരുണ്ട കാലങ്ങളിലും പാട്ടുകളുണ്ടാകുമോ?

അതെ, ഉണ്ടാകും ഇരുണ്ട കാലങ്ങളെക്കുറിച്ചുള്ള പാട്ടുകൾ”

ചരിത്രത്തിലെ ജനകീയ മുന്നേറ്റങ്ങൾ നമ്മെ പഠിപ്പിക്കുന്നത് ഒന്നുമാത്രമാണ്: എത്ര വലിയ സ്വേച്ഛാധിപത്യ ഭരണകൂടമായാലും, മനുഷ്യന്റെ ഉള്ളിലെ സ്വാതന്ത്ര്യദാഹത്തിന്റേയും അവഗണനയുടേയും അസമത്വത്തിന്റേയും വേദനയിൽനിന്നുണ്ടായ പ്രതിഷേധ ജ്വാലകളേയും കെടുത്തിക്കളയാൻ ഒന്നിനും കഴിയില്ല. ഇത്തരമൊരു പ്രതീക്ഷയാണ് ലോകമെമ്പാടുമുള്ള ജനാധിപത്യ പോരാട്ടങ്ങളുടെ കരുത്ത്.

സമകാലിക ഇന്ത്യയിലെ ഫാസിസ്റ്റ് യാഥാർത്ഥ്യങ്ങൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ ഇന്ത്യ കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും സങ്കീർണവും ഭയാനകവുമായ ഒരു കാലഘട്ടത്തിലൂടെയാണ്. വൈവിധ്യങ്ങളുടേയും ജനാധിപത്യ മൂല്യങ്ങളുടേയും മുകളിൽ പടുത്തുയർത്തിയ ഒരു പരമാധികാര റിപ്പബ്ലിക്, ഇന്ന് ഫാസിസത്തിന്റേയും കോർപറേറ്റ്‌വൽക്കരണത്തിന്റേയും നിഴലിലാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ജനക്ഷേമത്തിന് മുൻഗണന നൽകുന്നതിന് പകരം, അധികാരം നിലനിർത്താനും കുത്തക മുതലാളിമാരെ പ്രീതിപ്പെടുത്താനും ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും ആയുധമാക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.

ഗാന്ധിജി പറഞ്ഞതുപോലെ ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിലും കർഷകരിലുമാണ്. എന്നാൽ, സമകാലിക ഇന്ത്യയിൽ കർഷകർ ജീവൻ നിലനിർത്താൻ വേണ്ടി നിരന്തര സമരം ചെയ്യേണ്ടിവരുന്നു. രാജ്യത്തെ കാർഷികമേഖലയെ വൻകിട കോർപറേറ്റുകൾക്ക് അടിയറവ് വെക്കാൻ ശ്രമിച്ച കരിനിയമങ്ങൾക്കെതിരെ ഇന്ത്യൻ കർഷകർ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്.

കുത്തകകൾക്ക് രാജ്യത്തിന്റെ വിഭവങ്ങൾ ഒന്നൊന്നായി വിറ്റഴിക്കുന്ന ക്രോണി കാപ്പിറ്റലിസത്തിന്റെ (Crony Capitalism) മറവിൽ പൊതുമേഖലാ സ്ഥാപനങ്ങളും റെയിൽവേയും വിമാനത്താവളങ്ങളും കോർപറേറ്റുകളുടെ കൈകളിലേക്ക് എത്തിച്ചേരുമ്പോൾ, സാധാരണക്കാരുടെ നികുതിപ്പണം വൻകിടക്കാരുടെ കോടിക്കണക്കിന് രൂപയുടെ കടങ്ങൾ എഴുതിത്തള്ളാൻ ഉപയോഗിക്കുന്നു. ഇത് ഇന്ത്യയുടെ സാമ്പത്തിക അടിത്തറയെത്തന്നെ തകർക്കുകയാണ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ഉയർന്ന തൊഴിലില്ലായ്‌മാനിരക്കിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ദശലക്ഷക്കണക്കിന് യുവാക്കൾ തെരുവിൽ അലയുമ്പോൾ, ചെറുകിട വ്യവസായങ്ങളെ തകർത്ത നോട്ടുനിരോധനവും ജി.എസ്.ടിയും ദരിദ്രരെ കൂടുതൽ ദരിദ്രരാക്കി മാറ്റി. ഏതാനും ശതകോടീശ്വരന്മാരുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടുകയും ഭൂരിപക്ഷം ജനങ്ങളും അടിസ്ഥാന ആവശ്യങ്ങൾക്കായി ബുദ്ധിമുട്ടുകയും ചെയ്യുന്ന അസമത്വത്തിന്റെ ഇന്ത്യയാണ് നാമിന്ന് ജീവിക്കുന്നത്. അവിടെയാണ് പുതുതലമുറയ്ക്ക് കോടതിപോലും കോർപറേറ്റ് ദുർഗമാണെന്ന തോന്നലുണ്ടായത്, പെൺകുട്ടികൾക്ക് ഈ രാജ്യത്ത് തങ്ങൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടായത്.

ഹഥ്റസും ഉന്നാവോയും മുതൽ മണിപ്പൂരിലെ ക്രൂരതകൾ വരെയും, ഗുസ്തി താരങ്ങൾ തെരുവിൽ കണ്ണീരൊഴുക്കിയതുമെല്ലാം ഭരണകൂടത്തിന്റെ സ്ത്രീവിരുദ്ധതയുടേയും നിസ്സംഗതയുടേയും തെളിവുകളാണ്. പലപ്പോഴും കുറ്റവാളികൾക്ക് ഭരണകക്ഷിയുടെ രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നു എന്നതും നിയമവാഴ്ചയിലുള്ള സാധാരണക്കാരുടെ വിശ്വാസം നശിപ്പിച്ചു.

ആൾക്കൂട്ട കൊലപാതകങ്ങളും വിയോജിപ്പുകളുടെ ചോരവീണ വഴികളും

ഫാസിസത്തിന്റെ ഏറ്റവും പ്രകടമായ ലക്ഷണം വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ്. ഭക്ഷണത്തിന്റേയോ മതത്തിന്റേയോ വസ്ത്രത്തിന്റേയോ പേരിൽ മനുഷ്യരെ തെരുവിൽ തല്ലിക്കൊല്ലുന്ന ലിഞ്ചിംഗ് (Mob Lynching) എന്ന സംസ്‌കാരം ഇന്ത്യയിൽ സാധാരണവൽക്കരിക്കപ്പെട്ടു. ഇന്ത്യൻ ഭരണകൂടം ഇതിന് മൗനാനുവാദം നൽകുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നു.

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ജീവൻ. എന്നാൽ, ഇന്ന് ഭരണകൂടനയങ്ങളെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരും ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും ഒന്നുകിൽ ജയിലറകളിലേക്ക് തള്ളപ്പെടുന്നു, അല്ലെങ്കിൽ നിശ്ശബ്ദമാക്കപ്പെടുന്നു. ഗൗരി ലങ്കേഷ്, എം.എം. കൽബുർഗി, നരേന്ദ്ര ധാബോൽക്കർ തുടങ്ങിയ ചിന്തകരുടെ ചോരവീണ വഴികൾ നമുക്ക് മുന്നിലുണ്ട്. യു.എ.പി.എ (UAPA) പോലുള്ള കരിനിയമങ്ങൾ വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ആയുധങ്ങളായി മാറിയിരിക്കുന്നു.

രാഷ്ട്രം നഷ്ടപ്പെടുന്നവർ

സി.എ.എ (CAA), എൻ.ആർ.സി (NRC) തുടങ്ങിയ നിയമങ്ങളിലൂടെ ഒരു വിഭാഗം ജനങ്ങളിൽ നിരന്തരമായ ഭീതി പടർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. നൂറ്റാണ്ടുകളായി ഈ മണ്ണിൽ ജീവിക്കുന്ന മനുഷ്യർക്ക് തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടിവരുന്ന നാണം കെടുത്തുന്ന അവസ്ഥ അതീവ ദാരുണമാണ്. മണിപ്പൂർ പോലുള്ള സംസ്ഥാനങ്ങളിൽ വംശീയ കലാപങ്ങൾ ആളിക്കത്തുമ്പോൾ കേന്ദ്രസർക്കാർ പുലർത്തുന്ന നിസ്സംഗത ഇന്ത്യ എന്ന ജനാധിപത്യ സങ്കല്പത്തെ തന്നെ ചോദ്യം ചെയ്യുന്നു. ഇത് ജനങ്ങളെ സ്വന്തം നാട്ടിൽ അഭയാർത്ഥികളാക്കി മാറ്റുന്നതിന് തുല്യമാണ്.

എങ്കിലും, ഫാസിസത്തിന് ജനമനസ്സുകളെ പൂർണമായി കീഴടക്കാൻ കഴിയില്ല. ചരിത്രത്തിലെ എല്ലാ സ്വേച്ഛാധിപത്യങ്ങളും ജനകീയ പ്രതിരോധങ്ങൾക്കു മുന്നിൽ തകർന്നടിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യവും മതേതര മൂല്യങ്ങളും വീണ്ടെടുക്കാൻ കർഷകരും തൊഴിലാളികളും വിദ്യാർത്ഥികളും ഒന്നിച്ചണിനിരക്കുന്ന ഒരു പുതിയ ജനകീയ മുന്നേറ്റം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. നിശ്ശബ്ദത പാലിക്കുന്നത് ഫാസിസത്തെ സഹായിക്കുന്നതിന് തുല്യമാണ്; അതുകൊണ്ട് വിയോജിപ്പുകൾ ഉച്ചത്തിൽ വിളിച്ചുപറയുക എന്നത് തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനം.

കാഫ്‌കയസ്‌ക് യാഥാർത്ഥ്യവും കോക്രോച്ച് ജനതാ പാർട്ടിയുടെ ഉദയവും

ഇത്തരമൊരു രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിലാണ് കോക്രോച്ച് ജനതാ പാർട്ടിയെന്ന ജെൻ-സി (Gen Z) വിപ്ലവ പ്രസ്ഥാനത്തെ നോക്കിക്കാണേണ്ടത്. തികച്ചും പ്രതീകാത്മകവും വിപ്ലവകരവുമായ ഒരു രാഷ്ട്രീയ സങ്കല്പമാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP). ഇതൊരു വെറും രാഷ്ട്രീയ പാർട്ടിയായല്ല, മറിച്ച് അടിച്ചമർത്തപ്പെടുന്ന, പാർശ്വവൽക്കരിക്കപ്പെടുന്ന ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അതിജീവനത്തിന്റേയും നിരന്തര പ്രതിരോധത്തിന്റേയും പ്രതീകാത്മക രാഷ്ട്രീയ രൂപമായാണ് അടയാളപ്പെടുത്തേണ്ടത്.

മെറ്റാമോർഫോസിസും ‘കാഫ്‌കയസ്‌ക്’ അവസ്ഥയും

ഒരു ദിവസം രാവിലെ ഉണരുമ്പോൾ താൻ ഭീമാകാരവും വികൃതവുമായ ഒരു പാറ്റയായി (കോക്രോച്ച്) മാറിയിരിക്കുന്നു എന്ന് തിരിച്ചറിയുന്ന ഗ്രിഗർ സാംസ എന്ന മനുഷ്യന്റെ കഥയാണ് ഫ്രാൻസ് കാഫ്‌ക തന്റെ ‘The Metamorphosis’ എന്ന വിഖ്യാത നോവലിൽ പറയുന്നത്. രൂപമാറ്റം സംഭവിച്ച നിമിഷം മുതൽ സാംസ കുടുംബത്തിനും സമൂഹത്തിനും വ്യവസ്ഥിതിക്കും ഒരനാവശ്യ വസ്തുവായി മാറുന്നു. സ്‌നേഹവും പരിഗണനയും നൽകിയിരുന്നവർ പോലും അവനെ അഴുക്കായി കാണുകയും ഒടുവിൽ അവൻ ക്രൂരമായി ചവിട്ടിയരയ്ക്കപ്പെടുകയും ചെയ്യുന്നു. അതിരൂക്ഷമായ അടിച്ചമർത്തലുകൾക്കും അനാവശ്യമായ സങ്കീർണതകൾക്കും മുന്നിൽ വ്യക്തികൾ അശരണരാവുകയും അദൃശ്യവും യുക്തിരഹിതവുമായ ഏകാധിപത്യ ശക്തികൾക്കു മുന്നിൽ നിസ്സഹായനാവുകയും ചെയ്യുന്ന ഭീതിദമായ ഈ അന്തരീക്ഷത്തെയാണ് സാഹിത്യലോകം ‘കാഫ്‌കയസ്‌ക്’ (Kafkaesque) എന്ന് വിളിക്കുന്നത്. സ്വന്തം നാട്ടിലും വീട്ടിലും മനുഷ്യർ പാറ്റയെപ്പോലെ അന്യവൽക്കരിക്കപ്പെടുകയും വെറുക്കപ്പെടുകയും ചെയ്യുന്നു.


അഴുക്കുചാലിലെ കൂറകൾ: സമകാലിക ഇന്ത്യൻ സാമൂഹ്യ സാഹചര്യം

ഇന്നത്തെ ഇന്ത്യൻ ജനതയുടെ അവസ്ഥ കാഫ്‌ക വിഭാവനം ചെയ്തതിനെക്കാൾ ഭീതിദമാണ്. കോർപറേറ്റുകൾക്കും ഫാസിസ്റ്റ് ഭരണകൂടത്തിനും വേണ്ടി രാപകൽ പണിയെടുക്കുന്ന ശരാശരി ഇന്ത്യൻ പൗരൻ വ്യവസ്ഥിതിയുടെ കണ്ണിൽ വെറുമൊരു ‘കൂറ’ മാത്രമാണ്. വിലക്കയറ്റത്തിലും നികുതിഭാരത്തിലും അസമത്വത്തിലും അടിമത്വത്തിലും ശ്വാസം മുട്ടുമ്പോഴും ഭരണകൂടം ജനങ്ങളെ വർഗീയതയുടേയും വിദ്വേഷത്തിന്റേയും അഴുക്കുചാലുകളിലേക്ക് തള്ളിവിടുകയാണ്. ഇവിടെ സാധാരണക്കാരുടെ ജീവന് ഒരു പാറ്റയുടെ ജീവന്റെ വിലപോലും വ്യവസ്ഥിതി കല്പിക്കുന്നില്ല.

നിശ്ശബ്ദരാക്കപ്പെട്ടവരുടെ ഉദയം

ശാസ്ത്രീയമായി നോക്കിയാൽ, ഭൂമിയിലെ ഏറ്റവും കഠിനമായ പ്രതികൂല സാഹചര്യങ്ങളേയും-അത് ആണവവികിരണമായാൽ പോലും-അതിജീവിച്ച് കോടിക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്ന ജീവിയാണ് പാറ്റ. ഫാസിസ്റ്റ് ഭരണകൂടങ്ങൾ സാധാരണക്കാരെ, ദരിദ്രരെ, കർഷകരെ, വിയോജിക്കുന്നവരെ ‘തുരത്തപ്പെടേണ്ട പ്രാണികളായി’ കാണുന്ന ഒരു കാലഘട്ടത്തിലാണ് ഈ പേരിന്റെ രാഷ്ട്രീയ പ്രസക്തി ശക്തമാകുന്നത്.

ജീവിതത്തിന്റെ പരമമായ നിരർത്ഥകതയിൽനിന്നും അവഗണനയിൽനിന്നും ഫാസിസ്റ്റ് ഭീകരതയിൽനിന്നുമാണ് ഇന്ത്യയിൽ ഈ യുവജന ജനകീയ പ്രസ്ഥാനം രൂപംകൊള്ളുന്നത്. വൻകിട കോർപറേറ്റുകളുടെ ലാഭക്കൊതിക്ക് ഇരയായി ആയിരങ്ങളിൽനിന്നും തൊഴിലില്ലാതെ തെരുവിൽ അലയേണ്ടിവരുന്ന വിദ്യാസമ്പന്നരായ ലക്ഷക്കണക്കിന് ഇന്ത്യൻ യുവതയിൽനിന്നും ആൾക്കൂട്ട അക്രമങ്ങൾക്ക് ഇരയായ ന്യൂനപക്ഷങ്ങളിൽനിന്നും നാളെയുടെ പ്രതീക്ഷയായ ജെൻ-സിയിൽനിന്നുമാണ് ഈ പാർട്ടിയുടെ വിചാരധാരകൾ ജന്മമെടുക്കുന്നത്.

കോക്രോച്ച് ജനതാ പാർട്ടിയുടെ നയരേഖകൾ പരമ്പരാഗത രാഷ്ട്രീയ പാർട്ടികളുടേതുപോലെ കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളല്ല, മറിച്ച് ഭരണഘടനാമൂല്യങ്ങൾ വീണ്ടെടുക്കാനുള്ള പ്രഖ്യാപനങ്ങളാണ്:

അതിജീവനത്തിന്റെ രാഷ്ട്രീയം (Politics of Survival): ഭരണകൂടം എത്രയൊക്കെ അടിച്ചമർത്താൻ ശ്രമിച്ചാലും സത്യത്തിനും നീതിക്കും വേണ്ടി ജനങ്ങൾക്കിടയിൽ ജീവിച്ച് പോരാടുക എന്നതാണ് ഈ പാർട്ടിയുടെ പ്രധാന നയം. വിരമിച്ച ശേഷം ഒരു ചീഫ് ജസ്റ്റിസിനും രാജ്യസഭ സീറ്റ് നൽകാൻ പാടില്ലെന്നും വോട്ടർമാരുടെ പേര് പട്ടികയിൽനിന്ന് നീക്കം ചെയ്യുന്നത് തീവ്രവാദമായി കണക്കാക്കണമെന്നും പാർലമെന്റിലും ക്യാബിനറ്റിലും സ്ത്രീകൾക്ക് 50 ശതമാനം സംവരണം നൽകണമെന്നും സി.ജെ.പി പറയുന്നു. അധികാരത്തിലെത്തിയാൽ ഗോദിമാധ്യമ സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുമെന്നും അവതാരകരുടെ ബാങ്ക് അക്കൗണ്ടുകൾ അന്വേഷണത്തിന് വിധേയമാക്കുമെന്നും പറയുന്ന സി.ജെ.പിയുടെ നിലപാടുകൾ ഇന്ത്യയിലെ മാധ്യമപ്രവർത്തനത്തെ സ്വതന്ത്രമാക്കും.

കൂറുമാറുന്ന എം.പിമാർക്കും എം.എൽ.എമാർക്കും വിലക്കേർപ്പെടുത്തണമെന്നതാണ് സി.ജെ.പി നിലപാട്

സി.ജെ.പിയുടെ അംഗത്വ മാനദണ്ഡങ്ങൾ ആക്ഷേപഹാസ്യരൂപത്തിലുള്ളതാണ് എങ്കിലും പ്രൊഫഷണലായി കാര്യങ്ങളെ വിമർശിക്കാൻ കഴിവുള്ള ദിവസവും കുറഞ്ഞത് 11 മണിക്കൂറെങ്കിലും ഓൺലൈനിൽ സമയം ചെലവഴിക്കുന്ന അലസരായവരെയാണ് സി.ജെ.പി അന്വേഷിക്കുന്നത്. ഇത് തൊഴിലിനെക്കുറിച്ചുള്ള പരമ്പരാഗത നിലപാടുകൾ തകിടംമറിക്കുന്നതും തൊഴിലിന്റെ മാർക്‌സിസ്റ്റ് അളവുകോലുകൾ തിരുത്തുന്നതും തൊഴിലെടുക്കാൻ ആഗ്രഹിക്കുന്നവരുടെ ഉത്തരവാദിത്വം പൂർണമായും സർക്കാരിന്റേതാണ് എന്നതുമാണ് സി.ജെ.പി നിലപാട്.

ആന്റി-കോർപറേറ്റ് സാമ്പത്തികനയം: രാജ്യം ഏതാനും കുത്തകമുതലാളിമാർക്ക് വിൽക്കുന്ന ‘ക്രോണി കാപ്പിറ്റലിസത്തിന്’ പകരം, വിഭവങ്ങളുടെ തുല്യമായ വിതരണവും പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണവും ഉല്പന്നങ്ങൾക്ക് നിയമപരമായ തറവിലയും ഉറപ്പാക്കുന്ന നയം.

അടിയന്തര സ്ത്രീസുരക്ഷയും സാമൂഹിക നീതിയും: സ്ത്രീകൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും നേരെയുള്ള അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഫാസ്റ്റ് ട്രാക്ക് നിയമനടപടികൾ. ആൾക്കൂട്ട കൊലപാതകങ്ങൾക്കു പിന്നിലെ ഗൂഢാലോചനകളെ കർശനമായി അടിച്ചമർത്തുക തുടങ്ങി രാഷ്ട്രീയ പ്രസക്തിയുള്ള ആശയങ്ങളാൽ സമ്പന്നമാണ് സി.ജെ.പിയുടെ നയരേഖ.

വിയോജിപ്പുകളുടെ അവകാശം (Right to Dissent): വിമർശനങ്ങളെ രാജ്യദ്രോഹമായി കാണുന്ന ഫാസിസ്റ്റ് ശൈലിക്കെതിരെ, വിയോജിക്കാനും ചോദ്യം ചെയ്യാനുമുള്ള പൗരന്റെ അവകാശത്തെ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ കരുത്തായി സി.ജെ.പി പ്രഖ്യാപിക്കുന്നു.

ഉംബർട്ടോ എക്കോ നിരീക്ഷിക്കുന്നതുപോലെയുള്ള ഫാസിസ്റ്റ് ലക്ഷണങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ വിഴുങ്ങുമ്പോൾ ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയത്തിന് വലിയ പ്രസക്തിയുണ്ട്. ഫാസിസം എപ്പോഴും ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഏതൊരു ഇരുണ്ടകോണിലും അതിജീവനത്തിന്റെ വഴി കണ്ടെത്തുന്ന പാറ്റയെപ്പോലെ, ഭരണകൂട ഭീകരതയ്ക്ക് മുന്നിൽ ജനങ്ങൾ ഭയപ്പെടാതെ നിലകൊള്ളും എന്ന സന്ദേശമാണ് സി.ജെ.പി ഇന്ത്യൻ ജനതയ്ക്ക് നൽകുന്നത്.

ഡിജിറ്റൽ ഒളിപ്പോരുകളും അതിജീവനത്തിന്റെ അൽഗോരിതങ്ങളും

സമകാലിക ഇന്ത്യൻ രാഷ്ട്രീയ വ്യവഹാരങ്ങൾ സങ്കീർണമായ ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഒരുവശത്ത് ഭരണകൂടവും കോർപറേറ്റ് മാധ്യമങ്ങളും ചേർന്നൊരുക്കുന്ന പ്രൊപ്പഗാണ്ടകളുടെ അതിശക്തമായ കോട്ടകൾ; മറുവശത്ത്, അതിരൂക്ഷമായ അടിച്ചമർത്തലുകളേയും ഡിജിറ്റൽ സെൻസർഷിപ്പുകളേയും അതിജീവിച്ച് താഴെത്തട്ടിൽ രൂപപ്പെടുന്ന പുതിയ പ്രതിരോധ രൂപങ്ങൾ.

ഭരണകൂടത്തിന്റെ ഡിജിറ്റൽ പനോപ്റ്റിക്കണും (Panopticon) ‘പാറ്റ’കളുടെ ഡിജിറ്റൽ ഒളിപ്പോരും

ഇന്ത്യൻ ഭരണകൂടം തങ്ങളുടെ അധികാരം നിലനിർത്താൻ ഉപയോഗിക്കുന്ന മുഖ്യമായ ആയുധം സൈബർ നിരീക്ഷണ സംവിധാനങ്ങളാണ് (Surveillance Capitalism). പെഗാസസ് പോലുള്ള ചാരസോഫ്‌റ്റ്‌വെയറുകൾ, ഇന്റർനെറ്റ് വിച്ഛേദിക്കൽ, അൽഗോരിതങ്ങളെ വിലയ്‌ക്കെടുക്കൽ എന്നിവയിലൂടെ വിയോജിപ്പുകളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം നിരന്തരം ശ്രമിക്കുന്നു.

ഇവിടെയാണ് ഡിജിറ്റൽ ഗറില്ലാ യുദ്ധമുറകൾ (Digital Guerrilla Warfare) പയറ്റുന്ന തലമുറയുടെ പ്രസക്തി. സെൻസർഷിപ്പിനെ മറികടക്കാനായി പ്രധാനപ്പെട്ട ഹാഷ്‌ടാഗുകളും അക്കൗണ്ടുകളും ഭരണകൂടം ബ്ലോക്ക് ചെയ്യുമ്പോൾ, വികേന്ദ്രീകൃതമായ (Decentralized) പുതിയ ശൃംഖലകളും കോഡ് ഭാഷകളും മീമുകളും (Memes) ഉപയോഗിച്ച് അവർ തങ്ങളുടെ രാഷ്ട്രീയ സന്ദേശങ്ങൾ ദശലക്ഷങ്ങളിലേക്ക് എത്തിക്കുന്നു.

പാറ്റകളുടെ ഉയിർപ്പ്: ജെൻ-സി (Gen Z) വിപ്ലവമോ?

ഇന്ത്യയിലെ ഇന്നത്തെ ‘ജെൻ-സി’ മുൻതലമുറകളിൽനിന്ന് വ്യത്യസ്തമായി പൂർണമായും ഡിജിറ്റൽ യുഗത്തിൽ വളർന്നവരാണ്. തൊഴിലില്ലായ്മ, സാമ്പത്തിക അസമത്വം, സ്ത്രീവിരുദ്ധത, ആൾക്കൂട്ട അക്രമങ്ങൾ തുടങ്ങി ഏതാണ്ടെല്ലാ ഫാസിസ്റ്റ് യാഥാർത്ഥ്യങ്ങളും നവ മാധ്യമങ്ങളിലൂടെ ഏറ്റവും വേഗത്തിൽ തിരിച്ചറിയുന്നത് ഇവരാണ്. വോട്ടുബാങ്ക് രാഷ്ട്രീയത്തിലോ വംശീയ മതാടിസ്ഥാനത്തിലുള്ള വിഭജനങ്ങളിലോ ഇവർക്ക് താല്പര്യമില്ല. മുഖ്യധാര മാധ്യമങ്ങൾ ഭരണകൂടത്തിനു മുന്നിൽ മുട്ടുമടക്കുമ്പോൾ, ഇൻസ്റ്റാഗ്രാം റീലുകളിലൂടേയും, എക്‌സ്, യൂട്യൂബ് പ്ലാറ്റ്ഫോമുകളിലൂടേയും ജെൻ-സി യുവാക്കൾ സ്വന്തമായി മാധ്യമപ്രവർത്തകരായി മാറുന്നു.

നവമാധ്യമങ്ങൾ: ജനാധിപത്യ ധ്വംസനത്തിനെതിരെയുള്ള ഡിജിറ്റൽ അഗോര (Agora)

പുരാതന ഗ്രീസിൽ ജനങ്ങൾ ഒത്തുകൂടി രാഷ്ട്രീയം സംസാരിച്ചിരുന്ന പൊതുസ്ഥലമായിരുന്നു ‘അഗോര.’ ഇന്നത്തെ ഇന്ത്യയിൽ സോഷ്യൽ മീഡിയയാണ് ആ അഗോര. കോർപറേറ്റ് കുത്തകകൾ വിഭവങ്ങൾ കൈയടക്കുമ്പോൾ, സാധാരണക്കാരുടെ ഇടങ്ങളെങ്കിലും തിരിച്ചുപിടിക്കുക എന്നതാണ് സാധ്യമായേക്കാവുന്ന ഈ നവ വിപ്ലവത്തിന്റെ ലക്ഷ്യം. എന്നിരുന്നാലും ഡിജിറ്റൽ വിഭജനം (Digital Divide), വ്യാജ വാർത്തകളുടെ ഫാക്ടറികൾ (IT Cells), വർഗീയ ധ്രുവീകരണം എന്നീ വെല്ലുവിളികൾ ഈ ജനകീയ മുന്നേറ്റങ്ങൾക്ക് മുന്നിലുണ്ട്.

ആഗോളതലത്തിലെ ജെൻ-സി (Gen Z) വിപ്ലവങ്ങൾ

ഇന്ത്യയിലെ ഈ ഡിജിറ്റൽ ഒളിപ്പോരുകൾ ഒറ്റപ്പെട്ട സംഭവമല്ല; ലോകമെമ്പാടുമുള്ള ജെൻ-സി യുവത പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് കാത്തുനിൽക്കാതെ നവമാധ്യമങ്ങളെ ആയുധമാക്കി വൻ അട്ടിമറികൾ സൃഷ്ടിക്കുകയാണ്.

ബംഗ്ലാദേശ് (2024): സർക്കാർ ജോലികളിലെ വിവേചനപരമായ കോട്ടാ സമ്പ്രദായത്തിനെതിരെ സർവകലാശാല വിദ്യാർത്ഥികൾ ആരംഭിച്ച സമരം തെരുവുകളിലേക്ക് പടർന്നു. ഇന്റർനെറ്റ് നിരോധനത്തെ മറികടന്ന് നടത്തിയ പ്രക്ഷോഭത്തിനൊടുവിൽ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടിവന്നു.

ഇറാനിലെ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ (2022): മഹ്‌സ അമീനിയുടെ മരണത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിൽ വിദ്യാർത്ഥിനികൾ തെരുവിലിറങ്ങി ഹിജാബുകൾ കത്തിച്ചും മുടി മുറിച്ചും കടുത്ത പുരുഷാധിപത്യ-മതഭരണകൂടത്തെ വെല്ലുവിളിച്ചു.

കെനിയയിലെ ജനറേഷൻ സി പ്രക്ഷോഭം (2024): നികുതി വർദ്ധിപ്പിക്കാനുള്ള സർക്കാരിന്റെ ധനകാര്യ ബില്ലിനെതിരെ യുവാക്കൾ തെരുവിലിറങ്ങി. പൂർണമായും ഡിജിറ്റൽ ഇടങ്ങളിൽ ഏകോപിപ്പിച്ച ഈ സമരത്തിനൊടുവിൽ പ്രസിഡന്റ് വില്യം റൂട്ടോയ്ക്ക് നികുതി വർദ്ധനവ് പിൻവലിക്കേണ്ടിവന്നു.

തായ്‌ലന്റിലെ ‘ത്രീ-ഫിംഗർ’ വിപ്ലവം (2020-2021): മിലിട്ടറി ഭരണകൂടത്തിനും രാജഭരണത്തിനുമെതിരെ ജെൻ-സി വിദ്യാർത്ഥികൾ നടത്തിയ ധീരമായ പോരാട്ടം. ‘ദി ഹംഗർ ഗെയിംസ്’ സിനിമയിലെ ‘ത്രീ-ഫിംഗർ സല്യൂട്ട്’ അവർ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാക്കി മാറ്റി.

ചിലിയിലെ വിദ്യാർത്ഥി സമരം: മെട്രോ ചാർജ് വർദ്ധനവിനെതിരെ സ്‌കൂൾ വിദ്യാർത്ഥികൾ ആരംഭിച്ച സമരം രാജ്യത്തെ സാമ്പത്തിക അസമത്വങ്ങൾക്കെതിരേയുള്ള പ്രക്ഷോഭമായി മാറി. ഇത് വിദ്യാർത്ഥി സമരനേതാവായിരുന്ന ഗബ്രിയേൽ ബോറികിനെ ചിലിയുടെ പ്രസിഡന്റാക്കുന്നതിൽ കലാശിച്ചു.

ജെൻ-സി മുന്നേറ്റങ്ങളുടെ പൊതുവായ സവിശേഷതകൾ:

നേതാക്കളില്ലാത്ത ശൃംഖലകൾ (Leaderless Movements): പഴയകാല വിപ്ലവങ്ങളെപ്പോലെ ഒരു പ്രത്യേക കരിസ്‌മാറ്റിക് നേതാവിന് കീഴിലല്ല ഇവർ അണിനിരക്കുന്നത്. ഡിജിറ്റൽ ഗ്രൂപ്പുകളിലൂടെ കൂട്ടായാണ് തീരുമാനങ്ങൾ എടുക്കുന്നത്.

മീം രാഷ്ട്രീയം (Meme Warfare): കടിച്ചാൽ പൊട്ടാത്ത രാഷ്ട്രീയ പ്രസംഗങ്ങൾക്ക് പകരം ലളിതമായ മീമുകൾ, കാർട്ടൂണുകൾ, റീലുകൾ എന്നിവയിലൂടെയാണ് ഇവർ വിദ്വേഷ ഭരണകൂടങ്ങളെ പരിഹസിക്കുന്നതും തുറന്നുകാട്ടുന്നതും.

ആഗോള ഐക്യം: ലോകത്തിന്റെ ഏത് കോണിൽ നടക്കുന്ന അനീതിക്കെതിരേയും ഡിജിറ്റലായി ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഈ ആഗോള തലമുറയ്ക്ക് സാധിക്കുന്നു.

തെരുവുകളിലേക്ക് പടരുന്ന ഡിജിറ്റൽ തീപ്പൊരികൾ

നവമാധ്യമങ്ങളിലെ വിപ്ലവം എന്നത് വെറുമൊരു വെർച്വൽ റിയാലിറ്റി മാത്രമല്ല. അത് വരാനിരിക്കുന്ന വലിയൊരു ജനകീയ പ്രക്ഷോഭത്തിന്റെ കൺട്രോൾ റൂം ആണ്. ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ആശയ അടിത്തറ ഉൾക്കൊള്ളുന്ന ജെൻ-സി തലമുറ, ഡിജിറ്റൽ സ്‌പേസിൽ രൂപപ്പെടുത്തുന്ന പ്രതിരോധം ഒടുവിൽ ഇന്ത്യൻ തെരുവുകളിലെ ശക്തമായ ജനകീയ മുന്നേറ്റങ്ങളായി മാറാനാണ് സാധ്യത.

അധികാരത്തിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന കോർപറേറ്റ്-ഫാസിസ്റ്റ് കൂട്ടുകെട്ടിന്, ഏതൊരു ഇരുണ്ട കോണിൽനിന്നും ജനാധിപത്യത്തിന്റെ വെളിച്ചത്തിലേക്ക് ഇരച്ചുകയറാൻ ശേഷിയുള്ള ഈ ‘ഡിജിറ്റൽ പാറ്റകളുടെ’ പ്രതിരോധത്തെ അടിച്ചമർത്താൻ കഴിയുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലുള്ള ഭരണകക്ഷി സഖ്യത്തിന്റെ തുടർച്ചയായുള്ള സീറ്റ് നഷ്ടം ഇതിന് ഉദാഹരണമാണ്. ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് ഇതാണ്, അടിച്ചമർത്തലുകൾ കഠിനമാകുമ്പോൾ, അതിജീവനത്തിന്റെ വഴികളും തീക്ഷ്ണമാകും.

മെറ്റാമോർഫോസിസിലെ ഗ്രിഗർ സാംസ ഒറ്റപ്പെടലിന്റേയും നിസ്സഹായതയുടേയും ഒടുവിൽ മരണത്തിനു കീഴടങ്ങിയെങ്കിൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവത അത്തരമൊരു നിരർത്ഥകതയ്ക്ക് കീഴടങ്ങാൻ തയ്യാറല്ലെന്നാണ് പുതിയ യുവജന ജനകീയ മുന്നേറ്റങ്ങൾ തെളിയിക്കുന്നത്. ഫാസിസത്തിന്റെ ഇരുണ്ട ഇടനാഴികളിൽ ഭയന്നുവിറച്ചു കഴിയുന്ന കോടിക്കണക്കിന് മനുഷ്യർക്ക്, തങ്ങളുടെ അടിമത്തത്തിന്റെ അവസ്ഥയെ തിരിച്ചറിയാനും അതിനെതിരെ വിപ്ലവം നയിക്കാനുമുള്ള ഊർജമായി ഈ കൂറ ജീവിതങ്ങളുടെ കൂട്ടായ്മ നാളെ മാറിയേക്കാം. ഭരണകൂടം നമ്മെ പാറ്റകളായി കാണുന്നുവെങ്കിൽ, ആ പാറ്റകളുടെ അതിജീവന ശേഷികൊണ്ട് തന്നെ ഈ ഫാസിസ്റ്റ് കോട്ടകളെ തകർത്തെറിയുകയെന്നതു മാത്രമാണ് നാളെയുടെ പ്രതീക്ഷ.

വഴിമുട്ടുന്ന യുവത്വത്തിന്റെ ഈ ഡിജിറ്റൽ മുന്നേറ്റം നാളത്തെ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിന്റെ വിളംബരമായേക്കാം. അധികാരത്തിന്റെ തിളക്കമുള്ള കൊട്ടാരങ്ങൾ ശാശ്വതമല്ലെന്നും ഒടുവിൽ ജനകീയ പ്രതിരോധത്തിന്റെ നിശ്ശബ്ദ ശക്തിക്ക് മുന്നിൽ ഫാസിസ്റ്റ് കോട്ടകൾക്ക് തകരേണ്ടിവരുമെന്നും ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന ഈ രാഷ്ട്രീയ വിചാരം നമ്മെ ഓർമിപ്പിക്കുന്നു. വിയോജിപ്പുകളുടേയും വിപ്ലവത്തിന്റേയും ഒരു പുതിയ വസന്തം ഈ മണ്ണിൽ ഇനിയും ഉദയം ചെയ്യുമെന്ന പ്രത്യാശയാണ് ഈ മുന്നേറ്റങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനഗോലുവിന് പുതിയ റോള്‍; ഇനി ഡി കെയുടെ മുഖ്യ ഉപദേശകന്‍, നിയമനം കാബിനറ്റ് റാങ്കോടെ

ശരിയായ ചികിത്സയോ വാക്സിനോ ഇല്ല, ഒരാഴ്ചക്കിടെ രണ്ട് മരണം, വെസ്റ്റ് നൈൽ പനി പ്രതിരോധം എങ്ങനെ

ഇനി മുന്‍ പ്രധാനമന്ത്രിമാര്‍ ഇല്ലാത്ത പാര്‍ലമെന്റ്; ദേവഗൗഡയെ ബിജെപി തഴഞ്ഞു

തിരുവനന്തപുരം ശ്രീചിത്രയിൽ ജോലി നേടാം; അപ്രന്റീസ് ഉൾപ്പെടെ 40 ഒഴിവുകൾ

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പ്ലാനുണ്ടോ?; ലാഭത്തില്‍ മുന്നിലുള്ള പത്തു കമ്പനികള്‍ പരിചയപ്പെടാം

SCROLL FOR NEXT