Card Samakalika Malayalam
Malayalam Weekly

മരണത്തിന്റെ തീവണ്ടിയിൽ വന്ന നോട്ടുപുസ്തകങ്ങൾ

ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണ്? ഒരർത്ഥത്തിൽ അങ്ങനെയൊരു അന്വേഷണം കൂടിയാണ് ‘വിഭജനത്തിന്റെ ശേഷിപ്പുകൾ’. രാജ്യം രണ്ടായി മുറിഞ്ഞ ദിനങ്ങളിൽ കൈയിൽ കിട്ടിയതു മാത്രം എടുത്ത് പലായനം ചെയ്യേണ്ടി വന്ന മനുഷ്യർ എന്താവും പിൽക്കാല ജീവിതത്തിലേക്കായി കൊണ്ടുവന്നിരിക്കുക?

പി ആര്‍ ഷിജു

ദ്യാനത്തിലെ സൂര്യകാന്തികൾക്ക് കുരുതിച്ചോരയുടെ ഗന്ധമാണ്

(സച്ചിദാനന്ദൻ)

ഒരു വശത്ത് അല്ലാഹു അക്ബർ, മറുഭാഗത്ത് ബോലേ സോ നിഹാൽ. രാവും പകലും ഈ പോർവിളികൾ തന്നെ. എത്ര പെട്ടെന്നാണ് ഉദ്യാനങ്ങളുടെ നഗരം ചോരയുടെയും ശവശരീരങ്ങളുടെയും മഹാനഗരമായതെന്ന് ഓർത്തെടുക്കുന്നുണ്ട്, പ്രഭ്‌ജ്യോത് കൗർ. ലഹോറിൽനിന്ന് കറുത്ത ഉടുപ്പുകളണിഞ്ഞ് രാത്രിയുടെ മറവിൽ പലായനം ചെയ്ത കഥ, തൊണ്ണൂറാം വയസ്സിൽ ആഞ്ചൽ മൽഹോത്രയോട് വിവരിക്കുകയാണവർ, ദുരിതദിനങ്ങളിലൂടെ കടന്നുപോയ ഏതൊരാളെയും പോലെ; സിസ്സംഗതയോടെ. അടുപ്പിലെ തീ കെടുത്താൻ പോലും പറ്റാത്തത്ര ധൃതിയിൽ, അതിൽ വേവാൻ വച്ച റൊട്ടിയെ കരിയാൻ വിട്ട് ഇരുട്ടിലേക്ക് ഒരിറങ്ങിപ്പോക്ക്. ഒരൊറ്റ രാത്രികൊണ്ട് പ്രിയപ്പെട്ടതിനെയെല്ലാം ഇട്ടെറിഞ്ഞുള്ള രക്ഷപ്പെടൽ. റംനന്റ്‌സ് ഒഫ് എ സെപ്പറേഷനിൽ* വിശദമായി വിവരിക്കുന്നുണ്ട്, ആഞ്ചൽ മൽഹോത്ര, ആ കഥ.

ഒരാൾക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്താണ്? ഒരർത്ഥത്തിൽ അങ്ങനെയൊരു അന്വേഷണം കൂടിയാണ് ‘വിഭജനത്തിന്റെ ശേഷിപ്പുകൾ’. രാജ്യം രണ്ടായി മുറിഞ്ഞ ദിനങ്ങളിൽ കൈയിൽ കിട്ടിയതു മാത്രം എടുത്ത് പലായനം ചെയ്യേണ്ടി വന്ന മനുഷ്യർ എന്താവും പിൽക്കാല ജീവിതത്തിലേക്കായി കൊണ്ടുവന്നിരിക്കുക? മുൻപ് എപ്പോഴോ കിട്ടിയ സമ്മാനങ്ങൾ, കുടുംബ വീട്ടിൽനിന്ന് കൊണ്ടുവന്ന പാത്രങ്ങൾ, അങ്ങനെയങ്ങനെ ഒരുപാട്, ഒറ്റയ്ക്കായ നേരങ്ങളിൽ എന്തൊക്കെയോ കുത്തിക്കുറിച്ച നോട്ടു പുസ്തകങ്ങൾ വരെ. പ്രിയതെന്നു കരുതിയ എന്തെക്കൊയോ കൈയിലടുക്കി കലാപം നിറഞ്ഞ വഴികൾ താണ്ടിയപ്പോഴേക്കും അതിൽ പലതും നഷ്ടപ്പെട്ടുപോയിരുന്നു, പലർക്കും - ഒന്നുകിൽ കൊള്ളയടിക്കപ്പെട്ട് അല്ലെങ്കിൽ യാത്രയിൽ ഒരാൾക്കു കൂടി ഇടമൊരുക്കാൻ ഉപേക്ഷിക്കപ്പെട്ട്. ഏറ്റവുമൊടുവിൽ ശേഷിച്ചത് ഏറ്റവും പ്രിയപ്പെട്ടതായി അവർ കാത്തുവച്ചു. ആ കഥകളാണ് ഈ പുസ്തകം നിറയെ.

രണ്ടാം ലോകയുദ്ധകാലം യൂറോപ്പിനെ മുക്കിയതിന്, ഏതാണ്ടൊക്കെ സമാനമായ അനുഭവങ്ങളിലൂടെയാണ് വിഭജനകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം കടന്നുപോയത്. ദുരിതം, ഭീതി, മരണം... എവിടെത്തിരിഞ്ഞാലും ഇതൊക്കെത്തന്നെ. എങ്കിലും പക്ഷേ, പിൽക്കാല യൂറോപ്പ് ആ കാലത്തോട് സർഗാത്മകമായി പ്രതികരിച്ചതു പോലൊരു ചലനം ഇവിടെ ഉണ്ടായിട്ടുണ്ടോ? ന്യൂറംബർഗ് വിചാരണ പ്രമേയമാക്കിയൊരു പടം ഇക്കഴിഞ്ഞ വർഷവുമിറങ്ങി ഹോളിവുഡ്ഡിൽ**. അമൃതാ പ്രീതത്തിന്റെ ‘പിൻജാറി’നു (2003) ശേഷം ഗൗരവത്തോടെ ഇന്ത്യൻ സിനിമ നോക്കിയിട്ടില്ല, ആ വഴിയിൽ. ഘട്ടക്കിനു ശേഷം സഗൗരവ സിനിമയും ആ വഴി ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. യശ്പാലിന്റെ ഛൂഠാ സച്ച് നിറം പിടിപ്പിച്ച നുണകൾ എന്ന പേരിൽ മലയാളത്തിൽ വന്നിട്ടുണ്ട്, പി.എ. വാര്യരുടെ മനോഹരമായ പരിഭാഷ. ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ട പുസ്തകം എന്നാണ് അതിന്റെ പുതിയ പരസ്യവാചകം. സത്യത്തിൽ അത് ഓരോ ഭാരതീയനും വായിച്ചിരിക്കേണ്ടത് തന്നെയാണ്. വായിക്കാത്ത മനുഷ്യർക്കായി അതിനെ സ്‌ക്രീനിലേക്ക് പകർത്താൻ നമ്മുടെ സിനിമാക്കാർക്കൊന്നും തോന്നാതിരുന്നതെന്തുകൊണ്ടാവും? കലാപകാലത്ത് ‘എതിരാളികൾ’ പിടിച്ചുകൊണ്ടുപോയി തടവിലാക്കി, ക്രൂരമായി ഉപദ്രവിക്കപ്പെട്ട്, എങ്ങനെയൊക്കെയോ ദുരിതപർവങ്ങൾ താണ്ടി അതിർത്തി കടന്നെത്തിയിട്ടും നിഷ്‌കരുണം വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട കഥാപാത്രമുണ്ട് യശ്പാലിന്റെ നോവലിൽ - ഭഗവന്തി. അമൃതാ പ്രീതവും പറയുന്നുണ്ട്, ആണുങ്ങൾ പകുത്തെടുത്ത രാജ്യത്ത് രാജ്യമില്ലാതായിപ്പോയ പെണ്ണുങ്ങളുടെ കഥ. ആഞ്ചൽ മൽഹോത്രയുടെ പുസ്തകത്തിലും തലനീട്ടുന്നുണ്ട്, അതേ സ്ത്രീകൾ.

Remnants of a seperation

പ്രഭ്‌ജ്യോത് കൗറിലേക്ക് മടങ്ങാം. ലഹോറിന്റെ എല്ലാ സാംസ്‌കാരിക ഭംഗിയും ആസ്വദിച്ച് നന്നായി ഒഴുകിക്കൊണ്ടിരുന്ന ജീവിതം. സർക്കാർ ഉദ്യോഗസ്ഥനായ പിതാവിന് ബോംബെയിലേക്ക് മാറ്റമായതോടെ കുടുംബം അങ്ങോട്ട് മാറി, പഠിപ്പ് മുടങ്ങാതിരിക്കാൻ പ്രഭ്‌ജ്യോതും രണ്ടു സഹോദരങ്ങളും ലഹോറിൽ മുത്തശ്ശിക്കൊപ്പം. രാജ്യം പതുക്കെപ്പതുക്കെ സ്വാതന്ത്ര്യത്തിലേക്കു പ്രവേശിക്കുകയാണെന്ന് എല്ലാവർക്കും അറിയാമായിരുന്നു. അതിനൊപ്പം പക്ഷേ വിഭജനം ഉണ്ടാവുമോ? ആർക്കും വ്യക്തതയില്ലായിരുന്നു, അതിൽ. വിഭജനം ഉണ്ടെങ്കിൽത്തന്നെ ലഹോർ ഇന്ത്യയിൽ അല്ലാതിരിക്കുമോ? ഹേയ്, അതെങ്ങനെ ശരിയാവും? മുസ്‌ലിങ്ങൾ ഒരുപാടുണ്ട്, പക്ഷേ നഗരത്തിലെമ്പാടുമില്ലേ ഹിന്ദുക്കളും സിഖുകാരും? അവരെക്കൂടി ചേർത്തുപിടിക്കുന്നതല്ലേ ലഹോറിന്റെ സമൃദ്ധമായ സംസ്‌കാരം? അങ്ങനെയൊരു നാട് എങ്ങനെ വേറിട്ടുപോവും? പ്രഭ്‌ജ്യോതിനു മാത്രമല്ല, ലഹോറിനെ ഹൃദയത്തിൽ സൂക്ഷിച്ച ഒട്ടുമിക്കയാളുകൾക്കും ഉറപ്പായിരുന്നു, ലഹോർ ഇന്ത്യയിൽത്തന്നെ. ഈ നാട് വിട്ട് എങ്ങും പോവേണ്ടി വരില്ല.

സാധാരണ മനുഷ്യർ ആഗ്രഹിക്കുകയും നിശ്ചയിക്കുകയും പോലെയാവണമെന്നില്ലല്ലോ കാര്യങ്ങൾ. ജൂണിലാണ് ആ പ്രഖ്യാപനം വന്നത്, രാജ്യം രണ്ടാവുന്നു. ജനങ്ങൾക്ക് ഇഷ്ടമുള്ളിടത്തേക്ക് മാറാം. “പറയാൻ എത്ര എളുപ്പം! മാറുകയെന്നാൽ ഉള്ളതെല്ലാം ഇട്ടെറിഞ്ഞു പോവുകയെന്നാണ്. അതിനു കഴിയില്ല, ഞങ്ങൾ ലഹോറിൽതന്നെ തുടർന്നു. പക്ഷേ, ദിനംപ്രതിയെന്നോണം കാര്യങ്ങൾ വഷളായിക്കൊണ്ടേയിരുന്നു. അന്തരീക്ഷം മുറുകി, എന്നും ഒരാളെങ്കിലും കൊല്ലപ്പെട്ടതായി വിവരങ്ങൾ വന്നു. പരസ്പരം അവിശ്വാസമേറി, മുസ്‌ലിങ്ങളുടെ കടയിൽനിന്ന് പച്ചക്കറി വാങ്ങരുതെന്ന മുന്നറിയിപ്പ് ഞങ്ങളുടെ തെരുവിൽ നിരന്തരം ഉയർന്നുകേട്ടു. പച്ചക്കറികളിൽ വിഷം പുരട്ടിയിട്ടുണ്ടാവുമത്രേ! സദാസമയവും അല്ലാഹു അക്ബർ, ബോലേ സോ നിഹാൽ വിളികൾ. കലങ്ങിമറിഞ്ഞ ഒരു യുദ്ധക്കളം പോലെയായി ലഹോർ. അപ്പുറത്ത് ലഹളക്കാരുടെ ഒച്ച കേൾക്കുമ്പോൾ ഞങ്ങൾ വാതിലുകൾ അടച്ചു കൊളുത്തിട്ടു. എന്നിട്ടും ഉറപ്പുപോരാഞ്ഞ് മുകൾനിരപ്പിൽ പോയി ഒച്ചയുണ്ടാക്കാതെ ഒളിച്ചിരുന്നു. സ്വയരക്ഷയ്‌ക്കെന്നോണം ടെറസ്സിൽ കുറേ കല്ലുകൾ പെറുക്കിക്കൂട്ടി വച്ചു. ഇടയ്ക്ക് പുറത്തിറങ്ങേണ്ട സന്ദർഭങ്ങളിൽ കൃപാൺ ഒപ്പം കരുതി, ഒരു ഡപ്പിയിൽ കുറച്ചു വിഷവും. അരുതാത്തത് എന്തെങ്കിലും സംഭവിച്ചാൽ ‘മാനഹാനി’യും പേറി ബാക്കി ജീവിതം ജീവിക്കേണ്ടല്ലോ. അക്രമത്തിന്റെ വെള്ളച്ചാട്ടങ്ങളെ തുറന്നുവിട്ടതുപോലെയായിരുന്നു അത്. ഉത്തരേന്ത്യ മുഴുവൻ അതിന്റെ ഭീകരത വ്യാപിച്ചു. ഭാര്യ ഒരിടത്ത്, ഭർത്താവ് മറ്റൊരിടത്ത്; കുടുംബങ്ങൾ പല വഴിക്കായി. കുഞ്ഞുങ്ങൾ മരിച്ചു വീണു, നിലവിളികളായിരുന്നു ചുറ്റും.

ഭൂമിക്ക് വല്ലാതെ ചൂടുപിടിച്ച, ദൈവം കൈവിട്ടു കളഞ്ഞ ആ ഓഗസ്റ്റിൽ അമ്മ ഞങ്ങളെ കൂട്ടാനെത്തി; കല്യാൺ മുതൽ ലഹോർ വരെ ഒറ്റയ്ക്ക് യാത്ര ചെയ്ത്. പേ പിടിച്ചതു പോലെ കൊന്നു തള്ളിയും കൊള്ളയടിച്ചും മദിക്കുന്ന മനുഷ്യർക്കിടയിലൂടെ സഞ്ചരിച്ച് ഉലഞ്ഞുപോയിരുന്നു, അവർ. ഞങ്ങൾ താമസിച്ചിരുന്ന, ബദാമി ബാഗിലെ ഗുരുദ്വാരയ്ക്ക് മുന്നിൽ എത്തിയപ്പോൾ വാവിട്ട് കരയുകയായിരുന്നു, അമ്മ. “ഇത് നമ്മുടെ നാട് തന്നെയാണോ? തിരിച്ചറിയാനാവുന്നേയില്ല. ചോരയാണ് ചുറ്റിലും.” യാത്രയിലുടനീളം കണ്ട, ചോര മരവിക്കുന്ന കാഴ്ചകളെക്കുറിച്ച് പറഞ്ഞ് അമ്മ കരഞ്ഞുകൊണ്ടേയിരുന്നു.

സ്വാതന്ത്ര്യം കിട്ടിയെന്നാണ് പറയുന്നത്, ഞങ്ങൾക്ക് അത് ഒരു തരത്തിലും അനുഭവപ്പെട്ടില്ല. പകരം ഞങ്ങളിപ്പോൾ സ്വന്തം നാട്ടിൽ അന്യരായിരിക്കുന്നു. ഇനിയെന്ത് എന്ന അനിശ്ചിതത്വവുമായി, ഉടഞ്ഞ ഹൃദയത്തോടെ കിട്ടിയതെല്ലാം കെട്ടിപ്പെറുക്കി തീവണ്ടിയാപ്പീസിലേക്കുള്ള വണ്ടി കാത്തിരിക്കുന്നു. കറുത്ത ഉടുപ്പുകളിലായിരുന്നു, എല്ലാവരും. ഇരുട്ടിന്റെ മറപറ്റിയുള്ള യാത്രയിൽ അതും ഒരു രക്ഷയെന്ന് ആർക്കോ തോന്നിയതാവണം. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് വണ്ടി വന്നത്. അതൊന്നും എടുത്തുവയ്ക്കാൻ പോലും നേരമില്ലായിരുന്നു. അതുവരെ ജീവിച്ച വീടിനെ അങ്ങനെ തന്നെ വിട്ട്, അടുപ്പു കെടുത്താൻ കൂടി സാവകാശമില്ലാതെ ഞങ്ങളിറങ്ങി. സ്റ്റേഷനിൽ കുറേനേരം കാത്തിരിക്കേണ്ടി വന്നു, എങ്കിലും സമാധാനമായിരുന്നു. അല്ലാഹു അക്ബർ വിളികളില്ല, ബോലേ സോ നിഹാൽ ഇല്ല, പകരം നാടുവിട്ടു പോവുന്ന മനുഷ്യർ ബാക്കിയായ ജീവിതം പിന്നെയും പിന്നെയും അടുക്കിപ്പെറുക്കി വയ്ക്കുന്നതിന്റെ മർമ്മരങ്ങൾ മാത്രം. അതിനു മീതേ പെട്ടെന്ന് വല്ലാത്ത ശബ്ദത്തോടെ ഇടി മുഴങ്ങി, പിന്നാലെ കോരിച്ചൊരിയുന്ന മഴ. അഭയാർത്ഥികളായ മനുഷ്യരുടെ ദുരിതത്തിൽ പ്രകൃതി സ്വന്തം പങ്കു കൂടിയിട്ടതാവണം. കണ്ണീരിലും വിയർപ്പിലും പിന്നെയിപ്പോൾ മഴയിലും നനഞ്ഞ് ഞങ്ങൾ ഇന്ത്യയിലേക്കുള്ള തീവണ്ടി കയറി.

തീവണ്ടിയാപ്പീസിലേക്കുള്ള യാത്രയ്ക്കിടെ ആരും ഞങ്ങളെ തടഞ്ഞില്ലല്ലോ, ഭാണ്ഡക്കെട്ടുകൾ കൊള്ളയടിച്ചില്ലല്ലോ, സ്റ്റേഷൻ വളഞ്ഞ് ആരും അതിന് തീ വച്ചില്ലല്ലോ! ഭാഗ്യം. ദുരിതപർവം അത്രയെങ്കിലും കഴിഞ്ഞിരിക്കുന്നു. തീവണ്ടിയിലും കുഴപ്പങ്ങളുള്ളതിന്റെ ലക്ഷണങ്ങളൊന്നും കണ്ടില്ല. വല്ലാത്തൊരു നിശ്ശബ്ദതയായിരുന്നു അതിൽ. നാഡികളിലൂടെ വലിയൊരു നടുക്കം പായിച്ചുകൊണ്ടാണ്, അതിനു കാരണം ഞങ്ങളറിഞ്ഞത്; ഒരാളു പോലും ജീവനോടെ ശേഷിക്കുന്നുണ്ടായിരുന്നില്ല, ആ വണ്ടിയിൽ. പിന്നിട്ട സ്റ്റേഷനുകളിൽനിന്നു കയറിയവരെയെല്ലാം കലാപകാരികൾ കൊന്നൊടുക്കിയിരിക്കുന്നു. ജീവനറ്റ ശരീരങ്ങളും ചിതറിയ അവയവങ്ങളും പിന്നെ ചോരയും മാത്രമാണ് അതിലുള്ളത്. അവയ്‌ക്കൊപ്പമാണ് ഞങ്ങൾ പുതിയ ജീവിതം തേടി യാത്ര ചെയ്യേണ്ടത്.

പ്രഭ്ജ്യോത് കൗര്‍

ചില സാഹചര്യങ്ങൾക്കകത്ത് വീണുപോയാൽ പിന്നെ നമുക്ക് മറ്റൊന്നും ചെയ്യാനുണ്ടാവില്ല. മൃതശരീരങ്ങളുടെ ഈ തീവണ്ടിയിൽ മുന്നോട്ടു പോവുക. അതല്ലാതെ വേറെയൊന്നും ചെയ്യാനില്ല. ഞങ്ങൾ ശവശരീരങ്ങൾ വകഞ്ഞുമാറ്റി ഇരിക്കാൻ സ്ഥലമുണ്ടാക്കി, ചിലർ അവയ്ക്കരികിൽ, ചിലർ അവയ്ക്കു മുകളിലും. അവയിൽനിന്ന് ഊറി വന്ന രക്തം ഞങ്ങളുടെ കറുത്ത ഉടുപ്പുകളെ നനച്ചു, പിന്നെ കറ പിടിപ്പിച്ചു. ജഡങ്ങൾ, അറ്റുവീണ കൈ കാലുകൾ, രക്തം, അവയുടെ മടുപ്പിക്കുന്ന മണം... ഓർമയിൽനിന്ന് മായ്‌ചുകളയാൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്ന ആ യാത്രയെക്കുറിച്ച് ആദ്യമായാണ് ഞാൻ സംസാരിക്കുന്നത്, മറ്റേതോ ഒരു ലോകത്തിൽ നിന്നെന്ന പോലെ പ്രഭ്‌ജ്യോത് പറഞ്ഞു.

ശവവാഹനത്തിലെ ആ യാത്രയിൽ പ്രഭ്ജ്യോത് കൗർ കൈയിലടുക്കിപ്പിടിച്ച ഭാണ്ഡത്തിൽ പുസ്തകങ്ങളായിരുന്നു, നീലച്ചട്ടയിട്ട വരയൻ നോട്ടുപുസ്തകങ്ങൾ. അതിൽ പലപ്പോഴായി എഴുതിവച്ച കുറിപ്പുകൾ, കവിതാശകലങ്ങൾ. കലാപകാലത്തിന്റെ രേഖപ്പെടുത്തലുകൾ. അവസാനം വരെ അവർ ആ പുസ്തകങ്ങൾ സൂക്ഷിച്ചുവച്ചു. ഓർമയിലേക്ക് അറിയാതെ പോലും തികട്ടി വരരുതേയെന്ന് ആഗ്രഹിച്ച ദിനങ്ങളെ കുറിച്ചു വച്ച പുസ്തകങ്ങൾ അവർ പിന്നീട് എപ്പോഴെങ്കിലും തുറന്നുവോ? അറിയില്ല. എങ്കിലും പ്രഭ്‌ജ്യോത് പിന്നീടും ധാരാളമെഴുതി, പഞ്ചാബിയിലെ വലിയ കവികളിൽ ഒരാളായി.

*Remnants of a Separation: A History of the Partition through Material Memory/Harper Collins

**Nuremberg (2025) film based on The Nazi and the Psychiatrist by Jack El-Hai

Photos

1 Remnants of a Separation book cover

2 Prabhjot Kaur

3 Amrita Pritam

4 Ritwik Ghatak

5 Yashpal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റോയിയുടെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം; ഹൃദയവും ശ്വാസകോശവും തുളഞ്ഞുകയറി വെടിയുണ്ട; സംസ്‌കാരം നാളെ

2023ലെ തോല്‍വിക്ക് 'മധുര പ്രതികാരം'! സബലേങ്കയെ വീഴ്ത്തി ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം ഉയര്‍ത്തി റിബാകിന

ഉറക്കം താനേ വരും, വെളുത്തുള്ളി ഇങ്ങനെയൊന്ന് ട്രൈ ചെയ്യൂ

അണ്ടർ-19 ലോകകപ്പ് : പാകിസ്ഥാനെതിരായ അനിയന്മാരുടെ പോരാട്ടം നാളെ; ജയിച്ചാൽ സെമി,ഇല്ലെങ്കിൽ പണിയാകും

അഞ്ച് മാസം ഗര്‍ഭിണിയായിരിക്കെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായി; ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭവിച്ച കാലം: റാണി മുഖര്‍ജി

SCROLL FOR NEXT