ILUML  Samakalika Malayalam
Malayalam Weekly

കാലത്തിന്റെ മാറ്റം തിരിച്ചറിഞ്ഞ മുസ്‌ലിംലീഗ്

രേഖാചന്ദ്ര

ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗിന് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ് ഉണ്ടായത്. മത്സരിച്ച 27-ൽ 22 സീറ്റും നേടി അവർ കരുത്ത് തെളിയിച്ചു. മലബാർ മേഖലയിൽ യു.ഡി.എഫിനുണ്ടായ കുതിപ്പിനു പിന്നിലെ ഊർജത്തിന്റെ നിർണായക പങ്കും ലീഗിന്റെ സംഭാവനയാണ്. കരുത്തുള്ള സംഘടനാശേഷിയും ഊർജസ്വലതയുള്ള നേതൃത്വവും കൈമുതലായിരിക്കെത്തന്നെ, സഹപാർട്ടികളോടുള്ള ബഹുമാനം നിലനിർത്തിയും മുന്നണിയെ ശക്തിപ്പെടുത്തുന്ന രീതിയിലുമായിരുന്നു അവരുടെ പ്രവർത്തനം. ലീഗിന് നഷ്ടപ്പെട്ട അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂര്‍ സീറ്റുകളിൽ പോലും നേരിയ വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായിരുന്നതും.

മുസ്‌ലിംലീഗിന്റെ മണ്ഡലങ്ങളിൽ മാത്രമല്ല, കോൺഗ്രസ് സ്ഥാനാർത്ഥികളുടേയും വിജയത്തിൽ ലീഗിന്റെ സംഭാവന നിർണായകമായിരുന്നുവെന്ന് സ്ഥാനാര്‍ത്ഥികൾ തന്നെ പറയുകയും ചെയ്തു. പത്ത് വർഷം അധികാരത്തിനു പുറത്തായിരുന്നുവെങ്കിലും സംസ്ഥാന പ്രസിഡന്റ് സാദ്ദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിംലീഗിനെ സംഘടനാതലത്തിലുള്ള ദൗർബല്യങ്ങളൊന്നും ബാധിക്കാതെ കൊണ്ടുപോകാൻ കഴിഞ്ഞു.

സീറ്റുവിഭജനത്തിലും സ്ഥാനാർത്ഥി നിർണയത്തിലും വലിയ ബഹളങ്ങളൊന്നുമുണ്ടായില്ല. പുതിയകാലത്തിന്റെ രാഷ്ട്രീയ മാറ്റങ്ങൾ ഉൾകൊണ്ട് സ്ത്രീകൾക്കും യുവത്വത്തിനും പ്രാതിനിധ്യം നൽകുന്നതിലും ലീഗ് മുന്നിട്ടുനിന്നു. സമുദായ സംഘടനകളേയും ഒരുമിച്ചുനിൽക്കേണ്ടതിന്റെ വർത്തമാന സാഹചര്യങ്ങൾ ബോധ്യപ്പെടുത്തി കൂട്ടായ്മ രൂപപ്പെടുത്താനും കഴിഞ്ഞു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ എൽ.ഡി.എഫിനെ എട്ട് സീറ്റിലേക്കൊതുക്കിയതിൽ മുസ്‌ലിംലീഗിന്റെ റോൾ എടുത്തുപറയേണ്ടതുതന്നെയാണ്. ഭരണകക്ഷിയായിരുന്ന സി.പി.എം ഇടയ്ക്കിടെ നടത്തിയ വർഗീയ പ്രചാരണങ്ങളെയെല്ലാം തെരഞ്ഞെടുപ്പിൽ തള്ളിക്കളഞ്ഞാണ് മുസ്‌ലിംലീഗ് ഈ വിജയം കരസ്ഥമാക്കുന്നതും.

റെക്കോർഡ് ഭൂരിപക്ഷം

നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും ഉയർന്ന സീറ്റുനിലയാണ് മുസ്‌ലിംലീഗിന് ഇപ്പോഴുള്ളത്. 2011-ൽ ഇരുപത് സീറ്റ് നേടിയതാണ് ഇതിനു മുന്‍പുണ്ടായ മികച്ച വിജയം. കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മത്സരിച്ച എല്ലാ സീറ്റിലും ജയിച്ചു. കുറ്റ്യാടിയും കോഴിക്കോട് സൗത്തും കളമശ്ശേരിയും താനൂരും അടക്കം സീറ്റുകൾ തിരിച്ചുപിടിച്ചു. പേരാമ്പ്ര, തിരുവമ്പാടി, തവനൂർ, കുന്നമംഗലം തുടങ്ങിയ എൽ.ഡി.എഫിന്റെ സിറ്റിങ്ങ് സീറ്റുകളും പിടിച്ചെടുത്തു. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നേടിയതാണ്.

തോറ്റയിടങ്ങളിൽ നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും ജയിച്ചതെല്ലാം വമ്പൻ ഭൂരിപക്ഷത്തിൽ. കാസർകോട് ജില്ലയിൽ രണ്ട്, കണ്ണൂർ ജില്ലയിൽ രണ്ട്, കോഴിക്കോട് ജില്ലയിൽ ആറ്, മലപ്പുറം ജില്ലയിൽ പന്ത്രണ്ട്, പാലക്കാട് ജില്ലയിൽ ഒന്ന്, തൃശൂർ ജില്ലയിൽ രണ്ട്, കൊല്ലം ജില്ലയിൽ ഒന്ന് എന്നിങ്ങനെയാണ് മുസ്‌ലിംലീഗ് മത്സരിച്ച സീറ്റുകൾ. അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ, പുനലൂർ, ചേലക്കര സീറ്റുകളാണ് നഷ്ടമായത്. കൂത്തുപറമ്പിൽ ആർ.ജെ.ഡിയിലെ പി.കെ. പ്രവീണിനോട് 1286 വോട്ടിനാണ് മുസ്‌ലിംലീഗിന്റെ വനിതാ സ്ഥാനാർത്ഥി ജയന്തി രാജൻ പരാജയപ്പെട്ടത്. അഴീക്കോട് അഡ്വ. കരീം ചേലേരി 349 വോട്ടിന് സി.പി.എമ്മിന്റെ കെ.വി. സുമേഷിനോടും ഗുരുവായൂരിൽ 1998 വോട്ടിന് സി.എച്ച്. റഷീദ് സി.പി.എമ്മിന്റെ എൻ.കെ. അക്ബറിനോടും പരാജയപ്പെട്ടു.

മഞ്ചേശ്വരം എ.കെ.എം. അഷ്‌റഫ് (ഭൂരിപക്ഷം 29252), കാസർകോട് കല്ലട്ര മാഹിൻ (22698), പേരാമ്പ്ര ഫാത്തിമ തഹ്‌ലിയ (5087), കോഴിക്കോട് സൗത്ത് വി.കെ. ഫൈസൽ ബാബു (10795), കുന്നമംഗലം എം.എ. റസാഖ് (13313), കൊടുവള്ളി പി.കെ. ഫിറോസ് (36682), തിരുവമ്പാടി സി.കെ. കാസിം (6741), കൊണ്ടോട്ടി ടി.പി. അഷ്‌റഫലി (56017), എറനാട് പി.കെ. ബഷീർ (41289), മഞ്ചേരി എം. റഹ്‌മത്തുള്ള (57887), പെരിന്തൽമണ്ണ നജിബ് കാന്തപുരം (32431), മങ്കട മഞ്ഞളാംകുഴി അലി (45609), മലപ്പുറം പി.കെ. കുഞ്ഞാലിക്കുട്ടി (85327), വേങ്ങര കെ.എം. ഷാജി (30325), വള്ളിക്കുന്ന് ടി.വി. ഇബ്രാഹിം (51289), തിരൂരങ്ങാടി പി.എം.എ. സമീർ (63387), താനൂർ പി.കെ. നവാസ് (27131), തിരൂർ കുറുക്കോളി മൊയ്തീൻ (24137), കോട്ടയ്ക്കൽ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ (62638), മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ (25903), കളമശ്ശേരി വി.ഇ. അബ്‌ദുൾ ഗഫൂർ (16312) എന്നിവരാണ് മുസ്‌ലിംലീഗിന്റെ ഇത്തവണത്തെ എം.എൽ.എമാർ.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും മുസ്‌ലിംലീഗ് നടത്തിയ മുന്നേറ്റത്തിന്റെ തുടർച്ച തന്നെയാണ് ഇതും. പ്രകടമായ ആത്മവിശ്വാസത്തോടെയായിരുന്നു ലീഗ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മലപ്പുറത്തെ മുഴുവൻ സീറ്റിലും വിജയിക്കുമെന്ന് സാദിഖലി തങ്ങൾ വോട്ടെടുപ്പിന് മുന്‍പ് പറഞ്ഞത് അവകാശവാദം മാത്രമല്ലെന്നു തെളിയിച്ചു ജില്ലയിലെ പതിനാറ് സീറ്റിലും യു.ഡി.എഫ് നേടിയ വിജയം. ആദ്യമായാണ് യു.ഡി.എഫ്. മുഴുവൻ സീറ്റുകളിലും ജയിക്കുന്നതും. തദ്ദേശ തെരഞ്ഞെടുപ്പിൽ നടന്ന അട്ടിമറി വിജയം ഇവിടെയും ആവർത്തിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലാപഞ്ചായത്തിലെ മുപ്പത്തിയഞ്ച് ഡിവിഷനുകളും സ്വന്തമാക്കി പ്രതിപക്ഷം പോലുമില്ലാതെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. ആ ആത്മവിശ്വാസവും പ്രവർത്തനവും തന്നെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിലും കണ്ടത്. സി.പി.എമ്മിന്റെ കുത്തകയായ കോഴിക്കോട് ജില്ലാ പഞ്ചായത്തും യു.ഡി.എഫ് പിടിച്ചെടുത്തിരുന്നു.

തവനൂരും തൃക്കരിപ്പൂരും

മലപ്പുറത്ത് തവനൂരിൽ വി.എസ്. ജോയിയുടേയും തൃക്കരിപ്പൂരിൽ സന്ദീപ് വാരിയരുടേയും വിജയത്തിൽ കോൺഗ്രസ്സിനെക്കാൾ എടുത്തുപറയേണ്ടത് മുസ്‌ലിംലീഗിന്റെ പ്രവർത്തനവും ലീഗിന്റെ വോട്ടുമാണ്. കഴിഞ്ഞ കാലങ്ങളിൽനിന്ന് വ്യത്യസ്തമായി ലീഗിന്റെ വിജയം എന്നതിനെക്കാൾ ഐക്യമുന്നണിയുടെ വിജയം എന്നതായിരുന്നു ലക്ഷ്യം. കോൺഗ്രസ് സ്ഥാനാർത്ഥികളേയും സ്വന്തം സ്ഥാനാർത്ഥിയായി കരുതണം എന്ന സാദിഖലി തങ്ങളുടെ നിർദേശം അണികളും പ്രാദേശിക നേതൃത്വവും ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ എല്ലാവരും പ്രശംസിച്ചതാണ് ക്രിസ്ത്യൻ വോട്ടുകൾ വളരെ കുറവായ തവനൂർ മണ്ഡലത്തിൽ വി.എസ്. ജോയിക്കുണ്ടായ വിജയം. ജോയിയുടെ വിജയം അഭിമാനപ്രശ്‌നം എന്ന നിലയിലാണ് മുസ്‌ലിംലീഗ് ഏറ്റെടുത്തതും. 2011 മുതൽ കെ.ടി. ജലീലിന്റെ മണ്ഡലമായ തവനൂരിൽ 14647 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജോയി ജയിച്ചത്. ഡി.സി.സി. പ്രസിഡന്റ് എന്ന നിലയിലുള്ള സ്വീകാര്യതയും മുസ്‌ലിംലീഗുമായുണ്ടാക്കിയ സുദൃഢമായ ബന്ധവും വി.എസ്. ജോയിക്ക് തുണയായി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും കോൺഗ്രസ്സിനേയും ലീഗിനേയും അസ്വാരസ്യങ്ങളില്ലാതെ നയിക്കാൻ ജോയിക്കും കഴിഞ്ഞിരുന്നു.

തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരുടെ വിജയത്തിലും മുസ്‌ലിംലീഗിന്റെ പങ്ക് സുപ്രധാനമായിരുന്നു. സി.പി.എം ആധിപത്യമുള്ളതും മുസ്‌ലിം വോട്ടുകൾ ഏറെയുള്ളതുമായ മണ്ഡലത്തിൽ, അടുത്തിടെ മാത്രം കോൺഗ്രസ്സിലെത്തിയ സന്ദീപ് വാര്യർ ജയിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അത്തരം ആശങ്കകളെ ഇല്ലാതാക്കി സന്ദീപ് വാര്യർക്കുവേണ്ടി ലീഗ് മുന്നിട്ടിറങ്ങി. ഇടതുകോട്ടയായ തൃക്കരിപ്പൂരിൽ അട്ടിമറി വിജയത്തോടെയാണ് സന്ദീപ് വാര്യരിലൂടെ ചരിത്രത്തിലാദ്യമായി കോൺഗ്രസ് ജയം നേടുന്നത്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് മത്സരിച്ച തൃക്കരിപ്പൂർ ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുകയായിരുന്നു. ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ പേരുകളാണ് സ്ഥാനാർത്ഥികളായി ആദ്യം ഉയർന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യർക്ക് നറുക്കുവീഴുകയായിരുന്നു. അതിന്റെ അസ്വാരസ്യങ്ങൾ കോൺഗ്രസ്സിന്റെ ജില്ലാ പ്രാദേശിക നേതൃത്വങ്ങൾ തുടക്കത്തിൽ പ്രകടിപ്പിച്ചിരുന്നെങ്കിലും മുസ്‌ലിംലീഗിന്റെ ഉപാധികളില്ലാത്ത പിന്തുണ അവയെ അപ്രസക്തമാക്കി. 4431 വോട്ടിനാണ് സി.പി.എമ്മിലെ വി.പി.പി. മുസ്തഫയെ സന്ദീപ് വാര്യർ തോൽപ്പിച്ചത്. വർഗീയമായ പരാമർശങ്ങളിലൂടെ മുസ്‌ലിംലീഗിനെ സി.പി.എം അടക്കമുള്ള പാർട്ടികൾ നിരന്തരം അക്രമിച്ചെങ്കിലും ജനങ്ങൾക്കിടയിലേക്കിറങ്ങുകയാണ് ഏറ്റവും നല്ല പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് മുസ്‌ലിംലീഗ് ഇറങ്ങിയെന്നു വേണം പറയാൻ. മുസ്‌ലിം സാന്നിധ്യം കുറഞ്ഞ കളമശ്ശേരിയിൽ പി. രാജീവിനെതിരെ മുൻമന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകൻ വി.ഇ. അബ്‌ദുൾ ഗഫൂർ നേടിയ വിജയത്തിനും തിളക്കമേറെയുണ്ട്.

ആദ്യവനിതാ എം.എൽ.എയായി ഫാത്തിമ

സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ പേരാമ്പ്രയിൽ മുസ്‌ലിംലീഗിന്റെ ആദ്യ വനിത എം.എൽ.എയായി ഫാത്തിമ തഹ്‌ലിയ വിജയിച്ചെത്തുന്നതും ചരിത്രമാണ്. കാലത്തിന്റേയും സമുദായത്തിന്റേയും മാറ്റങ്ങൾ തിരിച്ചറിയാൻ പാർട്ടി നേതൃത്വത്തിന് കഴിയുന്നു. അതോടൊപ്പം, കേരളത്തിലെ സ്ത്രീകൾക്കിടയിലുണ്ടായ അഭൂതപൂർവമായ മുന്നേറ്റത്തെ ഉൾക്കൊള്ളാനും അവർക്ക് കഴിയുന്നുണ്ട്. മതസംഘടനകളുടെ എതിർപ്പ് പരിഗണിച്ച് പലപ്പോഴും സ്ത്രീകളെ സ്ഥാനാർത്ഥിയാക്കുന്നതിൽ ശങ്കിച്ചുനിൽക്കാറുള്ള മുസ്‌ലിംലീഗ് പുതിയകാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യ സാഹചര്യങ്ങളും കണക്കിലെടുത്ത് സ്ത്രീകളെ ജനപ്രതിനിധികളാക്കാൻ മുന്നിട്ടിറങ്ങിയത് മുസ്‌ലിം സമുദായത്തിനകത്തും പുറത്തും ശുഭകരമായ ചലനങ്ങളുണ്ടാക്കും. ലീഗിലെ ആൺകേന്ദ്രീകൃത നേതൃത്വത്തിനോട് പ്രതിഷേധിച്ച ഹരിത സംഘടനയിലെ നേതാവായിരുന്നു ഫാത്തിമ തഹ്‌ലിയ. അതെത്തുടർന്ന് അവർ നടപടി നേരിടുകയും ചെയ്തു. നേതൃത്വത്തിനെതിരെ നിലപാടെടുത്തവരാരും ലീഗിന്റെ രാഷ്ട്രീയത്തിൽ ഉണ്ടാവില്ല എന്നാണ് പലരും കരുതിയതെങ്കിലും ഹരിതയിലെ നേതാക്കളേയും അവരുടെ രാഷ്ട്രീയത്തേയും അതിനുള്ള സ്വീകാര്യതയും പാർട്ടി പെട്ടെന്ന് തിരിച്ചറിയുകയും അതിനെ ഉൾക്കൊള്ളാൻ ശ്രമിക്കുകയും ചെയ്തു. ഹരിതയുടെ പെൺകുട്ടികൾക്ക് കിട്ടുന്ന അംഗീകാരം ലീഗും മാറ്റങ്ങളോട് ചടുലമായി പ്രതികരിച്ചു തുടങ്ങി എന്നു തെളിയിക്കുന്നതാണ്.

കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ തന്നെ ഫാത്തിമയടക്കം ഹരിതയിലെ മൂന്ന് നേതാക്കളെ മത്സരിപ്പിച്ച് ജയിപ്പിക്കാൻ ലീഗിനു കഴിഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ രണ്ടെണ്ണം സ്ത്രീകൾക്കായി മാറ്റിവെയ്ക്കുകയും ചെയ്തു. 1996-ൽ ഖമറുന്നീസ അൻവറിനെ നിയമസഭയിലേക്ക് മത്സരിപ്പിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് ഇരുപത്തിയഞ്ച് വർഷത്തിനു ശേഷമാണ് വനിതാ ലീഗ് ദേശീയ സെക്രട്ടറിയായിരുന്ന നൂർബീന റഷീദിനെ 2021-ൽ കോഴിക്കോട് സൗത്തിൽ മത്സരിപ്പിച്ചത്. സമസ്തയടക്കമുള്ള മതസംഘടനകൾ എതിർപ്പുയർത്തുകയും തോൽവി ഏറ്റുവാങ്ങുകയുമായിരുന്നു. ഇത്തവണ പക്ഷേ, സംഘടനകളെ കൂടി വിശ്വാസത്തിലെടുക്കാനും ഐക്യപ്പെടുത്താനും ലീഗിനു കഴിഞ്ഞു. എൽ.ഡി.എഫ് കൺവീനറും മുതിർന്ന നേതാവുമായ ടി.പി. രാമകൃഷ്‌ണനെയാണ് ഫാത്തിമ പരാജയപ്പെടുത്തിയത്. വർഗീയമായ പരാമർശങ്ങൾ സി.പി.എമ്മിന്റെ ഭാഗത്തുനിന്നും തെരഞ്ഞെടുപ്പ് പ്രചാരണവേളയിലുടനീളം ഫാത്തിമയ്ക്ക് നേരിടേണ്ടിവന്നെങ്കിലും സി.പി.എമ്മിന്റെ പരമ്പരാഗത കോട്ടകളിൽ പോലും വിള്ളൽ വീഴ്‌ത്താനും വിജയിക്കാനും മുസ്‌ലിംലീഗിനു കഴിഞ്ഞു. മുസ്‌ലിംലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായ ജയന്തി രാജനെ ജനറൽ സീറ്റായ കൂത്തുപറമ്പിൽ മത്സരിപ്പിച്ചതും ലീഗിന്റെ മികച്ച രാഷ്ട്രീയ തീരുമാനമാണ്. 2010-ൽ വയനാട് പൂതാടി പഞ്ചായത്തംഗമായി തെരഞ്ഞെടുപ്പ് രാഷ്ട്രീയം തുടങ്ങിയ ജയന്തി ബ്ലോക്ക് പഞ്ചായത്തംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സമുദായത്തിനു പുറത്തുനിന്നുള്ള സ്ഥാനാർത്ഥി, ദളിത് നേതാവ് എന്നീ പ്രത്യേകതകൾ കൂടിയുണ്ട് ലീഗിന്റെ ഈ സ്ഥാനാർത്ഥി പരിഗണനയിൽ. കൂത്തുപറമ്പിലെ പ്രാദേശിക ലീഗ് നേതാവിന്റെ പ്രവർത്തനം ജയന്തിയുടെ പരാജയത്തിനിടയാക്കി എന്ന ആരോപണമുയർന്നിരുന്നു. വിശദീകരണങ്ങൾക്കൊന്നും നിൽക്കാതെ നേതൃത്വം പ്രാദേശിക നേതാവിനെതിരെ നടപടിയെടുക്കുകയും ചെയ്തു. നേരിയ ഭൂരിപക്ഷത്തിനായിരുന്നു ജയന്തിയുടെ പരാജയവും.

ലീഗിന്റെ പ്രതിസന്ധികൾ

വയനാട് പുനരധിവാസത്തിൽ മുസ്‌ലിംലീഗ് നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നു. സർക്കാർ സംവിധാനങ്ങളെക്കാൾ വേഗത്തിലും മെച്ചപ്പെട്ട നിലയിലും ദുരിതബാധിതർക്ക് വീടൊരുക്കാനും പുരധിവസിപ്പിക്കാനും ലീഗിനു കഴിഞ്ഞു. മികച്ച ആസൂത്രണവും കഴിവുറ്റ നേതൃത്വവുമുള്ള പാർട്ടി എന്ന വിശ്വാസ്യത ജനങ്ങൾക്കിടയിലുണ്ടായി. യു.ഡി.എഫിന്റെ വിജയത്തിന് ഇതും ഒരു ഘടകമാണ്. ജനസമ്മതിയിലും പ്രവർത്തനമികവിലും ഏറ്റവും മികച്ചുനിൽക്കുമ്പോഴും വർഗീയ പരാമർശങ്ങളും ആരോപണങ്ങളും ലീഗിനു നേരെ ഉണ്ടായിക്കൊണ്ടേയിരിക്കുന്നുണ്ട്. സി.പി.എം. തുടങ്ങിവെച്ച ആ പ്രചാരണങ്ങൾ ഇനി നിയമസഭയ്ക്കുള്ളിലും മുസ്‌ലിംലീഗ് നേരിടേണ്ടിവരും. ബി.ജെ.പിയുടെ മൂന്ന് എം.എൽ.എമാരാണ് ഇത്തവണ നിയമസഭയിലുള്ളത്. കേന്ദ്രം തീരുമാനിക്കുന്ന സാമുദായികമായ അജണ്ടകളെ സഭയിൽ കൊണ്ടുവരാനും ചർച്ചയാക്കാനും സാധ്യതയേറെയാണ്. സാമുദായികമായ വിഷയങ്ങൾ ഉയർത്തുമ്പോൾ കൃത്യമായ മറുപടികൾ പറയാനും നടപടികളെടുക്കാനും മുസ്‌ലിംലീഗിനും പരിമിതികളുണ്ടാകും. ലീഗെടുക്കുന്ന നിലപാടുകളെ വർഗീയവല്‍ക്കരിക്കാനുള്ള സാധ്യതകളും വരുംകാലത്ത് ഏറെയാണ്. ലീഗിനെ പിന്തുണയ്ക്കുന്ന തരത്തിലുള്ള കോൺഗ്രസ് നിലപാടുകളെ മുസ്‌ലിം പ്രീണനം എന്ന തരത്തിലും അവതരിപ്പിച്ചേക്കാം. അപകടകരമായ ഈ സാധ്യതകളെ മറികടക്കുകയും പ്രതിരോധിക്കുകയും ചെയ്യുക എന്നതാണ് ലീഗിനു മുന്നിലുള്ള വെല്ലുവിളി, കോൺഗ്രസ്സിനും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോളടിച്ച് കേന്ദ്രം, ആര്‍ബിഐയില്‍ നിന്ന് ലഭിച്ചത് 2.87 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ലാഭവിഹിതം; കേന്ദ്രബാങ്ക് വരുമാനമുണ്ടാക്കുന്നത് എങ്ങനെ?

മുറികളിലെ വലിപ്പക്കുറവ് പരിഹരിക്കാം, ചെറിയ ശ്രദ്ധ ചെലുത്തിയാല്‍ മതി

'രണ്ട് വർഷത്തെ ലിവ് ഇൻ‌ റിലേഷൻ വിജയിച്ചു, ഇതൊരു ഫോർമാലിറ്റി'; അമേയയെ താലി ചാർത്തി ജിഷിൻ

23 കിലോമീറ്റര്‍ മൈലേജ്, ഹൈബ്രിഡ് കരുത്ത്; ഇസഡ്ആര്‍- വി അവതരിപ്പിച്ച് ഹോണ്ട, വില 40 ലക്ഷം രൂപ മുതല്‍

നഴ്‌സുമാര്‍ക്ക് സമരം ചെയ്യാന്‍ അവകാശമില്ല: ഹൈക്കോടതി

SCROLL FOR NEXT