ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

അതുല്‍ പൂതാടി എഴുതിയ കവിത ധനുഷ്‌കോടി

അതുല്‍ പൂതാടി

അതിരാവിലെ അരിപ്പൊടിയാൽ കളം വരയ്ക്കുന്ന പാട്ടികളിൽ ആരോ പിടിമണൽ നീട്ടി വരച്ചതുപോലെയുള്ള വഴിയിൽ രാമേശ്വരത്തുനിന്നും ധനുഷ്‌കോടിയിലേക്കുള്ള വണ്ടിയോടുന്നു. ഇരുവശവും കടലുകൾ. ജീവിതത്തിന്റെ അറ്റത്തിലേക്കുള്ള വഴിയാകുമോ? അതോ കാലടികളിൽനിന്ന് കഴിഞ്ഞ ജന്മങ്ങളുടെ പൊടിമണൽ കഴുകി വിരക്തിയുടെ വീട്ടുവാതിലിൽ വീണ്ടും മുട്ടുവാനുള്ള തിരിച്ചുപോക്കായി അവസാനിച്ചേക്കുമോ ഇരുതീരങ്ങളിലെ മണൽത്തരികൾ വെയിലിൽ നക്ഷത്രപ്പൊടിപോലെ പ്രകാശിക്കുന്നു. എനിക്കപ്പോൾ നിന്നെ ഓർമവന്നു.

മേശമേൽ

കുലുക്കിയിട്ട വളപ്പൊട്ടുകളിൽ

തൊട്ടു തൊട്ടില്ലെന്ന മട്ടിൽ

മുട്ടാതെ കിടക്കുന്നു

രണ്ടു സമുദ്രങ്ങൾ.

ചെറുവിരലിൽ

നീട്ടിവളർത്തിയ നഖംകൊണ്ട്

വളയനങ്ങാതെ

ശ്വാസമിറ്റാതെ

ഇടയിലൊരു വര വരയ്ക്കുന്നു.

വെട്ടിപ്പിടിച്ച വളയൊലികളുടെ

കടലിളകിലും... കിലും...

ഇൻസ്ട്രുമെന്റ് ബോക്സിൽ

മുഴങ്ങുന്നു ശബ്ദം.

നീണ്ട വഴി

ദൂരദൂരം തിരയൊലി.

ഒരു ക(ഉ)ടൽ ശാന്തം;

പഠിക്കുന്ന നിന്നെപ്പോലെ.

ഒരു ക(ഉ)ടൽ കുസൃതി;

കളിക്കുമെന്നെപ്പോലെ.

ഇൻട്രവെല്ലിൽ

കഞ്ഞിപ്പുരയുടെ വാടവെള്ളം

ഒഴുകുന്ന പിന്നാമ്പുറത്തിൽ

കണ്ടുമുട്ടാമെന്ന വാക്കുപോലെ,

തമ്മാമ്മിൽ സ്പർശിക്കാതെ,

ഒരു വഴിയിൽ

ഇരുവശങ്ങളിൽ

പാരാവാരപ്പരവശപ്പാതിയായ് !

ഏറെ കാലമായി യാത്ര തുടരുകയാണോ? യാത്രയും സഞ്ചാരവും ഒന്നു തന്നെയോ? എല്ലാ യാത്രകളും തുടങ്ങിയ ഇടത്തുതന്നെ അവസാനിക്കുന്നു. എന്നാൽ, സഞ്ചാരമോ? അതിനു തുടക്കവും ഒടുക്കവുമുണ്ടോ? ഇടവഴിയെന്നും പെരുവഴിയെന്നുമുണ്ടോ? താവളങ്ങളും താമസവുമുണ്ടോ? യാത്രകൾ ആനന്ദത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയാണെങ്കിൽ സഞ്ചാരം എന്തിനു വേണ്ടിയുള്ളതാണ്. ശാന്തിക്കും മുക്തിക്കും വേണ്ടിയാകുമോ? ആരാണ് ഒപ്പമുള്ളത്, നിർവേദമോ? ഞാനനൊരു യാത്രികനോ അതോ സഞ്ചാരിയോ?

മുനമ്പിലെത്തി, വണ്ടി.

ഇളിയാർത്തു മിണ്ടി, തമ്മിൽ.

പൊട്ടുവളകളുടെ മത്തുഗന്ധം

പരന്നുച്ച ഉന്മത്തയായി.

നീയപ്പോൾ

പോറ്റിവളർത്തിയ നഖത്താൽ

എന്റെ കൈത്തണ്ടയുരിച്ചെടുത്ത പാടിൽ

തലകറങ്ങിയ വെയിലായ്

വന്നു തൊട്ടു.

മുനമ്പിൽ, ഉറപ്പിച്ചുനിർത്തിയ ബൈനോക്കുലറിനു പിന്നിൽ ജനം വരിനിൽക്കുന്നു. ഒരു കണ്ണടച്ച് കൂർപ്പിച്ച് നോക്കുമ്പോൾ, ഇരുപതു രൂപ വാങ്ങി കീശയിലിട്ട അണ്ണൻ ചോദിക്കുന്നു:

“തണ്ണീരൈ പാർക്കിരിർകളാ?

അതൈയും താണ്ടി നിലം പാർക്കിരിർകളാ?

നിലൈത്തിൽ കൊടിമരത്തൈ പാർക്കിരിർകളാ?

ഇലങ്കൈ താൻ അങ്കിറുന്ത്!”

ഞാൻ കേൾക്കുന്നു:

“ജാഫ്‌ന കാണുന്നുണ്ടോ?

തീയും ചോരയും കാണുന്നുണ്ടോ?

പൂന്തോട്ടം കാണുന്നുണ്ടോ?

ഒറ്റയ്ക്കൊരു പെൺകുട്ടി

മരച്ചോട്ടിൽ ചിന്തിച്ചിരിപ്പുണ്ടോ?

അവളിലേക്കു മാരുതൻ വീശുന്നുണ്ടോ?

കുപ്പിവള കിലുങ്ങുന്നുണ്ടോ.

നേരം കഴിഞ്ഞു. വരിനിൽക്കുന്ന കണ്ണുകളെ പറിച്ചെടുത്ത് ലങ്കയിലേക്ക് തൊടുത്തുവിടുന്നു ബൈനോക്കുലർ. ആദ്യമായ് തൊടുന്ന പ്രണയികളെപ്പോലെ കടൽ തൊട്ടുകൊണ്ടിരുന്നു. അവരുടെ വന്യമായ ആനന്ദത്തിന്റെ ആവി സഞ്ചാരികളെ എന്നേക്കുമായ് ഉപ്പിലിട്ടു. ഇനി മടങ്ങുക തന്നെ. കടലതിന്റെ പ്രേമത്തിന്റെ കിളിവാതിലടയ്ക്കുകയാണ്. വിസിലുകൾ മുഴങ്ങുന്നു. ആളുകൾ മടങ്ങുന്നു.

കൂട്ടമണി മുഴങ്ങുമ്പോൾ

തുറന്ന ബോക്സും തട്ടിപ്പറിച്ച്

വീട്ടിലേയ്ക്കോടാൻ നോക്കും

കൂട്ടുകാരിപോൽ സന്ധ്യ,

നിറവളപ്പൊട്ടുകൾ

കശക്കി മാനത്തിട്ടു.

ഉരിഞ്ഞു മേഘത്തിന്റെ ചുളിഞ്ഞ തൊലിയപ്പോൾ

നഖക്ഷതംപോലെ

പിറന്ന ശശിബിംബം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

റാഞ്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്ന എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണു; ചികിത്സയ്ക്കായി കൊണ്ടുപോയ രോഗിക്ക് ദാരുണാന്ത്യം

ജോലി സ്ഥലത്ത് അനുകൂല സമയം, പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കും

സാമ്പത്തികമായി മികച്ച ദിവസം, വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം നേടും

'6ന് 254'... ചരിത്രത്തിലേക്ക് 'ബാറ്റിങ് തീ' പടർത്തിയ കരീബിയൻ 'പവർ'

കരുതിയിരുന്നോളു, വിൻഡീസിനെ! സിംബാബ്‌വെയെ അടിമുടി 'പൂട്ടി' ക്ലിനിക്കല്‍ 'മെന്‍ ഇന്‍ മെറൂണ്‍'

SCROLL FOR NEXT