1
അസംബ്ലിയിൽ
ഒരു കയ്യകലത്തിൽ
വരിവരിയായി
നില്‍ക്കുന്ന വിദ്യാർത്ഥികളിൽ
തലകറങ്ങി വീഴാൻ
പോവുന്ന
കുട്ടികളെ പ്രവചിക്കാൻ ശ്രമിക്കുകയായിരുന്നു
വലിയ വിദ്യാലയമായിരുന്നു
മൈതാനം നിറയെ കുട്ടികളായിരുന്നു
എനിക്കന്ന്
അസംബ്ലിയിൽ പോവാൻ കഴിഞ്ഞില്ല
ഞാനന്ന് മുകളിലത്തെ
വരാന്തയിൽ
ഉച്ചഭാഷിണിയുടെ സമീപത്ത് നിന്നു
എപ്പോഴും
രണ്ടും മൂന്നും കുട്ടികൾ വീഴുമായിരുന്നു
ചിലപ്പോൾ
നാലും അഞ്ചും
വീഴുമായിരുന്നു
വലിയ ആകാശമായിരുന്നു
വലിയ വെയിലായിരുന്നു
എനിക്കന്ന്
പരുന്തിന്റെ കാഴ്ചയുമായിരുന്നു
ആരും വീണില്ല
വീഴാത്ത അസംബ്ലി പിരിച്ചുവിട്ടു
കുട്ടികൾ
ക്ലാസുകളിലേക്ക് മടങ്ങി
മൈതാനം ശൂന്യമായി
‘ആരും വീണില്ല’
ഞാൻ എന്നോടു തന്നെ
പറഞ്ഞുകൊണ്ടിരുന്നു
ഒന്നും വിശദീകരിക്കപ്പെട്ടില്ല
പകരം
വിജനമായ
ആ മൈതാനത്ത്
വെയിൽ നിറഞ്ഞുകവിഞ്ഞ് നിന്നു.
വലിയ വെയിലായിരുന്നു.
2
ഒരു പാട്ടിന്റെ
പ്രത്യേക ഭാഗത്തെത്തുമ്പോൾ
എന്നും
ആ കാസറ്റ് കുരുങ്ങും
ആ പാട്ട്
എനിക്ക് പ്രിയപ്പെട്ടതാണ്
വസ്ത്രങ്ങളഴിഞ്ഞുപോയൊരാൾക്ക്
അത്
തിരിച്ചുചുറ്റിക്കൊടുക്കുന്ന
പോലെ
അഴിഞ്ഞുപോയ റീൽ
ശ്രദ്ധാപൂർവം
ഞാൻ തിരിച്ചു ചുറ്റും
എത്ര നിവർത്തിച്ചുറ്റിയാലും
ഒരു ചെറിയ ചുളുങ്ങൽ
അതിൽ അവശേഷിക്കും
ആ ടേപ്പ് അതോർത്തുവെയ്ക്കും
പിന്നീടൊരിക്കൽ
അതേ പാട്ടിന്റെ
അതേ ചരണത്തിൽ
വീണ്ടും ഞാൻ കുരുങ്ങും
ഇതാവർത്തിക്കും
വർഷങ്ങളിത്ര കഴിഞ്ഞുപോയി
ആ പാട്ടെന്നോട് മറന്നുപോയി
അതെന്റെ പ്രിയപ്പെട്ട പാട്ടായിരുന്നു
ആ ചുളിവ് ഞാൻ ഓർക്കുന്നു
അതിനൊരു
ചിലന്തിവലയുടെ
രൂപമായിരുന്നു.
ഇനിയെന്നെങ്കിലും
എവിടെയെങ്കിലും വച്ച്
ആ പാട്ട് കേൾക്കുമ്പോൾ
ഞാനത് തിരിച്ചറിയുമായിരിക്കും
അപ്പോൾ ആ ചുളിവ്
നിവരുമായിരിക്കും
പക്ഷേ,
ആ പാട്ടിനെ തിരിച്ചറിയാൻ
ആ ചുളിവു
വേണമെന്നകാര്യം
ഇപ്പോഴാണ് ഓർമവരുന്നത്
എന്നോടത് മറന്നുപോയിരുന്നു
അല്ലെങ്കിൽ
തന്നെ
ആ പാട്ട്
വീണ്ടും
ഞാനെത്ര തവണ
കേട്ടിട്ടുണ്ടായിരിക്കും?
എനിക്കറിയില്ല!
ഞാനത്
തിരിച്ചറിയാതെ പോയത്
എന്തുകൊണ്ടാവും
ശരിക്കും
അങ്ങനെയൊരു
പാട്ടു ഞാൻ കേട്ടിരുന്നോ?
എനിക്കോർമയില്ല!
എന്റെയോർമയിലെ
ഒരേയൊരു തെളിവ്
ആ ചുളിവ് മാത്രമാകുന്നു
ഓർമയില്ലാത്ത പാട്ടുകളിൽ
ഞാൻ വിശ്വസിക്കുന്നില്ല
ഓർമയുള്ള ചുളിവുകളിൽ
എനിക്ക്
വിശ്വസിക്കാതിരിക്കാൻ പറ്റില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates