ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

കുരീപ്പുഴ ശ്രീകുമാർ എഴുതിയ എട്ടു വയസ്സുള്ള കുട്ടി

കുരീപ്പുഴ ശ്രീകുമാര്‍

അച്ഛനുമമ്മയും കോവിഡിന്റെ

കെട്ടകാലത്ത് കടന്നുപോയി

എട്ടു വയസ്സുള്ള കുട്ടിമാത്രം

ബുക്കിലവരെ വരച്ചിരുന്നു.


അമ്മയ്ക്കു നീണ്ടമുടിയും മൂക്കും

അച്ഛനു താടി, വളഞ്ഞ ചുണ്ട്

അമ്മയ്ക്ക് നീലിച്ച പുള്ളിമാക്‌സി

അച്ഛനു പച്ചവരയൻ ഷർട്ട്


അമ്മമ്മയെ കൊണ്ടുകാണിക്കുവാൻ

അങ്ങേമുറിക്കുള്ളിൽ ചെന്നനേരം

തൊട്ടു വിളിച്ചിട്ടും മിണ്ടുന്നില്ല

കള്ളയുറക്കമാണെന്നു തോന്നി

രാവേറെയായിട്ടും മിണ്ടിയില്ല

നേരം വെളുത്തിട്ടും മിണ്ടിയില്ല


പിറ്റേന്നയൽക്കാരും പാർട്ടിക്കാരും

മുറ്റത്തുനിന്നു കുശുകുശുത്തു

ശാന്തികവാടത്തിലമ്മമ്മയെ

ആംബുലൻസിൽ കൊണ്ടുപോയൊടുക്കി


കുട്ടിയെയാരാരു കൈക്കൊള്ളുവാൻ

ചർച്ചകൾ രാവോളം നീണ്ടൊഴുകെ

അമ്മമണമുള്ളോരീക്കൂരയിൽ

അച്ഛൻചിരി കേൾക്കുമീ മുറിയിൽ

ഒറ്റയ്ക്കുതന്നെ കഴിഞ്ഞുകൂടാൻ

കുട്ടിയുറപ്പിച്ചു കണ്ണടച്ചു.


ബന്ധുക്കളെക്കൊന്ന ദുഷ്ടജന്മം

അന്ധവിശ്വാസികൾ പ്‌രാക്കെറിഞ്ഞു

കുത്തിനോവിപ്പിക്കും കൂട്ടുകാരെ

ഇഷ്ടപ്പെടാതവൻ തേങ്ങിപ്പോയി


കട്ടിയിരുട്ടും പെരുമാരിയും

ഒപ്പം തിമിർത്തൊരു സെപ്തംബറിൽ

മുറ്റത്തു മുട്ടൻകുടയുമായി

അച്ഛനുമമ്മയും വന്നപോലെ!


ഒപ്പമവനും നടന്നുപോയി

മുക്കിലെ സ്‌കൂളും കടന്നുപോയി

അമ്മത്തൊട്ടിൽ കണ്ടുനിന്നനേരം

അമ്മയുമച്ഛനും കൈകൾവീശി

പെട്ടെന്നു മാനം തെളിഞ്ഞു കണ്ടു

കുറ്റിരുട്ടത്തു വിളക്കു കണ്ടു


എട്ടു വയസ്സുള്ള കുട്ടിയപ്പോൾ

ഇപ്പോൾ പിറന്നതുപോലെയായി!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മത്സരയോട്ടം വേണ്ട'; ബസ് സര്‍വീസുകള്‍ക്ക് നിര്‍ബന്ധിത ഇടവേള വരുന്നു; നവംബര്‍ 1 മുതല്‍ നടപ്പാക്കും

98 കളി, 101 ​ഗോൾ! 'സെൻസേഷണൽ സെഞ്ചൂറിയൻ' ഹാരി കെയ്ൻ; റെക്കോർഡ്

ടര്‍ഫില്‍ കളിക്കുമ്പോൾ കുഴഞ്ഞു വീണു; പാലക്കാട് പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു

'ആ സിനിമകളൊന്നും പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല; തിരിച്ചുവരവ് നടത്താൻ എവിടെയും പോയിട്ടില്ല'

കാരറ്റ് പച്ചയ്ക്ക് കഴിച്ചാൽ ​ഗുണമുണ്ടെന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ, വിറ്റാമിൻ എ കിട്ടാൻ ഇങ്ങനെ കഴിക്കണം