ഉണരുമ്പോൾ വെളിച്ചത്തിൽ
ഒന്നുമേ മുന്നിലില്ല
രൂപങ്ങളും നിഴലുകളും
നിറങ്ങളും ചലനങ്ങളുമില്ല
ഒച്ചകളും മണങ്ങളുമില്ല
കാൽക്കീഴിൽ ഭൂമിയില്ല
അതിലൂടെ നടന്ന കാല്‍പ്പാടുകളില്ല
മരങ്ങളും മനുഷ്യസ്പർശവുമില്ല
കാലത്തിലൂടെ
ഒഴുകിയതിന്റെ കഥകളില്ല
കൊടുമുടികളും സമതലങ്ങളും
കടൽനീലയും തീരവുമില്ല
തലയ്ക്ക് മേൽ ആകാശമില്ല
സൂര്യതാപവും പക്ഷിച്ചിറകുമില്ല
മേഘങ്ങളില്ല മഴയില്ല
ഉദയാസ്തമയ സങ്കല്പവുമില്ല
കാനൽ ജലംപോലും കാഴ്ചയിലില്ല
മരുക്കാറ്റ് ചുറ്റിലും മൂടി
മറയും പോലൊരു ശൂന്യത
ഉറക്കത്തിൽ വൈകിയെത്തുന്ന
കെട്ടുപിണഞ്ഞ സ്വപ്നങ്ങളിൽ
എല്ലാം മടങ്ങിയെത്തുന്നു
ഏതോ കൈകളൊരുക്കിയ
ഇൻസ്റ്റലേഷനിൽ സ്ഥാനം തെറ്റി
പകച്ച് നിരന്നപോലെ
വാനിൽ പറക്കുന്നുണ്ട് മനുഷ്യർ
തലകീഴായ് കാണുന്നു കാഴ്ചകൾ
മേഘങ്ങളൊഴുകുന്ന നദിക്കരയിൽ
ആധിപിടിച്ച് പായുന്നു പറവകൾ
കാറ്റും കടലുമടുക്കാതെ
പർവതങ്ങൾ റോന്തു ചുറ്റുന്നു
ഒച്ചകളെ കാണുകയും
നിറങ്ങളെ കേൾക്കുകയും
രുചികൾ ചിറകടിക്കുകയും
മണങ്ങളിൽ നിന്ന്
ആവി പൊന്തുകയും ചെയ്യുന്നു.
നിലാവിൽ ജ്വലിച്ച മരങ്ങൾ
സൂര്യസ്പർശത്താൽ
കണ്ണുപൂട്ടുന്നു.
ആരോ മിടിപ്പു മുഴക്കുന്ന
രംഗസ്ഥലത്തിൽ രാവുടനീളം
നിഴലുകളുടെ നഗ്നനൃത്തം
ഉറക്കപ്പിച്ചുരുക്കുന്ന ഉണർച്ചയിലോ
ശൂന്യത ഒരു ഖനിതുരങ്കം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates