താരിഖ് റഹ്മാന്‍ Anupam Nath
Malayalam Weekly

ഭൗമരാഷ്ട്രീയവും മതവും നിർണായകമാകുന്ന ബംഗ്ലാദേശ്

കെഎം സീതി

തെരഞ്ഞെടുപ്പ് ഫലങ്ങൾ ഒട്ടും അപ്രതീക്ഷിതമായിരുന്നില്ലെങ്കിലും ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുണ്ടായിട്ടുള്ള ഈ മാറ്റങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) വൻ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം തന്നെ, ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി പാർലമെന്റിലെ ഒരു നിർണായക ശക്തിയായി ഉയർന്നുവന്നതു മതരാഷ്ട്രവാദം ഉയർത്തുന്ന ഒരു പ്രസ്ഥാനം നിർണായക ഘടകമായിരിക്കുന്നു എന്നതിന്റെ സൂചനയാണ്.

മറുവശത്ത്, ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിൽ പതിറ്റാണ്ടുകളോളം ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ ചാലകശക്തിയായിരുന്ന അവാമി ലീഗ് ഇപ്പോൾ രാഷ്ട്രീയ രംഗത്തിന് പുറത്താണ്. കടുത്ത ജനരോഷവും ഭരണഘടനാപരമായ ഒറ്റപ്പെടലും ആ പാർട്ടിയെ വല്ലാതെ ദുർബലപ്പെടുത്തിയിരിക്കുന്നു. പരമ്പരാഗത ശക്തികൾ തന്നെയാണ് വീണ്ടും അധികാരത്തിൽ എത്തുന്നതെങ്കിലും ഈ തെരഞ്ഞെടുപ്പ് ബംഗ്ലാദേശിൽ ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. രാജ്യത്തെ അടിസ്ഥാനപരമായ രാഷ്ട്രീയപ്രശ്നങ്ങളും സംഘർഷങ്ങളും ഇപ്പോഴും പരിഹരിക്കപ്പെടാതെ തുടരുന്നു എന്നതു പുതിയ സർക്കാരിന് വെല്ലുവിളിയായി തുടരും.

ബി.എൻ.പിയുടെ വിജയം അവരുടെ ശക്തമായ സംഘടനാ സംവിധാനത്തിന്റെ പ്രവർത്തന ഫലമായിരുന്നു. ബംഗ്ലാദേശിലെ ഗ്രാമപ്രദേശങ്ങളിലെ അവരുടെ ശൃംഖലകളും പ്രാദേശികമായി സ്വാധീനമുള്ള സ്ഥാനാർത്ഥികളെ അണിനിരത്താനുള്ള കഴിവും ഈ വിജയത്തിൽ നിർണായകമായി മാറി. വർഷങ്ങളോളം നീണ്ട അടിച്ചമർത്തലുകൾക്കുശേഷം പാർട്ടിയിൽ അച്ചടക്കം തിരികെ കൊണ്ടുവരാനും പ്രവർത്തകർക്ക് ഒരു ലക്ഷ്യബോധം നൽകാനും താരിഖ് റഹ്മാന്റെ നേതൃത്വത്തിനു സാധിച്ചു. പ്രവാസ ജീവിതത്തിനു ശേഷം അദ്ദേഹം മടങ്ങിയെത്തിയത് പാർട്ടി ഭരണത്തിനു സജ്ജമാണെന്ന ധാരണ ജനങ്ങൾക്കിടയിൽ ഉണ്ടാക്കി. സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി ലഭിക്കാനും ഭരണപരമായ സ്ഥിരത ഉറപ്പാക്കാനും ബി.എൻ.പിക്ക് കഴിയുമെന്ന് വിശ്വസിച്ചാണ് പല വോട്ടർമാരും അവരെ തെരഞ്ഞെടുത്തത്.

ബി.എൻ.പിയുടെ ഈ ഉയർച്ച രാജ്യത്ത് ജനാധിപത്യപരമായ പുരോഗതി ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നില്ല. മുൻകാല ഭരണങ്ങളിൽ അവർ സ്വീകരിച്ചിരുന്ന കടുത്ത രാഷ്ട്രീയ നിലപാടുകളും ഭരണഘടനാ സ്ഥാപനങ്ങളിലെ ഇടപെടലുകളും തീവ്രവാദ ഗ്രൂപ്പുകളോടുള്ള അവരുടെ ആഭിമുഖ്യവും ഇന്നും ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. താരിഖ് റഹ്മാൻ ഇപ്പോഴും ഒരു വിവാദ നായകനായി തുടരുന്നു; അദ്ദേഹത്തിനെതിരെയുള്ള പഴയ ആരോപണങ്ങൾ ഇന്നും ഒരു നിഴലായി അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ എത്രത്തോളം പ്രാവർത്തികമാകുമെന്ന് വരുംദിവസങ്ങളിൽ അറിയാം. അധികാരം ലഭിക്കുമ്പോൾ അത് കേന്ദ്രീകരിക്കുന്നതിനു പകരം ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്ക് അവർ തയ്യാറാകുമോ എന്നതാണ് കണ്ടറിയേണ്ടത്.

ബി.എൻ.പിയുടെ വിജയം രാഷ്ട്രീയമായ ഒരു തുടർച്ചയായി കാണാമെങ്കിൽ, ജമാഅത്തെ ഇസ്‌ലാമിയുടെ വളർച്ച ബംഗ്ലാദേശിൽ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. ദീർഘകാലമായി ബംഗ്ലാദേശിലെ ഏറ്റവും ശക്തമായ സംഘടനാസംവിധാനങ്ങളുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളിലൊന്നായാണ് ജമാഅത്ത് പ്രവർത്തിക്കുന്നത്. പാർലമെന്റിലെ അവരുടെ അംഗബലത്തേക്കാൾ എത്രയോ വലുതാണ് വിദ്യാലയങ്ങൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, പ്രാദേശിക കമ്മിറ്റികൾ എന്നിവയിലൂടെ അവർ പടുത്തുയർത്തിയ സാമൂഹിക സ്വാധീനം. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് വർഷങ്ങളോളം നേരിട്ട അടിച്ചമർത്തലുകൾ ജമാഅത്തിനെ മുഖ്യധാരാ രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തിയെങ്കിലും സാമ്പത്തിക സ്രോതസ്സുകളും താഴെത്തട്ടിലുള്ള സ്വാധീനവും ചോരാതെ സൂക്ഷിക്കാൻ അവർ ശ്രമിക്കുന്നുണ്ടായിരുന്നു. ഈ സംഘടനാ കരുത്താണ് 2026-ലെ തെരഞ്ഞെടുപ്പിൽ വോട്ടുകളായി മാറിയത്.

സിയ ഖലീദയും ഷെയ്ഖ് ഹസീനയും

വികസനം, സത്യസന്ധത, ഭരണനിപുണത എന്നിവയിലൂന്നിയ പ്രചാരണമാണ് ജമാഅത്ത് ഇത്തവണ നടത്തിയത്. 1971-ലെ വിമോചന യുദ്ധകാലത്തെ തങ്ങളുടെ നിലപാടുകളെക്കുറിച്ചും മതനിയമങ്ങളെക്കുറിച്ചുമുള്ള പഴയ പ്രതിച്ഛായ ലഘൂകരിക്കാൻ പാർട്ടി ബോധപൂർവം ശ്രമിച്ചു. എങ്കിലും പാർട്ടിയുടെ അടിസ്ഥാന പ്രത്യയശാസ്ത്രം ഇന്നും രാഷ്ട്രീയ ഇസ്‌ലാമിൽ അധിഷ്ഠിതമാണ്. അതിനാൽത്തന്നെ ജമാഅത്തിന്റെ പാർലമെന്റിലെ ശക്തമായ സാന്നിധ്യം ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ പുതിയൊരു സമ്മർദത്തിനു കാരണമായേക്കാം. വിദ്യാഭ്യാസ നയം, സാമൂഹിക നിയമങ്ങൾ, ഭരണഘടനാപരമായ സ്വത്വം തുടങ്ങിയ വിഷയങ്ങളിൽ നേരിട്ടുള്ള ഏറ്റുമുട്ടലുകൾക്ക് പകരം, പാർലമെന്റിലെ ചർച്ചകളിലൂടെ സാവധാനം സ്വാധീനം ഉറപ്പിക്കാനായിരിക്കും അവർ ശ്രമിക്കുക.

ജമാഅത്തെ ഇസ്‌ലാമിയുടെ വളർച്ചയ്ക്ക് പിന്നിൽ പ്രധാനമായും നിലവിലുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ അതൃപ്തി വ്യക്തമായി കാണാം. പ്രാദേശിക തലത്തിലെ അഴിമതിയും വികസനത്തിലെ അസമത്വവും സമ്പത്ത് ചിലരിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെടുന്ന അവസ്ഥയും ജനങ്ങളിൽ വലിയ മടുപ്പുണ്ടാക്കി. ഈ സാഹചര്യത്തിലാണ് സദാചാരബോധവും അച്ചടക്കവുമുള്ള ഒരു പാർട്ടി എന്ന പ്രതിച്ഛായയുമായി ജമാഅത്ത് രംഗത്തെത്തിയത്. പല മണ്ഡലങ്ങളിലും ബി.എൻ.പിയേയും അവാമി ലീഗിനേയും നേരത്തെ പിന്തുണച്ചിരുന്ന വോട്ടർമാർ ഇത്തവണ ജമാഅത്തിന് വോട്ട് ചെയ്തു. സ്ഥാപിത പാർട്ടികൾ ആധിപത്യം പുലർത്തുന്ന ഒരു വ്യവസ്ഥിതിയിൽപോലും താഴെത്തട്ടിലുള്ള വിശ്വാസ്യതയ്ക്ക് എത്രത്തോളം സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഈ മാറ്റം തെളിയിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ച മറ്റൊരു പ്രധാന ഘടകം അവാമി ലീഗിന്റെ അഭാവമായിരുന്നു. ആ പാർട്ടിയെ മത്സരത്തിൽനിന്ന് ഒഴിവാക്കിയത് തെരഞ്ഞെടുപ്പിനെ ഒരു ദേശീയ ഹിതപരിശോധന എന്നതിലുപരി എതിരാളികൾ തമ്മിലുള്ള പോരാട്ടമാക്കി മാറ്റി. ഷെയ്ഖ് ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിനു ശേഷവും ജനരോഷം ശക്തമായിരുന്നെങ്കിലും അവാമി ലീഗിന് ഇപ്പോഴും വലിയൊരു ജനകീയ അടിത്തറയുണ്ട്. അവരുടെ അഭാവം പുതിയ സർക്കാരിനു താൽക്കാലികമായ രാഷ്ട്രീയ സുസ്ഥിരത നൽകിയേക്കാം. എങ്കിലും എല്ലാ വിഭാഗങ്ങളേയും ഉൾക്കൊള്ളുന്ന ജനാധിപത്യം എന്ന നിലയിൽ ജനപ്രാതിനിധ്യത്തെക്കുറിച്ചുള്ള ഗൗരവകരമായ ചോദ്യങ്ങൾ ഇന്നും ബാക്കിയാവുകയാണ്.

യഥാർത്ഥത്തിൽ, ഈ തെരഞ്ഞെടുപ്പ് 2024-ൽ ആരംഭിച്ച വലിയൊരു പ്രതിഷേധ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയ അനന്തരഫലമാണ്. തൊഴിൽ സംവരണത്തിനെതിരായ രോഷത്തിൽനിന്ന് തുടങ്ങിയ ആ സമരം പിന്നീട് അഴിമതിക്കും തൊഴിലില്ലായ്മയ്ക്കും രാഷ്ട്രീയ ആനുകൂല്യങ്ങൾക്കുമെതിരായ പ്രക്ഷോഭമായി പടർന്നു. ബംഗ്ലാദേശിലെ യുവതലമുറയായിരുന്നു ഈ പോരാട്ടത്തിന്റെ നട്ടെല്ല്. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കൊന്നും ചിന്തിക്കാൻപോലും കഴിയാത്ത രീതിയിലുള്ള വൻതോതിലുള്ള ജനപങ്കാളിത്തം ഉറപ്പാക്കാൻ ആ യുവതയ്ക്ക് സാധിച്ചു.

ഈ പരിവർത്തന കാലഘട്ടത്തിൽ രാജ്യം നേരിട്ട അസ്ഥിരതകൾ പരിഹരിക്കാൻ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം ചില ശ്രമങ്ങൾ നടത്തി. ദേശീയ അനുരഞ്ജനം, ഭരണഘടനാ സ്ഥാപനങ്ങളുടെ നവീകരണം, സാമ്പത്തിക അച്ചടക്കം എന്നിവയ്ക്കാണ് അദ്ദേഹം മുൻഗണന നൽകിയത്. ഷെയ്ഖ് ഹസീനയുടെ കാലത്ത് തടവിലാക്കപ്പെട്ട പ്രതിപക്ഷ നേതാക്കളെ മോചിപ്പിക്കുകയും നേരത്തെ നിയന്ത്രിക്കപ്പെട്ടിരുന്ന രാഷ്ട്രീയ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ അനുവാദം നൽകുകയും ചെയ്തു. എന്നാൽ, അന്താരാഷ്ട്ര സാമ്പത്തിക സഹായങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കേണ്ടിവന്ന കർശനമായ സാമ്പത്തിക നിയന്ത്രണങ്ങൾ അദ്ദേഹത്തിന്റെ ഭരണത്തിനു ചില പരിമിതികൾ ഉണ്ടാക്കി. തന്റെ ധാർമികമായ സ്വാധീനമുപയോഗിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി മുന്നോട്ട് പോകാനാണ് യൂനസ് ശ്രമിച്ചതെങ്കിലും ഈ മാറ്റത്തിന്റെ ഘട്ടത്തിലുടനീളം ക്രമസമാധാന പ്രശ്നങ്ങൾ വലിയ വെല്ലുവിളിയായി തുടർന്നു.

തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രാജ്യം ഭരിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോൾ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ സർക്കാരിലേക്ക് കൈമാറപ്പെട്ടിരിക്കുകയാണ്. ഈ പ്രക്ഷോഭത്തിന് കാരണമായ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ഭരണകൂടത്തിന് കഴിയുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക, വിശ്വസനീയമായ പൊതുസ്ഥാപനങ്ങൾ കെട്ടിപ്പടുക്കുക എന്നിവയാണ് സർക്കാരിനു മുന്നിലുള്ള അടിയന്തര കടമകൾ. ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിലുള്ള ദൃശ്യമായ മാറ്റങ്ങൾ വേഗത്തിൽ കൊണ്ടുവന്നില്ലെങ്കിൽ അവർക്കിടയിലുള്ള ക്ഷമ പെട്ടെന്നുതന്നെ നശിച്ചേക്കാം.

ന്യൂനപക്ഷങ്ങളുടെ സംരക്ഷണം പുതിയ സർക്കാരിനു മുന്നിലുള്ള മറ്റൊരു കഠിനമായ പരീക്ഷണമായിരിക്കും. അധികാര കൈമാറ്റ വേളയിൽ ഹിന്ദു വീടുകൾക്കും അഹമ്മദിയാ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ നടന്ന ആക്രമണങ്ങൾ ബംഗ്ലാദേശിന് അകത്തും പുറത്തും വലിയ ആശങ്കകൾക്ക് കാരണമായിട്ടുണ്ട്. മുൻപത്തെ ബി.എൻ.പി - ജമാഅത്ത് ഭരണകാലങ്ങളിലും സമാനമായ അസ്വസ്ഥതകൾ രാജ്യം സാക്ഷ്യം വഹിച്ചിരുന്നു. അതിനാൽ തന്നെ, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യമായ പൗരത്വം ഉറപ്പാക്കാൻ കൃത്യമായ പൊലീസ് ഇടപെടലുകളും നയപരമായ തീരുമാനങ്ങളും പുതിയ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. ഇതിൽ പരാജയപ്പെടുന്നത് ബംഗ്ലാദേശിലെ സാമൂഹിക ഐക്യത്തെ തകർക്കുമെന്ന് മാത്രമല്ല, അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ സൽപ്പേരിന് വലിയ മങ്ങലേല്പിക്കുകയും ചെയ്യും.

ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍

തെരഞ്ഞെടുപ്പ് ഫലങ്ങൾ ദക്ഷിണേഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളേയും പുനർനിർണയിക്കുകയാണ്. ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധം ഇനി ഒരു കരുതലോടെയുള്ള ഘട്ടത്തിലേക്ക് കടന്നേക്കാം. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് സുരക്ഷ, വാർത്താവിനിമയം, ഗതാഗതം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ വലിയ സഹകരണം നിലനിന്നിരുന്നു. എന്നാൽ, ബി.എൻ.പി സർക്കാരുകൾ മുൻകാലങ്ങളിൽ ഇന്ത്യയോട് കൂടുതൽ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. നദീജല കരാറുകളെക്കുറിച്ചും ട്രാൻസിറ്റ് സൗകര്യങ്ങളെക്കുറിച്ചും താരിഖ് റഹ്മാൻ ഈയിടെ നടത്തിയ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്, അദ്ദേഹം വരുംദിവസങ്ങളിൽ ഇന്ത്യയുമായി കൂടുതൽ കടുത്ത വിലപേശലുകൾക്ക് മുതിരുമെന്നാണ്. മുൻ സർക്കാരിന്റെ നയങ്ങളിൽനിന്നു വ്യത്യസ്തമായി സ്വന്തമായൊരു സ്വത്വം പ്രകടിപ്പിക്കാൻ നിലവിലുള്ള കരാറുകൾ പുനഃപരിശോധിക്കണമെന്ന ആവശ്യം അദ്ദേഹം ഉയർത്തിയേക്കാം.

ഇന്ത്യയാകട്ടെ, ഈ മാറ്റങ്ങളോട് ഏറ്റുമുട്ടലിനു പകരം പ്രായോഗികമായ സമീപനമായിരിക്കും സ്വീകരിക്കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം അത്രത്തോളം പ്രാധാന്യമുള്ളതാണ്. സുരക്ഷയ്ക്കും വ്യാപാരത്തിനും അതിർത്തി കടന്നുള്ള സഹകരണം അത്യന്താപേക്ഷിതമാണെന്ന് ഇരുപക്ഷത്തിനും അറിയാം. എന്നാലും നദീജല വിതരണം, അതിർത്തി നിർണയം, വികസന പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വരുംകാലത്ത് കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്. ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി താരിഖ് റഹ്മാനെ വിളിച്ച് അഭിനന്ദിച്ചതും അദ്ദേഹത്തെ ഇന്ത്യയിലേക്ക് ക്ഷണിച്ചതും ബന്ധം മെച്ചപ്പെടുത്താനുള്ള ഇന്ത്യയുടെ താല്പര്യമാണ് കാണിക്കുന്നത്.

ബംഗ്ലാദേശിന്റെ പാകിസ്താനുമായും ചൈനയുമായും ഉള്ള ബന്ധങ്ങളും ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇടക്കാല ഭരണകാലത്ത് പാകിസ്താനുമായുള്ള നയതന്ത്ര ബന്ധങ്ങൾ വർദ്ധിച്ചിരുന്നു. ചൈനയാകട്ടെ, ബംഗ്ലാദേശിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻതോതിൽ നിക്ഷേപം തുടരുകയും ചെയ്യുന്നു. ഇന്ത്യയ്ക്ക് ഇതെല്ലാം നല്ല സന്ദേശമല്ല നൽകുന്നത്. എല്ലാ പ്രമുഖ രാജ്യങ്ങളുമായും ബന്ധം നിലനിർത്തുന്നതോടൊപ്പം തന്നെ ദേശീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു നയതന്ത്ര ശൈലിയായിരിക്കും പുതിയ സർക്കാർ പിന്തുടരുക. ഇത് ബംഗ്ലാദേശിന് അന്താരാഷ്ട്ര തലത്തിൽ കൂടുതൽ അവസരങ്ങൾ നൽകുമെങ്കിലും ദക്ഷിണേഷ്യയിലെ മേഖലാ ഭൗമരാഷ്ട്രീയ വിഷയങ്ങൾ കൂടുതൽ സങ്കീർണമാകാൻ ഇടയാക്കിയേക്കാം.

ദക്ഷിണേഷ്യയെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശിന്റെ ഭാവി നിലപാടുകൾ ഏറെ നിർണായകമാണ്. ബംഗാൾ ഉൾക്കടലിന്റേയും ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടേയും സംഗമസ്ഥാനത്തുള്ള ബംഗ്ലാദേശിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം അതിനെ ഒരു തന്ത്രപ്രധാന രാജ്യമാക്കി മാറ്റുന്നു. ധാക്കയിലെ രാഷ്ട്രീയ സുസ്ഥിരത പ്രാദേശികമായ വ്യാപാരത്തിനും ഗതാഗത സൗകര്യങ്ങൾക്കും വലിയ കരുത്ത് നൽകും. എന്നാൽ, അവിടെയുണ്ടാകുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ വൻശക്തികളുടെ ഇടപെടലിന് വഴിവെക്കാനും മേഖലയിലെ ഭൗമരാഷ്ട്രീയ മത്സരങ്ങൾ കടുപ്പിക്കാനും ഇടയാക്കിയേക്കാം.

അതുകൊണ്ടുതന്നെ, ഈ തെരഞ്ഞെടുപ്പ് പുതിയൊരു ഘട്ടത്തിന്റെ തുടക്കമാണ്. പരിചിതമായ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ തിരിച്ചെത്തിയെങ്കിലും മാറ്റം ആവശ്യപ്പെട്ട സാമൂഹിക ശക്തികൾ ഇന്നും അവിടെ സജീവമാണ്. യുവജനങ്ങൾ, പൗരസമൂഹങ്ങൾ, പ്രൊഫഷണൽ സംഘടനകൾ എന്നിവർക്ക് രാജ്യത്തിന്റെ ഗതി മാറ്റാൻ കഴിയുമെന്ന് കഴിഞ്ഞ പ്രക്ഷോഭങ്ങൾ തെളിയിച്ചുകഴിഞ്ഞു. അവരുടെ പ്രതീക്ഷകൾക്കൊപ്പം ഉയരാൻ കഴിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ ഭരണകൂടത്തിന്റെ വിജയം.

ബംഗ്ലാദേശ് ഇപ്പോൾ നിൽക്കുന്നത് ഒരു നിർണായക ഘട്ടത്തിലാണ്. ഒന്നുകിൽ വലിയ പരിഷ്‌കാരങ്ങളിലൂടെ മുന്നോട്ട് പോകാം, അല്ലെങ്കിൽ പഴയ തെറ്റുകൾ ആവർത്തിക്കാം. തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ പുതിയ സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. ഈ അധികാരം ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഒരു നല്ല ഭരണമാണോ അതോ പഴയതുപോലെ അധികാരം ഒരാളിലേക്ക് മാത്രം കേന്ദ്രീകരിക്കുന്ന രീതിയാണോ കൊണ്ടുവരിക എന്നതാണ് ഇനി അറിയേണ്ടത്. ഇതിനുള്ള ഉത്തരം ബംഗ്ലാദേശിന്റെ ആഭ്യന്തര ഭാവി മാത്രമല്ല, ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സന്തുലിതാവസ്ഥയെത്തന്നെ നിർണയിക്കുന്ന ഒന്നായിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം

സമ്പൂര്‍ണ 'ചന്ദ്രഗ്രഹണം' മാര്‍ച്ച് 3 ന്; സമയം അറിയാം

'കേരളാ സ്റ്റോറി 2'; റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്, മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു, ജയിച്ചു കയറി ഇന്ത്യ; ഇന്നത്തെെ അഞ്ചു പ്രധാന വാർത്തകൾ

ഈ ട്രെയിനുകള്‍ ഇനി 'സ്‌പെഷ്യല്‍' അല്ല; സ്ഥിരമാകുന്നു

മില്‍മയുടെ ആദ്യ പ്രോട്ടീന്‍ സമ്പുഷ്ട ഉല്‍പ്പന്നം 'ന്യൂട്രിലെവല്‍' വിപണിയില്‍; മൂന്ന് പുതിയ പ്രൊഡക്ടുകള്‍ പുറത്തിറക്കി

SCROLL FOR NEXT