P P Sadanandan Writes on Criminal Behavior Patterns from Crime investigation Experience  Samkalika Malayalam
Malayalam Weekly

കുറ്റകൃത്യങ്ങളുടെ രീതിശാസ്ത്രം

കുറ്റവാളികൾക്ക് വിചിത്രവും വ്യത്യസ്തവുമായ പെരുമാറ്റരീതികളുണ്ട്. അത്തരം സ്വഭാവവിശേഷങ്ങൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്നത് കുറ്റവാളികളെ തിരിച്ചറിയാൻ ഉദ്യോഗസ്ഥരെ സഹായിക്കുമെന്ന് മുൻ ക്രൈംബ്രാഞ്ച് എസ്പി പി.പി. സദാനന്ദൻ തന്റെ കേസ് അന്വേഷണ ഓർമ്മക്കുറിപ്പായ “സത്യത്തിന്റെ സാക്ഷി”യിൽ എഴുതുന്നു.

പി പി സദാനന്ദൻ

കുറ്റകൃത്യങ്ങളുടെ രീതിശാസ്ത്രം (MODUS OPERANDI) വളരെ രസകരമായ വിഷയമാണ്. MO എന്നറിയപ്പെടുന്ന മോഡസ് ഓപ്പറാണ്ടി ഒരു ലാറ്റിൻ പദമാണ്. അതിന്റെ അർത്ഥം ‘ഓപ്പറേഷൻ രീതി’ എന്നാണ്. ഓരോ കുറ്റവാളിക്കും സവിശേഷമായ ഒരു പ്രവർത്തനരീതി ഉണ്ട്. കുറ്റകൃത്യം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആയുധങ്ങൾ, തിരഞ്ഞെടുക്കുന്ന ഇരകൾ, പറയുന്ന ചില വാക്കുകൾ തുടങ്ങി ഏതു കാര്യങ്ങളും പ്രതികളെ തിരിച്ചറിയാൻ സഹായിക്കും.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന സമയത്തുള്ള കുറ്റവാളികളുടെ സൂക്ഷ്മമായ പെരുമാറ്റവും പ്രവർത്തനരീതികളും രേഖപ്പെടുത്താൻ പൊലീസ് സ്റ്റേഷനിൽ പ്രത്യേക രജിസ്റ്റർ ഉണ്ട്. സ്റ്റേഷൻ ക്രൈം ഹിസ്റ്ററി പാർട്ട് വൺ. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് തുടങ്ങിയ രജിസ്റ്റർ ആണ്.

ഓരോ ക്രിമിനൽ സംഘങ്ങളുടേയും മോഡസ് ഓപ്പറാണ്ടി സൂക്ഷ്മമായി പഠിച്ചാൽ സംഭവസ്ഥലം സന്ദർശിക്കുന്നതോടെ വിദഗ്ദ്ധരായ അന്വേഷണ ഉദ്യോഗസ്ഥർക്ക് കുറ്റകൃത്യം ചെയ്തത് ആരാണ് എന്ന് നിഗമനത്തിലെത്താൻ കഴിയും. സ്വന്തം പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കുറ്റവാളികളുടെ പ്രവർത്തനരീതികൾ മാത്രം പഠിക്കുന്നതിനു പകരം ജില്ലയിലും സംസ്ഥാനത്തും ഒട്ടാകെയുള്ള ക്രിമിനലുകളുടേയും അന്താരാഷ്ട്രതലത്തിൽ തന്നെ ഉള്ള ചില സവിശേഷ കുറ്റങ്ങളുടേയും മോഡസ് ഓപ്പറാണ്ടി പഠിച്ചെടുക്കാവുന്നവർ വലിയ ഡിറ്റക്ടീവ് ഓഫീസർമാരായി മാറും.

കുറ്റവാളികളുടെ ആത്മമുദ്ര പതിഞ്ഞ പ്രവർത്തനരീതി പഠിക്കുക എന്നത് പൊലീസിൽ ചേർന്നതു മുതൽ വലിയ കൗതുകത്തോടെ പിന്തുടർന്നിട്ടുണ്ട്. കോളിളക്കം സൃഷ്ടിച്ച സെൻസേഷണലായ പല കുറ്റകൃത്യങ്ങളും എളുപ്പത്തിൽ തെളിയിക്കാൻ ഈ അറിവ് ഉപകരിക്കും.

ഒരു കുറ്റവാളിയുടെ മോഡസ് ഓപ്പറാണ്ടിയെ മനസ്സിലാക്കുന്നത് അന്വേഷകർക്ക് വളരെ പ്രധാനമാണ്. ഇത് കുറ്റവാളികളെ തിരിച്ചറിയുന്നതിനും അവരുടെ ഭാവിപ്രവർത്തനങ്ങളെ മനസ്സിലാക്കുന്നതിനും അത്യാവശ്യമാണ്. പ്രതികളുടെ പ്രൊഫൈലുകൾ തയ്യാറാക്കുന്നതിന് ഇത് ആവശ്യമാണ്.

രാജ്യത്തെവിടെയും നടക്കുന്ന വൻ കുറ്റകൃത്യങ്ങളുടെ പുതിയ മോഡസ് ഓപ്പറാണ്ടികൾ നിരന്തരം പഠിച്ചാൽ അതിന്റെ അടിസ്ഥാനത്തിൽ കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയാം. കുറ്റാന്വേഷണത്തിന്റെ ക്രിമിനൽ ടു ക്രൈം എന്ന അന്വേഷണരീതിയാണ് ഇത്. ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യവും രീതിയും മുൻകൂട്ടി പഠിക്കുന്ന രീതി. എന്നാൽ, കുറ്റകൃത്യം നടന്ന ശേഷം സംഭവസ്ഥലത്തെത്തി അവിടെനിന്നും ലഭിക്കുന്ന തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിൽ കുറ്റവാളി ആരെന്ന് നിഗമനത്തിലെത്തുന്ന രീതിയാണ് ക്രൈം ടു ക്രിമിനൽ. ഒന്നാമത്തെ രീതി പിന്തുടരുന്നവർ വളരെ അപൂർവം മാത്രമേ ഉള്ളൂ. അത് ഏറെ അധ്വാനവും റിസ്‌ക്കുമുള്ള രീതിയാണ്. ഈ രണ്ടു രീതികളും തുല്യമായി പരീക്ഷിക്കാൻ എന്റെ സർവീസിൽ ശ്രമിച്ചിട്ടുണ്ട്.

P P Sadanandan Writes on Criminal Behavior Patterns from Crime investigation Experience

പകൽസമയത്ത് ഭവനഭേദനം നടത്തി കവർച്ച നടത്തുന്ന സഹോദരന്മാരായ പ്രതികൾക്ക് പൊലീസുകാർ ഇട്ട പേര് പൊട്ടനും പൊളിയനും. അവരെ അറസ്റ്റ് ചെയ്തപ്പോൾ പറഞ്ഞ കഥ അതിവിചിത്രമാണ്: “സാറേ ടീച്ചറും മാഷുമാണ് വീട്ടുകാർ. രാവിലെ പോയാൽ വൈകുന്നേരം 4 മണി കഴിഞ്ഞാലേ തിരിച്ചെത്തുകയുള്ളൂ. ഞങ്ങടെ പണി തിരക്കുപിടിച്ച് ചെയ്യേണ്ട കാര്യമില്ല പത്തുമണിക്ക് ശേഷം കയറിയാൽ ഭക്ഷണമൊക്കെ ഉണ്ടാക്കി കഴിച്ച് ഉറക്കവും കഴിഞ്ഞ് സാവകാശത്തിൽ ഇറങ്ങിയാൽ മതി.”ഇങ്ങനെ മോഷ്ടിക്കാൻ കയറിയ വീട്ടിൽ കൂടുതൽ സമയം ഉറങ്ങിപ്പോയതുകൊണ്ട് വീട്ടുകാരുടെ പിടിയിലകപ്പെട്ടപ്പോഴാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ശ്രീകണ്ഠപുരത്ത് രാത്രി ഏറെ വൈകി ഒരു കടയുടെ ഷട്ടറിന് പെയിന്റ് അടിക്കുന്നതായി പെട്രോളിന് ഇറങ്ങിയ പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടു. കാര്യം തിരക്കി.

“ഓണം സീസൺ വരികയാണ് സർ. പകൽസമയത്ത് നല്ല തിരക്കിനിടയിൽ ഇത്തരം വർക്ക് നടക്കില്ല. അതുകൊണ്ടാണ് രാത്രി പങ്കെടുക്കാം എന്ന് കരുതിയത്” എന്ന് ഉത്തരം.

പിറ്റേ ദിവസം രാവിലെ പൊലീസ് സ്റ്റേഷനിൽ ഒരു പരാതി. തലേദിവസം ഷട്ടറിന് പെയിന്റടിക്കുന്നതായി കണ്ട കടയിൽ വൻ കവർച്ച നടന്നതായി കടയുടമയുടെ പരാതി. കവർച്ചയ്ക്കിടയിൽ പൊലീസെത്തിയപ്പോൾ കണ്ട ഉപായം ആയിരുന്നു പെയിന്റടി. ഇങ്ങനെ ഏതു സാഹചര്യത്തിലും മനസ്സാന്നിധ്യം പ്രകടിപ്പിക്കുന്ന കള്ളന്മാർ ഉണ്ട്.

P P Sadanandan Writes on Criminal Behavior Patterns from Crime investigation Experience

ജനലഴി അറുത്തുമാറ്റി വീടിനകത്ത് കയറി കളവുനടത്തി അതേ വഴിയിൽ പുറത്തിറങ്ങിയശേഷം അറുത്തുമാറ്റിയ കഷണം അതിന്റെ പെയിന്റ് ഏത് കളറിലാണോ അതേ കളറുള്ള സെലോഫെയ്ൻ ടേപ്പ് (cellophane tape) ഉപയോഗിച്ച് ഒട്ടിച്ചുചേർത്ത് സ്ഥലം വിടുന്ന ഒരു സംഘം ഉണ്ട്. വീട്ടിനകത്ത് പ്രവേശിച്ചത് എങ്ങനെയെന്ന് പ്രാഥമിക പരിശോധനയിൽ പൊലീസിന് കണ്ടെത്താൻ ബുദ്ധിമുട്ടാകും.

ബീഡി വലിച്ച ശേഷം അതിന്റെ കത്തിയ ഭാഗം നിലത്തോ ചുമരിലോ കുത്തി ഉരക്കുന്ന സ്വഭാവം നളൻ എന്ന മോഷ്ടാവിനുണ്ട്. കുമാരനാശാന്റെ പട്ടും വളയും കളവുപോയ പഴയൊരു സംഭവത്തിൽ നളനാണ് പ്രതി എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ബി. ശശിധരൻ തിരിച്ചറിഞ്ഞത് ബീഡി കുത്തി ഉരച്ച അടയാളം കണ്ടിട്ടാണ്.

അഭ്യസ്തവിദ്യരായ യുവതികളെ സമീപിച്ച് ഉയർന്ന ശമ്പളത്തിലുള്ള ജോലികൾ ഗൾഫ് രാജ്യത്ത് വാഗ്ദാനം ചെയ്ത് ഹോട്ടൽമുറിയിലേക്ക് ഇന്റർവ്യൂ ചെയ്യാൻ വിളിപ്പിക്കുന്നത് മേലാറ്റൂർ അസൈനാറിന്റെ രീതിയാണ്. ഇന്റർവ്യൂ നടത്തുന്നതിനായി അറബി അകത്തെ മുറിയിലുണ്ട് എന്ന് ധരിപ്പിക്കുന്നു. വലിയ സ്വർണാഭരണങ്ങൾ ഒക്കെ ധരിച്ചുപോയാൽ സമ്പന്നയാണെന്ന് കരുതി ജോലിക്ക് തെരഞ്ഞെടുക്കാൻ സാധ്യതയില്ല. അതുകൊണ്ട് ആഭരണങ്ങൾ ഒക്കെ അഴിച്ചുവെയ്ക്കണം - പുറത്തുനിൽക്കുന്ന ആളുടെ നിർദേശം. ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചുവരുമ്പോഴേക്കും ആഭരണം വാങ്ങിവെച്ച ആൾ സ്ഥലംവിട്ടുകാണും. തിരക്കിനിടയിൽ വിദഗ്ദ്ധമായി മുങ്ങാൻ അറബിവേഷം കെട്ടുന്ന അസൈനാർ വിദഗ്ദ്ധനാണ്. പലയിടങ്ങളിലായി നടത്തിയ ഇന്റർവ്യൂകളിൽ വഞ്ചനയ്ക്ക് വിധേയമായവരിൽ വനിതാപൊലീസ് തൊട്ട് എ പി പി വരെ ഉണ്ട്.

പൊന്ന്യം ബാങ്ക് കവർച്ച നടത്തിയത് അയ്യനാർ സംഘാംഗങ്ങളാണെന്ന് സംഭവസ്ഥലം സന്ദർശിച്ചപ്പോൾ തന്നെ തിരിച്ചറിഞ്ഞു. കണ്ണൂർ പള്ളിക്കുന്നിൽ വീട്ടുകാരെ മുഴുവൻ കെട്ടിയിട്ടശേഷം കവർച്ച നടത്തി വീട്ടുമുറ്റത്തെ കാറുമെടുത്ത് രക്ഷപ്പെട്ടു പോയ സംഘം മഹാരാഷ്ട്രയിലെ ഹനുമാൻ ഗ്യാങ്ങാണ് എന്ന് തിരിച്ചറിഞ്ഞത് വീട്ടുകാരുടെ മുഖത്ത് ഒട്ടിച്ച സെലോഫെയ്ൻ ടേപ്പ് ( cellophane tape) കണ്ടിട്ടാണ്. ഇതുപോലുള്ള മറ്റൊരു ഓപ്പറേഷനിൽ മംഗലാപുരം പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെ ഉപയോഗിച്ച അതേ തരത്തിലുള്ള ഒട്ടിക്കാൻ ഉപയോഗിക്കുന്ന ടേപ്പ് പ്രതികളിലേക്കുള്ള സൂചനയായിരുന്നു.

മാതൃഭൂമി ലേഖകന്റെ വീട് പൊളിച്ചുകയറി വീട്ടുകാരെ മർദിച്ചശേഷം സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഘം ബംഗ്ലാദേശിൽനിന്നുള്ള ശിക്കാരി ഗ്യാങ്ങാണെന്ന് തിരിച്ചറിയാനുള്ള ചില ശേഷിപ്പുകൾ ആ ക്രൈം സീനിൽ ഉണ്ടായിരുന്നു. മോഡസ് ഓപ്പറാണ്ടി പഠനം അന്താരാഷ്ട്ര തലത്തിൽ തന്നെ വ്യാപിപ്പിക്കാനുള്ള ഒന്നാണ്. കവർച്ചയ്ക്ക് മാത്രമല്ല, പരമ്പര കൊലപാതകങ്ങൾക്കും സൈബർകുറ്റകൃത്യങ്ങൾക്കും വഞ്ചനാക്കുറ്റങ്ങൾക്കും മോഡസ് ഓപ്പറാണ്ടി പഠനം അത്യാവശ്യമാണ്.

കോഴിക്കോട് മുത്തൂറ്റ് ബാങ്ക് കവർച്ച നടത്തിയശേഷം കിലോക്കണക്കിന് സ്വർണവുമായി രക്ഷപ്പെട്ട പ്രതി അവിടെനിന്നും ഒരു ടാക്‌സി പിടിച്ച് ബാംഗ്ലൂരിലേക്ക് പോകുന്നു. ടാക്‌സി ഡ്രൈവർക്ക് വാടകയ്ക്ക് പുറമേ ഒരു സ്വർണനാണയം കൂടി ഗിഫ്‌റ്റായി നൽകുന്നു. ബാംഗ്ലൂരിൽനിന്നും മറ്റൊരു ടാക്‌സി പിടിച്ച് പൂനെയിലേക്ക്. അവിടെയും ടാക്‌സി ഡ്രൈവർക്ക് സ്വർണനാണയം സമ്മാനം നൽകുന്നു. അശോക് പരേഷ് അമ്പുർലെ എന്ന മുംബൈ സ്വദേശിയുടേതാണ് വിചിത്രമായ ഈ പ്രവർത്തനരീതി. പതിറ്റാണ്ടുകൾക്കുശേഷം പാലക്കാട് നടന്ന ഒരു പുതിയ കവർച്ചയുടെ പത്രവാർത്ത കണ്ടപ്പോൾ അതിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിയാൻ ഏറെ ആലോചിക്കേണ്ടിവന്നില്ല. അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ചറിയിച്ചു.

ഇങ്ങനെ എത്രയോ വിചിത്രവും സവിശേഷവുമായ പ്രവർത്തനരീതികൾ ക്രിമിനലുകൾക്ക് ഉണ്ട്. കോളിളക്കം സൃഷ്ടിച്ച ചില കേസുകളുടെ കഥകൾ എഴുതണമെങ്കിൽ എന്താണ് മോഡസ് ഓപ്പറാണ്ടി എന്ന് വിശദീകരിക്കേണ്ടത് ഉള്ളതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

Criminals have strange and distinctive behavior patterns. Former Crime Branch SP, P P Sadanandan shares insights from his case investigation experiences in the series Sathyathinte Sakshi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപി ഫണ്ട്: സുരേഷ് ഗോപി പിന്നില്‍; ഷാഫി ചെലവഴിച്ചത് നാലു ശതമാനം മാത്രം, രണ്ട് എംപിമാര്‍ ഒരു രൂപ പോലും വിനിയോഗിച്ചില്ല

പുകമറ മാറുമ്പോൾ സത്യം വ്യക്തമാകും; തരൂരിന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഗൗതം ഗംഭീർ

'പരാജയം വന്നതോടെ പലരും കൈ വിട്ടു, ചെയ്യുന്നതെല്ലാം തെറ്റാകും'; കരിയറിലെ മോശം സമയത്തെക്കുറിച്ച് ജയറാം

സഹകരിക്കാനാവില്ലെന്ന് സതീശന്‍, പ്രതിപക്ഷത്തിന്‍റേത് തിണ്ണമിടുക്കെന്ന് എംബി രാജേഷ്; സ്വര്‍ണക്കൊള്ള നിയമസഭയില്‍

രാസവസ്തുക്കൾ ചേർത്ത് പഴുപ്പിച്ച പഴം തിരിച്ചറിയാം

SCROLL FOR NEXT