പി. പ്രസാദ് ഔദ്യോഗികവാഹനത്തില്‍ നിന്നിറങ്ങുന്നു സമകാലിക മലയാളം വാരിക
Malayalam Weekly

13-ാം നമ്പറിന്റെ രാഷ്ട്രീയം: ശാസ്ത്രീയബോധവും ഭരണഘടനയുടെ സന്ദേശവും

പി. പ്രസാദ്

ഒരു ജനാധിപത്യ സമൂഹത്തിന്റെ ശക്തി അതിന്റെ യുക്തിചിന്തയിലും ശാസ്ത്രീയ ബോധത്തിലുമാണ് അടങ്ങിയിരിക്കുന്നത്. ശാസ്ത്രം മനുഷ്യനെ ബഹിരാകാശത്തിലെത്തിച്ച ഈ കാലഘട്ടത്തിലും ‘13’ എന്ന അക്കത്തെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങൾ ഭരണാധികാരികളിലേക്കുവരെ കടന്നുവരുന്നത് സമൂഹം ആത്മപരിശോധന നടത്തേണ്ട വിഷയമാണ്. മന്ത്രിമാർക്കായി അനുവദിച്ച വാഹനങ്ങളിൽ 13-ാം നമ്പർ വാഹനം സ്വീകരിക്കാൻ ആദ്യം ആരും തയ്യാറായില്ല എന്നത് ഒരു വാർത്ത മാത്രമായി കാണാനാവില്ല; സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന അന്ധവിശ്വാസത്തിന്റെ ആഴമാണ് ഇത് വെളിവാക്കുന്നത്.

ഇവിടെയാണ് ഇന്ത്യൻ ഭരണഘടനയുടെ Article 51A(h) അതീവ പ്രസക്തമാകുന്നത്. ഇതിൽ ഭരണഘടന ഓരോ പൗരന്റേയും അടിസ്ഥാന കടമയായി നിർദേശിക്കുന്നത്: “ശാസ്ത്രീയ മനോഭാവവും മനുഷ്യസ്നേഹവും അന്വേഷണ-പരിഷ്‌കരണ ചിന്തയും വളർത്തുക” എന്നതാണ്. 1950-ൽ ഭരണഘടന നിലവിൽ വരുമ്പോൾ മൗലിക കടമകൾ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, പുരോഗതിയിലേക്ക് കുതിക്കേണ്ട ഒരു രാജ്യം അന്ധവിശ്വാസങ്ങളുടേയും അബദ്ധധാരണകളുടേയും തടവറകളിലേക്ക് ഒരിക്കലും എത്തപ്പെടരുതെന്ന ചിന്ത ഇന്ദിരാഗാന്ധി അടക്കമുള്ള ഭരണാധികാരികളേയും ദേശീയ നേതാക്കളേയും ഭരിച്ചപ്പോൾ ഭരണഘടനയുടെ 42-ാം ഭേദഗതി ഉണ്ടായി. അങ്ങനെയാണ് 1976-ൽ അടിയന്തരാവസ്ഥക്കാലത്ത് മൗലിക കർത്തവ്യങ്ങൾ ഭരണഘടനയുടെ ഭാഗമായി മാറിയത്. അതിലാണ് Article 51A(h) ഉൾപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ ഒരു വലിയ വിരോധാഭാസത്തിലൂടെയാണ് കടന്നുപോയത്. ഒരു വശത്ത് ശാസ്ത്ര-സാങ്കേതിക പുരോഗതി; മറുവശത്ത് ജാതിവ്യവസ്ഥയും അന്ധവിശ്വാസങ്ങളും സാമൂഹിക പിന്നോക്കാവസ്ഥയും. ഇന്ത്യയെ പുരോഗതിയിലേക്ക് എത്തിക്കാൻ രാഷ്ട്രീയ ജനാധിപത്യം മാത്രം മതിയാവുകയില്ല എന്ന് ദേശീയ നേതാക്കൾക്ക് വ്യക്തമായിരുന്നു. സമൂഹം യുക്തിചിന്തയിലേക്കു പുരോഗമിക്കേണ്ടത് അനിവാര്യമാണെന്ന് അവർ തിരിച്ചറിഞ്ഞ കാലമായിരുന്നു അത്. ഈ നിലപാടുതറയിൽ നിന്നുകൊണ്ടാണ് ‘ശാസ്ത്രീയ മനോഭാവം വളർത്തുക’ എന്നത് ഓരോ പൗരന്റേയും കടമയായി ഭരണഘടനയുടെ ഭാഗമാക്കുന്നത്. ലോകത്തിലെ വളരെ കുറച്ച് ഭരണഘടനകളിൽ മാത്രമാണ് ശാസ്ത്രീയബോധം ഒരു ഭരണഘടനാ മൂല്യമായി ഇത്ര വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളത്.

ഭരണഘടനയിൽ ഉൾച്ചേർക്കുന്നതിനു മുന്‍പുതന്നെ ഈ ആശയം ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ബൗദ്ധിക പാരമ്പര്യത്തിൽ ശക്തമായി നിലനിന്നിരുന്നതായി നമുക്കു കാണാൻ കഴിയും. ജവഹർലാൽ നെഹ്‌റു നായകസ്ഥാനത്ത് നിലയുറപ്പിച്ചപ്പോൾ ഇന്ത്യ പുരോഗമന ചിന്തകളെ ഉള്ളിൽപ്പേറാൻ തയ്യാറെടുക്കുകയായിരുന്നു. നെഹ്‌റു മുന്നോട്ടുവെച്ച ‘ശാസ്ത്രീയ മനോഭാവം’ എന്ന ആശയമാണ് Article 51A(h)-ന്റെ ആത്മാവ്. ശാസ്ത്രീയ മനോഭാവം വളർത്തുക എന്നത് ഒരു സാധാരണ ഉപദേശമല്ല. ജനാധിപത്യ ഇന്ത്യയുടെ ആത്മാവായി ഇത് ഉണ്ടാവണമെന്ന ചിന്തയാണ് ഭരണഘടനയിൽ ഉൾച്ചേർക്കാൻ പ്രേരണാഘടകമായി മാറിയത്. ഭരണഘടന പൗരന്മാരോട് ആവശ്യപ്പെടുന്ന ഈ യുക്തിചിന്ത ഭരണകൂടത്തിൽ ഇരിക്കുന്നവർക്ക് അതിലേറെ ബാധകമാണ്. കാരണം അവർ സമൂഹത്തിന് മാതൃകയാകേണ്ടവരാണ് എന്നതു തന്നെ.

ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്‌റു ‘Scientific Temper’ എന്ന ആശയത്തെ ഇന്ത്യയുടെ ദേശീയ സ്വഭാവത്തിന്റെ ഭാഗമായി ഉയർത്തിക്കാട്ടിയ നേതാവായിരുന്നു. നെഹ്‌റുവിന്റെ കാഴ്ചപ്പാടിൽ ‘Scientific Temper’ എന്നത് വെറും ശാസ്ത്രപഠനം മാത്രമല്ല, ഭയങ്ങളിൽനിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന സാമൂഹിക ബോധവുമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യയുടെ ഭാവിയെ, ശാസ്ത്രസ്ഥാപനങ്ങളോടും ഗവേഷണ കേന്ദ്രങ്ങളോടും ബന്ധിപ്പിച്ചത്. ശാസ്ത്രീയബോധം ഇല്ലാതെ ഒരു രാജ്യവും പുരോഗമിക്കില്ലെന്ന് നെഹ്‌റു ആവർത്തിച്ചു പറഞ്ഞിരുന്നു. ഇന്ത്യയിലെ ഐ.ഐ.ടികൾ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങൾ, ബഹിരാകാശ-ആണവ ഗവേഷണ കേന്ദ്രങ്ങൾ എന്നിവയുടെ രൂപീകരണത്തിനു പിന്നിൽ നെഹ്‌റുവിന്റെ ഈ ദീർഘദർശനം തന്നെയാണ് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ശാസ്ത്രീയബോധം എന്നത് വെറും സാങ്കേതികവിദ്യയുടെ വളർച്ചയല്ല, അന്ധവിശ്വാസങ്ങളിൽനിന്ന് സമൂഹത്തെ മോചിപ്പിക്കുന്ന സാംസ്കാരിക മുന്നേറ്റവുമായിരുന്നു.

ഇത് വെറും ഒരു ഭരണഘടനാവാചകമോ ഒരു സാധാരണ ഉപദേശമോ മാത്രമല്ല, ആധുനിക ഇന്ത്യയുടെ ദിശാബോധമാണ്. ശാസ്ത്രീയ മനോഭാവം എന്നത് ലബോറട്ടറികളിൽ മാത്രം ഒതുങ്ങുന്ന ശാസ്ത്രമല്ല, ജീവിതത്തെ യുക്തിപരമായി കാണാനുള്ള സാമൂഹിക ബോധമാണ്.

പി.പ്രസാദ്

ഭയത്തേയും അന്ധവിശ്വാസത്തേയും ചോദ്യം ചെയ്യാനുള്ള ധൈര്യമാണ്. ഇന്ത്യയുടെ ഭരണഘടന ശാസ്ത്രീയബോധത്തെ ഒരു ദേശീയ മൂല്യമായി ഉയർത്തിപ്പിടിക്കുമ്പോൾ അധികാരസ്ഥർ തന്നെ അന്ധവിശ്വാസങ്ങളുടെ അടിമകളാകുന്നത് ഭരണഘടനയുടെ ആത്മാവിനോടുള്ള അവഹേളനമാണ്.

ഇന്ന് AI മനുഷ്യന്റെ ഭാഷ മനസ്സിലാക്കുകയും ലോകത്തിന്റെ ഭരണക്രമങ്ങളേയും സാമ്പത്തിക വ്യവസ്ഥയേയും തൊഴിൽ മേഖലയേയും വരെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ക്വാണ്ടം കംപ്യൂട്ടറുകൾ സെക്കൻഡുകൾക്കുള്ളിൽ അസാധ്യമായ കണക്കുകൂട്ടലുകൾ നിർവഹിക്കുകയും മനുഷ്യബുദ്ധിയുടെ അതിരുകൾ പുനർനിർവചിക്കുകയും ചെയ്യുന്ന കാലമാണിത്. ജനിതകശാസ്ത്രമാവട്ടെ, മനുഷ്യശരീരത്തിന്റെ രഹസ്യങ്ങൾ തുറന്നുകാട്ടുന്നു. അത്തരമൊരു കാലത്ത് ‘13’ എന്ന അക്കത്തെ ദോഷകരമായി കാണുന്നത് ശാസ്ത്രത്തെ നിഷേധിക്കുന്ന മനോഭാവമാണ്. ജൻ-സിയും ഡിജിറ്റൽ ബുദ്ധിയുമായി വളരുന്ന ജൻ-ആൽഫയും ജീവിക്കുന്നത് വിവരസാങ്കേതികവിദ്യയുടെ ഈ അതിവേഗ ലോകത്താണ്. അവർ ഉത്തരങ്ങൾ തേടുന്നത് ജ്യോതിഷ കലണ്ടറുകളിലല്ല, ഡാറ്റയിലും ശാസ്ത്രത്തിലും യുക്തിയിലുമാണ്. അത്തരമൊരു കാലത്ത് ആ തലമുറയുടെ മുന്‍പിൽ ഒരു നമ്പറിനെ പേടിച്ച് ഭയന്ന് അധികാരകേന്ദ്രങ്ങൾ പിന്നോട്ടു പോകുന്നത് വെറും തമാശയല്ല- അത് സമൂഹത്തിനു നൽകുന്നത് അപകടകരമായ സന്ദേശമാണ്. സാങ്കേതിക പുരോഗതിയും സാമൂഹികബോധവും തമ്മിലുള്ള വലിയ വിരോധാഭാസം വെളിവാക്കുകയും ചെയ്യുന്നു.

‘13’ എന്ന അക്കമുള്ള ഒരു വാഹനം ഒഴിവാക്കപ്പെടുമ്പോൾ അത് ഒരു വാഹനനമ്പറിന്റെ പ്രശ്നമല്ല, ശാസ്ത്രീയബോധത്തോട് ഭരണകൂടം എത്രത്തോളം പ്രതിബദ്ധമാണെന്ന ചോദ്യമാണ്. ഭരണകൂടത്തിന്റെ യഥാർത്ഥ സുരക്ഷ Z പ്ലസിൽ അല്ല, സയന്റിഫിക്ക് ടെമ്പറിൽ ആണ്. ‘13’ എന്ന അക്കത്തിന് ദോഷകരമായ എന്തെങ്കിലും ശക്തിയുണ്ടെന്ന ധാരണയ്ക്ക് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. ഒരു അക്കത്തെ ഭയക്കുന്നത് വ്യക്തിപരമായ വിശ്വാസമെന്നതിലുപരി പൊതുസമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ജനങ്ങൾ ജീവിതപ്രശ്നങ്ങളിൽ ശാസ്ത്രത്തേയും യുക്തിയേയും ആശ്രയിക്കേണ്ട സമയത്ത് പൊതുപ്രവർത്തകർ തന്നെ അന്ധവിശ്വാസങ്ങൾക്ക് വഴങ്ങുന്നത് പുരോഗമന കേരളത്തിന്റെ പാരമ്പര്യത്തോട് പൊരുത്തപ്പെടുന്നതല്ല. അന്ധവിശ്വാസങ്ങൾ മനുഷ്യമനസ്സിൽ ഇരുട്ട് സൃഷ്ടിക്കുമ്പോൾ ശാസ്ത്രീയ ബോധം അതിനെതിരെയുള്ള വെളിച്ചമാണ്. ആ വെളിച്ചം ഉയർത്തിപ്പിടിക്കേണ്ടവർ ഭരണകൂടങ്ങളാണ്. ഇരുട്ടിനെ പ്രോത്സാഹിപ്പിക്കേണ്ടവർ അല്ല. ഭരണഘടന ശാസ്ത്രീയബോധം ആവശ്യപ്പെടുമ്പോൾ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് ഭരണഘടനയോടുള്ള മൗന അവഹേളനം കൂടിയാണെന്നു തിരിച്ചറിയണം.

കേരളം നവോത്ഥാന പ്രസ്ഥാനങ്ങളിലൂടെ യുക്തിചിന്തയുടെ വെളിച്ചം തെളിച്ച നാടാണ്. ശ്രീനാരായണ ഗുരു, അയ്യന്‍കാളി, ചട്ടമ്പിസ്വാമികൾ, സഹോദരൻ അയ്യപ്പൻ തുടങ്ങിയ മഹത്തുക്കൾ സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്ന് മോചിപ്പിക്കാൻ പോരാടിയവരാണ്. ആ നവോത്ഥാന പാരമ്പര്യത്തിന്റെ അവകാശികളായ കേരളീയർക്ക് ഒരു അക്കത്തെ ഭയന്ന് പിന്നോട്ടുപോകാൻ എങ്ങനെയാണ് കഴിയുക.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ‘13’ നമ്പർ കാർ ഉപയോഗിച്ച മന്ത്രിയായിരുന്നു ഞാൻ. ആ നമ്പർ ഒരു ദുരനുഭവവും എനിക്കുണ്ടാക്കിയിട്ടില്ല. മറിച്ച് പൊതുജീവിതത്തിൽ യുക്തിചിന്ത ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വം കൂടുതൽ ബോധ്യപ്പെടുത്തുകയായിരുന്നു. ഒരു വാഹനത്തിന്റെ നമ്പർ മനുഷ്യന്റെ ജീവിതമോ പ്രവർത്തനമോ വിധിയോ നിർണയിക്കുന്നില്ല എന്നാണ് എന്റേയും അനുഭവം. പൊതുപ്രവർത്തകരുടെ മൂല്യം തീരുമാനിക്കുന്നത് വാഹനത്തിന്റെ നമ്പരിലല്ല, അവരുടെ ജനസേവനത്തിന്റേയും രാഷ്ട്രീയ നിലപാടുകളുടേയും അടിസ്ഥാനത്തിലാണ്.

അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടം വെറും ആശയപരമായ തർക്കമല്ല, അത് ഭരണഘടനാ മൂല്യങ്ങളുടെ സംരക്ഷണമാണ്. ഒരു സമൂഹം ശാസ്ത്രീയബോധം നഷ്ടപ്പെടുത്തുമ്പോൾ അവിടെ യുക്തിക്ക് പകരം ഭയമാണ് വളരുന്നത്. ഭയം വളരുന്നിടത്ത് ചൂഷണവും അന്ധതയും ശക്തമാകും. ഇലന്തൂരിൽ നടന്ന നരബലി നാം മറന്നുപോകാൻ പാടില്ലാത്തതാണ്. അന്ധവിശ്വാസങ്ങൾ മനുഷ്യമനസ്സിൽ ഇരുട്ട് സൃഷ്ടിക്കുമ്പോൾ ശാസ്ത്രീയബോധം അതിനെതിരെയുള്ള വെളിച്ചമാണ്. ആ വെളിച്ചം ഉയർത്തിപ്പിടിക്കേണ്ട ഉത്തരവാദിത്വം ഭരണകൂടങ്ങൾക്കുണ്ട് എന്നത് ആരും വിസ്മരിക്കാൻ പാടില്ല. ഭരണാധികാരികൾ ഇരുട്ടിനെ പ്രോത്സാഹിപ്പിക്കുന്നവർ ആകാനേ പാടില്ല. ഇന്ത്യയുടെ ഭരണഘടന പൗരന്മാരോട് ആവശ്യപ്പെടുന്നതും ഭയത്തെ ആരാധിക്കാനല്ല, മറിച്ച് യുക്തിയെ സ്വീകരിക്കാനാണ്. ശാസ്ത്രീയ ബോധം എന്നത് ലബോറട്ടറിയിൽ മാത്രം നടക്കുന്ന പരീക്ഷണങ്ങളല്ല. അത് സമൂഹത്തെ അന്ധവിശ്വാസങ്ങളിൽനിന്ന് മോചിപ്പിക്കുന്ന സംസ്കാരമാണെന്ന് ആരെല്ലാം വിസ്മരിച്ചാലും ഭരണാധികാരികളുടെ ഉള്ളിലുണ്ടായേ മതിയാവൂ. AI ഉപയോഗിക്കുന്ന ഭരണകൂടം അന്ധവിശ്വാസം പ്രചരിപ്പിക്കുമ്പോൾ അത് പുരോഗതിയുടെ വേഷം ധരിച്ച പിന്നാക്ക ചിന്ത മാത്രമാണ്.

ഇന്ത്യയെ കണ്ടെത്തലിൽ നെഹ്റു എഴുതി: “നമുക്കു വേണ്ടത് ശാസ്ത്രീയ മനോഭാവമാണ്. അത് പരിശോധനകളും പരീക്ഷണങ്ങളും കൂടാതെ ഒന്നും അംഗീകരിക്കാതിരിക്കുക എന്ന ഉറച്ച നിലപാടാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പഴയ നിഗമനങ്ങൾ ആവശ്യമെങ്കിൽ മാറ്റാനുള്ള സന്നദ്ധതയാണ് അത്. മുൻധാരണകൾ ഒഴിവാക്കിക്കൊണ്ട് നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ ഉരുത്തിരിയുന്ന വസ്തുതകളെ ആശ്രയിക്കാനുള്ള തീരുമാനമാണ്. ശാസ്ത്രീയ മനോഭാവം ശാസ്ത്രലോകത്തെ സങ്കീർണ പ്രതിഭാസങ്ങൾ വിശദീകരിക്കാൻ ഒരുകൂട്ടം ശാസ്ത്രജ്ഞർക്കുള്ള ഉപാധിയാണെന്നല്ല കരുതേണ്ടത്. നിരവധിയായ നിത്യജീവിത പ്രശ്നങ്ങളുടെ പരിഹാരത്തിന് എല്ലാവരും പരിശീലനംകൊണ്ട് ആർജിച്ചെടുക്കേണ്ട മനോഭാവമാണിത്.” നെഹ്റുവിയൻ ചിന്തകൾ വിസ്മൃതിയിലാക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികളെക്കുറിച്ച് വാചാലരാവുന്നവർ ഇതൊന്നും ഇപ്പോഴും മനസ്സിൽ കയറ്റുന്നതേയില്ല എന്നിടത്ത് തിരുത്തലുകൾ അനിവാര്യമായ ഇടങ്ങൾ വെളിവാക്കിത്തരുന്നുമുണ്ട്.

അതുകൊണ്ട് 13-ാം നമ്പർ കാറിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നത് ഭരണഘടന നമ്മോട് ആവശ്യപ്പെടുന്ന ശാസ്ത്ര അവബോധം വളർത്താനാണ്, ഭയത്തിന്റെ റിപ്പബ്ലിക്കിൽ തടവിലാകാനല്ല. ഒരു നമ്പറിനെ പേടിക്കുന്ന മനസ്സ് ജനങ്ങളുടെ ഭാവിയെ നയിക്കാൻ ശക്തമല്ല.

നെഹ്‌റു സ്വപ്നംകണ്ട ആധുനിക ഇന്ത്യയും ഭരണഘടന മുന്നോട്ടുവെക്കുന്ന ഇന്ത്യയും അതുതന്നെയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'ഇവ ഒരിക്കലും പാസ് വേർഡ് ആയി നല്‍കരുത്, ക്രിയേറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടത്; വോസിന്യയുടെ കത്രിക പൂട്ട് കണ്ടുപഠിക്കണം'- വിഡിയോ

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

SCROLL FOR NEXT