ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

അനൂപ് അന്നൂർ എഴുതിയ കഥ ‘കാക്കാത്തിക്കുരിശ്’

അനൂപ് അന്നൂര്‍

കായൽപ്പരപ്പിനു മീതേ ചിക്കിയിട്ട നെന്മണികൾപോലെ പുലർവെട്ടം വെട്ടിത്തിളങ്ങി. വീരഭദ്രസ്വാമിയുടെ നടയിൽനിന്നും ആർപ്പോവിളികളുടെ ഇരമ്പത്തിനൊപ്പം കതിനവെടികൾ മുഴങ്ങി. അത്തമുദിച്ചു. ഇനി ഇരുപത്തെട്ടു നാളുകൾ അഷ്ടമുടിക്കാർക്ക് ആഘോഷങ്ങളുടെ പൊടിപൂരം! ക്രയവിക്രയങ്ങളുടെ രസച്ചരടിൽ കോർത്തെടുത്ത വഴിവാണിഭമാണ് ആഘോഷത്തിലെ പ്രധാനി. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള സകല സാമഗ്രികളും നല്ല വിലയാച്ചിന് വാങ്ങാം. നാനാദിക്കിൽനിന്നുമുള്ള വ്യാപാരികൾ നാളുകൾക്കു മുന്‍പുതന്നെ അവിടെവന്ന് തമ്പടിച്ചിട്ടുണ്ട്.

സതിയമ്മ കടവിലിറങ്ങി കയ്യുംകാലും നനച്ച്, നേർച്ചക്കല്ലിൽ തേങ്ങയുമുടച്ച് കട തുറന്നു. പൊട്ടും ചാന്തും കുപ്പിവളകളും വർണച്ചീട്ടികളും നിറഞ്ഞ ആ വിസ്മയച്ചെപ്പ് ഏത് പെൺമനസ്സിനേയും കൊരുത്തെടുക്കാൻ കെല്പുള്ളതായിരുന്നു.

കച്ചവടമൊന്ന് ചൂടുപിടിച്ച് വരുന്ന നേരത്തായിരുന്നു ആൽത്തറക്കെട്ടിന്റെ ഓരത്തുനിന്ന് ഒരു നിലവിളി പൊന്തിയത്. അവിടെ വീരഭദ്രന്റെ പ്രധാന പ്രസാദമായ കമ്പിളിനാരങ്ങകളുടെ കച്ചവടമാണ്. ഓരോ കടകളിലും ചാക്കുകണക്കിന് കമ്പിളിനാരങ്ങകൾ അട്ടിയിട്ടിരിക്കുന്നു. വീരഭദ്രനെ തൊഴുതു മടങ്ങുന്നവരുടെ മാറാപ്പുകളിൽ ദർശന സൗഭാഗ്യത്തിന്റെ അടയാളമായി പുളിമധുരങ്ങൾ ചുരത്തുന്ന ഈ രസഫലങ്ങൾ കൂടെയുണ്ടാകും!

സാധനങ്ങൾ വാങ്ങുവാനായി കടകളോടു പറ്റിച്ചേർന്നു നിന്നവർ നിലവിളി കേട്ടഭാഗത്തേക്ക് കുതിച്ചു. നാരങ്ങ മുതലാളി പ്രബലൻ ഒരു ചെറുപ്പക്കാരൻ പയ്യനെ പേരാലിൽ ചേർത്തുനിർത്തി ഇരു കവിളുകളിലുമായി മാറിമാറി പ്രഹരിക്കുകയാണ്. പയ്യന്റെ മുഖം ചെത്തിക്കുലയായി ചുവന്ന്, ചോര ചിതറി. ആളുകൾ കൂടുന്നതിനനുസരിച്ച് അയാളുടെ ആവേശം ഇരട്ടിയായി. പയ്യനെ തോളിലെടുത്ത് നാലഞ്ചുവട്ടം വട്ടം കറക്കി മണൽത്തിട്ടയിലേക്ക് വലിച്ചെറിഞ്ഞു. ഒരു മദയാന കണക്കെ പ്രബലൻ മുതലാളി രുദ്രന്റെ കമ്പിളിനാരങ്ങകൾ ചവിട്ടിമെതിച്ചു. നാട്ടുനടപ്പിൽനിന്നും മുക്കാൽ രൂപ കുറച്ചാണ് പുതുക്കക്കാരനായ ആ കച്ചവടക്കാരൻ നാരങ്ങകൾ വിറ്റത്. അത് പ്രബലനും കൂട്ടർക്കും പിടിച്ചില്ല. കമ്പോളത്തിലാകട്ടെ, ജീവിതത്തിലാകട്ടെ, ആളാകാൻ അധീശത്വമുറപ്പിക്കാൻ ദുർബലനോളം പോന്ന ഇരയില്ല.

“വായോ, വായോ നല്ല രസ്യൻ നാരങ്ങകൾ... വില തുച്ഛം, ഗുണമോ മെച്ചം...”

പ്രബലന്റെ ആഹ്വാനം ഏറ്റെടുത്ത് ആളുകൾ അയാളുടെ കടയിലേക്ക് കുടിയേറി. അവരിൽ വല്ലാത്ത ആരാധന തടം കെട്ടിക്കിടന്നു. പ്രബലൻ പൊടുന്നനെ വഴിവാണിഭത്തിലെ പ്രമുഖനായിരിക്കുന്നു.

മണൽത്തിട്ടയിൽ വിഴുപ്പ്ഭാണ്ഡമായി കിടന്നിരുന്ന ചെറുപ്പക്കാരന്റെ അരികിലേക്ക് പോകാൻ ആരും മെനക്കെട്ടില്ല. ഒരു അടിയില്ലാതെ എന്താഘോഷമെന്ന് ചിലർ ധാർമികതയോട് പതംപറഞ്ഞു. പഥികന്റെ ഉടലിലേക്ക് സാന്ത്വനത്തിന്റെ കുപ്പിവള കിലുക്കവുമായി ഒരു കൈത്തലമണഞ്ഞു. അവിടെ ചുറ്റിപ്പറ്റി നിന്ന കാഴ്ചക്കാരിൽ ഒരു അന്ധാളിപ്പ് നിറഞ്ഞു. “ഇതേതാടാ പുതിയ അവതാരം?” വിടർന്ന കണ്ണുകളും അല്പം പിളർന്ന് തടിച്ച കീഴ്ച്ചുണ്ടും വികസിതമായ നെഞ്ചും ഒതുങ്ങിയ അരക്കെട്ടും മുല്ലപ്പൂവട്ടം ചൂടിയ കാർകൂന്തലുമായി കടഞ്ഞെടുത്ത ഒരു കരിവീട്ടി ശില്പം. ഉടൽചാരുതയിൽ പത്തിൽ പത്ത്!

“സതിയമ്മ!”

ഒരു കിഴവൻ മന്ത്രിച്ചു. ജ്ഞാനവൃദ്ധന്റെ മന്ത്രണം കാതുകളിൽനിന്നും കാതുകളിലേക്ക് പടർന്നു. ചുണ്ടുകൾ അത് ഏറ്റുചൊല്ലി. അവരുടെ നോട്ടങ്ങളിൽ തൃഷ്ണ കൊതിപൂണ്ടു കിടന്നു. സതിയമ്മ മൊന്തയിൽനിന്നും രുദ്രന്റെ മുഖത്തേക്ക് വെള്ളമിറ്റിച്ചു. ഭാഗ്യം! ബോധമുണ്ട്. ശേഷിച്ച ജലം അവന്റെ തൊണ്ടയിലേക്ക് പകർന്നു. വായിൽക്കിടന്ന മുറുക്കാൻ ചാറ് പൂഴിയിലേക്ക് നീട്ടിത്തുപ്പി, സാരിത്തലപ്പ് ഞൊറിഞ്ഞുറപ്പിച്ച് ചെറുപ്പക്കാരനെ ഉടലോടു ചേർത്തുയർത്തി. അനിർവചനീയമായ ഒരു ഉയിർപ്പ് തന്നിലേക്ക് പടരുന്നതായി രുദ്രനു തോന്നി. സർവാംഗങ്ങളിലും ഊർജത്തിന്റെ പ്രസരണം! സതിയമ്മ അവന്റെ വലംകൈ തോളിലേക്ക് ചേർത്തുവെച്ച് അവളുടെ വാടകപ്പുരയിലേക്ക് കൊണ്ടുപോയി. ഉത്സവകാലമാകുമ്പോൾ നടയുടെ അടുത്ത് പറമ്പുള്ളവർ കച്ചവടക്കാർക്ക് വാടകയ്ക്ക് നൽകാനായി ഓലയും കവുങ്ങിൻ തടിയും കൊണ്ട് താല്‍ക്കാലിക കൂരകൾ നിർമിക്കും. അതിലൊന്നിലായിരുന്നു സതിയമ്മയുടെ താമസം.

വൈകി ഓടിയെത്തിയ ചില ഉദാരമതികളായ സഹായഹസ്തങ്ങളെ അവൾ തടുത്തു.

“നിങ്ങള് പൊയ്‌ക്കോടാ എമ്പോക്കികളെ ... ഇനി ഞാൻ മതി.”

ചിത്രീകരണം

വരാന്തയിൽ പായവിരിച്ച് രുദ്രനെ കിടത്തി. ഒരു പഴമുണ്ട് വലിച്ചുകീറി ചോരക്കറ തുടച്ചു. മുറിപ്പാടുകൾ ശുചിയാക്കി തേയിലപ്പൊടിയും വട്ടക്കറയും പൊതിഞ്ഞ് വച്ചുകെട്ടി. മുറിവിനേക്കാൾ ചതവാണ് കൂടുതൽ. പേഴിലവെള്ളം അനത്തി ദണ്ണം തട്ടിയ ഇടങ്ങളിൽ മുക്കിപ്പിടിച്ചു. അപ്പോൾ ആശ്വാസത്തിന്റേയും നൊമ്പരത്തിന്റേയും സമ്മിശ്രമായ ഒരു ഒച്ച അവനിൽനിന്നും ഉരുവം കൊണ്ടു. ഹു... ഹൂ... രവത്തിൽ സതിയമ്മയുടെ കണ്ണുകളിൽ ആനന്ദത്തിന്റെ ഒരു നക്ഷത്രം ഉദിച്ചു. ആ നക്ഷത്രവെളിച്ചത്തിൽ അവന്റെ മുഖം പ്രകാശിച്ചു.

“നിന്റെ പേരെന്ത്...?”

“രുദ്രൻ...”

“ആഹാ... നല്ല സൊയമ്പൻ പേരാണല്ലോ... ഈ പേരും വച്ചാണോ സകലമാന അടികളും വാങ്ങിക്കൂട്ടിയത്.”

“പേരിലാണോ ചേച്ചി കാര്യം... പ്രബലൻ മുതലാളിയുടെ മുന്‍പിൽ ഞാൻ വെറുമൊരു പുഴുവല്ലേ.”

“പരീക്ഷിത്ത് രാജാവിനെ പണ്ട് തെക്കോട്ടെടുപ്പിച്ചതാരാ... ഒരു വെറും പുഴുവല്ലേ.”

“അത് കഥ!”

“കഥയാടാ ചെറുക്കാ ചിലപ്പോഴക്കെ കാര്യമാകുന്നത്.”

തിളപ്പിച്ച പൊടിയരിക്കഞ്ഞി രുദ്രന് പകർന്നുവെച്ചിട്ട്, മേലും കഴുകി സതിയമ്മ കടയിലേക്ക് നടന്നു. അപ്പോഴേക്കും വെയിൽ താഴ്ന്നുതുടങ്ങിയിരുന്നു. എത്ര പെട്ടെന്നാണ് ഊരോ പേരോ ഒന്നും തിരിയാത്ത ഒരു സ്നേഹം വന്ന് കരുതലോടെ ചുറ്റിപ്പിടിച്ചത്. അഭയത്തിലേക്ക് എടുത്തുയർത്തിയത്. ഒരു പഴകിയ ഛായാചിത്രമായി ആ മുഖവും രൂപവും ഉള്ളിൽ കിടന്നു പിടയ്ക്കുന്നു. എവിടെയോ കണ്ടതുപോലെ! തോന്നലാകാം! ജീവിതത്തിന്റെ ആകസ്മിതകളിലേക്ക് വിസ്മയപ്പെട്ട് രുദ്രൻ ഒന്ന് ചരിഞ്ഞുകിടന്നു.

രുദ്രന്റെ കൊച്ചുന്നാളിലെ അമ്മ മരിച്ചു. അമ്മയെക്കൊല്ലി എന്നൊരു പേരും ബാക്കിവെച്ച് അച്ഛനെന്ന് പറയുന്നയാളും എങ്ങോട്ടോ പോയി. നാലഞ്ചു ക്ലാസുകൾ പഠിച്ചു. പിന്നെ തെരുവിലേക്കിറങ്ങി. ബഹുകൃതവേഷങ്ങളാടി പശിയടക്കി. വീരഭദ്രസ്വാമിനടയിലെ വഴിവാണിഭത്തെക്കുറിച്ച് അബ്ദുക്കാ പറഞ്ഞാണറിഞ്ഞത്. കമ്പിളിനാരങ്ങകൾക്ക് അവിടെ വല്യ ഡിമാന്റാണെന്നും കുറച്ചെണ്ണം സംഘടിപ്പിച്ചോണ്ട് പോയാൽ ഇത്തിരി ദെമ്പടി കയ്യിലിരിക്കുമെന്നും ഉപദേശിച്ചു. പക്ഷേ, ഇപ്പോൾ കയ്യിലിരുന്നതും കടംമേടിച്ചതുമെല്ലാം നഷ്ടമായിരിക്കുന്നു. പോരാത്തതിന് മേലനങ്ങാനും വയ്യ. ഓർത്തിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. പാവങ്ങൾക്ക്, ജീവിതം മധുരനാരങ്ങയോ കമ്പിളിനാരങ്ങയോ അല്ല! വെറും കാഞ്ഞിരക്കായാണ്. കയ്പും ചവർപ്പും മാത്രമുള്ള വിഷക്കായ! അകത്തും പുറത്തും നീറ്റൽ. ശരീരം പനിക്കാൻ തുടങ്ങി. അവനതിൽ ഉഷ്ണിച്ചു. ജലോപരിതലത്തിൽനിന്നും ഒരു തണുത്തകാറ്റ് അപ്പോൾ എഴുന്നേറ്റു തൊടിയിലൂടെ നൂണ്ടുവന്നു രുദ്രനെ തലോടി.

ഒരാഴ്ച വേണ്ടിവന്നു മേലുവേദനയും പനിയുമൊക്കെ ഒന്നടങ്ങാൻ. സ്വന്തക്കാരേക്കാൾ സ്നേഹത്തോടേയും കരുതലോടേയും സതിയമ്മ രുദ്രനെ ശുശ്രൂഷിച്ചു. അതിനിടയിൽ ചില സദാചാരവാദികൾ കുത്തിത്തിരുപ്പുമായി വീട്ടുടമസ്ഥയായ റാഹേലമ്മച്ചിയെ സമീപിച്ചു. മുട്ടയിൽനിന്നും വിരിയാത്ത ചെറുക്കനെ സതിയമ്മ പിടിച്ചുവെച്ചിരിക്കുകയാണെന്ന് ആക്ഷേപിച്ചു. പക്ഷേ, റാഹേലമ്മച്ചി ആ സദാചാരമിത്രങ്ങളെ നല്ല പുലയാട്ടു വിളിച്ചുപറഞ്ഞയച്ചു.

ഒരുവിധം സുഖപ്പെട്ടെന്ന് തോന്നിയപ്പോൾ സതിയമ്മയെ ഇനിയും ബുദ്ധിമുട്ടിച്ചുകൂടെന്ന് രുദ്രന് തോന്നി. പാവം, തനിക്കുവേണ്ടി അവർ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. ഒന്നും പോരാത്തതിന് പേരുദോഷവും. മനംമടുത്ത് ഒരു ദിവസം അവൻ പറഞ്ഞു: “ചേച്ചീ, ഞാൻ പോണ്...”

“ആഹാ... അത് നല്ല കോളായിപ്പോയി. കിട്ടിയത് തിരികെ കൊടുക്കാതെ പോകുന്നത് അത്ര നല്ല അന്തസ്സുള്ള ഏർപ്പാടല്ല. ഇരുപത്തെട്ട് കഴിയുന്നതിന് മുന്‍പ് ആ പ്രബലന് രണ്ട് കൊടുത്തിട്ടേ നീ ഈ നാട്ടീന്ന് പോകാവൂ...”

രുദ്രന്റെ ഉള്ളൊന്നു കിടുങ്ങി. കേൾക്കുമ്പോൾത്തന്നെ പേടിയാകുന്നു. പ്രബലനിൽ നിന്നുമേറ്റ ഭയത്തിന്റെ വിറ പൂർണമായും വിട്ടുപോയിരുന്നില്ല. ചിലമ്പിച്ച ഒച്ചയിൽ അവൻ ചോദിച്ചു:

“അതൊക്കെ നടക്കുമോ ചേച്ചി...”

“നടക്കുമെന്നേ... മനസ്സുണ്ടേല് വഴിയും തെളിയും.”

മുഖക്കണ്ണാടിയിൽ നോക്കി തന്റെ നെറ്റിയിൽ രക്തവർണത്തിൽ താഴെനിന്ന് മുകളിലോട്ട് ഒരു ഗോപിക്കുറി വരഞ്ഞുകൊണ്ട് സതിയമ്മ ഉറപ്പിച്ചു:

“അല്ലെങ്കില്... ഈ സതിയമ്മ തെളിയിക്കും.”

രുദ്രന്റെ കയ്യിൽ സതിയമ്മ അധികാരത്തോടെ പിടിച്ചു.

“വാ... നടക്ക്.”

രുദ്രന് ഒഴിഞ്ഞുമാറാൻ ആകുമായിരുന്നില്ല. ഒരു വല്ലാത്ത പിടുത്തമാണത്! പ്രസാദാത്മകമായ ഒരു തടവിലാക്കൽ! ഒന്ന് മെരുങ്ങാൻ ആരും കൊതിച്ചുപോകും. സതിയമ്മ രുദ്രനെ കടയിലേക്ക് കൊണ്ടുപോയി. ഒരു കയ്യാളിന്റെ കുറവുണ്ടായിരുന്നു. പറഞ്ഞേല്പിച്ചിരുന്ന പെണ്ണ് വന്നില്ല. അതിപ്പോൾ രുദ്രന് ഉപകാരമായി. രാവിലേയും വൈകുന്നേരവും കടയിൽ നല്ല തിരക്കാണ്. ഉച്ചയ്ക്കാണ് ഒന്നിരിക്കാനോ മയങ്ങാനോ ഇടംകിട്ടുക. സതിയമ്മയ്ക്ക് വെറുതെ ഇരിക്കുന്ന ശീലമില്ല. കച്ചവടമില്ലാത്ത നേരം നോക്കി മുറ്റത്ത് കിടക്കുന്ന പൂഴി വാരിക്കൂട്ടും. വെള്ളം തളിച്ച് മെല്ലെ കുഴയ്ക്കും.

കരതലങ്ങൾക്കിടയിൽ മണ്ണും വെള്ളവും ഇണചേരും. കൈകൾ, കാലുകൾ, വാലുകൾ, ചിറകുകളൊക്കെ ആ വിരൽചലനങ്ങളിലൂടെ പിറവികൊള്ളും. ഒരു മായാജാലക്കാരിയുടെ ചുറുക്കോടെ അവയവങ്ങൾ സമന്വയിപ്പിച്ച് ആണും പെണ്ണും ആനയും മയിലും നായയുമൊക്കെയായി രൂപാന്തരപ്പെടുത്തും. മണലായതുകൊണ്ട് ഉറയ്ക്കാനിത്തിരി പാടാണ്. കുറച്ചു നേരമെടുത്ത് സൂക്ഷ്മതയോടെ മെനഞ്ഞ്, നിറം കൊടുത്ത് ചന്തത്തിലാക്കി കടയുടെ മുന്നിൽ വയ്ക്കും. അതിനും ആവശ്യക്കാരുണ്ട്. രുദ്രനും ചിലപ്പോഴൊക്കെ ശില്പനിർമാണത്തിൽ കൂടെക്കൂടും. പക്ഷേ, പൂഴി വഴങ്ങാതെ രുദ്രനെ ശുണ്ഠിപിടിപ്പിക്കും.

“പുല്ല്... നേരങ്കൊല്ലി ഏർപ്പാട്... ചേച്ചി ഇതെങ്ങനെ ഒപ്പിച്ചെടുക്കുന്നു?”

സതിയമ്മ അവന്റെ ഉടഞ്ഞ ശില്പത്തിന് ദൃഢത നൽകിക്കൊണ്ട് പറയും:

“മണ്ണ് ഏതോ ആയിക്കോട്ടെ, മെനയുന്നവരുടെ മനക്കട്ടിയാ ശില്പത്തിന്റെ ബലം.”

പാതിരാത്രിവരെ കച്ചവടം നീളും. കമ്പം കൂടി കണ്ടിട്ടേ സതിയമ്മ കൂര പിടിക്കൂ. പാട്ടും കൂത്തും ഒന്നും കണ്ടില്ലെങ്കിലും സതിയമ്മ കമ്പം കണ്ടിരിക്കും! അത് തീർച്ചയാണ്. തിരിയിലൂടെ തീ പടർന്നു പടക്കങ്ങളും ചെറു അമിട്ടുകളും പൊട്ടിപ്പൊട്ടി ഒടുവിലെ ആ പൊട്ടിക്കാളൽ കണ്ടു രസിച്ചു നിൽക്കും. ഓരോ പടക്കവും കുഞ്ഞമിട്ടും പൊട്ടുന്നത് തനിക്കുവേണ്ടി മാത്രമല്ല, ഒടുവിലത്തെ ആ പ്രചണ്ഡമായ പ്രകാശശബ്ദ ഘോഷത്തിനുവേണ്ടിക്കൂടിയാണ്. ഉദ്‌ബോധനത്തിന്റെ സ്വരത്തിൽ ഓർമിപ്പിക്കും. സതിയമ്മയുടെ മുഖത്തപ്പോൾ ഒരു യോഗിനിയുടെ ആനന്ദം മിന്നിത്തെളിയും. ചെറുചെറു വിസ്മയങ്ങളുടെ പൂരമാണ് സതിയമ്മ! ഇതെല്ലാം കഴിഞ്ഞ് ഒന്നു കണ്ണടയ്ക്കാനായി കിടക്കുമ്പോഴേക്കും നേരം ഒരു മട്ടമെത്തും. വെളുപ്പാൻകാലമാകുമ്പോഴേക്കും അസ്ഥിതുരക്കുന്ന തണുപ്പാണ്. ഉടുത്തിരുന്ന കൈലിയഴിച്ച് ഒരു കുളയട്ടയെപ്പോലെ അതിനടിയിലേക്ക് നൂണ്ടുകയറുമ്പോഴാണ് സതിയമ്മയുടെ വിളി.

“രുദ്രാ... എഴുന്നേര്...”

കമുകിൻപട്ടകളിൽ കുറുകുന്ന തണുത്തകാറ്റിന്റെ ശീൽക്കാരം. വിറയ്ക്കുന്ന ഉടലുമായി അവൻ മുറ്റത്തേക്കിറങ്ങി. കിഴക്കുനിന്ന് വെളിച്ചത്തിന്റെ തരികൾ പൊടിഞ്ഞുവീഴുന്നുണ്ട്. സതിയമ്മ ദേഹത്താകെ എണ്ണപുരട്ടി തറ്റുടുത്ത് നിൽക്കുകയാണ്. എന്തെങ്കിലും ചോദിക്കുന്നതിനു മുന്‍പേ രുദ്രനെ അവൾ എണ്ണകൊണ്ടു പൊതിഞ്ഞു. മണ്ണിനെ തൊട്ട്, സൂര്യനെ നമസ്കരിക്കാൻ ആവശ്യപ്പെട്ടു. അനുസരിച്ചു. ഒരു മത്സ്യത്തെപ്പോലെ അവൾ നീണ്ടു. കൂർമമായി ഉയർന്നു. കുട്ടിക്കാലത്ത് തെക്കുംഭാഗത്തപ്പൂപ്പൻ അഭ്യസിച്ച മുറകൾ സതിയമ്മ സ്മരണയിൽനിന്നും ഉടലിലേക്ക് ആവാഹിച്ചു. രുദ്രനിത്, കഥയറിയാത്ത ആട്ടമാണ്. എങ്കിലും ആടുവാൻ തന്നെ തീരുമാനിച്ചു. ആയോധനകലയുടെ ബാലപാഠങ്ങളാണ് അവൾ പകരുന്നത്. പകപ്പൊന്നടങ്ങിയപ്പോൾ രുദ്രന്റെ ഉടൽ സതിയമ്മയുടെ ചുവടുകളിലേക്ക് വഴങ്ങുവാൻ തുടങ്ങി. ആദ്യദിനത്തെ പരിശീലനം അവസാനിക്കാൻ നേരം സതിയമ്മ പിറകിൽനിന്നും രുദ്രനോട് ചേർന്നുനിന്നു. വിയർപ്പിന്റേയും എണ്ണയുടേയും സമ്മിശ്രമായ ഗന്ധം നാസാരന്ധ്രങ്ങളിൽ കെട്ടുപിണയുന്നു.

രുദ്രന്റെ കാതിൽ സതിയമ്മ മൊഴിഞ്ഞു:

“രുദ്രാ... നീ ഒരു വീരനാണെന്ന് തെളിയിക്കുന്ന ദിവസം ഞാൻ നിനക്ക് ഒരു സമ്മാനം തരും... ഒരു പെണ്ണിന് നല്‍കാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം!”

സതിയമ്മയുടെ ചൂടുള്ള നിശ്വാസം രുദ്രന്റെ കാതിൽ തീ പടർത്തി. സിരകളെ ജ്വലിപ്പിച്ചു. അതേ നിമിഷം തന്നെ അവൻ സന്ദേഹിയായി. നടക്കുന്നതെല്ലാം സത്യമോ മിഥ്യയോ? ഏതോ നാടോടിക്കഥയിലേക്ക് തന്നെ ആരോ പറിച്ചുനടുന്നതുപോലെ ...!

നല്ല ചൂടും ചൂരുമുള്ള കൂട്ടത്തിലായിരുന്നു സതിയമ്മയെങ്കിലും അവൾ പകച്ചുപോകുന്നത് വല്ലപ്പോഴും ആ മിനിലോറി അമ്പലപ്പറമ്പിലേക്കു കയറിവരുമ്പോഴായിരുന്നു. സതിയമ്മ വിറയ്ക്കുന്നുണ്ടെന്നുപോലും രുദ്രനു തോന്നിയിട്ടുണ്ട്. ചോരക്കണ്ണുള്ള ഒരു തടിമാടനൊരാൾ ഡ്രൈവിംഗ് സീറ്റിൽനിന്നും ചാടിയിറങ്ങും. സതിയമ്മ അപ്പോഴേക്കും അനുസരണയുള്ള ഒരു കുട്ടിയായി, പണപ്പെട്ടിയിൽനിന്ന് നോട്ടുകളെടുത്ത് എണ്ണിത്തിട്ടപ്പെടുത്തി വെച്ചിരിക്കും. നോട്ടുകളെ മണത്ത് അയാൾ ലോറിയിലേക്ക് ചാടിക്കയറും. അത് പൊടിപറത്തി പാഞ്ഞുപോകും. സതിയമ്മയുടെ മുഖമപ്പോൾ മ്ലാനമാകും . ഭീതിയുടെ ധൂമാവരണം മുഖമാകെ മൂടും. പലപ്പോഴും ഒന്നു ചോദിക്കണമെന്ന് രുദ്രൻ നിനച്ചിട്ടുണ്ട്. “ആരാ ചേച്ചി ഇങ്ങേര്?” പിന്നെ അത് വേണ്ടെന്ന് വയ്ക്കും. സതിയമ്മ ഒരു പ്രത്യേക ശീലക്കാരിയാണ്. അങ്ങനെ ഒന്നും എളുപ്പത്തിൽ വെളിപ്പെടുത്തിക്കളയുന്നവളല്ല.

തന്റെ ഉള്ളിലിരുപ്പിലേക്ക് രുദ്രൻ ചൂണ്ടയിടുമോ എന്നുള്ള ഭയത്തിൽ സതിയമ്മ പെട്ടെന്ന് വിഷയം മാറ്റും.

“എടാ ചെക്കാ, ഇങ്ങനെ വായിനോക്കി നിക്കാതെ, പറഞ്ഞ വാക്കു പാലിക്കാൻ നോക്ക്.”

പ്രബലൻ മുതലാളിയുടെ കാര്യം പറഞ്ഞ് ചൊടിപ്പിക്കും. ആലോചനകളുടെ ദിശ തെറ്റിക്കും. രുദ്രൻ ഒരു പൊടിച്ചിരിയോടെ പറയും:

“അതിന് കൊടിയിറക്കമായില്ലല്ലോ ചേച്ചി, ഇനിയും കെടക്കുവല്ലേ ദെവസങ്ങള്...”

അങ്ങനെ ഇരുപത്തെട്ടാം ഓണമായി. കൊടിയിറക്ക ദിവസം. രാവിലെ ഉരുളാണ്.

ചിത്രീകരണം

മണൽതരികളിൽ ഉടലുകൾ ഉരുണ്ട് മോക്ഷപ്രാപ്തിയിലേക്ക് പൂഴി പറ്റിക്കുന്നു. ആ നേരത്താണ് വടക്കേക്കാവിന്റെയരുകിൽ ഒരു കശപിശ നടന്നത്. പ്രബലൻ മുതലാളി ഏതോ പാവത്തിന്റെ തോളിൽ കേറാൻ ചെല്ലുകയാണ്. സതിയമ്മയും രുദ്രനുംകൂടി കാപ്പികുടിയും കഴിഞ്ഞ് കടയിലേക്ക് ചെല്ലാൻ തിടുക്കപ്പെട്ട് നടന്നുവരുകയായിരുന്നു. സതിയമ്മ പറഞ്ഞു:

“രുദ്രാ, വീരാ, നീ കരുത്ത് കാട്ടു. വലം കയ്യേൽ കോരിയെടുത്ത് പുറങ്കാലിൽ തൊഴിച്ച് മണ്ണിലിട്...”

പഴമ്പാട്ടിന്റെ ഈണത്തിലുള്ള സതിയമ്മയുടെ വായ്ത്താരിയിൽ രുദ്രനുണർന്നു. പഠിച്ചതും പരിശീലിച്ചതും പ്രയോഗിക്കണം! പകവീട്ടണം! ഉടലാകെ തീയാളി കോപാത്താൽ കണ്ണുകൾ തുറിച്ചു. വായ്ത്താരിയെ അക്ഷരാർത്ഥത്തിൽ രുദ്രനങ്ങ് സാക്ഷാല്‍ക്കരിച്ചു. പ്രബലൻ പൂഴിപറ്റി!

തിരിച്ചടി തീർച്ചയെന്ന് കാണികളുറച്ചു. രുദ്രനും അത് ഏതാണ്ട് ഉറപ്പായിരുന്നു. അന്നേരത്തെ ഒരാവേശത്തിൽ എടുത്തങ്ങ് ചാടി. പക്ഷേ, ചങ്ക് കിടന്ന് പിടയുകയാണ്. പാമ്പിനെയാണ് നോവിച്ചു വിട്ടത്. അതും സാക്ഷാൽ പത്തിക്കാരനെ തന്നെ. എന്നാൽ, സതിയമ്മയ്ക്ക് നിശ്ചയമായിരുന്നു. പ്രബലനിനി കിശുങ്ങില്ല. നല്ല തരത്തിനാണ് കിട്ടിയിരിക്കുന്നത്. തായും തണ്ടിയും നോക്കി കളിക്കാൻ അറിയുന്നവനാണ് പ്രബലൻ മുതലാളി. തൽക്കാലത്തേക്കെങ്കിലും മാളത്തിലൊളിക്കും! മനസ്സ് വായിക്കാൻ മിടുക്കിയാണ് സതിയമ്മ.

സതിയമ്മയുടെ പ്രവചനം തെറ്റിയില്ല. പാതിരാവായിട്ടും ഉത്സവം കൊടിയിറങ്ങിയിട്ടും പ്രബലനെ കണ്ടതേയില്ല. ഉത്സവപ്പിറ്റേന്നിന്റെ ആലസ്യം അമ്പലപ്പറമ്പിന്റെ അന്തരീക്ഷത്തിലാകെ പറ്റിക്കിടന്നു. മഹോത്സവത്തിന്റെ മധുരസ്മരണയിൽ വീരഭദ്രനും ഭൂതഗണങ്ങളും നടയ്ക്കുള്ളിൽ പള്ളിയുറങ്ങുന്നു. വേദികളും തേരുകളും വണ്ടിക്കുതിരകളും കൊടിത്തോരണങ്ങളും അഴിഞ്ഞുവീഴുന്നു. ചമയങ്ങളില്ലാത്ത നിരാലംബമായ കാഴ്ചകൾ! എല്ലായിടവും ചവർപ്പുള്ള മൗനം തട്ടിത്തൂകി കിടന്നിരുന്നു. സന്ധ്യയായതോടെ കച്ചവടക്കാർ കടകൾ പൂട്ടുവാൻ തുടങ്ങി. ബാക്കിവന്ന സാധനങ്ങൾ ചാക്കുകളിലും ബയന്റുപെട്ടികളിലുമായി നിറയ്ക്കുന്നു...

വാണിഭത്തിൽ വീറോടെ പയറ്റിയവർ ഒരാശ്ലേഷത്തിലൂടെയോ ഹസ്തദാനത്തിലൂടെയോ വിടപറയുന്നു. ഘോഷത്തോടെ തുടങ്ങുന്നതെല്ലാം ശോകമായി പര്യവസാനിക്കുന്നു. കുറച്ചുനേരത്തിനുള്ളിൽ സതിയമ്മയും! ഒരുമിച്ചുള്ള നിമിഷങ്ങളും അവ പകർന്ന ആനന്ദാനുഭൂതികളും ഓർമകളിൽ ഇനിമുതൽ പശ്ചാത്താപത്താൽ കൈകൂപ്പി നിൽക്കും. ദുഃഖത്തിനുള്ളിൽ അമർഷം തിളച്ചു. എന്തൊക്കെ വാഗ്ദാനങ്ങളായിരുന്നു? പ്രബലനെതിരെ ഒരു യോദ്ധാവിന്റെ പടച്ചട്ട അണിയിച്ച് എന്തിനാണ് തന്നെ വെറുതെ കളത്തിലിറക്കിയത്? എല്ലാം സതിയമ്മയുടെ പാവക്കൂത്തായിരുന്നുവോ? എന്തിനാണ് സ്നേഹംകൊണ്ട് മനുഷ്യർ മറ്റുള്ളവരെ തോല്‍പ്പിക്കുന്നത്? രുദ്രനിൽ സംശയങ്ങളുടെ മണൽക്കൂനകൾ ഉയർന്നുവന്നു. അവനൊരു കാജാബീഡി പുകച്ച് ഇരുട്ടിലിരുന്നു നീറിപ്പിടഞ്ഞു.

“രുദ്രാ ...”

സതിയമ്മയ്ക്കു പോകാനുള്ള വണ്ടി വന്നു എന്നാണ് വിളി കേട്ടപ്പോൾ വിചാരിച്ചത്. എന്നാൽ, അങ്ങനെയായിരുന്നില്ല. പൊതിഞ്ഞുകെട്ടിയ ബയന്റുപെട്ടികൾ ചുമന്ന് റാഹേലമ്മച്ചിയുടെ കൂരയുടെ കീഴിലെത്തിക്കാനായിരുന്നു സതിയമ്മയുടെ ആജ്ഞ. വയ്യെന്ന് പറയാനാണ് ആദ്യം തോന്നിയത്! പക്ഷേ, കഴിയുന്നില്ല! തന്റെ ഉള്ളിലേക്ക് കയറുവാനുള്ള ഊടുവഴികളും ചവിട്ടുപടികളും സതിയമ്മയ്ക്ക് കൃത്യമായറിയാം.

“ഇതൊക്കെ ഇവിടിരിക്കട്ടെ... നമ്മക്ക് ഒരിടം വരെ പോയേച്ചുവരാം.”

സതിയമ്മ മടിച്ചുനിന്ന രുദ്രനേയും കൂട്ടി കൂരയിൽനിന്നും കായലരികത്തോട്ട് നടന്നു. കുറ്റിയിൽ നിന്നും ഒരു കുട്ടവഞ്ചി അഴിച്ചെടുത്തിട്ട് തുഴയുമായി സതിയമ്മ കേറിയിരുന്നു.

“അറച്ചുനിക്കാതെ കേറന്റെ ചെക്കാ, നമുക്ക് ഒന്ന് ചുറ്റിയേച്ചും വരാം.”

ആകാശം മുഴുക്കെ നക്ഷത്രങ്ങൾ മൊട്ടിട്ടു നിന്നു. അതിനിടയിൽ ഒരു സൂര്യകാന്തി പുഷ്പം പോലെ ചന്ദ്രൻ ഉദിച്ചുനിൽക്കുന്നു. നിലാവിന്റെ അലകൾ മാനത്തിന്റെ വരമ്പുകളിൽനിന്നും മടപൊട്ടി കായൽപ്പരപ്പിലൂടെ ഒഴുകിപ്പരക്കുന്നു. മീൻതേടി ഇറങ്ങിയ ചെറുവള്ളങ്ങളിൽ റാന്തൽ വെളിച്ചം നുരയുന്നു. എരണ്ടകളുടെ കുറുകൽ ഉയർന്നു കേൾക്കാം. പൊടുന്നനെയാണ് ജലത്തിൽ വജ്രകാന്തിയുള്ള നീലത്തിളക്കങ്ങൾ വെട്ടിമായുന്നത് രുദ്രന്റെ ശ്രദ്ധയിൽ പതിഞ്ഞത്! എത്രയോ തവണ അഷ്ടമുടിയിലൂടെ രാത്രിയിൽ സഞ്ചരിച്ചിരിക്കുന്നു. അന്നൊന്നും കാണാത്ത പ്രകാശവിസ്മയം! അദ്ഭുതത്തോടെ സതിയമ്മയുടെ മുഖത്തേക്ക് രുദ്രൻ കണ്ണെറിഞ്ഞപ്പോൾ, അവളുടെ നാസികയിലും ആ വെളിച്ചം കിടന്നു പിടയ്ക്കുന്നു. കവിളിലും കായലിലും കവര്!

“സതിച്ചേച്ചി, എങ്ങോട്ടാ ഈ പോക്ക്?

“നെനക്ക് പേടിയുണ്ടോ! ഒരു പെമ്പറന്നോത്തിയുടെ കൂടി രാത്രിയിൽ ചുറ്റിത്തിരിയാൻ.”

“യേ! അങ്ങനൊന്നുമില്ല! ഞാനൊരു ആമ്പിറന്നവനല്ലേ.”

അവൻ പൊടിമീശയുടെ തുമ്പ് തെറുത്ത് ഓമനിച്ചു അല്പം ഗമയിൽ പറഞ്ഞു.

“പിന്നെന്തിനാ ചോദിക്കുന്നേ...?”

“വല്യ പോസാണേൽ പറയണ്ട...”

ഇത്തിരി വെള്ളം തേവി രുദ്രന്റെ മുഖത്ത് തെറുപ്പിച്ചുകൊണ്ട് സതിയമ്മ പറഞ്ഞു:

“കാക്കാത്തിക്കുരിശിലേക്ക്!”

“കാക്കാത്തിക്കുരിശോ! അതെവിടെയാ?”

“നീ കൊച്ചനല്ലേ! അങ്ങനെ കാണാത്തതും കേക്കാത്തതുമായി പലതുണ്ട് ഈ അഷ്ടമുടിയിൽ!”

കായലോളങ്ങളിൽ സതിയമ്മയുടെ പൊട്ടിച്ചിരിയും കുപ്പിവളകളും ഒരേമാതിരി കലമ്പി.

പിന്നെ അവൾ ഗൗരവം പൂണ്ടു. കാക്കാത്തിക്കുരിശിന്റെ കഥ പറയുവാൻ തുടങ്ങി. കൊച്ചരയനെ പ്രണയിച്ച കാക്കാത്തിയുടെ കഥ. നാലഞ്ച് നൂറ്റാണ്ടുകൾക്ക് മുന്‍പാണത്. തെക്കുനിന്ന് എങ്ങോ ഒരു കൈനോട്ടക്കാരി അഷ്ടമുടിയിൽ പ്രത്യക്ഷപ്പെട്ടു. വീടുകൾ കയറി അവൾ ഫലം പറയാൻ തുടങ്ങി. കൈരേഖകളിലൂടെ അവൾ കാലത്തെ അളന്ന് ഫലാർത്ഥികളെ വിസ്മയിപ്പിച്ചു. പെണ്ണുങ്ങൾ ആ ഭാവി പ്രവചനങ്ങളിൽ കുടുങ്ങിക്കിടന്നു. ആണുങ്ങളോ, കാക്കാത്തിയുടെ സ്വപ്നം മയങ്ങുന്ന കണ്ണുകളിൽ പ്രണയവും കാമവും തിരഞ്ഞു. ഒളിഞ്ഞും തെളിഞ്ഞും അവർ അവളെ മോഹിച്ചു. ചില അത്യാഗ്രഹികൾ കൗടില്യത്തിന്റെ വലകൾ തുന്നിച്ചേർത്തു അവസരത്തിനായി കാത്തിരുന്നു. കാക്കാത്തിയാകട്ടെ, ഒരു വരാൽമത്സ്യത്തെപ്പോലെ മിഴികളേയും മനങ്ങളേയും വിദഗ്ദ്ധമായി കബളിപ്പിച്ചുകൊണ്ട് വെട്ടിത്തെന്നി പാഞ്ഞുകൊണ്ടിരുന്നു. പക്ഷേ, കൊച്ചരയനെ ആദ്യമാത്രയിൽ കണ്ടപ്പോൾ തന്നെ വരാലിന്റെ ദിശയും തുഴച്ചിലും തെറ്റി. പിന്നെയവന്റെ പ്രണയത്തിന്റെ ഒറ്റാലിൽ അവൾ മയങ്ങിക്കിടന്നു. കൊച്ചരയന്റെ കുടുംബക്കാർ പ്രമാണിമാരാണ്. കാക്കാത്തിയുമായി കൊച്ചരയൻ കൂത്താടി നടക്കുന്നത് അവർക്കു സഹിച്ചില്ല. പലവിധ തന്ത്രങ്ങളും മന്ത്രങ്ങളും പീഡനങ്ങളും അവർ പയറ്റി. പക്ഷേ, കൊച്ചരയൻ കുലുങ്ങിയില്ല. അവനവന്റെ ഇച്ഛയിൽ തുഴനാട്ടി ശിരസുയർത്തി നിന്നു പ്രഖ്യാപിച്ചു:

“ഇവളെന്റെ പെണ്ണ്, ഞങ്ങളീ അഷ്ടമുടിയിൽ തന്നെ പൊറുക്കും, തടയാമെങ്കിൽ തടഞ്ഞോളൂ.”

എതിർപ്പുകളെ അവഗണിച്ച് കൊച്ചരയൻ കാക്കാത്തിയെ വിവാഹം കഴിച്ചു. വരാൻ പോകുന്ന കാലത്തെ പ്രണയകാവ്യങ്ങൾക്കുള്ള ക്ഷണപ്പത്രങ്ങളായി, ഒറ്റച്ചെണ്ടിൽ ഇരുവരുടേയും ജീവിതം അഷ്ടമുടിയുടെ തീരങ്ങളിൽ തളിർത്തു. പക്ഷേ, ആ ദാമ്പത്യജീവിതം അധികകാലം നീണ്ടില്ല. കൊച്ചരയനില്ലാത്ത ഒരു രാത്രിയിൽ കാക്കാത്തിപ്പെണ്ണിനെ ആരോ കായൽക്കയത്തിൽ കെട്ടിത്താഴ്ത്തി. തന്റെ പെണ്ണിനെ തേടി അരയച്ചെറുക്കൻ കായൽതീരത്ത് ദിവസങ്ങളോളം കരഞ്ഞു നിലവിളിച്ചു നടന്നു. നിരാലംബനായ ആ യുവാവ് ഒരു ലത്തീൻ പാതിരിയുടെ കണ്ണിൽപ്പെട്ടു. പാതിരി തന്റെ ചെറുപള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിശപ്പിന് അന്നവും വെള്ളവും നൽകി, ആശ്വാസത്തിന് ഒരു കുരിശും! എന്നാൽ, കാക്കാത്തിയില്ലാത്ത ഭൂമി അവന് നരകതുല്യമായിരുന്നു. ആശ്വാസവചനങ്ങൾക്കും പ്രാർത്ഥനകൾക്കും മുറിവു ഉണക്കാനായില്ല. നാൾക്കുനാൾ അത് പഴുത്ത് നൊന്തുനീറി..!

പൊറുതികേടിന്റെ പാരമ്യതയിൽ, കൊച്ചരയൻ പള്ളിയിൽനിന്നും ഇരുട്ട് തിടംവെച്ച രാത്രിയിലേക്ക് ഇറങ്ങിനടന്നു. കണ്ണല്ല, കാതുകളാണ് നയിക്കുന്നത്! കാതിൽ നിറയെ കാക്കാത്തിയുടെ വിളിയൊച്ച! എത്ര ദൂരം നടന്നുവെന്ന് നിശ്ചയമില്ല! ഒടുവിൽ തെക്കുംഭാഗത്തെ മഞ്ഞപ്പാടൻ കായൽക്കരയിൽ എത്തിയപ്പോൾ വഴികാട്ടിയായ ശബ്ദം നിലച്ചു. ഒരു മൺവെട്ടിയും നീളത്തിൽ കടഞ്ഞെടുത്ത ഒരു പാറസ്തൂപവും മണൽപ്പരപ്പിൽ കിടപ്പുണ്ടായിരുന്നു. കുറച്ചു നിമിഷം അവയെത്തന്നെ കൊച്ചരയൻ ചലനമറ്റു നോക്കിനിന്നു. ശേഷം, മൺവെട്ടിയെടുത്ത് കായലിൽ ഒരു കുഴി തോണ്ടി. ജലമപ്പോൾ ഒതുങ്ങിനിന്നു. പ്രകാശമപ്പോൾ മിന്നാമിനുങ്ങുകളുടെ ജാലമായി തെളിഞ്ഞുകത്തി. നീളമുള്ള പാറസ്തൂപം ചുമന്നുകൊണ്ടുവന്ന് ആ കുഴിയിൽ നാട്ടി. കാക്കാത്തിയെ സ്മരിച്ചുകൊണ്ട് കല്ലിനുമേലേ കയ്യിലിരുന്ന കുരിശ് ഉറപ്പിച്ചു. അപ്പോൾ അഭൂതപൂർവമായ വെളിച്ചം കായലാകെ പരന്നു! കായലിന്റെ അഗാധതയിൽനിന്നും ഒരു കരമുയർന്നുവന്നു. അതിൽ നിറയെ കുപ്പിവളകളും മൈലാഞ്ചിച്ചായം പുരട്ടിയ ചിത്രങ്ങളുമുണ്ടായിരുന്നു. ആ കരം ഗ്രഹിക്കുവാനായി കൊച്ചരയൻ തിടുക്കത്തിൽ കായലിലേക്ക് ഊളിയിട്ടു.

“എന്നാലും... ആ കാക്കാത്തിയെ ആരായിരിക്കും വകവരുത്തിയത്?”

കഥയിൽനിന്നും മുങ്ങിനിവർന്ന് രുദ്രൻ ചോദിച്ചു.

അനാദിയായ ആ ചോദ്യത്തിന്റെ മുന്‍പിൽ അഷ്ടമുടി ഒന്നു പകച്ചു. ഒരു നിമിഷം നിശ്ചലമായി!

സതിയമ്മയിൽനിന്നും ഒരു ദീർഘനിശ്വാസം പൊന്തി!

“എത്ര ചവിട്ടിത്താഴ്ത്തിയാലും വീറോടെ ഉയർന്നുവരും... ഇന്ന് പ്രണയിക്കുന്നവരുടെ, ഒരുമിക്കാൻ കൊതിക്കുന്നവരുടെ പ്രാർത്ഥനാത്തുരുത്താണ് കാക്കാത്തിക്കുരിശ്.”

വിണ്ണിൽനിന്നും ഒരു തുള്ളി തുളുമ്പി രുദ്രന്റെ ഉച്ചിയിൽ വീണു. പൊടുന്നനെ ആ നനവ് എങ്ങനെ വന്നെന്റെ അപ്പാ... എന്ന് നിരൂപിച്ച് അവൻ ആകാശത്തേക്ക് നോക്കി. തെളിഞ്ഞ മാനത്ത് വിചിത്രരൂപികളായി മേഘങ്ങൾ ചലിക്കുന്നതവൻ കണ്ടു. സതിയമ്മ കുട്ടവഞ്ചി ഇടത്തോട്ട് തിരിച്ച് ഝടിതിയിൽ തുഴഞ്ഞു. സതിയമ്മ തുഴയുകയല്ല മറിച്ച് കുട്ടവഞ്ചി ചിറകുവെച്ച ഒരു പൊന്നരയന്നം മാതിരി കുതിക്കുകയാണെന്ന് രുദ്രനു തോന്നി.

കരയോട് അടുക്കുന്തോറും ഒരു ദീപക്കാഴ്ച രുദ്രന്റെ കണ്ണുകളിലേക്ക് തെളിഞ്ഞുവന്നു. ഔസേപ്പു പുണ്യാളന്റെ പ്രദക്ഷിണം കടന്നു പോകുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ, സംഗതി അങ്ങനെയല്ലായിരുന്നു. കരയോടുരുമ്മി കായൽവെള്ളത്തിൽ ഒരു കൽവിളക്ക് കത്തിനിൽക്കുന്നു.

തുഞ്ചത്ത് ഒരു കുരിശും. മഴ പൊടിക്കുന്നുണ്ടായിരുന്നു. എങ്കിലും ദീപപ്രഭയ്ക്ക് ഒരു ചാഞ്ചല്യവുമില്ല. കുട്ടവഞ്ചി തീരത്ത് അടുപ്പിച്ച് കൽവിളക്കിനരികിലേക്ക് സതിയമ്മ നടന്നു. പിന്നാലെ രുദ്രനും. പാല പൂക്കുന്ന ഗന്ധം വായുവിനെ മദിപ്പിക്കുന്നു...

പൂമണം പരക്കുന്ന ആ ഈറൻ നിശീഥിനിയിൽ സതിയമ്മയുടെ കണ്ണുകളിൽ കൽവിളക്കുകൾ കത്തുന്നത് രുദ്രൻ കണ്ടു. അവൾ മടിക്കീശയഴിച്ച് രണ്ട് തുളസിമാലകൾ പുറത്തെടുത്തു. കൽക്കുരിശിനെ സാക്ഷിനിർത്തി മാല രുദ്രന്റെ കഴുത്തിലണിയിച്ചു. പിന്നെ ആ നെറുകയിൽ ചുംബിച്ചു.

“എന്റെ കൊച്ചരയന്...”

ഒരു യന്ത്രപ്പാവപോലെ സതിയമ്മ ചെയ്തതി രുദ്രനും അനുഷ്ഠിച്ചു. ജലത്തോട് അരികുപറ്റി നിൽക്കുന്ന പാലച്ചോട് പൂമെത്തയൊരുക്കി ക്ഷണിക്കുന്നു. മിന്നാമിനുങ്ങുകളുടെ നുറുങ്ങുവെട്ടം പാലച്ചോടിന് കല്ല്യാണവീടിന്റെ ഛായ നൽകി. നഗ്നമായ ഉടലുകൾക്ക് മീതേ പൂക്കൾ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഈറൻ കാറ്റിലും ഉടൽച്ചൂട് പുഷ്പങ്ങളെ പൊള്ളിച്ചു.

നേരം പരാപരാ വെളുത്തു വരുന്നതേയുള്ളൂ. കുട്ടവഞ്ചി അരിനെല്ലൂർ അടുക്കാറായി. ഉയർച്ചതാഴ്ചകളുടെ സ്ഥലരാശിയാണ് അരിനെല്ലൂർ! മരംകോച്ചുന്ന തണുപ്പിലും സതിയമ്മ ഉത്സാഹത്തോടെ തുഴഞ്ഞുകൊണ്ടിരുന്നു. ഉറക്കത്തിന്റേയും ഉന്മാദത്തിന്റേയും ചടവ് രുദ്രന്റെ കണ്ണുകളിൽ മയങ്ങിക്കിടന്നു.

“രുദ്രാ...”

സതിയമ്മ വിളിച്ചു

“എന്താ സതിയമ്മേ...?”

“വീട് അടുക്കാറായി!”

“അതിനെന്താ?”

“നിനക്ക് പേടിയുണ്ടോ?”

“എന്തിന്?”

സതിയമ്മ മുന്നിലേക്ക് വിരച്ണ്ടി. ജഡകെട്ടിയ ശിരസുമായി ഒരു കുന്ന്! കാക്കണപ്പുല്ലുകൾ അതിരുകാക്കുന്ന ചരിവുകൾ. കുന്നിൻപള്ളയിൽ കശുമാവിൻ കൂട്ടങ്ങളുടെ പടർപ്പ്. വൃക്ഷത്തലപ്പുകളിൽ ധ്യാനിക്കുന്ന കൊറ്റികൾ. ടയറുരഞ്ഞു പതംവന്ന ഒരു വഴിച്ചാൽ!

വിരൽത്തുമ്പിലേറി കാഴ്ചകൾ പറന്നുവരുന്നു...

കുന്നിൻനെറുകയിൽ ഒരു ചെറിയ വീട്. സൂക്ഷിച്ച് നോക്കിയാൽ കാണാം. ഒരാൾ വീടിന്റെ മുറ്റത്ത് നിൽക്കുന്നു. പിന്നെ ആ പഴഞ്ചൻ മിനിലോറിയും!

“അച്ഛനാണോ?”

“അതെ!... രണ്ടാനച്ഛൻ!”

കുട്ടവഞ്ചി കുറ്റിയിൽ കെട്ടിക്കൊണ്ട് അവൾ മെല്ലെ പറഞ്ഞു:

“എന്റെ കെട്ട്യോനും!”

ഒരു പൊട്ടിക്കാളൽ! മണൽത്തിട്ടയിലേക്ക് തന്റെ കാലുകൾ കിനിഞ്ഞിറങ്ങുന്നതായി രുദ്രനു തോന്നി. ഭയംകൊണ്ട് അവന്റെ ഉടൽ വിയർത്തു.

സതിയമ്മ നിവർന്നുനിന്ന് അവന്റെ കണ്ണിൽ നോക്കി പറഞ്ഞു:

“പേടിയുണ്ടേൽ വരണ്ട...”

വഴികൾ വെട്ടിയതെല്ലാം താൻ തന്നെയാണ്. പക്ഷേ, തീരുമാനം രുദ്രന്റെ തന്നെയാകട്ടെ!

അവൾ ഉറച്ച കാൽവെയ്‌പോടെ കുന്ന് കയറാൻ തുടങ്ങി.

വൃക്ഷത്തലപ്പുകളിൽ ഉലച്ചിൽ. കൊറ്റികളുടെ ചിറകടിയൊച്ച!

രുദ്രൻ കുന്നിനെ നോക്കി. കുന്ന് രുദ്രനേയും!

അവൻ നോക്കിനിൽക്കെ കുന്ന് മെല്ലെ വളരുവാൻ തുടങ്ങി!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കുറവുകളുണ്ടായത് പാകിസ്ഥാന്റെ ഭാഗത്തല്ല', നിരാശയോടെ മടങ്ങുന്നുവെന്ന് ജെ ഡി വാന്‍സ് ; ഇറാന്‍-യുഎസ് സമാധാന ചര്‍ച്ച പരാജയം

ആശാ ഭോസ്ലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു, ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം 'സ്വയംഭൂ' ആദ്യ ഗാനം ഏപ്രിൽ 16 ന്

'സ്ത്രീകള്‍ നയിക്കുമ്പോഴെ സമൂഹം മുന്നേറൂ'; വനിത ബില്ലില്‍ പിന്തുണ തേടി എംപിമാര്‍ക്ക് കത്തയച്ച് പ്രധാനമന്ത്രി; അംഗങ്ങള്‍ക്ക് വിപ്പ് നല്‍കി ബിജെപി

'പോരാട്ടം കനക്കുന്നു'; പന്തും ഗില്ലും നേർക്കുനേർ, മത്സരം ലഖ്‌നൗവിൽ

SCROLL FOR NEXT