ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ആന്റണി കെ.വി. എഴുതിയ കഥ മഞ്ഞക്കിളിപ്പാവ

Antony KV

താങ്കളുടെ കഥ പ്രസിദ്ധീകരിക്കാൻ കഴിയാത്തതിൽ ഖേദിക്കുന്നു. പത്രാധിപർ. സ്വന്തം മേൽവിലാസം എഴുതിയ കാർഡിൽ ഒരു വാരിക പത്രാധിപരുടെ ഖേദം വന്ന് ആക്രമിച്ച നട്ടുച്ചയ്ക്ക് എന്റെ വിശപ്പ് കെട്ടു. പത്രാധിപന്മാരുടെ ഖേദങ്ങൾ എന്റെ ചുറ്റും കുമിഞ്ഞുകൂടി. ആ ഖേദങ്ങൾക്കിടയിൽ വലിയ കുറ്റവാളിയെപ്പോലെ ഞാൻ ഒളിച്ചിരുന്നു. എന്നെപ്പോലുള്ള അനേകായിരം എഴുത്തുകാർ ഒളിവിടങ്ങളിൽനിന്ന് എന്നെ നോക്കി കയ്യുയർത്തി കാട്ടി. ഭക്ഷണം കഴിക്കാൻ തോന്നിയില്ല. മാറാലകൾ തോരണമിട്ട ഉത്തരം നോക്കി കിടന്നു. ഉത്തരത്തിൽനിന്ന് രണ്ട് കയറുകൾ താഴോട്ട് ഞാന്നുകിടന്നു. അവയുടെ തുമ്പത്ത് രണ്ട് കഴുത്തുകൾ കയറുകളുടെ മുറുക്കത്തിനും ബലത്തിനും നന്ദി പറഞ്ഞു. ആ കഴുത്തുകൾക്കുമേലെ അപ്പന്റേയും അമ്മയുടേയും തലകൾ ജീവിതഭാരം താങ്ങാനാകാതെ ചെരിഞ്ഞുകിടന്നു. മാന്തിപ്പറിച്ച് നഖമുനകൾ മൂർച്ച തെര്യപ്പെടുത്തിയ ഇടങ്ങളിൽനിന്ന് ചോരയൊലിച്ചുകൊണ്ടിരുന്നു. ഓരോ തുള്ളി ചോരയും കടം കയറിയാൽ വെടക്കായിപ്പോകുന്ന ജീവിതത്തെക്കുറിച്ച് മാത്രം വർത്തമാനം പറഞ്ഞു.

ദുഃഖത്തിൽനിന്ന് ഇത്തിരി അകലെപ്പോകാൻ പതിവുപോലെ ഇടശ്ശേരിയെ എടുത്തു. ജീവിതത്തിലേയ്ക്ക് അള്ളിപ്പിടിക്കാൻ ഓരോ വായനയിലും കരുത്തുറ്റ കരങ്ങൾ തന്നു ഇഷ്ടകവി. ‘ചൂണ്ടുവിരൽത്തുമ്പിൽ ബുദ്ധനും നരിയും ഞാനും’ എന്ന കവിത തുളുമ്പി. “ഇടയുള്ളോർ വാദിപ്പിൻ മാർഗവും ലക്ഷ്യവും, ഇടറിയോ ഞാനൊന്ന് തല ചായ്ക്കട്ടെ” എന്ന് അവസാനവരിയിൽനിന്ന് കണ്ണെടുക്കുമ്പോൾ മനസ്സ് തെളിഞ്ഞിരുന്നു. ആ ഊർജത്തിൽ നേരെ വിസ്മയ സർജിക്കൽസിൽ പോയി വല്യമ്മയ്ക്ക് ഒരു വാക്കർ വാങ്ങി.

“ഇതങ്ങട് ചത്തിരുന്നങ്കി എനിക്ക് മനസ്സമാധാനത്തോടെ പോകായിരുന്നു. ഇത് ചാവേല്യാ, വാഴേല്യാ... അന്‍പത് വർഷായി ഞാൻ ഈ കുരിശ് ചുമക്കണു. ഇതിനെ എവടേങ്കിലും ആക്കാന്ന് വെച്ചാ മനസ്സ് സമ്മതിക്കണില്ല.”

വല്യമ്മയുടെ പായാരം ക്ഷമയോടെ കേട്ടു. അപ്പന്റെ ഏതോ അകന്ന ബന്ധുവാണ് വല്യമ്മ.

വല്യമ്മയ്ക്ക് എൺപത് വയസ്സിന് മേലെയായി. ചുറുചുറുക്കോടെ നടന്നുകൊണ്ടിരുന്നതാണ്. ഇപ്പൊ വയ്യാണ്ടായി. രണ്ട് പ്രാവശ്യം വീണു. ഭാഗ്യത്തിന് ഒടിച്ചിലൊന്നും സംഭവിച്ചില്ല. പെൻഷനുണ്ട്. തൊഴിലുറപ്പിനു പോയ വകയിൽ ചെറിയൊരു നീക്കിയിരിപ്പും.

ബുദ്ധിതെളിഞ്ഞു കിട്ടിയ രണ്ടു മക്കളും ചെറുപ്പത്തിലേ അസുഖം വന്ന് മരിച്ചു. ശേഷിച്ചത് തങ്കച്ചൻ ചേട്ടനാണ്. ശരീരംകൊണ്ട് മാത്രം വളർന്നുപോയ ഒരാൾ.

“എല്ലാം ശരിയാവും” ഞാൻ ആശ്വസിപ്പിച്ചു.

ഓടുകൾ അങ്ങിങ്ങ് പിണങ്ങിപ്പിരിഞ്ഞ മേൽക്കൂരയ്ക്ക് മീതെ വലിച്ചുകെട്ടിയ ടാർപോളിൻ ഷീറ്റിന്റെ നീലനിറത്തിൽ ആകാശം അകത്തേയ്ക്ക് ഇറങ്ങിവരുന്നു. ഭിത്തിയിലൊക്കെ ആയുസ്സൊടുങ്ങിയ തേപ്പിന്റെ മുറിവുകൾ ലോകഭൂപടം വരച്ചുവെച്ചിരിക്കുന്നു. ഭിത്തിയിലെ മരയലമാരയിൽ നിറഞ്ഞിരിക്കുന്ന ചിലന്തിവലകൾ അമ്മയേയും മകനേയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു. അലമാരയ്ക്ക് മേലെയിരിക്കുന്ന വേളാങ്കണ്ണി മാതാവിന്റെ മുഖത്ത് താങ്ങാവുന്നതിലധികം സങ്കടമുണ്ട്. അത് കാണാതിരിക്കാനാകണം അവിടേയും മാറാലക്കൂട്ടം ചുറ്റിപ്പറ്റി നിൽപ്പുണ്ട്.

വല്യമ്മ വാക്കറിൽ നടന്നു. ചട്ടയ്ക്ക് കീഴിലെ കള്ളിമുണ്ടിന്റെ ഞൊറിയിട്ട വാൽ കൊച്ചു സന്തോഷത്തിൽ ആടി. ഏറെ നാളുകൾക്കുശേഷം വല്യമ്മ ഇറയത്തേയ്ക്കിറങ്ങി. അരപ്രൈസിലിരുന്ന അരണ വല്യമ്മയെ കണ്ട് ഒന്ന് ഒതുങ്ങി താഴേയ്ക്കിറങ്ങി. മുറ്റത്താകെ പടർന്ന പർപ്പടകപ്പുല്ലിന്റെ പച്ചപ്പിലേയ്ക്ക് അത് അപ്രത്യക്ഷമായി.

വല്യമ്മയുടെ മുഖത്ത് പുറത്തെ വെളിച്ചം നിറഞ്ഞു. ആ വെളിച്ചത്തിൽ വല്യമ്മ നട്ടുവളർത്തിയ ബബ്ലൂസ് നാരകത്തിന്റെ നിഴൽ ഒട്ടി.

തങ്കച്ചൻ ചേട്ടൻ കട്ടിളപ്പടിയിൽ കൂനിപ്പിടിച്ച് ഇരിപ്പുണ്ട്. ചേട്ടന്റെ കൈകൾ അങ്ങോട്ടും ഇങ്ങോട്ടും അനക്കുമ്പോൾ വല്ലാതെ വിറയ്ക്കുന്നു. ഓറഞ്ച് കയ്യിൽ വെച്ച് കൊടുത്തെങ്കിലും തൊണ്ട് പൊളിക്കാനാകാത്ത വിറയാണ്. അല്ലികൾ പറിച്ചുകൊടുത്തു. കയ്യിൽ നിറയെ അഴുക്കുണ്ട്. നഖങ്ങൾ അതിരുകളില്ലാതെ വളർന്നിരിക്കുന്നു. ശരീരത്തിലെവിടെയും നഖപ്പാടുകൾ ചിതറിക്കിടക്കുന്നു.

വല്യമ്മയുടെ വീടിനും കൊച്ചുപറമ്പിനും കശുമാങ്ങയുടെ മണമാണ്. ഉച്ചയ്ക്ക്, വല്യമ്മയുടെ വളർത്തു കോഴികളുടെ മുട്ട, ചോറുകിണ്ണത്തിന്റെ വട്ടം മൂടുന്ന വലുപ്പത്തിൽ പൊരിച്ചത് ആവിയോടെ ഇട്ടുതരും. വൈകീട്ട് കശുവണ്ടി ചുട്ട് പരിപ്പെടുത്തത് ചെറിയ സ്റ്റീൽക്കപ്പ് നിറയെ ഉണ്ടാകും. എല്ലാം എന്നേക്കൊണ്ട് വയറുനിറയെ തീറ്റിക്കും. തങ്കച്ചൻ ചേട്ടനും ഞാനും പകലന്തിയോളം കശുമാവിൻ തോട്ടത്തിൽ കറങ്ങിനടക്കും. കശുമാങ്ങയുടെ നീര് ഞങ്ങളുടെ ശരീരത്തിൻ ഒരു പകലിന്റെ വ്യാപ്തിയെ അടയാളപ്പെടുത്തും. സന്ധ്യയ്ക്ക് തോട്ടത്തിന്റെ അതിരിൽ തൂറാനിരിക്കും. തീട്ടത്തിന്റേയും കശുമാങ്ങയുടേയും മണം രഹസ്യത്തിന്റെ ആനന്ദമായി ഉള്ളിലേയ്ക്ക് കേറിവരും. ആകാശം ചെമന്നീട്ടുണ്ടാകും. പടിഞ്ഞാറെ കുന്നിന്റെ മേലെനിന്ന് സൂര്യൻ താഴേയ്ക്ക് വീണിട്ടുണ്ടാകും അപ്പോൾ.

രാത്രി ഞാനും തങ്കച്ചൻ ചേട്ടനും കെട്ടിപ്പിടിച്ച് കിടക്കും. ചേട്ടന്റെ താടിയിലും മീശയിലും ഞാൻ പിടിച്ചുവലിക്കും. ഇടയ്ക്ക് പിച്ചും. ചേട്ടൻ എപ്പോഴും ചിരിച്ചുകൊണ്ടിരിക്കും. ചിലപ്പോൾ നാലോ അഞ്ചോ അക്ഷരങ്ങൾ ആവർത്തിച്ച് പറഞ്ഞ് വാത്സല്യത്തോടെ എന്റെ തലയിൽ തൊടും. ഇത്രയും കുറച്ച് അക്ഷരങ്ങൾ മാത്രമറിയാവുന്ന ഒരാളെ ഞാൻ ആദ്യമായി കാണുകയായിരുന്നു. ഞാനും അങ്ങനെ സംസാരിക്കാൻ ശ്രമിക്കുമ്പോൾ ചേട്ടൻ ദേഷ്യപ്പെടും. അപ്പോഴും അതേ അക്ഷരങ്ങൾ തന്നെ. വലുതാവുമ്പോൾ ഞാൻ ചേട്ടന്റെ ഭാഷ പഠിക്കും എന്ന് രാത്രി ചേട്ടന് വാക്കു കൊടുത്തു. വല്യമ്മ വിളക്കൂതുമ്പോൾ ഇരുട്ട് പടരും. ചേട്ടൻ അപ്പോൾ ഇരുട്ടിനോട് മിണ്ടാൻ തുടങ്ങും. “വായ പൂട്ടടാ പ്രാന്താ” എന്ന് വല്യമ്മ ഒച്ചയെടുക്കുമ്പോൾ ചേട്ടന്റെ മിണ്ടാട്ടം തീരും. ഓടിൻ വിടവിലൂടെ നിലാവ് ഞങ്ങളിലേയ്ക്ക് ഒലിച്ചിറങ്ങുമ്പോൾ പതുക്കെ ഉറക്കത്തിലേയ്ക്ക് പോകും രണ്ടാളും. അതിരാവിലെ ആദ്യത്തെ വണ്ടിക്ക് - പച്ച കളറടിച്ച സെന്റ് ഫ്രാൻസീസിന് - വല്യമ്മ എന്നെ വീട്ടിൽകൊണ്ടു വന്നാക്കും. എനിക്ക് അപ്പോൾ വലിയ സങ്കടം വരും. വല്യമ്മയുടെ വീടിന് ചുറ്റും കണ്ണെത്താദൂരം പരന്നുകിടക്കുന്ന കശുമാവിൻ തോട്ടംപോലെ സങ്കടം എന്റെ വീടിനു ചുറ്റും പടരും. അത് കുറേനാൾ നീണ്ടുനിൽക്കുകയും ചെയ്യും. വലിയ വേനലവധിക്ക് ഒന്നോ രണ്ടോ പ്രാവശ്യം ഇങ്ങനെയുണ്ടാകും. സ്കൂൾ പഠനം കഴിഞ്ഞതോടെ അത് അവസാനിച്ചു.

കട്ടിക്കറുപ്പുള്ള രാത്രിയായിരുന്നു. കശുമാവിൻ തോട്ടത്തിന്റെ നടുക്കുള്ള വല്യമ്മയുടെ വീട് ഇരുട്ടിൽ ലയിച്ചുകിടന്നു. കുഞ്ഞു ടോർച്ചിന്റെ വെളിച്ചത്തിലുള്ള യാത്ര സാഹസികമായിരുന്നു. നവമ്പർ മാസത്തിലെ രാത്രിയാണ്. ദൂരെ എവിടെയോനിന്ന് കെട്ടുനിറയുടെ ഒച്ച വന്ന് കുന്നിന്റെ പള്ളയിൽ ചെന്നിടിക്കുന്നുണ്ട്. കൂടെ കുറുക്കന്റെ കൂവലുണ്ട്. ഈർപ്പം നിറഞ്ഞ കരിയിലകളിൽനിന്ന് കൊതുകുകൾ മൂളിപ്പറക്കുന്നു. ഉള്ളിൽ, ആത്മാക്കളുടെ മാസം പ്രമാണിച്ച് സന്ധ്യയ്ക്ക് പള്ളിയിലെ കോളാമ്പിയിൽനിന്നൊഴുകിയ ചാവുപാട്ടിന്റെ വരികൾ ഓളംവെട്ടുന്നുണ്ട്. “സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു. എൻ സ്വദേശം കാൺമതിനായ് ഞാൻ ബദ്ധപ്പെട്ടോടുന്നു.”

ഇറയത്തെ ചാരുകസേരയിൽനിന്ന് വല്യമ്മയുടെ ശബ്ദം കേൾക്കാം. ചുമരുചാരി കാതോർത്തു.

“വൃത്തികെട്ട മനുഷ്യൻ കണ്ടോടം മുഴുവൻ നെരങ്ങിനടന്ന് ഒണ്ടാക്കിയിട്ട രണ്ടെണ്ണോം പോയി. ഞാനും ഈ പൊട്ടൻ ചെക്കനും എങ്ങനെയാ ജീവിച്ചേന്ന് തന്ത അറിഞ്ഞോ? ഒറ്റ ദെവസം സ്വസ്ഥായൊറങ്ങാൻ ഒടേതമ്പ്രാൻ അവസരം തന്നട്ടില്ല...”

വല്യമ്മ ഇടയ്ക്കിടെ കരഞ്ഞു. ചിരിച്ചു.

മഞ്ഞിൽപുതഞ്ഞ കശുമാങ്ങയുടെ മൂർച്ചയുള്ള മണം ദീർഘമായി ശ്വസിച്ചു. പിന്നാമ്പുറത്തെ, അരയോളം ഉയരത്തിൽ വളർന്ന കമ്യൂണിസ്റ്റ് പച്ചക്കാടിനെ വകഞ്ഞുമാറ്റി. പതുക്കെ തള്ളിയപ്പോഴേ ഞരക്കത്തോടെ പിൻവാതിൽ തുറന്നു. ഉറകുത്തിയ ഓടാമ്പലിൽനിന്ന് മരപ്പൊടി കണ്ണിൽ പാറി. അകത്ത് മുനിഞ്ഞുകത്തുന്ന പഴയ ഫിലമെന്റ് ബൾബിന്റെ പൊടിപിടിച്ച വെളിച്ചം. നിലത്ത് പായയിൽ ചുരുണ്ടുകൂടി കിടക്കുന്ന തങ്കച്ചൻ ചേട്ടൻ. ലൈറ്റ് കിടത്തി ചേട്ടന്റെ അരികിൽ ചെന്ന് കിടന്നു. താടിയും മീശയും പിടിച്ചുവലിച്ചു. പുറത്ത് പതുക്കെ പിച്ചി. ചേട്ടൻ ചിരിച്ചു. സന്തോഷത്തിന്റെ അക്ഷരക്കൂട്ടം ഇരുട്ടിൽ കലമ്പിത്തെളിഞ്ഞു. ചേട്ടൻ വാത്സല്യത്തോടെ എന്റെ തലയിൽ തടവി. പിന്നെയും എന്തൊക്കെയോ പറഞ്ഞു. പണ്ട് കൊടുത്ത വാക്ക് പാലിക്കാനാകാതെ ആ ഭാഷയുടെ മുന്നിൽ ഞാൻ തലകുനിച്ചു. ഒരു കുഞ്ഞുമിഠായി വായിൽ വെച്ചുകൊടുത്തു. അലിഞ്ഞ മിഠായിക്കൊപ്പം ചേട്ടനും ഉറക്കത്തിലേയ്ക്ക് വീണു.

വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. നാലഞ്ച് പിടച്ചിൽ.

തലമുടിയിൽ ഉടക്കിക്കിടന്ന കൈകൾ എടുത്തുമാറ്റി. മൊബൈൽ ഫോൺ തെളിച്ചു. കഴുത്തിലെ ചെളി മുഴുവൻ തുവർത്തിൽ പറ്റിപ്പിടിച്ചിരുന്നു. പ്രാണൻ ഞെരിഞ്ഞതിന്റെ ചൂട് കൈകളെ പൊള്ളിച്ചു. കൈകളും കാലുകളും നിവർത്തിവെച്ച് ചെരിച്ചുകിടത്തി. അങ്ങനെ കിടക്കുന്നതാണ് ചേട്ടന് ഇഷ്ടം. കണ്ണുകൾ തിരുമ്മിയടയ്ക്കുമ്പോൾ ഒരു തുള്ളി നനവ് വിരലിൽ പതിഞ്ഞു.

വല്യമ്മ ഉമ്മറത്തിരുന്ന് പിറുപിറുത്തുകൊണ്ടിരിക്കുന്നു. തണുത്ത കാറ്റ് വീശി. കശുമാങ്ങയുടെ മണം മുൻപത്തേക്കാൾ രൂക്ഷമായിരിക്കുന്നു. തിരിച്ചു നടക്കുമ്പോൾ വെളിച്ചത്തിന്റെ ആവശ്യം തോന്നിയില്ല. കാഴ്ചയും കേൾവിയും തെളിമയുള്ളതായി. മനസ്സിൽ ശാന്തതയുടെ തണുപ്പ്. കുറുക്കന്റെ കൂവലിന്റെ മൂർച്ച കുറഞ്ഞിരിക്കുന്നു.

കപ്പേളയുടെ പിറകിലെ പൊന്തയിൽനിന്ന് കുപ്പിയെടുത്ത് ബാക്കിയുണ്ടായിരുന്നതൊക്കെ ചുണ്ട് തൊടാതെ കുടിച്ചു. എറിഞ്ഞ കുപ്പി പാറക്കല്ലിൽ തട്ടി ഉരുണ്ടുപോയതിന്റെ ഒച്ച കേട്ടാകണം ഫ്രാൻസീസ് പുണ്യാളൻ എത്തിനോക്കി. പുണ്യാളന്റെ കൈകളിലും തോളിലുമിരുന്ന് കിളികൾ സ്നേഹത്തെ പാടി.

“ഞാനത് ചെയ്തു പുണ്യാളാ, വേറെ നിവൃത്തില്ലാത്തതുകൊണ്ടാ.”

പുണ്യാളന്റെ മുഖം മങ്ങി. കയ്യിലെ കിളികൾ പറന്നുപോയി. വിരലുകളിൽ ചോര. ചോരയിൽ തിളക്കം എടുത്തുവെച്ച് മേൽക്കൂരയിൽനിന്ന് ഞാന്നുകിടക്കുന്ന ട്യൂബ്‌ലൈറ്റ്.

ചിത്രീകരണം

വിരലുകളിൽ തൊട്ടുനോക്കി. ഇളംചൂടുള്ള ചോര. പുണ്യാളന്റെ മുഖത്ത് നോക്കി. പുണ്യാളൻ കണ്ണടച്ചു. കറന്റു പോയി. ഇരുട്ടിലെമ്പാടും പുണ്യാളന്റെ കണ്ണടച്ച മുഖം. വേച്ചു നടക്കുമ്പോൾ ഇരുട്ടിൽ നിറഞ്ഞിരിക്കുന്ന പുണ്യാളന്റെ മുഖങ്ങൾ പലവട്ടം ദേഹത്ത് വന്നിടിച്ചു. കുരുവിക്കുഞ്ഞിന്റെ തൂവൽപോലെ മൃദുവായിരുന്നു അത്.

ഫ്ലക്സടിച്ച് എല്ലാ ജംഗ്ഷനിലും വെച്ചു. വീടും പരിസരവും ക്ലീൻ ചെയ്യിച്ചു. ശവപ്പെട്ടിയിൽ വെയ്ക്കാൻ വെളുത്ത റോസാപ്പൂക്കൾതന്നെ വാങ്ങി. ഒരു കുറവും ഉണ്ടാകരുത്. ജീവിതകാലം മുഴുവൻ ഒരു കുടുസ്സുമുറിയിൽ കഴിഞ്ഞവനാണ്. ഇന്നെങ്കിലും അവൻ ഒന്ന് വ്യാപിക്കട്ടെ.

കുളിപ്പിക്കുമ്പോൾ എന്റെ കൈകൾ വിറച്ചു. ഇരുന്നിരുന്ന് ഭൂമിയിലേയ്ക്ക് പരന്നുപോയ കാലുകളിലെ കട്ടിത്തഴമ്പ് കയ്യിൽ തടഞ്ഞു. ഭിത്തിയോട് ചാരിയിരുന്ന് മുതുക് ഭിത്തിയുടെ കനം വായ്പ വാങ്ങിയിട്ടുണ്ട്. ഒട്ടിപ്പിടിച്ച വിരലുകൾ വിടുവിച്ച് ആളെ നിവർത്തിക്കിടത്താൻ ഏറെ ശ്രമപ്പെടേണ്ടിവന്നു. ദേഹത്ത് ധാരാളം അഴുക്കുണ്ട് എങ്കിലും അതിന്റെ മണം തീരെയില്ലായിരുന്നു. കാലുകൾ നിവർത്തിയെടുക്കാനും പാടുപെടേണ്ടിവന്നു. ശവപ്പെട്ടിയിൽ വെളുത്ത റോസാപ്പൂക്കളുടെ പ്രഭയിൽ തങ്കച്ചൻ ചേട്ടൻ കണ്ണടച്ചു കിടന്നു. ആ മുഖത്തിനു ചുറ്റും ഉന്മേഷത്തിന്റെ ഒരു പ്രകാശവലയം നിറഞ്ഞുനിൽക്കുന്നു.

അടക്ക് കഴിഞ്ഞ് ചായയും ബിസ്‌കറ്റും കഴിച്ച് വല്യമ്മയെ വീട്ടിലാക്കിയപ്പോൾ സന്ധ്യ കഴിഞ്ഞു. മുറ്റത്ത് പഴുത്ത ബബ്ലൂസ് നാരങ്ങകൾ വീണുകിടന്നു. നാരകച്ചില്ലകളിൽ അണ്ണാറക്കണ്ണന്മാർ കടിപിടികൂടുന്നു. ഞാൻ വല്യപ്പനെ ഓർത്തു. ആകാശം മുട്ടുമാറ് പൊക്കമുണ്ടായിരുന്നു വല്യപ്പന്. കണ്ണുകളിൽ രാകിവെച്ച കത്തികളുടെ മൂർച്ച പതുങ്ങിയിരുന്നു. താടിയും മീശയും മുടിയും പടർന്നുകിടക്കുന്ന മുഖത്തിന് പ്രാചീനമായ സൗന്ദര്യമായിരുന്നു.

വലതുകയ്യിലെ തള്ളിവിരൽ മുറിച്ചുകളയുന്ന മാജിക്കാണ് ആദ്യമായി കണ്ടത്. ഓം ഹ്രീം ഓം ഹ്രീം ജബ്ര ജബ്ര നികുൻട്ര. വല്യപ്പന്റെ ശബ്ദത്തിൽ വിറയലിന്റെ തൊങ്ങലുകൾ. പേടിപ്പെടുത്തുന്ന എന്തോ ഒന്ന് ആ മന്ത്രങ്ങൾക്കിടയിൽനിന്ന് എന്റെ നേർക്ക് ചാടിവീഴുമെന്ന് ഞാൻ ഭയന്നു. വലതു കയ്യിലിപ്പോൾ നാലു വിരലുകൾ മാത്രം. മുറിച്ചെടുത്ത തള്ളവിരൽ ആകാശച്ചെരുവിലെവിടെയോ മറഞ്ഞുപോയിരിക്കുന്നു. ഞാൻ വാപൊളിച്ചിരുന്നു. അടുത്ത മന്ത്രത്തിൽ തള്ളവിരൽ തിരിച്ചുവന്നു. അപ്പോഴത് പിറവിക്കുഞ്ഞിനെപ്പോലെ ഇളംചുവപ്പ് നിറം അണിഞ്ഞിരുന്നു. പിടയ്ക്കുന്നുമുണ്ടായിരുന്നു. നിഗൂഢതയുടെ കിളികൾ പറന്നുവന്ന് എന്നെ കൊത്തിയെടുത്ത് പറന്നു. വല്യപ്പൻ എന്നെ പൊക്കിയെടുത്ത് അരപ്രൈസിൽ നിറുത്തി. ഞാൻ വല്ലാത്ത ഭയത്തോടെ വല്യപ്പന്റെ തഴമ്പുനിറഞ്ഞ കൈകൾക്കുള്ളിൽ പിടച്ചു. ഒരു പുഞ്ചിരിയോടെ വല്യപ്പൻ മാജിക്കിന്റെ രഹസ്യം എനിക്ക് പറഞ്ഞുതന്നു. വളരെ നിസ്സാരമായ കാര്യം. എനിക്ക് ചിരിവന്നു. എന്തോ വല്യപ്പൻ അത് കണ്ട് വല്ലാതെ അസ്വസ്ഥനായി. കണ്ണുകളിലെ കത്തികൾ മിന്നി. മുഖത്താകെ ഇരുട്ട് പടർന്നു. എന്നെ നിലത്തിറക്കി നിർത്തി വല്യപ്പൻ മണ്ണിൽ ആഞ്ഞ് ചവിട്ടി കള്ള് ഷാപ്പിലേയ്ക്ക് നടന്നു. കാലൊച്ച വളവ് തിരിഞ്ഞ് ഇല്ലാതാകുന്നതുവരെ ഞാൻ വിറങ്ങലിച്ചുനിന്നു. പിന്നീടൊരിക്കലും വല്യപ്പൻ എനിക്കായി മാജിക്ക് കാണിച്ചില്ല. ആ ചിരിയുടെ ക്ഷീണവും വേദനയും പിന്നീടെപ്പോഴും എന്നോടുകൂടെ ഉണ്ടായിരുന്നു. വിസ്മയങ്ങളുടെ വിരൽത്തുമ്പിൽ നിസ്സാരതയുടെ ഒരു മഴപ്പാറ്റ ചിരിക്കുന്നത് പിന്നീട് എത്രയോ വട്ടം ഞാൻ അറിഞ്ഞു. ഉത്സവപറമ്പുകളിൽ, പെരുന്നാൾ സ്ഥലങ്ങളിൽ ഒക്കെ വല്യപ്പൻ മാജിക്കു കാണിക്കുന്നത് ദൂരെനിന്ന് ഞാൻ കണ്ടു. അകലെ നിൽക്കുന്ന എന്നെ കാണുമ്പോൾ വല്യപ്പന്റെ മുഖത്തെ വെളിച്ചം കെടുന്നതറിഞ്ഞ് എനിക്ക് വലിയ വീർപ്പുമുട്ടൽ തോന്നിയിരുന്നു.

ഒടുക്കം മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി ഭാഗങ്ങളിലായിരുന്നു വല്യപ്പന്റെ ജീവിതം. വല്ലപ്പോഴും വീട്ടിൽ വരും. ഒന്ന് ഉറങ്ങി ഒരുവിധം നേരം വെളുപ്പിച്ച് സ്ഥലം വിടും. (‘അട്ടയ്ക്ക് പൊട്ടക്കുളേ പറ്റൂ’ എന്ന് വല്യമ്മ അരിശപ്പെടും) അതിനിടയിൽ രണ്ട് മക്കളുണ്ടായി. ആരോൺ, അബിഗെൽ എന്നിങ്ങനെ അവർക്ക് പേരുകളിട്ടു വല്യപ്പൻ. വല്യമ്മയ്ക്ക് ആ പേരുകളോട് വെറുപ്പായിരുന്നു. കൊച്ചിയിലെ വല്യപ്പന്റെ ചുറ്റിക്കളിക്കാരികളായ വിദേശ പെണ്ണുങ്ങളെ അത് ഓർമിപ്പിച്ചു. വല്യമ്മ മകനെ ചാക്കു എന്നും മകളെ തെയ്യാമ്മ എന്നും വിളിച്ചു.

കൂലിപ്പണിക്ക് പോയി കുടുംബം പുലർത്തി ഒരാളേയും കൂസാതെ വല്യമ്മ ജീവിച്ചു.

തെരുവുജീവിതത്തിന്റെ കെട്ടുപാടില്ലായ്മയിൽ ലയിച്ച വല്യപ്പൻ പെൺചങ്ങാത്തങ്ങളിൽ പറന്നുനടന്നു. നാടൻ, വിദേശ വനിതകൾ വല്യപ്പന്റെ നെഞ്ചിലെ ചൂടിലമർന്നു. സേട്ടിന്റെ പലചരക്കു കടയിൽ എടുത്തുകൊടുക്കാൻ നിൽക്കുന്ന വേലായുധൻ നാട്ടിൽ വരുമ്പോഴൊക്കെ ഗീവർഗീസ് ചേട്ടന്റെ ചായക്കടയിലും മുരുകന്റെ ബാർബർഷോപ്പിലും വല്യപ്പൻ നായകനായ നിറംപൊലിപ്പിച്ച കഥകൾ നിറഞ്ഞു. നാട്ടിലെ ആണുങ്ങൾ അസൂയയോടെ വല്യപ്പനെ ഓർത്തു.

ഒരു വല്യനോമ്പിന്റെ സമയത്ത് ഭ്രാന്തൻ കുര്യച്ചന്റെ നടയിലേയ്ക്ക് പോകാൻ ബോട്ടുജെട്ടിയിലിറങ്ങി പുറത്തേയ്ക്ക് നടക്കുമ്പോഴാണ് ഒടുക്കം വല്യപ്പനെ കാണുന്നത്. രോമങ്ങളായ രോമങ്ങളൊക്കെ നരച്ച് വെളുത്തിരുന്നു. പ്രായത്തിന്റെ ആകുലത മുഖത്താകെ ചുളിവുകളായി കുമിഞ്ഞുകിടന്നു. ആളുകൾ നേരമ്പോക്കിന് ഒരു ഭ്രാന്തനെ കിട്ടിയതിന്റെ രസത്തിൽ വല്യപ്പനു ചുറ്റും നിൽക്കുകയാണ്. വല്യപ്പന്റെ മാജിക് അമ്പേ പരാജയപ്പെടുകയാണ്. വിദൂരകാലത്തിന്റെ സ്മരണയിൽ കൈകൾ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. ആളുകളുടെ പരിഹാസ ചിരികളും വർത്തമാനങ്ങളും വല്യപ്പനെ ബാധിക്കുന്നതേയില്ല. വേറെ ഏതോ ലോകത്തിന്റെ ആനന്ദത്തിൽ വല്യപ്പൻ തന്റെ കൺകെട്ടുവിദ്യകൾ ഒന്നൊന്നായി പുറത്തെടുക്കുകയാണ്.

വല്യപ്പന്റെ ശ്രദ്ധയിൽപ്പെടാതെ വേഗം നടന്നു. ഉള്ള് നീറിക്കൊണ്ടിരുന്നു. ഭ്രാന്തൻ കുര്യച്ചന്റെ നടയിൽ മെഴുതിരി കത്തിക്കുമ്പോൾ പണ്ട് വല്യപ്പന്റെ മാജിക് കണ്ട് ചിരിച്ചതിന്റെ കയ്‌പ് മുഴുവൻ ഉള്ളിൽ തികട്ടിവന്നു. കാപ്പിരി മുത്തപ്പൻ ഉണർന്നിരിക്കുന്ന കാപ്പിരിത്തറയിലെ വിളക്കുമാടം കഴിഞ്ഞ് തെരുവിലൂടെ അലഞ്ഞുതിരിയുമ്പോൾ കാലിൽ ഉരുമ്മാൻ വന്ന ആടിന് വല്യപ്പന്റെ മുഖമായിരുന്നു. പഴയ പാണ്ടികശാലയുടെ വിള്ളലുകളുള്ള ഭിത്തിയിൽ വല്യപ്പന്റെ എമണ്ടൻ പടം കണ്ടു. ഏതോ വിദേശ ചിത്രകാരൻ വരച്ചതാകണം. എമേഴ്‌സൺ എന്ന് താഴെ ഒപ്പിട്ടിട്ടുണ്ട്.

‘വിസ്മയങ്ങൾക്ക് വിട’ എന്ന തലക്കെട്ടിലാണ് വല്യപ്പന്റെ മരണത്തെക്കുറിച്ച് മനോരമ എഴുതിയത്. തെരുവിൽ മരിച്ചുകിടക്കുകയായിരുന്നു. കയ്യിൽ കാപ്പിരി മുത്തപ്പനു നേദിച്ച ചുരുട്ട് പകുതി കത്തിത്തീർന്ന നിലയിൽ കാണപ്പെട്ടു. പ്രാവ്, മുയൽ, ചീട്ടുകൾ, പന്തുകൾ, പലനിറത്തിലുള്ള തൊപ്പികൾ... വല്യപ്പന്റെ ഹൃദയത്തിൽനിന്ന് തെറിച്ചുവീണതുപോലെ ചുറ്റും ചിതറിക്കിടന്നു. ഉറുമ്പുകൾ നിരയിട്ട് വന്ന് വല്യപ്പന് അന്ത്യാഭിവാദ്യം അർപ്പിച്ചുകൊണ്ടിരുന്നു. മന്ത്രത്തകിടുകളും ഒരു വിദേശവനിതയുടെ ചിത്രവും തങ്കച്ചൻ ചേട്ടന്റെ മങ്ങിയ ഫോട്ടോയും വീട്ടഡ്രസ് എഴുതിയ കൊച്ചു ഡയറിയും മുഷിഞ്ഞ തുണിസഞ്ചിയിൽ ശേഷിച്ചിരുന്നു.

വല്യപ്പനെ മട്ടാഞ്ചേരിയിൽ എവിടെയോ അടക്കി.

ഫാനിന്റെ കട കട ശബ്ദം ഉറക്കത്തിൽനിന്ന് അകറ്റിനിർത്തി. തങ്കച്ചൻ ചേട്ടന്റെ പായയിൽ ചുരുണ്ടും നിവർന്നും സമയം കളഞ്ഞു. കഴുത്തിനുമേലെ ആരോ കരിങ്കല്ല് എടുത്തുവെച്ച കനം. വല്യമ്മ ഉമ്മറത്ത് കസേരയിൽ ചാരിയിരുന്ന് പായാരം പറഞ്ഞുകൊണ്ടിരിക്കുന്നു.

“നീ ഒറങ്ങ്യോ? ഇല്ലങ്കി എറേത്തേയ്ക്ക് വാടാ ചെക്കാ. കൊറച്ചേരം എന്തേലും മിണ്ടീം പറഞ്ഞും ഇരിക്കാം.”

പടിഞ്ഞാറെ കുന്നിനുമേലെ ആകാശത്ത് നിറയെ നക്ഷത്രങ്ങൾ ഉണ്ടായിരുന്നു. കുറുക്കന്റെ ഓരിയിടലുകൾ ഇടവിട്ട് ഇടവിട്ട് കേൾക്കുന്നുണ്ട്. കശുമാങ്ങാ മണം ചുമന്നുവന്ന കാറ്റ് ഇറയത്ത് വിശ്രമിച്ചു.

“രാത്രി തീരെ ഒറക്കോല്യാണ്ടായി. ഞാനിവിടെ വന്നിരിക്കും. നല്ല തണ്ത്ത കാറ്റ്ണ്ട്. അത് കൊണ്ടാ ഉള്ളിലെ വെഷമം കൊറച്ച് കൊറയും. ഇരുട്ടിനോട് വർത്തമാനം പറയുമ്പ അത് നമ്മളോടും വർത്താനം പറയും. അത് കേക്കാൻ രസാ. എനിക്ക് പ്രാന്താന്ന് വിചാരിക്കണ്ട എന്റെ അനുഭവം പറഞ്ഞതാ.”

ഞാൻ ഒന്നും പറഞ്ഞില്ല

“നിനക്കറിയാമോ ഇപ്പോ എനിക്ക് രാത്രി നന്നായി കണ്ണറിയാം. ചെവീം ശരിക്ക് കേക്കാം. പകലൊറങ്ങീട്ട് രാത്രി എഴുന്നേറ്റിരുന്നാ നമ്മടെ മനസ്സ് വെടിപ്പാവുന്നേ... എന്തൊരു സുഖാ.”

വല്യമ്മ പുറത്തേയ്ക്ക് നീട്ടിത്തുപ്പി.

“ഞാൻ നിന്നോടൊരു രഹസ്യം പറയാണ്. ഈ തങ്കച്ചൻ ചെറുക്കനില്ലേ, അത് മൂപ്പരുടെ പിള്ളയല്ലാ. വല്യപ്പനും അതറിയാർന്നു. എന്നാലും അങ്ങോർക്കവനെ വല്യ കാര്യാർന്നു. സ്വന്തം മക്കളെ തന്ത തിരിഞ്ഞുനോക്കീട്ടില്ല. എന്നാലും വരുമ്പോക്കെ തങ്കച്ചന് ഉടുപ്പും കളിപ്പാട്ടോം കൊണ്ടുവരാർന്നു.”

“അപ്പൊ തങ്കച്ചൻ ചേട്ടന്റെ അപ്പൻ?”

“പോടാ ചെറുക്കാ. അതൊന്നും നീയറിയണ്ടാ. ഞാൻ ചാവുമ്പം ആ രഹസ്യോം മണ്ണീപ്പോട്ടേ.”

കാലൻകോഴി കൂവുന്നത് കേട്ട് ഞാൻ ഒന്ന് ഞെട്ടി.

“പോടാ, ചെകുത്താനേ, പോ... പോ... നീ എന്യാന്നോ പേടിപ്പിക്കാൻ നോക്കണേ.”

കശുമാവിൻ തോട്ടത്തിലൂടെ ഏതോ ജീവി ഓടിപ്പോകുന്നതിന്റെ ഒച്ച.

“ഇന്നലെ രാത്രി നീ വന്നാരുന്നു അല്ലേ? പതുങ്ങിപ്പോണത് ഞാൻ കണ്ടേർന്നു. എന്റെ ചെറുക്കൻ പെടയ്ക്കണത് ഈ നെഞ്ചില് വന്ന് തട്ടിയേർന്നു.”

വല്യമ്മയുടെ വാക്കുകൾ ചങ്ക് തുളച്ചു. ഞാൻ ഏങ്ങലടിച്ച് കരഞ്ഞു. വല്യമ്മ ഒന്നും മിണ്ടിയില്ല. വാക്കർ വിറയ്ക്കുന്ന ശബ്ദം മുഴങ്ങി. പിന്നെ എനിക്കും വല്യമ്മയ്ക്കും ഇടയിൽ വാക്കർ വളർന്നു വലുതായി. പടിത്താറെ കുന്നിനേക്കാൾ ഉയരത്തിൽ അത് നിന്നു. അതിനുമേലെ നക്ഷത്രങ്ങൾ നിറഞ്ഞു. നക്ഷത്രങ്ങളിൽ തങ്കച്ചൻ ചേട്ടന്റെ മുഖം തെളിഞ്ഞു. ചേട്ടൻ എന്നെ നോക്കി ചിരിച്ചു.

“അവന്റെ ചിരി കണ്ടില്ലേ?”

വല്യമ്മ നെടുവീർപ്പിട്ടു.

ചിത്രീകരണം

എന്തോ ഞാൻ അപ്പോൾ മായാവിയെ ഓർത്തു. ചെറുപ്പത്തിൽ അയൽപ്പക്കത്തെ വിൽസൺ ചേട്ടനാണ് ബാലരമ വായിക്കാൻ തന്നത്. ഒറ്റ വായനയിൽത്തന്നെ മായാവി ഹൃദയത്തിൽ കയറി. ഏത് ആപത്ത് മറികടക്കാനും മായാവിയുടെ കയ്യിൽ സൂത്രങ്ങളുണ്ട്. ആ പ്രായത്തിൽ അത്തരമൊരാളുടെ കൂട്ട് ആഗ്രഹിക്കാത്ത ആരുണ്ട്! വലിയ സങ്കടങ്ങളിൽ ഒറ്റപ്പെടുമ്പോൾ രാജുവിനേയും രാധയേയുംപോലെ ഞാൻ മായാവിയെ വിളിക്കും. ഓം ഹ്രീം കുട്ടിച്ചാത്താ... പക്ഷേ, മായാവി വന്നില്ല ഒരിക്കലും.

ക്രിസ്മസ് നോമ്പിൽ മുടങ്ങാതെ പള്ളിയിൽ വരുന്നവർക്ക് സൗജന്യമായി കേക്ക് തരാമെന്ന് ഗീവർഗീസ് അച്ചൻ പറഞ്ഞു. ഞാനും മത്തായിയും തോമസും മുടങ്ങാതെ പള്ളിയിൽ പോയി. മഞ്ഞ് കൂടാരം കെട്ടിയ കനാലിന്റെ ഓരത്തുകൂടെ പുൽപ്പരപ്പിലെ ഈറൻ മുത്തുകൾ ചവിട്ടിത്തെറിപ്പിച്ച് നീങ്ങുമ്പോഴാണ് നീർക്കോലിയെ കണ്ടത്. അത് അടികിട്ടി തല ചതഞ്ഞ് വാലിട്ടടിക്കുകയാണ്. നീർക്കോലി മറ്റ് പാമ്പുകളെപ്പോലെയല്ല, സാധുവാണ്. എങ്ങനെ രക്ഷിക്കും? മായാവിയെ വിളിച്ചു. വികാരിയച്ചന്റെ മുറിയിൽവെച്ച് അറിയാതെ ഓം ഹ്രീം കുട്ടിച്ചാത്താ എന്നു പറഞ്ഞതിനു കിട്ടിയ കിഴുക്കിന്റെ വേദന ഇടത്തെ ചെവിയിൽ അപ്പോഴും തുടരുന്നുണ്ടായിരുന്നു. മന്ത്രം ജപിച്ച് കണ്ണു തുറന്നപ്പോൾ പത്രമിടുന്ന ദേവസ്സിയേട്ടൻ മുന്നിൽ.

“അതിനെ കൊന്ന് കളഞ്ഞേരേ പിള്ളേരേ, രക്ഷിക്കാൻ നിക്കാണ്ട്... ജീവിക്കാമ്പറ്റാത്തതിനെ കൊന്നുകളയുന്നതാ പുണ്യം.”

ജീവിതത്തേക്കാൾ മരണം നല്ലതാകുന്ന അവസ്ഥകളുണ്ട് എന്ന് അന്നാണ് മനസ്സിലായത്. മരണത്തിനു കൂടുതൽ അർഹതപ്പെട്ട ജീവിതങ്ങളെ ഏറ്റവും എളുപ്പം അവസാന ശ്വാസത്തിലേയ്ക്ക് എത്തിക്കുന്നത് എത്ര മനോഹരമാണ് എന്ന് ഹൃദയം മന്ത്രിക്കാൻ തുടങ്ങി പലപ്പോഴും.

“എനിക്കറിയാം നീയവനെ... എന്നാലും അവൻ പോയപ്പോ...”

ഞാൻ വല്യമ്മയുടെ പുറത്ത് തട്ടി. കണ്ണുകൾ തുടച്ചു. വലിയ ശാന്തത ഉളവായി മനസ്സിൽ. പടിഞ്ഞാറെ കുന്നിനു മേലെയുള്ള നക്ഷത്രങ്ങൾക്ക് തിളക്കം വർദ്ധിച്ചു, അവയിലെ തങ്കച്ചൻ ചേട്ടന്റെ പുഞ്ചിരിക്കും.

“നീ എറേത്തെ ലൈറ്റൊന്നിട്.”

ദീർഘമായ നിശ്ശബ്ദതയ്ക്കുശേഷം വല്യമ്മ പറഞ്ഞു.

പുറത്തെ ഭിത്തിയിൽ ഒരു കിളിയെ ഞാത്തിയിട്ടിരിക്കുന്നു. മഞ്ഞക്കിളിയുടെ പാവ. വല്യമ്മ അത് കയ്യിൽവെച്ച് പതുക്കെ ഞെക്കി. പീ... പീ... എന്ന് മൂർച്ചയേറിയ ശബ്ദം രാത്രിയിലേയ്ക്ക് മുറിഞ്ഞുവീണു.

“ചെറുക്കന് വലിയ ഇഷ്ടാർന്നു. എടയ്ക്കൊക്കെ എടുത്ത് ഉമ്മ കൊടുക്കണ കാണാം. ഇത് അവന് കൊടുത്തുവിടേണ്ടതാർന്നു. അവനവിടെ കൂട്ട് ആരണ്ട്ടാ ചെക്കാ...”

വല്യമ്മയുടെ ഏങ്ങലടി ഉച്ചത്തിലായി. പാവയുമെടുത്ത് ഞാൻ പുറത്തേയ്ക്കിറങ്ങി.

ചുറ്റും നിലാവ് നിറഞ്ഞു. കുന്നുകൾ തെളിഞ്ഞു. കശുമാവിൻ ചില്ലകളിൽ കശുമാങ്ങകൾ കനംതൂങ്ങിനിന്നു. തണുത്ത കാറ്റിന്റെ അകിടു ചുരന്ന് അതിന്റെ മണം ചുറ്റിലും ഒഴുകിപ്പരന്നു. കണ്ണു നിറയ്ക്കുന്ന ഒരാശ്വാസം നെഞ്ചിൽനിന്ന് ഉതിർന്ന് സെമിത്തേരിയിലേയ്ക്കുള്ള വഴിയായി. ഇടയ്ക്കൊരു കാട്ടുപന്നി ഓടിമറഞ്ഞത് എന്നെ ഭയപ്പെടുത്തിയില്ല.

സെമിത്തേരിയിലെ നിലാവിൽ മണ്ണിൽ മുളപൊട്ടിയുയർന്ന കവിതകൾപോലെ കുരിശുകൾ തൊട്ടുതൊട്ട് നിന്നു. അവയിലൂടെ പ്രണയത്തിന്റെ ഹൈക്കുകൾപോലെ മഞ്ഞുതുള്ളികൾ ഒലിച്ചിറങ്ങി. സെമിത്തേരിയുടെ പിറകിലെ ഷെഡ്ഡിൽനിന്ന് തൂമ്പയെടുക്കുമ്പോൾ ഒരു പെരുച്ചാഴി മുറുമുറുപ്പോടെ പുറത്തുചാടി.

നിലാവും മഞ്ഞും ഒരു ലഹരിപോലെ എന്നെ ആവേശിച്ചു. കുരിശുകളിൽ എഴുതിവെച്ചിരിക്കുന്ന പേരുകളിൽനിന്ന് മരിച്ചവർ പുറത്തിറങ്ങി എന്റെ ചുറ്റും താളത്തിലാടി. ഒരു പാട്ടുപാടുന്ന രസത്തോടെ തൂമ്പ മൺകൂനയിലാഴ്ന്നു. ശവപ്പെട്ടിയുടെ മൂടി നീക്കുമ്പോൾ എങ്കിലും കൈവിറച്ചു. വാടാനൊരുങ്ങുന്ന പനിനീർപ്പൂക്കൾ ശ്വാസത്തിലേയ്ക്കലിഞ്ഞു.

അന്ത്യചുംബനത്തിനുശേഷം മുഖത്തിട്ട തൂവാല നീക്കി ഞാൻ തങ്കച്ചൻ ചേട്ടന്റെ മുഖത്ത് തൊട്ടു. ഇക്കിളിയാക്കി. മൃദുവായ് പിച്ചി. ചേട്ടൻ ചിരിച്ചില്ല. വെളുത്ത വസ്ത്രങ്ങളിൽ, ആകാശത്തെ അഭിമുഖീകരിച്ച് ഗൗരവത്തോടെ തങ്കച്ചൻ ചേട്ടൻ കിടന്നു. തലയിലെ പുഷ്പകിരീടത്തിൽനിന്ന് പൂവുകൾ അടർന്നുവീണു. കൈവിരലുകൾക്കുള്ളിൽ പിടിപ്പിച്ച ക്രൂശിതരൂപം എടുത്തുമാറ്റി. ചുറ്റിവെച്ചിരുന്ന കൊന്ത നീക്കി. മഞ്ഞക്കിളിയെ കയ്യിൽ വെച്ചുകൊടുത്തു. പീ.. പീ എന്ന് കിളി കരഞ്ഞു. കേൾക്കാത്ത ഭാവത്തിൽ ചേട്ടൻ കണ്ണുകൾ കൂടുതൽ ഇറുക്കിവെച്ചു. കഴുത്തിലേയ്ക്ക് എന്റെ കണ്ണുകൾ പാളി. വെന്തിങ്ങയിലെ മാതാവിന്റേയും ഉണ്ണിയേശുവിന്റേയും ചിത്രം കഴുത്തിനെ ചുംബിക്കുന്നു.

സെമിത്തേരിയിൽനിന്ന് പോരുമ്പോൾ പാതിരാവ് കഴിഞ്ഞിരുന്നു. നാട്ടിയ കുരിശുകളിൽനിന്ന് ആത്മാക്കൾ എന്റെ നേർക്ക് കൈവീശി. റബ്ബർതോട്ടം കഴിഞ്ഞ്, കശുമാവിൻതോട്ടം പിന്നിട്ട് കപ്പേളയുടെ അരികിലെത്തിയപ്പോൾ ഫ്രാൻസീസ് പുണ്യാളൻ പുഞ്ചിരിച്ചു. പുണ്യാളന്റെ കയ്യിലിരുന്ന് തങ്കച്ചൻ ചേട്ടന്റെ മഞ്ഞക്കിളി ചിലച്ചു. അത് എത്ര ഗംഭീരമായ നാദപ്രവാഹമായിരുന്നു! കപ്പേളയുടെ വരാന്തയിൽ പുണ്യവാന്റെ രൂപക്കൂടിനു കീഴെ ഞാൻ നിലത്ത് കുത്തിയിരുന്നു. നിലാവ് പെറ്റിട്ടതുപോലെ കിളികൾ, അണ്ണാന്മാർ, കീരികൾ, പട്ടികൾ, പൂച്ചകൾ, മുയലുകൾ. പലതരം ജീവികൾ കപ്പേളയ്ക്ക് ചുറ്റും നിരന്നു. പുണ്യാളൻ നിറഞ്ഞ ചിരിയോടെ എല്ലാറ്റിനേയും നോക്കി എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി. അത് തങ്കച്ചൻ ചേട്ടന്റെ ഭാഷപോലെ തോന്നി. സകല ജീവികളും പുണ്യാളന്റെ ശബ്ദത്തിൽ ലയിച്ചിരിക്കുമ്പോൾ എനിക്ക് ഉറക്കം വന്നു. ഒരുപക്ഷേ, ഇനിയൊരിക്കലും സാധ്യമാകാത്ത ഗംഭീരമായ ഉറക്കത്തിലേയ്ക്ക് ഞാൻ പ്രവേശിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ വിവേക് ഗോപന്‍ സ്ഥാനാര്‍ഥി; മൂന്നാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി

എണ്ണ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ, ഇറാന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍; റിപ്പോര്‍ട്ട്

പ്രവര്‍ത്തനത്തെക്കുറിച്ച് പറയാതെ സിനിമയുടെ എണ്ണം പറയേണ്ടി വരുന്നത് ഗതികേട്; പരിഹസിച്ച് സ്‌നേഹ

പൂച്ചയെ വളര്‍ത്താന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല; യുവ വനിത ഡോക്ടര്‍ ജീവനൊടുക്കി

'നമുക്ക് ഇനി വീട്ടിൽ പോയി ആഘോഷിക്കാം'; അവാർഡ് വേദിയിലെ രശ്മികയുടെ വാക്കുകൾ കേട്ട് നിറകണ്ണുകളോടെ അമ്മായിയമ്മ

SCROLL FOR NEXT