malayalam short storyArjun Raveendran Samakalika Malayalam
Malayalam Weekly

സാഹസം പിതാമഹസ്യം

അർജുൻ രവീന്ദ്രൻ എഴുതിയ കഥ വായിക്കാം

അര്‍ജുന്‍ രവീന്ദ്രന്‍

മ്പും വില്ലുമായി അച്ചാച്ചൻ മരങ്ങൾക്കിടയിലൂടെ കുതിരപ്പുറത്ത് സഞ്ചരിക്കുന്നതായി ഗൗതം കണ്ടു. എന്നത്തേയും പോലെ, മടക്കിവച്ച കൈകളുള്ള വെളുത്ത ഷർട്ടും ഖദറിന്റെ ഒറ്റമുണ്ടുമാണ് വേഷം. സൂക്ഷിച്ച് നോക്കിയപ്പോൾ അതൊരു കുതിരയല്ല, ചെമ്പൻ നിറമുള്ള ഒരു വലിയ നായയാണെന്ന് മനസ്സിലായി. അല്പം കൂടി ശ്രദ്ധിച്ച് നോക്കിയപ്പോൾ നായ അച്ചാച്ചനേയും വലിച്ച് ഓടുകയാണെന്നും അദ്ദേഹത്തിന്റെ കയ്യിൽ അമ്പോ വില്ലോ പോയിട്ട് ഒരു മടല് പോലും ഇല്ലെന്നും കണ്ടു. വീഴാതിരിക്കാൻ നായയുടെ പുറത്ത് പേടിച്ചരണ്ട് അള്ളിപ്പിടിച്ച് കിടക്കുകയാണ് പാവം. പെട്ടെന്നാർത്ത് വന്ന കാറ്റിൽ മരത്തലപ്പുകളുലഞ്ഞപ്പോൾ അവൻ ആ പകൽക്കിനാവ് മറന്നു. ചുറ്റിലും ഒരു കാട് തങ്ങളെ പൊതിഞ്ഞുനിൽക്കുന്നതായി കണ്ടു. ഉൾക്കാടിന്റെ സ്വഭാവം ഇല്ലെങ്കിലും അധികം വെളിച്ചം കടന്നുവരാൻ അനുവദിക്കാതെ കൂട്ടമായി നിൽക്കുന്ന മരങ്ങൾ. പേരറിയാത്ത മരങ്ങൾക്കിടയിൽ തേക്കുമരങ്ങളും അങ്ങിങ്ങായി ചില അയനിപ്ലാവുകളും അത്തിമരങ്ങളും കാണാം. കാഴ്ചകൾക്ക് അത്രയും തെളിച്ചം വന്നപ്പോൾ, ഇപ്പോൾ കണ്ട സ്വപ്നം കഴിഞ്ഞ ഞായറാഴ്ച കണ്ടതിന്റെ തുടർച്ചയാണോ എന്നവനു സംശയമുണ്ടായി. ഉറങ്ങാതെ തന്നെ സ്വപ്നങ്ങൾ കാണുന്ന ശീലത്തെക്കുറിച്ച് ഓർത്തപ്പോൾ അവൻ ഒന്നുകൂടി പരവേശപ്പെട്ടു.

“എനിയും കൊറേ നടക്കാന്ണ്ടാ?” കാൽമുട്ടുകളിൽ തൊടുന്നവണ്ണം മണ്ണിലേയ്ക്ക് തല കുനിച്ച ശേഷം അവൻ ചോദിച്ചു.

മുഖത്തെ വിയർപ്പ് തുടച്ച് മഹീന്ദ്രാ ജീപ്പിന്റെ എന്‍ജിൻപോലെ ഒന്ന് കിതച്ച് ദീപക് പുറകിലോട്ട് നോക്കി.

“കൊറച്ച് വെള്ളം” -ഗൗതത്തിന്റെ ഇടറിയ ശബ്ദം മണ്ണിൽ തട്ടിനിന്നു.

കുപ്പിവെള്ളത്തിന്റെ മൂടി ഒരു വിരൽകൊണ്ട് ഉരുട്ടി തുറക്കവേ ദീപക് പറഞ്ഞു: “നിനിക്ക് നടക്കാനിത്ര ബുദ്ധിമുട്ടാന്നെങ്കില് ആ കവലേന്ന് ഒരു ജീപ്പ് വിളിക്കായിരുന്നു. ജീപ്പ് പോന്ന വഴിയാന്ന് പറഞ്ഞതല്ലേ?”

കവല തുടങ്ങുന്നിടത്ത് കണ്ട ഒഴിഞ്ഞ സ്ഥലത്തായിരുന്നു അവർ കാർ ഒതുക്കിയത്. കവലയിൽ നിരനിരയായി ജീപ്പുകളുണ്ടായിരുന്നു. അതിനു മുന്നിലായി പഴയതരം ബിസ്‌കറ്റുകളും പേര് പോലും കേൾക്കാത്ത ബ്രാൻഡ് പായ്ക്കറ്റുകളിൽ തൂക്കിയിട്ട കറുമുറ പലഹാരങ്ങളും വിൽക്കുന്ന ചായക്കടയിൽനിന്ന് രണ്ട് പൊടിച്ചായ കുടിക്കവെ, ഓട്ടകളും ചളുക്കുകളുമുള്ള നീളൻ തടിമേശയിൽ ചായ ഗ്ലാസ്സിന്റെ പൃഷ്ഠം മുട്ടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന ശാന്തപ്പൻ കാര്യങ്ങളന്വേഷിച്ചു. പലകപോലെ ചെത്തി വൃത്തിയാക്കിയ അയാളുടെ മീശയും കൺപുരികങ്ങളിൽ കൂടുതലായി കാണപ്പെട്ട രോമങ്ങളും അവരെ തുറിച്ചുനോക്കുന്നുണ്ടായിരുന്നു. വീതികുറഞ്ഞ, ക്ഷയിച്ച ടാർ റോട്ടിൽനിന്നു നോക്കിയാൽ ചുറ്റിലും മലയോരമെന്നു തോന്നിപ്പിക്കുംവിധം വലിയ കുന്നുകളുണ്ടായിരുന്നു. അവർ കീഴടക്കേണ്ട കുന്ന് ശാന്തപ്പൻ വായുവിൽ തൊട്ടുകാണിച്ചുകൊടുത്തു. ദീപക്കിന് അത് നേരത്തെ അറിയാവുന്നത്കൊണ്ട് ഏറ്റവും മുന്നിൽ അവൻ തന്നെ നടന്നു.

“ഞങ്ങളൊക്കെ ജീപ്പിനാണ് പോവാറ്, നടന്നുകയറാൻ ഇത്തിരി ബുദ്ധിമുട്ടാ” -അയാൾ ദീപക്കിനോട് പറഞ്ഞു. തിരുവിതാംകൂറിൽനിന്നും കുടിയേറിയവരുടെ പരമ്പരയിൽപ്പെട്ട ആളാണെന്ന് അയാളുടെ സംസാരത്തിൽനിന്നുതന്നെ ഗൗതത്തിനു വ്യക്തമായിരുന്നു. അയാൾ ഇപ്പോഴും പുറകിലുണ്ട്. മുറുക്കമുള്ള പഴയ ക്രൊക്കോഡൈൽ ബനിയനുള്ളിൽ വലിയ വയറിന്റെ ഭാരവും വഹിച്ച് കുന്ന് കയറുമ്പോൾ അയാൾക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. അയാൾക്ക് തന്നെക്കാളും വയ്യെന്ന് ഗൗതത്തിനു തോന്നി.

“ഇയാളെന്തിനാ പിന്നാലെ വെര്ന്ന്?”

“ഒരു ലോക്കൽ സപ്പോർട്ടിന്” -ദീപക് അയാളെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ട് കൈ വീശി കാണിച്ചു. മുകളിലെത്തിയവരെ പ്രതീക്ഷയോടെ നോക്കുന്ന ഒരു സഹ പർവതാരോഹകനെപ്പോലെ അയാളും ആയാസപ്പെട്ട് കൈവീശി ചിരിച്ചു. വളരെ നിഷ്‌കളങ്കനായ ഒരു മലമ്പ്രദേശത്തുകാരനെ അനുസ്മരിപ്പിക്കുമാറ് നൈർമല്യം നിറഞ്ഞതായിരുന്നു ശാന്തപ്പന്റെ പെരുമാറ്റമെങ്കിലും അയാളോടും ആ ഭൂപ്രകൃതിയോടുമുള്ള അപരിചിതത്വം ഗൗതത്തിനെ സംശയാലുവാക്കി. കഥകളിലും സിനിമകളിലും മാത്രം കേട്ടും കണ്ടും പരിചയമുള്ള, തങ്ങൾ ഇന്നേവരെ കാണാത്തതരം ഒരു മനുഷ്യനെ ദീപക് എങ്ങനെ ഇത്ര പെട്ടെന്ന് വിശ്വാസത്തിലെടുക്കുന്നു എന്നതിൽ അവനു കൗതുകം തോന്നി. ഒരുപക്ഷേ, അതിബുദ്ധിയെന്ന് സ്വയം കരുതുകയും ചിലപ്പോഴൊക്കെ താനും സമ്മതിച്ചുകൊടുക്കാറുള്ള ദീപക്കിന് മനുഷ്യരുടെ മനസ്സ് വായിക്കാനുള്ള സിദ്ധിയൊക്കെ ഉണ്ടായിരിക്കണം.

വൃദ്ധരൂപത്തിലുള്ള ഒരു ബുദ്ധനെ സ്വപ്നം കണ്ട് എഴുന്നേറ്റ കഴിഞ്ഞ ഞായറാഴ്ചയാണ് വളരെ കാലത്തിനുശേഷം ദീപക് വിളിച്ചത്. ചെളിനിറഞ്ഞ ഒരു കുണ്ടിനടുത്ത് ചമ്രം പടിഞ്ഞിരുന്ന് വലത് തുടയിൽ വലത് കൈമുട്ട് കുത്തി കൈവെള്ളയിൽ താടി താങ്ങി വിഷണ്ണൻ ആയിരിക്കുകയായിരുന്നു സ്വപ്നത്തിലെ ബുദ്ധൻ. സാധാരണ ചിത്രങ്ങളിൽ കാണുന്നപോലുള്ള കുങ്കുമവർണം അല്ലെങ്കിൽ മഞ്ഞനിറത്തിലുള്ള ഉത്തരീയത്തിനു പകരം ഖദറിന്റെ ഒരു വെള്ളത്തുണിയായിരുന്നു അയാൾ പുതച്ചിരുന്നത്. ഗൗതം അടുത്തെത്തിയപ്പോൾ അയാൾ ആ വിഷാദചിന്തയിൽനിന്നു പിടഞ്ഞെണീക്കുകയും ആ നിമിഷം ലക്ഷ്യമാക്കി എങ്ങുനിന്നോ പാഞ്ഞു വന്ന ഒരു ചെമ്പൻ കുതിരപ്പുറത്ത് ഓടിക്കയറി മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് അപ്രത്യക്ഷനാകുകയും ചെയ്തു. സർപ്രൈസുമായി പെട്ടെന്ന് പ്രത്യക്ഷനാകുകയും ഒരു പിണക്കത്തിൽ ഏറെക്കാലം അപ്രത്യക്ഷനാകുകയും ചെയ്യുന്ന ദീപക്കിനെ ആ സമയം ഗൗതം ഓർമിച്ചോ എന്നു തീർച്ചയില്ല. എങ്കിലും, ആ സ്വപ്നം പകുതിയിൽ മുറിഞ്ഞെന്ന് തോന്നിപ്പിച്ച ഉണർവിൽ അവൻ കാരണങ്ങളൊന്നും ഇല്ലാതെ തന്നെ ദീപക്കിനെ ഓർത്തു.

വീട് അടുക്കിവച്ച ശേഷം വീട്ടിലുള്ള അനേകം ബുദ്ധന്മാരിലൊരാളെ പൊടി തുടച്ച് താലോലിക്കുകയായിരുന്നു ഗൗതം. ലോകത്തിൽ ഒരു ബുദ്ധക്ഷേത്രത്തിലും ഒരു മ്യൂസിയത്തിലും ഇത്രയധികം ബുദ്ധന്മാരുണ്ടാവില്ല എന്നതിൽ അവൻ അഭിമാനിച്ചിരുന്നു. ചിലരെ ഫ്രെയിമുകൾക്കകത്ത് ബന്ധിച്ച് ചുവരിൽ തൂക്കിയിട്ടെങ്കിലും ഖരശരീരമുള്ള പലരും സ്വതന്ത്രരാണ്. അവർക്ക് വിഹരിക്കാൻ ചെറുകുളങ്ങളും പൂന്തോട്ടങ്ങളുമൊക്കെ അവൻ നിർമിച്ചിട്ടുണ്ട്. അത്രയും ബുദ്ധന്മാർക്കിടയിൽ ഒരു ലാമയെപ്പോലെ താൻ കഴിയുകയാണ് എന്നവനു തോന്നി.

സിദ്ധാർത്ഥ ഗൗതമൻ എന്ന ശാക്യമുനി, അമിതാഭ ബുദ്ധൻ, മൈത്രേയ ബുദ്ധൻ, അവലോകിതേശ്വരൻ, നീല ബുദ്ധൻ, പച്ച ബുദ്ധൻ, ചുവന്ന ബുദ്ധൻ, ഇരിക്കുന്നവർ, കിടക്കുന്നവർ, ചിരിക്കുന്നവർ, നടക്കുന്നവർ, സംസാരിക്കുന്നവർ, താടിക്ക് കയ്യും കൊടുത്തു കുമ്പിട്ട് നിൽക്കുന്നവർ എന്നിങ്ങനെ ഒരു ബുദ്ധമഹാസമ്മേളനം തന്നെ ആ വീട്ടിലുണ്ട്. പോകുന്നിടത്ത് നിന്നെല്ലാം ഒരു ബുദ്ധനെയെങ്കിലും അവൻ സ്വന്തമാക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഉത്സവപ്പറമ്പുകളിലും നിരത്തിവെച്ച പലവക കരകൗശല സാമാനങ്ങൾക്കിടയിൽനിന്ന് കൃത്യം ഒരു ബുദ്ധനെത്തന്നെ അവൻ തിരഞ്ഞെടുക്കും. ചെറിയ ഫാൻസിക്കടകളിലായാലും വലിയ ഗിഫ്റ്റ് ഷോപ്പുകളിൽ ചെന്നാലും അങ്ങനെത്തന്നെ. ഭൂമിയോ സ്വർഗമോ എന്നുറപ്പില്ലാത്ത ഏതോ ഒരു പ്രതലത്തിൽ കുങ്കുമ ശോണിമയുടെ അകമ്പടിയോടെ കുതിക്കുന്ന ഏഴ് വെളുത്ത കുതിരകളുടെ ചിത്രമോ ദുഃസ്വപ്നങ്ങളെ കുടുക്കിയിടാൻ തൂവലുകൾകൊണ്ട് നിർമിക്കപ്പെട്ട ഡ്രീം കാച്ചറോ ഒന്നും അവൻ പരിഗണിക്കാറില്ല. അവ തന്റെ ഏകാന്ത ജീവിതത്തിൽ എന്തെങ്കിലും നല്ലത് പ്രവർത്തിക്കും എന്ന പ്രതീക്ഷയും ഇല്ല. പകരം, ബുദ്ധന്മാരെയാണ് കൂട്ടിക്കൊണ്ടു വരാറുള്ളത്. അവർ അവനു സമാധാനം നൽകാറുണ്ടെങ്കിലും ഇടയ്ക്കിടെ ഇങ്ങനെ ചില സ്വപ്നങ്ങൾ ഒക്കെ കാണിക്കും.

ടീപ്പോയ്ക്കുമേൽ കൃത്രിമമായി നിർമിച്ച കുളത്തിനരികിൽ ധ്യാനനിമഗ്നനായ പച്ച ബുദ്ധന്റെ തലയിലെ പൊടി ഊതിക്കളഞ്ഞിരിക്കുമ്പോഴാണ് ദീപക്കിന്റെ ആ കോൾ വന്നത്. എന്തെങ്കിലുമൊരു കാര്യമില്ലാതെ അവൻ അപ്പോൾ വിളിക്കുമായിരുന്നില്ല. പ്രതീക്ഷിച്ചപോലെ തന്റെ പിണക്കം മാറ്റാൻ ഒരു സർപ്രൈസിന്റെ സ്വരം ആ ഹലോയിൽ ഉണ്ടായിരുന്നു. അച്ചാച്ചന്റെ ഒരു ഭൂമി ആലക്കോട് ഭാഗത്തെ ഏതോ കുന്നിൻമുകളിലുണ്ടെന്ന വിവരം അവൻ അതീവരഹസ്യംപോലെ ശബ്ദം താഴ്ത്തി പറഞ്ഞു.

ഒരു തുണ്ട് മൗനത്തിനുശേഷം അവൻ ശബ്ദമുയർത്തി തുടർന്നു: “മെയിൻ റോഡ്ന്ന് ഒന്നര കിലോമീറ്റർ അകത്ത് ഒരു ഇരുപത് സെന്റ്. സ്ഥലത്തിന്റെ ഒരു അതിരിലൂടെ ജീപ്പ് പോകുന്ന മണ്ണിന്റെ വഴീണ്ട്. ഒന്ന് മനസ്സ് വച്ചാ കാറും പോവും. നല്ല ഗ്രൗണ്ട് ക്ലിയറൻസ് ഉള്ള വണ്ടിയാന്നെങ്കിൽ ഒരു കൊഴപ്പൂല്ല. ഭാവിയിൽ അത് എന്തായാലും ടാറിടും. കാരണം, അങ്ങോട്ട് ഒരുപാട് വീട്ണ്ട്. മാത്രല്ല, ആലക്കോട് ടൗണിലേക്ക് ഒരു എളുപ്പവഴിയായും ആ റോഡ് ഉപയോഗിക്കാ. റോഡിന് ഒരു ഒന്നോ ഒന്നരയടിയോ കൊടുത്താലും നഷ്ടൂല്ലടാ. ഇപ്പത്തെ വെലയനുസരിച്ച് സെന്റിന് മാക്സിമം ഒരു നാൽപ്പതിനായിരേ ഉള്ളൂങ്കിലും ഭാവിയിലേക്ക് ഒരു അസറ്റാ.” അവൻ ഒറ്റശ്വാസത്തിൽ പറഞ്ഞുനിർത്തി.

ദീപക് എങ്ങനെ ഈ ഭൂപടം ഒക്കെ കണ്ടുപിടിച്ചു എന്ന് ഗൗതം ഓർത്തു. വരാൻ പോകുന്ന റോഡിനെക്കുറിച്ചൊക്കെ എങ്ങനെയാണ് ഇവൻ പ്രവചിക്കുന്നത്. എന്തായാലും നല്ലൊരു ഡീലാണ് എന്ന കാര്യത്തിൽ ഗൗതത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. ഒരു സ്ഥലം കൈപ്പറ്റുക എന്നതിലുപരി ഒരു സാഹസികതയ്ക്ക് ഒരുമിച്ച് ഇറങ്ങി പുറപ്പെടുന്നു എന്നതിലാണ് അവന് ആവേശം തോന്നിയത്. കുട്ടിക്കാലം മുതലേ അവരിരുവരും അങ്ങനെ ചെയ്യാറുണ്ട്. അവധിക്കാലത്ത് പറങ്ങളായിയിലെ തറവാട്ടുവീട്ടിൽ അച്ചാച്ചനും അമ്മമ്മയുമോടൊത്ത് താമസിക്കാൻ വരുമ്പോഴാണ് അവർ കൂടുതൽ സാഹസികന്മാരാവാറുള്ളത്.

അന്നൊരു ദിവസം ടിവി കാണാൻ സ്ഥിരമായി വീട്ടിൽ വരാറുള്ള ഡെന്നിസിന്റെ തലയിലേയ്ക്ക് ദീപക് ഒരു കടലാസ് വിമാനം പറപ്പിച്ചുവിട്ടത് ഗൗതം ഓർത്തു. കട്ടിയുള്ള കടലാസ് ആയതിനാൽ അവനു ചെറുതായൊന്ന് നൊന്തുകാണണം. ആ കാലത്തിന്റെ നിയമമനുസരിച്ച് ടിവി വയ്ക്കുന്ന റൂമിൽ വെളിച്ചമിടാത്തതിനാലും രാത്രിയായതിനാലും അതാരാണ് ചെയ്തത് എന്ന് ഡെന്നിസ് തീർച്ചയായും കണ്ടുകാണില്ല. പക്ഷേ, തങ്ങളുടെ വീട്ടിൽ വന്ന് ദിനവും സീരിയൽ കാണുന്നതിന്റെ യാതൊരു നന്ദിയുമില്ലാതെ പിറ്റേ ദിവസം വിജനമായ മൺപാതയിൽ വച്ച് ഡെന്നിസ് അതിനു മറുപടി നൽകി.

അച്ചാച്ചന്റെ നിർദേശമനുസരിച്ച് ബസാറിൽനിന്ന് പച്ചക്കറികൾ വാങ്ങി കുന്ന് കയറിവന്ന അവരെ അന്നത്തെ സീരിയലുകളിലെ വില്ലന്മാരെ ഓർമിപ്പിക്കുമാറ് ഡെന്നിസ് തടഞ്ഞുനിർത്തി. തങ്ങളുടെ തലകളെക്കാളും ഒരടി ഉയരത്തിൽ നാട്ടപ്പെട്ട അവന്റെ തലയിലേയ്ക്ക് അവർ കഴുത്ത് ചെരിച്ചു. രണ്ട് പേരേയും മാറിമാറി നോക്കിയ ശേഷം ദീപക്കിനെ തള്ളിമാറ്റി ഗൗതത്തിന്റെ കോളറിൽ അവൻ മുറുക്കിപ്പിടിച്ചു. കോളർ ഒന്ന് കുലുക്കിയ ശേഷം കവിളിൽ മൂന്ന് വിരലുകൾ കൊണ്ട് നന്നായി ഒന്ന് തേമ്പി. ഇരുട്ടത്ത് വിമാനമെറിഞ്ഞത് ആര് എന്ന് കണ്ടുകാണില്ലെങ്കിലും താൻ ആണ് ആ പാതകം ചെയ്തത് എന്ന് അവനെന്തിന് ഉറപ്പിച്ചു എന്ന് ഗൗതത്തിന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. കോളറിലെ പാതി പൊട്ടിയ ബട്ടൺ ഒരു നൂലിന്മേൽ തൂങ്ങിനിന്ന് ആടിയത് വിരൽകൊണ്ട് ഒന്ന് ഞൊട്ടി നിലത്ത് വീണ പച്ചക്കറികൾ ചവിട്ടിക്കൂട്ടി ഡെന്നിസ് തിരിഞ്ഞുനടന്നു.

അതിനു പ്രതികാരമായി ദീപക്കിന്റെ തലയിൽ ഉദിച്ച നടപടി ഡെന്നിസിന്റെ വീട് കല്ലെറിഞ്ഞ് തകർക്കുക എന്നതായിരുന്നു. മടിച്ചുനിന്ന ഗൗതത്തെ, നേരിട്ട അപമാനത്തെ വീണ്ടും വീണ്ടും ഓർമിപ്പിച്ച് ദീപക് ആ കൃത്യത്തിനു തയ്യാറാക്കിയെടുത്തു. അന്നു വൈകുന്നേരം തന്നെ രണ്ട് സഞ്ചിനിറയെ ഉരുളൻ കല്ലുകൾ പെറുക്കിക്കൂട്ടി അവർ കുന്നിന്റെ മണ്ടയിലെ മൺപാതയിലെത്തി. ഒട്ടും സമയം വൈകിക്കാതെ കുന്നിന്റെ മടക്കിലുള്ള ഡെന്നിസിന്റെ ഓടിട്ട വീടിന്റെ മുകളിലേയ്ക്ക് കല്ലെറിഞ്ഞ് തുടങ്ങി. സഞ്ചി പകുതിയായപ്പോഴേയ്ക്കും നിരവധി ഓടുകൾ പൊട്ടിയിരുന്നു. ഡെന്നിസ് പരിഭ്രമപ്പെട്ട് പുറക് വശത്തെ ജനാലക്കമ്പികൾക്കിടയിലൂടെ മുകളിലേയ്ക്ക് നോക്കുന്ന ദൃശ്യം അവർ കണ്ടു. ഡെന്നിസിന്റെ വീട്ടുകാർ ഇറങ്ങിവരുമ്പോഴേയ്ക്കും അവരിരുവരും വീട്ടിലേക്കോടിയിരുന്നു. സംഭവം അച്ചാച്ചൻ അറിഞ്ഞു എന്നുറപ്പായപ്പോൾ അവർ തട്ടിൻപുറത്ത് കയറി ഒളിച്ചിരുന്നു. വീടിനു പുറത്ത് നടക്കുന്ന ബഹളം കേൾക്കാതിരിക്കാൻ ഗൗതം ശ്രമിച്ചപ്പോൾ ദീപക്ക് ചെവികൂർപ്പിച്ചിരിക്കുന്നത് കണ്ടു. തങ്ങളെച്ചൊല്ലി അവിടെ നടക്കുന്ന അവ്യക്തമായ കോലാഹലം ദിവസങ്ങൾ കഴിഞ്ഞാലും ഇതുപോലെ തുടരുമോ എന്ന് ഗൗതം ഭയപ്പെട്ടു. തൊട്ടടുത്തുള്ള കൊട്ടത്തേങ്ങകളുടെ കൂമ്പാരത്തിനുള്ളിൽ വല്ല പാമ്പും ഒളിച്ചിരിപ്പുണ്ടോയെന്ന് അവനു സംശയമായി. പഴയ പൊടിയുടേയും പൂപ്പലിന്റേയും മണവും മൂക്കിനെ വല്ലാതെ അലോസരപ്പെടുത്തിയപ്പോൾ അവനൊന്ന് തുമ്മണമെന്ന് തോന്നി. അവന്റെ മൂക്കും വായയും ഒരു കൈകൊണ്ട് പൊത്തിപ്പിടിച്ച് ദീപക്ക് കണ്ണുരുട്ടി.

പുറത്തുനിന്ന് ഒച്ച കേൾക്കാതായപ്പോൾ ബഹളം അച്ചാച്ചൻ പണം കൊടുത്ത് ഒതുക്കിയെന്ന് അവർക്ക് മനസ്സിലായി. പിന്നെയും മണിക്കൂറുകൾ ഏറെ കഴിഞ്ഞാണ് അവർ ശബ്ദം കേൾപ്പിക്കാതെ ഗോവണിപ്പടികൾ ഇറങ്ങിയത്. ഒരുറക്കവും കഴിഞ്ഞ് ഉമ്മറത്ത് പത്രം വായിച്ചിരുന്ന അച്ചാച്ചൻ അവരെ ഒന്ന് തറപ്പിച്ച് നോക്കുക മാത്രം ചെയ്തു.

അങ്ങനെയുള്ള സാഹസങ്ങളുടെ ഓർമയ്ക്കായി വീണ്ടും പറങ്ങളായി എത്തിയ അവർ സ്മൃതിനാശം ബാധിച്ചുതുടങ്ങിയ അമ്മമ്മയെ കണ്ട് അനുഗ്രഹം വാങ്ങി. ഡെന്നിസ് അന്ന് രാവിലേയും വന്ന് വിവരങ്ങൾ തിരക്കി മരുന്നുകളും പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളും ഏല്പിച്ചിട്ട് പോയിരുന്നു എന്ന് അമ്മമ്മ ഓർത്തെടുത്തു. അവൻ ചെത്തി നിർമിച്ച റബ്ബർഷീറ്റുകൾ മുറ്റത്തെങ്ങും തോരണംപോലെ തൂക്കിയിട്ടിട്ടുണ്ടായിരുന്നു. തട്ട് തട്ടായി ഉയർന്നുയർന്ന് കുന്നിന്റെ മണ്ട വരെയെത്തുന്ന പറമ്പിലെ റബ്ബർ മുഴുവൻ ചെത്തുന്നതും ഷീറ്റടിക്കുന്നതും തളിപ്പറമ്പ് അങ്ങാടിയിൽ കൊണ്ടുചെന്ന് വിൽക്കുന്നതും അവൻ തന്നെ. പറമ്പ് കയറിത്തീരുന്ന കുന്നിന്റെ മറുചെരിവിലാണ് അവന്റെ വീട്. അച്ചാച്ചൻ വെട്ടിയുണ്ടാക്കിയ പാത കഴിഞ്ഞാൽ റബ്ബർമരങ്ങളുടെ തുടർച്ച തന്നെയാണ് അവിടെയും. കുന്നിന്റെ ഇപ്പുറത്തിരുന്ന് അമ്മമ്മ വിളിച്ചാൽ മറുപുറത്ത് നിന്നും അവൻ ‘എന്തോ’ എന്ന് വിളി കേൾക്കും.

അമ്മമ്മയോട് യാത്ര പറഞ്ഞ ശേഷം അവർ കുന്നിൻമുകളിലേയ്ക്ക് കാർ ഓടിച്ചുകയറ്റി. ഒരു കാലത്ത് അച്ചാച്ചന്റെ പാരമ്പര്യ സ്വത്തായിരുന്നു എന്ന് പറയപ്പെടുന്ന കുന്ന്. അതിന്റെ പല മടക്കുകളിലായി അനവധി വീടുകൾ. പഴയ മൺപാത അച്ചാച്ചന്റെ മരണത്തിനു മുൻപ് തന്നെ ടാറിട്ടു. പറങ്ങളായി ബസാറിൽ അച്ചാച്ചന്റെ നേതൃത്വത്തിൽ കുന്നിലെ മനുഷ്യർ ഒന്നാകെ നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധത്തിന്റെ ഫലമാണത്. തങ്ങളുടേയും ഡെന്നിസിന്റേയും പറമ്പുകളുടെ അതിര് തിരിക്കുന്ന ആ ടാർ റോഡിലൂടെ അവർ ബസാറിലേയ്ക്ക് തിരിച്ചു. പണ്ട് നടന്നുപോകാൻ മാത്രം സാധിക്കുമായിരുന്ന ഈ വഴി ഏത് വണ്ടിയും പോകുന്ന പെരുവഴിയാക്കിയത് അച്ചാച്ചൻ തന്നെയാണ് എന്നു പറഞ്ഞുകേട്ടിട്ടുണ്ട്. കുന്നിൻ മടക്കുകളിലെ വീടുകളിൽ താമസിക്കുന്ന മനുഷ്യർക്ക് വാഹനത്തിൽ ബസാറിൽ പോകാനുള്ള ഭാഗ്യമുണ്ടായത് അങ്ങനെയാണ്. കാറിൽ അഭിമാനത്തോടെ ഇരുന്നുകുലുങ്ങി അവർ ബസാറിലേയ്ക്ക് ഇറങ്ങിപ്പോയി. ബസാർ കടന്നുള്ള വയൽക്കരയിൽ എന്നും ഒത്തുചേരാറുള്ള ചായക്കടയ്ക്കരികിൽ കാർ നിർത്തി. എന്നത്തേയുംപോലെ ഡെന്നിസ് ദീപക്കിനോട് ഊഷ്മളമായി ചിരിച്ചെങ്കിലും ഗൗതത്തോട് നിസ്സംഗഭാവം പുലർത്തി. അവൻ രണ്ട് വിത്തൗട്ട് ചായ അവർക്കു കൈമാറി.

മലയാളം കഥ സാഹസം പിതാമഹസ്യം

തങ്ങളെപ്പോലുള്ള നാട്ടിലെ ചെറിയ ചെറിയ അധോലോകങ്ങൾ ഒത്ത് ചേരുന്നതും തന്ത്രങ്ങൾ മെനയുന്നതും ഇതുപോലുള്ള ചായക്കടകളിലാണ്. ഓല മേഞ്ഞ ഷെഡ്ഡിനു കീഴെ നിരനിരയായി ഇട്ട തടിബെഞ്ചുകളും മേശകളും. ചായ അടിക്കുന്നതും ചെറുകടികൾ നിർമിച്ചെടുക്കുന്നതും ഡെന്നിസ് തന്നെ. ഉഴുന്നുവട, പരിപ്പുവട എന്നീ വസ്തുക്കളുടെ മിനിയേച്ചറും തക്കാളി ചട്ണിയുമാണ് ഡെന്നിസിന്റെ വിശേഷ നിർമിതികൾ. നാട്ടിൽ ഇപ്പോൾ സാധാരണയായി കാണുന്ന അത്യാധുനിക പലഹാരങ്ങൾക്ക് അവന്റെ കണ്ണാടിക്കൂട്ടിൽ സ്ഥാനമുണ്ടായിരുന്നില്ല. ഭദ്രമായി അടച്ചുവെന്നു തോന്നിപ്പിക്കുമെങ്കിലും ചൂടാറാത്ത പലഹാരങ്ങൾക്ക് മുകളിലെ കണ്ണാടിച്ചുമരിൽ രണ്ട് ഈച്ചകൾ നിശ്ചലരായി എന്തോ രഹസ്യം മെനയുന്നുണ്ടായിരുന്നു. ചായക്കടയിൽ തങ്ങളെപ്പോലുള്ള അനേകം ഇരുവർ സംഘങ്ങൾ തങ്ങളുടെ അടുത്ത മിഷനെക്കുറിച്ച് അതീവ രഹസ്യ സ്വഭാവമുള്ള ചർച്ചകളിൽ ഏർപ്പെടുന്നത് ഗൗതം കണ്ടു. ശബ്ദം താഴ്ത്തിയാണ് സംസാരിക്കുന്നതെങ്കിലും പഞ്ചസാരപ്പെട്ടി തുറക്കുന്നതും കാത്ത് കറങ്ങുന്ന ഈച്ചകളുടെ മൂളൽപോലെ അവ ഒന്നായി ഉയർന്നു കേൾക്കാം. അവരിൽ ചിലർ തല ചൊറിയുകയും താടിരോമങ്ങൾ പിടിച്ചുവലിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. നാളെ നടക്കാനിടയുള്ള ഒരു കൊലപാതകം, ബാങ്ക് കൊള്ള, മോഷണം അല്ലെങ്കിൽ ഒരു കല്ല്യാണം മുടക്കലിനെപ്പറ്റി ഓർത്ത് ഗൗതം വ്യാകുലനായി. ചിലപ്പോൾ അതൊന്നുമാവില്ല, ഒരു ബൈക്ക് ട്രിപ്പ്, ക്ലബ്ബിന്റെ വാർഷികം, പാല് കാച്ചൽ, കല്ല്യാണവിരുന്ന്, പിറന്നാൾ ആഘോഷം അങ്ങനെ ഒരു കാര്യവുമില്ലാത്ത എന്തെങ്കിലും ആവുമെന്നോർത്ത് അവൻ സമാധാനിച്ചു. തോടിനു മുകളിൽ റോഡ് വന്നതിന്റെ സ്മാരകമായ കപ്പാലത്തിലിരുന്ന് ആവിപറക്കുന്ന ചായ ഊതിക്കുടിച്ച് ദീപക് ഗൂഗിൾ മാപ്പിൽ തങ്ങൾ തേടിപ്പോകുന്ന ആ സ്ഥലത്തിന്റെ സാറ്റലൈറ്റ് വ്യൂ സ്‌ക്രീൻഷോട്ട് എടുത്തു. അതിന്റെ അരികിലൂടെ പോകുന്ന മൺറോഡ് അവസാനിക്കുന്ന പ്രദേശവും തൊട്ടടുത്ത് കൂടി പോകുന്ന നിലവിലുള്ള ടാർ റോഡിലേക്കുള്ള കണക്ഷനും അവൻ വരച്ച് ബന്ധിപ്പിച്ച് കാണിച്ചപ്പോഴാണ് ഗൗതത്തിനു വിശ്വാസമായത്.

“നമ്മളെ റോഡ് ടാറിട്ട് കയിഞ്ഞാ ഈ റോഡിനോട് മുട്ടിക്കാടാ, കെട്ടിടങ്ങളൊന്നും ഇല്ലാത്ത സ്പേസാ, ഒരു മൂന്നോ നാലോ മീറ്റർ, ഒരറ്റത്ത് കൂടെ. ഞാൻ സംസാരിക്കാ, അവർക്കും ഗുണൂണ്ടാവുവല്ലോ, നമ്മക്ക് നോക്കാ” അവൻ കരുണയോടെ ചിരിച്ച് ഗൗതത്തിന്റെ തോളിൽ ഒന്ന് തട്ടി. ആ വക കാര്യങ്ങളിൽ ദീപക്കിന്റെ കുടിലബുദ്ധി അറിയാമായിരുന്ന ഗൗതം, ഗ്ലാസ് മുട്ടിച്ച് ചിയേഴ്‌സ് അടിച്ചു.

“എന്നാലും ഇത്രകാലം മിണ്ടാതിരുന്ന ഈ സ്ഥലത്തെപ്പറ്റി അമ്മമ്മ എന്തിനാ ഇപ്പൊ മിണ്ടിയത്.” സ്വത്തുവിവരങ്ങൾ തിരക്കുമ്പോൾ മുഖം ഒരു വശത്തേയ്ക്ക് തിരിച്ച് പിടിക്കുന്ന അമ്മമ്മയെ ഗൗതം ഓർത്തു.

“തറവാട്ട് വീടിനടുത്തുള്ള സ്ഥലം ചോദിക്ക്ന്നത് നിർത്താൻ ആയിരിക്കും. ഏത് സ്ഥലം ആയാലും നമ്മൾ ഒടനെ വിൽക്കാൻ ഒന്നുവല്ലല്ലാ. അസറ്റ് മാനേജ് ചെയ്യാൻ പ്രാപ്തിയുള്ളോർക്ക് അത് കിട്ടണം. ദാറ്റ്സോൾ. എടാ, അറ്റ്‌ലീസ്റ്റ് ലോൺ എങ്കിലും എടുക്കാലോ.”

അങ്ങനെയാണ് അവരിരുവരും വഴിയിൽനിന്നു കിട്ടിയ ശാന്തപ്പനും ഈ ഉദ്യമത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. കുപ്പിവെള്ളം ഒറ്റക്കമിഴ്ത്തിന് വായിലേയ്ക്ക് ഒഴിച്ചുതീർത്ത് ദീപക് പറഞ്ഞു.

“ഗൗതൂ, സ്ഥലം വിറ്റ് പോകാതിരിക്കാൻ ചുറ്റൂള്ളോര് പലതും പറയും. അച്ചാച്ചന്റെ ബോഡി ഈടെയാ വച്ചത് ന്ന് വര പറഞ്ഞുകളയും.”

അതു കേട്ടപ്പോൾ അവനും സംശയം തോന്നി, ഇനി അച്ചാച്ചന്റെ ബോഡി ഇവിടെ ആയിരിക്കുമോ വച്ചത്? തങ്ങൾ ആദ്യം താമസിച്ച സ്ഥലവും തറവാട്ടുവീട് ഇപ്പോ ഉള്ള സ്ഥലവും വേറെ ആണ് എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. ആദ്യം താമസിച്ച സ്ഥലം ഇതായിരിക്കുമോ? ഏയ്, അച്ചാച്ചന്റെ ബോഡി വച്ചത് ഇപ്പോഴുള്ള തറവാട്ടുവീട്ടിൽ തന്നെ, അന്ത്യകർമങ്ങൾക്കു താനും ഉണ്ടായിരുന്നല്ലോ.

കാടിന്റെ പ്രതീതി നൽകിയ മരക്കൂട്ടങ്ങൾ വിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ ഇരുവശത്തും റബ്ബർ മരങ്ങൾ കണ്ടുതുടങ്ങി. വീണ്ടും ഒരു ചെറിയ കയറ്റം, തട്ട് തട്ടായി മരങ്ങൾ, കാറ്റ്, നല്ല ശീതളിമ. ദീപക് ആ പ്രകൃതി നന്നായി ആസ്വദിക്കുകയാണെന്ന് ഗൗതത്തിനു തോന്നി. മരങ്ങളിൽ കെട്ടിമുറുക്കിയ ചിരട്ടപോലുള്ള പാത്രങ്ങളിലേയ്ക്ക് തൂവെള്ള നിറത്തിൽ പാല് കിനിയുന്നത് ഒരു കുട്ടിയുടെ കൗതുകത്തോടെ അവൻ അരികിൽ പോയി നോക്കി. “ദാ ഇത് കാണ്ന്നില്ലേ, വേണെങ്കിൽ ഇങ്ങനെ റബ്ബറും വെക്കാ. അതിനെല്ലും പറ്റിയ സ്ഥലാ.” ശാന്തപ്പൻ അതെ എന്ന അർത്ഥത്തിൽ അതിന് തലയാട്ടി.

“എന്നാലും നമ്മളെ അച്ചാച്ചൻ ഒരു മാന്യൻ തന്നെ! അല്ലേടാ” -റബ്ബർമരങ്ങളെ വിട്ട് മുന്നോട്ട് കയറുന്നതിനിടെ തിരിഞ്ഞ് നോക്കാതെ ദീപക് പറയുന്നുണ്ടായിരുന്നു.

“എന്തേടാ?”

“രണ്ട് മക്കൾ, എന്റമ്മയും നിന്റമ്മയും. അന്നത്തെ കാലത്ത് രണ്ട് മക്കള് ന്നെല്ലും പറഞ്ഞാ. അതും രണ്ട് പെണ്മക്കൾ. അയാൾ ആ കാലത്ത് ഒന്നും ജീവിക്കണ്ട ആളല്ല!”

അതു ശരിയാണെന്ന് ഗൗതത്തിനു തോന്നി. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടിയതിനാൽ മൂത്രമൊഴിച്ചൊഴിച്ച് തളർന്ന ലിംഗത്തേയും കാലിലെ ഉണങ്ങാത്ത വ്രണങ്ങളേയും നോക്കി ഉത്കണ്ഠപ്പെടുന്നതിനിടയിലും കൊച്ചുമക്കളെ നോക്കി പുഞ്ചിരിക്കുന്ന അച്ചാച്ചന്റെ നൈർമല്യം തുളുമ്പുന്ന മുഖം അവന് ഓർമവന്നു. അതിനോട് സാമ്യം തോന്നുന്ന ഭാവവുമായി ശാന്തപ്പൻ വലത് ഭാഗത്തേയ്ക്ക് വിരൽ ചൂണ്ടിയത് അപ്പോഴാണ് - “ദാ, എത്തി.”

നീട്ടിയ കൈക്കിരുവശവും അധികം ഉയരമില്ലാത്ത കൂമ്പിനിൽക്കുന്ന മുമ്മൂന്ന് അശോകമരങ്ങൾ ഉണ്ടായിരുന്നു. അതിനു കീഴെ നേരത്തേത്തെ കാറ്റിലോ മറ്റോ ഉലഞ്ഞ മഞ്ഞ ഇലകൾ വീണുകിടക്കുന്ന വഴി അവർ കണ്ടു. അതിനറ്റത്ത് ഒരു ചെറിയ വീടും. വഴിയും മുറ്റവും ചാണകം മെഴുകിയിട്ടുണ്ട്. മുറ്റത്തോട് ചേർന്നുള്ള രണ്ട് പടികൾ കയറി രണ്ട് വശത്തേയ്ക്കും പിരിഞ്ഞുപോകുന്ന കൈവരി. അതിൽ പഴക്കം തോന്നിക്കാത്തവണ്ണം നല്ല ഫിനിഷിങ്ങോടെ മെറൂൺ പെയിന്റ് അടിച്ചിട്ടുണ്ട്. ചന്ദനനിറമുള്ള ചുമരിലെ ചില്ലുഫ്രെയിമിൽ ഒരു വയസ്സൻ തൂങ്ങിയാടുന്നതു കാണാം. കാല് നീട്ടിവച്ചാൽ ഉമ്മറം കഴിഞ്ഞുപോകുന്ന വീടിന്റെ ഉൾഭാഗം ദൃശ്യമല്ല.

“ഈട വീടെല്ലും ഇണ്ടോ?” അച്ചാച്ചനു ദീർഘവീക്ഷണം ഉണ്ടെന്ന് ഗൗതത്തിനു തോന്നി.

“ഇണ്ട്, പക്ഷേ, അത് നമ്മളെ അല്ല.”

ദീപക് അശോകമരങ്ങളിലേയ്ക്കും വഴിയുടെ അതിരിൽ നിരനിരയായി വച്ച ചെടിച്ചട്ടികളിലേയ്ക്കും പിന്നെ ഗൗതത്തേയും നോക്കി.

“ഇരുപതിൽ ആറ് സെന്റ്, ശ്രദ്ധിച്ച് കേട്ടോ ആറ് സെന്റ്, കുടികെടപ്പായിരുന്നു! ഇത് ഞാൻ പറയാൻ വിട്ടു. പതിനാല് സെന്റേ നമ്മളതുള്ളൂ, ഇവർ എങ്ങനെ ഈട ആയി എന്നൊന്നും എനക്കറീല, ഞാൻ ഇവരോട് ചോയ്ക്കാനും നിന്നില്ല, അച്ചാച്ചനുള്ള കാലം തൊട്ടേ ഇവർ ഈടിണ്ടെന്ന് അമ്മമ്മ പറഞ്ഞു. അത് സാരൂല്ല, ബാക്കി നമ്മക്ക്ണ്ട്. പിന്നെ ഇതിന് ചുറ്റൂള്ള പറമ്പൊക്കെ അച്ചാച്ചന്റെ തന്നെയായിരുന്നുപോലും. എല്ലാം വിറ്റ് തൊലച്ചു.” ദീപക് നിരാശപ്പെട്ടു.

“ആറ് സെന്റ് ആര് പറയുന്ന കണക്ക്?” ഇത്രയും ദൂരം നടന്നതിലെ വിഷമം ഗൗതത്തിനുണ്ടായിരുന്നു. ഭാവിയിൽ ആലക്കോട് ടൗണിലെത്താൻ സാധ്യതയുള്ള, പറമ്പിനരികെ പോകുന്ന ആ മൺവഴി നോക്കി അവൻ ഒന്ന് ദീർഘമായി നിശ്വസിച്ചു.

“അവർ പട്ടയം ഒക്കെ ആക്കീറ്റ്ണ്ട് പോലും.” ദീപക് വഴിയിൽ കണ്ട ഒരു കടലാസ് പൂ പൊട്ടിച്ച് മുന്നോട്ട് നടന്നു.

ഇരുവശങ്ങളിലുമായി ചട്ടികളിൽ ഉയരം കുറഞ്ഞ, ഭംഗിയുള്ള ബോഗൺ വില്ല ചെടികളുണ്ടായിരുന്നു. അവയിലെങ്ങും ചുവപ്പും റോസും മജെന്തയും നിറമുള്ള പൂക്കൾ. വഴിയുടെ വലതുവശത്ത് തൊടിയിലെ മണ്ണിൽ കൃത്രിമമായി നിർമിച്ചുവെന്ന് തോന്നുന്ന ഒന്നരയടി നീളവും വീതിയുമുള്ള ചെറിയ ഒരു കുളത്തിനരികെ ചെളി പുരണ്ട, പഴയ ഒരു ബുദ്ധൻ ധ്യാനിക്കുന്നുണ്ടായിരുന്നു. ഗൗതം ബോഗൺവില്ല ചെടികളാൽ തീർത്ത അതിര് ചാടിക്കടന്ന് അതിനടുത്ത് ചെന്നു. എന്നിട്ട് ഒരു മുട്ട് നിലത്തൂന്നി കൗതുകത്തോടെ ബുദ്ധനൊപ്പം തലയെത്തിച്ചു. വല്ലാത്ത ഒരു സമാധാനം അപ്പോൾ അവന് തോന്നി. വീട്ടിലെ ചുവരുകളിലും മേശപ്പുറങ്ങളിലും കുത്തിനിറച്ച തന്റെ ബുദ്ധന്മാരെക്കാൾ ശാന്തത അതിനുണ്ടായിരുന്നു. ആ ബുദ്ധനെ പ്രണയത്തോടെ നോക്കിനിൽക്കെ, ദീപക് അസ്വസ്ഥതയോടെ അവനെ കൈവീശി വിളിച്ചു.

സ്കൂളിൽ പോകുന്ന ഒരു കുട്ടി ശാന്തപ്പന്റെ കയ്യിൽ ഒന്നു തൂങ്ങിയ ശേഷം അവരെ കടന്നുപോയി. അവന്റെ അമ്മ വീടിന്റെ ഉൾഭാഗത്തേയ്ക്ക് പ്രവേശനമില്ല എന്ന ഭാവത്തോടെ വാതിലിൽ ചാരിനിൽപ്പുണ്ടായിരുന്നു. അവർ തങ്ങളെ തുറിച്ചുനോക്കുന്നതായി ഗൗതത്തിനു തോന്നി. കൈലി മുറുക്കിയുടുത്ത് കയ്യിലെ മണ്ണ് തട്ടിക്കളഞ്ഞ് ചെറിയ പുഞ്ചിരിയോടെ മെലിഞ്ഞ ഒരമ്മൂമ്മ ഇടതുവശത്തെ പറമ്പിൽനിന്ന് അങ്ങോട്ട് നടന്നുവരുന്നുണ്ടായിരുന്നു.

“നമ്മളെ പറമ്പില് ഇവരിക്കെന്താ കാര്യം?” ഗൗതത്തിന്റെ ചെവിയിൽ അടക്കം പറഞ്ഞ ശേഷം ഒരു അധികാരഭാവത്തോടെ ദീപക് അവരെ നോക്കി.

ചുറ്റിലും വലിയൊരു നിശ്ശബ്ദത ഗൗതത്തിന് അനുഭവപ്പെട്ടു. ഒരു നിശ്ശബ്ദ ചിത്രത്തിലെ ദൃശ്യങ്ങളെന്നോണം ആ കാഴ്ചകൾ അവൻ കണ്ടുനിന്നു. അമ്മൂമ്മയുടെ ചുണ്ടിൽ ഒരു നനഞ്ഞ പുഞ്ചിരി, വാതിൽപ്പടിക്കരികിൽ ചാരിനിൽക്കുന്ന കുട്ടിയുടെ അമ്മ തങ്ങളെത്തന്നെ തുറിച്ചുനോക്കുന്നത്, പറമ്പ് നോക്കിനിൽക്കുന്ന ശാന്തപ്പന്റെ നിശ്വാസമേറ്റുറങ്ങുന്ന പലക പോലുള്ള മീശ, കൂടില്ലാത്ത ഒരു പട്ടി, തുറന്ന മുഖമുള്ള കയ്യാലയിൽ നിർത്താതെ ചവച്ച് സ്വപ്നം കാണുന്ന പശുക്കൾ, ചിക്കിനടക്കുന്ന വികൃതിയായ ഒരു പൂവൻകോഴി. ആ നിശേശബ്ദതയ്ക്കൊടുവിൽ കൂടില്ലാത്ത പട്ടി അവരെ നോക്കി രണ്ട് വട്ടം കുരച്ചു. പിന്നെ വീടിന്റെ ഉമ്മറത്തേയ്ക്ക് തലനീട്ടി അതിലും ഉറക്കെ കുരച്ചു. പൂവൻകോഴി ഒന്ന് നീട്ടിക്കൂവുകയും പശുക്കൾ ബഹളമുണ്ടാക്കുകയും ചെയ്തു.

“പറമ്പ് വെട്ടിമുറിച്ചാ ഇവരെല്ലും ഏടപ്പോവും?” ചെളിക്കുണ്ടിനരികെനിന്ന് ബുദ്ധൻ ചോദിക്കുന്നതായി ഗൗതത്തിനു തോന്നി.

കൂടില്ലാത്ത പട്ടിയെ കണ്ടപ്പോൾ അവനു കേട്ടുകേൾവി മാത്രമുള്ള അച്ചാച്ചന്റെ ജിമ്മി എന്ന പട്ടിയെ ഓർമവന്നു. അന്ന് അച്ചാച്ചന്റെ തല നരച്ചിട്ടില്ല. പക്ഷേ, ജിമ്മിയെ വാർദ്ധക്യം തൊട്ടുതുടങ്ങിയിരുന്നു. തലയിൽ വ്രണം പഴുത്ത് പുഴുവരിച്ചപ്പോൾ അതിനെ ദയാവധം ചെയ്യാൻ അച്ചാച്ചന്റെ കനിവുണ്ടായി. കള്ളും കുടിച്ച് പെരുവഴി നടക്കുമ്പോൾ അതിനെ കൊന്നുകളയുമെന്ന് തെറി പറയാറുള്ള അടക്കാക്കിട്ടനെത്തന്നെ അതിന് ഏല്പിച്ചു. തലയ്ക്കടിച്ച് കൊന്ന് കളയാമെന്നാണ് ഇരുവരും തീരുമാനിച്ചത്. തലയ്ക്ക് പ്രഹരിക്കാൻ ശ്രമിച്ച കിട്ടനിൽനിന്ന് കുതറിയോടിയ പട്ടി രണ്ട് ദിവസത്തിനുശേഷം വീണ്ടും വീടണഞ്ഞു. അവൻ വിശന്ന് വലഞ്ഞിട്ടുണ്ടാവണം. മുറ്റത്തിനു പുറത്ത് ചെറിയൊരു മോങ്ങലോടെ, തിരിച്ച് കയറ്റുമായിരിക്കും എന്ന പ്രതീക്ഷയോടെ, താനാണ് തെറ്റ് ചെയ്തത് എന്ന മട്ടിൽ, മുഖത്ത് സങ്കടവും പരുങ്ങലും നിറച്ച് നിന്നു. ബിസ്‌കറ്റ് കാണിച്ച് സ്നേഹത്തോടെ അച്ചാച്ചൻ അവനെ വിളിച്ചു. അവശതയോടെയെങ്കിലും ഉത്സാഹം പ്രകടിപ്പിച്ച് ശബ്ദം വരാത്ത ഇടറിയ കുരയോടെ അവൻ ഓടിച്ചെന്നു. തന്ത്രപരമായി കൂട്ടിൽ കയറ്റിയശേഷം അച്ചാച്ചൻ കൂടടച്ചുറപ്പ് വരുത്തി. അച്ചാച്ചന്റെ കയ്യാൽ നൽകുന്ന അവസാനത്തെ ബിസ്‌കറ്റ് അവൻ ആർത്തിയോടെ കഴിച്ചു. അല്പ സമയത്തിനുശേഷം ഒരു ഊക്കൻ നിലംതല്ലിയുമായി അടക്കാക്കിട്ടൻ എത്തി. “ഒരുപാട് അടി അടിക്കറ് കിട്ടാ, ഒറ്റ അടിയിൽ തീർക്കണം” ൃഅച്ചാച്ചൻ വിഷമത്തോടെ ഇങ്ങനെ പറഞ്ഞിരുന്നുവത്രെ. ഏതായാലും ഇത്തവണ കുതറിയോടാൻ അവനു കഴിഞ്ഞില്ല. തന്റെ ശപഥത്തോട് നീതിപുലർത്തിക്കൊണ്ട് കൂട്ടിൽനിന്നു തൂക്കിയെടുത്ത് പുറത്തിട്ട ശേഷം ഒട്ടും സമയം പാഴാക്കാതെ അടക്കാക്കിട്ടൻ അവന്റെ തലയ്ക്ക് കൃത്യമായി അടിച്ചു. ഒരൊറ്റ അടി. അച്ചാച്ചന് ആശ്വാസം തോന്നി. സങ്കടത്തോടെ അച്ചാച്ചൻ അവനെ തെക്ക് ഭാഗത്ത് മാവിൻ ചുവട്ടിൽ കുഴിച്ചിട്ട് ഒരു പൂവും ഇലയും വെച്ച് ആകാശത്ത് നോക്കി പ്രാർത്ഥിച്ചു. പിന്നീട് മാവിന്റെ തലപ്പിലേക്കും നോക്കി.

കൂടില്ലാത്ത് നല്ലത് തന്നെ. ഗൗതത്തിന് ആ പട്ടിയുടെ നില വളരെ തൃപ്തികരമായി തോന്നി. പ്രമേഹത്താൽ വലഞ്ഞ്, തലയിലല്ലെങ്കിലും കാലുകളിൽ ഉണങ്ങാത്ത വ്രണങ്ങളുമായി വേദനയോടെ അവനെ നോക്കി ചിരിക്കുന്ന അച്ചാച്ചന്റെ നൈർമല്യം തുളുമ്പുന്ന മുഖം വീണ്ടും അവന്റെ ഓർമയിലെത്തി. ഇല്ല, അമ്മ എപ്പഴോ പറഞ്ഞുവെന്ന് ഓർമയുള്ള ആ കഥ സത്യമായിരിക്കില്ല. താൻ ചിലപ്പോൾ സ്വപ്നം കണ്ടതാവാനും മതി. പലരും പറഞ്ഞതായി നമ്മൾ ഇന്ന് ഓർക്കുന്ന പലതും കുട്ടിക്കാലത്ത് കണ്ട വല്ല സ്വപ്നങ്ങളും ആകാൻ സാധ്യതയുണ്ട്. തനിക്കാണെങ്കിൽ ഉറങ്ങാതെ സ്വപ്നങ്ങൾ കാണുന്ന സൂക്കേടുമുണ്ട്. അമ്മയുണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു.

“നോക്ക് നമ്മളെ പറമ്പിലാ അവരെ കയ്യാല” - ദീപക് പല്ലിറുമ്മുന്നുണ്ടായിരുന്നു. സ്വപ്നമോ ഓർമയോ എന്നു തിരിച്ചറിയാനാവാത്ത അവസ്ഥയിൽനിന്ന് ഗൗതം വീണ്ടും ഉണർന്നു.

“അതെ, നിങ്ങളെ പറമ്പിലാ അവരെ കയ്യാല, പാവങ്ങള്”-ബുദ്ധൻ വീണ്ടും ശരീരത്തിൽ ഇത്തിരി ചളി വാരിയിട്ട് പറഞ്ഞു. ബുദ്ധൻ അപ്പോൾ ഒരു നായാട്ട് ദൈവം ആയോ എന്ന് ഗൗതത്തിനു സംശയം ഉണ്ടായി. ശാന്തപ്പൻ ഒരു മല്ലനെപ്പോലെ ബനിയന്റെ കൈ തിരുകിക്കയറ്റി കയ്യും കെട്ടി ദീപക്കിനരികിൽ നിൽപ്പുണ്ടായിരുന്നു. അവസരം കിട്ടിയാൽ ഒരു യുദ്ധത്തിനും തയ്യാറാണെന്ന സൂചന അയാൾ തന്നു. പറമ്പിന്റെ ഒരറ്റത്ത് നിന്നും ചെടികളെ തൊട്ടുതലോടി പതുക്കെ നടന്ന് വന്ന അമ്മൂമ്മ അപ്പഴേയ്ക്കും അവരുടെ അരികിലെത്തി.

അച്ചാച്ചനെ ‘രാമേട്ടൻ’ എന്നു വിശേഷിപ്പിച്ച് സ്നേഹത്തോടെ അമ്മൂമ്മ അവരെ സ്വീകരിച്ചു. വീട്ടിൽനിന്നും പറമ്പ് തുടങ്ങുന്നിടത്ത് തന്നെ ഒരു വലിയ തറയുടെ അവശിഷ്ടങ്ങൾ ഗൗതം ശ്രദ്ധിച്ചു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴുള്ള വീടുള്ളത്. ഭാഗികമായി അവശേഷിച്ച ആ തറയും കടന്ന് അവർ പറമ്പിലെത്തി. ദീപക് വായുവിൽ കൈകൊണ്ട് അതിര് വരച്ച് അവനു കാണിച്ചുകൊടുക്കുന്നുണ്ടായിരുന്നു. അതിർത്തിക്കപ്പുറത്തേക്കും നട്ട പൂച്ചെടികൾ, കൈപ്പകവള്ളികൾ, ചീരപ്പാടങ്ങൾ, തക്കാളിച്ചെടികൾ ഒക്കെ അവർ ചുറ്റിനടന്നു കണ്ടു. അതിന്റെ ചുവടുകൾ മുട്ടത്തൊണ്ടും പച്ചക്കറിയുടെ തൊലികളും ചാണകവുംകൊണ്ട് അലങ്കരിക്കപ്പെട്ടിരുന്നു.

‘ജൈവികമായ കൃഷിരീതി’ -ഗൗതം ആ അമ്മൂമ്മയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. ചാണകം ഉല്പാദിപ്പിച്ച് നൽകുന്ന പശുക്കൾ കയ്യാലയിൽനിന്ന് അമറിക്കൊണ്ട് അവനു പിന്തുണയേകി.

“എനക്ക് വെറ്‌തെ ഇരിക്കാൻ പറ്റൂല മക്കളെ, അതുകൊണ്ട് ഇങ്ങനെ ഓരോന്ന് നട്ന്ന്” -കറ പിടിച്ച പല്ലുകൾ കാട്ടി അമ്മൂമ്മ ചിരിച്ചു.

കൃഷിയിൽ തല്പരയായ ഒരു സ്ത്രീയുടെ കൗതുകമോ അതോ ബാക്കിയുള്ള സ്ഥലത്തിനു കൂടി അവകാശം പറയുന്നതോ എന്ന് ഗൗതത്തിനു സംശയം ഉണ്ടായി. എന്നാൽ ദീപക്കിന് അത്തരം സംശയങ്ങൾ ഒന്നുമില്ല.

“നിങ്ങൾ ഇങ്ങനെ മറ്റുള്ളവരെ പറമ്പിൽ കൃഷി എറക്ക്ന്നത് ശരിയല്ല.”

ബനിയന്റെ കൈ വീണ്ടും തിരുകിക്കയറ്റി കൈ പിറകിൽ കെട്ടി നിൽക്കുന്ന ശാന്തപ്പന്റെ ഭാവം ദീപക്കിനെ ശരിവച്ചു. അപമാനം സ്ഫുരിക്കുന്ന രീതിയിൽ അമ്മൂമ്മ നിസ്സഹായമായി ചിരിക്കുക മാത്രം ചെയ്തു.

ആ പറമ്പിനു വളരെയധികം ഭംഗിയുണ്ടെന്ന് ഗൗതത്തിനു തോന്നി. പലപ്പോഴും പ്രകൃതിയുടെ ഭയാത്മകത തോന്നുന്ന വലിയ ക്യാൻവാസിലുള്ള കാഴ്ചകളെക്കാളും ഭംഗി തോന്നുക ഇതുപോലെ വൃത്തിയായി കൃഷിചെയ്ത് പരിപാലിക്കുന്ന ചെറിയ പറമ്പുകൾക്കാണ്. മനുഷ്യരെ ആശ്രയിച്ച് ജീവിക്കുന്ന ജീവികൾ കൂടി ഉണ്ടെങ്കിൽ ഏറെ സുന്ദരം. ശാന്തമായ, സ്വച്ഛതയും സുരക്ഷിതത്വവും തോന്നുന്ന ഒരനുഭവം അത്തരം സ്ഥലങ്ങൾ തരാറുണ്ട്. അതിനോടൊത്ത് അങ്ങനൊരു വീട് കൂടി കാണുമ്പോൾ വല്ലാത്തൊരു ഗൃഹാതുരതയും. അതിനു പൂരകമായിട്ടേ ആ പറമ്പിനെ സങ്കല്പിക്കാൻ അന്നേരം അവനു കഴിഞ്ഞുള്ളൂ.

മലയാളം കഥ സാഹസം പിതാമഹസ്യം

അപ്പഴാണ് പറമ്പിന്റെ തെക്കുഭാഗത്ത് അതിരിനോട് ചേർന്നുള്ള വലിയ മാവിന്റെ തണലിലെ തിട്ടയിൽ അച്ചാച്ചനെപ്പോലൊരാളെ ഗൗതം കണ്ടത്. അയാൾ അവിടെ കുത്തിയിരിക്കുകയായിരുന്നു. ശ്രദ്ധിച്ച് നോക്കുന്തോറും കാഴ്ചകൾ തെളിഞ്ഞുവന്നു. പഴയ ഒരു കാലത്തിലേയ്ക്ക് ചുറ്റുപാടും പതുക്കെ ഇളപ്പം കൊള്ളുന്നതുപോലെ അവനു തോന്നി, എന്നാൽ ഏറെ പണ്ടുമല്ല. ഇപ്പോഴുള്ള ചെടികളല്ലെങ്കിലും ആ കാലത്തും അവിടെ ചെടികളുണ്ടായിരുന്നു, ഇപ്പോഴുള്ള പശുക്കളല്ലെങ്കിലും അവരുടെ പൂർവികർ ഉണ്ടായിരുന്നു. അച്ചാച്ചന്റെ വായിൽ എന്നത്തേയും പോലെ മുറുക്കാൻ ഉണ്ട്. കവിളിൽ അദ്ദേഹത്തിന്റെ ട്രേഡ്‌മാർക്ക് ആയ പാലുണ്ണി. പതിവിൽനിന്നു മാറി ഇത്തിരി ഗൗരവമുള്ള മുഖഭാവം. തൊട്ടടുത്ത് മുഖം വ്യക്തമല്ലാത്ത മെലിഞ്ഞ മറ്റൊരു വയസനും ഉണ്ടായിരുന്നു. ആ വീടിന്റെ ഉമ്മറത്ത് ചില്ലുഫ്രെയിമിൽ തൂക്കിയിടപ്പെട്ട ആൾ തന്നെ അതെന്ന് അവനു തോന്നി. അച്ചാച്ചൻ പറയുന്നത് അവൻ മാത്രം കേട്ടു.

“ഇത് കൊറേ കാലം ഇങ്ങനെ കെടന്നതല്ലേ, ഇത് ഇങ്ങനന്നെ കെടന്നോട്ടടാ, ഇതല്ലേ ഈന്റെ ഒരു ഭംഗി. നമ്മക്ക് ഈ സ്ഥലൊന്നും വേണ്ടട” -അച്ചാച്ചന്റെ ശബ്ദത്തിനു മുഴക്കം കൂടുതലായിരുന്നു എന്ന് ഗൗതത്തിനു തോന്നി. അച്ചാച്ചനെപ്പോലെ മുഴക്കമുള്ള ഗൗതത്തിന്റെ ആ വാക്കുകൾ കേട്ട് ദീപക് ഞെട്ടി.

“എങ്ങനെ?” ശാന്തപ്പനും കഴുത്തുളുക്കുന്ന വേഗതയിൽ അവനെ നോക്കി.

ദീപക് ചെയ്തതുപോലെ വീടും അതിനു ചുറ്റുമുള്ള പറമ്പും വിരലുകൾകൊണ്ട് ഗൗതം വരച്ചിട്ടു. അവൻ ഒരു ചെറിയ നാണത്തോടെ ദീപക്കിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.

“അവരിങ്ങനെത്തന്നെ ഇവിടെ നിന്നോട്ടെ സാറേ, കൊറേ കാലവായില്ലേ” -കരുണ രസം മുഴച്ച ശാന്തപ്പന്റെ സ്വരം ദീപക്കിനെ കൂടുതൽ അന്ധാളിപ്പിച്ചു.

“അമ്മമ്മേ, ഈ ബുദ്ധനെ മാത്രം ഞാൻ എടുത്തോട്ടെ?” അമ്മൂമ്മ മറുപടി പറയുന്നതിനു മുൻപ് ഗൗതം ഓടിച്ചെന്ന് ബുദ്ധനെ വാരിയെടുത്ത് തന്റെ ഹാൻഡ്ബാഗിലിട്ട് ഭാവിയിൽ ആലക്കോട് ടൗണിലേയ്ക്ക് പോകാൻ സാധ്യതയുള്ള മൺപാതയിലേക്ക് ചാടിയിറങ്ങി. പുറകിൽ കൂടില്ലാത്ത പട്ടി നിർത്താതെ കുരയ്ക്കുന്നുണ്ടായിരുന്നു. പട്ടിയെ പേടിച്ചാണോ, എന്താണെന്ന് വ്യക്തമല്ല ദീപക്കും ശാന്തപ്പനും അവനു പുറകിൽത്തന്നെ ചാടിയിറങ്ങി ഒപ്പം നടന്നു. പരസ്പരം ഒന്നും മിണ്ടാതെ കുന്നിറങ്ങിവരുമ്പോൾ പട്ടിയുടെ കുര നേർത്ത് നേർത്ത് വരേണ്ടതിനു പകരം കൂടുതൽ ഉറക്കെ മുഴങ്ങുന്നതായി ഗൗതത്തിനു തോന്നി. ഒടുക്കം അതൊരു ദൈന്യമായ കരച്ചിലിൽ അവസാനിച്ചു.

അപ്പോൾ അമ്മയുടെ മുഖഛായയുള്ള ഒരു ചെറിയ പെൺകുട്ടിയെ അവൻ സ്വപ്നം കണ്ടു. കനത്ത് പെയ്യുന്ന മഴയത്ത് സ്കൂൾ വിട്ട് വരുന്ന ഒരു പെൺകുട്ടി. ഒരു കയ്യിൽ പുസ്തകങ്ങളും മറുകയ്യിൽ നിവർത്തിയ കുടയും. ആ നാടിന്റെ ഭൂപടം തന്നെ മാറ്റിയേക്കാവുന്ന മഴയിൽ, എത്രയും പെട്ടെന്ന് വീട്ടിലെത്തുക എന്ന ഉദ്ദേശത്തോടെ അവൾ ആഞ്ഞുനടന്നു. എതിരെ വീശുന്ന കാറ്റത്ത് കുട പുറകിലോട്ട് വലിഞ്ഞുകൊണ്ടിരുന്നപ്പോഴാണ് നേർത്ത ഒരു കരച്ചിൽ കേട്ടത്. വഴിയരികിലേയ്ക്ക് നോക്കിയപ്പോൾ വഴി പോകുന്നവരെയൊക്കെ നോക്കി കരഞ്ഞുകൊണ്ട് ഒരു പട്ടിക്കുഞ്ഞ് മഴ കൊണ്ടിരിപ്പുണ്ടായിരുന്നു. അവൾക്കതിനെ കടന്നുപോകാൻ തോന്നിയില്ല. പാതി നനഞ്ഞ പുസ്തകങ്ങൾ കുപ്പായത്തിനകത്ത് ഇറുക്കിവച്ച് അവൾ അതിനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തു. കുടയുടെ തണലിൽ അത് അവളെ പറ്റിച്ചേർന്ന് ആശ്വാസത്തോടെ കണ്ണുകൾ ഇറുക്കിയടച്ചു. കണ്ണുകൾ ആയാസപ്പെട്ട് തുറന്ന ഗൗതം അല്പം മുൻപിലായി മണ്ണിലേയ്ക്ക് മുഖം കൊടുത്ത് നടക്കുന്ന ദീപക്കിനെ കണ്ടു.

മലയാളം കഥ സാഹസം പിതാമഹസ്യം

തിരിച്ച് പോകും വഴി വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും ദീപക് ഒരു അഗ്നിപർവതം ആണെന്ന് ഗൗതത്തിനു മനസ്സിലായിരുന്നു. തന്റെ ശബ്ദംപോലും ദീപക്കിനെ പൊട്ടിത്തെറിപ്പിക്കും എന്നവനു തോന്നി. തൊണ്ട കുത്തി ഒന്നു ചുമയ്ക്കാൻ തോന്നിയെങ്കിലും ഗൗതം അടക്കിപ്പിടിച്ചു. ഈ അവസരത്തിൽ ഉപദേശങ്ങൾ നൽകുന്ന ശാക്യമുനി ബുദ്ധനല്ല, ലോകരക്ഷയ്ക്കായി ബുദ്ധത്വം പ്രാപിക്കുന്നത് വൈകിപ്പിച്ച അവലോകിതേശ്വരനാണ് തനിക്ക് രക്ഷയേകുക എന്നവനു തോന്നി. ശാന്തപ്പനിൽ അവൻ അവലോകിതേശ്വരനെ കണ്ടു. അവനെ ഇടയ്ക്കിടെ നോക്കി മൂക്ക് വിറപ്പിക്കുന്നുണ്ടായിരുന്നുവെങ്കിലും കവലയിൽ എത്തുന്നത് വരെയും അതിനുശേഷവും ദീപക് ശാന്തപ്പനെ ശ്രദ്ധിച്ചേയില്ല, അയാളോട് യാത്ര പറഞ്ഞുമില്ല. വല്ലാത്ത ഒരു നിരാശ ദീപക്കിനെ ബാധിച്ചെന്ന് ഗൗതത്തിനു മനസ്സിലായി.

“നീ എന്തെല്ലാന്ന് പറയിന്നത് ചെങ്ങായി. അച്ചാച്ചനും കുടുംബവും അങ്ങനെ പല സ്ഥലങ്ങളിലും മാറിമാറി താമസിച്ചിറ്റ്ണ്ട്. നീ ഈ പറീന്ന പ്രത്യേക സംഭവം ഈട വച്ചാന്ന് ന്ന് എങ്ങനെയാ കൃത്യായി ഒറപ്പിക്ക്വ. പഴേ കാര്യങ്ങൾ മാത്രം കൃത്യായി ഓർമീള്ള അമ്മമ്മയാന്നെങ്കില് ഇതിനക്കുറിച്ച് ഒന്നും പറയലില്ല എന്ന് നീ തന്നെ പറയിന്ന്. എന്റെ അമ്മയ്ക്ക് ഇത് ഓർമയേയില്ല. അല്ലെങ്കിൽ തന്നെ ആരാ ഇതെല്ലും ഓർമിക്ക്ന്നത്.”

കാറിന്റെ സ്റ്റിയറിങ് തിരിക്കുന്നതിനിടെ അതുവരെ അടക്കിവച്ച ലാവ പതുക്കെ ചോരാൻ തുടങ്ങി. അവനോട് ഒന്നും പറയാൻ പോകണ്ടായിരുന്നു എന്ന് ഗൗതത്തിന് അപ്പോൾ തോന്നി.

“അമ്പതോ നൂറോ കൊല്ലം കഴിഞ്ഞാൽ മായ്ക്കപ്പെടാൻ പോകുന്ന ഒരുകാലത്തിന് വേണ്ടിയാണോ ഈ കണ്ട പരാക്രമം ഒക്കെയും.” അവന്റെ കയ്യിലിരുന്ന ബുദ്ധൻ ദീപക്കിനു നേരെ മുഖംതിരിച്ച് ശരിക്കും അങ്ങനെ പറഞ്ഞുവോ എന്ന് ഗൗതത്തിന് ഉറപ്പില്ലായിരുന്നു. ഉണർന്നിരിക്കുമ്പോഴും കാണുന്ന ഇങ്ങനെയുള്ള പണ്ടാരം പിടിച്ച സ്വപ്നങ്ങൾ ഇല്ലായിരുന്നുവെങ്കിൽ ദീപക്കിനെപ്പോലെ പ്രാക്ടിക്കലായി ജീവിതത്തെ കാണാൻ കഴിയുമായിരുന്നു എന്നവനു തോന്നി.

പോകും വഴി ഡെന്നിസിന്റെ കടയുടെ അടുത്ത് അവർ വണ്ടി ചേർത്തു. ആളൊഴിഞ്ഞ കടയിൽ അലസമായി ഡെന്നിസ് മൊബൈലിൽ എന്തോ തപ്പുകയായിരുന്നു. അവരെ കണ്ടതും ദീപക്കിനോടുള്ള ഊഷ്മളമായ ചിരിയോടേയും ഗൗതത്തിനോടുള്ള പതിവ് നിസ്സംഗതയോടേയും അവൻ എഴുന്നേറ്റു.

“ഡെന്നിസേ, നിന്റെ തലേലേക്ക് വിമാനം പറത്തിയത് ഞാനാ, ഇവനല്ല. നിന്റെ വീടിനു കല്ലെറിയാൻ പ്ലാനിട്ടതും ഇവനെ അതിനു നിർബന്ധിച്ചതും ഞാനന്നെ. ഇത് സത്യാ, ഇത് ഈടത്തീരണം, ഇതെന്നോട് ഇവൻ പറയാൻ തൊടങ്ങീറ്റ് കൊറേ കാലായി, കേട്ട് കേട്ട് ഞാൻ മടുത്തു. ഇനി നീ ഓനോടൊന്ന് ചിരിച്ച് കള” -ഡെന്നിസിനേയും ഗൗതത്തിനേയും മാറിമാറി നോക്കിയിട്ട് ദീപക് ഒച്ചയുയർത്തിപ്പറഞ്ഞു: “രണ്ട് ഷുഗർ ഇട്ട ചായ കൊണ്ടാ.”

സംശയത്തോടെ നിന്ന ഗൗതത്തിനു നേരെ അവൻ ചായ ഗ്ലാസ് നീട്ടി: “നീ കുടിക്ക്, നീ ഇനി ഷുഗറ് വന്ന് ചത്താലും കൊയപ്പൊന്നുല്ല.”

ചായ കുടിക്കുന്നതിനിടെ അവൻ വീണ്ടും പിറുപിറുത്തു:

“അച്ചാച്ചനും വെല്ലിമ്മയ്ക്കും ഷുഗറ് വന്നത് നായിന്റെ ശാപാന്നോലും, ഷുഗറ് വെരാൻ ശപിക്ക്ന്ന ഒരു നായി, വെല്ലാത്ത ഒരു നായിയന്നെ അത്, എന്തെല്ലാന്ന്, വന്ന് വന്ന് മുഴുപ്രാന്തായി!”

ചായയുടെ അവസാനത്തെ കവിള് കുടിക്കാതെ കളഞ്ഞ ശേഷം അവൻ ചായ കുടിക്കാതെ ചുണ്ടിൽവച്ച് നിൽക്കുന്ന ഗൗതത്തെ പുച്ഛത്തോടെ നോക്കി.

“എടാ പൊട്ടാ, അച്ചാച്ചന്റെ അച്ചനും ഷുഗർ ഇണ്ടായിരുന്നെടാ, അയാൾ ഏത് നായിന കൊന്നിറ്റാ.”

ദീപക്കിനെ സമാധാനിപ്പിക്കാൻ പറഞ്ഞ ന്യായങ്ങൾ പാളി എന്ന് ഗൗതത്തിനു മനസ്സിലായി.

വീട്ടിലെത്തിയ ഉടനെ ദീപക്കിന്റെ കോൾ ഉണ്ടായിരുന്നു. “നീ ആ ചെളിക്കുണ്ടിൽനിന്ന് കിട്ടിയ ബുദ്ധനേം കെട്ടിപ്പിടിച്ച് ഇരിക്കുവായിരിക്കുവല്ലേ. ബുദ്ധന്മാരാന്ന് ഗൗതൂ നിന്ന ഇത്രേം മോശാക്കിയത്.”

അത്രയും പറഞ്ഞ് ദീപക് ഫോൺ വച്ചു. ഇനി ഏറെ കാലത്തേയ്ക്ക് അവനെ തിരഞ്ഞിട്ട് കാര്യമില്ല എന്ന തിരിച്ചറിവോടെ ഗൗതം ഹാൻഡ്ബാഗിലിട്ട് കൊണ്ടുവന്ന ചെളിപുരണ്ട ബുദ്ധനെ പുറത്തെടുത്തു. ടീപ്പോയിലെ കുളത്തിനരികിലെ പച്ച ബുദ്ധനെ എടുത്ത്കളഞ്ഞ് ചെളി പുരണ്ട ബുദ്ധനെ അവിടെ വച്ചു. അതിനരികിൽ അവൻ കണ്ണടച്ചിരുന്നു. എന്നിട്ട് ഒരു ബുദ്ധനെപ്പോലെ ധ്യാനിച്ചു. ബുദ്ധൻമാർക്കിടയിലുള്ള അമ്മയോട് അവന്റെ മനസ്സ് ചോദിച്ചു. ആ കഥ സത്യം ആണോ? അത് സംഭവിച്ചത് എവിടെ വച്ചാണ്?

തിട്ടയിൽ കുത്തിയിരിക്കുന്ന അച്ചാച്ചൻ വീണ്ടും അവനു മുന്നിൽ തെളിഞ്ഞു. അദ്ദേഹം അവിടെ നിന്നിറങ്ങി കുളത്തിനടുത്തേക്ക് നടന്ന് ബുദ്ധനടുത്തെത്തി. തന്റെ വലിയ ശരീരം ബുദ്ധനോളം ചെറുതാക്കി അതിനുള്ളിലേയ്ക്ക് അച്ചാച്ചൻ പ്രവേശിച്ചു. കൂടില്ലാത്ത പട്ടി ആ കാഴ്ച കണ്ട് ഉറക്കെ കുരച്ചപ്പോൾ അച്ചാച്ചൻ പെട്ടെന്നുതന്നെ ബുദ്ധനിൽനിന്നു തിരിച്ചിറങ്ങുന്നത് കണ്ടു. കൂടില്ലാത്ത പട്ടി ഭീകരനായ ആ വലിയ ചെമ്പൻനായയായി പരിണമിച്ചിരുന്നു. അത് ഒരു മുരൾച്ചയോടെ കുതിച്ച് അച്ചാച്ചനെ തലകൊണ്ട് കോരി പുറത്തിട്ടു. കണ്ണൊന്ന് ചിമ്മിത്തുറന്നപ്പോൾ നായയുടെ പുറത്ത് ഇരിക്കുന്നത് താൻ ആണെന്ന് അവൻ തിരിച്ചറിഞ്ഞു. പറമ്പിന്റെ അങ്ങേത്തലയ്ക്കലെ മാവും ആ ഉയർന്ന തിട്ടയും കടന്ന് മറ്റൊരു കാലത്തേയ്ക്ക് അവർ കുതിച്ചിറങ്ങി. അച്ചാച്ചൻ എന്നോ വിറ്റ് തുലച്ചു എന്നു പറയപ്പെടുന്ന റബ്ബർക്കാട് ആയിരുന്നു അത്. അവിടെ ഒരു റബ്ബർമരത്തിന്റെ മൂട്ടിൽ അല്പം ആശ്വാസത്തോടെ ബീഡി വലിച്ചിരിപ്പുണ്ടായിരുന്ന അച്ചാച്ചനും അടക്കാക്കിട്ടനും നേരെ അത് ക്രൗര്യത്തോടെ കുതിച്ചുചാടി. പട്ടിയെ കണ്ട് ഭയന്ന് കയ്യിലിരുന്ന നിലംതല്ലി വലിച്ചെറിഞ്ഞ് കിട്ടനും പിന്നാലെ അച്ചാച്ചനും ഓടി. പട്ടിയുടെ പുറത്ത് അള്ളിപ്പിടിച്ചിരിക്കുന്ന താൻ ധരിച്ച വസ്ത്രങ്ങൾ പണ്ട് പറങ്ങളായി ബസാറിൽനിന്നു പച്ചക്കറിയുമായി തിരിച്ച് വരുമ്പോൾ ഉടുത്ത ട്രൗസറും അയഞ്ഞ കോട്ടൺ ഹാഫ് കൈ ഷർട്ടുമാണെന്ന് അവൻ കണ്ടു. കോളറിലെ പാതിപൊട്ടിയ ബട്ടൺ ഒരു നൂലിന്മേൽ തൂങ്ങി ആടുന്നുണ്ടായിരുന്നു. ജീവനും കൊണ്ടോടുന്ന അച്ചാച്ചനും കിട്ടനും പിറകെ കുതിച്ചുകൊണ്ടിരിക്കെ ഓടുകൾ തകർന്ന ഡെന്നിസിന്റെ വീട് കണ്ടു. അവിടെ, ചുമരിനോട് ചേർന്ന് ഡെന്നീസിന്റെ മുഖഛായയുള്ള ഒരു വയസൻ ഭീതിയോടെ നിൽപ്പുണ്ടായിരുന്നു. വീടിന്റെ തെക്കുവശത്തായി പൂത്തുലഞ്ഞ വലിയൊരു മാവ് കണ്ടു. മാവ് ചില്ലകൾ വിടർത്തി മാനം മുട്ടെ വളരാൻ തുടങ്ങിയപ്പോൾ, മാമ്പൂമണമേറ്റ് അവൻ നായയുടെ മുകളിൽനിന്നു മയങ്ങിവീണു.

മറ്റൊരു പട്ടിയുടെ വല്ലാത്തൊരു കുര കേട്ടാണ് ആ മയക്കമുണർന്നത്. വാതിൽ തുറന്നപ്പോൾ വീടിനു മുന്നിൽ നാഴികകൾ സഞ്ചരിച്ചുവന്ന ഒരു ചെമ്പൻപട്ടി നില്പുണ്ടായിരുന്നു. സ്വപ്നത്തിൽ കണ്ട നായയുടെ ഭീകരത അതിനില്ല. അത് ആ കൂടില്ലാത്ത പട്ടി തന്നെയാണോ എന്നവന് സംശയം തോന്നി. വാലാട്ടി നിന്ന അതിനെ കണ്ടപ്പോൾ ബുദ്ധത്വം പ്രാപിച്ച ഒരു പാവം നായയാണ് അതെന്നു മനസ്സിലായി. ഇല്ല, ഇത് അച്ചാച്ചനെ ഒന്നും ചെയ്യില്ല. അവൻ സ്വയം സമാധാനിച്ചു.

Malayalam short story written by Arjun Raveendran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന് വിടുന്നത് സുപ്രീംകോടതിയുടെ പരിഗണനയില്‍

'അയ്യപ്പന്റെ ബ്രഹ്മചര്യം അവസാനിച്ചു'; എം സ്വരാജിന്റെ പ്രസംഗത്തില്‍ റിപ്പോര്‍ട്ട് തേടി കോടതി

ശാന്ത ആന്റിയെ അവസാനമായി കാണുന്നത് രണ്ട് ദിവസം മുമ്പ്; അമ്മയുടെ ആത്മമിത്രം; 14 വര്‍ഷം ചികിത്സിച്ച ജ്യോതിദേവ് എഴുതുന്നു

'എന്റെ ഹൃദയം വല്ലാതെ ഭാരമേറിയതായി തോന്നുന്നു, പ്രിയപ്പെട്ട ലാൽ, ധൈര്യമായി ഇരിക്കൂ'; കുറിപ്പുമായി മമ്മൂട്ടി

ബീഗം ഖാലിദ സിയയുടെ സംസ്‌കാരം ഇന്ന്; ഇന്ത്യ, പാക് വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കും

SCROLL FOR NEXT