ഗ്രേസി  TP Sooraj@The New Indian Express.Kozhikode.
Malayalam Weekly

ഓണപ്പതിപ്പ് 2026: ഗ്രേസി എഴുതിയ അഞ്ച് കുറുങ്കഥകള്‍

ഗ്രേസി

1. അപ്പക്കാരന്‍

അരവിന്ദന് ഒരു അപ്പം കിട്ടി. ഒരു സുന്ദരന്‍ വെള്ളേപ്പം. തിന്നാല്‍ തീര്‍ന്നുപോകുമല്ലൊ എന്ന് കരുതി അരവിന്ദന്‍ അപ്പം കുഴിച്ചിട്ടു. നട്ടാല്‍ നുണകള്‍ പോലും മുളയ്ക്കുന്ന കാലമായതിനാല്‍ അപ്പം കിളിര്‍ത്തു. ഓരില, ഈരില വിരിഞ്ഞ് അതങ്ങ് വളര്‍ന്നൊരു മാമരമായി. അരവിന്ദന്റെ മനം കുളിര്‍പ്പിച്ച് അത് നിറയെ പൂത്ത് കായ്‌ച്ചു. വിളഞ്ഞ അപ്പം പൊട്ടിച്ചെടുത്ത് കൊട്ടയില്‍ നിറച്ച് അരവിന്ദന്‍ ചന്തയ്ക്ക് പുറപ്പെട്ടു. പെട്ടെന്ന് ദൃഷ്ടിയില്‍ പെടുന്ന ഒരിടം കണ്ടെത്തി അരവിന്ദന്‍ കൊട്ട തലയില്‍നിന്നിറക്കി. “വേഗം വരിന്‍! നല്ല തുമ്പപ്പൂപോലത്തെ വെള്ളേപ്പം!‌” എന്ന് കാറിവിളിച്ചു. തടിച്ചുകൂടിയ ജനങ്ങളുടെ മുന്നില്‍ വച്ച് അപ്പം മൂടിയ വെള്ളത്തുണി മാറ്റിയ അരവിന്ദന്‍ ഞെട്ടിപ്പോയി! അപ്പങ്ങളില്ല! ഒക്കേം വെളുത്ത വട്ടയിലകള്‍!

2. ഹൈക്കു

ഒരു കപ്പ് നിറയെ കവിതയെടുത്ത് അവള്‍ ഉമ്മറത്തെത്തി. ചാരുബഞ്ചിലിരുന്ന് പുലരിമഞ്ഞില്‍ നിഴലിച്ച മരക്കൂട്ടങ്ങളിലേയ്ക്ക് കണ്ണയച്ച് ആദ്യവരി മൊത്തിയപ്പോള്‍ അവളുടെ ചുണ്ട് പൊള്ളി. രണ്ടാമത്തെ വരി കുടിച്ചപ്പോള്‍ നാവ് പൊള്ളി. മൂന്നാമത്തെ വരി ഊറ്റിക്കുടിച്ചപ്പോള്‍ ഉള്ള് പൊള്ളി ഒരു തിരി തെളിഞ്ഞു!

3.തീ

എഴുത്തുകാരി ആത്മഹത്യ ചെയ്തു. വായിക്കുന്നവരും വായിക്കാത്തവരും പരസ്പരം ചോദിച്ചു:

“എന്തിനാണവര്‍ തൂങ്ങിച്ചത്തത്? ആത്മഹത്യാക്കുറിപ്പ് വല്ലതും ഉണ്ടോ?”

ആത്മഹത്യാക്കുറിപ്പില്‍ ഇത്രമാത്രം:

“ഞാന്‍ പുറത്തുകടക്കുകയാണ്!”

ഒരു പൊലീസുകാരന്റെ കൈയിലിരുന്ന് ആ കുറിപ്പ് ശ്വാസംമുട്ടിപ്പിടഞ്ഞു. പിന്നെ ഓരോ അക്ഷരത്തില്‍നിന്നും തീ ആളിപ്പടര്‍ന്ന് ക്ഷണനേരംകൊണ്ട് കുറിപ്പ് ഒരു നുള്ള് ചാരമായി!

അതു വെറും അടുക്കളത്തീയായിരുന്നു എന്ന് പൊലീസിന്റെ തുടരന്വേഷണത്തില്‍ കണ്ടെത്തി.

4. ശില്പിയുടെ കുഞ്ഞുങ്ങള്‍

ശില്പിക്ക് ചുറ്റും കുഞ്ഞുങ്ങളുടെ അവയവങ്ങള്‍ ചിതറിക്കിടന്നു. ശില്പം വാങ്ങാന്‍ പണിയാലയിലെത്തിച്ചേര്‍ന്ന ഒരാള്‍ ചോദിച്ചു:

“ഇതെന്താണിങ്ങനെ? ഒരു കുഞ്ഞിന്റേം ശില്പം പൂര്‍ത്തിയായിട്ടില്ലല്ലോ!”

ശൂന്യമായ ഒരു നോട്ടത്തോടെ ശില്പി പറഞ്ഞു:

“അതൊക്കേം കൗമാരക്കാരായ അമ്മമാരുടെ ഗര്‍ഭപാത്രങ്ങളില്‍നിന്ന് കണ്ടംതുണ്ടമാക്കി പുറത്തെടുത്ത കുഞ്ഞുങ്ങളുടെ ശില്പങ്ങളാണ്!

5. മുക്കൂട്ട്

അവര്‍ മൂവരും ആത്മസുഹൃത്തുക്കളായിരുന്നു. പത്താംതരം കഴിഞ്ഞപ്പോള്‍ മൂവരും മൂന്നുവഴി പിരിഞ്ഞു. ഒരാള്‍ ഉപദേശിയായി. മറ്റൊരാള്‍ യുക്തിവാദിയായി. ഇനിയുമൊരാള്‍ കവിയായി. ഏറെക്കാലം കഴിഞ്ഞ് അപ്രതീക്ഷിതമായി കണ്ടുമുട്ടിയപ്പോള്‍ ഉപദേശി പറഞ്ഞു:

“ഇന്നത്തെ ലോകത്തില്‍ ചെകുത്താന്‍ പ്രബലനായിത്തീര്‍ന്നു. അവനെ ഒഴിപ്പിക്കണം!”

യുക്തിവാദി താടി തടവി.

“ചെകുത്താനെ ഒഴിപ്പിക്കുമ്പോള്‍ നമുക്ക് ദൈവത്തേയും ഒഴിപ്പിക്കേണ്ടിവരും!”

ഉപദേശി അമ്പരന്നു.

“അതെന്തിന്?”

താടിയില്‍നിന്ന് കൈയെടുത്ത് യുക്തിവാദി മുടി കോതിയൊതുക്കി.

“ചെകുത്താനും ദൈവവും രാവും പകലും പോലെയാണ്. രാവില്ലാതെ പകലോ പകലില്ലാതെ രാവോ ഉണ്ടാകുമോ?”

കവി മൂക്കില്‍ ചൂണ്ടുവിരലിട്ട് തിരിച്ച് അനുനാസികത്തില്‍ ചൊല്ലി.

“പകല്‍ മാത്രമായാല്‍ മനുഷ്യര്‍ ആത്മഹത്യ ചെയ്യും! രാത്രി മാത്രമായോലോ മനുഷ്യര്‍ക്ക് ഭ്രാന്ത് പിടിക്കും!”

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര ആര്‍എസ്എസ് പദ്ധതി; കേരളത്തിലുണ്ടായിരുന്നത് ചതയദിനാഘോഷം മാത്രം'

കേരളത്തെ രണ്ട് ക്ലസ്റ്ററുകളായി തിരിച്ച് ബിജെപി; എംടി രമേശിനും എസ് സുരേഷിനും ചുമതല; ലോക്‌സഭയില്‍ കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യം

മരണമുഖത്ത് 9 ദിവസം, രക്ഷയായത് 'ഹരേകൃഷ്ണ' മന്ത്രം; നേപ്പാള്‍ തൊഴിലാളിക്ക് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പുതുജീവന്‍

വാട്‌സ്ആപ്പില്‍ ഇനി വൈദ്യുതി, ഗ്യാസ്, വെള്ളം ബില്ലുകളും അടക്കാം, എങ്ങനെയെന്നറിയാം

ജീവന് ആപത്ത്; വൃക്ക രോഗികൾ ഒഴിവാക്കേണ്ട പഴങ്ങൾ