“പൂച്ചകളെക്കുറിച്ച് എനിക്ക് അത്ഭുതപ്പെടുത്തുന്ന ഒരോർമയുണ്ട്. എനിക്ക് മൂന്ന് വയസ്സുള്ള ഒരു വെളുപ്പാൻ കാലത്ത്, വീടിന്റെ ജനലിലൂടെ പുറത്തേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു ഞാൻ. മഞ്ഞുകണങ്ങളെന്നോ ചിമ്മിനിയിൽനിന്ന് പതുകെ ഉയർന്നുപോകുന്ന പുകപടലങ്ങളെന്നോ വേർതിരിക്കാനാവാത്ത ഒന്ന് അന്തരീക്ഷത്തിൽ വ്യാപിച്ചിട്ടുണ്ടായിരുന്നു. അക്കാലത്തെ പ്രഭാതങ്ങൾക്ക് ഭംഗി നൽകിയിരുന്ന ഒരു ചേരുവ അതായിരുന്നെന്ന് പിന്നീടോർക്കുമ്പോൾ എനിക്ക് തോന്നാറുണ്ടായിരുന്നു. പതിനൊന്നുമണി വെയിലുകളെ ഞാനത്തരത്തിൽ ഓർമയിൽ സൂക്ഷിക്കാറുണ്ട്. സ്മരണകളെ മനോഹരമായി പൊതിഞ്ഞുസൂക്ഷിക്കുന്ന കടലാസ് കൂടുകൾ എന്നാണ് ഞാനവയെ കരുതിയിരുന്നത്!
ഞാൻ ജനലിലൂടെയുള്ള നോട്ടത്തിലായിരുന്നെന്ന് പറഞ്ഞല്ലോ. മഴ തോർന്നിരിക്കുന്ന ദിവസങ്ങളിൽ പതിവായി മരം പെയ്യിച്ച് രസിച്ചിരുന്ന ഒരു പുളിമരത്തിലേക്കാണ് ഞാൻ നോക്കി കൊണ്ടിരുന്നത്. ആ പുളിമരം ഇപ്പോഴില്ലെങ്കിൽ കൂടിയും ആ ഭാഗത്തേക്ക് നോട്ടം ചെല്ലുമ്പോൾ ഞാനാ വൃക്ഷത്തിനെ സങ്കല്പിക്കും. അതിന്റെ തടിക്ക് വണ്ണം വച്ചതായും ചില്ലകൾ സമാന്തരമായി പടർന്ന് ഞങ്ങളുടെ പഴയവീടിന്റെ മോന്തായം മറച്ചതായും കണ്ട് അത്ഭുതപ്പെടും. അതിന്റെ കായ്കളുടെ രുചി നാവിൽ പൊടിക്കും. അങ്ങനെയുള്ള പുളിമരത്തിലേക്കായിരുന്നു എന്റെ നോട്ടം. എന്തെങ്കിലും പ്രത്യേകമായി സംഭവിക്കും എന്നൊരു തോന്നലിലാണ് അങ്ങനെ നോക്കിക്കൊണ്ടിരുന്നത്. സമയം കൊന്നുതീർക്കേണ്ട വിരസമായ ഒരു പകലിൽ വിചിത്രമായ ഒരു കാഴ്ച സംഭവിച്ചാൽ അത് രസമായിരിക്കും. അങ്ങനെ ചിന്തിച്ചിരിക്കെ പെട്ടെന്ന്, രണ്ട് പൂച്ചകൾ പരസ്പരം ആക്രോശിച്ചുകൊണ്ട് പുളിമരത്തിനു ചുവട്ടിലേക്ക് ഓടിവന്നു. ഒന്നു കറുപ്പും മറ്റൊന്ന് വെളുപ്പുമായിരുന്നു. ശരീരം വില്ലുപോലെ വളച്ച് രോമങ്ങൾ അപ്പാടെ എടുത്തുപിടിച്ച് വാലുകൾ അന്തരീക്ഷത്തിൽ ചുഴറ്റി അവ രണ്ടും പുളിമരത്തെ പ്രദക്ഷിണം ചെയ്തു. പൂച്ചകളുടെ പോർവിളികൾ ഒരു പ്രദേശത്തിന്റെയാകെ ശ്രദ്ധയെ ആകർഷിക്കാൻ പോന്നതാണ്. എന്നാൽ, ആ പ്രഭാതത്തിൽ കറുപ്പും വെളുപ്പുമായ രണ്ടു പൂച്ചകളുടെ ദ്വന്ദ്വയുദ്ധം ഞാൻ മാത്രമേ നിരീക്ഷിക്കുന്നുണ്ടായിരുന്നുള്ളൂ. അവ പൊടുന്നനെ ആക്രോശിച്ചുകൊണ്ട് പുളിമരത്തിനു മുകളിലേക്ക് പാഞ്ഞുകയറി. കറുപ്പിന് പുറകേ വെളുപ്പെന്നപോലെ.. ഇരുട്ടിനു പുറകെ വെളിച്ചമെന്നപോലെ നിശ്ശബ്ദതയ്ക്ക് പുറകെ ശബ്ദമെന്നപോലെ. മറവിക്കു പുറകെ ഓർമയെന്നപോലെ. രണ്ടു പൂച്ചകൾ പുളിമരത്തിനു മുകളിലേക്ക് കയറിപ്പോയി. ഞാനത് സ്പഷ്ടമായും കണ്ടു. പക്ഷേ, അവയൊരിക്കലും തിരിച്ചിറങ്ങി വന്നതേയില്ല. അവക്ക് ചാടിമറഞ്ഞ് രക്ഷപ്പെടാൻ സമീപത്തൊന്നും എടുപ്പുകളോ മരങ്ങളോ ഉണ്ടായിരുന്നില്ല. എന്നിട്ടും കറുപ്പും വെളുപ്പുമായ രണ്ടു പൂച്ചകൾ ഇറങ്ങി വന്നതേയില്ല. അതിനു സാക്ഷി ആയതുകൊണ്ടുതന്നെ എനിക്ക് മാത്രമേ ഈ സമയംവരെ ആ കാര്യത്തിൽ വ്യാകുലത ഉണ്ടായിരുന്നുള്ളൂ. പിൽക്കാലത്ത് ആ പുളിമരം മുറിച്ചുകളയുമ്പോഴും വീട് പൊളിച്ച് പണിയുമ്പോഴും ഇറങ്ങിവരാനിരിക്കുന്ന കറുപ്പും വെളുപ്പുമായ പൂച്ചകളെക്കുറിച്ച് ഞാൻ ഓർത്തുകൊണ്ടിരുന്നു. അവിടെ ഒരു ജനലുണ്ടായിരുന്നെങ്കിൽ ഞാനിപ്പോഴും ആ പൂച്ചകളുടെ മടങ്ങിവരവിനായി കാത്തിരിക്കുമായിരുന്നു. പക്ഷേ, പുളിമരത്തെപ്പോലെ ഒരു ജനൽ സങ്കല്പിച്ചെടുക്കാൻ എനിക്ക് സാധിച്ചില്ല. അതിലൂടെ നോക്കാൻ ശ്രമിക്കുമ്പോഴൊക്കെ ഒരു സോപ്പുകുമിളപോലെ ആ സങ്കല്പം പൊടിഞ്ഞുപോയി. പൂച്ചകൾ എന്തുകൊണ്ട് തിരിച്ചുവന്നില്ല എന്നു ഞാൻ കുറേക്കാലം ആലോചിച്ചിരുന്നു. അവ ഇപ്പോഴും മരം കയറിക്കൊണ്ടിരിക്കുകയോ ഇറങ്ങിക്കൊണ്ടിരിക്കുകയോ ആയിരിക്കാം. ഒരേസമയം രണ്ടവസ്ഥയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന കറുപ്പും വെളുപ്പുമായ രണ്ടു പൂച്ചകൾ!”
കിക്കിരിക എന്നായിരുന്നു ആ പൂച്ചയെ സാഷ വിളിച്ചിരുന്നത്. മുതിർന്നവർക്ക് ഒരിക്കലും സങ്കല്പിച്ചെടുക്കാൻ സാധിക്കാത്തൊരു പേരായിരുന്നു അത്. അവരെപ്പോഴും അർത്ഥമുള്ള ഒരു പേരിനുവേണ്ടിയാണ് തിരഞ്ഞുകൊണ്ടിരിക്കുക. പക്ഷേ, അർത്ഥമുള്ള പേരുകൾ എല്ലായ്പ്പോഴും ഉപയോഗിച്ച് പഴകിയതായിരിക്കും എന്നൊരു കുഴപ്പമുണ്ട്. അർത്ഥവത്തായ ഒരു പുതിയ പേര് കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. ഞങ്ങളുടെ വീട്ടിലേക്ക് അനിയൻ ആദ്യമായി ഒരു നായ്ക്കുഞ്ഞിനെ കൊണ്ടുവന്നപ്പോൾ അതിനൊരു പേരിടാൻ എത്രയോ പകലുകൾ ആലോചന നടത്തിയത് ഞാനപ്പോൾ ഓർത്തു. അവസാനം അതിനെ പാബ്ലോ എന്നു വിളിക്കാൻ ഞങ്ങൾ ഇരുവരും തീരുമാനിച്ചു. നെരൂദയോടുള്ള അഗാധമായ സ്നേഹത്താലാണ് അനിയൻ അവനെ പാബ്ലോ എന്നു വിളിച്ചതെങ്കിലും കൊളംബിയയിലെ കുപ്രസിദ്ധ ഡ്രഗ് കാർട്ടൽ തലവൻ പാബ്ലോ എസ്‌കോബാറിനെ ഓർത്തുകൊണ്ടാണ് ഞാനവനെ പാബ്ലോ എന്നു വിളിച്ചത്. ഒരേ സമയം കവിയും കള്ളക്കടത്തുകാരനുമായി ജീവിക്കുന്ന വളർത്തുനായ. അവന്റെ നോട്ടത്തിലും പെരുമാറ്റത്തിലും എല്ലായ്പ്പോഴും ആ അനിശ്ചിതത്വം ഉണ്ടായിരുന്നു.
പൂച്ചയെ പക്ഷേ, ആരും കൊണ്ടുവന്നതായിരുന്നില്ല. അത് തുറന്നുകിടന്നിരുന്ന ഞങ്ങളുടെ മുൻവാതിലിലൂടെ ഒരു ദിവസം അനുവാദമില്ലാതെ അകത്തു കയറി. സാഷയാണ് അതിന്റെ സാമീപ്യം ആദ്യമായി തിരിച്ചറിഞ്ഞത്. അവളതിനെ ഉടനെതന്നെ അച്ഛമ്മയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. അടുക്കളയിൽനിന്ന് അല്പം പാലും തനിക്ക് ഓഹരിവച്ചു കിട്ടിയ ബിസ്‌കറ്റും സാഷ പൂച്ചയ്ക്ക് തരപ്പെടുത്തിക്കൊടുത്തു. രാത്രിയിൽ പൂച്ചക്കുട്ടിയെ സിറ്റൗട്ടിൽ ഒരു കാർഡ്‌ബോഡ് പെട്ടിയിൽ ഉറക്കിക്കിടത്തിയ ശേഷമാണ് സാഷ ഉറങ്ങാൻ പോയത്. ഉറങ്ങാൻ കിടന്നെങ്കിലും അവൾ ഇടക്കിടെ എഴുന്നേറ്റ് ജനലിലൂടെ പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. പൂച്ചയെ പുറത്ത് കിടത്തിയതിൽ സാഷയ്ക്ക് എന്നോട് നീരസമുണ്ടായിരുന്നു. അവൾ ഒരേസമയം ഉറങ്ങുകയും ഉണർന്നിരിക്കുകയുമാണെന്ന് എനിക്കു തോന്നി.
അന്നു രാത്രി നായ്ക്കളുടെ ഭീകരമായ കുരയും ഓടിപ്പോകുന്ന അവയുടെ കാലുകളുടെ ശബ്ദവും കേട്ടാണ് ഞാൻ ഞെട്ടിയുണർന്നത്. രാത്രിയിൽ ഉറക്കമില്ലാത്ത ഈ ജീവികൾ എന്നെ പലതവണ ഭയപ്പെടുത്തിയിട്ടുണ്ട്. അന്നു പക്ഷേ, പേടിയുണ്ടായിരുന്നിട്ടും സാഷയുടെ പൂച്ചക്കുട്ടിയെക്കുറിച്ച് ആശങ്കപ്പെട്ടുകൊണ്ട് ഞാൻ രാത്രിയിലേക്കിറങ്ങി. സിറ്റൗട്ടിലെ കാർഡ്‌ബോഡ് പെട്ടിക്കകം ശൂന്യമായിരുന്നു! ഓടിപ്പോകുന്ന നായ്ക്കളുടെ അണപ്പ് എന്നെ അലോസരപ്പെടുത്തി. തൊടിയിലേക്കും പൊന്തകളിലേക്കും ടോർച്ച് തെളിച്ചു നോക്കി. രാത്രിയെ പൊള്ളിയടർത്തുന്ന ടോർച്ച് വെളിച്ചത്തിൽ അപരിചിതരായ പ്രാണികൾ പറക്കുന്നു. പൂച്ചക്കുട്ടിയെ എവിടെയും കാണുന്നില്ല! അതിനെ നായ്ക്കൾ പിടിച്ചിരിക്കുമോ? ഉണരുമ്പോൾ സാഷ അതിനെ തിരക്കും. ഞാൻ മുറ്റത്തുനിന്ന് ആകാശത്തിലേക്ക് നോക്കി. ഒരു നിമിഷം ആ രാത്രിയിലെ ഇരുട്ടിൽ, പഴയ വീടും പുളിമരവും നിൽക്കുന്നതായി എനിക്കു തോന്നി. എന്റെ ഓർമകൾ രാത്രിയുടെ ഭാഷയിലേക്ക് ആരോ വിവർത്തനം ചെയ്തതുപോലെ..!
പെട്ടെന്ന് എന്റെ തലയ്ക്ക് മുകളിൽ പടർന്നിരുന്ന ഡിവിഡിവി മരത്തിന്റെ ചില്ലകൾ ഇളകി.
പുളിമരത്തിന്റേതുപോലെയുള്ള ഇലകളാണ് ഈ മരത്തിന്. അനിയൻ ദൂരെ എവിടെനിന്നോ കൊണ്ടുവന്ന്, മുറ്റത്ത് കുഴിച്ചിടുന്ന കാലത്ത്, എന്റെ മുട്ടറ്റം മാത്രം വലിപ്പമുള്ളൊരു തൈച്ചെടിയായിരുന്നു അത്. ഇപ്പോൾ എന്നെക്കാൾ ഉയരംവെച്ച് മുറ്റമാകെ പന്തലിച്ചിരിക്കുന്നു. ഡിവിഡിവി എന്ന വിചിത്രമായ പേര് ഈ മരത്തിനിട്ടത് സാഷയെപ്പോലെ ഒരു പെൺകുട്ടിയായിരിക്കും എന്നു ഞാൻ കരുതി. ഡിവിഡിവി എന്നാൽ, എന്റെ വീടിനു മുന്നിലെ ആകാശത്തെ മറച്ച് പടർന്നിരിക്കുന്ന ഈ മരമാണെന്നാണ് അർത്ഥം.
ഇലകളിലെ അനക്കം കിക്കിരിക എന്ന പൂച്ചക്കുട്ടിയുടേതായിരുന്നു. അത് മരത്തടിയിൽ അള്ളിപ്പിടിച്ച് താഴെയുള്ള ഭൂമി സുരക്ഷിതമാണോ എന്നു പലയാവർത്തി നോക്കി. പിന്നെ കൗശലത്തോടെ ഇറങ്ങിവന്ന് എന്റെ കാൽവണ്ണകളിൽ വാലുരസി നിന്നു. പുളിമരമെന്ന് മനുഷ്യർ തെറ്റിദ്ധരിച്ചേക്കാവുന്ന ഡിവിഡിവി മരത്തിൽനിന്ന് കറുപ്പും വെളുപ്പും ഇടകലർന്ന ഒരു പൂച്ചക്കുട്ടി ഇറങ്ങിവന്നിരിക്കുന്നു.
ആ രാത്രിക്കു ശേഷമാണ് പൂച്ചക്കുട്ടിയുടെ ജീവിതം വീട്ടിനുള്ളിലായത്. സാഷ അവനെ കാണുന്ന മാത്രയിൽ വലുതായി പൊട്ടിച്ചിരിക്കുകയും തൊട്ടും പിടിച്ചും കൊഞ്ചിക്കുകയും ചെയ്തുപോന്നു. അങ്ങനെയൊരു കൊഞ്ചലിനിടയിലാണ് കിക്കിരിക എന്ന് അവളതിനെ ആദ്യമായി വിളിച്ചത്. ലോകത്ത് മറ്റൊരു പൂച്ചയ്ക്കും ആ പേരില്ലെന്ന് ഞാനപ്പോൾ തീർച്ചപ്പെടുത്തി. ലോകത്ത് പാബ്ലോ എന്നു പേരുള്ള അനേകം നായ്ക്കുട്ടികൾ ഉണ്ടായിരിക്കും. എന്നാൽ, കിക്കിരിക എന്നു പേരുള്ള കറുപ്പും വെളുപ്പും ഇടകലർന്ന പൂച്ചക്കുട്ടി സാഷയുടെ പക്കലാണുള്ളത്. കിക്കിരിക എന്ന പേരിന്റെ അർത്ഥം സാഷ വളർത്തുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള പൂച്ചക്കുട്ടി എന്നു മാത്രമാകുന്നു. അപ്പോൾ പാബ്ലോ അകാരണമായി കുരച്ചു. പാബ്ലോ എന്ന കവിയാണോ പാബ്ലോ എന്ന കള്ളക്കടത്തുകാരനാണോ കുരച്ചത് എന്നെനിക്ക് സന്ദേഹമുണ്ടായി.
പാബ്ലോയും കിക്കിരികയും വീട്ടിനകത്ത് ജീവിച്ചുതുടങ്ങി. പാബ്ലോക്ക് പക്ഷേ, ഒരു കൂടുണ്ടായിരുന്നു. അതിലവൻ ഖിന്നനായിരുന്നെന്ന് എനിക്കു തോന്നി. കിക്കിരിക സ്വതന്ത്രനായിരുന്നു. അവൻ സാഷയോടൊത്ത് കളിച്ചുനടന്നു. പക്ഷേ, തുടലഴിച്ചു വിടുന്ന അവസരത്തിലെല്ലാം പാബ്ലോ കിക്കിരികയുടെ മേൽ ചാടിവീണു. താൻ അനുവദിക്കുന്നതുകൊണ്ട് മാത്രമാണ് ഈ നായ്ക്കുട്ടിക്ക് തന്നോടിങ്ങനെ കളിക്കാനാവുന്നത് എന്ന മട്ടിലായിരുന്നു കിക്കിരികയുടെ കിടപ്പ്. കളിയിലെ തന്റെ താല്പര്യം അവസാനിക്കുന്ന ഞൊടിയിൽ കിക്കിരിക വളരെ ലാഘവത്തോടെ പാബ്ലോയെ കുടഞ്ഞെറിഞ്ഞ് എഴുന്നേറ്റു പോവാറായിരുന്നു പതിവ്. പൂച്ചകളുടെ സ്വതന്ത്രമായ ജീവിതത്തെപ്പറ്റി എനിക്ക് മതിപ്പുണ്ടാക്കിത്തന്നത് കിക്കിരികയാണ്. പാബ്ലോ അപ്പോഴും അസ്വസ്ഥതയോടെ എന്നെ നോക്കി കുരച്ചു.
തോന്നുന്ന ഇടങ്ങളിലൊക്കെ നിർലോഭം സഞ്ചരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഒരു പൂച്ചക്കുട്ടിയായിരുന്നു കിക്കിരിക. സ്വതന്ത്രരായ മനുഷ്യരെപ്പോലെ സ്വതന്ത്രരായ ജീവികളും അപകടകാരികളാണെന്ന പൊതുബോധം പ്രവർത്തിച്ചതുകൊണ്ടാണോ എന്തോ പാബ്ലോക്ക് നൽകുന്ന കൂട്ടത്തിൽ കിക്കിരികക്കും റാബീസ് വാക്സീൻ എടുക്കുകയുണ്ടായി. എന്നിട്ടും പരാക്രമിയായ പാബ്ലോ മിക്കവാറും സമയങ്ങളിൽ കൂട്ടിൽ ബന്ധനസ്ഥനായി തുടർന്നു. പരിചിതരല്ലാത്ത മനുഷ്യരോട് പാലിക്കേണ്ട മര്യാദകളെപ്പറ്റി അവനൊട്ടും ധാരണയില്ലായിരുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവന്റെ അറിവ് അതുകൊണ്ട് തന്നെ വളരെ പരിമിതമായി. പുറത്തിറങ്ങുന്ന അവസരങ്ങളിലെല്ലാം അവൻ അകാരണമായി കിക്കിരികക്കമേൽ ചാടിവീണു. ശുദ്ധമായ അസൂസയയാണ് ആ അതിക്രമത്തിനു പിന്നിലെന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷേ, തങ്ങളുടെ ബുദ്ധിയിൽ ഉരുത്തിരിയുന്ന ചിന്തകൾ ജീവികളിൽ ആരോപിക്കാനുള്ള മനുഷ്യസഹജമായ വാസനയാണ് ആ തോന്നലിനു പിന്നിലെന്ന് ഞാൻ എളുപ്പം തിരിച്ചറിഞ്ഞു.
തന്റെ ഇംഗിതത്തിനു വിരുദ്ധമായി ആർക്കും തന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന മട്ടിലായിരുന്നു കിക്കിര ജീവിച്ചിരുന്നത്. കയറ്റുപായയിലോ വാതിൽപ്പടിയിലോ വിശ്രമിക്കുന്ന സമയത്ത് സാഷ വിളിച്ചാൽപ്പോലും അവൻ ഗൗനിക്കുകയില്ല. അവൾ വാലിൽ പിടിച്ച് വലിച്ചാലും അവൻ നിസ്സംഗതയോടെ കിടക്കും. സാഷ കിക്കിരികയേയും വലിച്ച് വീടിന്റെ അകത്തളം മുഴുക്കെ നടക്കും. ഒരേസമയം ചലനത്തിലും നിശ്ചലതയിലും അകപ്പെട്ടിരിക്കുന്ന കിക്കിരികയെ ഞാനപ്പോൾ കണ്ടു.
കിക്കിരികയെ പ്രത്യേകമായി പരിപാലിക്കേണ്ട ആവശ്യമുള്ളതായി സാഷക്കൊഴിച്ച് ഞങ്ങൾക്കാർക്കും തോന്നിയിരുന്നില്ല. പരിപാലനം തന്റെ സ്വാതന്ത്ര്യത്തെ മോഷ്ടിക്കുന്നതിനുള്ള മുഖവുരയാണെന്ന് എല്ലാ പൂച്ചകളേയും പോലെ അവനും മനസ്സിലാക്കിയിരുന്നു. സാഷയോട് അവനൊരു സുഹൃത്തിനോടെന്നപോലെ പെരുമാറി. തൊടികളിൽ അലഞ്ഞുനടക്കാനും ചവിട്ടുപടികളിൽ കിടന്ന് വെയിൽ കായാനും മീൻവണ്ടികൾക്കു പിറകെ ഓടാനും വേണ്ടി കിക്കിരിക ജീവിച്ചു.
ആയിടയ്ക്ക് പാബ്ലോയും കിക്കിരികയും തമ്മിൽ വൈകാരികമായ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് ഞാൻ രഹസ്യമായി നിരീക്ഷിച്ചു തുടങ്ങിയിരുന്നു. മനുഷ്യർക്കും മൃഗങ്ങൾക്കും ഇടയിൽ രൂപപ്പെടുന്നതുപോലെ മൃഗങ്ങൾക്കിടയിൽ ഒരു വൈകാരികബന്ധം ഉണ്ടെങ്കിൽ! നായ്ക്കുഞ്ഞിനെ തന്റെ കുഞ്ഞുങ്ങൾക്കൊപ്പം വളർത്തുന്ന തള്ളക്കോഴിയെപ്പോലെ... കാക്കക്കൂട്ടിൽ വിരിഞ്ഞ ഒരു കുയിൽക്കുഞ്ഞിനെപ്പോലെ... കഥകളിൽനിന്നു വിഭിന്നമായി തള്ളക്കാക്കയും കുയിൽക്കുഞ്ഞും പറക്കമുറ്റുന്നതുവരെ ഒരുമിച്ച് കഴിയുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു. പക്ഷേ, മൃഗങ്ങൾ ഈ എളിയ സ്വാതന്ത്ര്യത്തെക്കൂടി മനുഷ്യർ കണ്ടെടുക്കുന്നത് ഭയപ്പെട്ടിരുന്നു. അതിനാലാവണം കിക്കിരികയും പാബ്ലോയും തമ്മിലുള്ള ബന്ധം കണ്ടെത്തുന്നതിൽ എന്റെ അന്വേഷണം പരാജയപ്പെട്ടത്. എന്നാൽ, വീട്ടിൽ ആരുമില്ലാതിരുന്ന ഒരു രാത്രിയിൽ, വളരെ വൈകിയെത്തിയ എനിക്ക് അവരുടെ ബന്ധത്തെക്കുറിച്ച് ഒരു സൂചന കിട്ടി. വീടടച്ച് എല്ലാവരും പോയതിനാൽ മുകൾ നിലയിലെ ഹാളിലായിരുന്നു പാബ്ലോയെ കെട്ടിയിരുന്നത്. ഞാൻ ഗോവണി കയറി ചെല്ലുമ്പോൾ പാബ്ലോക്കരികിൽ ഒരു സന്ന്യാസിയെപ്പോലെ ശാന്തനായിരിക്കുന്ന കിക്കിരികയെ ആണ് കണ്ടത്. പാബ്ലോയുടെ അനന്തമായ ഏകാന്തതയെ ശമിപ്പിക്കാനെന്നപോലെ കിക്കിരിക എന്ന കറുപ്പും വെളുപ്പുമായ പൂച്ച അരികിലിരിക്കുന്നു. നിഗൂഢമായൊരു സാഹോദര്യത്തെ ആ രാത്രിയെനിക്ക് വിവർത്തനം ചെയ്തു തന്നു. പാബ്ലോ അപ്പോൾ ഈ രഹസ്യത്തെ ലോകത്തിന് ഒറ്റിക്കൊടുക്കരുതേ... എന്ന പ്രാർത്ഥനയോടെ എന്നെ നോക്കി. ഞാനതിന്റെ രോമങ്ങളിൽ അലിവോടെ തടവി.
സാഷ പറഞ്ഞതനുസരിച്ച് അവൾ കിക്കിരികയെ എടുത്തുനിൽക്കുന്ന ചിത്രം ഞാൻ ഫോണിൽ പകർത്തി. സ്വതവേ... ഫോട്ടോ എടുക്കുന്നതിൽ താല്പര്യമുള്ള ഒരു കുട്ടിയായിരുന്നില്ല സാഷ. പക്ഷേ, അന്ന് അവളാ ഫോട്ടോയിലേക്ക് കൗതുകത്തോടെ കുറേസമയം നോക്കിയിരുന്നു...
“അച്ഛേ... നോക്ക് കിക്കിരിക ചിരിക്ക്ണ്.”
കിക്കിരികയുടെ മുഖഭാവം വിചിത്രമായൊരു ആഖ്യാനമായിരുന്നു. എനിക്കത് ഒട്ടും മനസ്സിലായില്ല. സാഷ അതൊരു ചിരിയാണെന്ന് എത്ര എളുപ്പമാണ് കണ്ടെത്തിയത്! ഞാൻ വീണ്ടും അത്ഭുതത്തോടെ ആ ഫോട്ടോയിലേക്ക് നോക്കി. ഒരേസമയം ചിരിയിലും ഗൗരവത്തിലും എന്നെ നോക്കുന്ന മാർജാരമുഖമാണ് എനിക്ക് വെളിപ്പെട്ടത്. ഈ അനിശ്ചിതത്വം ജീവിതത്തിലുടനീളം നിലനിൽക്കാൻ പോവുകയാണോ? തെളിഞ്ഞ പകലിൽ ആകാശത്ത് ഒളിച്ചിരിക്കുന്ന അനേകകോടി നക്ഷത്രങ്ങളെപ്പോലെ പിടികൊടുക്കാത്ത കിക്കിരികയുടെ ചിരി എന്നെ അസ്വസ്ഥനാക്കി. ജാപ്പനീസ് കടൽത്തീരത്ത് ചിരിച്ച് ചിരിച്ച് മരിക്കുന്ന പൂച്ചകളെ പറ്റിയുള്ള പത്രവാർത്ത ഞാനോർത്തു. അനുഭവരാഹിത്യം സൃഷ്ടിക്കുന്ന വിചിത്രത മനുഷ്യരെ ചൂഴ്ന്നു നിൽക്കുകയാവാം. കുഞ്ഞുങ്ങൾ അതിൽനിന്നു മുക്തരാണ്. അവരുടെ കാഴ്ചകളിൽ അനിശ്ചിതത്വങ്ങളില്ല. ഞാൻ സാഷയെ സ്നേഹത്തോടെ നോക്കി. അന്നു പകലിൽ പാബ്ലോ ആദ്യമായി തുടൽ പൊട്ടിച്ച് ഓടിപ്പോയി. അങ്ങനെയൊരു ലക്ഷ്യത്തോടെയാണ് അക്കാലമത്രയും പാബ്ലോ എന്ന ഒരേസമയം കവിയും കള്ളക്കടത്തുകാരനുമായ നായ്ക്കുട്ടി ജീവിച്ചിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു. സാഷ പക്ഷേ, ഓടിപ്പോകുന്ന പാബ്ലോയുടെ പിൻപുറത്തിനു നേരെ കൈവിശിക്കാണിച്ചു.
“റ്റാറ്റാ... റ്റാറ്റാ... പാബ്ലോ...”
സാഷയുടെ ആശംസകൾ കറുപ്പും വെളുപ്പുമായ രണ്ട് പൂച്ചക്കുട്ടികളായി പാബ്ലോയെ പിന്തുടർന്ന് ഓടി.
അനിയനും ഞാനും പാബ്ലോയെ അന്വേഷിച്ചിറങ്ങി. അവൻ പരവശനായിരുന്നു. അത് ആരെയെങ്കിലും കടിച്ചേക്കുമോ എന്നായിരുന്നു അവന്റെ ഭയം. ആരെയാണ് അന്വേഷിക്കേണ്ടത് എന്ന അനിശ്ചിതത്വത്തിലായിരുന്നു ഞാൻ. പാബ്ലോ എന്ന കവിയെ ആണോ കള്ളക്കടത്തുകാരനെയാണോ? പാബ്ലോ രണ്ടു മനുഷ്യരായി പിരിഞ്ഞ് രണ്ടു വഴിയെ ഓടി രക്ഷപ്പെടുന്നത് ഞാൻ സങ്കല്പിച്ചു. അസ്തമനം വരെ തിരഞ്ഞിട്ടും പാബ്ലോയെ കണ്ടെത്താൻ സാധിച്ചില്ല. പാബ്ലോയെ മാത്രമല്ല, എന്റെ നോട്ടത്തിൽ അവൻ കൊണ്ടുപോയ സ്വാതന്ത്ര്യത്തെക്കൂടി കണ്ടെത്തേണ്ടതുണ്ടായിരുന്നു. സാഷ അപ്പോൾ പാബ്ലോയുടെ ഒഴിഞ്ഞ കൂടിനരികിൽ കിക്കിരികക്കൊപ്പം പോയി നിന്നു. അവന്റെ രോമങ്ങളും രഹസ്യമായ കാലടിപ്പാടുകളും ഗന്ധവും തങ്ങിനിൽക്കുന്ന കൂട്. കിക്കിരിക എന്നെ ശ്രദ്ധിച്ചുകൊണ്ട് പതുക്കെ കൂട്ടിലേയ്ക്ക് കയറി. രോമങ്ങളും കാൽപ്പാടുകളും തീറ്റിപ്പാത്രവും മണപ്പിച്ച ശേഷം എന്നെ നോക്കി. പാബ്ലോ ഇനി തിരികെ വരികയില്ലെന്ന് അപ്പോഴെനിക്കു തോന്നി. ഒരു മനുഷ്യനു മാത്രം സാധ്യമാകുന്ന ക്രൂരതയോടെ കിക്കിരികയെ ശിഷ്ടകാലം ആ കൂട്ടിൽ അടച്ചിട്ടാലോ എന്ന ചിന്ത എന്നെ ഗ്രസിച്ചു. പക്ഷേ, സാഷ അതിനനുവദിക്കില്ല. ഒഴിഞ്ഞുകിടക്കുന്ന കൂട് എന്തിനാണെന്നെ അസ്വസ്ഥനാക്കുന്നത്?
അനിയൻ ആകെ ദുഃഖിതനായിരുന്നു. വീട്ടിലുള്ള എല്ലാവർക്കും അതിന്റെ ഒരു പങ്ക് കിട്ടി. രാത്രി പതുക്കെ പതുക്കെ അകത്തളങ്ങളിലേക്ക് കയറിവന്നു. കിക്കിരിക, ഉറങ്ങുന്ന സാഷയ്ക്കരികിൽ ഇരിക്കുകയായിരുന്നു. അതിന്റെ ഓർമകളിൽ എന്തായിരിക്കുമെന്ന ആശ്ചര്യം എന്നെ ബാധിച്ചു. അപ്പോഴാണ് ഞങ്ങളുടെ വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്. അനിയൻ ജിജ്ഞാസയോടെ വേഗത്തിൽ വാതിലിനരികിലേക്ക് പോയി. അത് ഞങ്ങളുടെ അയൽക്കാരിയായിരുന്നു. മുടിയിഴകളിൽനിന്നു വഴുതി താഴോട്ട് വീഴുന്ന തട്ടം നേരെയാക്കി വലതുകൈകൊണ്ട് പാബ്ലോയെ നെഞ്ചിൽ പറ്റിച്ചുവെച്ച് അവർ വാതിൽക്കൽ നിന്നു. പാബ്ലോയെ തിരയാൻ അവർ തുടക്കം മുതലേ ഞങ്ങളുടെ ഒപ്പമുണ്ടായിരുന്നു. അവനെ കണ്ടെത്താനുള്ള വ്യഗ്രതയിൽ അങ്ങനെ ഒരാളുടെ സാന്നിദ്ധ്യം ഞങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് മാത്രം. ഞാനും അനിയനുമടക്കമുള്ളവരെല്ലാം തിരച്ചിൽ അവസാനിപ്പിച്ചപ്പോഴും അവരാ ഉദ്യമം തുടർന്നിരുന്നു എന്ന് അവരുടെ നെഞ്ചിൽ ഉരുമിയിരുന്ന് പാബ്ലോ ഞങ്ങളെ ഓർമിപ്പിച്ചു. അവൻ സ്നേഹസൂചകമായി അവരുടെ തോളിലും മുഖത്തും നക്കി. അനിയൻ അവരുടെ കൈകളിൽനിന്നും പാബ്ലോയെ ഏറ്റുവാങ്ങി. ഞാനവനെ സൂക്ഷിച്ചു നോക്കി. കവിത്വവും കള്ളത്തരവും നഷ്ടപ്പെട്ട ഒരു ജീവിയായി അവൻ അതിനോടകം പരിണമിച്ചിരുന്നു. ആ സ്വാതന്ത്ര്യത്തെ ഇനിയൊരിക്കലും കൂട്ടിലിടാൻ ആവുകയില്ല.
അമ്മയും അയൽക്കാരിയും സംസാരിക്കുകയായിരുന്നു. ചായ കുടിക്കുന്നതിനിടയിൽ പശ്ചിമേഷ്യയിലെ ഒരു യുദ്ധമുഖത്തുവച്ച് കാണാതെപോയ പ്രവാസിയായ ഭർത്താവിനെക്കുറിച്ച് അവർ പറഞ്ഞു. അയാൾക്ക് നായ്ക്കുട്ടികളെ ഇഷ്ടമായിരുന്നു. വഴിയരികിൽ കാണുന്ന നായ്ക്കൾക്ക് പാർലേ ബിസ്‌കറ്റുകൾ സൽക്കരിക്കുന്ന സ്വഭാവം അയാൾക്കുണ്ടായിരുന്നു. നായ്ക്കൾ ബിസ്‌കറ്റ് മണംപിടിച്ച് അയാളെ പിന്തുടർന്നു. പക്ഷേ, അയാളൊരിക്കലും നായ്ക്കുട്ടികളെ വളർത്താൻ മുതിർന്നിരുന്നില്ല. ഭർത്താവിനെ തിരഞ്ഞുപോയ കാലങ്ങളെ അയൽക്കാരി അമ്മയോടൊത്ത് അയവിറക്കി. അവർ പോയിക്കഴിഞ്ഞാണ് സാഷ ഉണർന്നത്. അവളും കിക്കിരികയും പാബ്ലോയുടെ കൂട്ടിനരികിലേക്ക് പോയി. ഞാനപ്പോൾ ഒറ്റക്ക് താമസിക്കുന്ന അയൽക്കാരിയെ കുറിച്ചോർക്കുകയായിരുന്നു. അവരുടെ ഭർത്താവിനെ കാണാതാകുമ്പോൾ ഞാനും അനിയനും അമ്മയുടെ ഗർഭത്തിലാണ്. എന്റെ ജീവിതത്തിനും അവരുടെ വിരഹത്തിനും ഒരേ പ്രായമാകുന്നു. ഞാനവരുടെ വീട്ടിലേക്ക് നോക്കി. ഇരുട്ടിൽ വെളിച്ചത്തിന്റെ അഴികളുള്ള കൂടുപോലെ അതെനിക്ക് വെളിപ്പെട്ടു. അവരതിനുള്ളിൽ പുറത്തേക്ക് നോക്കിയിരിക്കുന്നു. അവരുടെ ശരീരത്തിൽ പാബ്ലോയുടെ രോമങ്ങളും രഹസ്യമായ കാൽപ്പാടുകളും അവന്റെ ഗന്ധവുമുണ്ട്. അവർ ഇന്ന് ഏഴുതവണ മണ്ണിട്ട് കൈകഴുകുകയില്ലെന്ന് എനിക്കു തോന്നി. പിറ്റേന്ന് പ്രഭാതത്തിൽ അവർ മരിച്ചുപോയി.
സാഷ അമ്മവീട്ടിലേക്ക് വിരുന്നുപാർക്കാൻ പോയതായിരുന്നു. പോകുംമുന്‍പ് കിക്കിരികയോട് അവളെന്തോ രഹസ്യം പറഞ്ഞു. പാബ്ലോയോട് എന്തോ പറയാനാഞ്ഞെങ്കിലും അവൻ നല്ല ഉറക്കമായിരുന്നു. സാഷ പോയതിനു ശേഷം കിക്കിരിക ഉയരങ്ങളിലൂടെ മാത്രം സഞ്ചരിച്ചു. ഡിവിഡിവി മരത്തിന്റെ ശിഖരങ്ങളിൽ കിടന്നുറങ്ങി. രാത്രികളിൽ ഓട്ടിൻപുറത്തിന്റെ വിളുമ്പിൽ മലർന്നു കിടന്ന് സെപ്റ്റംബറിലെ കൊള്ളിമീൻ പെയ്ത്തു കണ്ടു. പൂച്ചകളുടെ മഴക്കാലം വരുന്നതായി ഞാൻ ഒരു ദിവസം സ്വപ്നം കണ്ടു.
പിറ്റേന്നത്തെ പ്രഭാതത്തിൽ പാബ്ലോയുടെ കൂടിനു താഴെ കിക്കിരിക മരിച്ചുകിടന്നു. മരിച്ചെന്നോ ജീവനുണ്ടെന്നോ ഉറപ്പിക്കാനാവാത്തവിധം കണ്ണുകൾ തുറന്നുപിടിച്ച്, എന്നാൽ, ശ്വാസം കഴിക്കാതെയായിരുന്നു അവന്റെ കിടപ്പ്. ആരെയോ കാത്തിരിക്കുന്നതുപോലെ പ്രകാശമുള്ള കൃഷ്ണമണികൾ! അനിയൻ ഉടനെ വെറ്ററിനറി ഡോക്ടറെ വിളിച്ചു. അമ്മയുടെ വിതുമ്പലിന്റെ പശ്ചാത്തലത്തിൽ മരണത്തിന്റെ ലക്ഷണങ്ങൾ അവൻ ഡോക്ടറുമായി സംസാരിച്ചു. പാബ്ലോ തലതാഴ്ത്തി ദുഃഖഭാരത്തോടെ കൂട്ടിൽ ശയിച്ചു. അമ്മയുടെ കൈകളിൽ കുഴഞ്ഞ ശരീരവുമായി കിക്കിരിക കിടക്കുകയാണ്. അവന്റെ ശരീരത്തിനുള്ളിൽ നിറയെ വിരകളായിരുന്നിരിക്കാം എന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്. അവന്റെ സ്വാതന്ത്ര്യം സത്യമായിരുന്നില്ല. അവൻ ഒരേ സമയം മരിച്ചും ജീവിച്ചും ഇരിക്കുകയായിരുന്നെന്ന് എനിക്കു തോന്നി. പഴയ പുളിമരം നിന്നിരുന്നിടത്താണ് കിക്കിരികയെ സംസ്കരിച്ചത്. അതിനരികിൽ നിൽക്കെ, നരച്ച പ്രഭാതത്തിൽ, ആരോ മരം പെയ്യിച്ചതുപോലെ എനിക്ക് നനഞ്ഞു. ഞാൻ സാഷയെ ഓർത്തു.
തിരിച്ചുവന്നപ്പോൾ സാഷ കിക്കിരികയെ അന്വേഷിച്ചതേയില്ല. പിന്നീടൊരിക്കലും തന്റെ സന്തതസഹചാരിയായിരുന്ന ആ പൂച്ചയെക്കുറിച്ച് അവൾ ചിന്തിച്ചതേയില്ല. എന്തുകൊണ്ടായിരിക്കാം അത്? ഞാൻ അവർ കൈമാറിയ അവസാനത്തെ രഹസ്യത്തെക്കുറിച്ച് മാത്രം ഓർത്തു. ഒരു രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഞാൻ വെറുതേ... കിക്കിരിക എന്ന പേരുച്ചരിച്ചു. അവളപ്പോൾ എന്തോ രഹസ്യം പറയുന്ന മട്ടിൽ എന്നെ കെട്ടിപ്പിടിച്ച് ചെവിയിൽ മന്ത്രിച്ചു.
“അച്ഛേ... ഒരു കഥ പഞ്ഞ് തര്വോ...”
ഞാനപ്പോൾ പണ്ടത്തെപ്പോലെ ഒരു ജനാല സങ്കല്പിക്കാൻ ശ്രമിച്ചു. ഇത്തവണ ആ സങ്കല്പം പൊടിഞ്ഞുപോയില്ല! എനിക്ക് അത്ഭുതമായി. ഞാനതിനുള്ളിലൂടെ പുറത്തേക്ക് നോക്കി. പിന്നെ കഥ പറഞ്ഞു.
“അതൊരു നനുത്ത മഞ്ഞുള്ള പ്രഭാതമായിരുന്നു. ഈ ജനാലയുടെ ഉള്ളിലൂടെ കാണുന്ന പുളിമരത്തിനു മുകളിൽ രണ്ടു പൂച്ചക്കുട്ടികൾ താമസിച്ചിരുന്നു. ഒന്നു കറുപ്പും മറ്റൊന്ന് വെളുപ്പും. അവ രണ്ടും പുളിമരത്തിന്റെ ചില്ലകളിലൂടെ പരസ്പരം കലഹിച്ചുകൊണ്ട് ഓടിനടക്കുമായിരുന്നു. ആ പൂച്ചക്കുട്ടികൾ പക്ഷേ, ഒരിക്കലും നിലത്തേക്ക് ഇറങ്ങിവന്നിരുന്നില്ല. ഒരു ദിവസം ഒരു ചെറിയ പെൺകുട്ടി ആ പുളിമരത്തിനു ചുവട്ടിലേക്ക് വന്നു. അവൾ മുകളിലേക്ക് നോക്കി പൂച്ചകളെ വിളിച്ചു. അപ്പോൾ ജീവിതത്തിലാദ്യമായി ആ പൂച്ചക്കുട്ടികൾ മരത്തിൽനിന്നു താഴോട്ടിറങ്ങാൻ തുടങ്ങി.”
ഞാൻ സാഷയെ നോക്കി. അവൾ ഉറക്കം പിടിച്ചിരുന്നു. പുറത്ത് പാബ്ലോ കുരച്ചു. ഞാൻ ജനലിലൂടെ അവന്റെ കൂട്ടിലേക്ക് നോക്കി. അവൻ കൂടിന്റെ അഴികളിൽ പിടിച്ച് ഒരു മനുഷ്യനെപ്പോലെ എഴുന്നേറ്റു നിൽക്കുകയായിരുന്നു. ഞാനവന്റെ തിളങ്ങുന്ന കണ്ണുകളിലേക്ക് ഇമ ചിമ്മാതെ നോക്കി. അതിനുള്ളിൽ രണ്ടു പൂച്ചക്കുട്ടികൾ. കറുപ്പും വെളുപ്പും പോലെ, ഓർമയും മറവിയും പോലെ, ഇരുട്ടും വെളിച്ചവും പോലെ, കരച്ചിലും ചിരിയും പോലെ രണ്ടു പൂച്ചക്കുട്ടികൾ.
ക്വാണ്ടംമെക്കാനിക്സിലെ ഷ്രോഡിംഗറുടെ പൂച്ച എന്ന ചിന്താപരീക്ഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates