“ഹലോ എം.കെ. അല്ലേ...?”
“അതെ എം.കെ. ആണ്. പറയൂ...”
“ഞാൻ നിർമാല്യം പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ സണ്ണിയാണ്. എന്റെ രണ്ടു നമ്പറും താൻ ബ്ലോക്ക് ചെയ്തു. തന്റെ അടവ് ഇങ്ങോട്ട് എടുക്കരുത്. ഇതുപോലെ കുറെ എണ്ണത്തിനെ ഞാൻ കണ്ടതാ. താൻ ഒപ്പിട്ട എഗ്രിമെന്റ് എന്റെ ടേബിളിൽ ഇരിപ്പുണ്ട്. അതിന്റെ മേലെ ഞാനൊരു പേപ്പർവെയ്റ്റ് കേറ്റി വെച്ചിട്ടുണ്ട്. ഒരാഴ്ചകൂടി തനിക്കു തരും. നോവലിന്റെ ഫൈനൽ ഡ്രാഫ്റ്റ് ഇതേ ടേബിളിൽ എത്തിയില്ലെങ്കിൽ ആ പേപ്പർവെയ്റ്റ് ഞാനങ്ങെടുത്ത് മാറ്റും. പിന്നെ എം.കെ. വീണ്ടും മാടയക്കോണം കണ്ണനാവും.”
“സർ ഞാൻ അതിന്റെ പ്രിപ്പറേഷനിൽ ആണ്... രണ്ടാഴ്ച കൂടി...”
എം.കെ. പറഞ്ഞു മുഴുമിപ്പിക്കുമ്പോഴേക്കും ഫോൺ കട്ടായി. മേശയിൽ ചിതറിക്കിടക്കുന്ന എ ഫോർ പേപ്പറുകളിലേക്ക് അയാൾ പരതിനോക്കി. എങ്ങുമെത്താതെപോയ ഒരു നോവലിന്റെ ആദ്യ എഴുത്തുകൾ.
എം.കെ. ഇതുവരെ എഴുതിയത് മൂന്ന് ചെറുകഥ സമാഹാരങ്ങളും അഞ്ച് നോവലുകളും ആണ്. ചൂടപ്പംപോലെയാണ് പുസ്തകം വിറ്റുപോയത്. പ്രണയത്തിന്റെ തീജ്വാലയിൽപ്പെട്ട് ചാമ്പലാവുന്ന മനുഷ്യർക്ക്, വിരഹത്തിന്റെ മരവിപ്പിൽ പ്രാണൻ അടരുന്ന ജനത്തിന് ഒരു ചെറുകാറ്റാണ് എം.കെയുടെ നോവലുകൾ എന്ന് ഏതോ ഒരു റിവ്യൂവർ പയ്യൻ അതിവൈകാരികത കുത്തിനിറച്ച് ഒരു ഫേസ്ബുക്ക് റീൽ പങ്കുവെച്ചപ്പോൾ വായനക്കാർ വെട്ടുകിളികളെപ്പോലെ വന്ന് എം.കെയുടെ നോവലുകളും ചെറുകഥകളും തിന്നുതീർത്തു. ആരാധനയോടെ എഴുത്തുകാരനെ നോക്കുന്ന സമൂഹം തന്നിലൂടെ തിരിച്ചുവന്നതിൽ അയാൾ കൃതാർത്ഥനാണ്. പക്ഷേ, അയാളെ അലട്ടുന്നത് ഇപ്പോൾ മറ്റൊന്നാണ്.
ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മതസൗഹാർദത്തിനു വിള്ളലേല്പിക്കുന്ന പ്രവണത യുവജനതയ്ക്ക് കൂടുന്നില്ലേ എന്ന ചോദ്യത്തിന് ഒരു എഴുത്തുകാരൻ മറുപടിയിൽനിന്ന് ഒഴിഞ്ഞുമാറാൻ ഒരു കാര്യവും ഇല്ലാതെ എം.കെയുടെ നോവലുകളെ നിഷിദ്ധമായി വിമർശിച്ചു. പൈങ്കിളിസാഹിത്യം വായിച്ചുവളരുന്ന യുവാക്കളാണ് സമൂഹത്തിന്റെ ത്രെട്ട് എന്ന് അയാൾ പറഞ്ഞു. സിനിമാറ്റിക് നോവൽ എന്ന പേരിൽ തോന്ന്യവാസം എഴുതുന്ന എഴുത്തുകാരനും അതിനെ ടോയ്ലറ്റ് പേപ്പറിന്റെപോലും ക്വാളിറ്റി ഇല്ലാതെ പബ്ലിഷ് ചെയ്യുന്ന പ്രസാധകരും മാത്രമല്ല, അതിനെ കൾട്ട് സ്റ്റാറ്റസ് കൊടുത്ത് സെലിബ്രേറ്റ് ചെയ്യുന്ന വായനക്കാരും നാടിന് ആപത്താണ്.
വിമർശനം പരോക്ഷമായിരുന്നെങ്കിലും അത് ലക്ഷ്യം കണ്ടു. അതിനുതാഴെ വന്ന കമന്റ്സ് എം.കെ. സ്ക്രോൾ ചെയ്തു നോക്കി. ടിയാൻ പറഞ്ഞതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ വന്നു. “കഥ വടക്കോട്ട് കഥാപാത്രം തെക്കോട്ട്” എന്ന കമന്റിലാണ് എം.കെയുടെ പേന നിശ്ചലമായത്. ആദ്യ പതിപ്പുപോലും വിറ്റുപോകാത്ത ഒരു എഴുത്തുകാരന്റെ ഫ്രസ്ട്രേഷനാണ് അതെന്ന് ആശ്വസിക്കാം. പക്ഷേ, വായനക്കാർ ഏറ്റുപിടിക്കുന്നതെന്തിന്? തന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻപോലും അയാൾക്ക് പറ്റുമായിരുന്നില്ല.
നിർമാല്യം ഒരാഴ്ചകൂടി സമയം തന്നിട്ടുണ്ടല്ലോ. തെക്കും വടക്കും സഞ്ചരിക്കുന്നതിനെ ഒറ്റ ദിശയിലാക്കാൻ വേണ്ടി അയാൾ പരിശ്രമം തുടങ്ങിയിട്ട് ഏതാനും ദിവസങ്ങളായി. “എഴുത്തുകാരനല്ല, കഥാപാത്രമാണ് സംസാരിക്കേണ്ടത്” എന്ന് ഫേക്ക് ഐഡി വഴി ഏതോ ഒരുത്തന് ചുമ്മാ അങ്ങ് പറഞ്ഞുപോയാ മതി. കഥാപാത്രത്തിലൂടെ എഴുത്തുകാരന്റെ ആശയങ്ങളാണ് വിനിമയം ചെയ്യപ്പെടുന്നതെന്ന് അതിനു താഴെ കമന്റിടാൻ അയാളുടെ കൈ തരിച്ചു. പിന്നെ ആത്മബലം വീണ്ടെടുത്ത് സ്കിപ് ചെയ്തു. ഇത്യാദി അഭിപ്രായങ്ങൾ അയാളുടെ കിരീടത്തിനു കോറലേല്പിച്ചു തുടങ്ങിയപ്പോൾ എം.കെ. ഒരു തീരുമാനമെടുത്തു. താൻ ഇനി മിണ്ടുന്നില്ല; കഥാപാത്രം മിണ്ടട്ടെ. അതുകൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി കൈലിയും മടക്കിക്കുത്തി സുരേഷിനേയും ചുറ്റിപ്പറ്റിയുള്ള നടപ്പാണ് ആശാൻ. സുരേഷ്. നോവലിന്റെ ആണിവേര്! കഥാനായകൻ! അരയനാണ് കക്ഷി. ഒരുവട്ടം വിവാഹം കഴിച്ചു. തീരുമാനം തെറ്റായെന്നു തോന്നിയപ്പോൾ വീണ്ടും ഒറ്റയ്ക്കായി. സുരേഷിന്റെ വലയിൽ പെടാത്തൊരു മീൻ കടലിലുണ്ടെങ്കിൽ അത് തിമിംഗലം മാത്രമായിരിക്കും.
അന്ന് ബീച്ച് ഫെസ്റ്റ് നടക്കുകയായിരുന്നു. പാട്ടും ഡാൻസുമായി തുറക്കാരും മറ്റു ദേശക്കാരും ആഘോഷിക്കുകയാണ്. എം.കെ. 21-ാം അധ്യായം തുടങ്ങിയത് അങ്ങനെയാണ്. അവിടെ അയാൾ സുരേഷിനെ തിരക്കി തലങ്ങും വിലങ്ങും നടന്നു. ഗാനമേള നടക്കുന്ന സ്റ്റേജിനു പിന്നിൽ ചെറിയ കശപിശ ഉണ്ടായപ്പോൾ എം.കെ. പ്രതീക്ഷയോടെ അങ്ങോട്ടേക്ക് ഓടി. സുരേഷ് ആ കൂട്ടത്തിൽ ഉണ്ടായില്ല.
സുന്ദരികൾ കൂട്ടമായിരിക്കുന്നതിന്റെ നടുക്ക് അയാൾ അവനെ പ്രതീക്ഷിച്ചു. നിരാശയായിരുന്നു ഫലം. കഥാപാത്രത്തെ കണ്ടുകിട്ടിയാലേ കഥ മുന്നോട്ട് പോവൂ എന്ന് അതിനോടകം തന്നെ അയാൾ ഉറപ്പിച്ചിരുന്നു. സുരേഷിന്റെ വഴി തിരയണം. ഒളിച്ചിരുന്നായാലും അവനു പറയാനുള്ളത് കേൾക്കണം. വിമർശകരുടെ വായടപ്പിക്കണം.
നടന്നുതളർന്ന എം.കെ. ആളൊഴിഞ്ഞ മണൽപരപ്പിൽ ചെന്നിരുന്നു. ഇരുട്ടിൽ കടൽ അയാൾ ശ്രദ്ധിച്ചില്ല. പക്ഷേ, തിരകളെ തൊട്ടുകൊണ്ട് ഒരു നീളൻ മനുഷ്യൻ വിദൂരതയിലേക്ക് നോക്കിനിൽക്കുന്നത് എം.കെ. കണ്ടു. അയാൾ മൂട്ടിലെ മണൽ തട്ടിക്കുടഞ്ഞ് അവിടേയ്ക്ക് പാഞ്ഞു. നീളൻ മനുഷ്യന്റെ അഭിമുഖമായി നിന്നുകൊണ്ട് അടിമുടി ഒന്നു നോക്കി. മാനത്ത് പൊട്ടിവിരിയുന്ന അമിട്ടിന്റെ വെളിച്ചത്തിൽ അയാളുടെ ഉടലും തലയും തെളിഞ്ഞുകണ്ടു. കൂർത്ത താടിയെല്ലുകളെ രോമങ്ങൾ മറച്ചിരിക്കുന്നു. ദൃഢമായ പേശികൾ. നെറ്റിയിൽ നീളൻ ചുളിവുകൾ. താടിക്കാരൻ എം.കെയെ അപരിചിതമായി നോക്കി.
“സുരേഷിനെ ഞാൻ എവിടെയൊക്കെ തിരക്കി എന്ന് അറിയാമോ?”
എം.കെ. കിതച്ചുകൊണ്ട് പറഞ്ഞു.
നീളൻ മനുഷ്യൻ തന്റെ മുന്പിൽനിന്ന് അണയ്ക്കുന്ന കുറിയനായ മനുഷ്യനെ അല്പനേരം നോക്കി.
“നിങ്ങളാരാ?”
ആ ചോദ്യം അയാൾ പ്രതീക്ഷിച്ചിരുന്നു. പുരികം ഉയർത്തി അധികാരഭാവത്തിൽ എം.കെ. പറഞ്ഞു:
“നിന്റെ സ്രഷ്ടാവ്.”
പുരികം കൂർപ്പിച്ച് എതിരെ അടിച്ചു.
“ആര്... എന്റപ്പനോ...?”
“നിന്റെ അപ്പന്റേം അപ്പൻ.”
എം.കെ. വിട്ടുകൊടുത്തില്ല.
“ഹേ മിസ്റ്റർ, ഈ കടലും കാറ്റും, തുറയും തുറക്കാരും, നീയും നിന്റപ്പനും, എന്തിന്, ഈ പറക്കുന്ന കാക്കകള് പോലും എന്റെ മഷിക്കുപ്പി പൊട്ടി ഉണ്ടായതാണ്.”
ഒന്നു നിർത്തി, ഉറപ്പിച്ചു പറഞ്ഞു:
“ഞാനാണ് എം.കെ! ദ റൈറ്റർ.”
സുരേഷിന്റെ തലയ്ക്കു മുകളിൽ ആകാശം പല നിറത്തിൽ പൊട്ടിത്തെറിച്ചു. അവൻ കണ്ണുകൾ കൂർപ്പിച്ച് തന്നെ വെച്ചു. എം.കെ. തുടർന്നു:
“ഞാൻ വന്നതിന്റെ ഉദ്ദേശം വളരെ സിമ്പിളാണ്. എല്ലാവരേം ഒന്നു കണ്ടുകളയാമെന്നു കരുതി. ഇതുപോലൊരു എക്സ്പീരിയൻസ് എനിക്ക് ആദ്യമായാണ്.”
തന്നെ തുറിച്ചുനോക്കിക്കൊണ്ട് നിൽക്കുന്ന സുരേഷിനോട് സൗഹൃദഭാവത്തിൽ എം.കെ. ചോദിച്ചു:
“പറയൂ ജീവിതമൊക്കെ എങ്ങനെ പോകുന്നു?”
ചോദ്യം അപ്പാടെ അവഗണിച്ച് സുരേഷ് തിരിഞ്ഞു നടന്നു. സുരേഷിന്റെ ആ പോക്ക് സ്രഷ്ടാവിനെ അപമാനിതനാക്കി. എം.കെ. പുറകെ ചെന്ന് കുറുകെ നിന്നു.
“നിങ്ങൾ എന്തു പണിയാണ് മിസ്റ്റർ കാണിക്കുന്നത്? നിങ്ങൾക്കെന്ത് പറ്റി?”
സുരേഷ് മിണ്ടിയില്ല. എം.കെ. തുടർന്നു:
“അവിടെ ഒരുകൂട്ടം മനുഷ്യർ പട്ടച്ചാരായം മോന്തുന്നത് നീ കണ്ടില്ലേ? നിന്നെ ഞാൻ അവിടെയാണ് പ്രതീക്ഷിച്ചത്. എത്രയോ സുന്ദരികളായ സ്ത്രീകൾ വട്ടം കൂടിയിരിക്കുന്നു. അതിലൊന്നിനെ വലയിലാക്കി പുറംകടലിൽ പോയി പങ്കായമിറക്കി തുഴയുമെന്ന് വിചാരിച്ചപ്പോൾ അതുമില്ല.”
“തനിക്ക് എന്താ വേണ്ടത്?”
സുരേഷ് അനങ്ങാതെ ചോദിച്ചു.
എം.കെ. കുഴഞ്ഞു. വരവിന്റെ യഥാർത്ഥ ഉദ്ദേശം ഇവനോട് പറഞ്ഞേക്കാം എന്ന് അയാൾക്ക് തോന്നി. ഏതായാലും കണ്ടുകിട്ടിയില്ലേ. മിണ്ടാതിരുന്നാൽ പിടിതന്നില്ലെങ്കിലോ പഹയൻ.
“സത്യം പറഞ്ഞാൽ ഞാനൊരു കുരുക്കിൽപ്പെട്ടിരിക്കുകയാണ്.”
പറഞ്ഞു മുഴുവനാക്കാതെ സുരേഷിന്റെ മുൻപിലേക്ക് കൈനീട്ടിക്കൊണ്ട് എം.കെ. പറഞ്ഞു:
“ഒരു സിഗരറ്റ് തന്നേ...”
തന്റെ അവകാശമാണ് അതെന്ന് എം.കെ. അടിയുറച്ചു വിശ്വസിച്ചു. അതുകൊണ്ട് തന്നെ നീട്ടിയ കയ്യിൽ പത്തെണ്ണുന്നതിനു മുന്നേ പൊരുളെത്തണം.
“സിഗരറ്റില്ല. ബീഡിയാണ് ശീലം.”
“ഞാനത് മറന്നു.”
“ബീഡിയെങ്കിൽ ബീഡി... ഒരെണ്ണം എടുക്ക്.”
ഷർട്ടിന്റെ മടക്കിൽനിന്നും ബീഡിയും തീപ്പെട്ടിയുമെടുത്ത് എം.കെയ്ക്ക് നീട്ടി. കത്തിച്ച് ഒരു പുകയെടുത്ത പാടെ എം.കെ. പറഞ്ഞു:
“സിഗരറ്റ് പോലെയല്ല ഈ സാധനം. ഇതു വലിക്കാൻ ഒരു എക്സ്പെർട്ടി വേണം. നല്ല വലിക്കാരന്റെ ചുണ്ടത്തിരിക്കുന്ന ബീഡി പാതിവെച്ച് കെട്ടുപോവില്ല.”
അടുത്ത പുകയെടുത്ത് എം.കെ. കൂട്ടിച്ചേർത്തു;
“സുരേഷ് നല്ല വലിക്കാരനാണോ?”
“തനിക്കറിയില്ലേ?”
എം.കെ. ചുമച്ചു. ബീഡി കെട്ടു.
വീണ്ടും കത്തിച്ച് എം.കെ. തുടർന്നു:
“ഞാൻ പറഞ്ഞുവന്നത് എന്റെ നോവലിനെപ്പറ്റിയാണ്. എന്നുവെച്ചാൽ നിങ്ങളുടെ ആവാസവ്യൂഹത്തിന്റെ കാര്യം തന്നെ. എനിക്ക് എഴുതി അടിവരയിടാൻ അറിയാൻ പാടില്ലാഞ്ഞിട്ടല്ല. പക്ഷേ, ഇത്തവണ ഒരു മാറ്റം കൊണ്ടുവരാമെന്നു വിചാരിച്ചു. സുരേഷാണ് ഇനി നോവൽ മുൻപോട്ട് കൊണ്ടുപോകേണ്ടത്. പേടിക്കണ്ട. വെട്ടം തെളിക്കുന്നത് ഞാനായിരിക്കും. അങ്ങനെ നമുക്ക് ഒരുമിച്ച് ഒരേ വഴിയേ നടന്ന് ഈ നോവൽ പൂർത്തിയാക്കാം. സിമ്പിൾ.”
എം.കെ. ചിരിതൂകി. സുരേഷ് തൂകിയില്ല.
“സുരേഷ് നടന്നോളൂ. ഞാൻ കൂടെയുണ്ട്.”
അവർ നടന്നു.
“തുറയിൽ ഒരു പ്രോഗ്രാമൊക്കെ നടക്കുകയല്ലേ... സുരേഷിന് നല്ലൊരു കുപ്പായം ഇട്ടൂടാർന്നോ?”
“ഞാൻ ജിപ്സിയല്ലേ?”
ഒരു പരിഹാസച്ചിരിയോടെ സുരേഷ് പറഞ്ഞു.
എം.കെ. ചിരിച്ചുകൊണ്ട് ചോദിച്ചു:
“ജിപ്സിയോ...? എവിടുന്നു കിട്ടി ഈ വാക്കൊക്കെ...?”
നേരിയ അതിശയം എം.കെയുടെ ചോദ്യത്തിൽ തെളിഞ്ഞു.
അതിനെ അപ്പാടെ നിരസിച്ചുകൊണ്ട് സുരേഷ് പറഞ്ഞു:
“എനിക്കൊന്നു മയങ്ങണം.”
“എന്നാ വാ... നമുക്കു കുടിയിലേക്ക് നടക്കാം...”
“വേണ്ട ഇവിടെ കിടന്നാ മതി.”
സുരേഷ് മണലിൽനിന്നു.
എം.കെ. ചുറ്റിലും നോക്കി.
“ഏത് ഈ പൂഴിയിലോ?”
“അതെ... എനിക്ക് ഇതാണിഷ്ടം.”
ആ മറുപടി എം.കെയെ പ്രകോപിതനാക്കി.
“അത് തീരുമാനിക്കുന്നത് നീയാണോ?”
സുരേഷ് മണലിൽ കിടന്നു. എം.കെ. അരികിൽത്തന്നെ നിന്നു. സുരേഷ് അയാളെ ഗൗനിച്ചില്ല. എം.കെ. നാലുപാടും നോക്കി. ആളുകൾ ദൂരെയാണ്. പാട്ടിന്റേയും അമിട്ടിന്റേയും ശബ്ദം ഒരു മൂളൽപോലെ കേൾക്കാം.
എം.കെ. സുരേഷിന്റെ അരികിലായി മലർന്നുകിടന്നു. കണ്ണ് ചിമ്മാതെ ആകാശം നോക്കിക്കിടക്കുന്ന സുരേഷിനെ കണ്ടപ്പോൾ എം.കെ. അരയിൽനിന്നും ഒരു പോക്കറ്റ് ഡയറി എടുത്ത് കുറിച്ചു: “ഒരു സമുദ്രം കണക്കെ പരന്നുകിടക്കുന്ന നീലാകാശത്തിലെ പൂമീനുകളെ എണ്ണിക്കൊണ്ട് സുരേഷ് ഉറക്കത്തെ തന്നോടടുപ്പിച്ചു. അത്രമേൽ പ്രണയം ഹൃദയത്തിൽ സൂക്ഷിച്ച ഒരു മനുഷ്യനു മാത്രമേ ആകാശത്തിൽ അവന്റെ പാതിയെ കാണാൻ കഴിയൂ...
വിണ്ണിൽ അവൻ അവളുടെ മുഖം തിരയുകയായിരിക്കാം. ഏറ്റവും പ്രിയപ്പെട്ടവളെ സ്വപ്നത്തിലെന്നോണം ആശ്ലേഷിക്കാൻ അവൻ കണ്ണുകൾ മുറുക്കിയടച്ചു. പ്രണയം ചിലപ്പോൾ അങ്ങനെയാണ്. ഉറക്കത്തിലും ഉണർന്നിരിക്കും...”
തിരിഞ്ഞുനോക്കിയപ്പോൾ സുരേഷ് എം.കെയെ തുറിച്ചു നോക്കുകയാണ്.
“ഉറങ്ങിക്കോളൂ... നാളെയാണ് ശനിയാഴ്ച. ടൗണിൽ പോവേണ്ടതല്ലേ?”
ഒരു വഷളൻ ചിരിയോടെ പറഞ്ഞു: “അവിടെ കാത്തിരിക്കാൻ ആളുണ്ടല്ലോ...”
കണ്ണു തുറക്കുമ്പോൾ എം.കെ. കാണുന്നത് കടലിൽ മുങ്ങിക്കുളിച്ച് കയറിവരുന്ന സുരേഷിനെയാണ്. ഷർട്ട് പിഴിഞ്ഞ് മുണ്ട് കുടഞ്ഞ് സുരേഷ് നടന്നുവരുന്നു. പക്ഷേ, എം.കെയുടെ കണ്ണുകൾ കൂർത്ത് കറുത്തിരുന്നു. കടലിലേക്ക് നോക്കി അയാൾ അന്തംവിട്ടിരിക്കുകയാണ്. കടലിനു കാക്കയുടെ നിറം! സുരേഷ് അടുത്തു വന്നപ്പോൾ എം.കെ. എഴുന്നേറ്റു. കറുത്തു മറിയുന്ന കടലിനെ ചൂണ്ടി എം.കെ, ചോദിച്ചു:
“ഇതെങ്ങനെ സംഭവിച്ചു?”
സുരേഷ് ചിരിച്ചു.
“കടലിൽ കുളിച്ച് ശീലമുണ്ടെങ്കിൽ ചെല്ലൂ... ഇല്ലെങ്കിൽ എന്റെ വീട്ടിലേക്ക് പോകാം.”
സുരേഷ് നടന്നു. എം.കെ. അന്ധാളിപ്പോടെ സുരേഷിനെ പിടിച്ചുനിർത്തി.
“ഇത് എന്തുപറ്റിയതാണെന്നു പറയൂ... ഇങ്ങനെ ഒരു കാഴ്ച ഞാൻ കണ്ടിട്ടില്ല. ആകമാനം കറുത്ത കടൽ!”
സുരേഷ് സൗമ്യനായി പറഞ്ഞു:
“വാനം പിളർന്നുവന്ന കൊള്ളിയാൻ കടലിനെ കത്തിച്ചു എന്നും തീക്കടൽ ഇളകിമറിഞ്ഞു എന്നും ലാവ കണക്കെ തിരമാലകൾ തീരത്തെ ഉഷ്ണമാക്കി എന്നും നിങ്ങളല്ലേ എഴുതിയത്?”
എം.കെ. ഒരു നിമിഷം സ്തബ്ധനായി.
സുരേഷ് കൂട്ടിച്ചേർത്തു:
“അതിന്റെ ബാക്കിയാണീ കറുത്ത കടൽ. കെട്ട കനല് പോലെ ചാരമാവാത്ത കടൽ...”
“എടാ, അത് ഞാൻ നിന്റെ മനസ്സിനെപ്പറ്റി വർണിച്ചതാണ്. കലുഷമായ ചിന്തകളെ ഉപമിച്ചതാണ്.”
സുരേഷ് ഒച്ചയുണ്ടാക്കി ചിരിച്ചു.
“എന്നാലേ... താൻ ഉപമിച്ച കൊള്ളിയാൻ വന്നു പതിച്ചത് പുറംകടലിലാണ്.”
സുരേഷ് നടന്നു. എം.കെ. കൂടെ നടന്നു. എം.കെയുടെ നടത്തം പിന്നീട് പതുക്കെയായി. നടത്തത്തിനിടയിൽ കടപുഴകി വീണ ഭീമൻ ആൽമരത്തിനു മുന്നിൽ എം.കെ. നിന്നു. ഇതെന്ത് പറ്റിയതാണെന്നറിയാൻ എഴുത്തുകാരന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, മിണ്ടിയില്ല. എം.കെയുടെ മുഖം കണ്ട് സുരേഷിനു ചിരിയടക്കാനായില്ല.
“പേമാരിയിലും കൊടുങ്കാറ്റിലും കല്ലുപോലെ നിന്ന പടുവൃക്ഷം, തന്റെ ചില്ലയിൽ കൂടുകൂട്ടിയ കിളി പറന്നകന്നു പോയപ്പോൾ അതിന്റെ ചിറകിന്റെ കാറ്റടിച്ചു നിലംപൊത്തി.”
പരിഹാസച്ചിരിയോടെ സുരേഷ് ബാക്കി പറഞ്ഞു: “ആ പൊത്തലാണ് ഈ കിടക്കുന്നത്...”
എം.കെ. വിശദീകരിക്കാൻ തുടങ്ങിയപ്പോഴേയ്ക്കും സുരേഷ് പറഞ്ഞു:
“എനിക്കറിയാം. കലുഷമായ മനസ്സിന്റെ വർണനകൾ അല്ലേ? സ്രഷ്ടാവിന്റെ പാരിതോഷികങ്ങൾ ഇനിയുമുണ്ട് ഈ കരയിൽ. നടന്നു കാണാനാണെങ്കിൽ ഒരു ദിവസം പോരാതെ വരും.”
ആരെങ്കിലും കേൾക്കുന്നുണ്ടോ എന്ന് എം.കെ. ചുറ്റുപാടും നോക്കി. ആരുമില്ല. ഭാഗ്യം. നല്ല വായനക്കാർ തനിക്കൊപ്പമുണ്ട്. അവരുടെ സഹൃദയത്വം കേവലമൊരു അരയനിൽ പ്രതീക്ഷിക്കരുത്. താഴ്ന്നുപോയ തല എം.കെ. ശ്രമപ്പെട്ട് ഉയർത്തി. ചൂടൻ മണൽപരപ്പിലൂടെ അവർ നേരെ നീങ്ങി. കരയ്ക്കടുക്കുന്ന ബോട്ടിൽനിന്നും മീനെടുക്കാൻ ഓടുന്ന ചേച്ചിമാരിൽ ഒരാൾ സുരേഷിനെ കണ്ടപാടെ ഓട്ടം നിർത്തി കളിയാക്കി ചോദിച്ചു:
“എട സോർബേ... കുളിച്ചു സുന്ദരനായി വള്ളക്കാരിയെ കാണാൻ പോവായിരിക്കും?”
സുരേഷ് കേട്ടതായി ഭാവിച്ചില്ല. പക്ഷേ, എഴുത്തുകാരന് അതിനു പറ്റില്ലല്ലോ.
“വള്ളക്കാരിയെ എനിക്ക് മനസ്സിലായി. പക്ഷേ, ‘സോർബ?’ നിന്നെ എന്താ അങ്ങനെ വിളിച്ചത്?”
സുരേഷ് നടത്തം നിർത്തി. എം.കെയും നിന്നു. കണ്ണു തുറക്കാൻ പറ്റാത്ത വെയിലിലും സുരേഷിന്റെ കണ്ണിലെ കുഞ്ഞുമണികൾ എം.കെ. ശ്രദ്ധിച്ചു. അത് അയാളെ പച്ചത്തെറി വിളിക്കുന്നപോലെ എം.കെയ്ക്ക് തോന്നി.
“ഞാനൊരു അരയനല്ലേ?”
“അതിലെന്താ സംശയം?”
“എന്നിട്ടെന്താ എന്റെ ഭാഷ ഇങ്ങനെ?”
“അരയനായതുകൊണ്ട് അമരത്തിലെ മമ്മൂട്ടിയെപ്പോലെ സംസാരിക്കണമെന്നുണ്ടോ?”
“ഞാൻ ടൗണിൽ പോകുമ്പോൾ ശ്രദ്ധിക്കാറുണ്ട്. അവിടുത്തെ ആളുകളുടേയും എന്റേയും സംസാരം ഒരുപോലെ.”
“നീ എന്നെ ചോദ്യം ചെയ്യാൻ മാത്രം വളർന്നോ? നീ നല്ല മലയാളമാണ് സംസാരിക്കുന്നത്. നീ പ്രകൃതിയെ അറിഞ്ഞവനാണ്. എത്ര ആളുകളാണ് നിന്നെ സ്നേഹിക്കുന്നത്. ഇതെല്ലാം ആര് കാരണമാണ്?”
ചായക്കടയുടെ ടാർപ്പായ ഷീറ്റിനു കീഴെ അല്പം തണലു കണ്ടു. സുരേഷ് അങ്ങോട്ടേയ്ക്ക് നീങ്ങി. എം.കെയും കൂടെ പോയി.
“അതവിടെ നിക്കട്ടെ. ഈ സോർബ എവിടന്ന് വന്നു? ആ പെണ്ണ് നിന്നെ അങ്ങനെ വിളിക്കാനുള്ള കാരണമെന്താ?”
സുരേഷിന്റെ ചുണ്ടിലൊരു ചൂട്ടു കത്തി. പുക മൂടിയ ഭൂതകാലത്തിലേയ്ക്ക് അല്പം വെട്ടം തെളിച്ചു.
“കുറച്ചു കൊല്ലം മുന്പ് ഒരു സംഭവം നടന്നിരുന്നു. അതീ തുറക്കാരാരും മറക്കില്ല. ഞങ്ങൾ ഒരഞ്ചെട്ട് പേര് പുറംകടലിൽ പെട്ടുപോയ ഒരു സംഭവം! ബോട്ടെടുക്കുമ്പോൾ മഴക്കോളുണ്ടായിരുന്നില്ല. പിന്നെ പതിയെ കടല് പോലെ ആകാശവും കറുക്കാൻ തുടങ്ങി. മഴ പെയ്തു. കുത്തിത്തറയ്ക്കുന്ന മഴ! ബോട്ട് എങ്ങോട്ടെന്നില്ലാതെ പാളിപ്പോയി. മലപോലുള്ള തിര വന്നടിച്ച് ഭക്ഷണവും വെള്ളവും ഒക്കെ ഒലിച്ചുപോയി. വീട്ടിലിരിക്കുന്നവരുടെ പ്രാർത്ഥനകൊണ്ട് ആളിന്റെ എണ്ണത്തിൽ കുറവ് വന്നില്ല. കടല് ശരിക്കുമൊരു പ്രേതംപോലെയായിരുന്നു...
അന്നു പ്രാണനുവേണ്ടി നിലവിളിച്ച കൂട്ടരുടെ ഇടയിൽ ഒരാൾ മാത്രം ഉറക്കെ ചിരിച്ചുകൊണ്ട് നൃത്തം ചെയ്യാൻ തുടങ്ങി. ഭയന്നുവിറച്ച കണ്ണുകളിലേക്ക് നോക്കി അയാൾ ഇങ്ങനെ പറഞ്ഞു:
“ഈ നിമിഷത്തിൽ എന്തിനാണ് ഭയം? ജീവിതമാണ് ദുഷ്കരം. മരണം എളുപ്പമാണ്. പ്രകൃതി കൊണ്ടുവന്നു; പ്രകൃതിയിലേക്കു തന്നെ തിരിച്ചുപോകുന്നു. ഏതായാലും ഒരു ദിവസം ഇതു സംഭവിക്കും. കടലിന്റെ മക്കൾ അമ്മയുടെ ഗർഭപാത്രത്തിലേക്കു തന്നെ മടങ്ങിപ്പോകുന്നു എന്നു വിചാരിച്ചാൽ മതി. ഓരോ നിമിഷവും ആഘോഷിക്കാനുള്ളതാണ്. ഒരു ഭയത്തിനും അതിനെ ഇല്ലാതാക്കാൻ നിന്നുകൊടുക്കരുത്. മരണഭയത്തിനുപോലും.”
സുരേഷിന്റെ ചുണ്ടിൽ ബീഡി കെടാതെ നിന്നു.
“ഓർമയുണ്ടോ ബോസ് ഞാൻ ഈ പറഞ്ഞത്?”
എം.കെ. തലയാട്ടി. സുരേഷ് തുടർന്നു:
“ഒരു കപ്പൽ വന്നു ഞങ്ങളെ കരയിലെത്തിച്ചു. നേരത്തെ പറഞ്ഞ പ്രാർത്ഥനയുടെ ഫലമായിരിക്കും. എന്റെ സ്വഭാവത്തിൽ എനിക്കുതന്നെ പെശക് തോന്നിയപ്പോൾ കരയിൽ അത്യാവശ്യം ബോധമുണ്ടെന്നു ഞാൻ വിശ്വസിക്കുന്ന ദിവാകരേട്ടന്റെ അടുത്തേയ്ക്ക് പോയി.”
“ദിവാകരേട്ടനോ? അതാരാ?”
എം.കെ. ഇടയ്ക്ക് കയറി.
“ഞാൻ തന്നെ മുൻകയ്യെടുത്ത് ഒരു ലൈബ്രറി പണിയിച്ചത് ഓർമയുണ്ടോ? ഒരു കപ്പലുണ്ടാക്കുന്ന അദ്ധ്വാനമായിരുന്നു അതിന്. അതിന്റെ കാവലാളാണ് ദിവാകരേട്ടൻ.”
എം.കെ. ആലോചിച്ചുകൊണ്ട് പറഞ്ഞു:
“അയാളുടെ പേര് ദിവാകരൻ എന്നായിരുന്നോ? എനിക്കോർമയില്ല. അതിന് അയാളങ്ങനെ എവിടേയും പ്രത്യക്ഷപ്പെടുന്ന ആളൊന്നുമല്ലല്ലോ. ഒരു വഴിപോക്കൻ.”
“അതു നിങ്ങൾക്ക്. എനിക്ക് ഈ പേര് വരാൻ കാരണം അയാളാണ്.” സുരേഷ് തുടർന്നു:
“ഒരു ദിവസം ദിവാകരനേയും കൂട്ടി വള്ളത്തിൽ പോയി. രാത്രിയായിട്ടില്ല. പുറംകടലിൽ സംഭവിച്ചത് അപ്പോഴേക്കും തുറയിൽ പാട്ടായിരുന്നു. എന്റെ കഥകളുടെ വല ഓരോന്നായി ഞാൻ അഴിച്ചു. അതു പിന്നെ ടൗണിലെ വള്ളക്കാരിയിൽ കുരുങ്ങിനിന്നു. ഫ്രെഞ്ച് പൗരത്വമുള്ള മലയാളിപ്പെണ്ണ്. വള്ളക്കാർക്കു മാത്രം തുറന്നുകൊടുക്കുന്ന ഒരു ഹോട്ടലിന്റെ നടത്തിപ്പുകാരി. കിലുക്കവും കുലുക്കവും ഉണ്ട് അവളുടെ നടപ്പിന്. കിലുക്കം പക്ഷേ, കാലിലല്ല, അരയിലാണെന്നു മാത്രം. എന്റെ വരവോടെ അരയിലെ താക്കോൽകൂട്ടം എനിക്കുവേണ്ടി മാത്രമേ പിന്നീട് മുറി തുറന്നിട്ടുള്ളൂ. അവളെ കെട്ടിപ്പിടിക്കുമ്പോൾ ചിതമ്പലടർന്നു വീഴുന്നപോലെ എനിക്ക് തോന്നിയിട്ടുണ്ട്. ഒന്നുകഴിഞ്ഞ് അടുത്ത ഊഴത്തിനുവേണ്ടി കാത്തുകിടക്കുമ്പോൾ അവൾ ഭൂതകാലത്തിന്റെ കെട്ടഴിക്കും. പല അരയന്മാരെ പറ്റിയും എന്നോട് സംസാരിക്കാറുണ്ട്. അവരുടെ വീരകഥകൾ സ്മരിക്കാറുണ്ട്. ഞാൻ അവരെക്കാൾ മിടുക്കനാണെന്ന് അവളുടെ വായിൽനിന്നും കേൾക്കാൻ എനിക്ക് എപ്പോഴും ഇഷ്ടമാണ്. ഹോട്ടലിന്റെ ടെറസിൽ ഞങ്ങൾ കോഴി ചുടും, വാറ്റ് കുടിക്കും, നൃത്തം ചെയ്യും. പിന്നെ കെട്ടിമറിഞ്ഞ് നഗ്നരായി പുതച്ചുറങ്ങും. അവളെ വള്ളക്കാരി എന്നാണ് നാട്ടുകാർ വിളിച്ചിരുന്നത്. പക്ഷേ, അവളെന്റെ പൂമീനായിരുന്നു. അത് രുചിക്കാൻ മാത്രമേ ഞാൻ ഇഷ്ടപ്പെട്ടിരുന്നുള്ളൂ. പൂമീന്റെ കഥ കേട്ടപാടെ ദിവാകരേട്ടന്റെ ചുണ്ടിൽ ഞാനൊരു ചിരി കണ്ടു; ഒരു കള്ളച്ചിരി. അയാളെന്നെ വിളിച്ചു ‘സോർബ.’ അങ്ങനെ പുറംകടലിൽ വെച്ച് ചാർത്തിക്കിട്ടിയ പേരാണ് ‘സോർബ സുരേഷ്.’ ദിവാകരേട്ടൻ എന്റെ ലൈബ്രറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നെ സമയം കിട്ടിയപ്പോഴൊക്കെ ഞാൻ ദിവാകരേട്ടനോടൊപ്പം അവിടെ കൂടി. സ്വത്വം നഷ്ടപ്പെടുന്നതിനേക്കാൾ വലിയ വേദനയുണ്ടോ ബോസ്?”
സുരേഷ് എം.കെയോട് ചോദിച്ചു.
എം.കെയുടെ കണ്ണുകൾ ചുവപ്പുനിറത്തിലായി. കാലിനടിയിൽനിന്നു മണ്ണൊലിച്ച് കടലിൽ ചേർന്നു. അയാൾ തണലിൽനിന്നുരുകി.
ഒരു സൈക്കിൾ വന്ന് ബെല്ലടിച്ചപ്പോൾ എം.കെ. ഞെട്ടി!
സുമുഖനായ ചെറുപ്പക്കാരൻ മുന്നിൽ നില്ക്കുന്നു. സൈക്കിൾ റിമ്മിൽ നിറയെ മണിമുത്തുകൾ കോർത്തുകിടക്കുന്നു.
“തോമാസിന്റെ ലീവൊക്കെ തീർന്നോടാ...?”
സുരേഷ് അവനോട് ചോദിച്ചു.
“അതു പറയാനാ ഞാൻ വന്നത്. എടാ സോർബേ, ഡെയ്സി ഇന്ന് വീട്ടിലൊറ്റയ്ക്കാ... അവൾക്കൊരു പൂതി. നിലാവത്ത് കടലീ പോണമെന്ന്. ബോട്ട് തരിയച്ചന്റേന്ന് ഞാൻ സെറ്റാക്കീട്ട്ണ്ട്. നീ ഒന്നു വരണം.”
“അതിന് ഇന്നു നിലാവുദിച്ചില്ലെങ്കിലോ?”
സുരേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു:
“ഡെയ്സി ചിരിച്ചാൽ നിലാവ് പരക്കുമല്ലോ അല്ലേ?”
ചെറുപ്പക്കാരൻ നാണിച്ചു.
“നിലാവത്ത് കടല് കാണാൻ ഇത്രേം റിസ്കെടുക്കണോ ഗാറ്റ്സ്ബി?”
ചെറുപ്പക്കാരൻ സുരേഷിന്റെ കയ്യിൽ പിടിച്ചു മാറ്റിനിർത്തി ചെവിയിൽ പറഞ്ഞു:
“ഒരു ജാതി പൂതികളാ പെണ്ണിന്... നട്ടപ്പാതിരായ്ക്ക് കടലില് ഡോൾഫിന്റെ ഡിങ്കോൾഫി കാണണംന്ന്...”
ചെറുപ്പക്കാരനും സുരേഷും മാറിനിന്നു ചിരിക്കുന്നതു കണ്ട് എം.കെ. അങ്ങോട്ടേയ്ക്ക് ചെവി കൂർപ്പിച്ചു.
“നോക്കട്ടെ ഗാറ്റ്സ്ബി... ഞാൻ ഉറപ്പു പറയുന്നില്ല...”
സുരേഷ് ചെറുപ്പക്കാരന്റെ തോളിൽ തട്ടി.
സൈക്കിൾ കടന്നുപോയതും സുരേഷ് എം.കെയുടെ മുഖത്തെ വിറയൽ കണ്ടു.
“അതൊരു വള്ളി കേസാ...”
അവൻ പോയതിനു പിന്നാലെ സുരേഷ് പറഞ്ഞു:
“ഡെയ്സിയുടെ കാമുകൻ മുത്തുവല്ലേ അത്?”
എം.കെ. പരുങ്ങി. “അത് തന്നെ. ഡെയ്സിയുടെ കെട്ടിയോൻ തോമസ് ലീവ് കഴിഞ്ഞ് പോയിട്ടുണ്ടാവും. ഇവനിപ്പോഴും പഴേ പെണ്ണിനെ അതേ പവിത്രതയോടെ പ്രേമിക്കുകയാണ്. ഭാഗ്യവാൻ. ഇവനും ഇവന്റെ സൈക്കിളിനും ഒരു കുഴപ്പണ്ട്. ബെല്ലും ബ്രേക്കും ഇല്ല. ചുറ്റും നടക്കുന്നത് കാണാൻ പറ്റില്ല. ഒരു സ്വപ്നത്തിലെന്നോണം ജിവിക്കാ...” സൈക്കിൾ പോയ വഴിയേ നോക്കി സുരേഷ് പറഞ്ഞു:
“ഞാൻ ഈ നിമിഷത്തിലും അവൻ ഏതോ നിമിഷത്തിലും. എന്റെ കഴിഞ്ഞാൽ പിന്നെ കരയിലെ സ്റ്റൈലൻ പേര് അവന്റെയാ. ‘ഗാറ്റ്സ്ബി മുത്തു.’ അവന്റെ പോക്ക് എങ്ങോട്ടാണെന്ന് സ്രഷ്ടാവിന് എന്തെങ്കിലും ഐഡിയ ഉണ്ടോ?”
പെട്ടിയിലടിക്കാനുള്ള ആണിയുമായി സോർബയ്ക്കു പിന്നാലെ ഗാറ്റ്സ്ബി വന്നപ്പോൾ എഴുത്തുകാരന് നിൽക്കക്കള്ളിയില്ലാതായി. എം.കെ. പല്ലിറുമ്മിക്കൊണ്ട് വേഗത്തിൽ നടന്നു. സുരേഷ് പുറകിൽനിന്നും ഉറക്കെ വിളിച്ച് പറഞ്ഞു:
“പോവാണോ...? നിന്നാൽ വേറെ കുറച്ചുപേരെ കൂടെ ഞാൻ പരിചയപ്പെടുത്തി തരാം. നൈജാമാലി കുമാരൻ, സാംസ ഗോപാലൻ, സിസിലി പ്ലാത്ത്... എല്ലാവരും ക്യൂവിലുണ്ട്...”
എഴുത്തുകാരന്റെ നടത്തം കണ്ട് ചായക്കടക്കാരൻ ചോദിച്ചു:
“ആരാ സോർബേ അത്?”
സുരേഷ്, എം.കെ. പോയ വഴിയേ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു:
“നിർഗുണനായ ഒരു സ്രഷ്ടാവ്...”
സുരേഷിന്റെ കുടിലിൽ റാന്തൽ എരിഞ്ഞു. ഓലമേഞ്ഞ വീടിന്റെ ചുമരിൽ പുണ്യാളന്റെ പടം തൂക്കിയിട്ടുണ്ട്. അതിനു മുൻപിൽ ഒരു സ്റ്റീൽഗ്ലാസിൽ അല്പം വാറ്റ് വീതം വെച്ചിരിക്കുന്നു. ബാക്കി വാറ്റ് മേശയിലിരിക്കുന്നു. മേശയ്ക്കിരുവശത്തുമായി എഴുത്തുകാരനും കഥാപാത്രവും മുഖാമുഖമിരുന്ന് വാറ്റ് മോന്തുന്നു. അടുപ്പത്ത് കാളഞ്ചി തിളച്ചുമറിയുന്നുണ്ട്. രാത്രിയുടെ തണുപ്പിനെ വാറ്റിന്റെ ചൂട് ശമിപ്പിച്ചു.
“എനിക്കിനി ഏതാനും ദിവസങ്ങളേ ബാക്കിയുള്ളൂ. അതിനകം ഈ നോവലൊന്ന് തീർപ്പാക്കണം.” ഒരു ചാളത്തല അകത്താക്കി എം.കെ. തുടർന്നു:
“ഞാനറിഞ്ഞതും അറിയാത്തതുമായ ജീവിതം നിനക്കുണ്ടെന്ന് എനിക്കു മനസ്സിലായി. അത് അവസാനിപ്പിക്കണം. എന്നിട്ട് ഈ കുത്തഴിഞ്ഞ ജീവിതത്തിന് ഒരു അന്ത്യമുണ്ടാക്കണം. നീ നായകനാവണം. എന്താ വേണ്ടേന്നു ഞാൻ പറയാം.
“അടുത്ത ഗ്ലാസ് നിറച്ചുകൊണ്ട് സുരേഷ് എം.കെയെ നോക്കി. എം.കെ. അതു വാങ്ങി മോന്തിക്കൊണ്ട് ബാക്കി പറഞ്ഞു:
“നിയാ ഹോട്ടലുകാരിയെ കെട്ടണം. അവള് നിന്റെ പൂമീനല്ലേ... എന്നിട്ടവളെ തുറയിലേക്ക് കൊണ്ടുവരണം. മാത്രമല്ല, അപ്പോഴേക്കും എന്തേലും കാരണം എഴുതിപ്പിടിച്ച് പട്ടിണി വരുത്തി കുറെയെണ്ണത്തിനെ ഞാൻ തട്ടിക്കോളാം... ആ സമയത്ത് കടലിൽ പോയി നീയൊരു സാഹസം കാണിക്കണം. നിന്റെ വലയിൽ കുരുങ്ങാത്ത മീനിനെ നീ കരയിലെത്തിക്കണം...”
സുരേഷ് അനങ്ങാതെ ഇരിക്കുന്നതു കണ്ട് എഴുത്തുകാരൻ തുടർന്നു:
“അതെ. തിമീംഗലം തന്നെ! അതിനെ കെട്ടി വലിക്കാൻ നിന്റെ കൈകൾക്ക് പാങ്കുണ്ട്. കരയിൽ നിന്നെ കാത്തിരിക്കുന്ന വള്ളക്കാരിയെ വെച്ച് ഒരു ചാപ്റ്റർ തട്ടിവിടാം... ഒടുവിൽ, കരക്കടിഞ്ഞ തിമിംഗലത്തിന്റെ തലയറുത്ത് കറിവെച്ച് നീയീ തുറക്കാരെ ഊട്ടണം... അപ്പോൾ, കഥാന്ത്യത്തിൽ നാടിന്റെ പട്ടിണി മാറ്റിയ നീ ലക്ഷ്യബോധമില്ലാത്ത യുവാവിൽനിന്നും വീരനായകനായി പരിണമിക്കും. ശുഭം!”
കണ്ണുകൾ ഇറുക്കിയടച്ച് കൈകൾ വായുവിലുയർത്തി എഴുത്തുകാരൻ തന്റെ സർഗാത്മകതയിൽ ആത്മരതി കൊണ്ടു.
ആ സുഖത്തെ മുറിച്ചുകൊണ്ട് സുരേഷ് ഇടയിൽ കയറി:
“ഇങ്ങനെ പോയാൽ എന്റെ പേരിനു പിന്നെയും നീളം വെയ്ക്കുമല്ലോ? അതവിടെ നിൽക്കട്ടെ... തന്നെ എന്നെങ്കിലും കയ്യിൽ കിട്ടിയാൽ ചോദിക്കണമെന്ന് വിചാരിച്ച ഒരു കാര്യമുണ്ട്...”
എന്താണ് എന്ന മട്ടിൽ എം.കെ. മൂളി. വാറ്റ് അയാളുടെ കണ്ണിലും തലയിലും കനം ഉണ്ടാക്കി തുടങ്ങിയിരുന്നു.
“എവിടെടോ എന്റെ സലോമി?”
“സിലോണിയോ? അതാര്?”
എം.കെ. അവജ്ഞയോടെ ചോദിച്ചു.
“സലോമി. എന്റെ പെണ്ണ്.”
“നീ കെട്ടിയത് വിക്ടോറിയയെ അല്ലേ?”
“അത് നിങ്ങളെന്റെ തലേല് കെട്ടിവെച്ച, എന്റെ ഭാര്യയായിരുന്ന പെണ്ണ്. അവൾക്കു മുൻപേ എന്റെ ജീവിതത്തിൽ മറ്റൊരുത്തി ഉണ്ടായിരുന്നു. ശംഖ് കാതിൽ വെച്ച് കടലിന്റെ വിളി കേൾപ്പിച്ചു തന്ന പെണ്ണ്. അവളെവിടെ?”
“അവൾ നായികപോലുമല്ല. നിന്റെ ജീവിതത്തിൽ വന്നു പോയിട്ടുള്ള 100 പെണ്ണുങ്ങളിൽ ഒരുത്തി.”
സുരേഷിന്റെ മൂക്ക് ചുവന്നുതുടങ്ങി.
“ഞാനൊരു ദിവസം കടലിൽ പോയി തിരിച്ചുവന്നപ്പോൾ അവൾ ഇവിടെയില്ല. പകരം വിക്ടോറിയ എന്നു പറയുന്ന ഒരു സാധനത്തിനെ താനെന്റെ തലയിൽ കെട്ടിവച്ചു. എനിക്ക് അവളെ എങ്ങനെ സ്നേഹിക്കാൻ പറ്റും?”
“നിന്നെപ്പോലെ ഒരു കടൽക്കാറ്റിനെ പിടിച്ചുവയ്ക്കാൻ ശ്രമിച്ചതാണ് വിക്ടോറിയ ചെയ്ത തെറ്റ്. അതുകൊണ്ടാണ് നിങ്ങൾ പിരിഞ്ഞത്.”
“സലോമിയെ അല്ലാതെ മറ്റൊരേയും എനിക്ക് സ്നേഹിക്കാൻ പറ്റിയിട്ടില്ല. അതാണ് എല്ലാത്തിനും കാരണം.”
“എഴുതാപ്പുറം വായിക്കല്ലേ എന്റെ പൊന്ന് കൂട്ടുകാരാ... കഴിഞ്ഞത് കഴിഞ്ഞു.”
ഗ്ലാസ് മാറ്റിവെച്ച് കുപ്പിയിൽനിന്നും മോന്തിക്കുടിച്ച് സുരേഷ് കയർത്തു.
“സലോമിയെ ഞാൻ അന്വേഷിക്കാത്ത സ്ഥലമില്ല. കടലിലും കരയിലും തപ്പി. ആകാശത്തുനോക്കി എത്ര രാത്രി ഞാൻ വാവിട്ടു കരഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. തനിക്കറിയോടോ? ഞാൻ ബോട്ടിൽ കയറാൻ നിൽക്കുമ്പോൾ ഒരു കുഞ്ഞ് ശംഖ് അവളെന്റെ കയ്യിൽ വെച്ച് തന്നിരുന്നു. അന്നവളെന്റെ ചെവിയിൽ പറഞ്ഞത് തിരപോലെ വന്ന് ദാ ഈ നെഞ്ചിലടിക്കാണ്. തിരിച്ച് വന്നട്ട് അവളെ കെട്ടണമെന്നാ അവള് പറഞ്ഞത്.”
ഇതും പറഞ്ഞ് അരയിൽനിന്നും ഒരു കുഞ്ഞു ശംഖ് എടുത്ത് മേശയിലേക്ക് എറിഞ്ഞു. ചാളക്കൂട്ടാനിൽ മുക്കിയ കൈകൊണ്ട് എം.കെ. അതെടുത്ത് തിരിച്ചും മറിച്ചും നോക്കി. എന്നിട്ട് കസേരയിൽ മുറുക്കെ പിടിച്ചെഴുന്നേറ്റു. അയാളുടെ കാലുകൾ നിലയുറയ്ക്കാൻ കഷ്ടപ്പെട്ടു. പതുക്കെ വേച്ചുവേച്ച് വാതിൽക്കലെത്തി. ഊരിപ്പോയ കൈലി കട്ടിലിലേക്ക് മാറ്റിയിട്ട് ഇത്തിരി നേരം അയാൾ കറുത്ത കടലിലേക്ക് നോക്കിനിന്നു. പിന്നെ, സുരേഷിനെ നോക്കി ചിരിച്ചിട്ട് പറഞ്ഞു:
“ശംഖ് കിടക്കേണ്ടത് കടലിലാ...”
കയ്യിലെ കുഞ്ഞി ശംഖിനെ കടലിലേക്ക് നീട്ടിയെറിഞ്ഞു. അതിനെ കറുത്ത തിര വന്നു കൊണ്ടുപോയി.
ശരീരം വിണ്ടുകീറുന്നപോലെ സുരേഷിനു തോന്നി. കസേരയുടെ കൈകളിൽ മുറുക്കെ പിടിച്ചുകൊണ്ട് സുരേഷ് എം.കെയെ നോക്കി. എം.കെ തിരികെ വന്നു കസേരയിലിരുന്നു. ചിരിച്ച മുഖത്തോടെ സൗമ്യനായി അയാൾ ചോദിച്ചു:
“ആ പ്രശ്നം തീർന്നില്ലേ?”
മേശയിലിരുന്ന കുപ്പിയെടുത്ത് അയാൾ കമിഴ്ത്തി.
“ഇനി ശംഖിനെ വയറ്റിലിട്ട് നടക്കുന്ന സലോമിയുടെ കാര്യം... ഏതെങ്കിലും വേശ്യാലയത്തിൽ നിറവയറോടെ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയെന്നാക്കാം. അടുത്ത ചാപ്റ്ററിൽ... അല്ലെങ്കിൽ വേണ്ട ഈ ചാപ്റ്ററിൽത്തന്നെ വയ്ക്കാടാ.”
എം.കെ. വിരലിൽ പറ്റിയ മീൻകൂട്ടാൻ വായിലിട്ട് ചപ്പിവലിച്ച് ബാക്കി പറഞ്ഞു:
“പിന്നെ നിന്റെ ദിവാകരേട്ടൻ... നിങ്ങൾ ഒന്നിച്ച് കടലിൽ പോകുമ്പോൾ അയാളെ സ്രാവിനിട്ട് കൊടുക്കാം. ചാവട്ടെ പന്നി. എല്ലാത്തിനും കാരണം ആ നശിച്ച ലൈബ്രറിയാണ്. ഒരു കടലേറ്റം വന്ന് ലൈബ്രറി ഇടിച്ചുകുത്തി വീഴട്ടെ. അക്ഷരങ്ങളിലെ മഷി കറുത്ത കടലിൽ അലിഞ്ഞുപോയി എന്ന് എഴുതിപ്പിടിപ്പിക്കാം. അതുകൊള്ളാം.”
പല്ലിനിടയിൽ തറച്ച മുള്ളെടുത്ത് കളഞ്ഞ് എം.കെ. ചിറി തുടച്ചു.
“നീ പോയി തലക്കറി എടുത്തോണ്ട് വാ.”
തലയുറയ്ക്കാത്ത കുട്ടിയെപ്പോലെ എം.കെ. ഇരുന്നു.
വിണ്ടുകീറിയിടത്തെല്ലാം മുളകെരിഞ്ഞു.
സുരേഷ് എണീറ്റു.
തലക്കറി മേശയിലെത്തി. ചുവന്ന ചാറിൽ കുളിച്ച മീനിന്റെ കണ്ണടർന്നിരിക്കുന്നു.
സുരേഷ് കൂരയുടെ ഒരു ഭാഗത്തേയ്ക്ക് നടന്നു. ആ ശരീരത്തിൽനിന്ന് അപ്പോൾ ആവിപറക്കുന്നുണ്ടായിരുന്നു. ചുവന്ന കണ്ണുകളിൽ വെള്ളം കെട്ടിനിന്നു. ചുവരിൽ തൂക്കിയിരുന്ന തോക്കിന് അഭിമുഖമായി അയാൾ നിന്നു.
“ഈ തോക്ക് എന്തിനാണിവിടെ തൂക്കിയിട്ടിരിക്കുന്നത്?”
സുരേഷ് ചോദിച്ചു. എം.കെ. ശ്രമപ്പെട്ട് അങ്ങോട്ടേക്ക് നോക്കി. ഒരു ഇരട്ടക്കുഴൽ ഭിത്തിയിൽ ചേർന്നിരിക്കുന്നു.
“ഒരു ഭംഗിക്ക് വെച്ചതാ... കാണുമ്പോൾ ഒരു ഗുമ്മില്ലേ?”
“ഞാനിവിടെ വന്നപ്പോൾ മുതൽ ഈ തോക്കും ഇവിടെ ഉണ്ട്.”
സുരേഷ് അത് കയ്യിലെടുത്തു.
“സലോമി ഇല്ലെങ്കിൽപ്പിന്നെ ഞാൻ മാത്രമായിട്ട് എന്തിനാ?”
എം.കെ. ചിരിച്ചു. പൊട്ടിപ്പൊട്ടിച്ചിരിച്ചു. ചിരി കടൽ വരെയെത്തി. പിന്നെ, തിരിച്ചു വന്ന് വീണ്ടും വായിൽ കയറി.
“ചാവാൻപോലും നിനക്ക് അനുവാദമില്ല സുരേഷേ.”
“ഞാനാരാ? സോർബയുമല്ല, സുരേഷുമല്ല. ഒരു പാതിവെന്ത കഷണം. ചവച്ചുപോയാൽ ഓക്കാനം വരുന്നൊരു പച്ചയിറച്ചി.”
അയാൾ തോക്കിൽ മുറുക്കിപ്പിടിച്ചു. കാഞ്ചിയിൽ വിരല് വെച്ച് എഴുത്തുകാരനോട് ചോദിച്ചു:
“നീ ചെക്കോവിന്റെ നിയമം വായിച്ചിട്ടില്ലേ? കഥയുടെ ആരംഭത്തിൽ ഒരു തോക്ക് കാണിച്ചിട്ടുണ്ടെങ്കിൽ കഥാന്ത്യത്തിൽ അത് പൊട്ടിയിരിക്കണം... ദാ ഇങ്ങനെ...”
കാഞ്ചിയിൽ വിരലമർന്നു. സർഗാത്മകതയിൽ ആത്മരതികൊണ്ട തല ചിതറിത്തെറിച്ചു.
“പ്രശസ്ത എഴുത്തുകാരൻ എം.കെ. എന്ന മാടയക്കോണം കണ്ണൻ സ്വന്തം വസതിയിൽ മരിച്ച നിലയിൽ. ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.”
വാർത്താമാധ്യമങ്ങളിൽ ഫ്ലാഷ് ന്യൂസ് പ്രചരിച്ചുകൊണ്ടിരുന്നു. മേശയിൽ കിടന്ന മഷിപുരളാത്ത വെള്ളക്കടലാസുകൾ ചോരയിൽ കുതിർന്നു. അവയുടെ മധ്യത്തിൽ ഓട്ടവീണ തലയോടുമായി എം.കെ. വിശ്രമിച്ചു. ചാനലിൽ നിരീക്ഷകർ അപലപിച്ചു. സൃഷ്ടിയും സംഹാരവും ഒരേ വിരൽത്തുമ്പിലാണെന്ന് അവർ പറഞ്ഞു. ആശയദാരിദ്ര്യം നേരിട്ട യൂട്യൂബേഴ്സിന് എം.കെയുടെ മരണം ഒരാശ്വാസമായിരുന്നു. പേന പിടിച്ച എഴുത്തുകാരനെ കാഞ്ചിവലിക്കാൻ പ്രേരിപ്പിച്ച സാഹചര്യത്തെ പൊതുജനം രൂക്ഷമായി വിമർശിച്ചു. നരാധമരായ നിർമാല്യം പബ്ലിക്കേഷൻസിന്റെ മാനേജ്മെന്റിനെതിരെ അന്വേഷണം പുറപ്പെടുവിച്ചു. ടാർഗറ്റ് എന്നും ഡെഡ്ലൈൻ എന്നും പറഞ്ഞ് ജീവനക്കാരുടേയും എഴുത്തുകാരുടേയും ജീവനു നാശം വിതയ്ക്കുന്ന ഇത്തരം പ്രസാധകരെ തുടച്ചുനീക്കാൻ യുവാക്കൾ തെരുവിലിറങ്ങി. കാല്പനികതയെ തൊട്ടുണർത്തിയ എഴുത്തിന്റെ ഗന്ധർവ്വനെ അവസാനമായി ഒരു നോക്ക് കാണാൻ ജനം തിക്കിത്തിരക്കി.
അപ്പോൾ ഒരു വള്ളം കടലിൽ വീണ തിങ്കൾതോണിക്കൊപ്പം തുഴയുകയായിരുന്നു. വള്ളത്തിൽ കൂർത്ത താടിയെല്ലുകളുള്ള നീളൻ മനുഷ്യൻ പങ്കായം തുഴഞ്ഞു. അവനു മുന്നിൽ ഇരുന്ന് ദിവാകരേട്ടൻ ഒരു ബീഡി കത്തിച്ചു.
“ഞാൻ പോവാണ് ദിവാകരേട്ടാ... എനിക്ക് സലോമിയെ വേണം...”
“നിനക്ക് അതിനു സാധിക്കോ?”
“എന്റെ കയറ് ഞാൻ മുറിച്ചു. ഞാനിപ്പോൾ സ്വതന്ത്രനാണ്.”
സുരേഷ് തുഴച്ചിൽ നിർത്തി, പങ്കായം മടിയിൽവെച്ച് കടലിന്റെ അറ്റത്തേക്ക് ചൂണ്ടി.
“ദാ അവിടെ, ഈ കടലിന്റെ അറ്റത്ത് നീലയായിരിക്കും. എനിക്കുറപ്പുണ്ട്.”
കറുത്ത കടലിൽ വീണ ചന്ദ്രനേയും സുരേഷിനേയും മാറിമാറി നോക്കി, ഊറിച്ചിരിച്ചുകൊണ്ട് ദിവാകരേട്ടൻ പറഞ്ഞു:
“സോർബ, യു ബ്യൂട്ടി!”
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates