ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ലീന ആർ.ജെ. എഴുതിയ കഥ മോഹമഞ്ഞ്

ലീന ആര്‍.ജെ

ഇളം ചൂടുള്ള ദിവസമാണ്. കയ്യുറകളും കഴുത്തിലെ ചുറ്റും ബസ്സിലെ സീറ്റിലൊരിടത്ത് വെച്ച് പുറത്തേയ്ക്കിറങ്ങി. ഉരുളൻ കല്ലുകളിൽത്തട്ടി പരന്നൊഴുകുന്ന നദിക്ക് ഇങ്ങേവശത്ത് പുല്ലിനിടയിൽ പലനിറത്തിൽ കുഞ്ഞ് പൂക്കൾ! വസന്തത്തിന്റെ വരവ്.

പൈൻമരക്കാടുകളിൽ ട്രക്കിങ് നടത്തുന്നവരെ കാണാം. ഏറ്റവും പിന്നിൽ കുമ്മായമടിച്ച ചുവര് പോലെ മഞ്ഞുമല. വാൾനട്ട് വിൽക്കാനായി കൊണ്ടുവരുന്ന ഗ്രാമീണരോട് ഹിന്ദിയിൽ ആളുകൾ വിലപേശുന്നു. കൂടെയുള്ളവരിൽ കുറെപ്പേർ കോഫിയും മാഗിയും കാവയും കഴിച്ചുകൊണ്ട് ആവി പറക്കുന്ന തട്ടുകടയ്ക്കടുത്ത് നിൽക്കുന്നു. കൂട്ടത്തിലെ കുസൃതിച്ചെറുക്കന്മാർ നദിയിലെ പാറകളിൽ ചവിട്ടി ഒത്തനടുക്കുള്ള ഒരെണ്ണത്തിൽ കയറിനിന്ന് ഒപ്പന കളിക്കുന്നത് ഫോണിൽ പകർത്തുകയാണ് ചിലർ.

തിരക്കിൽനിന്ന് അല്പം മാറി ആ താഴ്വാരത്തെ നോക്കിനിൽക്കുമ്പോൾ സ്വയം തോന്നുന്ന മതിപ്പിന്റെ സുഖം. പത്ത് ദിവസത്തെ എന്റെ അസാന്നിദ്ധ്യം ജോലിയുടെ ഭാഗമായുള്ളതെന്ന കള്ളമായിരുന്നു ലോകം കാണുക എന്ന സത്യത്തിലേയ്ക്കുള്ള വഴി. ആ കള്ളം കുഞ്ഞുങ്ങളെ നോക്കുക എന്ന അവരുടെ ഭാരത്തെ ലഘുവാക്കുന്നു. റെയിൽവേ പ്ലാറ്റ്‌ഫോമിൽനിന്ന് ഹിമസാഗർ എക്സ്പ്രസ്സിലേക്ക് കയറും വരെയുള്ള നെഞ്ചിടിപ്പ് ഇപ്പോൾ ഓർക്കുന്നില്ല.

“മാഡം ആപ്‌കൊ ‘കുദിര’ ചാഹിയെ?”

‘കുദിര’ എന്ന് കേട്ടതിലെ കൗതുകം വെയിലത്തു തിളങ്ങുന്ന പൊടികളെപ്പോലെ എന്റെ കണ്ണുകളെ മിനുക്കിയിട്ടുണ്ടാകും. കശ്മീരികളുടെ പരമ്പരാഗത വസ്ത്രമായ ‘ഫറാൻ’ ധരിച്ച വെള്ളിക്കണ്ണുള്ള ചെറുപ്പക്കാരൻ ‘കുദിര’ വേണ്ടെന്ന് പറഞ്ഞിട്ടും താല്പര്യം തോന്നിപ്പിക്കുന്ന എന്റെ നോട്ടത്തിലുടക്കി അവിടെ തുടർന്നു. രണ്ടു ദിവസം മുൻപാണ് സോൻ മാർഗ് പോയത്. മഞ്ഞിൻ മുകളിൽ കുതിരപ്പുറത്തല്ലാതെ പോകുന്നത് അപകടമുണ്ടാക്കുമെന്നും സാധാരണയുള്ളതിന്റെ പകുതി കാശ് തന്നാൽ മതിയെന്നുമൊക്കെ കുതിരക്കാരന്മാർ പറഞ്ഞപ്പോൾ കൂടെയുള്ളവരൊന്നാകെ അത് നന്നെന്ന് ഉറപ്പിച്ചു. ഇട്ടിരുന്ന ചെരുപ്പ് സൂക്ഷിക്കാനേല്പിച്ച് റബ്ബർ ബൂട്‌സ് ധരിച്ച് കുതിരപ്പുറത്ത് കയറി. കുതിരയുടെ ചാണകവും മൂത്രവും മഞ്ഞുരുകി വരുന്ന വെള്ളവും ചേർന്ന് ചെളിയായ വഴി. തമ്മിലിടിക്കുന്നത് മൈൻഡ് ചെയ്യാതെ കുതിരകൾ കുറേ അങ്ങോട്ടും കുറേ ഇങ്ങോട്ടും. തങ്ങളുടെ കാലുകൾ, അരികിലൂടെ ചേർന്നുപോകുന്ന കുതിരകളുടെ ദേഹത്തുരയുമ്പോൾ ഭയന്നിരിക്കുന്ന സവാരിക്കാർ നിലവിളിക്കും. അപ്പോൾ കുതിരക്കാർ ട്രര്...റ എന്നൊരു ശബ്ദമുണ്ടാക്കി ചാട്ടകൊണ്ട് അതിന്റെ പുറത്തടിക്കും.

‘കിരൺ’ എന്നായിരുന്നു എന്റെ കുതിരയുടെ പേര്. ആദ്യമുള്ള ഭയവും അപരിചിതത്വവും മാറിയപ്പോൾ കിരണിനെ ഒന്ന് തലോടി. പ്രഥമ ദൂസരി ക്ലാസുകളിൽ മോളിച്ചേച്ചി പഠിപ്പിച്ചുതന്ന ഹിന്ദിയോർമയിൽ കുതിരക്കാരനോട് അല്പം വർത്തമാനത്തിന് മുതിർന്നു. അയാൾക്ക് സ്വന്തമായി മൂന്ന് കുതിരകൾ ഉണ്ട്.

ഇരുപത്തിമൂന്നാം വയസ്സിൽ കല്ല്യാണം കഴിഞ്ഞു. രണ്ട് കുട്ടികൾ. അയാൾ അറിയുന്ന എല്ലാ സ്ത്രീകളും വളരെ ചെറിയ പ്രായത്തിൽ വിവാഹിതരായി കുടുംബം നോക്കി പോരുന്നവരാണ്.

‘ബജ്രംഗി ഭായ് ജാൻ’ എന്ന സിനിമ എടുത്ത വ്യൂ പോയിന്റിൽ കുതിരപ്പുറത്തിരിക്കുന്നവരെ അടുക്കിനിർത്തി ഫോട്ടോ എടുത്ത കൂട്ടത്തിൽ ഞങ്ങൾ ഒരുമിച്ച് സെൽഫിയും എടുത്തു. മലമുകളിൽ എത്തിയപ്പോൾ കുതിരക്കാരന്മാർ സവാരിക്കാരെ താഴെയിറക്കി കുതിരകളെ ഒരു വശത്തായി ‘പാർക്ക്’ ചെയ്തു.

മുന്നിലെ പഞ്ഞിക്കെട്ട് മല ചൂണ്ടിക്കാട്ടി അങ്ങോട്ടൊക്കെ നടന്ന് കണ്ട് അരമണിക്കൂറിനുള്ളിൽ തിരിച്ചെത്തണമെന്നും അവർ കാത്തുനിൽക്കുമെന്നും പറഞ്ഞു.

സ്വർഗത്തിലെത്തിയെന്നപോലെയായിരുന്നു. മഞ്ഞുമലയുടെ പല ഭാഗത്തും റീൽസ് എടുക്കുന്ന കപ്പിൾസിനെ കാണാം. ക്രിയേറ്റീവായി അതെടുത്തുകൊടുക്കുന്നത് വരുമാനമാർഗമാക്കിയ ധാരാളം ചെറുപ്പക്കാരുമുണ്ട്. നാലു വീലും മുകളിൽ പലകയുമുള്ള ഒരുതരം വണ്ടിയിലിരുത്തി മലയുടെ ഏതു ഭാഗത്തേക്കും കൊണ്ടുപോകാമെന്ന് പറഞ്ഞ് പുറകേ വരുകയാണ് മറ്റു ചിലർ.

ഞാൻ മഞ്ഞുമലയ്ക്ക് നേരെ നടന്നു. പുതിയ ഉയരങ്ങളിലേക്ക്. ‘ഇഗ്ലു’ എന്നു വിളിക്കുന്ന പണ്ടത്തെ മഞ്ഞുവീടുകളോട് ചേർന്ന് ഇടയ്ക്കിടെ മാഗിയും കാവയും വിൽക്കുന്ന ചെറിയ ഒതുക്കുകളുണ്ട്. ഇപ്പോൾ ഇഗ്ലു കടക്കാരുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ളിടം മാത്രമാണ്. മഞ്ഞിനിടയിലൂടെ അരുവിയൊഴുകി വെള്ളച്ചാട്ടമായി മാറുന്നതിനടുത്തുനിന്ന് ഒരു ഫോട്ടോയെടുത്ത് തിരികെ വരുമ്പോൾ ബൂട്‌സിനുള്ളിൽ മഞ്ഞുകയറി നടക്കാൻ കഴിയാത്തവിധം കാലുകൾ മരവിച്ചു. കാവക്കടക്കാർ ചുള്ളിക്കമ്പുകൾ കൂട്ടി തീയിട്ടിടത്ത് വിശ്രമിക്കാനിരുന്നു. അവർ പറഞ്ഞ കഥകൾ കാവക്കൊപ്പം ആസ്വദിച്ചിരിക്കുമ്പോൾ ചാട്ടയുമോങ്ങി ഭീകരനെപ്പോലെ അതാ എന്റെ കുതിരക്കാരൻ! തിരികെയെത്താൻ വൈകിയതിന്റെ അമർഷത്തിലെന്തൊക്കെയോ അയാൾ പറഞ്ഞു. മലയിറങ്ങുമ്പോൾ ഭയം തോന്നി. അയാളുടെ ദേഷ്യം ചാട്ടയിലൂടെ കിരണിന്റെ ദേഹത്തേയ്ക്ക്. കിരണിൽനിന്നും അവന്റെ പുറത്തിരിക്കുന്ന എന്നിലേയ്ക്ക്. കിരണിനെ വീണ്ടും അടിച്ചപ്പോൾ നിവൃത്തിയില്ലാതെ “ഭയ്യാ! ഇത്‌ന മാരോ മത്. മേം ഗിർ ജായെങ്കി. മേരേ ദോ ബച്ചാ ഘർ മേ ഇന്തസാർ ഹെ. ആപ്‌കൊ ഭി ഹേന ബച്ചേ. കശ്മീരി ലോഗോ ബടെ കൈൻഡ് പീപ്പിൾ സുനാ ഹെ. ആപ് പടാൻ ഭി ഹൊ നാ” അതുകേട്ട് എന്നെ രൂക്ഷമായി നോക്കിക്കൊണ്ട് കിരണിനെ അയാൾ ആഞ്ഞടിച്ചു. കിരൺ പിന്നിലേയ്ക്ക് ചാഞ്ഞ് ഒന്ന് കുടഞ്ഞതും എത്തിപ്പിടിക്കാനൊന്നുമില്ലാത്തൊരു അഭയാർത്ഥിയെപ്പോലെ ദുർഗന്ധമുള്ള ചെളിയിലേക്ക് ഞാൻ വീണു. തിരികെ ശ്രീനഗറിലെ മുറിയിലെത്തി കുളിക്കും വരെയുള്ള മണിക്കൂറുകളിൽ എനിക്ക് ഭൂമിയില്ലായിരുന്നു, ആകാശവും.

പിറ്റേന്ന് ശ്രീനഗറിലെത്തന്നെ വിവിധ സ്ഥലങ്ങളിലേയ്ക്കായിരുന്നു യാത്ര. എനിക്ക് മാത്രമായി വെളുപ്പിനുള്ള ഫ്ലോട്ടിങ് മാർക്കറ്റ് കാണാനുള്ള സൗകര്യം ടൂർ ഓപ്പറേറ്റർ നബീൽ രഹസ്യമായി ഒരുക്കിത്തന്നത് വീണതിന്റെ ക്ഷീണം മാറ്റാനാണെന്ന് പറഞ്ഞില്ല. രാവിലെ നാലു മണിക്ക് ഹോട്ടലിൽനിന്നിറങ്ങി ദാൽ തടാകത്തിൽ ഷിക്കാരയിലിരുന്ന് കശ്മീരിന്റെ വിരുന്നുകാരിൽ അധികമാർക്കും അറിയാത്തിടത്തേയ്ക്ക് ബോട്ടുടമ ഗുൽസാറിനൊപ്പം തുഴഞ്ഞു. വെള്ളത്തിനു നടുവിലുള്ള കരയിലെ കൃഷി!

നിലമൊരുക്കുന്നത് മുതൽ വിളവെടുക്കുന്നത് വരെ വള്ളത്തിലിരുന്നാണ്. കച്ചവടവും വിലപേശലും സാധനം കൈമാറലും വള്ളത്തിലിരുന്ന് തന്നെ.

സകലതും ഉണർന്നു തുടങ്ങുന്ന ആ നേരത്ത് അരണ്ടവെളിച്ചത്തിൽ ഗ്രാമങ്ങൾക്കിടയിലൂടെ നിശ്ശബ്ദതയെ തൊടാതെ തുഴഞ്ഞുനീങ്ങിയത് എന്നത്തേയോ സ്വപ്നത്തെ ഓർമിപ്പിച്ചു.

സോൻമാർഗിലെ കുതിരക്കാരനെ മറക്കാൻ ഇടയില്ലാത്തതുകൊണ്ടുതന്നെ ഈ ‘കുദിര’ക്കാരനിൽ പെടാതിരിക്കാൻ കൂടെ നടന്ന് അയാൾ പറയുന്നത് ശ്രദ്ധിക്കാത്തപോലെ വഴിവക്കിലെ കാഴ്ചകളിലേക്ക് തിരിഞ്ഞു.

“കേരളത്തിലെ ആളുകൾ ഭയങ്കര കൗശലക്കാരാണ് അല്ലേ മാഡം.”

“നിങ്ങൾ ഇഞ്ചിക്കുന്നന്മാരെക്കാൾ ഭേദമല്ലേ?”

അവൻ വെള്ളിക്കണ്ണ് ചുളിച്ചു.

“എടോ നിങ്ങൾ കശ്മീരി ചെറുക്കന്മാർ എന്തൊരു ദേഷ്യക്കാരാണെന്ന്.”

“ഞങ്ങൾക്ക് ശാന്തരായിരിക്കാനും പ്രതീക്ഷിക്കാനും ഇവിടെ എന്താണുള്ളത് മാഡം?”

എങ്ങോ കണ്ണുകളൂന്നി അങ്ങനെ പറഞ്ഞിട്ട് അടുത്ത നിമിഷത്തിൽ ഭാവമാറ്റം വരുത്തി അവൻ കാൻവാസിങ് തുടർന്നു.

കൽക്കട്ടയിൽനിന്നും വന്ന പ്രായമായ രണ്ടു ദമ്പതികളെ ഗുൽമാർഗിൽ വെച്ചു പരിചയപ്പെട്ടിരുന്നു. മഞ്ഞുമലയുടെ മുകളിൽ എങ്ങനെയൊക്കെയോ കയറിപ്പറ്റിയിട്ട് തിരിച്ചിറങ്ങാൻ വഴിയില്ലാതെ നിൽക്കുകയായിരുന്നു അവർ. കയ്യിലുണ്ടായിരുന്ന ഒരു പ്ലാസ്റ്റിക് കവറിൽ അപ്പൂപ്പനെ ഇരുത്തി “മൂക്കിടിച്ചു വീഴാതെ കാക്കണേ മുത്തപ്പാ” എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഒറ്റത്തള്ള്. ആള് സുഖമായി താഴെയെത്തി. അമ്മൂമ്മയ്ക്ക് ത്രില്ലടിച്ചു. അപ്പൂപ്പൻ ഇറങ്ങിയ അതേ വഴിയിലൂടെ സന്തോഷത്തോടെ അവരും നിരങ്ങിയെത്തി. തമ്മിൽ മഞ്ഞ് വാരിയെറിയുന്ന സ്ലോ മോഷൻ വീഡിയോയും മഞ്ഞിൽ നിരങ്ങിവന്നതും റീൽ ആക്കി വിദേശത്തുള്ള മക്കൾക്കയച്ചപ്പോൾ എന്തൊരു സന്തോഷമായിരുന്നു. കൽക്കട്ടയിൽ അവർക്കൊപ്പം കുറച്ചു ദിവസം താമസിക്കാൻ എന്നെ ക്ഷണിച്ചു. അവരിതാ ഇവിടെയും!

*”ഭാലോ ആചോ തൊ മ?”

“ആമി ഭാലോ ആചി.”

കൈകൾ വിടർത്തി അവർ അരികിൽ വന്നു. അടുത്തു കണ്ട കടയിൽ ഞങ്ങൾ ചായ കുടിക്കാനിരുന്നപ്പോൾ ‘കുദിര’ക്കാരൻ അമാനും ഒപ്പമിരുന്നു. കുതിരപ്പുറത്ത് പോയാൽ മാത്രം കാണാവുന്ന വ്യൂ പോയിന്റിനെപ്പറ്റിപ്പറഞ്ഞ് അതിന്റെ ഫോട്ടോകളും വീഡിയോകളും കാണിച്ച് തന്ത്രപൂർവം കൽക്കട്ടക്കാരെ വശത്താക്കിയതിനൊപ്പം എനിക്കും പോകേണ്ടിവന്നു.

മൂന്ന് കുതിരപ്പുറത്തായി ഞങ്ങൾ മല കയറിത്തുടങ്ങി. തടികൊണ്ടു പണിത ഭംഗിയുള്ള വീടുകൾ ഇടയ്ക്കു കാണുന്നുണ്ട്. അതിലൊന്ന് അമാന്റെയാണ്. കൽക്കട്ടക്കാരുടെ കുതിരകൾ മുന്നിലേയ്ക്ക് വേഗം നടന്നു. മഴ ചെറുതായി പെയ്തു തുടങ്ങി. പൈൻമരങ്ങളും പച്ചപ്പും നിറഞ്ഞയിടങ്ങളിലൂടെ എന്റെ കുതിര മറ്റ് കുതിരകളുടെ വഴിയിലൂടെയല്ലാതെ സ്വസ്ഥനായി സ്വതന്ത്രനായി പോകുന്നു. അരുവികളിൽനിന്ന് കുടിക്കുന്നു. പുല്ലു തിന്നുന്നു. അവിടം ആദ്യമായി കാണുന്നൊരാളെപ്പോലെ ഇടയ്ക്കിടെ തലയുയർത്തി ആസ്വദിക്കുന്നു. കുതിരയുടെ, തന്നിഷ്ടത്തിന്റെ ഈ ‘റൂട്ട് മാപ്പ്’ മനസ്സിലാകാതെ അമാനെ നോക്കിയപ്പോൾ “പേടിക്കാൻ ഒരു കോപ്പുമില്ല” എന്ന ലാഘവത്തിൽ അയാൾ കൈ കാണിച്ചു. കുതിരയുടെ താളത്തിന് വിട്ടുകൊടുത്ത് മൗനമായി അങ്ങനെ പോകുമ്പോൾ ഞാനും കുതിരയും അമാനും ഏതോ കാടിന്റെ ഒറ്റവഴിയിലൂടെ കാലങ്ങളായി അവനവനെ തേടിയലയുന്ന മൂന്ന് യാത്രികരാണെന്നു തോന്നി. അമാൻ ഇടയ്ക്കിടെ കണ്ണിലേയ്ക്കെറിയുന്ന നോട്ടവും അപ്പോഴയാളിൽ കാണുന്ന നേരിയ പുഞ്ചിരിയും കാട്ടിലെ വള്ളികളിൽ കാണുന്ന പൂക്കളെപ്പോലെ.

ചിത്രീകരണം

മല കയറുന്തോറും ഓരോ നിമിഷത്തിലും പഴക്കമുള്ള പുതിയ മനുഷ്യരായി ഞങ്ങൾ.

അമാൻ വിവരിച്ചതിനേക്കാൾ മനോഹരമായ ഇടമായിരുന്നു എത്തിച്ചേർന്നപ്പോൾ കണ്ടത്. പച്ചവിരിച്ചയിടത്ത് മൂക്കുത്തിയിട്ടപോലെ പൂക്കൾ. കുതിരപ്പുറത്തുനിന്നിറങ്ങി നടക്കുമ്പോൾ മഴ കനത്തു. അടുത്തു കണ്ട ചെറുകടകളിലെ തണലിലേക്ക് ആളുകൾ തിങ്ങിഞരുങ്ങിയപ്പോൾ അമാൻ എന്റെ ശ്വാസദൂരത്തായി. വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു ഞാൻ. അവന്റെ ഫെറാന്റെയുള്ളിലേക്ക് നുഴഞ്ഞുകയറി നെഞ്ചിൽ ചേർന്നിരിക്കാൻ തോന്നി.

“കാലാവസ്ഥ നല്ലതല്ല. നീ ഇനിയും വരണം. ഇവിടെ മുഴുവൻ മഞ്ഞായിരിക്കും.”

ആത്മാവിലെത്തുന്ന നോട്ടമയച്ച് അമാൻ പറഞ്ഞു. മഴയ്ക്കൊപ്പം ആലിപ്പഴം വീഴാൻ തുടങ്ങിയപ്പോൾ ആകാശത്തേക്ക് നോക്കിക്കൊണ്ട് കൈകൾ വിരിച്ചുപിടിച്ച് ആളുകൾ പുറത്തിറങ്ങി സന്തോഷിക്കുന്നത് ഭംഗിയുള്ള കാഴ്ചയായി.

അല്പനേരം കൂടെ അങ്ങനെ നിൽക്കാൻ തോന്നിയെങ്കിലും അമാൻ കൈ പിടിച്ച് തിരികെപ്പോകാൻ തുടങ്ങിയപ്പോൾ തടുത്തില്ല.

കവാടം കടന്ന് കുതിരയ്ക്കടുത്ത് എത്തിയതും പെട്ടെന്നൊരു വെടിയൊച്ച! പുറകെ നിലവിളികൾ! ആളുകൾ ആട്ടിൻപറ്റംപോലെ ചിതറി. കുതിരകൾ ഭയന്നോടി. കൽക്കട്ടക്കാരെ തിരഞ്ഞ് ഞാൻ അകത്തേക്ക് കയറിയപ്പോൾ അവിടെ അപകടമാണ് പോകണ്ടായെന്ന് പറഞ്ഞ് അമാൻ പിടിച്ചു വലിച്ച് പുറത്തേയ്ക്ക് പാഞ്ഞു. പൈൻമരങ്ങൾക്കിടയിലൂടെ ചെളിയിൽ തെന്നിയും നിരങ്ങിയും വല്ലാതെ ഭയന്ന് ഒരിടുക്കിൽ ഞങ്ങളൊളിച്ചു. വെടിയൊച്ചകൾ ഒന്നടങ്ങിയപ്പോൾ താഴ്വാരത്തിലെ അമാന്റെ വീട് ലക്ഷ്യമാക്കിയോടി.

ചെളിനിറഞ്ഞ എന്റെ വസ്ത്രങ്ങൾ മാറ്റി അവൻ നൽകിയ ഫെറാൻ അണിഞ്ഞ് തീ കാഞ്ഞിരിക്കുമ്പോഴും ഞാൻ വിറയ്ക്കുകയായിരുന്നു. സ്‌ഫോടനം, വെടിവെയ്‌പ് ഒക്കെ പട്ടാള സിനിമകളിൽ കണ്ടത് മാത്രമായിരുന്നല്ലോ. തെരുവിലൊക്കെ നടക്കുന്ന ഒരു തല്ലു കേസിന്റെപോലെ ഭാരമില്ലായ്മയിലായിരുന്നു അവനും അമ്മയും. ആർമിയുടെ സഹായത്തോടെ എനിക്കൊപ്പം ഉണ്ടായിരുന്നവർ അവിടം വിട്ടെന്നും തിരികെയെത്താനുള്ള സൗകര്യം ഉടൻ ചെയ്യാമെന്നും നബീലിനെ വിളിച്ചപ്പോൾ അറിഞ്ഞു.

നെരിപ്പോടിനടുത്ത് അമാന്റെ അമ്മ റൊട്ടിയുണ്ടാക്കുന്നത് നോക്കി ഞാൻ നിന്നു. ചെറിയൊരു ഇരിപ്പിടം നീക്കിയിട്ട് അതിലിരിക്കാൻ അവർ കൈ കാണിച്ചു. റൊട്ടിയും വാൾനട്ട് ചമ്മന്തിയും കഴിക്കാൻ നൽകി. കടുത്ത ഉപ്പ് രുചി. ചായയ്ക്കും അതെ.

ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങാനുള്ള ഇടമൊരുക്കിത്തരുമ്പോഴും അവർ അധികമായൊന്നും സംസാരിച്ചില്ല. ആ സ്വസ്ഥതയിൽ അന്നുറങ്ങി. രാവിലെ അമാനെ അവിടൊക്കെ തിരഞ്ഞെങ്കിലും കണ്ടില്ല.

പിറ്റേന്ന് അല്പം ദൂരെയുള്ള അമാന്റെ സുഹൃത്ത് അജീത്തിന്റെ വീട്ടിലേക്ക് അമ്മയ്ക്കൊപ്പം പോയി. സവോളയും റാഡിഷും മല്ലിയിലപോലത്തെ ചില ഇലകളും പൊട്ടിയ ആസ്ബറ്റോസ് കൊണ്ട് വളച്ചുകെട്ടിയ അവരുടെ കൃഷിസ്ഥലത്തുണ്ട്. അജീത്തിന്റെ വീടിനു നേരെ മുന്നിൽ മഞ്ഞ പുതച്ചപോലെ കടുക് പാടമുണ്ടായിരുന്നു. അസ്തമയസൂര്യന്റെ വെളിച്ചത്തിൽ പാടത്തിനോരത്ത് അമ്മയും ഞാനുമിരുന്നു, രണ്ട് വയൽക്കിളികളെപ്പോലെ. ജമ്മുവിൽനിന്ന് ശ്രീനഗറിലേക്ക് ഇളയ മകനൊപ്പം കാറിൽ യാത്രക്കാരുമായി പോകും വഴി സ്‌ഫോടനത്തിൽപ്പെട്ട് അമാന്റെ അച്ഛനും അനിയനും നഷ്ടപ്പെട്ടത് അമ്മ പറയുമ്പോൾ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഞാൻ പരുങ്ങി.

ഞങ്ങൾക്കിടയിലേക്ക് കോഫിയുമായി അജീത്ത് എത്തി. നിറയെ തൊങ്ങലും തോരണങ്ങളും പൂക്കളും കൊണ്ടലങ്കരിച്ച നാഷണൽ പെർമിറ്റ് ലോറി അജീത്തിനുണ്ട്. അത്തരമൊന്നിൽ കയറാൻ കുറേ നാളായി കൊതിയുണ്ടെന്നറിയിച്ചപ്പോൾ അജീത്ത് സ്നേഹത്തോടെ ക്ഷണിച്ചു. പുതച്ചിരുന്ന കശ്മീരി ഷാൾ അമ്മയെ ഏല്പിച്ച് അല്പം സാഹസികമായി ഡ്രൈവിംഗ് സീറ്റിൽത്തന്നെ കയറിപ്പറ്റി. സ്റ്റീയറിങ് ഒന്ന് കറക്കിയപ്പോൾ ഈ ഭൂമിയും കൂടി തിരിക്കാൻ കഴിയുമെന്ന് തോന്നി. നാട്ടിലേക്ക് തിരിക്കാനുള്ള ടിക്കറ്റ് അജീത്തിന്റെ അച്ഛനാണ് ഒരുക്കിത്തന്നത്.

ജമ്മുവിലെ റെയിൽവേ സ്റ്റേഷൻ വരെയുള്ള 7-8 മണിക്കൂർ നീണ്ട കാർ യാത്രയിൽ എനിക്കും അമാനുമൊപ്പം അജീത്തും ഉണ്ടായിരുന്നു. ഉച്ചത്തിൽ പാട്ടിട്ട്, “ബല്ലേ ബല്ലേ” ചുവടുകളിട്ടുള്ള അജീത്തിന്റെ ആഘോഷമൊന്നു നേർപ്പിക്കാൻ ബനിഹാളിലെ മാർക്കറ്റും കശ്മീരി സ്കൂളും എത്തിയപ്പോൾ അമാൻ വണ്ടി നിർത്തി. ഒരു പറ്റം ചെമ്മരിയാടുകളെ മേയ്‌ചു പോകുന്ന കുട്ടികളെ ഞാൻ ശ്രദ്ധിച്ചത് മിററിൽ കണ്ടിട്ടാകുമോ അവിടെയും നിർത്തി അല്പനേരത്തിനു ശേഷമാണ് യാത്ര തുടർന്നത്. റൊട്ടിയും നെയ്യൊഴിച്ച രാജ്മക്കറിയും പൃഥ്വിരാജിന്റെ കടുത്ത ആരാധകന്റെ പഞ്ചാബി ഡാബയിൽനിന്നു കഴിച്ച ക്ഷീണത്തിൽ അജീത്ത് ഒന്ന് മയങ്ങിയപ്പോൾ ചെറിയ ശബ്ദത്തിൽ അമാൻ പഴയ ഹിന്ദിപ്പാട്ടുകളിട്ടു.

“യെ രാതേം യെ മോസം നദീ ക കിനാരാ...” അമാന്റെ നേരെ പുറകിലെ സീറ്റിലായിരുന്നു ഞാൻ.

പാട്ടിന്റെ ഈണവും വരികളും എന്റെ കണ്ണുകളെ മുന്നിലേക്ക് ചായ്‌ച്ച്, അവന്റെ പിൻകഴുത്തിൽ കുരുക്കി. പാലം പണി നടക്കുന്നയിടത്തെ അതിഭയങ്കര ബ്ലോക്കിലെത്തിയപ്പോൾ വണ്ടി അജീത്തിനെ ഏല്പിച്ച് ഞങ്ങൾ കുറേ ദൂരം നടന്നു. വഴിയിൽക്കണ്ട നദി നോക്കി നിൽക്കുമ്പോഴും തട്ടുകടയിൽനിന്ന് ചായ കുടിക്കുമ്പോഴും വാക്കുകൾകൊണ്ട് ഓളങ്ങളുണ്ടാക്കാൻ തോന്നാത്ത അഗാധമായ ഒരു ശാന്തതയായിരുന്നു മനസ്സിൽ. ട്രെയിനിൽ കയറും മുൻപ് അമാൻ എന്റെ വിരലുകൾ കോർത്തുപിടിച്ച് ഒന്നും മിണ്ടാതെ നിന്നു. അപ്പോഴുള്ള നെഞ്ചിന്റെ മിടിപ്പ്, കൈത്തലത്തിന്റെ ചൂട് ഒരിക്കലും മറക്കില്ലായിരിക്കും. പിന്നെ, മൃദുവായി ഉമ്മവയ്ക്കുമ്പോലെ ഒന്ന് നോക്കി യാത്ര പറഞ്ഞു.

തിരികെ വീട്ടിലെത്താൻ മൂന്നു ദിവസം താമസിച്ചതിന്റെ വിടവ് ഒന്നുരണ്ട് കള്ളങ്ങൾ കൊണ്ടടച്ച് സാധാരണമായിത്തന്നെ ജടപിടിച്ച ജീവിതത്തിന്റെ ബാക്കി ജീവിച്ചുതുടങ്ങി. വീട്ടിലുള്ളവർ വാർത്തയിലും ഫോണിലെ കളികളിലുമാകുമ്പോൾ ഞാൻ പതുക്കെ ആ സ്വർഗത്തിലേക്ക് പറക്കും. അമാന്റെ നോട്ടം, ചിരി, മലയിലേക്ക് ഞങ്ങൾ നടന്നത്, ആലിപ്പഴത്തിന്റെ ബാക്ഗ്രൗണ്ടിൽ നെഞ്ച് പട പട മിടിച്ചത്, ‘കുദിര’ വേണോയെന്ന് ചോദിച്ച് അവൻ പുറകേ നടന്നപ്പോഴൊക്കെ എന്റെ അപകർഷതകളെ തൊട്ട് പോലും നോക്കാതെ ഹൃദയത്തിലേക്കാണോ നോക്കിയിരുന്നത്? തിരിച്ചും മറിച്ചും, പിന്നീന്ന് മുന്നോട്ടും കഴിഞ്ഞതൊക്കെ മനസ്സിലൂടെ ഓടിക്കൊണ്ടിരുന്നു.

അമാനേ...

അമാനേ...

ആത്മാവിലേക്ക് നിന്റെ നോട്ടം ഇരച്ചുപായുന്നു. മിണ്ടിയപ്പോഴൊക്കെ നീ എന്റെ കൈത്തലങ്ങളിൽ മണം പുരട്ടി മുടിയിൽ പൂവിതൾ കോർക്കുന്നു. എന്റെ ശ്വാസത്തിന് കിളികൾ ചെവിയോർക്കുന്നു.

അമാനേ... നീ ഹൃദയത്തിന്റെ ആഴങ്ങളിലേക്കൊഴുകുന്നു..

കുഞ്ഞിന് പനി കൂടി ആശുപത്രിയിലായിരുന്നു. ചൂട് കുറയാൻ പഞ്ഞി നനച്ച് തുടച്ചു കൊണ്ടിരുന്നപ്പോൾ തീവ്രവാദികളുടെ അന്നത്തെ ആക്രമണത്തിനുള്ള ഇന്ത്യൻ ആർമിയുടെ പ്രത്യാക്രമണ വാർത്തകൾ ബ്രേക്കിംഗ് ന്യൂസ് ആയി ടി.വിയിൽ നിറഞ്ഞു. തീവ്രവാദികളെ സഹായിച്ചവരിൽ അന്നാട്ടുകാരും ഉണ്ടെന്ന് കേട്ട് മനസ്സുലഞ്ഞു. അമാൻ അവരെ സഹായിച്ചിരിക്കുമോ?

നിശ്ചലമായിപ്പോയ അനേകം കോൺടാക്ടുകളിൽ ഒന്നായി മാറാതിരിക്കാൻ അമാന്റെ ഫോൺ നമ്പർ വാങ്ങാൻ അനുവദിക്കാത്ത അന്നത്തെ ചിന്തയെ പഴിച്ചു. കുഞ്ഞിനെ അറ്റത്തേക്ക് നീക്കി ഒരാശ്വാസത്തിന് അവൾക്കൊപ്പം ചേർന്നുകിടന്നു.

ആർമിയുടെ പ്രത്യാക്രമണത്തിൽ അവനും..!

ദേഹമാകെ തണുത്തു.

കുഞ്ഞിന്റെ പനിച്ചൂടുള്ള നെഞ്ചിൽ മുഖമമർത്തി. അവൾ എന്റെ മുടിയിലൂടെ വിരലോടിച്ച് നെറുകയിൽ ഉമ്മവെച്ചു. ഞാൻ കണ്ണുകളടച്ച് കിടന്നു.

പൈൻമരങ്ങൾക്കിടയിലെ അമാന്റെ വീട്! പണികഴിഞ്ഞ് അവൻ വീട്ടിലെത്താൻ കാത്തിരിക്കുന്ന അവന്റെ കശ്മീരിപ്പെൺകുട്ടി! അമ്മയ്ക്കൊപ്പമിരുന്ന് കാവ കുടിച്ച് അവൻ വിശേഷങ്ങൾ പറയുമ്പോൾ പ്രേമത്താൽ അവന്റെ കണ്ണുകളിലേക്ക് അവൾ ഇടയ്ക്കിടെ നോക്കുന്നു. അവന്റെ മുഖത്ത് നേരിയ ചിരി. അവൻ തീവ്രവാദികളെ സഹായിച്ചിരിക്കുമെന്നും കൊല്ലപ്പെട്ടിരിക്കുമെന്നുമുള്ള തോന്നലിനെക്കാൾ എത്ര ഭംഗിയാണ് സന്തോഷമായി ജീവിക്കുന്നു എന്ന തോന്നലിന്. അല്ലെങ്കിലും സത്യമെന്ന് കരുതുന്നതൊക്കെ കള്ളത്തോന്നലുകളല്ലെന്ന് ആരറിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സുധാകരനും അടൂര്‍ പ്രകാശിനും ഇളവ് നല്‍കുമോ? കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്ന്

'പേരുകള്‍ വിളിക്കുന്നത് ആരാധകരുടെ സന്തോഷമല്ലേ, തലയും വാലും ഒന്നും ആകാനില്ല'

'ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ല, ഒന്നും ചെയ്തിട്ടില്ല, തോല്‍ക്കാന്‍ പോകുന്ന ആള്‍'; തുറന്നടിച്ച് നോബിള്‍ മാത്യു, സസ്‌പെന്‍ഷന്‍

ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറയും, കാരണം എല്‍ നിനോ പ്രതിഭാസം

കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന്, ആന്റണി രാജുവിന് മത്സരിക്കാൻ കഴിയുമോ?; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT