ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

എൻ. ഹരി എഴുതിയ കഥ കാനൽ

എന്‍. ഹരി

ഞാനും പ്രഭയും കൂടി നഗരത്തിലെ പുതിയ റെസ്റ്റോറന്റിലേക്കുള്ള അലങ്കാരവസ്തുക്കൾ പൊതിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് ആശ വീട്ടിലേക്ക് കയറിവന്നത്. മുറിയിൽ നിരത്തിവെച്ചിരുന്ന കരകൗശലങ്ങളിലേക്കും ചിത്രങ്ങളിലേക്കും ശ്രദ്ധിക്കാതെ അവർ പ്രഭയെ അടുക്കളഭാഗത്തേക്ക് വിളിച്ചുകൊണ്ടുപോയി.

വില്‍പ്പനയ്ക്കായി പലയിടങ്ങളിൽനിന്ന് വാങ്ങിക്കൊണ്ടുവന്നതാണ് ഈ കരകൗശലങ്ങൾ. ഇന്നത്തെ കച്ചവടത്തിൽ ഞാൻ അല്പം ലാഭം പ്രതീക്ഷിക്കുന്നുണ്ട്. അപ്രതീക്ഷിതമായി കയ്യിൽ വന്നുചേർന്ന ദാരുശില്പം കൂടി വിറ്റുപോയാൽ ഗംഭീരമാകും. ആ ശില്പം എന്താണെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. ശശാങ്കൻ കണ്ണമൂല എന്ന ശില്പി കഴിഞ്ഞ മൂന്നാല് വർഷങ്ങളായി അതിൽ പണിയെടുക്കുന്നത് കണ്ടിട്ടുണ്ട്! അയാളുടെ പണിശാലയിൽ പോകുമ്പോൾ അതിലേക്ക് നോക്കി നിൽക്കാറുണ്ടായിരുന്നു. ഇടവേളകളിലെല്ലാം അയാൾ അതീവ ശ്രദ്ധയോടെയിരുന്ന് അതിൽ എന്തു വേലയാണ് നടത്തുന്നതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ആ ശില്പത്തിന്റെ മുടിയിൽനിന്ന് എന്തോ ഒഴുകിയിറങ്ങുന്നുണ്ട്. അത് കെട്ടുപിണഞ്ഞ് കിടക്കുകയുമാണ്. കാണുമ്പോൾ നോക്കിനിൽക്കാനും കൺവട്ടത്തുനിന്ന് മറയുമ്പോൾ കണ്ടതെന്താണെന്ന് ഓർത്തെടുക്കാൻ കഴിയാത്തതും വീണ്ടും കാണണമെന്ന് തോന്നിപ്പിക്കുന്നതുമായ എന്തോ ഒരു മാന്ത്രികത അതിനുണ്ടായിരുന്നു. ധാരാളം കൊത്തുവേലകളും ഒന്നരയടി ഉയരവുമുള്ള അതിന്റെ പീഠത്തിൽ ‘ഗഗനം’ എന്ന് കൊത്തിവെച്ചിരുന്നു. അത് വില്‍പ്പനയ്ക്കല്ലെന്ന് പലപ്പോഴും പറഞ്ഞിട്ടുള്ള ശശാങ്കൻ ഇന്നലെ, അയ്യായിരം രൂപയ്ക്ക് അതെനിക്ക് തന്നു!

ആശ മടങ്ങിപ്പോകുമ്പോൾ ഞാൻ ആ ദാരുശില്പത്തിന്റെ ഭംഗി നോക്കി ഇരിക്കുകയായിരുന്നു. പ്രഭ അടുത്തുവന്നിരുന്ന് മറ്റാരോടോ എന്നപോലെ ആശ അമ്പതിനായിരം രൂപ കടം ചോദിച്ചുവെന്ന് പറഞ്ഞു.

“നീ എന്ത് പറഞ്ഞു?” അവിശ്വാസത്തോടെ ഞാൻ ചോദിച്ചു.

“എന്ത് പറയാനാണ്? നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്ന് ചോദിക്കട്ടെന്നും ഉണ്ടെങ്കിൽ വൈകുന്നേരം തരാമെന്നും പറഞ്ഞു.”

എന്റെ കടപ്പട്ടിക പ്രഭയുടെ കൈവശമുണ്ട്! അവളത് ഓർക്കാതിരുന്നതിൽ എനിക്ക് ദേഷ്യം വന്നു.

“ആശ ആദ്യമായിട്ടല്ലേ, ഒരാവശ്യം പറഞ്ഞ് വരുന്നത്? എങ്ങനെയാണ് ഒറ്റയടിക്ക് ഇല്ലെന്ന് പറയുന്നത്? നമ്മളതിനായി ശ്രമിച്ചെന്നെങ്കിലും തോന്നട്ടെ.”

അത് ന്യായമാണ്.

ഞാൻ കയ്യിലിരുന്ന ശില്പം അവൾക്കു നേരെ നീട്ടി.

“ഇതിന് അന്‍പതിനായിരം രൂപ കിട്ടുമോ?”

പ്രഭ അതിശയത്തോടെ ശില്പം വാങ്ങി നോക്കി. അത്രയും വിലയേറിയ കരകൗശലങ്ങളൊന്നും ഞാൻ വാങ്ങുകയോ വിൽക്കുകയോ ചെയ്തിട്ടില്ല.

“നല്ല ഭംഗിയുണ്ട്! ഒരുപാട് വേലകളും ഇതിൽ ചെയ്തിട്ടുണ്ട്. അതെല്ലാം കണക്കാക്കിയാണെങ്കിൽ അമ്പതിനായിരം രൂപ കിട്ടണം!”

“കിട്ടിയാൽ ഇന്ന് വൈകുന്നേരത്ത് അവർക്ക് പണം കൊടുക്കാം!”

അന്‍പതിനായിരം രൂപ കടം കൊടുക്കാനുള്ള സാമ്പത്തികശേഷി ഞങ്ങൾക്ക് ഇല്ലെന്ന് അറിയാവുന്നവരാണ് ആശയും ഭർത്താവ് കനകരാജും. അവർ അത്രയും രൂപ കടം ചോദിക്കാൻ മാത്രം സാമ്പത്തികശേഷി കുറഞ്ഞവരുമല്ല. എന്നിട്ടും എന്തിനായിരിക്കും കടം ചോദിച്ചത്?

ശില്പത്തിന്റെ വില്‍പ്പന നടന്നില്ല. വില കുറച്ചിരുന്നെങ്കിൽ റെസ്റ്റോറന്റിലേക്കുള്ള ഉരുപ്പടികളുടെ കൂട്ടത്തിൽ അത് വിറ്റുപോകുമായിരുന്നു.

നാലഞ്ച് മാസങ്ങൾക്കിടയിൽ നല്ലൊരു കച്ചവടം നടന്ന ദിവസമായിരുന്നു അത്. കരകൗശലക്കാർ, പാൽ, പത്രം, പലചരക്കുകട, കുട്ടികളുടെ ട്യൂഷൻ ഫീസ്... അങ്ങനെ ഒഴികഴിവ് പറഞ്ഞ് നിർത്തിയിരുന്നവർക്കെല്ലാം ഞാൻ വീട്ടിലെത്തുന്നതിനുമുന്‍പേ പണം ഗൂഗിൾ പേ ചെയ്ത് കൊടുത്തു.

എന്റെ മോട്ടോർസൈക്കിൾ വീട്ടിലേക്ക് കയറുന്നത് ആശ കണ്ടിരിക്കണം. പ്രഭ വാതിൽ തുറന്നപ്പോഴേക്കും ആശയും വീട്ടുമുറ്റത്ത് എത്തിയിരുന്നു. മോട്ടോർസൈക്കിളിനു പിന്നിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി ഉറപ്പിച്ചിരുന്ന ഇരുമ്പ്പെട്ടിയിൽനിന്നും ശില്പം എടുത്ത് ഞാൻ പ്രഭയുടെ നേരെ നീട്ടി. എനിക്ക് പറയാനുള്ളതെല്ലാം അത് പ്രഭയോട് പറഞ്ഞു!

ചിത്രീകരണം

“ഈ ശില്പം വിൽക്കാൻ പറ്റുമെങ്കിൽ വൈകീട്ട് അന്‍പതിനായിരം രൂപ ചേച്ചിക്ക് കൊടുക്കാം എന്നു പറഞ്ഞാണ് രാവിലെ ഇവിടുന്ന് പോയത്” അവൾ ആശയോടു പറഞ്ഞു.

“വിറ്റില്ല, അല്ലേ?” അവർ നിരാശയോടെ ചോദിച്ചു.

“ഇല്ല. ചിലപ്പോൾ നാളെ വിൽക്കാൻ കഴിഞ്ഞേക്കും” ഞാൻ പറഞ്ഞു.

അവർ ശില്പം വാങ്ങി നോക്കി.

“ഇതിന് അന്‍പതിനായിരം രൂപ കിട്ടുമോ?”

കിട്ടുമെന്ന ഭാവത്തിൽ ഞാൻ തലയിളക്കി.

“കിട്ടിയേക്കും! നല്ല ഭംഗിയുണ്ട്!” അവർ പറഞ്ഞു.

അടുത്ത ദിവസം വരാമെന്ന് പറഞ്ഞാണ് അവർ പോയത്.

ശില്പം വിറ്റുപോകുമെന്ന് ആശയും ഞങ്ങളും പ്രതീക്ഷിച്ചെങ്കിലും ഒരാഴ്ച കഴിഞ്ഞിട്ടും കച്ചവടം നടന്നില്ല. ആശ ദിവസവും വന്ന് നിരാശയോടെ മടങ്ങി.

അവർ എന്തുകൊണ്ടാണ് മറ്റാരോടെങ്കിലും പണം ചോദിക്കാത്തതെന്നും നീട്ടിനീട്ടി വെയ്ക്കാവുന്ന അത്യാവശ്യമെന്താണെന്നും ഞാൻ പ്രഭയോട് പലവട്ടം ചോദിച്ചു. അതെന്താണെന്ന് അവർ പറയുന്നില്ലെന്നാണ് പ്രഭ പറഞ്ഞത്.

കനകരാജ് അറിഞ്ഞുകൊണ്ടാണോ ആശ പണം കടം ചോദിക്കുന്നതെന്ന് എനിക്ക് സംശയം തോന്നി. വലിയ അഭിമാനിയായ അയാൾ അതറിഞ്ഞിരിക്കാൻ സാധ്യതയില്ല.

വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഗൾഫ് നാടുകളിലും വളരെക്കാലം ജോലി ചെയ്തിട്ടുള്ള ആളാണ് കനകരാജ്. അയാൾക്ക് നല്ല സമ്പാദ്യം ഉണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. അടുത്തകാലത്താണ് അവർ വീട് പുതുക്കിപ്പണിതത്. മകൻ വിദേശത്ത് പഠിക്കുന്നുണ്ട്. അതൊന്നും കടം വാങ്ങി ചെയ്യുന്ന ആളല്ല അയാൾ.

അയാൾക്ക് മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, അറബി, ഹിന്ദി തുടങ്ങിയ ഭാഷകൾ സംസാരിക്കാനറിയാം. പുതിയകാവ് ദേവസ്വത്തിന്റേയും ഹാർമണി റസിഡൻസ് അസ്സോസിയേഷന്റേയും പ്രസിഡന്റാണ്. വെളുത്ത നിറവും സാമാന്യത്തിലധികം നീളവുമുള്ള അയാൾ തൂവെള്ള ഖദർവസ്ത്രങ്ങളേ ധരിക്കാറുള്ളൂ. പുറത്തിറങ്ങുമ്പോഴെല്ലാം തലയിൽ ഒരു പീക്യാപ്പ് വെയ്ക്കും. എപ്പോഴും ഗൗരവഭാവമുള്ള അയാളെ കാണുമ്പോൾ ആർക്കും ബഹുമാനിക്കാൻ തോന്നും!

അവരുടെ പുതുക്കിപ്പണിത ‘പ്രതീക്ഷ’യിലേക്ക് നോക്കുമ്പോഴെല്ലാം അതുപോലൊരു വീട് ഞങ്ങളുടെ ചെറിയ വീടിരിക്കുന്ന ഭാഗത്ത് ഉയരുന്നതും ഒരേവിധം ഗാംഭീര്യമുള്ള രണ്ട് വീടുകൾ ഭാവിയിൽ മുഖാമുഖം നിൽക്കുന്നതും ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു.

‘പ്രതീക്ഷ’യുടെ പ്രൗഢിക്കുമേൽ ദുരൂഹതയുടെ പുതപ്പ് മൂടിയിരിക്കുന്നു! അവരുടെ പോർച്ചിൽ വിശ്രമിക്കാറുള്ള കാറ് അവിടെ കാണുന്നില്ല. അതിനെക്കുറിച്ച് പ്രഭയോട് ചോദിച്ചപ്പോൾ അവൾ എന്റെ സംശയത്തെക്കുറിച്ച് പറഞ്ഞ് കളിയാക്കി. പെണ്ണുങ്ങൾക്കുപോലുമില്ലാത്ത ഇത്തരം ജിജ്ഞാസകളുമായി നടക്കാതെ ശില്പം വാങ്ങാൻ ശേഷിയുള്ള ഒരാളെ കണ്ടെത്താൻ അവൾ പറഞ്ഞു. എന്നാൽ, ഒരാഴ്ച കഴിഞ്ഞ് പ്രഭ ഒരു രഹസ്യം വെളിപ്പെടുത്തി:

“ആശ ധരിച്ചിരിക്കുന്ന ആഭരണങ്ങളെല്ലാം മുക്കുപണ്ടങ്ങളാണ്! അവർക്ക് അതിവേഗം പത്ത് വയസ്സെങ്കിലും കൂടിയിട്ടുമുണ്ട്!”

“ഒരു തവണ ഡൈ ചെയ്യാതിരുന്നാൽ കുറഞ്ഞത് ഇരുപത് വർഷങ്ങൾക്കപ്പുറത്തേക്ക് ഇപ്പോഴത്തെ ചെറുപ്പക്കാർ വീണുപോകും!” ഞാൻ പറഞ്ഞു, ചിരിച്ചു.

“ഇതങ്ങനല്ല. പുറത്ത് പറയാനാകാത്ത എന്തോ ഒരു പ്രശ്നം അവരെ ബാധിച്ചിട്ടുണ്ട്.”

വായ്പ നൽകിയാൻ തിരിച്ചുകിട്ടുമോ എന്ന ആശങ്കയോടെ, കനകരാജ് ക്ഷേത്രത്തിലേക്കും തിരിച്ച് വീട്ടിലേക്കും നടക്കുന്ന സമയം കണക്കാക്കി, ഞാൻ അയാൾക്കെതിരെ നടന്നു. വഴിയരികിൽ അഭിമുഖമായി നിന്ന് ഞങ്ങൾ പല നാട്ടുകാര്യങ്ങളും പറഞ്ഞു. ആശ ആവശ്യപ്പെട്ട പണത്തെക്കുറിച്ച് മാത്രം അയാൾ ഒന്നും മിണ്ടിയില്ല. മൂന്ന് ദിവസത്തെ നിരീക്ഷണത്തിനുശേഷം, അവരുടെ വീട്ടിലെ പ്രശ്നം ആശയുടേത് മാത്രമാണെന്ന് ഞാൻ സ്ഥിരീകരിച്ചു. പക്ഷേ, പ്രഭ അത് സമ്മതിച്ചില്ല.

“പ്രശ്നം എന്തുതന്നെയാണെങ്കിലും അതയാളുടേതുകൂടിയാണ്!” അവൾ തറപ്പിച്ചു പറഞ്ഞു: “പശമുക്കി, ഇസ്തിരിയിട്ട വസ്ത്രങ്ങൾ ധരിച്ചേ മുന്‍പ് കനകരാജ് ചേട്ടനെ കണ്ടിട്ടുള്ളൂ. എന്നാലിപ്പോൾ അയാൾ ധരിക്കുന്ന വസ്ത്രങ്ങൾ പശയും അയൺബോക്സും കാണാറില്ല!”

അയൽക്കാരന്റെ സങ്കടകാരണം കണ്ടെത്താൻ കഴിയാത്തത് വലിയ മാനസികപ്രശ്നമാണെന്ന് തിരിച്ചറിഞ്ഞ് പിറ്റേന്ന് വൈകുന്നേരം ഞാൻ പ്രതീക്ഷയിലേക്ക് കയറിച്ചെന്നു. ആശ ചോദിച്ച പണം കൊടുക്കാൻ വൈകുന്നതിൽ കനകരാജിനോട് ക്ഷമാപണം നടത്താമെന്നും അപ്പോൾ അയാൾ മനസ്സുതുറക്കുമെന്നുമാണ് ഞാൻ കണക്കുകൂട്ടിയത്.

കനകരാജ് എന്നെ പ്രതീക്ഷിച്ചിരുന്നവണ്ണം വീടിനുള്ളിലേക്ക് ക്ഷണിച്ചിരുത്തി, നാട്ടുകാര്യങ്ങൾ പറഞ്ഞു. പണം കൊടുക്കാൻ കഴിയാത്തതിനെക്കുറിച്ച് പറഞ്ഞപ്പോൾ, എന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് നല്ല ബോധ്യമുണ്ടെന്ന് പറഞ്ഞശേഷമാണ്, “ഈ ആഴ്ചയെങ്കിലും ശില്പം വിറ്റുപോകുമോ?” എന്ന് ചോദിച്ചത്. ഞാൻ നിശ്ശബ്ദനായി ഇരിക്കുന്നതുകണ്ട് കനകരാജ് പറഞ്ഞു: “അതൊന്ന് വിൽക്കാൻ സജി ആത്മാർത്ഥമായി ശ്രമിക്കണം. എന്റെ കുറച്ചേറെ പണം ലോക്കായിപ്പോയി! അതൊന്ന് കിട്ടിയാലുടനെ കടം വീട്ടാം. വായ്പ വാങ്ങി ശീലമില്ലാത്തതുകൊണ്ടാണ് മറ്റാരോടും ചോദിക്കാതിരുന്നത്.”

ആശ ഞങ്ങളെ ഉറ്റുനോക്കി നിശ്ശബ്ദയായി ഇരിക്കുന്നുണ്ടായിരുന്നു.

എല്ലാ ദിവസവും ശില്പം ഞാൻ വില്‍പ്പനയ്ക്കായി കൊണ്ടുപോകും. പലരും അത് കൗതുകത്തോടെ എടുത്തുനോക്കുമെങ്കിലും വില കേൾക്കുമ്പോൾ മടക്കിത്തരും.

ചില കാര്യങ്ങൾ ചുമന്ന് നടന്ന് നമ്മൾ വല്ലാതെ വഴിതെറ്റും. ശില്പത്തിന്റെ വില കുറച്ചാൽ വലിയ നഷ്ടമുണ്ടാകുമെന്ന് എങ്ങനെയോ ഞാൻ ഉറച്ച് വിശ്വസിച്ചു. അതുപോലെയാണ് അന്‍പതിനായിരം രൂപ കനകരാജിന് കടം വീട്ടാനുണ്ടെന്ന വിചാരവും വന്നുകൂടിയത്. അതോടെ, അയാളുടെ മുന്‍പിൽ ചെന്നുപെടാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ അയാൾ എന്നെ അന്വേഷിച്ച് വീട്ടിലേക്കു വന്നു!

കനകരാജിനെ എങ്ങനെ നേരിടുമെന്നോർത്ത് ഞാൻ പ്രഭയെ കുറ്റപ്പെടുത്തി.

“കാശില്ലെന്നങ്ങ് പറഞ്ഞാൽ പോരേ?” അവൾ ഒച്ച താഴ്ത്തി ചോദിച്ചു. “നമ്മൾ അവരോട് ഒന്നും വാങ്ങിയിട്ടില്ലല്ലോ?”

ഹൃദയമില്ലാത്തവരെപ്പോലെ സംസാരിക്കരുതെന്നു പറഞ്ഞ് പ്രഭയെ അടുക്കളയിലേക്ക് തള്ളിവിട്ടിട്ട്, ശില്പമെടുത്ത് കയ്യിൽ വെച്ചുകൊണ്ടാണ് ഞാൻ വാതിൽ തുറന്നത്.

നിരാശപൂണ്ട ചിരിയോടെ എന്റെ കയ്യിൽനിന്നും ശില്പം വാങ്ങിക്കൊണ്ട് അയാൾ സിറ്റൗട്ടിലെ സിമന്റ് ബഞ്ചിൽ ഇരുന്നു. പണത്തെക്കുറിച്ച് ഒന്നും ചോദിക്കാതെ അയാൾ ശില്പം പരിശോധിക്കുന്നത് കണ്ടപ്പോൾ എനിക്ക് ആശ്വാസം തോന്നി.

“ഇത് വീട്ടിലോ സ്ഥാപനത്തിലോ വെച്ചാൽ ധനാഗമനമോ അഭിവൃദ്ധിയോ ഉണ്ടാകുമെന്ന് പറഞ്ഞാൽ വേഗം വിറ്റുപോയേക്കും” കനകരാജ് പറഞ്ഞു.

അയാൾ തൊപ്പിയൂരി ഉഷ്ണം അകറ്റാനെന്നപോലെ വീശി. മുന്‍പ് കൃതാവിൽ മാത്രം നരയുണ്ടായിരുന്ന അയാൾ തലയാകെ നരച്ച് വൃദ്ധനായിരിക്കുന്നു!

അയാൾ പറഞ്ഞ കച്ചവടതന്ത്രത്തെക്കുറിച്ചാണ് ഞാൻ ആലോചിച്ചത്. അങ്ങനെയെന്തെങ്കിലും പറഞ്ഞ്, അതിൽ കൗതുകം കണ്ടവരെ പ്രലോഭിപ്പിച്ചിരുന്നെങ്കിൽ അത് വിറ്റുപോകുമായിരുന്നു. എന്നാൽ, അങ്ങനെയൊന്നും പറയാൻ എനിക്ക് കഴിവില്ല. ഉള്ള തൊഴിലിൽ മായം ചേർത്തിട്ട് പരാജയപ്പെട്ടാൽ മറ്റൊന്നും ചെയ്യാനും അറിയില്ല.

“എനിക്ക് സജിയോട് ഒരു കാര്യം സംസാരിക്കാനുണ്ട്. ഇവിടെവെച്ച് പറ്റില്ല.” കനകരാജ് ശില്പം മടക്കിത്തന്നിട്ട്, രഹസ്യംപോലെ പറഞ്ഞു.

ഞാൻ കനകരാജിനൊപ്പം ഇറങ്ങിനടന്നു. അച്ഛൻകോവിലാറിന്റെ തീരത്തേക്കാണ് അയാൾ എന്നെ കൊണ്ടുപോയത്. ആറ്റുതീരത്ത് അയാൾ വെറും നിലത്തിരുന്നു. തറയിൽ തൊട്ടുകാണിച്ചിട്ട് എന്നോടും അവിടെ ഇരിക്കാൻ പറഞ്ഞു. ഞാൻ നാലഞ്ച് വട്ടയിലകൾ ഇറുത്ത് നിലത്തിട്ട്, അതിന്മേൽ ഇരുന്നു.

“നിനക്ക് എന്റെ ചിറ്റപ്പനെ അറിയാമോ, വിജയഭാസ്‌കറിനെ?” ഒഴുക്കുണ്ടെന്ന് തോന്നിക്കാത്ത നദിയിലേക്ക് നോക്കി കനകരാജ് ചോദിച്ചു.

അറിയാം എന്ന ഭാവത്തിൽ ഞാൻ തലയിളക്കി.

വിജയഭാസ്‌കർ പണ്ടേ അമേരിക്കയിൽ പോയി പൗരത്വം സ്വീകരിച്ച്, അവിടെ ജോലി ചെയ്തിരുന്ന ആളാണ്. അയാൾ ഒരു ഗുജറാത്തി സ്ത്രീയെ ആണ് വിവാഹം കഴിച്ചത്. മക്കളില്ലാത്ത അവർക്ക് കനകരാജിനെ മകനെപ്പോലെ ഇഷ്ടമായിരുന്നു. മുന്‍പൊക്കെ വർഷാവർഷം അവർ കനകരാജിനെ കാണാൻ നാട്ടിൽ വരുമായിരുന്നു. ഭാര്യ മരിച്ചതിനുശേഷം നാട്ടിൽ വന്നിട്ടില്ലാത്ത വിജയഭാസ്‌കർ രണ്ട് വർഷം മുന്‍പ് മരിച്ചുപോയി. അമേരിക്കയിൽത്തന്നെയാണ് അയാളുടെ ഭൗതികശരീരം സംസ്കരിച്ചത്. ഒരു മകന്റെ ഹൃദയവ്യഥയോടെ കനകരാജ് ഈ ആറ്റുതീരത്തിരുന്ന് അയാൾക്കുവേണ്ടി ബലികർമങ്ങൾ ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

“ചിറ്റപ്പന്റെ പേരിൽ എഴുപത്തഞ്ച് ലക്ഷം ഡോളർ ന്യൂയോർക്ക് സിറ്റി ബാങ്കിൽ നിക്ഷേപമുണ്ട്. അതിന്റെ അവകാശിയായി വെച്ചിരിക്കുന്നത് എന്നെയാണ്!” ഭാവഭേദമില്ലാതെ കനകരാജ് പറഞ്ഞു. “നിനക്കറിയാമല്ലോ, കുഞ്ഞമ്മ മരിച്ചതോടെ ചിറ്റപ്പന് ഞാനല്ലാതെ മറ്റൊരവകാശിയില്ലെന്ന്!”

എഴുപത്തഞ്ച് ലക്ഷം ഡോളർ! എന്റെ ശരീരമാകെ ഒരു വിറപാഞ്ഞു. എന്റെ മുന്‍പിൽ നിലത്തിരുന്ന് പൂഴിമണ്ണിൽ ചൂണ്ടുവിരൽ കുത്തി വരച്ചുകൊണ്ടിരിക്കുന്ന മനുഷ്യനെ ഞാൻ അതിശയത്തോടെ നോക്കി. എന്തൊരു നിർമമതയാണ് അയാളുടെ മുഖത്ത്!

കോടികളുടെ അവകാശിയായ ഒരു മനുഷ്യനാണ് അന്‍പതിനായിരം രൂപയ്ക്കുവേണ്ടി ദിവസങ്ങളായി എന്റെ പുറകെ നടക്കുന്നത്! എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് കൊടുക്കേണ്ടതായിരുന്നു.

ചിത്രീകരണം

“നിനക്ക് വിശ്വാസം വരുന്നില്ല, അല്ലേ? ന്യൂയോർക്ക് സിറ്റി ബാങ്ക് സി.ഇ.ഒ ഫെർണാണ്ടോ ഡിമെയറിന്റെ ഇ-മെയിൽ കണ്ടപ്പോൾ എനിക്കും വിശ്വസിക്കാനായില്ല. ഞാനാകെ ഭയന്നും പോയി. വർഷങ്ങളായി അമേരിക്കയിൽ ജോലിചെയ്ത് അവിടെവെച്ച് മരണപ്പെട്ട ചിറ്റപ്പൻ സത്യമാണ്. ചിറ്റപ്പന് മറ്റ് അവകാശികളില്ലെന്നതും അദ്ദേഹത്തിന് ഞാൻ മകനെപ്പോലെ ആയിരുന്നെന്നതും സത്യമാണ്. ഞാൻ ന്യൂയോർക്ക് സിറ്റി ബാങ്കിന്റെ സൈറ്റിൽ കയറി നോക്കി. സി.ഇ.ഒയുടെ പേരും ഇ-മെയിൽ ഐഡിയും കറക്ടാണ്. എന്നിട്ടും അവിശ്വാസത്താൽ രണ്ട് ദിവസങ്ങൾകൂടി കഴിഞ്ഞാണ് ഞാൻ മറുപടി അയച്ചത്. എന്റെ കൈവശം ചിറ്റപ്പന്റെ മരണസർട്ടിഫിക്കറ്റില്ല. മറ്റ് രേഖകൾ ഒന്നുമില്ല.”

“ഒറ്റയടിക്ക് അങ്ങനെ പറഞ്ഞൊഴിയേണ്ടായിരുന്നു.”

“ഒഴിഞ്ഞതല്ല. പണമെന്ന് കേട്ട് കണ്ണ് മഞ്ഞളിച്ചിട്ട് കാര്യമില്ലല്ലോ? ഒള്ള കാര്യം പറഞ്ഞതാണ്. അവർ കൃത്യമായി മറുപടി അയച്ചു! ചിറ്റപ്പന്റെ മരണസർട്ടിഫിക്കറ്റിന്റേയും ബാങ്ക് ഡിപ്പോസിറ്റിന്റെ മെച്യൂരിറ്റി ഓവർ ഡ്യൂ സർട്ടിഫിക്കറ്റിന്റേയും പകർപ്പുകൾ അവർ മെയിലിനോപ്പം അറ്റാച്ച് ചെയ്തിരുന്നു. അവർക്ക് വേണ്ടത് എന്റെ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകളും പണം അയച്ചുതരേണ്ട ബാങ്ക് രേഖകളും മാത്രമായിരുന്നു. അതിനൊന്നും ചെലവില്ലല്ലോ. ഞാൻ അതെല്ലാം അയച്ചുകൊടുത്തു.”

“പണം കിട്ടിയോ?”

ഞാൻ അയാളുടെ മുന്‍പിലേക്ക് കുറച്ചുകൂടി നിരങ്ങിയിരുന്നു.

“ഇല്ല. ചെറിയൊരു സാങ്കേതികപ്രശ്നമുണ്ടായിരുന്നു. ഏറെ നാളായി ഡോർമെന്റായി കിടക്കുന്ന ചിറ്റപ്പന്റെ അക്കൗണ്ട് ഒന്ന് ചലപ്പിക്കണമായിരുന്നു. അതിന് ഏഴായിരം ഡോളർ വേണമായിരുന്നു!”

“അതിനാണോ കടം ചോദിച്ചത്?”

അയാൾ ചുണ്ടുകൾ കോട്ടി ചിരിച്ചു.

“അന്‍പതിനായിരം രൂപയും ഏഴായിരം ഡോളറും തമ്മിൽ ഇന്ത്യയും അമേരിക്കയുംപോലെ വ്യത്യാസമുണ്ടെടാ.”

“ഓ...! ഞാനത് ഓർത്തില്ല.”

ഏഴായിരം ഗുണം എൺപതെന്ന് ഞാൻ പെട്ടെന്നൊരു മനക്കണക്ക് കൂട്ടി!

“ഒന്നാമത് എന്റെ കൈവശം ഡോളറില്ലായിരുന്നു. അതു പോട്ടെ, ഡോളറെങ്ങനെയെങ്കിലും ഉണ്ടാക്കാമെന്ന് ചിന്തിച്ചപ്പോൾ ബാങ്ക് സി.ഇ.ഒ തന്നെ അതിനുള്ള പരിഹാരം നിർദേശിച്ചു. അവരുടെ ബാങ്കിന്റെ മോണിറ്ററി ഏജന്റായ ആസിഫ് റാസ എന്നയാളുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ഏഴായിരം ഡോളറിന് തത്തുല്യമായ ഇന്ത്യൻ രൂപ അടച്ചാൽ മതി. എന്നാൽ, ഇന്നത്തെക്കാലത്ത് ഇതൊക്കെ എങ്ങനെ വിശ്വസിക്കും? നൂറുനൂറ് ചതികളുടെ വാർത്തകളല്ലേ ദിവസവും കേൾക്കുന്നത്?” അയാൾ അല്പനേരം നിശ്ശബ്ദനായിട്ട് തുടർന്നു: “നമ്മുക്ക് ഇതെല്ലാം സത്യമാണോ എന്നന്വേഷിക്കാൻ വഴികളുണ്ടല്ലോ? ഞാൻ അന്വേഷിച്ചു. ബാങ്കും സി.ഇ.ഒയും ഇ-മെയിൽ ഐഡിയും സത്യമാണെന്ന് കണ്ടെത്തിയതുപോലെ ആസിഫ് റാസയും സത്യമാണ്! അയാൾ ഡൽഹിയിൽ താമസിക്കുന്ന ബംഗാളിയാണ്!”

“അയാൾക്ക് പണം അയച്ചുകൊടുത്തോ?”

“കൊടുത്തു. നമ്മൾ ഭാഗ്യക്കുറികൾ എടുക്കുന്നത് അടിക്കില്ലെന്ന് വിശ്വസിച്ചാണോ?”

“അല്ല.”

“ഒരു ചെറിയ പ്രശ്നംകൂടി ഉണ്ടായിരുന്നു. അത്രയും പണം ഒറ്റയടിക്ക് നമ്മുടെ അക്കൗണ്ടിലേക്ക് വരുന്നത് ഇന്ത്യൻ റവന്യൂ ഡിപ്പാർട്ടുമെന്റ് അറിയേണ്ടതുണ്ടായിരുന്നു. കാശ് വന്നശേഷം കേസും അന്വേഷണവുമായി സോഴ്‌സ് കാണിക്കാൻ നടക്കുന്നതിനെക്കാൾ നല്ലത് അതുതന്നെയാണെന്ന് എനിക്കും തോന്നി. അതിനായി ഇന്ത്യൻ റവന്യൂ സർവീസിലേക്ക് എനിക്ക് ഒന്‍പതിനായിരം ഡോളറിന് തത്തുല്യമായ രൂപ അയക്കേണ്ടതായിവന്നു.”

“അപ്പോൾ പണം കിട്ടിയോ?”

“ഇല്ല! പത്ത് പതിമൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടപ്പോഴേക്കും തിരിച്ചുകയറാൻ കഴിയാത്തവണ്ണം ഞാൻ കളത്തിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു. നീ പണം വെച്ച് ചീട്ട് കളിച്ചിട്ടുണ്ടോ? ഓരോ തോൽവിയിലും നമ്മുടെ ചിന്ത എന്താണ്? അടുത്ത കളിയിൽ തിരിച്ചുപിടിക്കാമെന്നല്ലേ? ഇതും അതുപോലൊരു കളിയായിരുന്നു. മൊത്തം നാലഞ്ച് അക്കൗണ്ടുകളിലേക്കായി ഞാൻ അറുപത്തേഴ് ലക്ഷം രൂപ അയച്ചു കൊടുത്തു. ഇപ്പോൾ അവർ ചോദിക്കുന്നത് അറുനൂറ് ഡോളറാണ്. അതുകൂടി കൊടുത്താൽ എഴുപത്തഞ്ച് ലക്ഷം ഡോളർ എന്റെ അക്കൗണ്ടിലെത്തുമെന്നാണ് ഉറപ്പ് പറയുന്നത്. ഇനി ഒരു പരീക്ഷണത്തിന് പാങ്ങില്ലെന്ന് പറയാത്തതുകൊണ്ട് അവർ ലൈവിൽ നിൽക്കുകയാണ്!”

“കൊടുത്ത പണം തിരികെ കിട്ടില്ലെന്ന് ഉറപ്പാണോ?”

“ഉറപ്പാണ്! എന്നാൽ, എങ്ങനെയെങ്കിലും അറുനൂറ് ഡോളർ കൂടി അയച്ച് കൊടുക്കാനാണ് ആശ പറയുന്നത്. അവൾ ഈ കളിയിൽ അവസാനമാണ് വന്നുചേർന്നത്. ആദ്യമേ പറഞ്ഞിരുന്നുവെങ്കിൽ, അവളിത് അനുവദിക്കില്ലായിരുന്നു. ഇന്നിപ്പോൾ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ, അറുനൂറ് ഡോളർകൂടി അയച്ചുകൊടുത്തിട്ട് പണം കിട്ടുമോ എന്ന് ഒന്നുകൂടി പരീക്ഷിക്കാനാണ് അവൾ പറയുന്നത്. ഞങ്ങൾക്കു മുന്‍പിൽ മറ്റൊരു വഴിയും ഇല്ല. മകന്റെ അവസാനഗഡു ഫീസ് വിദേശത്തെ സർവകലാശാലയിൽ അടയ്ക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അതിനായി അവൻ വിളിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി.”

ചിത്രീകരണം

“അറുപത്തേഴ് ലക്ഷം രൂപ ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നോ?” ഞാൻ വിശ്വാസം വരാതെ ചോദിച്ചു.

“എന്റെ കയ്യിൽ പത്തു പന്ത്രണ്ട് ലക്ഷം രൂപയേ ഉള്ളായിരുന്നു. മകന്റെ ഫീസടയ്ക്കണമെന്നും വീടിനോട് ചേർന്നുള്ള കടമുറിയിൽ ചെറിയൊരു ബിസിനസ് തുടങ്ങണമെന്നും വിചാരിച്ച് ഇരിക്കുകയായിരുന്നു. അപ്പോഴാണ് ആ ഇ-മെയിൽ വന്നത്. ആദ്യം കയ്യിലുള്ള പണം എടുത്തു. പിന്നീട്, പുതിയ കാറ് വാങ്ങാനാണെന്നു പറഞ്ഞ് പഴയത് വിറ്റു. ആശയുടെ സ്വർണാഭരണങ്ങൾ ക്ഷേത്രത്തിലെ തൽക്കാല ആവശ്യത്തിനു പണയം വെയ്ക്കാനാണെന്ന് വിശ്വസിപ്പിച്ചു, വിറ്റു. ക്ഷേത്രം നവീകരണത്തിനായി വെച്ചിരുന്ന ഫണ്ടെടുത്തു കമ്മറ്റിക്കാർ അറിയാതെ മറിച്ചു. ഒടുവിൽ, പിടിച്ചുനിൽക്കാൻ കഴിയാതെ വീടും സ്ഥലവും ബാങ്കിൽ പണയം വെച്ചു. ഇനിയിപ്പോൾ മുങ്ങാൻ ഒട്ടും ബാക്കിയില്ല. ഫീസിനുവേണ്ടി വിളിക്കുന്ന മകൻ, അച്ഛനെന്തെങ്കിലും ഒന്നു പറയെന്ന് വിങ്ങുന്നത് കേട്ടിട്ടും എനിക്ക് മറുപടിയില്ലായിരുന്നു. പഠനം മുടക്കിയിട്ട് എന്തായാലും നാട്ടിലേക്കില്ലെന്നാണ് അവൻ അവസാനം വിളിച്ചപ്പോൾ ഭീഷണിപോലെ പറഞ്ഞത്. നാലഞ്ച് ദിവസമായി വിദേശത്തുനിന്നുള്ള കോളുകളൊന്നും ഞാൻ എടുക്കുന്നില്ല. ഒന്നുകിൽ മകനാണ്. അല്ലെങ്കിൽ, അവർ. രണ്ടുപേരോടും എന്തു പറയണമെന്ന് എനിക്ക് അറിയില്ല. ആരോടെങ്കിലും ഇതൊക്കെയൊന്ന് പറഞ്ഞില്ലെങ്കിൽ ഞാൻ മരിച്ചുപോകുമെന്ന് തോന്നിയതിനാലാണ് സജിയോട് പറഞ്ഞത്. തൽക്കാലം ഇത് മറ്റാരും അറിയണ്ട.”

“കേസുകൊടുക്കണം. പണം തരിച്ചുകിട്ടാൻ മറ്റൊരു മാർഗവും കാണുന്നില്ല.” അല്പനേരം ആലോചിച്ചിട്ട്, അയാളുടെ കൈപിടിച്ച് മരവിച്ച കണ്ണുകളിലേക്ക് നോക്കി ഞാൻ പറഞ്ഞു: “എന്തുകാര്യത്തിനും കൂടെ നിൽക്കാം. മകനെ വിളിച്ച് ആശ്വസിപ്പിക്കണം.”

വീട്ടിൽ തിരിച്ചെത്തുമ്പോൾ പ്രഭ എന്നെ പ്രതീക്ഷിച്ച് നിൽക്കുന്നുണ്ടായിരുന്നു. കനകരാജിന്റെ പ്രശ്നം അറിയാൻ അവൾ അക്ഷമയോടെ കാത്തുനിൽക്കുകയാണെന്നാണ് ഞാൻ കരുതിയത്. ഞാൻ വരാന്തയിലേക്ക് കയറിപ്പോൾത്തന്നെ അവൾ പറഞ്ഞു: “നാളെ എങ്ങനെയെങ്കിലും പതിനായിരം രൂപ കണ്ടെത്തണം. സരുണിന്റെ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ഫീസടയ്ക്കേണ്ട അവസാന തീയതി നാളെയാണ്.”

എന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി. സരുണിനൊപ്പം പഠിക്കുന്ന കുട്ടികളെല്ലാം ഒന്നിച്ച് ഫീസടച്ചവരാണ്. അവന്റെ മിടുക്കുകണ്ട് മാത്രമാണ് ഗഡുക്കളായി ഫീസടച്ചാൽ മതിയെന്ന സൗജന്യം സ്ഥാപനം ചെയ്തുതന്നത്. അവനെ അവിടെനിന്നു പുറത്താക്കിയാൽ ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം ഉടയും. ഞാൻ വിഷമിച്ച് നിൽക്കുന്നതു കണ്ട് അവൾ പറഞ്ഞു: “എന്തെങ്കിലും പെറുക്കിവിറ്റ് നാളെ പതിനായിരം രൂപ കണ്ടെത്തണം. പറ്റുന്നില്ലെങ്കിൽ ഏഴായിരമെങ്കിലും. മൂവായിരം ഞാൻ തരാം!”

മൂവായിരം രൂപ കഴിഞ്ഞ ഒരു വർഷംകൊണ്ട് അവൾ വീട്ടുചെലവുകളിൽനിന്നും മിച്ചം വെച്ചതായിരിക്കണം.

പെറുക്കിവിൽക്കാൻ ചില അലങ്കാരവസ്തുക്കളല്ലാതെ മറ്റൊന്നും എന്റെ കൈവശം ഇല്ല. വിലകുറച്ചോ നഷ്ടം സഹിച്ചോ അത് വിറ്റ് പണം കണ്ടെത്താനാണ് അവൾ പറയുന്നത്.

മനുഷ്യനു മാറ്റിവെയ്ക്കാൻ കഴിയാത്ത എന്തെങ്കിലും അവശ്യവസ്തുക്കളുടെ വിൽപ്പനക്കാരനായിരുന്നെങ്കിൽ ദാരിദ്ര്യത്തിൽനിന്ന് കരകയറാൻ കഴിയുമായിരുന്നുവെന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയൊരു തൊഴിൽ കണ്ടെത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല. ഏറെ പണിയെടുത്തുണ്ടാക്കുന്നതാണെങ്കിലും ഈ അലങ്കാരവസ്തുക്കൾപോലെ മറ്റൊന്നും വില്‍പ്പനയ്ക്കായി ആരും കടം തരുകയുമില്ല!

“ഇതൊരു പതിനായിരത്തിനോ ഏഴായിരത്തിനോ വിൽക്കാൻ പറ്റുമോ? മറ്റൊരു മാർഗവും ഞാൻ കാണുന്നില്ല.”

പ്രഭ ദാരുശില്പമെടുത്ത് എന്റെ നേരെ നീട്ടി.

ആദ്യം കാണുന്നതുപോലെ ഞാൻ ആ ശില്പത്തിലേക്ക് നോക്കി. അതുവരെ കണ്ടതിലും ഭംഗിയുണ്ടതിന്! പലരും അതിന് ഏഴായിരമോ പതിനായിരമോ വില താരാമെന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കൽ പതിനെണ്ണായിരം രൂപ ഒരു പ്രൊഫസർ പറഞ്ഞിരുന്നു. എന്നാൽ, അതിന്റെ വില താഴ്ത്താൻ അന്നെനിക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ അതിന്റെ കൂടിയ വില ഏഴായിരമായിരിക്കുന്നു!

“ഇതിൽ ആ ശില്പി വർഷങ്ങൾ പണിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്നും വില്‍പ്പനയ്ക്കല്ലെന്ന് അയാൾ പറഞ്ഞിട്ടുണ്ടെന്നും നിങ്ങൾ മുന്‍പ് പറഞ്ഞത് ഞാൻ ഓർക്കുന്നുണ്ട്.” പ്രഭ പറഞ്ഞു: “പിന്നെന്തുകൊണ്ടാണ് അയാളത് വെറും അയ്യായിരം രൂപയ്ക്ക് തന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തിന്റെ ശില്പം വീണുപോകരുതെന്ന് അയാൾക്ക് ഒരു ദിവസം തോന്നിയിട്ടുണ്ടാകണം.”

ആ ശില്പത്തിന്റെ പേര് ജീവിതമെന്നാണെന്നും അത് മുടിയിൽനിന്നും താഴേക്ക് ഒഴുകിയിറങ്ങുകയല്ല, പാദത്തിൽനിന്ന് മുകളിലേക്ക് വളഞ്ഞുകയറുകയാണെന്നും എനിക്ക് തോന്നി. അതിൽ കൊത്തിവെച്ചിരിക്കുന്ന ഓരോ വരകൾക്കും അർത്ഥമുണ്ട്! ആ ശില്പത്തെക്കുറിച്ച് എത്രയോ കാര്യങ്ങൾ എനിക്ക് സംസാരിക്കാൻ കഴിയും!

പിറ്റേന്ന് കാലത്ത് കനകരാജ് എന്നെ വഴിയിൽ തടഞ്ഞുനിർത്തി. കേസ് കൊടുക്കുന്നതിനായി ബാങ്കിൽനിന്നും ചില രേഖകൾ വാങ്ങാൻ പോകുകയാണെന്നും വൈകീട്ട് പൊലീസ് സ്റ്റേഷനിലേക്ക് പോകുമ്പോൾ കൂടെ ചെല്ലണമെന്നും അയാൾ പറഞ്ഞു. നേരത്തെ വരാമെന്ന് സമ്മതിച്ച് ഞാൻ വണ്ടി വിടാൻ തുടങ്ങിയപ്പോൾ അയാൾ ഹാന്റിലിൽ പിടിച്ചുകൊണ്ട് പോക്കറ്റിൽനിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു.

“നേരം വെളുക്കുന്നതിനു മുന്‍പേ മുതൽ ഇതിലേക്ക് കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്.” അയാൾ മൊബൈൽ ഫോൺ എന്റെ നേരെ പിടിച്ചു. “എല്ലാം വിദേശത്തുനിന്നാണ്. ഇത്രയും കോളുകൾ ഇങ്ങനെ അടുപ്പിച്ച് വരുന്നത് ആദ്യമായിട്ടാ. ഞാൻ ഒന്നും എടുത്തിട്ടില്ല.”

“മകനാണെങ്കിലോ?”

“ഏ... അല്ലല്ല! ഇതെല്ലാം പല നമ്പരുകളിൽനിന്നാണ്! ഇതവർ തന്നെയാണ്. ഇനി പൊലീസ് സ്റ്റേഷനിൽ പോയിട്ടേ അവരുമായി സംസാരിക്കുന്നുള്ളൂ.”

വൈകീട്ട് നേരത്തേ വരാമെന്നു കനകരാജിനോട് പറഞ്ഞെങ്കിലും എന്റെ മനസ്സ് നിറയെ ഏഴായിരം രൂപ ആയിരുന്നു. അപൂർവം ദിവസങ്ങളിലേ ഏഴായിരമോ അതിലധികമോ രൂപയുടെ കച്ചവടം ഞാൻ നടത്തിയിട്ടുള്ളൂ. ശില്പത്തിന്റെ പഴയ വില അറിയാവുന്നവരോട് വിലകുറച്ച് തരാമെന്നു പറഞ്ഞാൽ അതിന്റെ ഗുണത്തെക്കുറിച്ച് സംശയിക്കുമെന്നും മറ്റെന്തെങ്കിലും വിറ്റിട്ടായാലും പണം കിട്ടിയാൽ മതിയെന്നും ഞാൻ ചിന്തിച്ചു.

കനകരാജ് അനുഭവിക്കുന്ന വേവലാതിയെക്കുറിച്ച് ഓർത്തപ്പോൾ എനിക്ക് സങ്കടം തോന്നി. വലിയ സ്വപ്നങ്ങളുമായി വിദേശത്തേക്കയച്ച മകനോട് ഇനി അയാൾക്ക് എന്തായിരിക്കും പറയാനുണ്ടാകുക? എത്ര ദിവസം മകനോട് സംസാരിക്കാതിരിക്കാൻ അയാൾക്ക് കഴിയും?

മകനുവേണ്ടി, ഏഴായിരം രൂപ എന്ന ഇന്നത്തെ എന്റെ ജീവിതത്തിനു നേരെയാണ് ഞാൻ വണ്ടിയോടിക്കുന്നത്! ഇന്നലെ വരെ ധനികനായിരുന്ന കനകരാജ് ഇന്ന് എവിടേക്ക് വണ്ടിയോടിക്കും?

വില്‍പ്പനയ്ക്ക് സാധ്യതയുള്ളിടങ്ങളിലെല്ലാം പോയിട്ടും മൂവായിരം രൂപയുടെ കച്ചവടമേ നടന്നുള്ളൂ. സാധാരണ ദിവസങ്ങളിൽ അതുകൊണ്ട് ഞാൻ തൃപ്തനാകുമായിരുന്നു. ചെലവ് കിഴിച്ചാൽ എനിക്ക് ആയിരം രൂപയെങ്കിലും മിച്ചം കിട്ടും. കനകരാജ് പറഞ്ഞതുപോലെ, ആ ശില്പം കൊടുത്തിട്ട് വീട്ടിലോ സ്ഥാപനത്തിലോ വെച്ചാൽ ധനാഗമനമോ അഭിവൃദ്ധിയോ ഉണ്ടാകുമെന്ന് പറഞ്ഞ് നോക്കിയാലോ എന്ന് ഇടയ്ക്ക് ഞാൻ ചിന്തിച്ചു. പോയാൽ ഒരു വാക്ക്! എന്നാൽ, എനിക്ക് ആ ശില്പത്തിന്റെ സൗന്ദര്യത്തെക്കുറിച്ച് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുള്ളൂ. ഞാനത് ജീവിതമാണെന്ന് പറഞ്ഞപ്പോൾ പലരും എന്നെ അതിശയത്തോടെ നോക്കി. മുന്‍പ് അതെന്താണെന്ന് എനിക്ക് മനസ്സിലാകാതിരുന്നതുപോലെ അവർക്കും ഞാൻ പറയുന്നത് മനസ്സിലായില്ല. വൈകുന്നേരത്തോടെ, മുന്‍പ് ആ ശില്പത്തിന് പതിനെണ്ണായിരം രൂപ തരാമെന്ന് പറഞ്ഞിരുന്ന പ്രൊഫസറുടെ വീട്ടിലേക്ക് ഞാൻ ചെന്നു.

പ്രൊഫസർക്ക് എന്നെ മനസ്സിലായി. ഞാൻ ശില്പമെടുത്ത് അദ്ദേഹത്തിന്റെ നേരെ നീട്ടി.

“ഇതിതുവരെ വിറ്റുപോയില്ലേ?” അദ്ദേഹം അതിശയത്തോടെ ചോദിച്ചു.

ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ട്, മുന്‍പതിന് അദ്ദേഹം തരാമെന്ന് പറഞ്ഞിരുന്ന വില ഓർമിപ്പിച്ചു.

“ഓർമയുണ്ട്. ഇതിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്ന് അന്നെനിക്ക് തോന്നിയിരുന്നു.”

“ഇപ്പോഴും ഉണ്ട്, സാർ.”

“കാണും.”

അദ്ദേഹം ശില്പം തിരിച്ചും മറിച്ചും നോക്കി.

പ്രൊഫസറോട് അതിന്റെ സൗന്ദര്യത്തെക്കുറിച്ച് പറയാതെ എനിക്കത് വിൽക്കേണ്ട അത്യാവശ്യത്തെക്കുറിച്ചും വിലകുറച്ച് ഏഴായിരം രൂപയ്ക്ക് തരാമെന്നും ഞാൻ പറഞ്ഞു.

“ഈ ശില്പം ഇഷ്ടപ്പെട്ടതിനാലാണ്, നീയതിന് ഉയർന്ന വില ചോദിച്ചിട്ടും, ഞാനന്ന് അത്രയും പറഞ്ഞത്. ഇപ്പോൾ എനിക്കിത് കണ്ടിട്ട് പഴയ താല്പര്യം തോന്നുന്നില്ല. പ്രൊഫസർ ശില്പം ടീപ്പോയിൽ വെച്ചിട്ട്, നിരാശയുടെ കിടങ്ങിലേക്ക് വീണുപോയ എന്റെ നേരെ നോക്കി, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: “എന്നാലും ഞാനിതു വാങ്ങും! നിന്റെ സന്തോഷത്തിനുവേണ്ടി മാത്രം!”

പ്രൊഫസർ എന്റെ ഫോൺ നമ്പർ ചോദിച്ചശേഷം പണം അയച്ചു. പന്ത്രണ്ടായിരം രൂപ! ഞാൻ പ്രൊഫസറുടെ കൈപിടിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പ്രൊഫസർ പുറത്തുതട്ടി, മകനെ നന്നായി പഠിപ്പിക്കണമെന്ന് പറഞ്ഞാണ് യാത്രയാക്കിയത്.

ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ കനകരാജ് എന്നെ പ്രതീക്ഷിച്ച് ഞങ്ങളുടെ സിറ്റൗട്ടിൽ ഇരിക്കുന്നുണ്ടായിരുന്നു.

പ്രഭ എന്നെ കണ്ണുകൾകൊണ്ട് വീടിനുള്ളിലേക്ക് വിളിച്ചു. ഞാൻ വേഗം തയ്യാറായി വരാമെന്ന് പറഞ്ഞ് അകത്തേക്ക് ചെന്നു. അവൾക്ക് അറിയേണ്ടിയിരുന്നത് ഫീസടയ്ക്കാനുള്ള പണം തികഞ്ഞോ എന്നായിരുന്നു. പതിനയ്യായിരം രൂപയുടെ കച്ചവടം നടന്നെന്ന് അറിഞ്ഞപ്പോൾ അവൾ എന്റെ ഇരുകവിളുകളിലും ചുണ്ടുകളിലുമായി ഓരോ ഉമ്മകൾ തന്നു.

റോഡിലേക്ക് നോക്കിയിരിക്കുന്ന കനകരാജിനെ ജനാലയിലൂടെ ഞങ്ങൾക്ക് കാണാമായിരുന്നു.

അയാൾ ശില്പത്തെക്കുറിച്ച് ചോദിച്ചാൽ എന്തുപറയുമെന്ന് ഞാൻ ആശങ്കപ്പെട്ടു.

“എന്ത് പറയാനാണ്? കാനൽ കണ്ട് അയാൾ ജലമെന്ന് ധരിച്ചതിന് നമ്മളാണോ കുറ്റക്കാർ? അത്യാവശ്യം വന്നപ്പോൾ വിലകുറച്ച് വിറ്റ് കാര്യം നടത്തിയെന്നു പറയണം” പ്രഭ നിസ്സാരമട്ടിൽ പറഞ്ഞു.

അന്നേരം എന്റെ ഫോണിലേക്കും വിദേശത്തുനിന്നുള്ള ഒരു വിളി വന്നു! ഞാനത് എടുക്കാൻ തുടങ്ങിയെങ്കിലും പെട്ടെന്ന് കൈ പിൻവലിച്ചു. വിദേശത്തുനിന്ന് വിളികളൊന്നും എനിക്ക് വരാറില്ല. ഇന്ന് അക്കൗണ്ടിലേക്ക് പണം വന്ന വിവരം ആരെങ്കിലും അറിഞ്ഞിട്ടുണ്ടാകുമോ?

നിർത്താതെ ചിലയ്ക്കുന്ന ഫോണിലേക്ക് നോക്കി, “അതെടുത്തുകൂടെ” എന്ന് പ്രഭ ചോദിച്ചു. ഫോണുമായി ഞാൻ വേഗം കനകരാജിന്റെ സമീപത്തേക്ക് ചെന്നു. നമ്പർ കണ്ട്, ഫോൺ എടുക്കരുതെന്ന് അയാൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞങ്ങളെ ആരോ നിരീക്ഷിക്കുന്നുണ്ടെന്ന ഭയം എന്നെയും ഗ്രസിച്ചു.

ഫോൺ വീട്ടിൽവെച്ചിട്ടാണ് ഞാൻ അയാൾക്കൊപ്പം ഇറങ്ങിയത്.

കനകരാജിന്റെ കൈവശം കുറച്ചേറേ പേപ്പറുകളുണ്ടായിരുന്നു. പണം പോയ തീയതികൾ തന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റുമെന്റിൽ മാർക്കർകൊണ്ട് അടയാളപ്പെടുത്തിയിരുന്നതും ന്യൂയോർക്ക് സിറ്റി ബാങ്കിന്റെ പേരിൽ വന്ന ഇ-മെയിലുകളുടെ വിവരങ്ങളും പണം കൈപ്പറ്റിയതിലേക്ക് അവർ അയച്ചുകൊടുത്തിരുന്ന രസീതുകളും അയാൾ എനിക്കു കാണിച്ചുതന്നു. തന്റെ കൈവശം അറുപത്തിയേഴ് ലക്ഷം രൂപ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളും അയാൾ കയ്യിൽ കരുതിയിരുന്നു.

കനകരാജ് സ്കൂട്ടർ സ്റ്റാർട്ട് ചെയ്തപ്പോഴേക്കും പ്രഭ എന്റെ മൊബൈൽ ഫോണുമായി റോഡിലേക്ക് ഓടിവന്നു. അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഞാനത് മറന്നതല്ലെന്ന് പറഞ്ഞിട്ടും അവൾ കൈയ്ക്കുപിടിച്ച് കുറച്ചകലേക്ക് വലിച്ചുകൊണ്ടുപോയി, ഫോൺ എന്റെ ചെവിയോടു ചേർത്തുവെച്ചു.

തൂവിപ്പോയ കണ്ണുകൾ കനകരാജ് കാണാതിരിക്കാൻ പ്രഭ എതിർ ദിശയിലേക്ക് തിരിച്ചുപിടിച്ചു.

ഞങ്ങളുടെ അടുത്തേക്ക് നടന്നെത്തിയ കനകരാജ് എന്നെ സംശയത്തോടെ നോക്കി.

മകന്റെ ആത്മഹത്യയെക്കുറിച്ച് അയാളോട് എങ്ങനെ പറഞ്ഞുതുടങ്ങും?

കനകരാജിന്റെ ഫോണിനെ വിറപ്പിച്ച് അപ്പോഴും ഒരു വിളി വന്നു. ഇപ്രാവശ്യം അയാൾ അതെടുത്ത് ചെവിയോടു ചേർത്തു.

ചിത്രീകരണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാരുതി 800ല്‍ തുടങ്ങി 'റോള്‍സ് റോയ്‌സി'ന്റെ വമ്പന്‍നിര; റിയല്‍ എസ്റ്റേറ്റിലൂടെ ശതകോടീശ്വരന്‍; ആരാണ് സിജെ റോയ്?

ഇന്ത്യ - ന്യൂസിലന്‍ഡ് ടി20; നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

സ്ലൊവാക്യയിൽ ഹോട്ടൽ വ്യവസായത്തിൽ 100 ഒഴിവുകൾ, പത്താംക്ലാസ്, ഹയർസെക്കൻഡറി യോഗ്യതയുള്ളവർക്ക് ജോലി; ഒഡേപെക് വഴി അപേക്ഷിക്കാം

'ഓസീസ് ബി ടീമിനെ ഒരു മത്സരത്തിൽ തോൽപ്പിച്ചു, അതിനാണ് ഈ ബിൽഡ് അപ്പ്'! പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് മുൻ ഇന്ത്യൻ താരം

'ഐസ്' അല്ല, പാസ്‌പോര്‍ട്ട് 'ചൂടോടെ' ഉണ്ട്! 'ഐസിസി... ലോകകപ്പിൽ സീറ്റുണ്ടോ?'; പാകിസ്ഥാനെ 'ട്രോളി' ക്രിക്കറ്റ് ഉഗാണ്ടയും

SCROLL FOR NEXT