ചിത്രീകരണം  സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ഓണപ്പതിപ്പ് 2026: സച്ചിദാനന്ദൻ എഴുതിയ കഥ: പർവതങ്ങളെ വളർത്തിയെടുത്ത ബുദ്ധിമാനായ യുവാവിന്റെ കഥ

സച്ചിദാനന്ദന്‍

ഒരിക്കൽ ‘കേ’ എന്ന നാട്ടിൽ അതിബുദ്ധിമാനായ ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു: പീതാംബരൻ. അദ്ധ്യാപകൻ ആയിരുന്നതിനാൽ നാട്ടുകാർ അയാളെ ‘മാസ്റ്റർ’ എന്നു വിളിച്ചു. തന്റെ അച്ഛനിൽനിന്ന് അയാൾ മാവോ പറയാറുള്ള ഒരു നാടോടിക്കഥ കേട്ടിരുന്നു: പർവതങ്ങളെ നീക്കംചെയ്ത വിഡ്ഢിയായ വൃദ്ധന്റെ കഥ. എന്നും ആ വൃദ്ധൻ തൂമ്പകൊണ്ട് മലയിൽനിന്ന് അല്പം കിളച്ചു മാറ്റും. എന്തിന് എന്നു ചോദിക്കുന്നവരോട് അയാൾ പറയും: “അടുത്ത തലമുറകളും എന്റെ പണി തുടർന്നാൽ നമുക്കു തടസ്സമായ ഈ പർവതങ്ങൾ നമുക്ക് ഇല്ലാതാക്കാം.” മാവോ ആ കഥ രാഷ്ട്രീയമായ അർത്ഥത്തിലാണ് പറഞ്ഞത് എന്നും അയാൾക്ക് അറിയാമായിരുന്നു, ജനതയുടെ വിമോചനത്തിനും പുരോഗതിക്കും മുന്നിലുള്ള തടസ്സങ്ങൾ നീക്കാൻ എല്ലാവരും കഴിയുംപോലെ ശ്രമിക്കണം എന്ന് ഓർമിപ്പിക്കാൻ, അങ്ങനെ ജനതയ്ക്ക് ആത്മവിശ്വാസം പകരാൻ. ആ പേരിൽ ഒരു കഥ തന്റെ ഭാഷയിലും അയാൾ വായിച്ചിരുന്നു.

പക്ഷേ, പീതാംബരന് മറ്റൊരാലോചനയാണ് വന്നത്. അയാൾ നിത്യവും ഒരു തുറന്ന മൈതാനത്തിൽ തന്റെ പുരയിടത്തിൽനിന്നു കിളച്ചെടുത്ത ഒരുപിടി ചുകന്ന മണ്ണ് കൊണ്ടിടാൻ തുടങ്ങി. ആളുകൾ അയാളെ പരിഹസിച്ചു: കളിക്കാൻ പറ്റിയ നല്ല മൈതാനം. ഇയാൾ എന്തിനാണ് ഇവിടെ മണ്ണു കൊണ്ടിടുന്നത്? വിഡ്ഢി എന്നുവരെ ചിലർ പറയാൻ തുനിഞ്ഞെങ്കിലും അയാൾ അങ്ങനെയല്ലെന്നും ഗ്രാമത്തിലെ സ്കൂളിലെ ഏറ്റവും മിടുക്കനായ അദ്ധ്യാപകനാണെന്നും അവർക്ക് അറിയാമായിരുന്നു. അപ്പോൾ സംശയം, അയാൾക്ക് എന്തെങ്കിലും മാനസികവിഭ്രമം ഉണ്ടായോ എന്നായി.

ഇതു കേട്ടിട്ടും ചെറുപ്പക്കാരൻ തന്റെ ശീലം കൈവെടിഞ്ഞില്ല. രാവിലെ കുളിക്കാൻ പോകും മുൻപ് അയാൾ തന്റെ മൺനിക്ഷേപം നടത്തും. ആദ്യമാദ്യം അയാൾ രാവിലെ മൈതാനത്തിൽ പോകുമ്പോൾ ആളുകൾ കരുതിയത് നടക്കാനോ ഓടാനോ ആണെന്നാണ്, പിന്നെപ്പിന്നെ എല്ലാവർക്കും മനസ്സിലായി ഇത് അയാളുടെ ഒരു പതിവാണെന്ന്. അതിനിടെ അയാൾ വിവാഹം കഴിച്ചു. തന്റെ പങ്കാളിയോടും തന്റെ കൂടെ ഒരുപിടി മണ്ണുമായി വരാൻ അയാൾ ആവശ്യപ്പെട്ടു. താൻ വിവാഹം കഴിച്ചത് മാനസികമായി തകരാറുള്ള ഒരാളെ ആയിപ്പോയോ എന്ന് അവൾ കൂടെ പഠിപ്പിച്ചിരുന്ന ഒരു അദ്ധ്യാപിക ആദ്യം സംശയിച്ചുവെങ്കിലും ആ നടത്തങ്ങൾക്കിടയിൽ തന്നെയാണല്ലോ തങ്ങൾ പരസ്പരം പരിചയപ്പെട്ടത് എന്നോർത്ത് ക്ഷമിച്ചു. ഇപ്പോൾ മണ്ണുമായി പോകുന്നവർ രണ്ടായി. അവർക്ക് രണ്ടു കുട്ടികൾ ഉണ്ടായപ്പോൾ അവരോടും രാവിലെ തങ്ങളുടെ കൂടെ ചേരാൻ പീതാംബരൻ പറഞ്ഞു. അവർ അത് ഒരു കളിയായി എടുത്ത് എല്ലാ ദിവസവും അച്ഛന്റേയും അമ്മയുടേയും കൂടെ മൈതാനത്തിലേക്ക് മണ്ണുമായി പോയി.

അപ്പോഴാണ് പീതാംബരൻ ഓർത്തത് താൻ പ്രൈമറി സ്കൂളിൽ ഒരു അദ്ധ്യാപകനല്ലേ? എന്തുകൊണ്ട് താൻ പഠിപ്പിക്കുന്ന കുട്ടികളോടും കുടുംബത്തിന്റെ കൂടെ കൂടാൻ പറഞ്ഞുകൂടാ? അദ്ധ്യാപകൻ പറഞ്ഞതുകൊണ്ട് അയാൾ പഠിപ്പിക്കുന്ന കുട്ടികളും രാധ, അയാളുടെ പങ്കാളി പഠിപ്പിക്കുന കുട്ടികളും അവരുടെ കൂടെ ചേർന്നു. രാവിലെ ഉണർന്നു നോക്കുമ്പോൾ ‘കേ’ എന്ന നാട്ടിലെ ആളുകൾ ആദ്യം കാണുന്നത് ഒരു ഘോഷയാത്രയാണ്. പിന്നെ കാര്യം മനസ്സിലായില്ലെങ്കിലും പീതാംബരനോട് ആദരവുള്ള വേറെ ചില കുട്ടികളും ചില മുതിർന്നവർ പോലും ഘോഷയാത്രയിൽ ചേർന്നു. പക്ഷേ, രാഷ്ട്രീയ കക്ഷികളിൽപ്പെട്ട ചിലർ അകലം പാലിച്ചു: ഇയാൾ ഒരു പുതിയ പാർട്ടി ഉണ്ടാക്കുകയാകുമോ? അവർ കൊണ്ടുപോകുന്ന മണ്ണ് തങ്ങളുടെ കഞ്ഞിയിൽ പാറ്റ വീഴ്ത്തുമോ? അവരുടെ കയ്യിലെ ഒരുപിടി മണ്ണ് അവരുടെ കൊടി ആയിരിക്കുമോ? ഇത് കർഷകരുടെ പാർട്ടിയാവുമോ?

ഈ അവസാനത്തെ സംശയത്തിന് ഒരു കാരണവും ഉണ്ടായിരുന്നു. അവർ പശമണ്ണ് വാരിയുണ്ടാക്കിയ കുഴികളിൽ അതതു വളപ്പിന്റെ ഉടമസ്ഥർ തെങ്ങും വാഴയും മരങ്ങളും നടാൻ തുടങ്ങി. തോട്ടങ്ങളിൽ താല്പര്യമുള്ളവർ പൂച്ചെടികളും ഇലച്ചെടികളും നട്ടു. ഗ്രാമം ആകെ പച്ചയായി. അതു കണ്ടപ്പോൾ കൂടുതൽ പേർക്ക് ഉത്സാഹമായി. അവർ രാവിലെ ഘോഷയാത്ര പോകുമ്പോൾ പീതാംബരൻ തന്നെ കെട്ടിയുണ്ടാക്കിയ ഒരു പാട്ട് മുദ്രാവാക്യംപോലെ ചൊല്ലാൻ തുടങ്ങി: “പല തലമുറ കാക്കേണ്ടാ/പർവതങ്ങൾ വളരുവാൻ/പല തലമുറകൾ നോക്കേണ്ടാ/നാടു പച്ചയാകുവാൻ/പൂക്കൾകൊണ്ട് കായ്കൾകൊണ്ടു തൊടികളാകെ നിറയുവാൻ/കരിമുകിൽ തടുത്തു നിർത്തി മലകൾ മഴകൾ വീഴ്ത്തുവാൻ!”

സച്ചിദാനനന്ദന്‍

ഇതു കൂടുതൽ പേരെ ആവേശം പിടിപ്പിച്ചു. പതുക്കെപ്പതുക്കെ മണ്ണിൽനിന്നു ചെറിയ കുന്നുകൾ ഉയർന്നുവന്നു. കുട്ടികളുടെ കളി ഇപ്പോൾ പുഴക്കരയിലും സ്കൂൾ മൈതാനങ്ങളിലുമായി. കുന്നുകൾ ഉയർന്നു മലകളായി. മല പതിവായി കയറി ആളുകളുടെ ആരോഗ്യം വർദ്ധിച്ചു; അപ്പോഴേക്കും കയറാൻ കഴിയാത്തവിധം പീതാംബരൻ മാസ്റ്റർക്ക് വയസ്സായിരുന്നെങ്കിലും. മലകളിൽ ഔഷധച്ചെടികൾ കൂടി വളർന്നു. ഉയരങ്ങളിൽ മേഘങ്ങൾ ഉടക്കിനിന്നു. അവ പതുക്കെ പെയ്തിറങ്ങി. ആളുകൾ വെച്ചുപിടിപ്പിച്ച തോട്ടങ്ങൾ കാടുകളായി, മഴ കൂടുമ്പോൾ ഉണ്ടാകാവുന്ന മലവെള്ളത്തെ അവ തടഞ്ഞു. ഇടയ്ക്കിടയ്ക്ക് വറ്റാറുള്ള പുഴയിൽ വെള്ളം എന്നുമുള്ള സ്ഥിതിയായി. അതിൽ നിറയെ മീനുകൾ വളർന്നു. കുളങ്ങളും കിണറുകളും നിറഞ്ഞു. ചെറിയ തടാകങ്ങളുണ്ടായി, അവയിൽ ആമ്പലുകൾ വളർന്നു.

പീതാംബരൻ മാസ്റ്റർക്ക് വയസ്സായിരുന്നു. ഓർമ മങ്ങിത്തുടങ്ങിയിരുന്നു. 90-ാം പിറന്നാളിന് അദ്ദേഹം പഠിപ്പിച്ചിരുന്നവർ, ഇപ്പോൾ പല ജോലികളിലുള്ളവർ, സ്വന്തം തോട്ടങ്ങളിൽ വിരിഞ്ഞ പൂക്കളും വിളഞ്ഞ പഴങ്ങളുമായി മാസ്റ്ററെ കാണാൻ വന്നു. അന്ന് സ്കൂളിന് അവധിയായിരുന്നു. അവർ അദ്ദേഹത്തെ പൊതിഞ്ഞപ്പോൾ ഒരു തുള്ളി മഴ മുകളിൽനിന്നു വീണു. അന്നു രാത്രി ഒരു നക്ഷത്രം ആകാശത്ത് പുതുതായി ഉദിച്ചിരുന്നു പശമണ്ണിന്റെ ചുകപ്പും തവിട്ടും കലർന്ന നിറത്തിൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണം; ഡിജിപിക്ക് കത്ത് നല്‍കി ഇഡി; നിര്‍ണായക നീക്കം

ആനവണ്ടിക്ക് ഇനി 'സ്പോൺസർ' വരും; പൊതുഗതാഗതം വിപുലീകരിക്കാൻ പുതിയ പദ്ധതിയുമായി കോർപ്പറേഷൻ

എംഡിഎംഎയുമായി നിയമവിദ്യാര്‍ഥി അറസ്റ്റില്‍; ലഹരിക്കച്ചവടം അഭിഭാഷക വേഷത്തില്‍

'അച്ഛന്റെയും ചേട്ടന്റെയും പോരാട്ടങ്ങൾ എന്നെയും ബാധിച്ചിട്ടുണ്ട്; ഒരു പ്രശ്നക്കാരനാകാൻ എനിക്ക് താല്പര്യമില്ല'

ബി​ഗ് ബാഷിലേക്ക് ഐപിഎൽ ഫ്രാഞ്ചൈസികളും? ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ചരിത്ര പ്രഖ്യാപനം!