കുട്ടിക്കാലത്ത് കരയിച്ചിട്ടുണ്ട്; ചിരിപ്പിച്ചിട്ടുമുണ്ട്. അമ്മ കലക്കിക്കൊടുത്ത വിഷം കുടിച്ചു മരിക്കേണ്ടിവന്ന ‘തുലാഭാര’ത്തിലെ കുട്ടിയാണ് കരയിച്ചത്.
ചിരിപ്പിച്ചതാകട്ടെ, ‘ബോബനും മോളിയും’ എന്ന സിനിമയിലെ കുസൃതിക്കുടുക്കയായ മോളിയും. രണ്ടു വ്യത്യസ്ത ജനുസ്സിൽപെട്ട സിനിമകൾ, കഥാപാത്രങ്ങൾ. ഓലക്കൊട്ടകയുടെ തിരശ്ശീലയിൽ ആ പടങ്ങൾ വീർപ്പടക്കിയിരുന്നു കണ്ട എൽ.പി. സ്‌കൂൾ വിദ്യാർത്ഥി അന്നൊന്നും സങ്കല്പിച്ചിട്ടുപോലുമില്ല പഴയ കുട്ടിത്താരത്തെ ഒരിക്കൽ നേരിൽ കാണുമെന്ന്. കണ്ടു; അരനൂറ്റാണ്ടിനുശേഷം തികച്ചും യാദൃച്ഛികമായി.
കുട്ടിയുടെ പേര് ബേബി രജനി. മലയാള സിനിമയിലെ ആദ്യകാല ബാലതാരങ്ങളിൽ ഒരാൾ. ആ പേര് ഓർമയിലില്ലാത്തവർ പോലും ‘അരനാഴികനേര’ത്തിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ കുഞ്ഞേനാച്ചനു ചുറ്റും ‘ചിപ്പി ചിപ്പി മുത്തുച്ചിപ്പി’ എന്ന പാട്ടുപാടി ഓടിനടക്കുന്ന സിസിലി എന്ന കുസൃതിയെ മറക്കാനിടയില്ല. ‘വിരുതൻ ശങ്കു’വിലെ ‘ഇന്നുവരും അച്ഛൻ ഇന്നുവരും’ എന്ന ഗാനരംഗത്ത് ജയഭാരതിക്കൊപ്പവും ‘വിവാഹിത’യിലെ ‘പച്ചമലയിൽ പവിഴമലയിൽ’ എന്ന ഗാനരംഗത്ത് പത്മിനിക്കൊപ്പവും ‘അരനാഴികനേര’ത്തിലെ തന്നെ ‘ദൈവപുത്രന് വീഥിയൊരുക്കുവാൻ’ എന്ന പാട്ടിൽ ഷീലക്കൊപ്പവും നാം കണ്ടു രജനിയെ. കഷ്ടിച്ച് ആറു വർഷം മാത്രം നീണ്ട സിനിമാജീവിതത്തിൽ സത്യന്റേയും (കാട്ടുകുരങ്ങ്, കാർത്തിക, അരനാഴികനേരം) നസീറിന്റേയും (തുലാഭാരം) പി.ജെ. ആന്റണിയുടേയും (ക്രോസ്സ് ബെൽറ്റ്) കൊട്ടാരക്കരയുടേയും (മിടുമിടുക്കി) ജോസ് പ്രകാശിന്റേയും (മുത്തശ്ശി) ഉമ്മറിന്റേയും (ചിത്രമേള) ഒക്കെ കുഞ്ഞായി അഭിനയിക്കാൻ ഭാഗ്യമുണ്ടായി അവൾക്ക്; ചിലപ്പോൾ മകളായി, അല്ലെങ്കിൽ മകനായി.
വിടർന്ന ചിരിയുമായി മുന്നിൽനിന്ന അറുപത്തിമൂന്നുകാരിയിൽനിന്ന് ആ പഴയ ബേബി രജനിയെ വേർതിരിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു മനസ്സ്. കണ്ണുകളിലെ കുട്ടിത്തവും കുസൃതിയും അതേ പടി. സംസാരത്തിൽ ഇടയ്ക്കിടെ കോൺവെന്റ് ഇംഗ്ലീഷ് കടന്നുവരുമെന്ന് മാത്രം. പഠിച്ചത് ചെന്നൈയിലെ പ്രശസ്തമായ ചർച്ച് പാർക്ക് സ്‌കൂളിലാണല്ലോ. “അൻപതും അൻപത്തഞ്ചും വർഷം മുൻപ് ഞാൻ അഭിനയിച്ച സിനിമകൾ പലതും ഇപ്പോഴാണ് യുട്യൂബിൽ കാണുന്നത്. കൗതുകം തോന്നും. ചിലപ്പോഴൊക്കെ അത്ഭുതവും. അന്നത്തെ എന്നെ എനിക്കുതന്നെ തിരിച്ചറിയാൻ പ്രയാസം.”
വിഖ്യാത കാർട്ടൂൺ പരമ്പരയായ ‘ബോബനും മോളിയും’ അതേ പേരിൽ ശശികുമാറിന്റെ സംവിധാനത്തിൽ 1971-ൽ സിനിമയായപ്പോൾ മോളിയായി വേഷമിടാനുള്ള ഭാഗ്യം ലഭിച്ചത് അന്ന് ഒൻപത് വയസ്സ് പ്രായമുണ്ടായിരുന്ന രജനിക്കാണ്. ആ സിനിമ ഈയിടെ യുട്യൂബിൽ കണ്ടപ്പോൾ അത്ഭുതത്തോടെ, അതിലേറെ വേദനയോടെ മനസ്സിലാക്കിയ ഒരു സത്യമുണ്ട്; താനും നായകനായ മധു സാറും ഒഴിച്ച് ബാക്കിയെല്ലാവരും കാലത്തിന്റെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞിരിക്കുന്നു: വിജയശ്രീ, അടൂർ ഭാസി, കവിയൂർ പൊന്നമ്മ, ശങ്കരാടി, ബഹദൂർ, അടൂർ ഭവാനി, എസ്.പി. പിള്ള, മുതുകുളം, മണവാളൻ ജോസഫ്, കടുവാക്കുളം, വെട്ടൂർ പുരുഷൻ, മീന, പങ്കജവല്ലി... കഥയെഴുതിയ ടോംസും തിരക്കഥയെഴുതിയ എസ്.എൽ. പുരവും സംവിധായകൻ ശശികുമാറും പാട്ടെഴുതിയ വയലാറും എല്ലാം ഓർമ.
ഏറ്റവും വേദനാജനകമായ വേർപാട് ഒപ്പം അഭിനയിച്ച ‘ബോബ’ന്റേതായിരുന്നു. തമിഴ് നാട്ടുകാരൻ മാസ്റ്റർ ശേഖറാണ് സിനിമയിലെ ബോബൻ. നിരവധി എം.ജി.ആർ ചിത്രങ്ങളിലും മലയാളത്തിലെ സ്വാമി അയ്യപ്പനിലും (മണികണ്ഠന്റെ വേഷം) ഒക്കെ അഭിനയിച്ച ശേഖർ, പണിനടന്നുകൊണ്ടിരുന്ന സ്വന്തം വീടിന്റെ മുകൾനിലയിൽനിന്ന് അബദ്ധത്തിൽ താഴെ വീണ് മരണത്തിനു കീഴടങ്ങുകയായിരുന്നു; നാൽപ്പതാം വയസ്സിൽ.
ചെന്നൈയിലെ ശിവാജി ഗാർഡൻസിലാണ് ‘ബോബനും മോളിയും’ എന്ന സിനിമയുടെ സിംഹഭാഗവും ചിത്രീകരിച്ചതെന്നോർക്കുന്നു രജനി. ബാക്കി ഭാഗങ്ങൾ ശ്യാമള സ്റ്റുഡിയോയിൽ സെറ്റിട്ടും. “വിജയശ്രീ ചേച്ചിയുടെ ഒരു നൃത്തത്തിനിടെ ഞാനും ബേബി ശോഭയുമൊക്കെ ഇരുന്ന് നാദസ്വരം വായിക്കുന്ന രംഗം ഓർക്കുന്നു. ഇതേ ശോഭയാണ് പിന്നീട് വലിയ നടിയായി അവാർഡുകളൊക്കെ നേടുകയും ഒടുവിൽ സ്വയം ജീവിതം അവസാനിപ്പിക്കുകയും ചെയ്തത്. ബോബനൊപ്പം മുട്ടുകുത്തിനിന്ന് ‘നന്മനിറഞ്ഞ മറിയമേ’ എന്ന ഭക്തിഗാനം പാടുന്നതാണ് മറ്റൊരു ഓർമ...” സിനിമയിൽ ഉപ്പായി മാപ്ലയുടെ റോളിലായിരുന്നു ഭാസി. പോത്തൻ വക്കീലായി മണവാളനും കുട്ടിയമ്മയായി അടൂർ ഭവാനിയും ഇട്ടൂപ്പായി ബഹദൂറും വന്നു. കാർട്ടൂണിലില്ലാത്ത പ്രണയജോഡികളായിരുന്നു മധുവിന്റെ ബാലനും വിജയശ്രീയുടെ നളിനിയും. ബോബൻ-മോളിമാരുടെ സന്തതസഹചാരിയായി ഒരു പട്ടിക്കുട്ടിയും ഉണ്ടായിരുന്നു സിനിമയിൽ എന്നോർക്കുന്നു രജനി. “ബോബനും മോളിയും എന്ന ചിത്രകഥയെക്കുറിച്ചൊന്നും അന്നറിയില്ല. വായിച്ചിട്ടുമില്ല. പിന്നീടാണ് ആ കഥാപാത്രങ്ങളുടെ ജനപ്രീതിയെക്കുറിച്ചൊക്കെ മനസ്സിലാക്കുന്നത്.”
വർക്കലയിലാണ് വേരുകളെങ്കിലും രജനി ജനിച്ചതും വളർന്നതും പഴയ മദിരാശിയിൽ. ബാലനടിയായി തുടങ്ങി സ്വഭാവനടിയായി പേരെടുത്ത ചേച്ചി ഉഷാറാണിയെ പിന്തുടർന്നായിരുന്നു സിനിമയിലേക്കുള്ള വരവ്. ‘ജയിൽ’ എന്ന സിനിമയിലൂടെ ചേച്ചി അരങ്ങേറ്റം കുറിച്ച് അധികം വൈകാതെ അനിയത്തിയും സിനിമയിലെത്തി; മുത്തയ്യ സംവിധാനം ചെയ്ത ‘ചിത്രമേള’(1967)യിലൂടെ. “അഭിനയിക്കാൻ താല്പര്യമുള്ള ഒരു കുട്ടിയെ തേടി ആ പടത്തിന്റെ ആളുകൾ ഞാൻ പഠിക്കുന്ന ചർച്ച് പാർക്ക് സ്‌കൂളിൽ വന്നത് ഓർമയുണ്ട്. അമ്മയ്ക്കും അച്ഛനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല.”
മൂന്ന് വ്യത്യസ്ത കഥകൾ ചേർന്നതായിരുന്നു ‘ചിത്രമേള.’ രജനി അഭിനയിച്ചത് നഗരത്തിന്റെ മുഖങ്ങൾ എന്ന കഥയിൽ ഉമ്മറിന്റേയും ഷീലയുടേയും മകളായി. “ആകെയുള്ള ഓർമ കോട്ടയം ചെല്ലപ്പൻ എന്നെ തട്ടിക്കൊണ്ടുപോകുന്നതാണ്. മുഖത്തിന്റെ ഒരു വശം വികൃതമാക്കിയുള്ള മേക്കപ്പ് ആയിരുന്നു ചെല്ലപ്പൻ അങ്കിളിന്റേത്. മേക്കപ്പിന് ഉപയോഗിച്ച രാസപദാർത്ഥത്തിന്റെ രൂക്ഷഗന്ധം ഇപ്പോഴുമുണ്ട് ഓർമയിൽ.”
‘തുലാഭാര’ത്തിൽ നസീർ-ശാരദമാരുടെ മൂന്ന് മക്കളിൽ ഒരാളായിരുന്നു രജനി. കടുത്ത ദാരിദ്ര്യവും അപമാനഭീതിയും സഹിക്കാനാവാതെ മക്കളെ വിഷം കൊടുത്തു കൊല്ലുകയാണ് ശാരദയുടെ വിജയ. തുലാഭാരത്തിലെ ഏറ്റവും ഹൃദയഭേദകമായ രംഗം. അന്നത് കണ്ടു നൊമ്പരപ്പെടാത്ത പ്രേക്ഷകർ കുറവായിരിക്കും. ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിക്കൊടുത്ത പടം കൂടിയായിരുന്നു ‘തുലാഭാരം.’ “ആ സിനിമയിലെ അഭിനയത്തിന്റെ പേരിലാണ് എനിക്ക് ജീവിതത്തിലാദ്യമായി ഒരു സമ്മാനം ലഭിച്ചത്: അഞ്ചു പവൻ. തുലാഭാരത്തിൽ പ്രവർത്തിച്ചവരെ ആദരിക്കാൻ വേണ്ടി ചെന്നൈയിൽ സംഘടിപ്പിച്ച ചടങ്ങിൽ ആ പാരിതോഷികം ഏറ്റുവാങ്ങിയത് ഓർമയുണ്ട്. അന്നതിന്റെ മൂല്യമൊന്നും അറിയില്ലല്ലോ”- രജനി.
വിൻസന്റ് മാസ്റ്ററാണ് ‘തുലാഭാര’ത്തിന്റെ സംവിധായകൻ. എല്ലാ അർത്ഥത്തിലും പെർഫെക്ഷനിസ്റ്റ്. ഷൂട്ട് ചെയ്യുന്ന രംഗങ്ങളുടെ സ്വാഭാവികത ഉറപ്പാക്കാൻ ഏതറ്റം വരേയും പോകും അദ്ദേഹം. യാതൊരു ദാക്ഷിണ്യവുമുണ്ടാവില്ല. എന്നാൽ, ഭാസ്‌കരൻ മാഷ് അങ്ങനെയല്ല. നല്ല ക്ഷമാശീലമുള്ള ആളാണ്. അഭിനയിക്കേണ്ടതെങ്ങനെ എന്ന് പറഞ്ഞുതരുക മാത്രമല്ല, സ്വയം അഭിനയിച്ചു കാണിക്കുക കൂടി ചെയ്യും. ‘മുത്തശ്ശി’ സിനിമയുടെ ചിത്രീകരണവേളയിൽ ഫോൺ എടുത്ത് സംസാരിക്കാനൊക്കെ പഠിപ്പിച്ചുതന്നത് അദ്ദേഹമാണ്. നസീർ സാറിനും ബേബി സുമതിക്കും ബേബി റാണിക്കും ഒപ്പം ‘മീശക്കാരൻ കേശവന് ദോശ തിന്നാൻ ആശ’ എന്ന ഗാനരംഗത്ത് പാടി അഭിനയിച്ചതാണ് ‘മുത്തശ്ശി’യുമായി ബന്ധപ്പെട്ട മറ്റൊരു രസമുള്ള ഓർമ.
അഭിനയിച്ച ഗാനരംഗങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘അരനാഴികനേര’ത്തിലെ ചിപ്പി ചിപ്പി മുത്തുച്ചിപ്പി (ഗായകർ: ലതാരാജു, ആന്റോ) തന്നെ. “നീണ്ട റിഹേഴ്‌സലിന് ശേഷമാണ് ആ സീൻ അഭിനയിച്ചത്” - രജനി ഓർക്കുന്നു. “അന്നെനിക്ക് കാര്യമായി എന്തോ അസുഖമുണ്ട്. പക്ഷേ, ഷൂട്ടിങ്ങ് നീട്ടിവെക്കാൻ വയ്യ. ക്ലിപ്തസമയത്തിനുള്ളിൽ തീർത്തേ പറ്റൂ. ഓരോ ഷോട്ടും എടുത്തുകഴിഞ്ഞാൽ പോയി ഛർദിക്കും. ആരെങ്കിലും വന്ന് പുറത്തു തടവിത്തരും. നാലോ അഞ്ചോ ദിവസം വേണ്ടിവന്നു പാട്ടെടുത്തു തീർക്കാൻ. ഇന്ന് ആ പാട്ടുസീൻ കാണുമ്പോൾ അതൊക്കെയാണ് ഓർമവരിക.” അതേ സിനിമയിൽ വേറെയും ഗാനരംഗങ്ങളിൽ രജനിയുടെ സാന്നിധ്യമുണ്ട്. രാഗിണിക്കും അംബികയ്ക്കുമൊപ്പം പാടി അഭിനയിക്കുന്ന ‘സമയമാം രഥത്തിൽ ഞാൻ സ്വർഗയാത്ര ചെയ്യുന്നു’ എന്ന സ്തുതിഗീതം എങ്ങനെ മറക്കാൻ?
“ഇന്നത്തെപ്പോലെയല്ല. സിനിമയിൽ പൊതുവെ ഒരു കുടുംബാന്തരീക്ഷമുണ്ടായിരുന്നു അന്ന്. ഏത് സെറ്റിൽ ചെന്നാലും മിക്കവാറും ഒരേ മുഖങ്ങളാണ് കാണുക. അതുകൊണ്ട് അപരിചിതത്വം തീരെയില്ല” - രജനി ഓർക്കുന്നു. “കാർത്തികയുടെ ഷൂട്ടിങ്ങ് വേളയിൽ വലിപ്പച്ചെറുപ്പമില്ലാതെ എല്ലാ നടീനടന്മാരും ഒരു വലിയ ഹാളിൽ ഒരുമിച്ചു താമസിച്ചതോർക്കുന്നു. സത്യൻ മാഷും പ്രേംനവാസും വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ. ചിലരൊക്കെ നിലത്ത് പായ് വിരിച്ചിട്ടാണ് കിടന്നുറങ്ങുക. അങ്ങനേയും ഒരുകാലം. കാരവാൻ യുഗത്തിൽനിന്ന് തിരിഞ്ഞുനോക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം തോന്നാം.”
പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മുത്തശ്ശി’ ആയിരുന്നു ബേബി രജനിയുടെ അവസാന പടം. അവസരങ്ങൾ പിന്നേയും തേടിവന്നെങ്കിലും സ്വീകരിക്കാൻ നിർവാഹമില്ലായിരുന്നു. ക്ലാസ്സ് മുടക്കി സിനിമാഭിനയത്തിന് പോകുന്നതിനോട് തെല്ലും യോജിപ്പില്ല സ്‌കൂൾ അധികൃതർക്ക്. ഒന്നുകിൽ പഠനം, അല്ലെങ്കിൽ അഭിനയം - രണ്ടിലൊന്ന് തെരഞ്ഞെടുത്തേ പറ്റൂ. രജനി തിരഞ്ഞെടുത്തത് പഠനമാണ്. ചേച്ചിയുടെ ഭർത്താവും പ്രശസ്ത സംവിധായകനുമായ എൻ. ശങ്കരൻ നായരുടെ പ്രോത്സാഹനവുമുണ്ടായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അഞ്ചാം ക്ലാസ്സിൽവെച്ച് അതോടെ രജനിയുടെ അഭിനയസപര്യക്ക് വിരാമമാകുന്നു. സ്‌കൂൾ പഠനത്തിനു പിന്നാലെ എസ്.ഐ.ടി. വിമൻസ് കോളേജിൽ സുവോളജി ബിരുദ കോഴ്‌സിന് ചേർന്ന ശേഷവും മുതിർന്ന വേഷങ്ങളിൽ അഭിനയിക്കാൻ ധാരാളം ഓഫറുകൾ വന്നെങ്കിലും എല്ലാം നിരസിക്കുകയായിരുന്നു രജനി. അങ്ങനെ നഷ്ടപ്പെട്ട നായികാവേഷങ്ങളാണ് ‘കിഴക്കേ പോകും റെയിൽ’, ‘പതിനാറ് വയതിനിലെ’ എന്നിവയിലേത്.
“സിനിമ വലിയൊരു പ്രലോഭനമായിരുന്നില്ല എന്നതാണ് സത്യം”- രജനിയുടെ ഓർമ. “അദ്ധ്യാപികയാകാനായിരുന്നു മോഹം. തിരുവനന്തപുരം തൈക്കാട് ബ്ലൂംസ് എന്ന പേരിൽ ഒരു മോണ്ടിസ്സോറി സ്‌കൂൾ തുടങ്ങാനുള്ള പ്രചോദനവും അതുതന്നെ.” 24 വർഷം വിജയകരമായി ബ്ലൂംസ് സ്‌കൂൾ നടത്തി രജനി. വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമയായി. ഇപ്പോൾ പെരുമ്പാവൂരിൽ മോണ്ടിസ്സോറി സ്‌കൂൾ അദ്ധ്യാപികമാർക്കു വേണ്ടി ബ്ലൂംസ് എന്ന പേരിൽ ഒരു പരിശീലനകേന്ദ്രം നടത്തുന്നു അവർ. താമസം മകൾക്കൊപ്പം കിഴക്കമ്പലത്ത്. ബിസിനസ്സുകാരനായ ഭർത്താവ് രതീഷ് ഓർമയായത് കുറച്ചുകാലം മുൻപാണ്.
വിദൂരസ്മരണയാണ് ഇന്ന് രജനിക്ക് തന്റെ സിനിമാക്കാലം. “ബാലനടിയായി എന്നെ അറിയുന്നവർ കുറവായിരിക്കും. അങ്ങനെയൊരു ഭൂതകാലം നമുക്കുണ്ടെന്ന് ആരോടും പറയാറില്ല; അടുത്ത സുഹൃത്തുക്കളോട് പോലും...” - രജനിയുടെ വാക്കുകൾ. “എങ്കിലും സിനിമയിൽ അഭിനയിച്ചതിൽ ദുഃഖമൊന്നുമില്ല. മഹാന്മാരായ എത്രയോ കലാകാരന്മാരേയും കലാകാരികളേയും പരിചയപ്പെടാൻ കഴിഞ്ഞു. അവരുടെ സ്‌നേഹവാത്സല്യങ്ങൾ നുകരാൻ കഴിഞ്ഞു. തിരിഞ്ഞുനോക്കുമ്പോൾ ഇങ്ങനേയും ഒരുകാലമുണ്ടായിരുന്നു നമ്മുടെ ജീവിതത്തിൽ എന്ന് അത്ഭുതത്തോടെ ഓർക്കാറുണ്ട്...”
Ravi Menon writes about Rajini, the child star of the 1960s and 70s
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates