വിവിധ മേഖലയിലെ മുടിചൂടാമന്നരെ, രാഷ്ട്രത്തലവരെ, കോർപറേറ്റ് ലീഡർമാരെ, മഹാപ്രതിഭകളായി ലോകം വാഴ്‌ത്തിയവരെപ്പോലും വീഴ്‌ത്തിയ ഒരു സെക്‌സറ്റോർഷൻ, മലയാളീകരിച്ചാൽ രഹസ്യസംഗഭയമുതലെടുപ്പിന്റെ പുതിയ മാതൃകയാണ് ജെഫ്രി എഡ്വാർഡ് എപ്‌സ്റ്റൈൻ. തന്റെ രഹസ്യദ്വീപുകളിലും താൻ ലൈംഗികാടിമയാക്കിയ മോഡലും പൈലറ്റുമായ സ്ലോവാക്യൻ വനിത നാദിയാ മാർസിൻകോ പറത്തിയ ലോലിത എക്‌സ്പ്രസ് എന്ന സ്വന്തം ബോയിങ്ങ് എയർക്രാഫ്‌റ്റിലും തന്റെ കക്ഷികൾക്ക് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെവരെയും കാഴ്ചവെച്ച്, കാലത്തിന്റെ കാവ്യനീതിയാൽ മാത്രം തടവിലായി, ഒടുവിൽ തടവറയിൽ ജീവനൊടുക്കി അല്ലെങ്കിൽ ഒടുങ്ങി രക്ഷപ്പെട്ട കേവലം ഒരു വ്യക്തിയുടെ കഥയല്ല എപ്‌സ്റ്റൈൻ ഫയലുകൾ, ലോകത്തെ എന്തും സാധ്യമാക്കാൻ, എന്തും തകർത്തെറിയാൻ ഈ സുതാര്യയുഗത്തിലും പ്രലോഭനം എന്നൊരു ടൂൾ മതിയെന്ന സത്യത്തെ വലിച്ചുപുറത്തിടുകയാണത്. ആണത്തവും അധികാരവും അമിതപണവും ചേരുന്നിടത്ത് പെണ്ണ് ഇരയാവുന്ന ഒരു ലോകം സൃഷ്ടിക്കപ്പെടുന്നതിന്റേയും തെളിവുകളാണ് അവ. കോർത്തുപിടിക്കുന്ന ചരട് എന്നർത്ഥം വരുന്ന ഫൈലം എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ‘ഫയൽ’ ഉടലെടുക്കുന്നത്. വ്യവഹാരങ്ങളിൽ അതൊരു മാരകസാന്നിദ്ധ്യമാവുന്നതുകൊണ്ടാണ് ഫയലുകൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ വിശുദ്ധഗ്രന്ഥങ്ങളുടെ സ്ഥാനമുണ്ടാവുന്നത്, അത്രമേൽ ശ്രദ്ധയോടെ ബന്ധപ്പെടുന്നവർ അതു കൈകാര്യം ചെയ്യുന്നതും. അടുത്തകാലത്തായി കാലത്തെ കോർത്തു പിടിക്കുന്ന ചരടുകളായി ഫയലുകൾ കാവ്യനീതി നടപ്പാക്കുന്നത് നമ്മൾ കാണുന്നുണ്ട്.
2025 അവസാനത്തിൽ ‘എപ്‌സ്റ്റൈൻ ഫയൽസ് ട്രാൻസ്‌പരൻസി ആക്‌റ്റ്’ പാസാക്കിയതിനെത്തുടർന്ന്, യു.എസ് നീതിന്യായ വകുപ്പ് 2,000 വീഡിയോകളും 18,000 ഫോട്ടോകളും ഉൾപ്പെടെ ദശലക്ഷക്കണക്കിന് പേജുകളുള്ള രേഖകളും പുറത്തിറക്കുകയായിരുന്നു. ഇരകളുടെ സാക്ഷ്യങ്ങളും പലരുടേയും വിമാനയാത്രാ രേഖകളും ഉൾപ്പെടുന്ന ഫയലുകൾ. ഇലോൺമസ്‌ക്, ബിൽഗേറ്റ്സ്, ഡൊണാൾഡ് ട്രംപ് തുടങ്ങിയ ലോകത്തെത്തന്നെയും പ്രമുഖരാണ് എപ്‌സ്റ്റൈന്റെ ആതിഥ്യം സ്വീകരിച്ചത്. യു.കെയിൽ അതു വലിയ പ്രതിസന്ധി സൃഷ്ടിച്ചു, എപ്‌സ്റ്റൈന് സർക്കാർ രഹസ്യവിവരങ്ങൾ അയച്ചുവെന്ന ആരോപണത്തിൽ യു.കെ മുൻ ബിസിനസ് സെക്രട്ടറി പീറ്റർ മണ്ടൽസണിനെതിരെ അന്വേഷണം വന്നു. പരസ്യമാക്കിയ ഫയലുകളിലെ യുവതികളുടേയും പെൺകുട്ടികളുടേയും എഡിറ്റ് ചെയ്യാത്തതും വ്യക്തവുമായ ചിത്രങ്ങൾ വീണ്ടും കുഴപ്പത്തിലായി, ഇരകളുടെ അഭിഭാഷകരുടെ രോഷത്തിന് അതു പാത്രവുമായി.
അനിയന്ത്രിതമായ കാമാസക്തി വിഷയം ആകുന്നിടത്ത് ഡമോക്രാറ്റിക് റിപ്പബ്ലിക്കൻ വ്യത്യാസമില്ല, ഇടതു വലതു വ്യത്യാസമില്ല, മന്ദബുദ്ധി ബുദ്ധിജീവി വ്യത്യാസമില്ല, പീഡനമാർഗം കൂടുന്നതിൽ പാർട്ടി-മത-പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ സകലരും സർവൈക്യമാവുമ്പോൾ, കുറ്റവാളികളൊക്കെയും രാജ്യങ്ങളുടേയും ലോകത്തിന്റേയും തന്നെ നിയമങ്ങൾക്ക് അതീതരാവുന്ന ഹെവിവെയ്റ്റുകളാവുമ്പോൾ ഇരകളുടെ അവസ്ഥ നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. അവിടെയാണ് കാലം അതിന്റെ കാവ്യനീതി നടപ്പാക്കുന്നത്, മാനവികതയുടെ കൊടിയടയാളങ്ങളായി, നീതിയുടേയും മനുഷ്യാവകാശങ്ങളുടേയും കാവലാളുകളായി പൂണ്ടുവിളയാടുന്നവരുടെ മുഖംമൂടിയാണ് അപ്രതീക്ഷിതമായി പരസ്യമാക്കപ്പെട്ട രഹസ്യസംഗമഹോത്സവങ്ങളുടെ ദൃശ്യലേഖനങ്ങൾ വലിച്ചുകീറി കളയുന്നത്.
അനീതിക്കൊപ്പം ശയിച്ച് നീതിദേവതയോട് നീതി പുലർത്തുന്നവരോട്
ഒരു പ്രസംഗത്തിന് ശരാശരി 2,50,000 ഡോളർ ഈടാക്കി, ലോകത്തെ പ്രസംഗിച്ച് നന്നാക്കിക്കൊണ്ടിരുന്ന അമേരിക്കൻ മുൻപ്രസിഡണ്ട് ബിൽ ക്ലിന്റന്റെ സ്വിമ്മിംഗ്പൂളിലെ ചിത്രമാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് റിലീസ് ചെയ്തതായി പ്രചരിക്കുന്നത്. വാസ്തവമാണെന്നും വ്യാജമാണെന്നും വാദങ്ങളുണ്ട്. റിപ്പബ്ലിക്കൻ ആയ തന്നെ എപ്‌സ്റ്റൈൻ ഫയലുകളിൽ കുടുക്കാമെന്നാണെങ്കിൽ കൺസർവേറ്റീവുകളെ പ്രതിരോധത്തിലാക്കാൻ ട്രംപ് കണ്ട നല്ലവഴിയാവാം ക്ലിന്റനെ പെടുത്തി ചർച്ചകളുടെ വഴി തിരിച്ചുവിടൽ. ആ മുന്നറിവിൽ നിന്നുമാവാം ഹിലരിയും ക്ലിന്റണും തെളിവെടുപ്പ് അടച്ചിട്ടുവേണ്ട, പരസ്യമായി ആവട്ടെ എന്ന നിലപാട് എടുത്തത്. ഈ ഫോട്ടോയുടെ ഉറവിടം എപ്‌സ്റ്റൈനുവേണ്ടി കേസ് വാദിച്ച, അരനൂറ്റാണ്ടായി ഹാർവാർഡ് ലോ സ്‌കൂളിൽ പ്രൊഫസറും ഇപ്പോൾ എമെറിറ്റസ് പ്രൊഫസറുമായ അലൻ ഡെർഷോവിറ്റ്‌സ് എഴുതിയ ലേഖനമാണ്. കോടതിവ്യവഹാരം, എഴുത്ത്, പൗരാവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും പ്രതിരോധമൊരുക്കാനായി സദാസജീവം എന്നൊക്കെയാണ് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് പ്രൊഫൈലിലുള്ളത്. ഇത്രമാത്രം പ്രമുഖനായ, ഒരു പ്രതിഭയാണ് ജെഫ്രി എപ്‌സ്റ്റൈൻ എന്നൊരു ഭീകരപീഡകനായി വാദിക്കാൻ കോടതിയിലെത്തിയത്, അയാളെ ന്യായീകരിക്കുന്നതും. ഓർക്കണം, ഡൽഹിയിലെ ഒരു ബാറിൽ മോഡൽ ജസിക്കാ ലാലിനെ വെടിവെച്ചുകൊന്ന മനുശർമയ്ക്കായി കേസ് വാദിക്കാൻ എത്തിയത് ഇനി കേസുകൾ എടുക്കുന്നില്ലെന്നു പ്രഖ്യാപിച്ച റാം ജെത്‌മലാനി ആയിരുന്നു. ജീവപര്യന്തം വിധിക്കപ്പെട്ട മനുശർമയെ 2020-ൽ തടവറയിലെ അത്യുഗ്രൻ പെരുമാറ്റത്തെ പുരസ്‌കരിച്ച് തിഹാർ ജയിലിൽ നിന്നു ഡൽഹി സർക്കാർ വിട്ടയയ്ക്കുകയും ചെയ്തു. ഈയൊരു ആഗോള സാഹചര്യത്തിൽ നാമെന്ത് ജൻഡർ ഇക്വേഷനും സ്ത്രീപുരുഷ സമത്വവുമാണ് പറയുന്നത്!
അലൻ ഡെർഷോവിറ്റ്‌സിന്റെ ലേഖനത്തിൽനിന്നും ഏതാനും വരികളുടെ മൊഴിമാറ്റമാവട്ടെ, “ദുഷ്‌കരമായ കേസുകൾ ദുഷിച്ച നിയമങ്ങളുണ്ടാക്കുമെന്ന് മഹാനായ ജഡ്ജി ഒലിവർ വെൻഡൽ ഹോംസ് ഒരിക്കൽ കളിയായി പറഞ്ഞിരുന്നു. മോശം വ്യക്തികൾ മോശം കീഴ്‌വഴക്കങ്ങൾ സൃഷ്ടിക്കുന്നുവെന്നതും ഒരുപോലെ സത്യമാണ്, അവയുടെ ഇരകളാവുക ഒടുവിൽ നല്ലവരുമാവും. ജെഫ്രി എപ്‌സ്റ്റൈൻ ഫയലുകളെച്ചൊല്ലി ഇപ്പോൾ നിലനിൽക്കുന്ന വലിയ തർക്കങ്ങളും കോളിളക്കങ്ങളും അമേരിക്കൻ കോൺഗ്രസ് അപകടകരമായ ഒരു നിയമം പാസാക്കുന്നതിലേക്ക് നയിച്ചിട്ടുണ്ട്; ആരോപണങ്ങൾ തെളിയിക്കുന്ന വിവരങ്ങൾ മാത്രം തിരഞ്ഞെടുത്ത് വെളിപ്പെടുത്തണമെന്നും പക്ഷേ ആ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ പുറത്തുവിടേണ്ടതില്ലെന്നും. ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് വെള്ളിയാഴ്ച പുറത്തുവിട്ട രേഖകളിൽ മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, ബിസിനസ് പ്രമുഖൻ ബിൽ ഗേറ്റ്‌സ്, പ്രശസ്തരായ മിക് ജാഗർ, മൈക്കൽ ജാക്‌സൺ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ആഴ്ചകൾ മുന്നേ ഹൗസ് ഡെമോക്രാറ്റുകൾ പുറത്തുവിട്ട ഇ-മെയിലുകളിൽ ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള അവ്യക്തമായ പരാമർശങ്ങളും ഉണ്ടായിരുന്നു. ഇതിനെത്തുടർന്ന് ഇരുപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്: എപ്‌സ്റ്റൈനുമായുള്ള ബന്ധം കാരണം ട്രംപ് കുറ്റകൃത്യങ്ങളിൽ പങ്കാളിയായിരിക്കാം എന്നു ഡമോക്രാറ്റുകളും ബിൽ ക്ലിന്റണും സമാനമായ രീതിയിൽ കുറ്റക്കാരനായിരിക്കാമെന്ന് റിപ്പബ്ലിക്കൻമാരും. എന്നാൽ, പ്രസ്തുത നിയമത്തിന്റെ ഭാഗമായി പുറത്തുവിടപ്പെട്ട ഈ രേഖകളിൽ പേരോ ചിത്രമോ വന്നതുകൊണ്ടുമാത്രം ഇവരോ മറ്റു പലരുമോ കുറ്റകൃത്യം ചെയ്തതായി ഇതുവരെ യാതൊരു തെളിവുമില്ല എന്നതാണ് വസ്തുത. ജെഫ്രി എപ്‌സ്റ്റൈൻ ചെയ്ത കാര്യങ്ങൾ ഭയാനകമായിരുന്നു എന്നതിൽ തർക്കവുമില്ല.”
പുതിയ നിയമത്തിന്റെ മറവിൽ കൃത്യമായ തെളിവുകളില്ലാതെ പ്രമുഖരുടെ പേരുകൾ വെളിപ്പെടുത്തുന്നത് അവരെ വേട്ടയാടാൻ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുന്നതാണ് അദ്ദേഹത്തിന്റെ വേവലാതി. അരനൂറ്റാണ്ട് കാലത്തെ ഹാർവാർഡ് പാരമ്പര്യം അഭിമാനത്തോടെ അവകാശപ്പെടുന്ന എമരിറ്റസ് പ്രൊഫസർ സ്വന്തം ന്യൂസ് ലെറ്റർ ലേഖനത്തിലൂടെ, സാമൂഹിക മാധ്യമ ഇടപെടലിലൂടെ ട്രംപിനേയും മറ്റ് പല മേഖലയിലെ പ്രമുഖരേയും ഒറ്റയടിക്ക് രക്ഷിക്കാൻ ശ്രമിക്കുന്നത് എത്ര ഹീനമായ രീതിയിലാണ്, എപ്‌സ്റ്റൈൻ ഫയലുകൾ ലോകത്ത് ചർച്ചാവിഷയം ആകുമ്പോൾ അതിനെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നത്?
പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെയടക്കം പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയുമായി ഇടപാടുകളും സൗഹൃദവും ഉണ്ടാവുന്നത് പിമ്പുകളായി സമൂഹം വരവുവെച്ചവർക്കല്ല, മറിച്ച് രാഷ്ട്രത്തലവൻമാരും ലോകാരാധ്യരായ, ഒരുകാലത്തെ തങ്ങൾക്കൊപ്പം നടത്തിയ ബിൽ ഗേറ്റ്‌സിനെ, നോം ചോംസ്‌കിയെ, സ്റ്റീഫൻ ഹോക്കിങ്ങിനെ പോലുള്ളവർക്കാണ്. അവരൊക്കെയും അടിമുടി വെറുക്കപ്പെടേണ്ടവനായ ജെഫ്രി എപ്‌സ്റ്റൈന്റെ ആതിഥ്യം സ്വീകരിക്കുമ്പോൾ മനുഷ്യൻ സാമൂഹ്യജീവിയെന്ന പദവിയിൽനിന്നും ഒരു കേവല ജീവിസമൂഹമായി മാറുകയാണ്. പുരോഗമനവും നവോത്ഥാനവും ഉള്ളിലെ അധമത്വത്തെ മറയ്ക്കുവാനുള്ള മുഖംമൂടി മാത്രമാകുമ്പോൾ അത് സാമൂഹികവിരുദ്ധർക്കുള്ള, വെറുക്കപ്പെടേണ്ടവർക്കുള്ള പിന്തുണയായി മാറുകയാണ്. ഒന്നും പ്രസംഗത്തിലല്ല വേണ്ടത്, കൃത്യമായ പ്രവൃത്തിയിലാണ്. ഗാന്ധി ലോകാരാധ്യനായി തുടരുന്നത് ജീവിതം സന്ദേശമാക്കി എന്നതുകൊണ്ടു മാത്രമാണ്.
പ്രാകൃതമനുഷ്യരിൽനിന്നും സാംസ്‌കൃതചിത്തരിലേക്കുള്ള വളർച്ച മനുഷ്യന് സാധ്യമായത് ആത്മനിയന്ത്രണം ഒന്നുകൊണ്ടാണ്. സ്ഥൂലപ്രകൃതിയായ രാഷ്ട്രത്തിന്റെ സൂക്ഷ്മരൂപമായ കുടുംബം സാധ്യമായത് ലൈംഗികതയ്ക്ക് ചില്ലറ അതിരുകൾ നിർണയിച്ചപ്പോഴാണ്. സൂക്ഷ്മമായി നോക്കിയാൽ സംസ്‌കാരം ഒരു പ്രകൃതിവിരുദ്ധ പാചകമാണെന്നു പറയാം, മൃഗങ്ങളിൽനിന്നും മനുഷ്യനെ വേർതിരിക്കുന്നത് ആ പ്രകൃതിവിരുദ്ധതയാണെന്നും. ഒരു നല്ല തഞ്ചവും ലേശം ചാറ്റൽമഴയുമുണ്ടെങ്കിൽ വലവീശാമെന്ന നിലപാടുകാരാണ് ഈ പ്രതിഭകൾ ഒക്കെയുമെങ്കിൽ ഇവരെന്തു സന്ദേശമാണ് പൊതുസമൂഹത്തിന് നൽകുന്നത്? 1873-ൽ സ്ഥാപിതമായ ഹാർവാഡ് യൂണിവേഴ്‌സിറ്റി ഡെയ്‌ലി ആണ് ദി ഹാർവാർഡ് ക്രിംസൺ, വിദ്യാർത്ഥികൾ നടത്തുന്നത്. രസകരമാണ്, അതിലെ ഒരു ലേഖനത്തിൽ ജെഫ്രി എപ്‌സ്റ്റൈന്റെ ഒരു ഇമെയിലിനെ പരാമർശിക്കുന്നുണ്ട്. ട്രംപിനെ ഭ്രാന്തിന്റെ അതിർത്തിയിലുള്ള ഒരാളായും ഡെർഷോവിറ്റ്‌സിനെ അതിന് ഏതാനും അടി അകലെയുള്ള മറ്റൊരാളുമായാണ് എപ്‌സ്റ്റൈൻ പരിഹസിക്കുന്നത്.
ഹണിട്രാപ്, സെക്‌സ്റ്റോർഷൻ, സെക്‌സ്‌പിയോണേജ്
ലൈംഗികമായ രഹസ്യങ്ങളോ ദൃശ്യങ്ങളോ ഉപയോഗിച്ച് അധികാരകേന്ദ്രങ്ങളെ സ്വാധീനിക്കുന്നതും ഭരണകൂടങ്ങളെത്തന്നെ അട്ടിമറിക്കുന്നതും പ്രമുഖരെ നിശ്ശബ്ദരാക്കുന്നതും ലോകചരിത്രത്തിൽ പലപ്പോഴായി നടന്നിട്ടുണ്ട്. അമിതമായ അധികാരത്തോടും അമിതമായ പണത്തോടും താല്പര്യമുള്ള പുലികൾ എളുപ്പം വീഴുന്ന എലിക്കെണിയുടെ സുന്ദരമായ പേരാണ് തേൻകെണി എന്നു തെറ്റായി പലരും മൊഴിമാറ്റിയ ഹണിട്രാപ്. ഇവിടെ ഒരു മന്ത്രി മുതൽ തന്ത്രിവരെയും അകപ്പെട്ട സംഗതിയാണ് ഹണിട്രാപ് അഥവാ പ്രണയക്കെണി. സമകാലികലോകം സംവദിക്കുന്ന വിഷയങ്ങൾക്ക് പറ്റിയ വാക്കുകൾ നമുക്കില്ല, സ്വന്തമായി അതുണ്ടാവുമ്പോഴാണ് ഭാഷയും സംസ്‌കാരവും വളരുന്നതെന്ന, വാക്കുകൾ കറൻസിപോലെയാണ്, കൃത്യമായ വിലയുണ്ടാവണം എന്ന ബോധത്തിലുമാണ് പുതിയ പ്രയോഗങ്ങളുടെ മലയാളപദസൃഷ്ടിക്കായി ശ്രമിക്കുന്നത്. പെണ്ണിന്റെ ജൈവചോദനകളും സാമൂഹികമായ പരുവപ്പെടലുകളും കാരണമാവാം കെണിയിൽ ആണുമാത്രമേ സാധാരണ വീഴാറുള്ളൂ. കെണിയാവുന്നത് പെണ്ണും കെണിയിലാവുന്നത് ആണുമെന്നു സാരം. ആണ് കെണിയായി പെണ്ണു കെണിയിലായത് ഇതിഹാസത്തിലാണ്, മഹാഭാരതത്തിലെ അഹല്യ. പ്രണയക്കെണികളും (ഹണിട്രാപ്) രഹസ്യസംഗഭയ മുതലെടുപ്പും (സെക്‌സ്റ്റോർഷൻ) ഒറ്റുലക്ഷ്യരതിയും (സെക്‌സ്‌പിയൊണേജ്) അധികാരകേന്ദ്രങ്ങളെ, സമ്പത്തിനേയും ചൂഷണം ചെയ്യാനുള്ള കാലങ്ങളായുള്ള ടൂളുകളാണ്. രഹസ്യമായി ആസ്വദിച്ച ലൈംഗികനിമിഷങ്ങളുടെ സ്വകാര്യചിത്രങ്ങളോ ചലനചിത്രങ്ങളോ വ്യക്തികളുടെ രതിജന്യവിവരങ്ങളോ ഉപയോഗിച്ച് പ്രമുഖരുടെ അധികാരത്തേയും സമ്പത്തിനേയും ചൂഷണം ചെയ്യുന്നതാണ് സെക്‌സ്റ്റോർഷൻ, ഹണിട്രാപ്പിൽനിന്നും ഏറെ മുന്നോട്ടുപോയ ദൂരവ്യാപകഫലങ്ങൾ ഉളവാക്കുന്ന ബ്ലാക്ക്മെയിലിംഗ്. പ്രണയക്കെണിക്ക് ചില്ലറ ലക്ഷ്യങ്ങൾ ആണെങ്കിൽ രഹസ്യസംഗഭയ മുതലെടുപ്പിന് വലിയ ലക്ഷ്യങ്ങളാണ്.
ആദിയിൽ സ്വകാര്യത ആയിരുന്ന ലൈംഗികത ഇന്ന് വിവരമായി, ഭീഷണിയായി, രാഷ്ട്രീയ ആയുധമായി മാറിയിരിക്കുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളിലാണ് ഇതു മൂന്നും ഉണ്ടായതെങ്കിലും എല്ലാറ്റിനേയും ബന്ധിപ്പിക്കുന്നതായി പൊതുവിൽ ഒന്നുണ്ട്, ആണിന്റെ കാമത്തേയും പെണ്ണിന്റെ ദേഹത്തേയും അധികാരത്തിലേക്കുള്ള ടൂളുകളാക്കുകയാണത്. ഹണിട്രാപ് എന്നത് പ്രണയമോ ലൈംഗിക ആകർഷണമോ ഉപയോഗിച്ച് ഒരാളെ സ്വാധീനിച്ച് ആവശ്യമായത് കൈവശപ്പെടുത്തുന്ന തന്ത്രമാണ്. ഇവിടെ ഭീഷണി ഉടനെ പ്രത്യക്ഷപ്പെടുന്നില്ല, സ്വാഭാവികമായൊരു ബന്ധമെന്ന് ഇരയ്ക്ക് തോന്നുന്ന കുരുക്ക് പിന്നീട് മുറുകുന്നതേയുള്ളൂ. രാഷ്ട്രീയക്കാരും സൈനിക ഉദ്യോഗസ്ഥരും നയതന്ത്രജ്ഞരും ഹണിട്രാപിന്റെ പരമ്പരാഗത ഇരകളാണ്. അവരുടെ ചെറിയ സ്വകാര്യവീഴ്ചകൾ പോലും പൊതുവേദിയിൽ ഉയരങ്ങളിൽ നിന്നുള്ള നടുക്കുന്ന വീഴ്ചകളാവും.
സെക്‌സ്റ്റോർഷൻ ഒരുപടി മുന്നോട്ടുപോകുന്ന കുറ്റകൃത്യമാണ്. ഇവിടെ ആവശ്യം വരുന്നിടത്ത് ബന്ധം അവസാനിക്കുന്നു, ഭീഷണി ആരംഭിക്കുന്നു. സ്വകാര്യ ചിത്രങ്ങൾ, വീഡിയോകൾ, ചാറ്റുകൾ ആയുധമാക്കി ഇരയെ നിയന്ത്രിക്കുന്നു. ഡിജിറ്റൽ കാലഘട്ടത്തിൽ സെക്‌സ്റ്റോർഷൻ അതിവേഗം വ്യാപിച്ചു. പെണ്ണിന്റെ ശരീരം മാത്രമല്ല, അവൾക്കുണ്ടാവുന്ന അപമാനഭാരവും സാമൂഹികമായ പേടിയും ആണധികാരത്തിന്റെ ആയുധങ്ങളാവുകയാണ്. സ്വാഭാവികമായും സെക്‌സ്റ്റോർഷന്റെ ഏറ്റവും ഭീകരമായ വശം ഇര പലപ്പോഴും ഒറ്റപ്പെട്ടുപോവുന്നതാണ്, പരാതി നൽകിയാൽ കൂടുതൽ അപമാനം ഉണ്ടാകുമോ എന്ന ഭയം അവരെ മൗനത്തിലേക്ക് തള്ളുന്നു. ഇത് എല്ലാ സമീപകാല കേസുകളിലും നമ്മൾ കാണുന്നതാണ്. ഹണിട്രാപ്പ് ആണിനെ പ്രലോഭനത്തിലൂടെ കെണിയിലാക്കുമ്പോൾ ആദ്യ കീഴ്‌പ്പെടുത്തലും തുടർഭീഷണിയിലൂടെയുമാവും പെണ്ണിനെ സെക്‌സ്റ്റോർഷനിൽ ഇരയാക്കുന്നത്. ലിങ്കിലെ എപ്‌സ്റ്റൈൻ അതിജീവിതയായ പെൺകുട്ടിയുടെ വീഡിയോ കണ്ടാൽ മനസ്സിലാവുന്നതാണ്.
ലൈംഗികതയെ ഒരു സംഘടിത രഹസ്യാന്വേഷണ തന്ത്രമായി ഉപയോഗിക്കുന്ന രീതിയാണ് സെക്‌സ്‌പിയോണേജ്. ഇവിടെ ലൈംഗികബന്ധം സ്വയം ലക്ഷ്യമല്ല, മറിച്ച് തേടേണ്ട രഹസ്യങ്ങളിലേക്കും കടന്നുചെല്ലേണ്ട അധികാരകേന്ദ്രങ്ങളിലേക്കുമുള്ള ഒരു കവാടമാണ്. ചിലപ്പോൾ ഇരകൾ പോലും ഇത് മനസ്സിലാക്കുന്നത് വളരെ വൈകിയാവും.
ആരും അറിയാതെയല്ല, അറിയാനുള്ള സ്രോതസ്സുകൾ ഇല്ലാത്തവരുമല്ല
നിലവിലെ സംഭവവികാസങ്ങളെ അവലോകനം ചെയ്യുമ്പോൾ സാധാരണ ബലാല്‍സംഗികളും നന്മമരങ്ങളെന്ന മറയും ബൗദ്ധികപ്രഭാവത്തിന്റെ ഓറയും ഉള്ളവരേയും വേർതിരിക്കുന്ന അതിർവരമ്പ് വളരെ നേർത്തതാണ്. ആദ്യകൂട്ടർക്ക് എവിടെയും എപ്പോഴും ആവുന്നത് രണ്ടാമത്തെ കൂട്ടർ സുരക്ഷിതമായ ഇടത്ത് ചെയ്യുന്നു എന്നേയുള്ളൂ. എപ്‌സ്റ്റൈൻ പീഡിപ്പിച്ച പെൺകുട്ടികളെ വിശ്വസിക്കാത്തതിൽ ഖേദമുണ്ടെന്ന് ഇപ്പോൾ പറയുന്ന അന്നത്തെ ലേബർ കാബിനറ്റ് അംഗം മണ്ടൽസൺ പണ്ട് എപ്‌സ്റ്റൈനെ വിശേഷിപ്പിച്ചത് തന്റെ മുഖ്യ ജീവിത ഉപദേശി എന്നായിരുന്നു. തന്റെ ആത്മകഥയുടെ ഡ്രാഫ്‌റ്റ് ആദ്യമായി അയാൾ അയച്ചുകൊടുത്തതും എപ്‌സ്റ്റൈന് ആയിരുന്നു.
2009 ജൂലൈയിൽ ഒരു കുട്ടിയെ ഇരയാക്കിയ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം 18 മാസത്തെ തടവിൽ 13 മാസം തടവ് അനുഭവിച്ച് എപ്‌സ്റ്റൈൻ പാം ബീച്ച് കൗണ്ടി ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ മണ്ടൽസൺ ചോദിച്ചു: “സ്വാതന്ത്ര്യത്തെപ്പറ്റി എന്തു തോന്നുന്നു?”
“അവൾ ഉടയാത്തതാണ്, അചഞ്ചലവവും മൃദുവുമാണ് എന്നു തോന്നുന്നു,” എപ്‌സ്റ്റൈൻ പറഞ്ഞു. ആ നിമിഷവും ഒരല്പം പശ്ചാത്താപബോധമില്ലാത്ത എപ്‌സ്റ്റൈൻ ആത്മഹത്യ ചെയ്തു എന്നു വിശ്വസിക്കുക തന്നെ പ്രയാസമാണ്. കുറ്റവാളി അവസാനിക്കുന്നതോടെ തെളിവുകൾ അവസാനിക്കുന്ന കുറ്റകൃത്യമാണ് സെക്‌സ്റ്റോർഷൻ.
ഇ-മെയിൽ തുടരുമ്പോൾ മണ്ടൽസണിന് ആ കൊടുംക്രിമിനൽ വെറും നോട്ടിബോയ് ആവുന്നു. നമ്മൾ എങ്ങനെയാണ് ഇത് ആഘോഷിക്കുന്നത് എന്ന മണ്ടൽസൺ ചോദ്യത്തിന് എപ്‌സ്റ്റൈൻ മറുപടി പറയുന്നു, ആഘോഷിക്കണം ഗ്രേസിനും മോഡസ്റ്റിക്കും ഒപ്പം. ഗ്രേസും മോഡസ്റ്റിയും സ്ട്രിപ്പർമാരെന്നു ദി ഗാർഡിയൻ. ഇനിയങ്ങോട്ട് ഓരോ ഗ്രേസിനേയും മോഡസ്റ്റിയേയും ലണ്ടനിലും കണ്ടുപിടിക്കണം എന്ന മണ്ടൽസൺ ആഗ്രഹത്തോടെ ആ സംഭാഷണം അവസാനിക്കുന്നു.
ലോബിയിങ്ങ് ബില്യൺഡോളർ വ്യവസായമാവുമ്പോൾ
കോടിക്കണക്കിന് ഡോളറിന്റെ ലോബിയിങ്ങ് വ്യവസായം പ്രമുഖരെ, നിയമനിർമാതാക്കളെ, മൊത്തത്തിൽ നേരിട്ട് ഒരു ഉന്നതനു തന്നെ അപ്രാപ്യമായ ഉയരത്തിലുള്ള ഒരാളെ സ്വാധീനിക്കാനുള്ള അധികാരത്തിന്റെ ഇടനാഴിയാണ്. ചിലപ്പോൾ കാര്യങ്ങൾ അവിടെ നില്‍ക്കാത്ത അവസരമുണ്ടാവും. അങ്ങനെ ഭീഷണിക്കും പണത്തിനും വഴങ്ങാത്തവർ, പ്രലോഭനങ്ങളിൽ പോലും വീഴാത്തവരെ വീഴ്‌ത്തുവാനുള്ള വഴിയാണ് സെക്‌സ്റ്റോർഷൻ എന്നറിയാൻ എപ്‌സ്റ്റൈൻ ഫയലിലെ നോം ചോംസ്‌കി, സ്റ്റീഫൻ ഹോക്കിങ്ങ് പോലുള്ള പേരുകൾ ധാരാളമാണ്. ഔദ്യോഗിക സ്വാധീനത്തിന്റെ വലയത്തിൽ നടക്കാത്തത് ലൈംഗികതാല്പര്യങ്ങൾ നിറവേറ്റി നല്‍കി, പിന്നീട് അതിന്റെ തെളിവുകൾ പരസ്യമാക്കുമെന്ന ഭീഷണിയിൽ കാര്യങ്ങൾ സാധിച്ചെടുക്കുന്നിടത്താണ് ലോബിയിങ്ങും സെക്‌സ്റ്റോർഷനും കൈകോർക്കുന്നത്, അതിരുകൾ മാഞ്ഞുപോവുന്നതും. സ്വാധീനം പരാജയപ്പെടുന്ന ആണിന്റെ ഭൂപ്രകൃതിയിൽ സെക്‌സ് പലപ്പോഴും വിജയിക്കുന്നു.
ഉന്നതതല ലോബിയിംഗിൽ, നിയമനിർമാതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാൻ കമ്പനികൾ വലിയ തുക ചെലവഴിക്കാറുണ്ട്. ഇത് വെറും വിരുന്നുകളിലോ യാത്രകളിലോ ഒതുങ്ങാതെ പലപ്പോഴും അവിഹിത സേവനങ്ങളിലേക്ക് നീളുന്നു. ലോബിയിങ്ങും സെക്‌സ്റ്റോർഷനും ലയിപ്പിച്ചതായി എപ്‌സ്റ്റൈൻ മാതൃക. അധികാരവലയം കാത്തവർക്കു പുറമേ കലാ-സാഹിത്യ-ശാസ്ത്ര-സംഗീത-സിനിമാലോകത്തുള്ളവർ കൂടി എപ്‌സ്റ്റൈന്റെ സൗഹൃദവലയത്തിലായത് അതുകൊണ്ടാവാം. വരാനിരിക്കുന്ന ഒരു പരിസ്ഥിതിസംരക്ഷണ ബില്ലോ നികുതി ബില്ലോ തടയാൻ ഒരു കോർപറേറ്റ് സ്ഥാപനം ശതകോടികൾ ലോബിയിങ്ങിനായി ചെലവിടുമ്പോൾ അവർക്ക് നൂറുശതമാനം ഫലം ഉറപ്പാക്കുക ലോബിയിസ്റ്റുകളുടെ ലക്ഷ്യമാവും, അതിലേക്കുള്ള മാർഗം പിന്നെ ഏതുമാവും. അവിടെ മറ്റെന്തിനെക്കാളും മുല്യം കൈവശമുള്ള ഒരു ക്ലിപ്പിനാവും എന്ന തിരിച്ചറിവാണ് സെക്‌സ്റ്റോർഷനെ ലോബിയിങ്ങിന്റെ ഭാഗമാക്കിയത്. തന്റെ കരിയറും കുടുംബജീവിതവും തകരുമെന്ന ഭയത്താൽ ഇരയാക്കപ്പെടുന്ന വ്യക്തി ലോബിയിസ്റ്റുകളുടെ എല്ലാ ആവശ്യങ്ങൾക്കും വഴങ്ങുകയാണ് പതിവ്. ഒരു വോട്ടിന് ബില്യൺ ഡോളറുകളുടെ മാറ്റം വരുത്താൻ കഴിയുന്ന വ്യവസ്ഥിതിയിൽ, ലോബിയിംഗ് ഗ്രൂപ്പുകളെ സംബന്ധിച്ചിടത്തോളം എളുപ്പവഴിയിൽ ചെയ്യലാണ് സെക്‌സ്റ്റോർഷൻ.
ലോബിയിങ്ങിന്റെ ലക്ഷ്യം പ്രമുഖരിലേക്കുള്ള, സംവിധാനത്തിലേക്കുള്ള പ്രവേശനം മാത്രമാവുമ്പോൾ സെക്‌സ്റ്റോർഷന്റെ ലക്ഷ്യം അവരുടെ നിയന്ത്രണമാണ്. കയ്യിലെ ഒരു ദൃശ്യം, തെളിവ് ജനിപ്പിക്കുന്ന ഭയം ആയുധമാക്കിയുളള നിയന്ത്രണം. വ്യക്തിപരമായ ഒരു അപകടസാധ്യത തലയിൽ തൂങ്ങിയിരിക്കുമ്പോൾ, ഏതു രാഷ്ട്രീയനേതാവും ഉദ്യോഗസ്ഥനും കുഴപ്പമുണ്ടാവാതിരിക്കാനായി വഴങ്ങാനാണ് ഏറെ സാധ്യത. പലപ്പോഴും തുറന്ന ഭീഷണി കൂടി ആവശ്യമാവില്ല, അതിനുള്ള സാധ്യത മാത്രം മതിയാകും. സാമ്പത്തിക വിവാദങ്ങൾ വിശദീകരിക്കാം, നയപരമായ പിഴവുകൾ ന്യായീകരിക്കാം. പക്ഷേ, പരമ്പരാഗത സമൂഹങ്ങളിൽ ലൈംഗിക അപവാദങ്ങൾ അന്നോളമുള്ള സാമൂഹികമായ പദവിയെ റദ്ദുചെയ്തുകളയുമെന്ന യാഥാർത്ഥ്യത്തെയാണ് സെക്‌സ്റ്റോർഷൻ ആയുധമാക്കുന്നത്.
പരിഹാരം ലൈംഗികത ഒരു സ്വാഭാവിക മനുഷ്യാനുഭവമെന്ന ബോധം
ലൈംഗികതയെപ്പറ്റിയുള്ള കൃത്യമായൊരു സാമൂഹിക അവബോധം സമൂഹത്തിൽ സൃഷ്ടിക്കപ്പെടുമ്പോൾ മാത്രമേ ഇതുപോലുള്ള കുറ്റകൃത്യങ്ങൾ തടയുക സാധ്യമാവുകയുള്ളൂ. സമൂഹം ലൈംഗികതയെ എങ്ങനെ കാണുന്നു എന്നതിൽ മാറ്റം ആവശ്യമാണ്. ലജ്ജയിലും അപമാനത്തിലും രഹസ്യത്തിലും കുടിയിരുത്തുമ്പോൾ ലൈംഗികത കള്ളപ്പണക്കാരുടേയും അധികാരകേന്ദ്രങ്ങളുടേയും കൈകളിലെ ആയുധമായി മാറുന്നു. സ്വാഭാവിക മനുഷ്യാനുഭവമായി സമൂഹം അതിനെ അംഗീകരിക്കുമ്പോൾ, ബ്ലാക്ക്മെയിലിംഗിനുള്ള ഒരു ഉപകരണമെന്ന നിലയിൽ ലൈംഗികതയ്ക്ക് നിലനില്‍പ്പില്ലാതാവുന്നു.
ലൈംഗികതയെക്കുറിച്ചുള്ള സാമൂഹിക മൗനം കാലങ്ങളായി നിലനിൽക്കുന്ന ഒരു സാംസ്‌കാരിക സവിശേഷതയാണ്. കേരളം പോലുള്ള ഉയർന്ന സാക്ഷരതയുള്ള സമൂഹങ്ങളിൽ പോലും, ലൈംഗികതയെ ചുറ്റിപ്പറ്റിയ ലജ്ജയും ഭയവുമാണ് സംവാദങ്ങളെ ഇല്ലാതാക്കുന്നത്. സെക്‌സ്റ്റോർഷൻ പോലുള്ള കുറ്റകൃത്യങ്ങൾക്ക് വളമാവുന്നത് സമൂഹത്തെ ഭരിക്കുന്ന ഈ ലജ്ജാസംസ്‌കാരമാണ്. അങ്ങനെ നോക്കുമ്പോൾ ലൈംഗികതയെ മനുഷ്യാനുഭവമായി അംഗീകരിക്കുന്ന പൊതുബോധം സൃഷ്ടിക്കുകയാണ് സെക്‌സ്റ്റോർഷൻ പോലുള്ള പ്രവണതകളെ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം. മാന്യവും മനുഷ്യകേന്ദ്രിതവുമായ ഭാഷയിൽ ശരീരം, സമ്മതം, അതിരുകൾ, സ്വകാര്യത, സുരക്ഷ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കാൻ സമൂഹത്തിന് സാധ്യമാവുമ്പോൾ ഇല്ലാതാവുന്നതാണ് മലയാളിയുടെ ‘മാനഭംഗം’. സമൂഹം ലൈംഗികതയെ ലജ്ജയുമായി ബന്ധിപ്പിക്കുമ്പോൾ വ്യക്തികളുടെ ശരീരം സാമൂഹിക നിയന്ത്രണത്തിലേക്കു മാറിപ്പോവുകയാണ്. സദാചാരവും ധാർമികതയും സ്ത്രീലൈംഗികതയുടെ ബാധ്യതയാവുമ്പോൾ ഭീഷണിയും ബ്ലാക്ക്‌മെയിലും കൂടുതൽ ഫലപ്രദമാകുന്നു. സെക്‌സ്റ്റോർഷൻ പ്രവർത്തിക്കുന്നത് ഈ സാമൂഹിക ലജ്ജയുടെ ഉറപ്പിലാണ്. ലൈംഗികതയെ മനുഷ്യാനുഭവമായി അംഗീകരിക്കുന്ന ശ്രമത്തിന്റെ ആദ്യവേദി കുടുംബമാവണം. ഇന്ത്യൻ കുടുംബഘടനയിൽ, കുട്ടികളുടെ ലൈംഗികതയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് പലപ്പോഴും ഉത്തരം ശാസനയോ മൗനമോ ആവുകയാണ് പതിവ്. അത്തരം കുട്ടികൾ ഭീഷണിസാഹചര്യങ്ങളിൽ ഒറ്റപ്പെട്ടുപോവുകയാണ് പതിവ്. സ്‌കൂൾ-കോളേജ് തലത്തിൽ ലൈംഗിക വിദ്യാഭ്യാസം പലപ്പോഴും നൈതിക ഉപദേശങ്ങളായോ ജീവശാസ്ത്ര പാഠങ്ങളായോ ഒടുങ്ങുന്നു. സെക്‌സ്റ്റോർഷൻ പോലുള്ള പ്രശ്‌നങ്ങളെ നേരിടാൻ ആവശ്യമായത് ലൈഫ് സ്‌കിൽസ് അധിഷ്ഠിതമായ വിദ്യാഭ്യാസമാണ്. ശരീരം, സമ്മതം, ഡിജിറ്റൽ സുരക്ഷ, സ്വകാര്യത എന്നിവയെക്കുറിച്ചുള്ള സംവാദങ്ങൾ കൗൺസലിംഗ് മോഡ്യൂളുകളിലൂടെയും അദ്ധ്യാപക പരിശീലനങ്ങളിലൂടെയും നടപ്പാക്കാം. അവസാനമായി പൊതുബോധ നിർമിതിയിൽ, സംവാദങ്ങൾക്ക് വഴിമരുന്നിടുന്നതിൽ മാധ്യമങ്ങൾക്കുള്ള സ്ഥാനം ഏറെ വലുതാണ്. സെക്‌സ്റ്റോർഷൻ കേസുകൾ പോലുള്ളതിന്റെ റിപ്പോർട്ടിങ്ങിൽ മതിയായ ശ്രദ്ധ അതിജീവിതമാരുടെ സ്വകാര്യത ഉറപ്പിക്കും, അല്ലാത്ത ഒരു അവസ്ഥ മറ്റൊരു പീഡനമായി വരുന്നത് അടുത്തകാലത്ത് നമ്മൾ കണ്ടതാണ്. ഒരിക്കലും വാർത്ത തമസ്‌കരിക്കുകയല്ല, മറിച്ച് വാർത്തയുടെ രൂപഘടന ഒന്നു മാറ്റുകയാണ് വഴി. പൊലീസ് സ്റ്റേഷനും കോടതിയും പലപ്പോഴും ലൈംഗിക കുറ്റകൃത്യങ്ങളുടെ അതിജീവിതകൾക്ക് ഭീതിജനകമായ ഇടങ്ങളാണ്. ആ അവസ്ഥയും മാറണം. കേരളത്തിന്റെ പ്രത്യേകതയായ കൂട്ടായ്മ സംസ്‌കാരം-കുടുംബശ്രീ, റസിഡൻസ് അസോസിയേഷനുകൾ, വായനശാലകൾ-ലൈംഗികതയെ മനുഷ്യാനുഭവമായി ചർച്ച ചെയ്യാനുള്ള സുരക്ഷിത വേദികളാണ്. ലൈംഗികതയെ നൈതികഭീഷണിയായല്ല, സാമൂഹിക ആരോഗ്യവിഷയമായി അവതരിപ്പിക്കുമ്പോൾ, ലജ്ജ പടിക്കു പുറത്താവുന്നു. അമേരിക്കയിൽ ഇന്നലെ സംഭവിച്ചത്, നാളെ നമുക്ക് സംഭവിക്കാതിരിക്കാൻ വേണ്ടത് കൃത്യമായ നടപടിക്രമങ്ങളാണ്, മാറേണ്ടത് ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗത ബോധവുമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates