ഇത് സിയ പവലിന്റേയും സഹദിന്റേയും അവരുടെ മകൾ സാബിയയുടേയും കഥയാണ്. പരമ്പരാഗത കുടുംബ സാമൂഹ്യ വ്യവസ്ഥകളെ പുനർനിർവചിച്ച മൂന്നുപേർ. ഒരുപക്ഷേ, ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രാൻസ്ജെൻഡർ ‘ഫാമിലി.’ ട്രാൻസ്ജെന്റർ ദമ്പതികൾ ഉണ്ടാകാറുണ്ടെങ്കിലും അവർ പ്രസവിക്കുന്നതും കുഞ്ഞുണ്ടാവുന്നതും അധികം കേൾക്കാത്തതാണ്. അവിടെയാണ് പുതിയ തലമുറയിൽപ്പെട്ട ട്രാൻസ്ജെന്റർ ദമ്പതികളായ സിയയും സഹദും തങ്ങളുടെ മൂന്നു വയസ്സുകാരിയായ മകൾക്കൊപ്പം നമുക്കിടയിൽ സാധാരണ ജീവിതം നയിക്കുന്നത്. കോഴിക്കോട്ടെ നൃത്തവേദികളിലേക്കും നർത്തകിയായ അമ്മ സിയ പവലിനൊപ്പം മൂന്നു വയസുകാരി സാബിയയും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു.
അച്ഛന്റെ ഉദരത്തിൽ പിറന്ന മകൾ
സമൂഹത്തിന്റെ പരമ്പരാഗത കാഴ്ചപ്പാടുകളെ അട്ടിമറിച്ചുകൊണ്ടായിരുന്നു സാബിയയുടെ ജനനം. കോഴിക്കോട് മെഡിക്കൽ കോളേജിൽ 2023 ഫെബ്രുവരിയിൽ അവൾ ജനിച്ചത് പുതിയൊരു ചരിത്രം കൂടിയായിരുന്നു. കാരണം അവൾ പിറന്നത് അച്ഛന്റെ ഉദരത്തിലായിരുന്നു. അച്ഛൻ ട്രാൻസ്മാനായ സഹദായിരുന്നു അവളെ ഗർഭം ധരിച്ച് പ്രസവിച്ചത്. പരിചരിക്കാനും കൂട്ടായും അമ്മയും ട്രാൻസ് വുമണുമായ സിയാപവലും.
സ്ത്രീയിലേക്കുള്ള കോഴിക്കോട് സ്വദേശിയായ സിയയുടെ പരിണാമത്തിന്റേയും പുരുഷനിലേക്കുള്ള തിരുവനന്തപുരം സ്വദേശിയായ സഹദിന്റെ പരിണാമത്തിന്റേയും ഇടയിലായിരുന്നു ഇരുവരും പരസ്പരം കാണുന്നതും ഇഷ്ടപ്പെടുന്നതും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുന്നതും. സാധാരണ ദമ്പതികളെപ്പോലെ അവരും ഭാവിയെക്കുറിച്ച് സ്വപ്നങ്ങൾ നെയ്തു. ഓമനിക്കാൻ ഒരു കുഞ്ഞ്, ഒരു വീട്, മൂന്നുപേരും ചേർന്നുള്ള സുന്ദരമായ ഒരു ലോകം. കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ചായിരുന്നു ആദ്യം ചിന്തിച്ചത്. അതിന് ഒരുപാട് സാങ്കേതിക പ്രശ്നങ്ങളും തടസ്സങ്ങളും ഉണ്ട് എന്നു മനസ്സിലായി. അങ്ങനെ പിന്നീടെപ്പോഴോ ഉള്ള സംസാരങ്ങളിലാണ് സ്വന്തം കുഞ്ഞായാലോ എന്ന് അവർ ചിന്തിച്ചതും ആഗ്രഹിച്ചു തുടങ്ങിയതും.
രണ്ട് പേരും ട്രാൻസ്മാനും ട്രാൻസ്വുമണും ആവാനുള്ള ശസ്ത്രക്രിയയുടെ ഘട്ടത്തിലൂടേയും ഹോർമോൺ ചികിത്സയിലൂടേയും കടന്നുപോകുന്ന കാലം കൂടിയായിരുന്നു അത്. ബ്രസ്റ്റ് സർജറി കഴിഞ്ഞ് ബോട്ടം സർജറിക്കുള്ള തയ്യാറെടുപ്പിലായിരുന്നു സിയ. ബ്രസ്റ്റ് റിമൂവൽ സർജറി കഴിഞ്ഞ് യൂട്രസ് റിമൂവടക്കമുള്ള ട്രാൻസ്മാൻ സർജറിക്കുള്ള ഒരുക്കത്തിലായിരുന്നു സഹദും. ഒരു കുഞ്ഞിനുവേണ്ടി തല്ക്കാലം ഹോർമോൺ ട്രീറ്റ്മെന്റുകളും സർജറി പ്രൊസീജിയറുകളും നിർത്തിവെക്കാൻ ഇരുവരും തീരുമാനിച്ചു. ഒരുമിച്ച് ജീവിതം തുടങ്ങിയപ്പോൾത്തന്നെ ഗൈനക്കോളജിസ്റ്റിനെ കണ്ട് കാര്യങ്ങൾ സംസാരിച്ചു. അവർ നൽകിയ ധൈര്യവും പിന്തുണയും ഇരുവരേയും മുന്നോട്ടു നയിച്ചു. അങ്ങനെ ഐ.വി.എഫ് ട്രീറ്റ്മെന്റുകൾ തുടങ്ങി. ആദ്യവട്ടം പരാജയമായെങ്കിലും രണ്ടാമത്തെ ട്രീറ്റ്മെന്റിൽ സഹദ് ഗർഭം ധരിച്ചു. പലതരം ആശങ്കകൾ കാരണം ഇക്കാര്യം ഇരുവരും എട്ടു മാസം വരെ രഹസ്യമായി വെച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അതുവരെ ചികിത്സ. എട്ടു മാസം ആയപ്പോഴേക്കും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. അതുവരെയുണ്ടായിരുന്ന ചികിത്സാ ചെലവുകളടക്കം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലുമായിരുന്നു ഇരുവരും. മാനസികമായും ആശങ്കകളുടെ നാളുകളായിരുന്നു. ഒരു പിന്തുണ വേണം എന്നു തോന്നിയപ്പോഴാണ് ട്രാൻസ്മാനായ സഹദ് ഗർഭം ധരിച്ച വിവരം പുറത്ത് പറയണം എന്ന് ഇരുവരും തീരുമാനിച്ചത്. ഫോട്ടോഷൂട്ട് നടത്തി സോഷ്യൽ മീഡിയയിലൂടെ ചിത്രങ്ങൾ പങ്കുവെച്ചതോടെ വലിയ പിന്തുണയായിരുന്നു ഇരുവർക്കും കിട്ടിയത്. ആരോഗ്യമന്ത്രി വീണാജോർജും മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് വേണ്ട കാര്യങ്ങൾ ചെയ്യാൻ നിർദേശം നൽകി. മെഡിക്കൽ കോളേജിൽ പ്രത്യേക മുറി അനുവദിച്ചു. അങ്ങനെ 2023 ഫെബ്രുവരിയിൽ സഹദ് ഒരു പെൺകുഞ്ഞിനു ജന്മം നൽകി. ചരിത്രത്തിലേക്കുള്ള ഒരു കാൽവെയ്പ് കൂടിയായി കുഞ്ഞുസാബിയയുടെ ആ പിറവി.
നിയമപോരാട്ടത്തിലേക്ക്
സഹദ് കുഞ്ഞിന്റെ അച്ഛനും സിയ അമ്മയും ആണെങ്കിലും നിയമത്തിനു മുന്നിൽ അത് സ്ഥാപിച്ചു കിട്ടാൻ ഇരുവർക്കും പിന്നെയും നിയമപോരാട്ടം നടത്തേണ്ടിവന്നു. പ്രസവിച്ചത് സഹദായതിനാൽ ബയോളജിക്കൽ മദർ സഹദാണ് എന്നതിൽ സിസ്റ്റം ഉറച്ചുനിന്നു. അമ്മയുടെ പേരിന്റെ സ്ഥാനത്ത് സഹദ് എന്നും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് സിയ എന്നും ചേർത്ത ജനന സർട്ടിഫിക്കറ്റായിരുന്നു കോഴിക്കോട് കോർപ്പറേഷൻ വഴി മെഡിക്കൽ കോളേജ് നൽകിയത്. അതു മാറ്റാൻ കഴിയില്ല എന്നു വന്നതോടെ കേസ് ഫയൽ ചെയ്തു. ഹൈക്കോടതിയിൽ രണ്ട് വർഷത്തോളം ആ നിയമപോരാട്ടം നീണ്ടു. ഒടുവിൽ അച്ഛൻ, അമ്മ എന്നു വേർതിരിച്ച് എഴുതുന്നതിനു പകരം, പാരന്റ്സ് എന്നെഴുതി ഇരുവരുടേയും പേരുവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആ ഉത്തരവും അതുപ്രകാരം അനുവദിച്ച ജനന സർട്ടിഫിക്കറ്റും മറ്റൊരു ചരിത്രവുമായി. വ്യവസ്ഥാപിതമായി പിന്തുടരുന്ന പലതും തിരുത്തിക്കൊണ്ടായിരുന്നു സിയയുടേയും സഹദിന്റേയും ജീവിതം.
ജീവിതം, ഓർമ
സമൂഹം പൂർണമായും മാറിയില്ലെങ്കിലും പഴയകാലത്തെ ട്രാൻസ്ജെന്റർ മനുഷ്യരനുഭവിച്ച കഠിനമായ ദുരിതങ്ങളുടെ കഥ പുതിയ തലമുറയ്ക്ക് കുറവാണ്.
“അവരനുഭവിച്ച വേദനയുടെ കനലിലൂടെയാണ് ഇന്നു നമ്മളെപ്പോലുള്ളവർ നിവർന്നു നിൽക്കുന്നത്. ഒത്തിരി ദുരിതങ്ങൾ അനുഭവിച്ച് അവർ ഉണ്ടാക്കിയെടുത്ത ഒരു പൊസിഷനിലേക്കാണ് ഞങ്ങളുടെ തലമുറ കയറിച്ചെല്ലുന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾക്കത് കുറച്ചുകൂടി എളുപ്പമായിരുന്നു” -സിയ പറയുന്നു.
25 വയസാണ് സിയയ്ക്ക്. 26 വയസ് സഹദിനും. പുതിയകാലത്തിന്റെ പ്രതിനിധികളെന്നു പറയാം. കോഴിക്കോട്ടെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലെ ‘ആൺകുട്ടി’ ആയിരുന്നു സിയ. ഏഴു സഹോദരങ്ങളും ഉമ്മയും ഉപ്പയുമടങ്ങുന്ന വലിയ കുടുംബത്തിൽനിന്നും പ്ലസ്ടു കാലമെത്തിയപ്പോഴേക്കും വീടുവിട്ടിറങ്ങേണ്ടിവന്നു. തന്റെ ജീവിതരീതിയുമായി കുടുംബത്തിലുള്ളവർക്ക് പൊരുത്തപ്പെടാൻ കഴിയില്ല എന്ന തോന്നലായിരുന്നു ആ ഓട്ടത്തിനു പിന്നിൽ. അത്ര സുഖകരമായിരുന്നില്ല സിയയുടെ ബാല്യം. പെണ്ണിന്റെ ശബ്ദം, പെണ്ണിന്റെ നടത്തം തുടങ്ങി ഏറെ കളിയാക്കലുകളിലൂടെയായിരുന്നു സ്കൂൾ കാലത്തെ ഓരോ ദിവസവും മുന്നോട്ടുപോയത്. എന്താണ് ഞാനിങ്ങനെ എന്ന് ആലോചിച്ച് കരഞ്ഞുതീർക്കുന്ന രാത്രികൾ. നൃത്തം ചെയ്യാനുള്ള ഇഷ്ടം കാരണം സ്കൂളുകളിലും ക്ലബ്ബുകളുടെ പരിപാടികളിലുമെല്ലാം വീട്ടുകാരറിയാതെ പങ്കെടുത്തു. നൃത്തത്തിനൊപ്പം മറ്റു കലാമത്സരങ്ങളിലും ജേതാവായി. പക്ഷേ, വീട്ടുകാരുടെ എതിർപ്പ് കൂടിവന്നു. ഉമ്മയുടെ മരണം കൂടിയായതോടെ പ്ലസ് വൺ പൂർത്തിയാക്കാതെ വീട്ടിൽനിന്നും ഇറങ്ങി. അപ്പോഴേക്കും നൃത്തം പഠിപ്പിക്കാൻ ചിലരൊക്കെ വിളിച്ചുതുടങ്ങിയിരുന്നു.
നൃത്തവേദിയിൽനിന്നു പരിചയപ്പെട്ട ഒരു സുഹൃത്തിനൊപ്പം തൃശൂരിൽ പോയി മടങ്ങി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സിയയുടെ ജീവിതം യഥാർത്ഥത്തിൽ മാറുന്നത്. അതുവരെ ട്രാൻസ്ജെന്റർ സമൂഹത്തെക്കുറിച്ച് കൂടുതലൊന്നുമറിയാത്ത ഒരാളായിരുന്നു. സ്ത്രീവേഷമിട്ട ട്രാൻസ് വ്യക്തികളെ പേടിയോടെ കണ്ടതും സിയ ഓർക്കുന്നു. ടിക്കറ്റില്ലാതെ ട്രെയിൻ യാത്ര നടത്തിയതിനു പിടിച്ചപ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് നഗരത്തിലെ ട്രാൻസ് സമൂഹത്തിലെ ആളുകളെ ബന്ധപ്പെട്ടത്. അവരെത്തി ഫൈനടച്ച് ഷെൽട്ടർ ഹോമിലേക്ക് കൊണ്ടുപോയി. കോഴിക്കോട് അങ്ങനെ ഒരു ഷെൽട്ടർ ഹോമുണ്ടെന്നും ആദ്യമായാണറിയുന്നത്. മൂന്നുമാസം വരെ അവിടെ താമസിക്കാം. അതിനിടയിൽ താമസവും ജോലിയും കണ്ടെത്തി മാറണം. കൊവിഡിന്റെ സമയമായതിനാൽ അഞ്ച് മാസത്തോളം സിയ അവിടെ താമസിച്ചു. സമാന വ്യക്തികളെ അറിയാനും പരിചയപ്പെടാനും ആ ലോകത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതും അവിടെ വെച്ചായിരുന്നു. അതുവരെ പലരും പറയുന്നതുപോലെ ഇവരെന്തിനാണ് വേഷംകെട്ടി നടക്കുന്നത് എന്നു ചിന്തിച്ചിരുന്ന ഒരാളായിരുന്നു സിയയും. പൂർണമായും ആഗ്രഹിക്കുന്ന സ്വത്വത്തിലേക്ക് മാറാൻ ശസ്ത്രക്രിയകളിലൂടെ കഴിയും എന്നും അവിടെ വെച്ചാണ് മനസ്സിലാവുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ ആളുകളുടെ അനുഭവങ്ങളും നേരിട്ടറിഞ്ഞു. കാതുകുത്തിയും മൂക്കുത്തിയിട്ടും മുടി നീട്ടിവളർത്തിയും ആ മാറ്റത്തിലേക്കുള്ള വഴിയിലേക്ക് സിയ കടക്കുകയും ചെയ്തിരുന്നു. ഷെൽട്ടർ ഹോമിൽനിന്നു പോരാനുള്ള സമയമായപ്പോഴാണ് ദീപറാണി എന്ന ട്രാൻസ് വ്യക്തി സിയയെ മകളായി സ്വീകരിക്കാൻ തയ്യാറാവുന്നത്. ട്രാൻസ് കമ്യൂണിറ്റിയിൽ അത്തരം ദത്തെടുക്കലുകൾ സ്വാഭാവികമാണ്. സെക്സ് വർക്കിനു പോകരുത് എന്ന നിബന്ധന വെച്ചായിരുന്നു അവർ സിയയെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് അവരുടെ വീട്ടിലായിരുന്നു താമസവും പഠനവും. ഇടയ്ക്ക്വെച്ച് മുറിഞ്ഞുപോയ പ്ലസ്ടു പഠനം തുല്യതാപരീക്ഷയിലൂടെ പൂർത്തിയാക്കി. എം.ജി യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിനു ചേർന്നു. ഇതിനിടയിൽ ഒന്നിലധികം തവണ വീട്ടുകാർ തിരിച്ചുകൊണ്ടുപോകാൻ എത്തിയെങ്കിലും സിയ മടങ്ങിയില്ല. ട്രാൻസ് വുമണിലേക്കുള്ള ചികിത്സകളും ആ സമയത്ത് തുടങ്ങി. അങ്ങനെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് സഹദിനെ പരിചയപ്പെടുന്നത്.
തിരുവനന്തപുരത്തെ ക്രിസ്ത്യൻ കുടുംബത്തിൽനിന്നുമാണ് പുതിയൊരു മനുഷ്യനാകാനുള്ള ആഗ്രഹത്തിൽ സഹദ് കോഴിക്കോട്ടെത്തുന്നത്. കോഴിക്കോട്ടെ അഷിത എന്ന ട്രാൻസ് വുമൺ സഹദിനെ മകനായി സ്വീകരിച്ചു. കോഴിക്കോട്ടെ കോസ്മെറ്റിക് ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെയാണ് സിയയെ പരിചയപ്പെടുന്നത്. ആണിലേക്കുള്ള യാത്ര ചികിത്സയിലൂടെ തുടങ്ങിക്കഴിഞ്ഞ സമയമായിരുന്നു അത്. കുടുംബത്തിൽനിന്നും കടുത്ത എതിർപ്പ് നേരിട്ടിരുന്നെങ്കിലും പിന്നീട് അവരുടെ പിന്തുണ സഹദിനുണ്ടായി എന്നതാണ് ഇവരുടെ ജീവിതത്തിലെ വലിയ സന്തോഷം. ട്രാൻസ്ജെന്റർ വ്യക്തികളെ കുടുംബം അംഗീകരിക്കുന്നതും അപൂർവമാണിപ്പോഴും. സഹദിന്റെ ഗർഭകാലത്തെല്ലാം അമ്മയും സഹോദരിയും പരിചരണത്തിനായി കൂടെയുണ്ടായിരുന്നു. എന്നെയും ഒരു മകളായി അവർ സ്വീകരിച്ചു എന്നത് വലിയ സന്തോഷമാണ് എന്ന് സിയയും പറയുന്നു. വേദനയുടെ കനലുകൾ ഇരുവരുടേയും ജീവിതത്തിലുണ്ടായിട്ടുണ്ടെങ്കിലും സന്തോഷകരമായ കാര്യങ്ങൾ ഓർക്കാൻ മാത്രമാണ് ഇവർക്കിഷ്ടം.
പുതിയ ലോകം പുതിയ അനുഭവം
സാബിയയക്ക് എല്ലാം പറഞ്ഞുകൊടുത്താണ് ഇരുവരും വളർത്തുന്നത്. അച്ഛന്റെ വയറിൽ നിന്നാണ് നീ വന്നത് എന്ന് സിയ അവൾക്കു പറഞ്ഞുകൊടുക്കും. അമ്മ ആണായിരുന്നു എന്നും പെണ്ണായി മാറിയതും അവൾക്കിപ്പോൾ അറിയാം. എല്ലാം അറിഞ്ഞുതന്നെ അവൾ ആത്മവിശ്വാസത്തോടെ വളരണം എന്നതാണ് ഇരുവരുടേയും ആഗ്രഹം. ചികിത്സയുടേയും ജോലി ആവശ്യത്തിനായി പണം കൊടുത്ത് തട്ടിപ്പിൽ കുടുങ്ങിപ്പോയതിന്റേയും സാമ്പത്തിക ബാധ്യത ഉണ്ടെങ്കിലും അതെല്ലാം മറികടന്ന് സന്തോഷകരമായ ജീവിതത്തിലേക്ക് എത്തും എന്ന ആത്മവിശ്വമാണ് ഇവർ പങ്കുവെയ്ക്കുന്നത്. ചെറിയൊരു വീട് വെച്ച് സാധാരണ എല്ലാ മനുഷ്യരേയുംപോലെ സന്തോഷമുള്ള ഒരു കുടുംബമായി മുന്നോട്ടുപോകണം. നൃത്തം പഠിപ്പിച്ചും സോഷ്യൽ മീഡിയ വീഡിയോയിൽനിന്നുള്ള വരുമാനവുമാണ് സിയയ്ക്കുള്ളത്. ചെന്നൈയിലെ ഓൺലൈൻ ഡെലിവറി കമ്പനിയിലാണ് സഹദിപ്പോൾ ജോലി ചെയ്യുന്നത്. കുഞ്ഞിനുവേണ്ടി നിർത്തിവെച്ച ട്രാൻസ്മാൻ, ട്രാൻസ്വുമൺ ശസ്ത്രക്രിയകളും ഇരുവവരും പിന്നീട് പൂർത്തിയാക്കി പൂർണമായും പുതിയ സ്വത്വത്തിലേക്കു മാറി.
“ജീവിതത്തിലുണ്ടാകുന്ന വിമർശനങ്ങളേയും തിരസ്കാരങ്ങളേയും ബുദ്ധിമുട്ടുകളേയുമെല്ലാം ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു. അത്ര സുഖകരമായിരിക്കില്ല ഈ യാത്ര എന്നും ഞങ്ങൾക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെ നേരിടാൻ തയ്യാറായിരുന്നു. അതായിരിക്കാം തളരാതെ മുന്നോട്ടു നയിച്ചതും” -സിയ പറയുന്നു.
പുതിയ ജീവിതവും പുതിയ പ്രതീക്ഷകളുമായി മുന്നോട്ടുപോവുകയാണ് സിയയും സഹദും. അമ്മയ്ക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് ഇവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുകയാണ് സാബിയയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates