മമത ബാനര്‍ജി AFP
Malayalam Weekly

ബംഗാളിൽ തുടർഭരണമോ മാറ്റമോ?

തുടർച്ചയാണ് മമതയുടെ ലക്ഷ്യം, കഴിഞ്ഞ തെരഞ്ഞെടുപ്പിലെ നേട്ടത്തിന്റെ ചുവടുപിടിച്ച് അധികാരത്തിലേക്കുള്ള കുതിപ്പാണ് ബി.ജെ.പി ഉന്നം. എന്നാൽ, മമതയുടെ പ്രഭാവത്തെ മറകടക്കാൻ ബി.ജെ.പിക്കു കഴിയുമോ എന്ന സംശയം ബാക്കി നില്‍ക്കുന്നു. ഭരണവിരുദ്ധ വോട്ടുകൾ വിഭജിച്ചുപോകുന്നത് തങ്ങൾക്ക് അനുകൂലമാവുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ. കോൺഗ്രസ്സും സി.പി.എമ്മും ഇത്തവണ സഖ്യമില്ലാതെയാണ് മത്സരിക്കുന്നത്.

അരവിന്ദ് ഗോപിനാഥ്

ബംഗാളിൽ ഇത്തവണ ‘മരണ’പ്പോരാണ്. നാലാമതും ജയിക്കാൻ തൃണമൂലിന് ജീവശ്വാസം നൽകി മമത. ഏതുവിധേനയും ഭരണംപിടിക്കാൻ ബി.ജെ.പി. ദശകങ്ങൾ നീണ്ട ഇടതുഭരണത്തിന്റെ അവശേഷിപ്പിനായി സി.പി.എം. അധികാരമില്ലാതെ അരനൂറ്റാണ്ട് പിന്നിടുന്ന കോൺഗ്രസ്. രാജ്യം ഉറ്റുനോക്കുന്ന പശ്ചിമ ബംഗാളിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ചിത്രം നേതാക്കൾക്കും പാർട്ടികൾക്കും നിർണായകമാണ്. ഫലം എന്തായാലും അവരുടെ രാഷ്ട്രീയ ഭാവിയെ നിർണയിക്കുന്ന ഒന്നാണിതെന്ന് ഏവർക്കുമറിയാം. 294 സീറ്റുകളാണ് ബംഗാൾ നിയമസഭയിൽ. ഭരണം ലഭിക്കാൻ വേണ്ടത് 148 സീറ്റുകൾ. 2021-ൽ തൃണമൂലിന് കിട്ടിയത് 213 സീറ്റ്. പ്രതിപക്ഷമായ ബി.ജെ.പിക്ക് 77 സീറ്റും. എന്നാൽ, തൃണമൂലിന്റെ വോട്ടു ശതമാനം 48.5 ഉം ബി.ജെ.പിയുടേത് 38.6 ശതമാനവുമാണ്. വ്യത്യാസം 10 ശതമാനം മാത്രം.

സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണം ഈ തെരഞ്ഞെടുപ്പിലെ നിർണായക വിഷയമാകുന്നത് ഇതുകൊണ്ടുകൂടിയാണ്. 2025-ൽ 7.66 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നതെങ്കിൽ സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനു ശേഷം 61 ലക്ഷം വോട്ടർമാർ കുറഞ്ഞ് 7.04 കോടിയായി. പന്ത്രണ്ടാമത്തേയും അവസാനത്തേയും പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടപ്പോൾ വോട്ടർപട്ടികയിൽനിന്ന് പുറത്തായത് 90 ലക്ഷത്തിലേറെ വോട്ടർമാരാണ്. അതായത് മൊത്തം വോട്ടർമാരുടെ 12 ശതമാനം. പാസ്‌പോർട്ടും സർക്കാർ സർവീസ് രേഖകളും വരെയുണ്ടായിട്ടും പട്ടികയിലിടം കണ്ടെത്താത്തവരുണ്ട്. ഒഴിവാക്കിയ 90 ലക്ഷം പേരിൽ രണ്ടര ലക്ഷം പേരുടെ പേര് ഉൾപ്പെടുത്തണോ വേണ്ടയോ എന്നത് ട്രൈബ്യൂണൽ ഇതുവരെ തീരുമാനിച്ചിട്ടുമില്ല. ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരെ മാത്രം തിരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണെന്നാണ് മമത ബാനർജി ഈ പ്രക്രിയയുടെ തുടക്കം മുതൽ വാദിക്കുന്നത്. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് 32 ലക്ഷം പേരെ വീണ്ടും വോട്ടർപട്ടികയിൽ ചേർത്തെന്നും മമത അവകാശവാദം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ കേസ് വാദിക്കാൻ മമത നേരിട്ട് തന്നെയെത്തി. മുതിർന്ന അഭിഭാഷകരുടെ നീണ്ടനിര സംസ്ഥാനത്തിനുവേണ്ടി വാദിക്കാൻ സുപ്രീംകോടതിയിലുണ്ടായിരുന്നെങ്കിലും അഭിഭാഷകക്കുപ്പായം അണിഞ്ഞുവന്ന മമത നൽകിയത് വലിയ രാഷ്ട്രീയസന്ദേശമായിരുന്നു.

വോട്ടർ പട്ടിക പരിഷ്‌കരണം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്. നുഴഞ്ഞുകയറ്റക്കാരുടെ പേരു മാത്രമേ ഒഴിവാക്കിയിട്ടുള്ളൂവെന്നും ബി.ജെ.പി അധികാരത്തിലെത്തിയാൽ അവരെ സംസ്ഥാനത്തുനിന്നു പുറത്താക്കുമെന്നും ആഭ്യന്തരമന്ത്രി അമിത്ഷാ ആവർത്തിച്ചു പറയുന്നു. വിഭജനത്തിന്റെ മുറിവും നോവും അനുഭവിച്ച ചരിത്രമൊന്നും ഇപ്പോഴത്തെ വോട്ടർമാർക്ക് പരിചിതമായിരിക്കില്ല. എന്നാൽ, മതത്താൽ വിഭജിച്ച്, ഭിന്നിപ്പിച്ച് ഭരിച്ച ബ്രിട്ടീഷ് കൊളോണിയൽ രീതിയുടെ പുതിയ വെർഷൻ ബി.ജെ.പി നടപ്പിലാക്കുകയും വിജയിക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാർത്ഥ്യം. ഡൽഹിക്കും ബിഹാറിനും ഒഡീഷയ്ക്കും പിന്നാലെ ബംഗാളും കൂടി പിടിച്ചെടുത്താൽ ബി.ജെ.പിക്ക് അത് തിലകക്കുറിയാണ്. ഇത്തവണ 170 സീറ്റുകൾ പിടിക്കണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ കല്പന. തൃണമൂലിന്റെ മുസ്‌ലിം പ്രീണനം വഴി ഹിന്ദുവോട്ടുകൾ നേടാമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ബംഗാളിന്റെ സ്വത്വം ഉത്തരേന്ത്യയുമായി കൂട്ടിക്കെട്ടാനാണ് ബി.ജെ.പിയുടെ ശ്രമം. അതുകൊണ്ടാണ് വന്ദേഭാരതിലെ ഭക്ഷണമടക്കം രാഷ്ട്രീയവിവാദമായത്. അയൽസംസ്ഥാനമായ ബിഹാറിൽ ഇറച്ചി, മത്സ്യവില്‍പ്പനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വലിയ ചർച്ചയാക്കി മാറ്റിക്കഴിഞ്ഞു.

ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന മുദ്രാവാക്യവും ബി.ജെ.പി ഉയർത്തുന്നു. സന്ദേശ്ഖലിയിൽ സ്ത്രീകൾക്കു നേരേ നടന്ന അതിക്രമങ്ങളും ആർജി കർ മെഡിക്കൽ കോളേജ് സംഭവവുമൊക്കെ ചർച്ചാവിഷയമാണ്. ബംഗാളിലെ വോട്ടർമാരിൽ പകുതിയിലധികം സ്ത്രീ വോട്ടർമാരാണ്. ഇവരുടെ വോട്ട് നിർണായകമാണ്. എങ്കിലും പ്രായം തളർത്താത്ത വീര്യത്തോടെ നിൽക്കുന്ന മമതയെ തളർത്തുകയെന്നത് ചെറിയ കാര്യമല്ലെന്നും ബി.ജെ.പിക്ക് അറിയാം. നാലാം തവണ ജയിച്ച് മുഖ്യമന്ത്രിയായാൽ സംസ്ഥാനത്തിന്റെ ചരിത്രത്തിൽതന്നെ ഏറ്റവുമധികം തവണ അധികാരത്തിലെത്തിയ നേതാവ് മമതയാകും. ആരോഗ്യവും കാലവും അനുവദിച്ചാൽ ദേശീയതലത്തിൽ തന്നെ ബി.ജെ.പിക്ക് വെല്ലുവിളിയാകുന്ന രീതിയിലുള്ള നേതാവായി മാറാൻ മമതയ്ക്ക് കഴിയും. കേന്ദ്ര അവഗണനയ്ക്കിടയിലും ജനക്ഷേമം ഉറപ്പാക്കുകയാണ് തങ്ങളെന്നാണ് മമതയുടെ അവകാശവാദം. മുസ്‌ലിം ന്യൂനപക്ഷവും മഹിളകളും തങ്ങളെ വീണ്ടും അധികാരത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് മമത. ഇതു കണക്കാക്കിയായിരുന്നു അവസാന ബജറ്റും. നേരിട്ട് സാമ്പത്തിക സഹായങ്ങൾ കൈമാറുന്ന പദ്ധതികൾ ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് അക്കൗണ്ടിൽ പണം നൽകുന്ന ലക്ഷ്മിബണ്ഡാർ പദ്ധതിയുടെ വിഹിതം വർദ്ധിപ്പിച്ചു. 2.2 കോടി സ്ത്രീകളാണ് ഇതിന്റെ ഗുണഭോക്താക്കൾ. പത്താംക്ലാസ്സ് കഴിഞ്ഞ തൊഴിൽരഹിതരായ യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം പ്രഖ്യാപിച്ചു. ആശാ-അങ്കണവാടി വർക്കർമാരുടെ വേതനത്തിൽ 1,000 രൂപ വർദ്ധിപ്പിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത നാലുശതമാനം വർദ്ധിപ്പിച്ചതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്.

സി.പി.എം നേതൃത്വം നൽകുന്ന ഇടതുമുന്നണിയുടെ ദശകങ്ങൾ നീണ്ട ഭരണത്തെ അട്ടിമറിച്ച് 2011-ൽ 184 സീറ്റുകളുമായാണ് തൃണമൂൽ കോൺഗ്രസ് ആദ്യമായി അധികാരത്തിൽ വരുന്നത്. ഇടതുപക്ഷം അന്നു നേടിയത് 40 സീറ്റുകൾ. 2016-ൽ തൃണമൂലിന്റെ സീറ്റുകൾ 211 ആയി. ഇടതിന്റേത് 26 സീറ്റുകളായി കുറഞ്ഞു. 2016-ലെ ഈ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി ആദ്യമായി 3 സീറ്റുകൾ നേടിയത്. 2011-ൽ 40 സീറ്റുകൾ ഉണ്ടായിരുന്ന കോൺഗ്രസ് 2016-ൽ ഇത് 42 സീറ്റുകളായി വർദ്ധിപ്പിച്ചു. എന്നാൽ, 2021-ൽ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രമാകെ മാറിമറിയുന്നതാണ് കാണുന്നത്. ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന ഇടതിനേയും കോൺഗ്രസ്സിനേയും പിന്തള്ളി 77 സീറ്റുകളുമായി ബി.ജെ.പി മുഖ്യപ്രതിപക്ഷമായി. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 42 സീറ്റുകളിൽ 18 എണ്ണം നേടിക്കൊണ്ട് ബി.ജെ.പി തൃണമൂലിനെ അമ്പരപ്പിച്ചു. 22 സീറ്റുകളായിരുന്നു തൃണമൂലിന്റെ സമ്പാദ്യം. കോൺഗ്രസ് 2 സീറ്റുകൾ നേടിയപ്പോൾ ഇടതിന് സീറ്റൊന്നും ലഭിച്ചില്ല. 2024-ൽ പക്ഷേ, മമത തിരിച്ചടിച്ചു. ബി.ജെ.പിയുടെ സീറ്റ് എണ്ണം 12 ആക്കി ചുരുക്കി 29 സീറ്റുകളിൽ വിജയിച്ചു. കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു.

ഇത്തവണയും തൃണമൂലും ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് ബംഗാൾ സാക്ഷ്യം വഹിക്കുന്നത്. തുടക്കത്തിൽ മുന്നണി ചർച്ചകൾ നടന്നിരുന്നുവെങ്കിലും ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ് തീരുമാനിച്ചു. അതേസമയം, വോട്ടുശതമാനത്തിന്റെ കാര്യത്തിൽ തൃണമൂലും (48.02 ശതമാനം) ബി.ജെ.പിയും (38.13 ശതമാനം) തമ്മിൽ 10 ശതമാനത്തിന്റെ വ്യത്യാസമേ കഴിഞ്ഞ തവണ ഉണ്ടായിരുന്നുള്ളൂ. സി.പി.എം 4.73 ശതമാനവും കോൺഗ്രസ് 2.94 ശതമാനവും വോട്ട് നേടി. അന്ന് നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി പിന്നീട് ഭബാനിപുരിലെ ഉപതെരഞ്ഞെടുപ്പ് വിജയിച്ചാണ് മുഖ്യമന്ത്രി സ്ഥാനം നിലനിർത്തിയത്. മമതയ്‌ക്കൊപ്പം തൃണമൂൽ രൂപീകരണത്തിന് ചുക്കാൻ പിടിച്ച, പിന്നീട് കളംമാറി ബി.ജെ.പിയിലെത്തുകയും ഒടുവിൽ തിരിച്ചുവരികയും ചെയ്ത മുകുൾ റോയി തെരഞ്ഞെടുപ്പിനു മുൻപേ വിടപറഞ്ഞു. ദശകങ്ങൾ നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ച് ഭരണത്തിലേറാൻ മമത ബാനർജിയെ സഹായിച്ചത് നന്ദിഗ്രാമിലെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രക്ഷോഭമായിരുന്നു. 2021-ൽ ബംഗാളിൽ മൂന്നാം വട്ടവും മമതയുടെ തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ വന്നെങ്കിലും ഇതേ നന്ദിഗ്രാമിൽ മമത പരാജയപ്പെട്ടു. അതിനു ശേഷം നടക്കുന്ന തെരഞ്ഞെടുപ്പു കൂടിയാണ് ഇത്തവണത്തേത്. അന്ന് മമതയെ അട്ടിമറിച്ച പഴയ അനുയായിയാണ് പ്രതിപക്ഷ നേതാവായ ബി.ജെ.പിയുടെ സുവേന്ദു അധികാരി.

രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സിലിഗുഡി സന്ദർശനവും രാഷ്ട്രീയവിവാദമായി. തൃണമൂലിന് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക് ഓഫീസിലെ ഇഡി റെയ്ഡിനെ മമത നേരിട്ട രീതിയും അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതായിരുന്നു. കേന്ദ്രസർക്കാരിനെതിരെ പോരാടാൻ ശേഷിയുള്ള നേതാവാണെന്ന് ഒരിക്കൽക്കൂടി മമത ബോധ്യപ്പെടുത്തി. റെയ്ഡ് നടന്ന ഓഫീസിൽനിന്ന് മമത ഒരു ലാപ്‌ടോപ്പും പച്ച ഫോൾഡറുമായി പുറത്തുവന്നതും തുടർന്ന് നടത്തിയ നാല് മണിക്കൂർ ധർണയും പോരാട്ടമായിട്ടാണ് തൃണമൂൽ അവതരിപ്പിച്ചത്.

നിർണായകമാകും എസ്.ഐ.ആർ

സമഗ്ര വോട്ടർ പരിഷ്‌കരണം തൃണമൂലിന് രാഷ്ട്രീയമായി തിരിച്ചടി നൽകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ പകുതിയിലേറെയും മുസ്‌ലിം ഭൂരിപക്ഷമുള്ളതും മുസ്‌ലിങ്ങൾ നിർണായകമായതുമായ ഏഴ് ജില്ലകളിൽനിന്നാണ്. തൃണമൂൽ കോൺഗ്രസ്സിന്റെ ശക്തിയായ ന്യൂനപക്ഷവോട്ടുകളിൽ ഇതുമൂലം ഗണ്യമായ കുറവുവരുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ. ഇതിൽത്തന്നെ മുർഷിദാബാദ്, മാൽദ, ഉത്തർദിനാജ്പുർ ജില്ലകൾ ഏറെ പ്രധാനമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 22 സീറ്റുകളിൽ 20-ഉം തൃണമൂൽ ജയിച്ച ജില്ലയാണ് മുർഷിദാബാദ്. മുർഷിദാബാദും മാൽദയും തൃണമൂലിന്റെ പരമ്പരാഗത ശക്തികേന്ദ്രങ്ങളായിരുന്നില്ല. മതധ്രുവീകരണ രാഷ്ട്രീയം ശക്തമായപ്പോൾ മുതലാണ് ഈ ജില്ലകളിൽ തൃണമൂലിന് മേൽക്കൈ കിട്ടിയത്. പക്ഷേ, അവരുടെ കോട്ടയായ തെക്കൻ ബംഗാളിലെ രണ്ട് പ്രധാന ജില്ലകളായ 24 പർഗാനാസ്-തെക്ക്, വടക്ക് ജില്ലകളിലും വൻതോതിൽ വോട്ടർമാർ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.

പർഗാനാസ്-വടക്ക്, നദിയ ജില്ലകളിൽനിന്ന് ഹിന്ദുക്കളായ മത്തുവ വിഭാഗക്കാരും ഗണ്യമായ രീതിയിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എസ്.ഐ.ആർ ഒരു ഇരുതലമൂർച്ചയുള്ള വാളായി മാറിയാൽ ബി.ജെ.പിക്ക് ഇവിടം തിരിച്ചടിയാകും. ബംഗ്ലാദേശിൽ വേരുകളുള്ളതും പല കാലങ്ങളിലായി അവിടെനിന്ന് കുടിയേറിയവരുമായ മത്തുവ വിഭാഗത്തിലെ ഭൂരിപക്ഷവും ബി.ജെ.പി. അനുകൂലികളാണ്. വോട്ടർപട്ടികയിൽ നിന്നൊഴിവായതിലുള്ള ഇവരുടെ അതൃപ്തി മുതലെടുക്കാൻ തൃണമൂൽ ശ്രമം തുടങ്ങിയിട്ടുണ്ട്. എസ്.ഐ.ആറിനു പുറമേ തൃണമൂലിന്റെ ന്യൂനപക്ഷ വോട്ടുബാങ്കിൽ വിള്ളൽ വീഴ്‌ത്തുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്ന മറ്റൊരു ഘടകം മുസ്‌ലിം സ്വത്വരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ചെറു പാർട്ടികളുടെ സക്രിയ സാന്നിധ്യമാണ്. തൃണമൂലിൽനിന്നു പുറത്താക്കിയ മുർഷിദാബാദ് ജില്ലയിലെ ഹുമയൂൺ കബീർ എം.എൽ.എ രൂപംകൊടുത്ത ആം ജനതാ ഉന്നയൻപാർട്ടി ഒവൈസിയുടെ മജ്‌ലിസ് പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് മത്സരിക്കുന്നത്. എ.ജെ.യു.പി 182 സീറ്റിലും മജ്‌ലിസ് 17 സീറ്റിലും. ഫുർഫുറാ ഷരീഫെന്ന മുസ്‌ലിം തീർത്ഥാടനകേന്ദ്രത്തിലെ പീർസാദമാർ രൂപംകൊടുത്ത ഐ.എസ്.എഫ് ഇടതുമുന്നണിക്കൊപ്പമാണ്. എസ്.ഡി.പി.ഐയും ഇടതുമുന്നണിയുമായും ധാരണയുണ്ട്. മുസ്‌ലിം വോട്ട് വിഘടിച്ചുപോകുന്നത് തങ്ങൾക്ക് ഗുണംചെയ്യുമെന്ന് ബി.ജെ.പി കരുതുന്നു.

കരുത്ത് കാണിക്കാൻ ബി.ജെ.പി

പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി, സംസ്ഥാന അധ്യക്ഷൻ സാമിക് ഭട്ടാചാര്യ, കേന്ദ്രമന്ത്രി സുകന്ത മജുംദാർ, മുൻ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരാണ് ബി.ജെ.പിയുടെ പ്രധാന മുഖങ്ങൾ. എങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും തന്നെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ഗവർണർ സി.വി. ആനന്ദബോസിന്റെ രാജിയും തുടർന്ന് ആർ.എൻ. രവിയുടെ നിയമനവും ബംഗാളിൽ വിവാദചർച്ചയായി. ശക്തമായ സംഘടനാശേഷിയുടെ അഭാവം പാർട്ടിക്ക് വെല്ലുവിളിയാണ്. തൃണമൂൽ നടത്തുന്ന ആക്രമണങ്ങളും പൊലിസ് കേസ് ചുമത്തുന്നതും പ്രവർത്തകരെ പിന്നോട്ടടിക്കുന്നു. പാർട്ടിയിലെ പടലപ്പിണക്കങ്ങളും തിരിച്ചടിയാണ്. ഭരണവിരുദ്ധവികാരം, അഴിമതി ആരോപണം, യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ എന്നിവയാണ് ബി.ജെ.പി ആയുധമാക്കുന്നത്. മമതയുടെ ക്ഷേമരാഷ്ട്രീയത്തെ മറികടക്കാൻ, അധികാരത്തിലെത്തിയാൽ 45 ദിവസത്തിനുള്ളിൽ ഏഴാം ശമ്പളക്കമ്മിഷനെ നിയമിക്കുമെന്നും ഒഴിവുള്ള സർക്കാർ തസ്തികകളിൽ നിയമനം നടത്തുമെന്നും സ്ത്രീ ശാക്തീകരണത്തിനായി 5,700 കോടിയുടെ സാമ്പത്തിക സഹായം പ്രഖ്യാപിക്കുമെന്നുമാണ് വാഗ്‌ദാനം.

ചരിത്രം ഓർത്ത് കോൺഗ്രസ്

അടിയന്തരാവസ്ഥക്കാലം വരെ കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്നു ബംഗാൾ. അടിയന്തരാവസ്ഥയ്ക്ക് മുന്‍പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പകുതിയോളം വോട്ട് വിഹിതവും 200 സീറ്റും നേടി അധികാരത്തിൽ വന്ന കോൺഗ്രസ് പിന്നിങ്ങോട്ട് ബംഗാളിൽ അധികാരത്തിലെത്തിയിട്ടേയില്ല. അടിയന്തരാവസ്ഥ വിരുദ്ധ കാറ്റിൽ ഇടതുപക്ഷം അധികാരത്തിലെത്തി. മൂന്ന് പതിറ്റാണ്ട് കാലത്തെ ഇടതുഭരണത്തിന് അറുതിവരുത്തി പിന്നീട് അധികാരത്തിൽ വന്നത് ടി.എം.സിയാണ്. അപ്പോഴും തിരിച്ചുവരവിന്റെ സൂചനകൾപോലും കോൺഗ്രസ് ബംഗാളിൽ കാണിച്ചില്ല. ഇപ്പോൾ ബംഗാൾ തെരഞ്ഞെടുപ്പിൽ ടി.എം.സി-ബി.ജെ.പി എന്നിവർ തമ്മിലാണ് പ്രധാനമത്സരം.

സിദ്ധാർഥ ശങ്കർ റേയാണ് ബംഗാളിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി. മറ്റൊരു തെരഞ്ഞെടുപ്പ് പോരാട്ടം മുറുകുന്നതിനിടെ തിരിച്ചുവരവിന്റെ നേരിയ സൂചനകൾപോലും കോൺഗ്രസ് കാണിക്കുന്നില്ല. 1977-ൽ അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള ജനവികാരം ആഞ്ഞടിച്ചപ്പോൾ ജ്യോതിബസുവിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി കോൺഗ്രസ്സിനെ താഴെ ഇറക്കിയാണ് അധികാരത്തിലെത്തിയത്. പിന്നീട് പതിറ്റാണ്ടുകളോളം നീണ്ട ഇടതുഭരണം കോൺഗ്രസ്സിനെ പ്രതിപക്ഷനിരയിൽ തളച്ചിട്ടു. അതിനിടെയാണ് കോൺഗ്രസ്സിൽ കലാപം ഉയർത്തി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് കൂടിയായിരുന്ന മമത ബാനർജി പാർട്ടിയിൽനിന്ന് പുറത്തുപോകുന്നത്. 1998-ൽ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത ബാനർജി, കോൺഗ്രസ്സിന്റെ അടിത്തറ പൂർണമായും തകർത്തു. ഇടതുപക്ഷത്തെ നേരിടാൻ ശേഷിയുള്ള ഏക ശക്തിയായി മമത വളർന്നതോടെ കോൺഗ്രസ് ബംഗാളിൽ അപ്രസക്തമായി. മൂന്നു ശതമാനമാണ് ഇപ്പോൾ ബംഗാളിൽ കോൺഗ്രസ്സിന്റെ വോട്ടുശതമാനം.

ചുവപ്പിന്റെ ശേഷിപ്പ് തേടി ഇടതുപക്ഷം

2016-ലും 2021-ലും കോൺഗ്രസ്സിനൊപ്പം മത്സരിച്ച് ജനങ്ങളോട് പരാജയപ്പെട്ട സി.പി.എം ബംഗാളിൽ ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെട്ട് പാർട്ടിനേതൃത്വം പ്രതീക്ഷവയ്ക്കുന്നത് യുവതലമുറയിലാണ്. പേരിനെങ്കിലും സീറ്റുകൾ നേടാനും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ടുശതമാനം നിലനിർത്താനുമാണ് പാർട്ടിയുടെ ശ്രമം. മീനാക്ഷി മുഖർജി, ഐഷേ ഘോഷ്, ശ്രീജൻ ഭട്ടാചാര്യ, ദീപ്‌സിത ധർ, കലാതൻ ദാസ് ഗുപ്ത എന്നിവരടക്കമുള്ളവരാണ് യുവതലമുറയിൽ. പാർട്ടി സെക്രട്ടറി മുഹമ്മദ് സലിമിനെ ഗബ്ബർ സിങ് എന്ന് വിശേഷിപ്പിച്ച് പാർട്ടി വിട്ട പ്രതീകുർ റഹ്‌മാനെപ്പോലെയുള്ളവർ പാർട്ടിക്ക് വെല്ലുവിളിയാണ്. അഞ്ചു ശതമാനമാണ് ബംഗാളിൽ സി.പി.എമ്മിന്റെ വോട്ടുശതമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന്‍'; ജനവികാരമെന്ന് മുസ്ലിം ലീഗ്

ഇറാനെതിരെ വീണ്ടും സൈനിക നീക്കം?, എണ്ണവില 125 ഡോളര്‍ കടന്നു; നാലുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍, ഇന്ധനവില കൂടുമോ?

ആസ്ത്മയെ പ്രതിരോധിക്കാം, ശീലങ്ങൾ മാറ്റാം ആരോഗ്യത്തോടെയിരിക്കാം

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം: മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള പരിഗണന 70 വയസ്സ് കഴിഞ്ഞവര്‍ക്ക്, വഴിപാട് കൗണ്ടറുകള്‍ കൂട്ടി

22 വര്‍ഷങ്ങള്‍ക്കു ശേഷം, മണര്‍കാട് കാവില്‍ പള്ളിപ്പാന; അറിയാം ഐതീഹ്യവും പ്രാധാന്യവും

SCROLL FOR NEXT