കഴിഞ്ഞ വർഷം ചെന്നൈയിലെ ഗവൺമെന്റ് മ്യൂസിയത്തിൽ, ബ്രിട്ടീഷ് ആർക്കിയോളജിസ്റ്റ് ജോൺ മാർഷലിന്റെ (1876-1958) പ്രതിമ സ്ഥാപിക്കുകയുണ്ടായി. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിനോട് അനുഭാവം പുലർത്തിയിരുന്ന ഇംഗ്ലീഷുകാരനായിരുന്നു ജോൺ മാർഷൽ. എന്നാൽ, അദ്ദേഹത്തിന്റെ പ്രതിമ ഇപ്പോൾ തമിഴ്‌നാട്ടുകാർ സ്ഥാപിച്ചതിനു മറ്റൊരു കാരണമുണ്ട്. ഇന്ത്യയിലെ ചരിത്രകാരന്മാരും ആർക്കിയോളജി പഠനരംഗത്തുള്ളവരും ശങ്കിച്ചുനിന്നപ്പോൾ, സിന്ധുനദീതട സംസ്‌കാരം വൈദിക പൂർവികമാണെന്നും വേദിക് ഇതരമാണെന്നും അതു ദ്രാവിഡ സംസ്‌കാരമായിരിക്കാമെന്നും ആദ്യമേ പ്രസ്താവിച്ചത് ജോൺ മാർഷലാണ്. ദീർഘകാലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(ASI)യുടെ ഡയറക്ടർ ജനറൽ ആയിരുന്ന ജോൺ മാർഷൽ 1924-ലാണ് ഹാരപ്പയിലെ ഉത്ഖനനത്തിനായി എത്തുന്നത്. സിന്ധുനദിയുടെ താഴ്‌വരയിലെ ഹാരപ്പ, മോഹന്‍ജൊദാരോ നഗരങ്ങളുടെ ഉത്ഖനനത്തിനു നേതൃത്വം കൊടുത്ത ഈ ആർക്കിയോളജിസ്റ്റ് പിന്നെയും ക്ഷമാപൂർവം ഇന്ത്യയിലെ പലയിടത്തുനിന്നുമായി നിരവധി പ്രാചീന ചരിത്രവസ്തുതകൾ കുഴിച്ചെടുക്കുകയുണ്ടായി. പ്രത്യേകിച്ച് ബുദ്ധമതവുമായി ബന്ധപ്പെട്ടവ. മാർഷലിന്റെ നേതൃത്വത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രവർത്തനം ഊർജിതമായി. 1924 സെപ്‌റ്റംബറിൽ ഇല്ലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസിൽ (First Light on a Long - Forgotten Civilization), ഹാരപ്പൻ സംസ്‌കാരത്തെക്കുറിച്ചുള്ള ആദ്യലേഖനം പ്രത്യക്ഷപ്പെട്ടു. തുടർന്നുള്ള കാലത്തെ കണ്ടെത്തലുകൾ വഴി ഇന്ത്യയുടെ മഹത്തായ പുരാതന സംസ്‌കാരത്തിന്റെ സംരക്ഷകനായും പ്രചാരകനായും അദ്ദേഹം പേരെടുത്തു. അക്കാലത്തുതന്നെ നിരവധി പുരസ്‌കാരങ്ങൾ, കൽക്കത്ത യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് അടക്കം അദ്ദേഹത്തെ തേടിയെത്തി. 1958 ആഗസ്റ്റ് 17-ന് 82-ാം വയസ്സിലാണ് അദ്ദേഹം വിടവാങ്ങിയത്.
തമിഴ്‌നാട്ടിലെ ആദിച്ചനെല്ലൂർ തുടങ്ങി ഇപ്പോൾ മധുരയ്ക്കടുത്ത് കീഴടിവരെയുള്ള ഉത്ഖനനങ്ങളിലൂടെ ലഭിച്ച പുരാവസ്തുക്കൾ മാർഷലിന്റെ പ്രഖ്യാപനത്തിന്റെ ശരിമ ബോധ്യപ്പെടുത്തുകയാണ്. ജോൺ മാർഷലിന്റെ നിരീക്ഷണത്തിന് നൂറു നൂറ്റാണ്ടു തികയുമ്പോഴാണ് ഈ പ്രത്യക്ഷ തെളിവുകൾ ലഭിക്കുന്നത്. കീഴടി ഉത്ഖനനത്തിനു നേതൃത്വം നൽകിയ എ.എസ്.ഐയുടെ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് അമർനാഥ് രാമകൃഷ്‌ണ നൂറ് വർഷത്തിനിപ്പുറം കൂടുതൽ തെളിവോടെ കീഴടിയും ഹാരപ്പയുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചത് കേന്ദ്രസർക്കാരിനു കീഴിലുള്ള മേലുദ്യോഗസ്ഥർക്കു രുചിച്ചില്ല. അമർനാഥ് രാമകൃഷ്‌ണയുടെ ആസാമിലേക്കുള്ള സ്ഥലംമാറ്റവും കീഴടി ഉത്ഖനനം മന്ദീഭവിപ്പിക്കാനുള്ള എ.എസ്.ഐ തീരുമാനവുമെല്ലാം ഇതിന്റെ ഭാഗമായാണ് നടന്നത്. ഐതിഹ്യങ്ങളിൽനിന്നും പുരാണങ്ങളിൽനിന്നും ഉത്തരേന്ത്യൻ ഭൂതകാല ചരിത്രം സൃഷ്ടിക്കുന്നതിനു കോടികൾ ചെലവഴിക്കുന്ന കേന്ദ്രസർക്കാരിനെ നയിക്കുന്നവർ, ദ്രാവിഡദേശത്തിന്റെ പഴമയെക്കുറിച്ചു പറയുമ്പോൾ, തെളിവ് കൂടുതൽ തെളിവ്, പിന്നെയും തെളിവ് എന്നാവശ്യപ്പെട്ടു കൊണ്ടിരിക്കുന്നതിലെ രാഷ്ട്രീയം വ്യക്തമാണല്ലോ. ഇന്ത്യാചരിത്രാരംഭം വൈദികസംസ്‌കാരത്തിൽ കൊണ്ടുകെട്ടാൻ 1999-ലെ വാജ്പേയ് സർക്കാർ ഔദ്യോഗികമായി തുടങ്ങിവെച്ചതും കേന്ദ്രസർക്കാർ ഇപ്പോഴും തുടരുന്നതുമായ പ്രൊജക്ടുകൾക്കു ലഭിച്ച ഏറ്റവും വലിയ ആഘാതമാണ് കീഴടി ഉത്ഖനനം.
ഹാരപ്പ സംസ്‌കൃതി വൈദികേതരമാണെന്ന് ജോൺ മാർഷൽ നിരീക്ഷണം നടത്തിയ അതേ കാലത്തുതന്നെ ബംഗാളി ഭാഷാശാസ്ത്രജ്ഞൻ എസ്.കെ. ചാറ്റർജി ഇക്കാര്യം ആവർത്തിച്ചിരുന്നു. അദ്ദേഹം കൂടുതലും ആശ്രയിച്ചത് ഭാഷാപരമായ തെളിവുകളായിരുന്നു. വൈദികേതരവും വൈദികപൂർവവുമായ ഈ സംസ്‌കാരത്തിനു ആര്യന്മാരായി ബന്ധമില്ലെന്നും ദ്രാവിഡമാണെന്നും എസ്.കെ. ചാറ്റർജി നിരീക്ഷിച്ചു. അതുവരെ ലഭിച്ച പുരാവസ്തുക്കൾ, റോബർട്ട് കാൾഡ്വെല്ലിന്റെ ദ്രാവിഡഭാഷകളുടെ താരതമ്യപഠനം, അക്കാലത്തുതന്നെ ലഭിച്ച ആദിച്ചനെല്ലൂർ കണ്ടെത്തലുകൾ ഇവയെല്ലാം അദ്ദേഹം ഇതിനോടകം മനസ്സിലാക്കിയിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ആയിരുന്ന കെ.എൻ. ദീക്ഷിത് 1935-ൽ, ചെന്നൈയിൽ നടന്ന ഒരു ചരിത്ര സമ്മേളനത്തിൽ പ്രവചിച്ചിരുന്നു, തമിഴ്‌നാട്ടിലെ തിരുനൽവേലി-മധുരൈ-കോർക്കെ, പ്രദേശങ്ങളിൽ ഉത്ഖനനം നടത്തിയാൽ സൈന്ധവ സംസ്‌കാരവുമായുള്ള ബന്ധം സ്ഥാപിക്കുന്ന തെളിവുകൾ ലഭിക്കുമെന്ന്. എന്നാൽ, ഇക്കാര്യത്തിൽ മുന്നോട്ടുപോകാൻ ദ്രാവിഡ രാഷ്ട്രീയത്തിൽ കഴുത്തറ്റം മുങ്ങിക്കിടക്കുന്ന തമിഴ് ജനതയ്ക്ക് അക്കാലത്ത് സാധിച്ചില്ല. എന്നാലിപ്പോൾ പുരാതന ചരിത്രം വലിയൊരു രാഷ്ട്രീയായുധമാക്കി കേന്ദ്രഭരണം മുന്നേറുന്നതു കണ്ടതോടെ സ്വന്തം ജനതയുടെ ആദിമചരിത്രത്തിന്റെ പ്രാധാന്യത്തിലേക്ക് തമിഴ്ജനത ഉണർന്നിരിക്കുന്നു. ഇന്ന് പുരാവസ്തുക്കളോടു വലിയ മമതയുള്ള ജനതയാണ് തമിഴകത്തുള്ളത്. അതിന്റെ ആസന്നകാരണം കീഴടിയാണ്. ഏറ്റവുമേറെ ഉത്ഖനനം നടക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. തമിഴ്‌നാട്ടിലെ ഓരോ പുരാവസ്തുകേന്ദ്രങ്ങളും അവസാനം 2015-ൽ തുടങ്ങിവെച്ച കീഴടി ഉത്ഖനനം വരെ ഹാരപ്പൻ സംസ്‌കാരത്തോടു ചേർത്തുവെയ്ക്കാവുന്ന നാഗരികതയുടെ സാന്നിധ്യം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
ഭാഷാപഠനവും പുരാവസ്തുശാസ്ത്രവും നൽകിയ അറിവുകളെ ശക്തമായി പിന്തുണയ്ക്കുകയാണ് ജനിതകശാസ്ത്രത്തിന്റെ ആധുനിക മുഖം. ഇന്ത്യയുടെ ആദിമ ജനജീവിതചരിത്രത്തിലേയ്ക്കു വ്യക്തമായി എത്താവുന്ന തെളിവുകളാണ് ലോകപ്രശസ്ത ജനിതകശാസ്ത്രജ്ഞൻ ഡേവിഡ് റെയ്ഷ് എഴുതിയ ‘മനുഷ്യവംശത്തിന്റെ ജനിതകവഴി’ (Who we are? How we got Here?) എന്ന കൃതി നൽകുന്നത്. ജനിതകഗവേഷകനും ഡി.എൻ.എ സീക്വൻസിംഗിൽ അഗ്രഗണ്യനുമാണ് ഡേവിഡ് റെയ്ഷ്. ഹവാർഡ് മെഡിക്കൽ സ്‌കൂളിലെ പ്രൊഫസറായ റെയ്ഷിനെ, പ്രഗല്‍ഭരായ പത്തു ശാസ്ത്രജ്ഞന്മാരിൽ ഒരാളായി നേച്ചർ മാസിക തെരഞ്ഞെടുത്തിരുന്നു. മനുഷ്യവംശത്തിന്റെ ഉദയവും യാത്രകളും വിശ്വം മുഴുക്കെ വ്യാപിച്ചതുമായ ചരിത്രഗാഥ ജനിതക വിശകലനത്തിലൂടെ ഈ പുസ്തകം അടയാളപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രാന്വേഷണങ്ങളുടെ ലിഖിതരേഖയാണ് പുസ്തകം. ആഫ്രിക്കയിൽ രൂപംകൊണ്ട ഹോമോസാപ്പിയൻസ് ഇന്ത്യയിലെത്തി താമസമുറപ്പിക്കുന്നതും ഹാരപ്പൻ സംസ്‌കൃതി സ്ഥാപിക്കുന്നതിൽ പങ്കാളികളാകുന്നതും സിന്ധുനദിയുടെ വരൾച്ചയോടെ ആയിരക്കണക്കിനു വർഷങ്ങൾകൊണ്ടു പണിതുയർത്തിയ വാസസ്ഥലമുപേക്ഷിച്ച് ഇന്ത്യയുടെ രണ്ടു ദിശകളിലേക്ക് - കിഴക്കോട്ടും തെക്കോട്ടും - സഞ്ചരിച്ചതുമായ ചരിത്രം ജനിതകവഴിയിലൂടെ സ്ഥിരീകരിക്കുന്നു. ഇതിൽ തെക്കോട്ടു ഡക്കാൻ പീഠഭൂമിയിലേയ്ക്കു സഞ്ചരിച്ച ഹാരപ്പൻ നിവാസികൾ, അതിപ്രാചീന തമിഴകത്തെ ആദിമനിവാസികളുമായി കൂടികലർന്നു നിർമിച്ച സംസ്‌കാരമാണ് കീഴടി ഉൾപ്പടെയുള്ള സ്ഥലങ്ങളിൽനിന്നു വെളിപ്പെട്ടു കിട്ടുന്നത്.
ആധുനിക മനുഷ്യരുടെ പൂർവികരാണ് ഹോമോ ഇറക്റ്റസ് (1.89 ദശലക്ഷം - 1.43 ലക്ഷം വർഷങ്ങൾക്കു മുമ്പു ജീവിച്ചവർ), ഹോമോഹെയ്ഡൽബെർഗൻസിസ് (7 ലക്ഷം - 2 ലക്ഷം വർഷങ്ങൾക്കിടയിൽ), ഹോമോ നിയാണ്ടർതാൽസ് (4 ലക്ഷം - 40000 വർഷങ്ങൾക്കിടയിൽ), ഡെനിസോവൻസ് (2 ലക്ഷം - 30000 വർഷങ്ങൾക്കിടയിൽ) എന്നിവ. ഹോമോസാപ്പിയൻസിലേക്കു പരിണമിച്ച മനുഷ്യജീവിവർഗത്തിന്റെ മുൻ പ്രതിനിധികളാണിവർ.
ഇതിൽ ആദ്യത്തെ രണ്ടുവിഭാഗം ആഫ്രിക്കയുടേയും ഏഷ്യയുടേയും ചില ഭാഗങ്ങളിലും മൂന്നാമത്തെ വിഭാഗം യൂറോപ്പിലും ഏഷ്യയിലും ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. ഈ മനുഷ്യപൂർവികർ അവരുടെ ജനിതക അടയാളങ്ങൾ ചിലതു പകർന്നുനൽകി ഭൂമുഖത്തുനിന്നു അപ്രത്യക്ഷരായിക്കഴിഞ്ഞു. ആധുനിക മനുഷ്യർ എന്ന വിശേഷണമുള്ള ഹോമോസാപ്പിയൻസ് മാത്രമാണ് അവശേഷിച്ചത്.
ഇന്നത്തെ ആധുനിക മനുഷ്യൻ (ഹോമോസാപ്പിയൻസ് - നേരെ നിവർന്നു രണ്ടു കാലിൽ നടക്കുന്നവർ) 3 ലക്ഷം വർഷം മുൻപ് ജൈവപരിണാമം സംഭവിച്ചവരാണ്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ആധുനിക മനുഷ്യൻ പിറവികൊള്ളുന്നത്. ഏതാണ്ട് ഇതേ കാലത്തുതന്നെ ഹോമോസാപ്പിയൻസിനു സമാനരായ ആദിമ മനുഷ്യർ ഹോമോ നിയാണ്ടർതാൽസ് (Homo Neanderthals) യൂറോപ്പ് കേന്ദ്രീകരിച്ചും ഡെനിസോവൻസ് (Denisovans) സൈബീരിയയിലും കിഴക്കനേഷ്യയിലുമായും പരിണമിച്ചിരുന്നു - നാലുലക്ഷം വർഷങ്ങൾക്കു മുൻപാണിതു സംഭവിക്കുന്നത്. 18 ലക്ഷം വർഷം മുൻപു തുടങ്ങി ആഫ്രിക്കയ്ക്കു പുറത്തുള്ള ഭൂമേഖലകളിൽനിന്നു മനുഷ്യജാതിയുടെ പൂർവികരായ ഹോമോ ഇറക്ടസുകളുടെ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്. തീ കണ്ടുപിടിച്ചതും ശിലായുധങ്ങൾ ഉപയോഗിച്ചു തുടങ്ങിയതും ഹോമോ ഇറക്ടസ് ആണത്രെ. ഇതാണ് ആർക്കിയോളജിക്കാർ വിവരിക്കുന്ന പാലിയോലിതിക് കാലം. ഹോമോ ഇറക്ടസിൽ നിന്നും 8 ലക്ഷം വർഷം മുൻപ് ഹോമോ ഹെയ്ഡൽബെർഗൻസിസ് പരിണമിച്ചുണ്ടായി. പരിഷ്‌കരിച്ച ആയുധങ്ങളും വേട്ടയാടൽ രീതികളും ഈ സമയത്തുണ്ടായിരുന്നതായി ഫോസിൽ തെളിവുകളിൽ മനസ്സിലാക്കാം. ഇവയ്ക്കു ശേഷമാണ് 3 ലക്ഷം വർഷം മുൻപ് നേരത്തെ പറഞ്ഞതു പോലെ ഹോമോസാപ്പിയൻസ് ഉരുത്തിരിഞ്ഞുവരുന്നത്. (ലക്ഷം വർഷങ്ങൾ എന്നത് ഏകദേശ കണക്കുകളാണ്).
ഈ ആധുനിക മനുഷ്യർ 70000-ത്തോളം വർഷം മുൻപെ, ജനിച്ചു വളർന്ന ദേശമായ ആഫ്രിക്ക വിട്ടു പുറംലോകങ്ങളിലേക്കു സഞ്ചരിക്കാൻ തുടങ്ങി. ആഫ്രിക്കൻ ഉപദ്വീപ് (Horns of Africa - സോമാലിയ, എത്യോപ്യ, എറിത്രിയ, ജിബൂട്ടി ഉൾപ്പെടുന്ന ഉപദ്വീപ്) വഴിയാണ് ഇവരുടെ യാത്രയെന്നു ഊഹിക്കുന്നു. പുതിയ വാസസ്ഥലവും അനുയോജ്യ കാലാവസ്ഥയും തേടിയുള്ള യാത്രയായിരുന്നു അത്. ഗുഹകളും കാടുകളും ഒരു വശത്തും സമുദ്രവും അവയിൽനിന്നു ഭക്ഷണത്തിനായി ലഭിക്കുന്ന മത്സ്യാദികൾ മറുവശത്തും അവരുടെ ജീവിതം നിലനിർത്തി. ഇവരുടെ സഞ്ചാരഗതി ഒരു വർഷംകൊണ്ട് 16 കിലോമീറ്റർ എന്നു കണക്കാക്കിയിട്ടുണ്ട്. എഴുപതിനായിരം വർഷം മുൻപ് ആഫ്രിക്ക വിട്ട ആധുനിക മനുഷ്യർ അറേബ്യൻ ഉപദ്വീപിലൂടെ ദക്ഷിണേഷ്യയിലേക്കും അവിടെനിന്നും കിഴക്കൻ ഏഷ്യയിലേക്കും ആസ്ത്രേലിയയിലേക്കും സഞ്ചരിച്ചെത്തി. ദക്ഷിണേഷ്യയിലേക്കു കുടിയേറിയവരാണ് ഇന്ത്യയിലെ ആദിമ മനുഷ്യർ. ഇവരെയാണ് ആദിമ ഇന്ത്യക്കാർ എന്നു വിളിക്കുന്നത്.
ഹിമയുഗാന്ത്യത്തോടെ (BCE 12000) രൂപം പൂണ്ട ഫലഭൂയിഷ്ഠമായ ഭൂപ്രദേശങ്ങളിലും (Fertile Crecent ഇന്നത്തെ ഇറാൻ, ഇറാഖ്, സിറിയ, ലെബനൻ, പലസ്തീൻ, ജോർദാൻ, സൈപ്രസ്) പിന്നീട് ഇന്ത്യ, ഈജിപ്ത്, ചൈന എന്നിവിടങ്ങളിലും വളരെ ഇടവേളയില്ലാതെ, കൃഷിരീതി വ്യാപകമായി BCE 9700 മുതലാണ് കാർഷികവിപ്ലവം ആരംഭിക്കുന്നത്. കൃഷിയുടെ കണ്ടെത്തൽ വേട്ടയാടി ജീവിച്ചുപോന്ന മനുഷ്യരെ സ്ഥിരവാസക്കാരാക്കി. അവർ കൃഷിയിടത്തിനു സമീപം വാസസ്ഥലങ്ങളൊരുക്കി. ഇതോടെ കുട്ടികളേയും മുതിർന്നവരേയും പരിപാലിക്കാൻ സാധിച്ചു. മിച്ചമായ ഉല്പാദനം ശേഖരിച്ചുവെയ്ക്കാൻ തുടങ്ങി. ഇതാകട്ടെ, ജനസംഖ്യാവർദ്ധനവിനു കാരണമായി. ഒരു പ്രദേശത്തെ ജനസാന്ദ്രത വർദ്ധിച്ചതോടെ, വീണ്ടും പുതിയ സ്ഥലങ്ങളിലേയ്ക്കു കൊച്ചുകൊച്ചു കുടിയേറ്റങ്ങൾ നടന്നു. അത്തരമൊരു കുടിയേറ്റമാണ് ലോകത്തിലെ ഏറ്റവും വികസിതമായ ആദിമസംസ്‌കാരത്തിന്റെ പിറവിക്കു നിമിത്തമായത്. അതാണ് ഹാരപ്പൻ സംസ്‌കാരം അഥവാ സൈന്ധവസംസ്‌കാരം.
ഇന്ത്യൻ ജനതയുടെ ആദിമകാലത്തിന്റെ അത്ഭുതകരമായ അറിവുകൾ ലഭിക്കുന്നത് ഇന്നത്തെ പാകിസ്താനിലെ ബലൂചിസ്ഥാനിലെ മെഹർഗഡ് ഗ്രാമത്തിൽ നടന്ന ഉത്ഖനനത്തിലൂടെയാണ്. 1970-ലാണ് പുരാവസ്തുഗവേഷകർക്ക് ഏകദേശം ബി.സി.ഇ. 7000 മുതൽ 2600 വരെ സജീവമായിരുന്ന ഒരു ജനജീവിത തെളിവുകൾ ഇവിടെനിന്നു ലഭിക്കുന്നത്. ഏകദേശം 4000-ത്തോളം വർഷം നീണ്ടുനിന്ന ഈ നാഗരിക ജീവിതം. അവരുടെ ജീവിത അടിസ്ഥാനം കാർഷികവൃത്തിയായിരുന്നു. കുഴിക്കലിനിടെ ഏറ്റവും പ്രാചീന അടരുകളിൽനിന്നു ഗോതമ്പും ബാർളിയും കണ്ടെത്തി. ധാന്യം കൊയ്തെടുക്കുന്നതിന് ഉപയോഗിക്കുന്ന അരിവാൾ മാതൃകയിലുള്ള ഡസൻ കണക്കിനു ആയുധങ്ങൾ കണ്ടുകിട്ടി. നായാടിശേഖരന്മാരായിരുന്നവർ (Hunter Gatherers) കർഷകരായി മാറിയ പരിവർത്തനഘട്ടത്തിന്റെ തെളിവുകളായിരുന്നു മെഹർഗഡിലേത്. മണ്ണിന്റെ താഴെ അടരിൽനിന്നു വലിയ കാട്ടുമൃഗങ്ങളുടെ അസ്ഥികളും മുകൾത്തട്ടിൽനിന്നും ആടുമാടുകളുടെ അസ്ഥികളുമാണ് കണ്ടെത്തിയത്. വലിയ കാട്ടുമൃഗങ്ങളെ വേട്ടയാടി ജീവിച്ചുപോന്നവർ, കൃഷിക്കും പാലിനും ഭക്ഷണത്തിനുമായി മൃഗങ്ങളെ സംരക്ഷിച്ചുവളർത്തുന്നവരായി മാറുന്നതിന്റെ തെളിവാണ് ഇവ. വൃത്തിയുള്ളതും ഇഷ്ടികകൊണ്ടു നിർമിച്ചതുമായ വീടുകളിൽ താമസിച്ച ഇവരിൽ നാഗരികതയും വ്യാവസായികാഭിമുഖ്യവും വളർന്നുകഴിഞ്ഞിരുന്നു.
ഇന്നത്തെ ഇറാൻ ഭാഗത്തെ സാഗ്രോസ് പർവതത്തിന്റെ* താഴ്‌വാരത്തിൽ ആടുകളെ പോറ്റി വളർത്തിയിരുന്ന അർദ്ധ് - നായാട്ടുകാരായ ഇടയജനസമൂഹമാണ്, ബോലാൻ ചുരം വഴി ബലൂചിസ്ഥാനിലെ മെഹർഗഡിലെത്തിയതെന്നു തെളിഞ്ഞിട്ടുണ്ട്. അതിനും പതിനായിരക്കണക്കിനു വർഷം മുൻപേ തെക്കേ ഏഷ്യയിലെത്തിയ ആദിമ ഇന്ത്യക്കാരുമായി (Early Indians) അവർ സഹവർത്തിത്വം സ്ഥാപിച്ചു. പശ്ചിമ ഇറാനിൽനിന്നെത്തിയ ഇടയജനതയും ആഫ്രിക്കയിൽ നിന്നെത്തിയ ആദിമ ഇന്ത്യക്കാരും ചേർന്ന് ഒരു കർഷകസമൂഹത്തിന്റെ പിറവിക്കു കാരണമായി. ഉത്തര-പശ്ചിമ ഇന്ത്യയാകെ പടർന്നുകയറിയ കാർഷികസംസ്‌കൃതിയും നഗരാസൂത്രണവും ഇവരുടെ സംഭാവനയാണ്. 13-15 ലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ ആ പുരാതന സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ആദ്യം കണ്ടെത്തിയ പ്രദേശം ഹാരപ്പയായതുകൊണ്ട്, സംസ്‌കൃതി ആ നഗരത്തിന്റെ പേരിലറിയപ്പെട്ടു. മിക്ക ദേശങ്ങളും സിന്ധുനദീതടത്തിലായിരുന്നതുകൊണ്ട് സൈന്ധവരെന്നും അറിയപ്പെട്ടു.
ഇന്ത്യ, പാകിസ്താൻ വിഭജനത്തിനു ശേഷവും ഈ പ്രദേശങ്ങളിൽ നിരവധി ഉത്ഖനനങ്ങൾ നടക്കുകയും നിരവധി ജനവാസകേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു. ഹാരപ്പ (പഞ്ചാബ്, പാകിസ്താൻ) മോഹന്‍ജൊദാരോ, (സിന്ധു, പാകിസ്താൻ). രാഘിഗാർഖി (ഹരിയാന), ദോളാവീര (ഗുജറാത്ത്), ലോത്തൽ (ഗുജറാത്ത്), കലിബംഗാൻ (രാജസ്ഥാൻ), ബനവായ (ഹരിയാന) തുടങ്ങിയ ഇക്കൂട്ടത്തിൽ പെടുന്നു. ഇവിടങ്ങളിൽ അഞ്ച് ദശലക്ഷം ജനങ്ങൾ അധിവസിച്ചിരുന്നതായി കണക്കാക്കിയിരിക്കുന്നു. ഈ സംസ്‌കാരം ഇന്നത്തെ പാകിസ്താൻ, പഞ്ചാബ്, ഹരിയാന, ഗുജറാത്ത്, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടന്നു. ഇതിൽ ഏറ്റവും വലിയ പ്രാചീന നാഗരിക സംസ്‌കൃതി ഹാരപ്പയിൽ തന്നെ.
ബി.സി.ഇ. 7000-ത്തോടെ ഉദയംകൊണ്ട ഈ ആദിമ കർഷകസമൂഹം കെട്ടിപ്പടുത്ത സംസ്‌കൃതി 4000-ത്തോളം വർഷം നീണ്ടുനിന്നു. ബി.സി.ഇ. 2600 മുതൽ ബി.സി.ഇ. 1900 വരെ ആ നദീതടസംസ്‌കാരത്തിന്റെ ഉച്ചാവസ്ഥയെന്നു ചരിത്രപണ്ഡിതന്മാർ സ്ഥിരീകരിക്കുന്നു. എന്നാൽ, തുടർച്ചയായി നേരിടേണ്ടിവന്ന വൻ വരൾച്ചകൾ, ഈ പ്രദേശങ്ങൾ വാസയോഗ്യമല്ലാതാക്കുകയും ഹാരപ്പൻ സമൂഹം സാവകാശം ഈ പ്രദേശങ്ങൾ വിട്ട് ഒരു വിഭാഗം കിഴക്കേ ഇന്ത്യയിലേക്കും മറ്റൊരു വിഭാഗം തെക്ക് ഡക്കാൻ പീഠഭൂമിയിലേക്കും കുടിയേറിയിരിക്കുമെന്നാണ് പുരാവസ്തുശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. ഹാരപ്പൻ നഗരങ്ങളെ നിയന്ത്രിച്ചിരുന്ന അധികാരസംവിധാനങ്ങൾ പ്രകൃതികോപത്തിനു മുന്നിൽ നിസ്സഹായരായിരുന്നിരിക്കാം.
ജലത്തിന്റെ ഉറവിടവും പച്ചപ്പും തേടി അവർ പിന്നെയും യാത്ര ചെയ്തു. കൂടെ അവരുടെ സാമൂഹ്യചാരങ്ങളും വിശ്വാസങ്ങളും ഭാഷയും കൊണ്ടുവന്നു. കിഴക്കോട്ടു സഞ്ചരിച്ചവർ ഗംഗാതടത്തിൽ വാസമുറപ്പിക്കുകയും പിന്നീട് യൂറേഷ്യൻ സ്റ്റെപ്പിയിൽനിന്നു കുടിയേറിയ ആര്യൻ ജനതയുമായി മിശ്രണം സംഭവിക്കുകയും ചെയ്തു. ബി.സി.ഇ. 2000-1500-ൽ എത്തിയ യമ്‌നായകളെന്നു ആധുനിക ജനിതകശാസ്ത്രം വിശേഷിപ്പിക്കുന്ന ആര്യന്മാരുമായുള്ള ഹാരപ്പൻ ജനതയുടെ സങ്കരമാണ് ആധുനിക ജനിതകശാസ്ത്രത്തിന്റെ ഭാഷയിൽ, പ്രാചീന ഉത്തരേന്ത്യൻ ജനത (Ancestral North Indian -ANI) എന്ന ജനവിഭാഗവർഗീകരണത്തിനു കാരണം. എ.എന്‍.ഐ മിശ്രണം പോലെ എ.എസ്.ഐ എന്ന ഒരു സമൂഹവർഗീകരണവും മിശ്രണം വഴി അടയാളപ്പെടുത്തി. ഡക്കാൻ പീഠഭൂമിയിലൂടെ തെക്കോട്ടു സഞ്ചരിച്ച ഹാരപ്പൻ ജനത ആ പ്രദേശങ്ങളിൽ നേരത്തെ താമസമാക്കിയിരുന്ന ആദിമ ഇന്ത്യക്കാരുമായി സങ്കരമുണ്ടായതിന്റെ ഫലമാണ് എ.എസ്.ഐ (Ancestral South Indians), പ്രാചീന ദക്ഷിണേന്ത്യൻ ജനത. ദ്രാവിഡഭാഷകൾ സംസാരിക്കുന്ന തെക്കേ ഇന്ത്യൻ ജനതയിലാണ് എ.എസ്.ഐ ജനിതകം സ്ഥിരീകരിച്ചത്. ഭാഷാശാസ്ത്രം, പുരാവസ്തുശാസ്ത്രം, ഫോസിൽ പഠനങ്ങൾ തുടങ്ങിയ ശാഖകൾ നേരത്തെ രേഖപ്പെടുത്തിയ പല ചരിത്രവസ്തുതകളും സംശയലേശമന്യെ സ്ഥിരീകരിക്കാൻ ജനിതകപഠനത്തിനു സാധിച്ചു.
തമിഴക(ഇന്നത്തെ തമിഴ്‌നാട്, കേരളം)ത്തുനിന്നു കണ്ടെടുത്ത പുരാവസ്തു - പൂർവകാല പഠനങ്ങളില്ലെല്ലാം അവയ്ക്കു ഹാരപ്പൻ സംസ്‌കാരവുമായുള്ള സാദൃശ്യം പല നിലയിലും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ജോൺ മാർഷലിന്റെ പ്രവചനം മുതൽ അതു തുടങ്ങുന്നു. ഇന്ത്യയിലേയും അമേരിക്കയിലേയും ജനിതകശാസ്ത്രജ്ഞന്മാരുടെ സംയുക്തസംരംഭങ്ങൾ തമിഴകത്തിനു ആദിമ ഇന്ത്യക്കാരും ഹാരപ്പൻ ജനതയും ചേർന്ന സങ്കരത്തിന്റെ ശാസ്ത്രത്തെളിവുകൾ കണ്ടെത്തി. അവയെ ഒന്നുകൂടെ ബലവത്താക്കുകയാണ് വൈഗാനദീതട സംസ്‌കാരത്തിന്റെ ശേഷിപ്പുകൾ ചെയ്യുന്നത്.
ആഫ്രിക്കയിൽനിന്നും ദക്ഷിണേഷ്യയിലേക്കു സഞ്ചരിച്ചെത്തിയ ആദിമ മനുഷ്യർ പടിഞ്ഞാറൻ തീരങ്ങളിലൂടെ സഞ്ചരിച്ച് ആൻഡമാൻ ദ്വീപുകളിലും തുടർന്നു യാത്രചെയ്തു ആസ്ട്രേലിയയിലുമെത്തിയതായി ആധുനിക പഠനങ്ങൾ തെളിയിക്കുന്നു. ഈ സഞ്ചാരപാതയിൽ ഒരു വിഭാഗം ദ്രാവിഡദേശത്ത് തങ്ങിയതായി ഊഹിക്കാം. അതുപോലെ തന്നെ ഹാരപ്പ സംസ്‌കാരത്തിനു കാരണക്കാരായ സാഗ്രോസ് കർഷകർ കടൽമാർഗമോ കടൽത്തീരം വഴിയോ നേരിട്ട് തമിഴ് പ്രദേശങ്ങളിൽ എത്തിയിരുന്നോ? ഇവ സംബന്ധിച്ച കൂടുതൽ പഠനങ്ങൾ നടക്കേണ്ടിയിരിക്കുന്നു.
എല്ലാ ജീവികളുടേയും ശരീരം കോശനിർമിതമാണ്. ജീവന്റെ അടിസ്ഥാനം തന്നെ കോശങ്ങളാണ്. ഒരു ശരാശരി മനുഷ്യന്റെ ശരീരത്തിൽ 37 ലക്ഷം കോടി കോശങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഉയരം, ഭാരം, പ്രായം എന്നിവയനുസരിച്ചു കോശങ്ങളുടെ എണ്ണത്തിൽ വ്യത്യാസങ്ങൾ വരാം. കോശങ്ങളുടെ യോജിച്ചുള്ള പ്രവർത്തനമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാനം. കോശത്തിനുള്ളിൽ ക്രോമസോമും ക്രോമസോമിൽ Deoxyribonucleic Acid (DNA) ഉം ഡി.എന്‍.എയിൽ ജീനുകളും അടങ്ങിയിരിക്കുന്നു. ജീൻ ആണ് ശരീരനിർമിതിക്ക് ആവശ്യമായ പ്രോട്ടീനുകൾ നിർദേശിക്കുന്നത്. ശരീരത്തിന്റെ രൂപഭാവങ്ങൾ നിയന്ത്രിക്കുന്നത് ഈ പ്രോട്ടീനുകളാണ്. ജീനുകളാണ് കണ്ണിന്റെ നിറം, മുടിയുടെ സ്വഭാവം, ഉയരം തുടങ്ങിയവ ആസൂത്രണം ചെയ്യുന്നത്. ഡി.എന്‍.എയുടെ പ്രവർത്തനക്ഷമമായ ഭാഗങ്ങളാണ് ജീനുകൾ. ഓരോ കോശത്തിലും കാണപ്പെടുന്ന, ജീനുകളുടെ സംയുക്തമായ ഡി.എന്‍.എ എന്ന രാസപദാർത്ഥം ശരീരത്തിന്റെ രൂപം നിർണയിക്കുന്നു. വളർച്ച നിയന്ത്രിക്കുന്നു. മാതാപിതാക്കളിൽനിന്നുള്ള സ്വഭാവങ്ങൾ പകർന്നുനൽകുന്നു. ഡി.എന്‍.എയെ ഒരു വലിയ പുസ്തകമായും ജീനിനെ അതിലെ ഓരോ അദ്ധ്യായവുമായും ഉപമിക്കാറുണ്ട്. ഡി.എന്‍.എയുടെ രൂപം വളഞ്ഞ പടിക്കെട്ടുകൾ (Double Helix) പോലെയാണ്. ദൈർഘ്യമേറിയ ഡി.എന്‍.എയെ ക്രമമായി ചുരുട്ടി ക്രോമസോമായി സൂക്ഷിക്കുന്നു. ഡി.എന്‍.എ ഒരു നീണ്ട നൂൽ ആണെങ്കിൽ ആ നൂൽ ചുരുട്ടിക്കൂട്ടിയ കെട്ടാണ് ക്രോമസോം. ജീൻ ആകട്ടെ, ആ നൂലിലെ ചെറിയ ഭാഗങ്ങളും. മനുഷ്യരിൽ സാധാരണ 46 ക്രോമസോമുകളുണ്ട്. അവ 23 ജോടികളായി കാണപ്പെടുന്നു.
മനുഷ്യർക്ക് ഡി.എന്‍.എ രണ്ടു തരമുണ്ട്. കോശത്തിന്റെ ന്യൂക്ലിയസ്സിനകത്തുള്ള 23 ജോടി ക്രോമസോമുകളും ന്യൂക്ലിയസിനു പുറത്ത് മൈറ്റോകോൺട്രിയ എന്ന ഭാഗത്തുള്ള മൈറ്റോ കോൺട്രിയ ഡി.എന്‍.എ(mt DNA)യും. ന്യൂക്ലിയസ്സിനകത്തുള്ള 23 ജോടി പപ്പാതി അച്ഛനിൽനിന്നും അമ്മയിൽനിന്നും ലഭിക്കുന്നതാണ്. എന്നാൽ mt DNA ലഭിക്കുന്നത് അമ്മയിൽ നിന്നു മാത്രമാണ്. ഒരാളുടെ പാരമ്പര്യത്തിൽ അച്ഛൻ വഴിക്കു ലഭിച്ചവ മനസ്സിലാക്കാൻ Y ക്രോമസോമിന്റെ പഠനവും അമ്മവഴി പാരമ്പര്യം mt DNA പഠനത്തിലൂടെയുമാണ് അറിയുക.
ഡി.എന്‍.എ നാശമുള്ളതെങ്കിലും അനുകൂല സാഹചര്യത്തിലാണെങ്കിൽ ആയിരങ്ങൾ മുതൽ ലക്ഷക്കണക്കിനു വർഷം വരെ ഡി.എന്‍.എ നശിക്കാതിരിക്കും. പ്രത്യേകിച്ചും തണുപ്പു കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ വർഷങ്ങളായി മണ്ണിനടിയിലോ മഞ്ഞിലോ സംരക്ഷിക്കപ്പട്ടു കിട്ടുന്ന ഫോസിലുകളുടെ അസ്ഥികൾ, പല്ലുകൾ എന്നിവയിൽനിന്നാണ് ശാസ്ത്രജ്ഞർ ഡി.എന്‍.എ പരിശോധന നിർവഹിക്കുന്നതു്. ഡി.എന്‍.എ വിശകലനത്തിലൂടെ ഈ മനുഷ്യർ ആരായിരുന്നു, എവിടെ നിന്നു വന്നു, എത്രകാലം മുൻപു വന്നു തുടങ്ങിയ ചരിത്രം വായിച്ചെടുക്കാൻ പറ്റുന്നു.
നേരത്തെ സൂചിപ്പിച്ച ഡേവിഡ് റെയ്ഷിന്റെ നേതൃത്വത്തിൽ നടന്ന ഡി.എൻ.എ പഠനം, ഇന്ത്യയിലെ മൈറ്റോകോൺട്രിയ ജനിതകം അനന്യവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ സവിശേഷമായുള്ളതുമാണെന്നു തെളിയിച്ചു. പതിനായിരക്കണക്കിനു വർഷങ്ങൾക്കു മുൻപു മാത്രമാണ് ഇന്ത്യയിൽ കാണപ്പെട്ട mt DNA ദക്ഷിണേഷ്യയ്ക്കു പുറത്ത് ഏതെങ്കിലും പൊതുപൂർവിക ജനതയുമായി ഘടന പങ്കുവെയ്ക്കുന്നത്. ഇത്രയും കാലം അതു മിശ്രണം സംഭവിക്കാതെ ഒറ്റപ്പെട്ടു നിൽക്കുകയായിരുന്നു. അതേസമയം അച്ഛനിൽനിന്നു മകനിലേക്കു സംക്രമിക്കുന്ന Y ക്രോമസോമിന്റെ ജനിതകഘടനയാകട്ടെ, യൂറോപ്യന്മാരുടേയും മദ്ധ്യേഷ്യക്കാരുടേയും പശ്ചിമേഷ്യക്കാരുടേയും ജനിതകവുമായി ബന്ധമുള്ളതുമാകുന്നു.
ഹൈദരാബാദിലെ സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി(CCMB)യിലെ ശാസ്ത്രജ്ഞരുമായി ഡേവിഡ് റെയ്ഷും സംഘവും ചേർന്നു നടത്തിയ പഠനം 2018-ൽ പ്രസിദ്ധീകരിച്ചു. The Genomic Formation of South and Central Asia എന്ന പ്രബന്ധം വിവിധ ശാസ്ത്രശാഖകളിൽ വിദഗ്ദ്ധരായ 92 ശാസ്ത്രജ്ഞന്മാർ ചേർന്നാണ് രചിച്ചത്. ഏഷ്യയുടെ പല ഭാഗങ്ങളിൽനിന്നു ശേഖരിച്ച 612 വ്യക്തികളുടെ പ്രാചീന ഡി.എൻ.എ പഠനവിധേയമാക്കി. ഇതിൽനിന്നു ലഭിച്ച ജനിതകവിവരങ്ങൾ ജീവിച്ചിരിക്കുന്ന 1789 വ്യക്തികളുടെ ഡി.എൻ.എയുമായി താരതമ്യം ചെയ്തു. വംശപരമായി ദക്ഷിണേഷ്യയിലെ വിഭിന്നരായ 246 ഗ്രൂപ്പുകളിൽ ഉൾപ്പെട്ടവരായിരുന്നു അവർ. പ്രസ്തുത താരതമ്യപഠനമാണ് ആര്, എവിടുന്നു വന്നു, ആരെല്ലാമായി കലർന്നുവെന്നുമുള്ള അനുമാനങ്ങളിൽ എത്തിച്ചത്.
ആഫ്രിക്കയിൽനിന്നെത്തി തദ്ദേശീയരായി മാറിയ, ആദ്യത്തെ ഇന്ത്യക്കാരും ഇറാനിയൻ കർഷകരും മിശ്രണം ചെയ്ത ഹാരപ്പൻ ജനത; ഹാരപ്പൻ ജനതയും അവസാന കുടിയേറ്റക്കാരായ ആര്യന്മാരുമായി ഉണ്ടായ മിശ്രണത്തിലൂടെ രൂപംകൊണ്ട് പ്രാചീന ഉത്തരേന്ത്യൻ ജനത(ANI)യും ഡക്കാൻ പീഠഭൂമിയിലെത്തിയ ഹാരപ്പൻ ജനതയും നേരത്തെ അവിടെ എത്തി തദ്ദേശീയരായ ആദിമ ഇന്ത്യക്കാരും മിശ്രണം ചെയ്തുണ്ടായ പ്രാചീന ദക്ഷിണേന്ത്യൻ ജനത(ASI)യും ഇതിന്റെ കൂടെ കിഴക്കനേഷ്യയിൽനിന്നുള്ള കുടിയേറ്റ ജനതയും ഉൾപ്പെടുന്നതാണ് ഇന്ത്യൻ ജനാവലി. പ്രാചീന ഉത്തേരന്ത്യൻ ജനതയും പ്രാചീന ദക്ഷിണേന്ത്യൻ ജനതയും കൂടിക്കലർന്നതാണ് സമകാലിക ഇന്ത്യൻ ജനത. ഇതാണ് ഈ ഗവേഷണങ്ങളുടെ ഫലം. സങ്കരങ്ങളില്ലാത്ത ജനിതകശുദ്ധി ഇന്ത്യയിലെ ഏതെങ്കിലുമൊരു സമൂഹത്തിനോ സമുദായത്തിനോ പ്രത്യേകമായി അവകാശപ്പെടാനാകില്ലെന്ന് ഡേവിഡ് റെയ്ഷ് പ്രസ്താവിച്ചു.
പ്രാചീനരായ വംശങ്ങളെക്കുറിച്ചുള്ള പഠനത്തിനിടെ എ.എന്‍.ഐ വംശജർ കൂടുതലും സംസാരിക്കുന്നത് ഇൻഡോ-യൂറോപ്യൻ ഭാഷകളും എ.എസ്.ഐ വംശജർ കൂടുതലും സംസാരിക്കുന്നത് ദ്രാവിഡഭാഷകളുമാണെന്ന് ലേഖകൻ നിരീക്ഷിക്കുന്നു. പ്രാചീന ഉത്തരേന്ത്യൻ വംശജർ കാലക്രമത്തിൽ ഉയർന്ന പദവിയും ദക്ഷിണേന്ത്യൻ വംശജർ കാലാന്തരത്തിൽ താഴ്‌ന്ന പടിയുമായി തീർന്ന സാമൂഹിക പരിതഃസ്ഥിതിയിലാണ് ഈ രണ്ടു വിഭാഗവും തമ്മിലുള്ള മിശ്രണം നടക്കുന്നത്.
ഉത്തരേന്ത്യൻ ജനതയിൽ (ANI) പശ്ചിമയൂറേഷ്യക്കാരുടെ ജനിതകം കൂടുതലായി കലർന്നിട്ടുണ്ട്. ഉത്തരേന്ത്യക്കാർക്ക് പശ്ചിമയൂറേഷ്യൻ ജനങ്ങളുമായുള്ള ജനിതകസാദൃശ്യം വ്യക്തമാണ്. എന്നാൽ, ദ്രാവിഡ ജനതയിൽ ദക്ഷിണേന്ത്യയിൽ കൂടുതലായി കാണപ്പെടുന്ന എ.എസ്.ഐ ജനിതകപൈതൃകം പശ്ചിമയൂറേഷ്യൻ ജനതയിൽ ഇല്ലതാനും. പിന്നീടാണ് ഇന്ത്യയിലൊട്ടുക്കു പശ്ചിമയൂറേഷ്യൻ ജനിതകം പ്രകടമായിട്ടുള്ളത്. ദക്ഷിണേന്ത്യൻ ജനതയിൽ ആദിമ ഇന്ത്യക്കാരുടേയും ഹാരപ്പൻ ജനതയുടേയും ജനിതകം മാത്രമേ ഉണ്ടായിരുന്നുള്ളൂ
ദ്രാവിഡദേശത്ത് എ.എന്‍.ഐ-എ.എസ്.ഐ മിശ്രണങ്ങളുണ്ടായത് കഴിഞ്ഞ 4000 വർഷങ്ങൾക്കും 2000 വർഷങ്ങൾക്കിടയിലുമാണെന്ന് പ്രശസ്ത ജനിതകശാസ്ത്രജ്ഞ പ്രിയ മൂർജാനിയുടെ പഠനം വെളിപ്പെടുത്തി (Genetic Evidence for Recent Population Mixture in India). ഇതിൽ ശ്രദ്ധേയമായ സംഗതി ഇന്തോ-യൂറോപ്യൻ ഭാഷ സംസാരിക്കുന്നവരുമായുള്ള മിശ്രണം ഉത്തരേന്ത്യയിൽ നടക്കുന്നതിനും വർഷങ്ങൾക്കു മുൻപ് ദ്രാവിഡ ദേശത്തെ മിശ്രണം സംഭവിച്ചുവെന്നതാണ്. തുടരെ കുടിയേറ്റങ്ങൾ നടന്ന ഉത്തരേന്ത്യയിൽ എ.എന്‍.ഐ മിശ്രണം തുടർച്ചയായി നടന്നുകൊണ്ടിരുന്നു. എന്നാൽ എ.എന്‍.ഐ+എ.എസ്.ഐ മിശ്രണം കഴിഞ്ഞ 4000 വർഷങ്ങൾക്കിടയിലാണ് നടന്നതെന്ന് പ്രിയ മൂർജാനിയുടെ പഠനം വെളിപ്പെടുത്തുന്നു.
യമ്‌നായകളുമായി (ആര്യന്മാരെന്നു സ്വയം വിശേഷിപ്പിച്ച ജനതയെ ആധുനിക ശാസ്ത്രജ്ഞർ യമ്‌നായ വംശജരെന്നു വിളിക്കുന്നു.) ജനിതകബന്ധമുള്ള യൂറേഷ്യൻ സ്റ്റെപ്പ് പൈതൃകം എ.എന്‍.ഐയിൽ അന്‍പത് ശതമാനമുണ്ട്. ബാക്കി അന്‍പത് ശതമാനം സ്റ്റെപ്പ് പൈതൃകമുള്ളവർ യൂറോപ്പിൽനിന്നു തെക്ക് ഭാഗത്തേക്ക് നീങ്ങിയപ്പോൾ ഇണങ്ങിച്ചേർന്ന ഇറാനിയൻ കർഷകഗോത്രങ്ങളുടേതാണ്. എന്നാൽ, എ.എസ്.ഐയുടെ പൈതൃകത്തിലെ മിശ്രണം 25 ശതമാനം ഇറാനിൽനിന്നു എത്തിയ കർഷകഗോത്രത്തിന്റേയും ബാക്കി 75 ശതമാനം ഇന്ത്യയിൽ ആദ്യമേ ഉണ്ടായിരുന്ന ഗോത്രവേട്ടക്കാരുടേതു(Early Indians)മാണ്. ദ്രാവിഡഭാഷകൾ സംസാരിക്കുന്നവരിലാണ് ഉയർന്ന ശതമാനം എ.എസ്.ഐ പൈതൃകം കാണുന്നത്.
ദക്ഷിണേന്ത്യൻ ജനതയുടെ രൂപീകരണത്തിനു രണ്ടു സാധ്യതകളാണുള്ളത്
ഒന്ന്. ഇറാനിയൻ കർഷകഗോത്രങ്ങൾ 9000 വർഷം മുൻപ് സഞ്ചരിച്ചു തുടങ്ങി, ഗുജറാത്ത് വഴി ദ്രാവിഡദേശത്ത് എത്തി അവിടെയുണ്ടായിരുന്ന നായാടി ശേഖരന്മാരുമായി കൂടിച്ചേർന്നാകാം എ.എസ്.ഐ. രണ്ട്. ഹാരപ്പയിൽനിന്ന് ഡക്കാൻ പീഠഭൂമിയിലൂടെ എത്തിയവർ, നായാടി - ശേഖരന്മാരുമായി ചേർന്നതുമാകാം. ഹാരപ്പൻ സംസ്‌കാരത്തിന്റെ പക്വദശയിലെത്തിയ ബി.സി.ഇ 2800-ൽ തന്നെ ദ്രാവിഡ ഭാഷകൾ സംസാരിക്കുന്ന ഇടയന്മാരായ സാഗ്രോസ് കർഷകസമൂഹം തെക്കെ ഇന്ത്യയിലേക്ക് കന്നുകാലിമേയ്ക്കലും ആടുവളർത്തലുമായി എത്തിയിട്ടുണ്ടാകാമെന്ന് ആർക്കിയോളജിസ്റ്റുകൾ നിരീക്ഷിക്കുന്നു. ഇടയവൃത്തിക്കാരായ ജനസമൂഹത്തിന്റെ സാന്നിദ്ധ്യം ദക്ഷിണേന്ത്യയിലെ വടക്കൻ കർണാടകത്തിൽനിന്നു നേരത്തെ ലഭിച്ചിരുന്നു. ഡക്കാൻ പീഠഭൂമിയുടെ മദ്ധ്യഭാഗത്തുകൂടി തെക്കെ ഇന്ത്യവരെ ഉപഭൂഖണ്ഡത്തിന്റെ പശ്ചിമഭാഗത്തെ - സാവന്നമേഖലയിലെ വിശാലമായ പുൽമേടുകൾ; പുതിയ മേച്ചിൽപുറം അന്വേഷിക്കുന്നവർക്ക് കടന്നുകയറാൻ അനുയോജ്യമായ സ്ഥലവുമാണ്. ജലലഭ്യത നോക്കി നദീതടങ്ങളിൽ താമസിക്കുകയും പാരമ്പര്യവൃത്തിയിലലിഞ്ഞുചേർന്ന കൃഷിരീതികൾ തുടങ്ങുകയും ചെയ്തിരിക്കാം. ദ്രാവിഡഭാഷ സംസാരിക്കുന്ന ജനങ്ങൾ വടക്കുപടിഞ്ഞാറുനിന്നു തെക്കൻ ദേശങ്ങളിലേക്കു സഞ്ചരിച്ചതിന്റെ ഭാഷാപരമായ തെളിവുകളും പഠനവിധേയമായിട്ടുണ്ട്. മഹാരാഷ്ട്രയുടെ തീരദേശങ്ങളിലും തെക്കുപടിഞ്ഞാറൻ മേഖലകളിലും ഗുജറാത്തിലും കണ്ടുമുട്ടുന്ന ദ്രാവിഡഭാഷയിലുള്ള സ്ഥലനാമങ്ങൾ ഇതിനു തെളിവുനൽകുന്നു.
ആഫ്രിക്കവിട്ട് ദക്ഷിണേഷ്യയിലേക്കു സഞ്ചരിച്ച ഹോമോവിഭാഗത്തിൽപെട്ട മനുഷ്യർ പശ്ചിമസമുദ്രതീരം വഴി സഞ്ചരിച്ചിട്ടുണ്ടാകാമെന്ന ഊഹം ശക്തമായിരുന്നു. എന്നാൽ, ഈ വാദഗതിയെ പിന്തുണയ്ക്കുന്ന ശക്തമായ അറിവുകൾ ലഭിക്കുന്നത് ആൻഡമാൻ ദ്വീപുകളിൽ താമസിക്കുന്ന ഓങ്കെവംശജരുടെ ഡി.എൻ.എ പഠനമാണ് യഥാർത്ഥത്തിൽ. ഈ പഠനവിശകലനമാണ് നാം നേരത്തെ പലവുരു ചർച്ച ചെയ്ത ANI - ASI വിഭജനത്തിലെത്തിച്ചത്. ഡെവിഡ് റെയ്ഷിന്റെ മാസ്റ്റർപീസ് രചന - Who we are? and How we Got Here? അദ്ധ്യായം ആറ് ഇക്കാര്യത്തിലുള്ള വിശദമായ ചർച്ചയാണ്.
ഇന്ത്യയിലെ ജനിതകശാസ്ത്രജ്ഞരിൽ പ്രഗത്ഭരായ ഡോ. ലാൽ ജി സിംഗ്, ഡോ. തങ്കരാജ് എന്നിവരാണ് ആന്റമാൻ ദ്വീപുകളിലെ (ഇന്ത്യയിൽനിന്നു 1350 കിലോമീറ്റർ അകലം) ഓങ്കെ ഗോത്രക്കാരുടെ രക്തസാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ വിശകലനം നടത്തിയത്. ഭൂമിയില്‍ അവശേഷിക്കുന്ന നായാടി ശേഖരന്മാരായ (hunter - gatherers) ഗോത്രങ്ങളിൽ ഉൾപ്പെട്ടവരാണ് ഓങ്കെ ജനത. 446 പേരിൽനിന്നു ശേഖരിച്ച രക്തസാമ്പിളുകളാണ് സെന്റർ ഫോർ സെല്ലുലാർ ആന്റ് മോളിക്യുലർ ബയോളജി (CCMD) ഭാട്നഗർ, ലാബിൽ ഡി.എൻ.എ വിശകലനത്തിനു വിധേയമാക്കുന്നത്. അംഗീകൃത ശാസ്ത്രമാസികകളായ കറന്റ് ബയോളജി, സയൻസ് എന്നീ അന്താരാഷ്ട്ര മാസികകളിൽ ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചു. ഈ ശാസ്ത്രലേഖനങ്ങൾ അമേരിക്കൻ ജനിതകശാസ്ത്രജ്ഞൻ ഡേവിഡ് റെയ്ഷിന്റെ ശ്രദ്ധയിൽ വരികയും അദ്ദേഹം തങ്കരാജിനേയും ലാൽ ജി സിംഗിനേയും യോജിച്ച പഠനങ്ങൾക്കായി ക്ഷണിക്കുകയും ചെയ്തു. തുടർന്ന് സർക്കാർ അനുമതിയോടെ അവർ രക്തസാമ്പിളുമായി ബോസ്റ്റണിലെ ലാബിലെത്തുകയും സംയുക്ത ഗവേഷണം ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഫലമാണ് Reconstructing Indian Population History എന്ന പേരിൽ നാച്ച്വർ മാഗസിനിൽ 2009-ൽ പ്രസിദ്ധീകരിച്ച ലേഖനത്തിലെ കണ്ടെത്തലുകൾ. ഡേവിഡ് റെയ്ഷ് അടക്കം ജനിറ്റിക്‌സിലും ആർക്കിയോളജിയിലും പ്രാഗത്ഭ്യമുള്ള ഒരു നിര ശാസ്ത്രജ്ഞരുടേതാണ് രചന. സംയുക്ത സംരംഭമാണ് കണ്ടെത്തലുകൾ. പിന്നീടവ റെയ്ഷിന്റെ ഗവേഷണപ്രബന്ധത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.
65000 വർഷം മുൻപ് ആഫ്രിക്കയിൽനിന്നു തെക്കനേഷ്യയിലേക്കു സഞ്ചരിച്ച ആദ്യത്തെ ആധുനിക മനുഷ്യരാണ് ആന്റമാനിലെ ഗോത്രവർഗക്കാരെന്ന് ഡോ. തങ്കരാജ് തന്റെ ഗവേഷണത്തിൽ നിഗമനത്തിലെത്തിയിരുന്നു. തെക്കേ സമുദ്രതീരത്തിലൂടെ സഞ്ചരിച്ച് ഇവർ ഇന്നത്തെ തമിഴ്‌നാട്, കേരളം ഭൂപ്രദേശങ്ങളിലൂടെ കടന്നാണ് ആന്റമാൻ - നിക്കോബാർ ദ്വീപുകളിലെത്തിയിരിക്കുക. ആദിമ പ്രാചീന ജനത വന്നുപെട്ടത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണ്. ഈ യാത്രയ്ക്കിടയിൽ ഇവരിൽ ചിലർ ഇന്നത്തെ തമിഴ്, കേരള ഭാഗങ്ങളിൽ തങ്ങിയിട്ടുണ്ടെന്നും തുടർന്ന് ഉത്തരേന്ത്യയിൽ നിന്നെത്തിയ ഹാരപ്പൻ ജനത സംഘങ്ങളുമായി മിശ്രണം നടത്തിയിട്ടുണ്ട്. അങ്ങനെ ചില വിഭാഗങ്ങൾ തങ്ങിയതിന്റെ ജീവിച്ചിരിക്കുന്ന തെളിവാണ്, തമിഴ്‌നാട്ടിലെ ജ്യോതിമാണിക്യം വില്ലേജിലെ പിരമലൈ കല്ലാർ ജനവിഭാഗം. അമേരിക്കൻ ജനിതകശാസ്ത്രജ്ഞനായ സ്‌പെൻസർ വെൽസ് നാഷണൽ ജിയോഗ്രാഫിക്‌സിനു വേണ്ടി തയ്യാറാക്കിയ Journey of Man എന്ന ഡോക്യുമെന്ററി ഈ ജനവിഭാഗത്തെ കേന്ദ്രീകരിച്ചുള്ളതാണ്.
ഈ ഗവേഷണപഠനങ്ങളെല്ലാം ചെന്നെത്തുന്ന നിഗമനം, ഹാരപ്പൻ (സൈന്ധവ) സംസ്‌കാരത്തിന്റെ അസ്തമയത്തിനു മുൻപോ സമാന്തരമായോ ദ്രാവിഡദേശത്ത് പ്രാചീന ദക്ഷിണേന്ത്യൻ (ASI) ജനത രൂപമെടുത്തിരുന്നുവെന്നതാണ്. ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും നേരത്ത എത്തിച്ചേർന്ന് കണ്ടെത്തലുകൾക്കു തെളിവുകൾ നൽകുകയാണ് തമിഴ്‌നാട്ടിലെ ആദിച്ചനെല്ലൂർ മുതൽ കീഴടി വരെയുള്ള ഉത്ഖനന കണ്ടെത്തലുകൾ. വേദസംസ്‌കാരത്തിന്റെ ജനയിതാക്കളായ ആര്യന്മാരുടെ അതായത് ബ്രാഹ്മണരുടെ ആദ്യതലമുറ ഇന്ത്യയിലെത്തി താവളമുറപ്പിക്കുന്നതിനു മുൻപുതന്നെ ദ്രാവിഡജനത ഉദയം കൊണ്ടിരുന്നുവെന്നർത്ഥം. അവരുടെ പിന്മുറക്കാരാണ് സംഘകാവ്യങ്ങളിൽ പ്രത്യക്ഷമായ നാഗരിക സംസ്‌കാരത്തിന്റെ അവകാശികൾ. ഇന്ത്യ ഹിന്ദുവിന്റേതെന്ന അവകാശവാദത്തെ നെടുകെ പിളർക്കുന്നതാണ് ഈ കണ്ടെത്തലുകൾ. ഇപ്പോൾ ഇന്ത്യയുടെ ചരിത്രം തുടങ്ങേണ്ടത് ദക്ഷിണേന്ത്യയിൽ നിന്നാണെന്നു വന്നിരിക്കുന്നു. ഇന്ത്യയിലെ പുരാവസ്തു പഠനത്തിന് സ്വതന്ത്രവും നിർഭയവുമായി മുന്നോട്ടുപോകാൻ കഴിഞ്ഞാൽ ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കും.
റഫറൻസ്:
The Dig: Keeladi and the Politics of India's Past - Soumya Ashok, Hachette India, 2025
Early Indians - Tony Joseph, Juggernaut,2018
Edakkal Caves And The History of Wayanad (Ed.) - O.K. Johny, Mathrubhumi, 2008
The Aryan Debate,Thomas R.Trautmann,(editor)Oxford University Press,2024,30th edn.
The Genomic Formation of South and Central Asia (David Reich,Lab),source,Google search
Genetic Evidence for Recent Population Mixture in India,Priya Moorjani et.al(Google search)
Reconstructing Indian Population History -David reich,et.al,National Institute of Health (GoogleSearch)
മനുഷ്യവംശത്തിന്റെ ജനിതകവഴി - ഡേവിഡ് റെയ്ഷ് (പരിഭാഷ: ഡോ. എസ്. ബലരാമകൈമൾ), ഡി.സി. ബുക്‌സ്, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates