വിമർശനങ്ങളും പഴികളുമേറെയുണ്ടെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ നയരൂപീകരണ ചരിത്രത്തിലെ ഏറ്റവും വിജയിച്ച പദ്ധതികളിലൊന്നാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. 2006 ഫെബ്രുവരി രണ്ടിന് ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിൽ, അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിങ്ങ് ഈ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ചരിത്രത്തിൽ അതൊരു നാഴികക്കല്ലായിരുന്നു. തൊഴിൽ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരാൾക്കും 100 ദിവസത്തെ തൊഴിൽ ‘നീതിയുക്തമായ ഒരവകാശമാക്കി’ ഉറപ്പുവരുത്തുന്നു എന്നതായിരുന്നു പദ്ധതിയുടെ സവിശേഷത. പിന്നീടുള്ള ദശാബ്ദം ഈ പദ്ധതിക്ക് ദാരിദ്ര്യനിർമാർജനത്തിലും സ്ത്രീശാക്തീകരണത്തിലും ഗ്രാമീണമേഖലയുടെ ഉന്നമനത്തിലുമടക്കം ശ്രദ്ധേയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നത് നിഷേധിക്കാനാകില്ല. എന്നാൽ, തൊഴിൽ എന്ന നിയമപരമായ അവകാശത്തെ ഇല്ലാതാക്കി, മറ്റേത് പദ്ധതികളെപ്പോലെയും കേന്ദ്രീകൃതമായ വിതരണാധിഷ്ഠിതമാക്കുകയായിരുന്നു കേന്ദ്രസർക്കാർ ഈ പദ്ധതിയുടെ ഘടനാമാറ്റത്തോടെ. ഇന്ത്യയുടെ ഗ്രാമീണ ക്ഷേമഘടനയിൽ ഇത് വലിയ ദോഷകരമായ മാറ്റങ്ങൾക്കാകും വഴിതെളിക്കുക.
ദേശീയ തൊഴിലുറപ്പു പദ്ധതിക്ക് (എൻ.ആർ.ഇ.ജി.എ) പകരമായി വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വി.ബി.ജി. റാംജി) ജൂലൈ ഒന്നിനാണ് നിലവിൽ വന്നത്. നിയമം പാസ്സാക്കിയത് ഡിസംബറിൽ. കേരളത്തിൽ ഈ പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നു. പുതിയ നിയമപ്രകാരം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും തൊഴിൽ ലഭിക്കില്ല എന്നതാണ് അതിലാദ്യത്തേത്. കേരളത്തിൽ 22 ലക്ഷം പേരാണ് പദ്ധതിയിലെ അംഗങ്ങൾ. ഇതിൽ ഭൂരിപക്ഷവും സ്ത്രീകൾ. 70 വയസ്സിനു മുകളിലുള്ളവരടക്കം ഇക്കൂട്ടത്തിലുണ്ട്. രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും തൊഴിൽ എന്നതായിരുന്നു എൻ.ആർ.ഇ.ജി.എയുടെ സവിശേഷത. എന്നാൽ, പുതിയ പദ്ധതി പ്രകാരം എല്ലാവർക്കും തൊഴിൽ എന്നത് സാധ്യമാകണമെങ്കിൽ പദ്ധതി വിഹിതത്തിനു പുറത്തുള്ള സാമ്പത്തികവിഹിതം സംസ്ഥാനം നൽകേണ്ടി വരും. അത് സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയാകും. എത്രമാത്രം താത്പര്യം സംസ്ഥാനങ്ങള്‍ക്കുണ്ടാകുമെന്നാണ് പ്രശ്നം.
നിലവിൽ തൊഴിലുറപ്പ് പ്രവർത്തനങ്ങളിൽ പണിസാധനങ്ങളുടെ 25 ശതമാനം മാത്രം സംസ്ഥാനം വഹിച്ചാൽ മതിയാകുമായിരുന്നു. പുതിയ ബില്ലിലൂടെ വേതനമടക്കം പദ്ധതിയുടെ ആകെ ചെലവിന്റെ 40 ശതമാനം തുക സംസ്ഥാനവിഹിതമാക്കി മാറ്റി. നിലവിൽ 4000 കോടിയിലേറെ രൂപയാണ് പദ്ധതിയിലൂടെ കേരളത്തിനു ലഭിച്ചിരുന്ന വാർഷിക വിഹിതമെങ്കിൽ ഇനി അതിൽ 1600 കോടിയോളം സംസ്ഥാനം വഹിക്കേണ്ടിവരും. കേന്ദ്രവും സംസ്ഥാനവും 60:40 അനുപാതത്തിൽ ചെലവ് വഹിക്കണമെന്ന വ്യവസ്ഥ പദ്ധതിയുടെ നടപ്പുരീതികളെയാകെ തകിടംമറിക്കാനാണ് സാധ്യത. മറ്റൊരാശങ്ക തൊഴില്‍ദിനങ്ങളുടെ എണ്ണത്തിലാണ്. ഓരോരുത്തർക്കും 125 തൊഴിൽ ദിനങ്ങൾ ഉറപ്പുവരുത്തുമെന്നതാണ് പുതിയ പദ്ധതിയിലെ വ്യവസ്ഥ. എൻ.ആർ.ഇ.ജി.എയ്ക്കു കീഴിൽ 365 ദിവസത്തിലായിരുന്നു 100 തൊഴിൽദിനങ്ങൾ ഉറപ്പുനൽകിയിരുന്നത്. എന്നാൽ വി.ബി.ജി. റാംജിയിൽ, കാർഷികവൃത്തിയുടെ സമയങ്ങളിൽ 60 ദിവസം നിയന്ത്രണം ഏർപ്പെടുത്തി. അവശേഷിക്കുന്നത് 305 ദിവസങ്ങളില്‍ 125 തൊഴിൽദിനം ഉറപ്പായി നൽകാൻ കഴിയില്ലെന്ന് തൊഴിലുറപ്പ് തൊഴിലാളി സംഘടനാപ്രതിനിധികൾ പറയുന്നു.
ഭൂരിഭാഗം സംസ്ഥാനങ്ങളിലും നിലവിലെ 100 തൊഴിൽദിനങ്ങൾ പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. 2023 മുതൽ ആകെ തൊഴിൽദിനങ്ങളുടെ എണ്ണം കുറഞ്ഞിട്ടേയുള്ളൂ. അക്കാദമിക് വിദഗ്ദ്ധരും ആക്‌റ്റിവിസ്റ്റുകളും ചേർന്ന ലിബ് ടെക് ഇന്ത്യ തയ്യാറാക്കിയ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. 2024-2025 കാലയളവിൽ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം കൂടിയെങ്കിലും അവർക്ക് കിട്ടുന്ന തൊഴിൽദിനങ്ങൾ (7 ശതമാനം) കുറഞ്ഞു. വളരെ കുറച്ച് (7 ശതമാനം) കുടുംബങ്ങൾക്കു മാത്രമാണ് 100 ദിവസം തൊഴിൽ കിട്ടിയത്. ശരാശരി ഒരാൾക്കു കിട്ടിയ തൊഴിൽദിനങ്ങളുടെ എണ്ണം 52.42 ശതമാനത്തിൽനിന്ന് 50.18 ശതമാനമായി.
2024-2025 സാമ്പത്തികവർഷം 82,963 കോടി രൂപയാണ് ചെലവഴിച്ചത്. 86,000 കോടിയായിരുന്നു പ്രൊജക്റ്റ് എസ്റ്റിമേഷൻ. അതായത് ബജറ്റിൽ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിന്റെ ഭാഗമായി ഫണ്ടിന്റെ അപര്യാപ്തത ഈ പദ്ധതിയെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് കണക്കുകകള്‍. ഒന്നര മുതൽ രണ്ട് ലക്ഷം കോടി രൂപയെങ്കിലും പദ്ധതിവിഹിതമായി അനുവദിച്ചാൽ മാത്രമേ 100 ദിനങ്ങൾ ഉറപ്പുവരുത്താൻ കഴിയൂവെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാന സൗകര്യങ്ങളോ കൃത്യമായ ഫണ്ട് വിതരണമോ ഇല്ലാതെ തൊഴിൽദിനങ്ങൾ കടലാസിൽ വർദ്ധിപ്പിക്കുന്നതുകൊണ്ടുമാത്രം ഗ്രാമീണ വേതനവർദ്ധനവ് സാധ്യമാകില്ല. ഫണ്ട് ലഭ്യതക്കുറവ് മൂലം തൊഴിൽ ആവശ്യപ്പെടുന്നവർക്ക് ജോലി നൽകാതിരിക്കുകയും വേതനം മാസങ്ങളോളം വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ, 125 ദിവസം എന്നത് വെറുമൊരു ഉറപ്പായി അവശേഷിക്കാൻ സാധ്യതയുണ്ടെന്നാണു വാദം.
കുറഞ്ഞ തൊഴിൽദിനങ്ങൾ നൂറിൽനിന്ന് 125 ആക്കി ഉയർത്തുമെന്നാണ് ബില്ലിൽ പറയുന്നതെങ്കിലും കേന്ദ്രം വിജ്ഞാപനം ചെയ്യുന്ന ഗ്രാമീണ മേഖലകളിൽ മാത്രമാണ് ഇതു ലഭിക്കുക. അതിൽ എല്ലാ ഗ്രാമങ്ങളും ഉൾപ്പെടണമെന്നില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ എല്ലാ ഗ്രാമങ്ങളിലും വ്യാപിച്ചുകിടക്കുന്ന പദ്ധതി ഇനി അങ്ങനെയാവില്ല. കാർഷികവൃത്തിയുടെ 60 ദിന കാലയളവ് ഏതെന്ന് സംസ്ഥാനങ്ങളാണ് നിശ്ചയിക്കേണ്ടതെന്നതാണ് ആശ്വാസകരം. ഉത്തരേന്ത്യയിൽ ഏറെ ഭൂമിയുള്ള ജന്മിമാർക്ക് കൃഷിക്കാലത്ത് കുറഞ്ഞ ചെലവിൽ പണിയെടുക്കാൻ ആളുകളെ ലഭിക്കാനാണ് 60 ദിവസത്തെ നിയന്ത്രണമെന്നു പറയപ്പെടുന്നു. അങ്ങനെയെങ്കിൽ തൊഴിലാളികളുടെ സ്വതന്ത്രമായ തൊഴിൽ തെരഞ്ഞെടുപ്പ് സാധ്യമാകില്ല. ഈ 60 ദിവസം തൊഴിലാളികൾക്ക് കുറഞ്ഞ വേതനത്തിന് കാർഷികമേഖലയിൽ പണിയെടുക്കേണ്ടിവരുന്ന സാഹചര്യമുണ്ടായേക്കാം.
സംസ്ഥാനങ്ങള്‍ക്ക് അധികബാധ്യത
കരട് ബില്ലിൽ രണ്ടാം അദ്ധ്യായത്തിൽ പറയുന്നതുപോലെ കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് ഇതെങ്കിലും അധിക സാമ്പത്തിക ബാധ്യതയെല്ലാം സംസ്ഥാന സർക്കാരിനാണ്. ജി.എസ്.ടി പുനഃക്രമീകരണവും സാമ്പത്തിക പ്രതിസന്ധിയും മൂലം ഇതിനകം തന്നെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ അധിക ബാധ്യതയെ ശക്തമായി എതിർക്കുന്നു. അധികമായി വരുന്ന ഏത് ചെലവും സംസ്ഥാനങ്ങൾ വഹിക്കണമെന്ന നിബന്ധന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളെ ഈ പദ്ധതിയിൽനിന്ന് പൂർണമായും പിന്തിരിപ്പിക്കാൻ ഇടയാക്കും. ഇത് രാജ്യത്തെ തൊഴിലാളികളുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നതിന് തുല്യമാണ്.
ജലാശയങ്ങളുടെ പുനരുദ്ധാരണം, തരിശുനിലങ്ങൾ കൃഷിക്കായി ഒരുക്കൽ, ഹരിത ഉദ്യാനങ്ങളുടേയും ഹരിതവേലികളുടേയും നിർമാണം, മണ്ണിടിച്ചിൽ തടയൽ, മാലിന്യസംസ്‌കരണം അങ്ങനെ നാട്ടിലാകെ സാമൂഹികവും പാരിസ്ഥിതികവുമായ സുസ്ഥിരതയ്ക്ക് ഉതകുന്ന എത്രയോ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ നടന്നിരുന്നത് തൊഴിലുറപ്പ് പദ്ധതിയിലൂടെയാണ്. എന്നാൽ, പുതിയ പദ്ധതി പ്രകാരം ഇനി നാലു മേഖലകളിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം. ജലസംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ജീവിതസൗകര്യമൊരുക്കൽ, തീവ്രമായ കാലാവസ്ഥമാറ്റം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയിലാണ് ഫോക്കസ്. എല്ലാ പദ്ധതികളും വികസിത ഗ്രാമപഞ്ചായത്ത് പദ്ധതിരേഖയിലുണ്ടാകണം. അത് പി.എം.ശ്രീ ഗതി ശക്തി ദേശീയ പദ്ധതിയുമായി യോജിപ്പിക്കുകയും വേണം. 266 ജോലി ഇനങ്ങളായിരുന്നു എൻ.ആർ.ഇ.ജി.എയിലെ പട്ടികയിൽ ഉണ്ടായിരുന്നത്. പുതിയ പട്ടികയിൽ 318 തൊഴിൽ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, മെറ്റീരിയൽ വർക്കാണ് കൂടുതലായി ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ പൊതുവേ ചെയ്തിരുന്ന മൺകയ്യാല, മഴക്കുഴി നിർമാണം തുടങ്ങിയവ പുതിയ പട്ടികയിൽ ഇല്ല. തരിശുനിലവും തരിശുഭൂമിയും കൃഷിയോഗ്യമാക്കാൻ പദ്ധതിയില്ല. കർഷകർക്കു വ്യക്തിപരമായി തീറ്റപ്പുൽക്കൃഷി നടത്തുന്നതിനു മാർഗമില്ല. സ്വയംസഹായ സംഘങ്ങളായി (എസ്.എച്ച്.ജി) കൂട്ടമായി വേണമെങ്കിൽ ചെയ്യാമെന്നു മാത്രം.
ഓരോ സാമ്പത്തിക വർഷത്തേയും സാമ്പത്തിക വിഹിതം കേന്ദ്രസർക്കാർ തീരുമാനിക്കും. കേന്ദ്രം ഏകപക്ഷീയമായി തീരുമാനിക്കുന്ന മാനദണ്ഡങ്ങൾക്കനുസരിച്ചായിരിക്കും അത്. ചുരുക്കിപ്പറഞ്ഞാൽ പ്രവൃത്തി, പ്രവൃത്തി ചെയ്യേണ്ട സ്ഥലം, തുക, തൊഴിലാളികൾ, അവരുടെ വേതനം എന്നിവയെല്ലാം തീരുമാനിക്കുക കേന്ദ്രസർക്കാരാകും. തൊഴിൽദിനങ്ങൾ നൽകാൻ കഴിഞ്ഞില്ലെങ്കിൽ അതിന്റെ ബാധ്യത സംസ്ഥാന സർക്കാരിനും. ഏതെങ്കിലും കാരണവശാൽ ദിനങ്ങൾ നഷ്ടപ്പെട്ടാൽ തൊഴിലില്ലായ്മ വേതനം നൽകേണ്ടിവരിക സംസ്ഥാനമായിരിക്കും. ആഴ്ചയിലാണ് പ്രവൃത്തിയുടെ വേതനം കൈമാറേണ്ടത്. പ്രവൃത്തി കഴിഞ്ഞ് പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ വേതനം സംസ്ഥാന സർക്കാർ നൽകേണ്ടിവരും.
എൻ.ആർ.ഇ.ജി.എയിൽ തൊഴിൽ തീരുമാനിച്ചിരുന്നത് പഞ്ചായത്തുകളായിരുന്നു. ഗ്രാമസഭകളുടെ ആവശ്യം പരിഗണിച്ചായിരുന്നു തീരുമാനങ്ങൾ എടുത്തിരുന്നത്. എന്നാൽ, പുതിയ പദ്ധതിയിൽ പഞ്ചായത്തുകൾക്ക് സ്വന്തം നിലയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. ഓരോ പഞ്ചായത്തിനും നിശ്ചയിക്കുന്ന തൊഴിലുറപ്പ് വിഹിതത്തിന് അടിസ്ഥാനത്തിൽ മാത്രമാകും തൊഴിൽദിനങ്ങൾ. എൻ.ആർ.ഇ.ജി.എയിൽ കേന്ദ്രവിഹിതം കഴിഞ്ഞുള്ള ജോലികളും പഞ്ചായത്തുകൾ നടത്തിയിരുന്നു. കാലതാമസം നേരിട്ടാലും തൊഴിലാളികളുടെ വേതനം പിന്നീട് ലഭിച്ചിരുന്നു. പഞ്ചായത്തുകൾ സ്വന്തം നിലയിൽ ജോലികൾ ചെയ്യിച്ചാൽ പുതിയ പദ്ധതി പ്രകാരം തൊഴിലാളികൾക്കു വേതനം ലഭിക്കില്ല. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽദാനമായിരുന്നെങ്കിൽ പുതിയ പദ്ധതിയിൽ ലഭിക്കുന്ന ഫണ്ടിന് അനുസൃതമായേ തൊഴിൽ ലഭിക്കൂവെന്നതാണ് വ്യത്യാസം. അതായത് പ്രവൃത്തികൾക്കും പണത്തിനും പരിമിതിയും പരിധിയുമുണ്ടെന്നർത്ഥം.
അവിദഗ്ദ്ധതൊഴിലാളികൾ പുറത്ത്
പുതിയ പദ്ധതി പ്രകാരം വിദഗ്ദ്ധരല്ലാത്ത തൊഴിലാളികൾക്ക് അവസരം ലഭിക്കില്ലെന്ന ആശങ്കയും നിലനിൽക്കുന്നു. നിലവിലെ തൊഴിലുറപ്പ് തൊഴിലാളികളെ പുതിയ പദ്ധതി ആദ്യ മാസങ്ങളിൽ ബാധിക്കില്ലെങ്കിലും കാലക്രമേണ വൈദഗ്ദ്ധ്യമില്ലാത്തവർ സ്വാഭാവികമായും പുറത്താകും. പുതിയ പദ്ധതി പ്രകാരം തൊഴിലുറപ്പ് ജോലികളിൽ ശാരീരിക ക്ഷമതയും കണക്കിലെടുക്കാൻ സാധ്യതയുണ്ട്. 50 വയസ്സിനു മുകളിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുമുണ്ട്. ശാരീരിക ക്ഷമത വിലയിരുത്തിയാൽ ഇവർ പദ്ധതിയിൽനിന്ന് പുറത്താകാൻ സാധ്യത കൂടുതലാണെന്നും വിലയിരുത്തുന്നു. പദ്ധതിയുടെ സാങ്കേതിക വശങ്ങളിൽ കൊണ്ടുവരുന്ന മാറ്റങ്ങളും ഗ്രാമീണ മേഖലയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്. വി.ബി.ജി റാം ജി പദ്ധതി കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഹാജറിന് ബയോമെട്രിക് സംവിധാനം പ്രായോഗികമല്ലെന്നാണ് തൊഴിലാളികൾ പറയുന്നത്. ബയോമെട്രിക് സംവിധാനത്തിന് ഇന്റർനെറ്റ് കണക്ഷൻ നിർബന്ധമാണ്. ഇന്റർനെറ്റ് ലഭ്യമല്ലാത്ത മേഖലകളിൽ ഹാജർ രേഖപ്പെടുത്താൻ കഴിയുമോ എന്ന ആശങ്കയാണ് തൊഴിലാളികൾ പങ്കുവയ്ക്കുന്നത്. ഡിജിറ്റൽ ഹാജർ, ആധാർ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റം എന്നിവ നിർബന്ധമാക്കിയതിലൂടെ സാങ്കേതിക പരിജ്ഞാനമില്ലാത്ത ലക്ഷക്കണക്കിനു തൊഴിലാളികൾ ഇതിനകം തന്നെ പദ്ധതിക്ക് പുറത്തായിട്ടുണ്ട്. പുതിയ ബില്ലിൽ ഇത്തരം സാങ്കേതിക നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാനാണ് സാധ്യത.
ആശങ്കകളേറെ, തൊഴില്‍ നിഷേധിക്കപ്പെടും
എം.ജി.എൻ.ആർ.ഇ.ജി.എ തൊഴിൽ അവകാശ അധിഷ്ഠിത നിയമമായിരുന്നു. ഈ പദ്ധതിയിൽ അംഗമാകുന്ന ഒരാൾക്ക് തൊഴിൽ ആവശ്യപ്പെടാം. കൂട്ടമായിട്ടും പഞ്ചായത്തിൽ ആവശ്യപ്പെടാം. ആവശ്യപ്പെട്ട് കഴിഞ്ഞാൽ 15 ദിവസത്തിനകം തൊഴിൽ ഉറപ്പു കൊടുക്കണം. തൊഴിൽ ചെയ്താൽ 15 ദിവസത്തിനകം കൂലി കൊടുക്കണം, അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം കൊടുക്കണം. ബജറ്റിൽ പദ്ധതിവിഹിതം പ്രഖ്യാപിച്ചാലും എത്ര അളവിൽ തൊഴിൽ ചെയ്താലും അത് കേന്ദ്രസർക്കാർ റീ അലോക്കേഷൻ ചെയ്ത് വിഹിതം ഉറപ്പുവരുത്തുമായിരുന്നു. എന്നാൽ, വി.ബി.ജി.റാം പദ്ധതി തൊഴിൽ എന്ന അവകാശ അധിഷ്‌ഠിതമെന്നതിന് നേരേ വിപരീതമാണ്. ഈ പദ്ധതി അനുസരിച്ച് ഇത് തൊഴിൽ ഉറപ്പുനൽകുന്നില്ല. അലോക്കേഷൻ അടിസ്ഥാനമാക്കിയാണ് പുതിയ പദ്ധതി. കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വിഹിതത്തിനുള്ളിൽ വേണം പദ്ധതി നടപ്പാക്കാൻ. അധികച്ചെലവ് സംസ്ഥാനങ്ങൾ വഹിക്കേണ്ടിവരും. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങൾ എത്രമാത്രം താല്പര്യം കാണിച്ച് ഫണ്ട് അനുവദിച്ച് പദ്ധതി മുന്നോട്ടു കൊണ്ടുപോകും? 125 ദിവസം എങ്ങനെ തൊഴിൽ നൽകുമെന്നതിൽ യാതൊരു ഉറപ്പുമില്ല. ഇപ്പോൾ തന്നെ 365 ദിവസത്തിൽ 100 തൊഴിൽദിനങ്ങൾ പോലും ഉറപ്പാക്കാനാകുന്നില്ല. ദേശീയ തൊഴിൽദിനങ്ങളുടെ ശരാശരി 48 ആണ്. പുതിയ പദ്ധതിയിലാകട്ടെ, 60 ദിവസം ജോലി ചെയ്യാനും പാടില്ല. പത്തുമാസം കൊണ്ട് 125 തൊഴിൽ ദിനങ്ങൾ എങ്ങനെ ചെയ്യാൻ പറ്റുമെന്ന ആശങ്ക നിലനിൽക്കുന്നു. എം.ജി.എൻ.ആർ.ഇ.ജി.എയിൽ അവിദഗ്ദ്ധ കായിക തൊഴിലിനു പ്രാധാന്യമുള്ള പ്രവൃത്തികളാണ് ഏറ്റെടുത്തിരുന്നത്. അതുകൊണ്ടാണ് ഇത്രയെങ്കിലും തൊഴിൽദിനങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞതും. പുതിയ പദ്ധതിക്ക് മുൻതൂക്കം നൽകുന്നത് വിദഗ്ദ്ധ തൊഴിൽ ആവശ്യമുള്ള ആസ്തി വികസനത്തിനാണ്. ആസ്തി വികസന പ്രവൃത്തികൾ എങ്ങനെ ഈ സാധാരണ തൊഴിലാളികൾ ചെയ്യും. അതും ഭൂരിഭാഗം പേരും അമ്പതുവയസ്സിനു മുകളിലുള്ളവരാണ്. കായികശേഷി കുറഞ്ഞവർ ജോലി ചെയ്യാനാകാതെ പുറത്താകും. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒഴിച്ച് 17 പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലായി 7.69 കോടി തൊഴിലാളികളാണ് സജീവമായി പണിയെടുക്കുന്നത്. അവർക്ക് 125 ദിവസം തൊഴിൽ ഉറപ്പുനൽകണമെങ്കിൽ 3,63,000 കോടി രൂപ വേണം. പുതിയ പദ്ധതി പ്രകാരം രാജ്യത്താകെ അനുവദിച്ചിരിക്കുന്ന തുക 95,000 കോടി രൂപയാണ്. 48 ദിവസക്കാലം തൊഴിൽ ചെയ്യാനുള്ള തുകയാണ് ഇത്. ഇതെല്ലാം കേന്ദ്രത്തിന്റെ 60 ശതമാനം വിഹിതം മാത്രമാണ്. പിന്നൊരു ചോദ്യം, വികസനം എന്നത് സാധാരണക്കാരുടെ ജീവിതത്തിൽ ഒരു അഭിവൃദ്ധി ഉണ്ടാകാനും അവർക്ക് മെച്ചപ്പെട്ട തൊഴിലും ജീവിതവും ഉറപ്പുവരുത്താനുമാണല്ലോ. എന്നാൽ, ഈ പദ്ധതി അവരുടെ തൊഴിൽ എന്ന അവകാശത്തെ ഹനിക്കും. അവർക്ക് തൊഴിൽ നിഷേധിക്കപ്പെടും.
ആർ. രാജേഷ്
ബ്ലോക്ക് പഞ്ചായത്തംഗം, എം.ജി. എൻ.ആർ.ഇ.ജി.എ വർക്കേഴ്‌സ് യൂണിയൻ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates