എന്‍ കുഞ്ചു 
News+

പട്ടാളക്കഥകള്‍ ഒരു പരിഭാഷക്കാലത്ത്!

ബാബു പി. രമേഷ്

ത്മനൊമ്പരങ്ങളില്‍ മുക്കിയെഴുതിയ പട്ടാളക്കഥകളിലൂടെ മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ നന്തനാരുടെ നൂറാം പിറന്നാള്‍ ഈയിടെയായിരുന്നുവെന്ന് വായിക്കാനിടയായപ്പോഴാണ് കുഞ്ചു സാറിന്റെ ഓര്‍മ്മ മനസ്സില്‍ മിന്നി വന്നത്. നന്തനാരുടേതടക്കം മലയാളത്തിലെ എണ്ണം പറഞ്ഞ പല പട്ടാളക്കഥകളും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി ഇന്ത്യയൊട്ടുക്കുമുള്ള വായനക്കാരിലേക്കെത്തിച്ച സൈനികനാണ് എന്‍. കുഞ്ചു എന്നും കുഞ്ചു നമ്പ്രത്ത് എന്നും പേരുള്ള കുഞ്ചുസാര്‍.

കോവിഡ് കാലത്ത് എനിക്ക് കിട്ടിയ ഒരു വിശിഷ്ട സുഹൃത്തായിരുന്നു ടെലിഫോണ്‍ സംഭാഷണങ്ങളിലൂടെയും വാട്ട്‌സ്ആപ്പ് മെസേജുകളിലൂടെയും മാത്രം ഞാനറിഞ്ഞ കുഞ്ചു സാര്‍.

'നിങ്ങള്‍ നിശ്ചയമായും പരിചയപ്പെടേണ്ട ഒരാള്‍ ഇവിടെ ഈസ്റ്റ് ഡല്‍ഹിയിലുണ്ട്. കുഞ്ചു സാര്‍. തൊണ്ണൂറു കഴിഞ്ഞിട്ടും എഴുത്തിന്റെ ലോകത്ത് സജീവമായി നില്‍ക്കുന്ന ആളാണ്. സൈനികനായിരുന്നു. പിന്നീട് വളരെക്കാലമായി പത്രപ്രവര്‍ത്തകനാണ്. മലയാളത്തിലെ പട്ടാളക്കഥകള്‍ പലതും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയയാളാണ്' എന്നീ ആമുഖ വാക്യങ്ങളിലൂടെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും സുഹൃത്തും എഴുത്തിന്റെ വീഥിയില്‍ എന്റെ വഴികാട്ടിയുമായ മനോജ് മേനോനാണ് കോവിഡിന്റെയും ലോക്ക്ഡൗണിന്റേയും കാലത്ത് കുഞ്ചു സാറിനെ എനിക്ക് പരിചയപ്പെടുത്തി തരുന്നത്.

'ലോക്ക് ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിങുമായി എല്ലാവരും ഒറ്റപ്പെട്ടു പോയിരിക്കുന്ന ഈ സമയത്ത് ഇടയ്‌ക്കൊക്കെ കുഞ്ചു സാറിനെ വിളിച്ചുകൊണ്ടേയിരിക്കണേ' എന്ന് കൂടി മനോജ് ചേര്‍ത്തു പറഞ്ഞപ്പോള്‍ ആദരവിനോടൊപ്പം കരുതലും ചാലിച്ചിട്ടുണ്ടായിരുന്നു ആ വാക്കുകളില്‍.

എൻ. കുഞ്ചുവും ഭാര്യ ജാനുവും

കുഞ്ചുസാറിനെപ്പറ്റി മനോജ് മുന്‍പ് എഴുതിയിട്ടുള്ള ഒരു ലേഖനവും താമസിയാതെ എനിക്ക് അയച്ചു തന്നത് അദ്ദേഹത്തെപ്പറ്റി ഏകദേശമൊരു ധാരണയുണ്ടാക്കാന്‍ സഹായിച്ചു. അങ്ങനെ, മനോജ് ഇട്ടുതന്ന സൗഹൃദപ്പാലത്തിലൂടെ ഞാനും കുഞ്ചുസാറും ഫോണിലും വാട്ട്‌സ്ആപ്പിലും പരിചിതരായി; സുഹൃത്തുക്കളായി. രണ്ടു പേര്‍ക്കും താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി സംസാരിച്ചും പ്രസിദ്ധീകരിച്ചതും എഴുതിക്കൊണ്ടിരിക്കുന്നതുമായ സൃഷ്ടികള്‍ കൈമാറിയുമൊക്കെ തുടര്‍ന്ന ആ അടുപ്പം മൂന്നുവര്‍ഷം മുമ്പ് മരണം അദ്ദേഹത്തിന്റെ ജീവിതത്തിന് പൂര്‍ണ്ണവിരാമമിടും വരെ തുടര്‍ന്നു. ഒരിക്കല്‍ പോലും പരസ്പരം കണ്ടിട്ടില്ലാത്ത, അവിചാരിതമായി കുറച്ചു കാലം പരിചയക്കാരനായി മാറിയ കുഞ്ചു സാര്‍ ബാക്കി വെച്ചു പോയ ചില ഓര്‍മ്മകളും ചിന്തകളും 'സാമൂഹ്യപാഠ'ത്തില്‍ കുറിച്ചു വെയ്‌ക്കേണ്ടതുണ്ട് എന്ന ബോധ്യമാണ് ഈ ഓര്‍മ്മയെഴുത്തിന് ആധാരം.

ഇക്കഴിഞ്ഞ ജൂലൈ 20ന് നൂറാം പിറന്നാള്‍ പിന്നിട്ട 'നന്തനാര്‍' എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ട പി.സി. ഗോപാലന്‍ എന്ന മുന്‍ സൈനികന്‍ നാല്‍പത്തിയെട്ടാം വയസ്സില്‍ സ്വനിശ്ചയപ്രകാരം വിട പറഞ്ഞു പോകും മുമ്പ്, കഷ്ടിച്ച് ഇരുപത് വര്‍ഷങ്ങളില്‍ താഴെ വരുന്ന തന്റെ 'എഴുത്തുകാലത്ത്', കഥകളും നോവലുകളും ബാലസാഹിത്യവുമൊക്കെയായി മലയാള ഭാഷയ്ക്ക് കനത്ത സംഭാവനകള്‍ നല്‍കിയ അതുല്യ പ്രതിഭയായിരുന്നു. അദ്ദേഹത്തിന്റെ പട്ടാളക്കഥകളും സൈനിക ജീവിതങ്ങളെ മുന്‍നിറുത്തി എഴുതിയ 'ആത്മാവിന്റെ നോവുകള്‍', 'അറിയപ്പെടാത്ത മനുഷ്യജീവികള്‍' എന്നീ നോവലുകളും വേര്‍പാടിന്റെ അരനൂറ്റാണ്ടിനു ശേഷവും നന്തനാര്‍ എന്ന എഴുത്തുകാരന് മലയാള ഭാഷയിലെ 'പട്ടാളക്കഥാകൃത്തുകളുടെ' മുന്‍നിരയില്‍ തന്നെ ഇരിപ്പിടം നേടിക്കൊടുത്തിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമേതുമില്ല. മിലിട്ടറി ബാരക്കുകളിലെ വിങ്ങുന്ന സൈനിക ജീവിതങ്ങളെ സ്വാനുഭവങ്ങളുടെ കനലില്‍ സ്ഫുടം ചെയ്ത് വള്ളുവനാടന്‍ ഭാഷയില്‍ നന്തനാര്‍ അവതരിപ്പിച്ചപ്പോള്‍ അത് മലയാളകഥാലോകത്തിന് തന്നെ വേറിട്ട വിചാര മേഖലകളാണ് സമ്മാനിച്ചത്.

നന്തനാര്‍

നന്തനാര്‍ സൃഷ്ടിച്ച മലയാള സാഹിത്യത്തിലെ പട്ടാളക്കഥാലോകത്തിന് പുറം ലോകത്തെത്താനുള്ള 'ഇംഗ്ലീഷ് പാലം' പണിഞ്ഞ ആളാണ് എന്‍. കുഞ്ചു. 1974ല്‍ നന്തനാരുടെ 'ആത്മാവിന്റെ നോവുകള്‍' കുഞ്ചു സാറിന്റെ മൊഴിമാറ്റത്തിലൂടെ ഇംഗ്ലീഷിലേക്ക് കൂടുമാറിയപ്പോള്‍, അതുവരെ മലയാളികള്‍ മാത്രം അറിഞ്ഞ സൈനിക പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ആ നോവല്‍ അന്യഭാഷാ വായനാക്കാര്‍ക്കു കൂടി (വിശിഷ്യ മറുനാടന്‍ പട്ടാളക്കാര്‍ക്ക്) വായിച്ചനുഭവിക്കാനായി.

സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ ശേഷം സൈനിക ജോലിയില്‍ പ്രവേശിച്ച എന്‍. കുഞ്ചു സ്വപ്രയത്നം ഒന്നു കൊണ്ടു മാത്രമാണ് ഇംഗ്ലീഷ് ഭാഷയിലുള്ള തന്റെ പ്രാവീണ്യം രാകി മിനുക്കി മികവുറ്റതാക്കിയത്. ഇംഗ്ലീഷ് ഭംഗിയായി കൈകാര്യം ചെയ്യാമെന്ന ഒരൊറ്റക്കാരണം കൊണ്ടു തന്നെ ഏറെക്കാലം പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസിദ്ധീകരണമായ 'സൈനിക് സമാചാറി'ന്റെ ചുമതല കുഞ്ചു സാറിനായിരുന്നു. ഈ ഒരു ഘട്ടത്തിലാണ് മനോജ് മേനോന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'പരിഭാഷയിലെ പട്ടാളച്ചന്ത'മായി മാറിയ മികവുറ്റ പട്ടാളക്കഥാവിവര്‍ത്തനങ്ങള്‍ മറുനാടന്‍ വായനക്കാര്‍ക്കായി സുബേദാര്‍ മേജര്‍ എന്‍. കുഞ്ചു ഇംഗ്ലീഷില്‍ അവതരിപ്പിച്ചു തുടങ്ങുന്നത്.

Sigh of the Dawn

നന്തനാരുടെ 'ആത്മാവിന്റെ നോവുകള്‍', 1974 ല്‍ Sigh of the Dawn എന്ന പേരില്‍ പരിഭാഷപ്പെടുന്നുന്നതിനു മുമ്പ് തന്നെ പാറപ്പുറത്തിന്റെ 'നിണമണിഞ്ഞ കാല്‍പാടുകള്‍' Blood Stained Foot Prints എന്ന തലക്കെട്ടില്‍ 1970 ല്‍ കുഞ്ചു നമ്പ്രത്തിന്റെ തൂലികയിലൂടെ ഇംഗ്ലീഷിലേക്ക് ഭാഷാന്തരഗമനം നടത്തിയിരുന്നു. ഏറെത്താമസിയാതെ 1979 ല്‍ കോവിലന്റെ 'എ മൈനസ് ബി'യും പിന്നെ 2001 ല്‍ ഏകലവ്യന്റെ 'എന്ത് നേടി?' എന്ന നോവല്‍ 'The Regiment' എന്ന പേരിലും കുഞ്ചു സാര്‍ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തപ്പോള്‍ അറുപതുകളിലും എഴുപതുകളിലുമൊക്കെ മലയാള വായനക്കാര്‍ നെഞ്ചേറ്റിയ എണ്ണം പറഞ്ഞ പട്ടാളക്കഥകള്‍ പലതും ഭാഷാപരിമിതികളും പരിധിയും താണ്ടി ഇന്ത്യയുടനീളമുള്ള പട്ടാള ബാരക്കുകളിലെ സൈനികര്‍ക്ക് വേറിട്ട വായനാനുഭവങ്ങള്‍ നല്‍കി. സൈനിക് സമാചാറില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പട്ടാളക്കഥകള്‍ക്ക് ഉത്തരേന്ത്യയിലെ പട്ടാള ക്യാംപുകളിലും സൈനിക കുടുംബങ്ങളിലും നിരവധി വായനക്കാരെ നേടാനായി.

മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി തന്റെ ഭാഷാപ്രാവീണ്യം പ്രയോഗിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യുക എന്നതിലുപരിയായി, താനുള്‍പ്പെടെയുള്ള നിരവധി സൈനികര്‍ നിത്യേന നേരിടേണ്ടി വരുന്ന ആത്മസംഘര്‍ഷങ്ങള്‍ ഏറ്റവും ഹൃദ്യമായി വിവരിക്കുന്ന, തന്റെ ഉള്ളുപൊള്ളിച്ച, ചില മലയാളകഥകളെങ്കിലും ഇന്ത്യയൊട്ടുക്കുമുള്ള അന്യഭാഷാ സൈനികരും അറിയേണ്ടതുണ്ട് എന്ന കുഞ്ചു സാറിന്റെ ഉത്കടമായ ആഗ്രഹം കൂടിയാണ് വിവര്‍ത്തന പ്രമേയങ്ങളായി കൂടുതലും പട്ടാളക്കഥകളെത്തന്നെ അദ്ദേഹം തിരഞ്ഞെടുക്കാനുണ്ടായ കാരണം.

സൈനിക ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം 'നാളികേരത്തിന്റെ നാട്ടിലേക്ക്' മടങ്ങാതെ രാജ്യതലസ്ഥാനത്ത് അരനൂറ്റാണ്ടുകൂടി ജീവിച്ചയാളാണ് കുഞ്ചുസാര്‍. 1973 മുതല്‍ പത്രപ്രവര്‍ത്തകന്റെ പുതിയ വേഷത്തില്‍ ഔദ്യോഗികമായി തന്റെ 'രണ്ടാം വരവ്' അറിയിച്ച കുഞ്ചുസാര്‍ 'കാരവന്‍', 'എലൈവ്', 'വിമന്‍സ് ഇറ', 'ഇന്‍ഫോ മെയില്‍' എന്നിങ്ങനെ പല പ്രമുഖ ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലും സജീവമായി ഉയര്‍ന്ന ജോലികളില്‍ പ്രവര്‍ത്തിച്ചു. ഇതില്‍ 'കാരവനി'ലാണ് നന്തനാരുടെ 'ആത്മാവിന്റെ നോവുകള്‍' ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത്. എഴുപതുകളുടെ തുടക്കം മുതല്‍ കോവിഡ് കാലം മുന്‍ പറഞ്ഞ പല പ്രസിദ്ധീകരണങ്ങളുടേയും എഡിറ്റോറിയല്‍ എഴുതിയ കുഞ്ചുസാറിന്റെ പേര് തീര്‍ച്ചയായും ഏറ്റവും കൂടുതല്‍ എഡിറ്റോറിയല്‍ എഴുതിയ പത്രപ്രവര്‍ത്തകരുടെ ലിസ്റ്റില്‍ ആദ്യം തന്നെ കാണും!

ഇംഗ്ലീഷായിരുന്നു തന്റെ പ്രവാസകാലത്തിലുടനീളം കുഞ്ചു സാറിന്റെ എഴുത്തു ഭാഷ. പത്താം ക്ലാസ്സു വരെ മാത്രം നാട്ടില്‍ പഠിച്ച് പിന്നീട് ഉപജീവനത്തിനായി പട്ടാളത്തില്‍ ചേര്‍ന്ന അദ്ദേഹത്തിന് ബാരക്ക് ജീവിതത്തിലും റിട്ടര്‍മെന്റിനു ശേഷമുള്ള പ്രവാസകാലത്തിലുമായി എഴുതിയും വായിച്ചും സംസാരിച്ചും കൂടുതല്‍ തിളക്കിയെടുക്കാന്‍ കഴിഞ്ഞത് ഇംഗ്ലീഷ് ഭാഷയായിരുന്നു. മലയാളത്തോടുള്ള അടുപ്പം വല്ലപ്പോഴും കിട്ടുന്ന പ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലും മാത്രം ഒതുങ്ങി നിന്നപ്പോഴും താന്‍ പഠിച്ചു പയറ്റി സ്വായത്തമാക്കിയ ഇംഗ്ലീഷിന്റെ ഒരു പാലമിട്ട് തനിക്കിഷ്ടപ്പെട്ട ചില മലയാള രചനകളെയെങ്കിലും ഭാഷയുടെ അതിര്‍ത്തി കടത്തി അന്യഭാഷാ വായനക്കാര്‍ക്കിടയിലെത്തിക്കാന്‍ പറ്റി എന്ന കാര്യത്തില്‍ തികച്ചും അഭിമാനിച്ചിരുന്നെങ്കിലും മാതൃഭാഷയായ മലയാളം ആംഗലേയത്തോടൊപ്പം തന്നെ തനിക്ക് വഴങ്ങുന്നില്ലല്ലോ എന്ന വ്യഥയും ജീവിതത്തിന്റെ വൈകിയ വേളയില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

എന്‍ കുഞ്ചു നന്തനാര്‍ക്ക് എഴുതിയ കത്ത്‌

'എനിക്ക് ബാബുവിനോട് നല്ല അസൂയയുണ്ട്. ഇത്ര അനായാസമായി മലയാളം എഴുതുന്നതില്‍' എന്നായിരുന്നു ഇന്ത്യയിലെ ഏറ്റവും പേടിപ്പിക്കുന്ന സ്ഥലമെന്ന പേരു കേട്ട ഭാണ്‍ഗഢിലേക്ക് നടത്തിയ ഒരു യാത്രയെ അടിസ്ഥാനപ്പെടുത്തി ലോക്ക് ഡൗണ്‍ കാലത്ത് ഞാന്‍ എഴുതിയ 'പ്രേതങ്ങളുടെ താഴ്വര' എന്ന യാത്രാവിവരണം അയച്ചു കൊടുത്തപ്പോള്‍ കുഞ്ചു സാറിന്റെ പ്രതികരണം.

'അതിനെന്താ സാറ് വളരെ നന്നായി ഇംഗ്ലീഷിലെഴുതുന്നുണ്ടല്ലോ' എന്ന് ഞാന്‍ തിരിച്ചു പറഞ്ഞപ്പോള്‍ തൃശൂരിലെ ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞ് ഏറെ താമസിയാതെ 'പാവങ്ങള്‍' എന്ന കഥാസമാഹാരമെഴുതി പ്രസിദ്ധീകരിച്ച 'പതിനേഴുകാരന്‍ എന്‍. കുഞ്ചുവിനെ' അദ്ദേഹം എനിക്ക് പരിചയപ്പെടുത്തിത്തന്നു! പതിനഞ്ച് രൂപ പ്രതിഫലം കിട്ടിയ ആ പുസ്തകത്തിന് സ്വന്തം അധ്യാപകന്‍ കെ. കെ. രാജയായിരുന്നു ആമുഖമെഴുതിയതെന്നും അക്കാലത്ത് ചെറിയൊരു തസ്തികയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ അച്ഛന്റെ മാസശമ്പളത്തിന് തുല്യമായിരുന്നു ആ പ്രതിഫലത്തുകയെന്നും കുഞ്ചുസാര്‍ പറഞ്ഞപ്പോള്‍ ഓര്‍മ്മകളുടെ വേലിയേറ്റം മൂലം ആ ശബ്ദം ഇടര്‍ച്ചയുള്ളതായിരുന്നു. 'ഒരുപക്ഷെ, നാട്ടില്‍ ജീവിതം തുടര്‍ന്നിരുന്നെങ്കില്‍ ഞാനും മലയാളത്തിലായിരിക്കണം എഴുതുമായിരുന്നത്' എന്ന് കൂടി പറഞ്ഞ് സംഭാഷണം നിര്‍ത്തുമ്പോള്‍ ഉപജീവനത്തിനായി കേരളത്തിനു പുറത്തേക്ക് ജീവിതം പറിച്ചു നടേണ്ടി വന്ന സാഹിത്യാഭിരുചിയുള്ള പഴയകാല യുവസൈനികന്റെ ഗൃഹാതുരുത്വം പുരട്ടിയ നഷ്ടബോധം എനിക്കും വ്യക്തമായി ബോധ്യപ്പെട്ടിരുന്നു.

ആനുകാലിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാനും എഴുതാനുമൊക്കെ നവതിയിലെത്തി നില്‍ക്കുമ്പോഴും കുഞ്ചു സാറിന് വളരെ താത്പര്യമായിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് അദ്ദേഹം കോവിഡിനെക്കുറിച്ചെഴുതിയ കുറിപ്പും അതിനു ശേഷം 'മാറുന്ന ഇന്ത്യയെപ്പറ്റി' എഴുതിയ കുറിപ്പുമൊക്കെ വായിച്ച് അഭിപ്രായം പറയാന്‍ എനിക്കയച്ചു തരുമ്പോള്‍ ആദ്യമായി ലേഖനങ്ങളെഴുതി അതിന്റെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കുന്ന തുടക്കക്കാരന്റെ മനസ്സായിരുന്നു കുഞ്ചു സാറിന്! കുറിപ്പുകളെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും തന്റെ ചില നിലപാടുകള്‍ കൂടുതല്‍ വിശദീകരിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഒരേ മാനസിക തലത്തില്‍ ചര്‍ച്ച ചെയ്യുന്ന സമപ്രായക്കാരായ ഇരുവരാണ് ഞങ്ങളെന്നേ എനിക്ക് തോന്നിയിരുന്നുള്ളൂ. ഇപ്പോള്‍ ഈ ഓര്‍മ്മയെഴുത്തിന്റെ ഭാഗമായി നടത്തിയ ഗൂഗ്ള്‍ സര്‍ച്ചില്‍ നിന്നാണ് അന്ന് കുഞ്ചുസാര്‍ ഷെയര്‍ ചെയ്ത മാനുസ്‌ക്രിപ്റ്റുകള്‍ ചിലതൊക്കെ 'ഇന്ത്യന്‍ കറന്റ്' തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട് എന്ന കാര്യം ശ്രദ്ധയില്‍ പെടുന്നത്.

മനോജ് മേനോന്‍

താന്‍ മൊഴിമാറ്റം ചെയ്ത പട്ടാളക്കഥകളുടെ എഴുത്തുകാരോട് ഏറ്റവുമടുപ്പം സൂക്ഷിച്ചിരുന്ന ആളായിരുന്നു, കുഞ്ചുസാര്‍. നന്തനാരും കുഞ്ചു നമ്പ്രത്തും കത്തുകളിലൂടെ നിലനിര്‍ത്തിയിരുന്ന ഊഷ്മളമായ സൗഹൃദം നന്തനാരുടെ മകന്‍ സുധാകരന്‍ വ്യക്തമായി ഓര്‍മ്മിക്കുന്നുണ്ട്. പൊയ്‌പോയ ആ കാലത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തുന്ന ഏതാനും കത്തുകള്‍ ഇന്നും സുധാകരേട്ടന്‍ ശ്രദ്ധയോടെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇതു പോലെത്തന്നെ പാറപ്പുറത്ത്, കോവിലന്‍ തുടങ്ങിയവരുമായും കുഞ്ചു നമ്പ്രത്ത് പതിവായി എഴുത്തുകുത്തുകള്‍ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തെ പറ്റിയുള്ള മനോജ് മേനോന്റെ ഒരു ലേഖനത്തില്‍ എടുത്തു പറയുന്നുണ്ട്. റിട്ടയര്‍ ചെയ്ത് നാട്ടില്‍ ജീവിതം തുടരുന്ന താനടക്കമുള്ള പട്ടാളക്കാരുടെ സാമ്പത്തിക പ്രാരാബ്ധം മുതല്‍ ഭാവി ജീവിതത്തിന്റെ പ്ലാനിങ് വരെയുള്ള നിരവധി വിഷയങ്ങളെപ്പറ്റിയാണ് ആകര്‍ഷകമല്ലാത്ത കൈപ്പടയില്‍ എഴുതിയിരുന്ന ആ കത്തുകളിലൂടെ നന്തനാര്‍ കുഞ്ചു സാറിനോട് മനസ്സ് തുറന്നിരുന്നത് എന്ന് മനോജ് മേനോന്‍ അടയാളപ്പെടുത്തുന്നുണ്ട്.

മലയാളത്തില്‍ എഴുതപ്പെട്ട ചില എണ്ണം പറഞ്ഞ പട്ടാളക്കഥകളെ പരിഭാഷയിലൂടെ കൂടുതല്‍ അന്യദേശക്കാരിലേക്ക്, വിശിഷ്യ മറുനാടന്‍ പട്ടാളക്കാരിലേക്ക് എത്തിച്ച കുഞ്ചു സാറിനെപ്പോലുള്ള എഴുത്തുകാര്‍ മലയാള സാഹിത്യചരിത്രത്തിലോ വിവര്‍ത്തന ലോകത്തോ ഏറെ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് ദുഃഖകരമായ സത്യമാണ്. ഇതുപോലെ മുഖ്യധാരാ സാഹിത്യ ലോകം വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തവര്‍ ഇനിയും വളരെയേറെയുണ്ടാകാം. ഉദാഹരണത്തിന് കണ്ണൂര്‍ ജില്ലയിലെ മുഴപ്പിലങ്ങാടില്‍ നിര്‍മ്മാണത്തൊഴിലാളിയായി കാലക്ഷേപം ചെയ്യുന്ന ഷാഫി ചെറുമാവിലായി എന്ന തമിഴ്-മലയാള വിവര്‍ത്തകനെപ്പറ്റി ഈയിടെ ഞാന്‍ വായിച്ചറിയുകയുണ്ടായി. ബാംഗ്ലൂരിലെ ഒരു ചായക്കടയില്‍ ജോലി ചെയ്യുമ്പോള്‍ യാദൃച്ഛികമായി പഠിച്ചെടുത്ത തമിഴ് , അശ്രാന്ത പരിശ്രമത്തിലൂടെ മിനുക്കി, മെരുക്കിയെടുത്ത് പെരുമാള്‍ മുരുകന്റേയും മറ്റ് പേരെടുത്ത തമിഴ് എഴുത്തുകാരുടെയുമൊക്കെ രചനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത ഷാഫി എന്ന എഴുത്തുകാരന്‍ മുഖ്യധാരാ സാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും ശരാശരി മലയാള സാഹിത്യ വായനക്കാര്‍ക്കിടയിലും എത്രത്തോളം പരിചിതനാണ് എന്നു പരിശോധിച്ചാല്‍ തന്നെ, വിവര്‍ത്തന മേഖലയില്‍ ചെറുതല്ലാത്ത സംഭാവനകള്‍ നല്‍കി, വിസ്മൃതിയിലേക്ക് മറഞ്ഞ കുഞ്ചുസാറിനെ പോലുള്ളവരുടെ കഥകള്‍ ഇപ്പോഴും അതുപോലെ തന്നെ തുടരുന്നുണ്ടെന്ന് നാം തിരിച്ചറിയും.

കുഞ്ചു നമ്പ്രത്ത് പരിഭാഷപ്പെടുത്തിയ നാലു പട്ടാളക്കഥകളും ചേര്‍ത്ത് ഒരൊറ്റ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള ഒരു ശ്രമം കുഞ്ചു സാറും മനോജ് മേനോനുമൊക്കെ ചേര്‍ന്ന് ഡല്‍ഹിയില്‍ നടത്തിയിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങളാല്‍ അത് നടന്നില്ലെന്ന് നന്തനാരുടെ മകന്‍ സുധാകരേട്ടന്‍ ഓര്‍ക്കുന്നുണ്ട്. പിന്നീട് ഇതേ പ്രോജക്ടുമായി സുധാകരേട്ടന്‍ തന്നെ കേരള സാഹിത്യ അക്കാദമിയെ സമീപിച്ചിരുന്നുവെങ്കിലും ആ ശ്രമവും ഫലം കാണാതെ പോവുകയാണുണ്ടായത്. ഇനിയും ആരെങ്കിലും ആ 'പണിതീരാത്ത സ്വപ്നം' സ്ഥലമാക്കാന്‍ ശ്രമിച്ചേക്കും എന്ന പ്രതീക്ഷ, മേല്‍ പറഞ്ഞ പരിഭാഷകളുടെ കോപ്പികള്‍ ഇന്നും പൊന്നു പോലെ സൂക്ഷിച്ചു വെയ്ക്കുന്ന, സുധാകരേട്ടനുണ്ട്.

മലയാള ഭാഷയുടെ വളര്‍ച്ചയ്ക്കും സ്വീകാര്യതയ്ക്കുമൊക്കെ നിസ്തുലമായ സംഭാവനകള്‍ നല്‍കിയ കുഞ്ചു സാറിനെപ്പോലുള്ളവരുടെ ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അടയാളപ്പെടുത്തേണ്ടതും അവര്‍ നമുക്ക് നല്‍കിയ സാഹിത്യ സംഭാവനകളെ സംരക്ഷിച്ച്, ഇത്തരം വേറിട്ട വഴികളിലൂടെ സാഹിത്യ സപര്യ ചെയ്ത വ്യക്തികളെ അംഗീകരിക്കേണ്ടതും അവരുടെ സംഭാവനകള്‍ വരുംതലമുറകള്‍ക്കായി സൂക്ഷിച്ചു വെയ്‌ക്കേണ്ടതും ഏറ്റവും പ്രാധാന്യത്തോടെ പരിഗണിക്കേണ്ട കാര്യങ്ങളാണ്.

(ഡല്‍ഹിയിലെ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറും ഡീനുമാണ് ലേഖകന്‍)

Babu P Rames writes about N Kunju who translated military stories from Malayalam to English

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പെല്ലറ്റ് ആക്രമണത്തില്‍ കേസെടുക്കണം'; പരിക്കേറ്റ വിദ്യാര്‍ഥിയുമായി പൊലീസ് സ്റ്റേഷനു മുന്നില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിഷേധം

Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം

കെ ബി ഗണേഷ് കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത 'പരനാറി'; അധികാര മോഹികളായ കമ്മ്യൂണിസ്റ്റുകാരും ചില പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തെ തോല്‍പ്പിച്ചത്: വെള്ളാപ്പള്ളി

മെഡൽ ഉറപ്പിച്ച് ഇന്ത്യ! ത്രില്ലറിൽ ചൈനീസ് സഖ്യത്തെ തകർത്ത് ​ഗായത്രി- ട്രീസ സഖ്യം

വെള്ളം കോരുന്നതിനിടെ കാൽവഴുതി കിണറ്റിൽ വീണു; പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം