ഇങ്ങനെയും ഒരു രാഷ്ട്രീയകാലമുണ്ടായിരുന്നു 
News+

അറിയുമോ? ഇങ്ങനെയും ഒരു രാഷ്ട്രീയകാലമുണ്ടായിരുന്നു

ബൈജു ചന്ദ്രൻ

'ഞാന്‍ ഒളിവില്‍ പാര്‍ത്തിരുന്ന കാലത്ത് ഫോര്‍ട്ട് കൊച്ചി കടപ്പുറത്ത് ഒരു മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ മൂന്നു നാല് ദിവസം കഴിച്ചുകൂട്ടുകയുണ്ടായി. ഫ്രാന്‍സിസ് എന്നായിരുന്നു അയാളുടെ പേര്. ധനകാര്യ മന്ത്രിയായിരിക്കുന്ന കാലത്ത് എനിക്കൊരു ദിവസം ഫ്രാന്‍സിസില്‍ നിന്ന് ഒരു കത്തു കിട്ടി. തന്റെ മകളെ കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും അതിന്റെ ആവശ്യത്തിലേക്ക് എന്തെങ്കിലും സാമ്പത്തിക സഹായം കിട്ടണമെന്നുമായിരുന്നു കത്തിലെ അഭ്യര്‍ത്ഥന. എന്റെ കൈയിലാണെങ്കില്‍ പണമില്ല. അതു പറഞ്ഞാല്‍ ആ സാധു മത്സ്യത്തൊഴിലാളിക്ക് ബോധ്യപ്പെടുമോ? ഇല്ല എന്ന് മിക്കവാറും തീര്‍ച്ച. എന്തു വേണ്ടൂ എന്നറിയാതെ വിഷമിച്ചിരിക്കുമ്പോള്‍, കത്തു കിട്ടിയ അന്നുതന്നെ വൈകുന്നേരം ഫ്രാന്‍സിസ് എന്റെ വസതിയില്‍ എത്തിച്ചേര്‍ന്നു. ഞാന്‍ അയാളെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ചിരുത്തി. തന്നെ തിരിച്ചറിഞ്ഞതില്‍ത്തന്നെ ആ തൊഴിലാളി സന്തുഷ്ടനായെന്നു തോന്നുന്നു. അയാളുടെ മുഖം പ്രസന്നമായി. എത്ര നിഷ്‌ക്കളങ്കരാണീക്കൂട്ടര്‍! ഞാന്‍ അന്ന് അയാളെ മന്ത്രിമന്ദിരത്തില്‍ത്തന്നെ താമസിപ്പിച്ചു. കുറേ നേരം അയാളുമായി കുടുംബ കാര്യങ്ങളൊക്കെ സംസാരിച്ചു. എങ്കിലും ഉറങ്ങാന്‍ കിടന്ന ശേഷവും എനിക്കന്നു രാത്രി ഉറക്കം വന്നില്ല. അയാളെ പിറ്റേന്ന് എങ്ങനെ മടക്കി അയക്കും? വെറും കൈയ്യോടെ അയയ്ക്കാന്‍ സാധ്യമല്ല. അത് അചിന്ത്യമാണ്. എന്നാല്‍ ഗണ്യമായ ഒരു തുക കൊടുക്കാന്‍ എന്നെക്കൊണ്ടാവുമോ? അതുമില്ല. പിറ്റേന്ന് എനിക്ക് ആകെക്കൂടി തട്ടിക്കൂട്ടി ഉണ്ടാക്കാന്‍ സാധിച്ച 50 രൂപയും കൊടുത്ത് ഫ്രാന്‍സിസിനെ യാത്രയാക്കി. അതീവ സങ്കോചത്തോടും ത്രസിക്കുന്ന ഹൃദയത്തോടും കൂടിയാണ് ആ ചെറിയ തുക ഞാന്‍ ആ തൊഴിലാളിയുടെ കയ്യില്‍ കൊടുത്തത്. അയാളുടെ പ്രതികരണം എന്താവും? എന്റെ ഭാഗ്യം കൊണ്ടോ ആ പാവപ്പെട്ട മനുഷ്യന്റെ ഹൃദയ വിശാലത കൊണ്ടോ എന്തോ അയാള്‍ അശേഷം അതൃപ്തിയോ കറുത്ത മുഖമോ കാണിക്കാതെ സന്തോഷപൂര്‍വ്വം യാത്ര പറഞ്ഞു പിരിഞ്ഞു. പക്ഷെ ആ തൊഴിലാളിയോട് നീതി ചെയ്തു എന്ന ബോധം എനിക്ക് ഇന്നുമില്ല. അതിന്റെ ദുഃഖം ഞാനെങ്ങനെ മറക്കും! '

കേരളത്തിന്റെ മുഖ്യമന്ത്രി, ആഭ്യന്തര/ധനകാര്യ മന്ത്രി എന്നീ നിലകളില്‍ ഒന്‍പതു വര്‍ഷവും ഒരു നിയമസഭാസാമാജികന്‍ എന്ന നിലയില്‍ ഏഴു വര്‍ഷക്കാലവും, പാര്‍ലമെന്റ് അംഗമായി രണ്ടു വര്‍ഷത്തോളവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പന്ത്രണ്ടു വര്‍ഷക്കാലവും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന, കക്ഷി രാഷ്ട്രീയ ഭേദമെന്യേ കേരളത്തിനകത്തും പുറത്തുമുള്ള ബഹുഭൂരിപക്ഷം മനുഷ്യരുടെയും ബഹുമാനം നേടിയെടുത്ത ഒരു വ്യക്തി - സി അച്യുത മേനോന്‍ രേഖപ്പെടുത്തിവെച്ച വാക്കുകളാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുവദിച്ച വളരെ തുച്ഛമായ പാര്‍ട്ടി വേതനം കൊണ്ട് താനും ഭാര്യയും നാലു കുട്ടികളുമടങ്ങുന്ന കുടുംബം ഞെങ്ങി ഞെരുങ്ങിയാണെങ്കിലും ആരോടും ഒരു പരാതിയും പറയാതെ കഴിഞ്ഞു കൂടിയിരുന്നതിനെക്കുറിച്ച് അദ്ദേഹം ചിലപ്പോഴൊക്കെ എഴുതിക്കണ്ടിട്ടുണ്ട്. ഒരുപാട് സാമ്പത്തിക പരിമിതികള്‍ക്കിടയില്‍, പല തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടുകൊണ്ട് പഠിപ്പിച്ച് സ്വന്തം കാലുകളില്‍ നില്‍ക്കാന്‍ അമ്മ തങ്ങളെ എങ്ങനെയാണ് പ്രാപ്തരാക്കിയതെന്ന് അച്യുത മേനോന്റെ മകന്‍ ഡോ.രാമന്‍കുട്ടി എഴുതിയ പുസ്തകത്തിലും വിവരിക്കുന്നുണ്ട്.

അച്യുത മേനോന്‍ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍ തമിഴ് നാടുമായി മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ചുള്ള കരാര്‍ പുതുക്കിയതിന്റെ പിറകിലുള്ള 'അഴിമതി'യെക്കുറിച്ച് ഈയിടെ ഒരു വനിത കോണ്‍ഗ്രസിന്റെ ചാനലിലൂടെ ചില വെളിപാടുകള്‍ നടത്തി. നാളിതുവരെ ഒരാള്‍പോലും കേട്ടിട്ടുപോലുമില്ലാത്ത ഒരു വ്യക്തി ആരും കാണാത്ത ഒരു മാധ്യമത്തിലൂടെ ശുദ്ധ അസംബന്ധം വിളിച്ചുപറഞ്ഞതുകൊണ്ട് ഉണ്ടായ ഒരേയൊരു പ്രയോജനം അങ്ങനെയൊരു സ്ത്രീയും അത്തരമൊരു ചാനലും ജീവിച്ചിരിപ്പുണ്ട് എന്ന് പത്തു പേരറിഞ്ഞു എന്നതാണ്. അച്യുത മേനോന്റെ യശോധാവള്യത്തില്‍ നേരിയ ഒരു കറ പോലും പുരട്ടാന്‍ അതുകൊണ്ടായില്ല എന്നത് മറ്റൊരു കാര്യം.

രാഷ്ട്രീയമായ കടുത്ത ശത്രുത സൂക്ഷിക്കുന്നവര്‍ പോലും അച്യുത മേനോന്റെ പേരില്‍ വ്യക്തിപരമായ അഴിമതി ആരോപണം നടത്താന്‍ ധൈര്യപ്പെട്ടിരുന്നില്ല

എന്നാല്‍ അച്യുത മേനോന്‍ ഒരിക്കലും ഒരു അജാത ശത്രുവായിരുന്നില്ല എന്ന് എല്ലാവര്‍ക്കുമറിയാം. ആ പേരു പറഞ്ഞാലുടന്‍ തന്നെ അടിയന്തരാവസ്ഥയുടെയും രാജന്‍ കേസിന്റെയും കാര്യം ഉയര്‍ത്തിക്കൊണ്ടുവരുന്ന ഒട്ടേറെ പേരുണ്ട്. ധാരാളം അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതകളുടെയും ഒരു രാഷ്ട്രീയകാലഘട്ടത്തില്‍ ഭരണകര്‍ത്താവായിരുന്നുകൊണ്ട് സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിന് അടിത്തറ പാകിയ, ചരിത്രത്തിലെ നാഴികക്കല്ലുകളായി മാറിയ പല നേട്ടങ്ങളും കൈവരിച്ച ആ മുഖ്യമന്ത്രിയെ അന്നത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടി അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല, ഇപ്പോഴും. രാഷ്ട്രീയമായ കടുത്ത ശത്രുത സൂക്ഷിക്കുന്നവര്‍ പോലും അച്യുത മേനോന്റെ പേരില്‍ വ്യക്തിപരമായ അഴിമതി ആരോപണം നടത്താന്‍ ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ അച്യുത മേനോന്‍ മുഖ്യമന്ത്രി പദം വഹിച്ചിരുന്ന നാളുകളിലൊരിക്കല്‍ അത്തരമൊരു അപൂര്‍വസംഭവത്തിനും കേരളം സാക്ഷിയായി.

1970 കളിലെ രാഷ്ട്രീയ രംഗം

1969ല്‍ സകലരെയും അമ്പരപ്പിച്ചുകൊണ്ട് അധികാരത്തിലേറിയ അച്യുത മേനോന്‍ 1970 ല്‍ രാജിവെച്ച് ഇടക്കാല തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോഴേക്കും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിച്ചിരുന്ന ഐക്യമുന്നണി കുറച്ചു കൂടി കെട്ടുറപ്പുള്ളതായി കഴിഞ്ഞിരുന്നു. ഇന്ദിരാ കോണ്‍ഗ്രസിന്റെ പിന്തുണയോടെ സിപിഐ, മുസ്ലീം ലീഗ്, ആര്‍എസ്പി, പിഎസ്പി എന്നിവരുടെ ഐക്യമുന്നണി ഒരു ഭാഗത്തും സിപിഎം, എസ്എസ്പി, കെടിപി, കെഎസ്പി എന്നിവരുടെ ജനാധിപത്യ മുന്നണിയും അവരുമായി ധാരണയുണ്ടാക്കിയ ഐഎസ്പി, സ്വതന്ത്രരുടെ വേഷത്തില്‍ വന്ന സംഘടനാ കോണ്‍ഗ്രസുകാര്‍ എന്നിവരും മറുഭാഗത്തുമായാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സിപിഐ, കോണ്‍ഗ്രസ് കക്ഷികളുമായി സീറ്റുകളുടെ കാര്യത്തില്‍ പറഞ്ഞു തെറ്റി ഐക്യമുന്നണി വിട്ടുപോയി സംഘടനാ കോണ്‍ഗ്രസും ജനസംഘവുമായി ചേര്‍ന്ന കേരളാ കോണ്‍ഗ്രസിന്റെ മൂന്നാം മുന്നണി വേറെയും.

തിരഞ്ഞെടുപ്പില്‍ ഐക്യമുന്നണി വലിയ തിളക്കത്തോടെ തിരിച്ചുവന്നു. കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ കക്ഷിയെങ്കിലും യൂത്ത് കോണ്‍ഗ്രസിന്റെ കര്‍ശന നിലപാടു മൂലം അവര്‍ ഗവണ്‍മെന്റ് രൂപീകരിക്കാന്‍ തയ്യാറായില്ല. പകരം പുറത്തിരുന്നുകൊണ്ട് ഐക്യമുന്നണിക്ക് പിന്തുണ നല്‍കി. മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കേണ്ടത് അച്യുത മേനോന്‍ തന്നെയാകണം എന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിരുന്നു. സിപിഐ നേതാക്കളായ എംഎന്‍ ഗോവിന്ദന്‍ നായര്‍, ടിവി തോമസ് എന്നിവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നെങ്കിലും അഴിമതിയാരോപണത്തില്‍ അന്വേഷണം നേരിടുകയായിരുന്നതുകൊണ്ട് മന്ത്രിസഭയില്‍ ചേര്‍ന്നില്ല. എന്‍ഇ ബാലറാം, പിഎസ് ശ്രീനിവാസന്‍, പികെ രാഘവന്‍ (സിപിഐ), സിഎച്ച് മുഹമ്മദ് കോയ, അവുക്കാദര്‍ കുട്ടി നഹ (മുസ്ലീം ലീഗ്) ടികെ ദിവാകരന്‍, ബേബി ജോണ്‍ (ആര്‍എസ്പി) എന്‍കെ ബാലകൃഷ്ണന്‍ (പിഎസ്പി) എന്നിവരടങ്ങുന്ന അച്യുത മേനോന്‍ മന്ത്രിസഭ 1970 ഒക്ടോബര്‍ നാലാം തീയതി അധികാരത്തില്‍ വന്നു. മുന്നണിയിലേക്ക് തിരികെവന്ന് മന്ത്രിസഭയില്‍ ചേരാന്‍ കേരളാ കോണ്‍ഗ്രസിന് താല്പര്യമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അനുകൂലമായി പ്രതികരിച്ചില്ല.

ബാഫക്കി തങ്ങൾ, അച്യുത മേനോൻ, എം എൻ ഗോവിന്ദൻ നായർ, സി എച്ച് മുഹമ്മദ്‌ കോയ

ഇഎംഎസ് വീണ്ടും പ്രതിപക്ഷ നേതാവായി. ഈ സര്‍ക്കാരിനെ ഒരു ദിവസം പോലും സ്വസ്ഥതയോടെ ഭരിക്കാനുവദിക്കില്ല എന്ന ദൃഢ പ്രതിജ്ഞയോടെ പുതിയ സമര പരിപാടികള്‍ ആരംഭിക്കാന്‍ ഒരവസരം കാത്തിരിക്കുകയായിരുന്നു മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.

പ്രശ്‌നങ്ങളുടെ തുടക്കം

1970 നവംബര്‍ 13ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ബില്ലിന്റെ ചര്‍ച്ചക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു കൊണ്ട് നില്‍ക്കുമ്പോള്‍ എറണാകുളത്തെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സി (ടിസിസി)ല്‍ നടന്ന ചില നിയമനങ്ങളെക്കുറിച്ച് കേരളാ കോണ്‍ഗ്രസ്സ് കക്ഷിയുടെ ഉപനേതാവ് കെഎം മാണി എഴുന്നേറ്റ് ഒരു ചോദ്യം ചോദിച്ചു. അതിന്റെ പശ്ചാത്തലം ഇതായിരുന്നു. 1970 ജനുവരി 20ന് ചീഫ് സെക്രട്ടറി എല്ലാ കമ്പനികള്‍ക്കും കത്തയച്ചിരുന്നു. കമ്പനികള്‍ക്ക് പുതിയ ബില്ലു കൊണ്ടുവരാന്‍ പോകുന്നു. അതുകൊണ്ട് പുതിയ നിയമനങ്ങള്‍ നടത്തിക്കൂടാ എന്നതായിരുന്നു ഗവണ്‍മെന്റിന്റെ നിര്‍ദ്ദേശമായി അതില്‍ വ്യക്തമാക്കിയിരുന്നത്. 1970 ഏപ്രില്‍ 25ന് ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സും നിലവില്‍ വന്നു. എന്നാല്‍ അതിനു ശേഷം ചില നിയമനങ്ങള്‍ കമ്പനിയില്‍ നടന്നു. ക്ലറിക്കല്‍ അറ്റെന്‍ഡര്‍ എന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്റെ തസ്തികയിലേക്കായിരുന്നു അത്. മൊത്തം 283 അപേക്ഷകള്‍ ലഭിച്ചിരുന്നു. എഴുത്ത് പരീക്ഷക്ക് ശേഷം 25 പേരെ ഇന്റര്‍വ്യൂ നടത്താനായി തിരഞ്ഞെടുത്തു. അമ്പതില്‍ മുപ്പത്തിയഞ്ചു മാര്‍ക്കു കിട്ടിയ 25 പേരെയും വേറെ ആ കമ്പനിയിലെ ഉദ്യോഗസ്ഥമാരുടെ ബന്ധുക്കളായിട്ടുള്ളവരില്‍ നിന്നും മറ്റു പ്രൊവിഷന്റെ അടിസ്ഥാനത്തിലുമൊക്കെയായി 11 പേരെയും ഇന്റര്‍വ്യൂവിന് വിളിച്ചു. 1970 ഒക്ടോബര്‍ 24നു നടന്ന ഇന്റര്‍വ്യൂവിനു ശേഷം ഒന്‍പതു പേരെ തിരഞ്ഞെടുത്തു. പേഴ്‌സ്ണല്‍ ഓഫീസര്‍, പേഴ്‌സണല്‍ അസിസ്റ്റന്റ്, ഫൈനാന്‍ഷ്യല്‍ മാനേജര്‍ എന്നിവരടങ്ങിയ റിക്രൂട്ട്‌മെന്റ് കമ്മിറ്റിയാണ് സെലക്ഷന്‍ നടത്തി മാനേജിങ് ഡയറക്ടറുടെ അംഗീകാരത്തിന് സമര്‍പ്പിച്ചത്.

ഇതിനെക്കുറിച്ചായിരുന്നു മാണിയുടെ ചോദ്യം.

'ഈ നിയമനങ്ങളില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മരുമകനും ഉള്‍പ്പെടുന്നുണ്ടെന്ന് കേള്‍ക്കുന്നു. അതിനെപ്പറ്റി അന്വേഷിക്കുമോ? ഒമ്പതാം തീയതിയാണ് നിയമനം നടന്നത്.'

മുഖ്യമന്ത്രി മറുപടി പറഞ്ഞു

'എനിക്ക് സി അച്യുതന്‍ എന്നു പറയുന്ന ഒരു ബന്ധുവുണ്ട്. ഇത് അയാള്‍ ആണോ എന്ന് അറിഞ്ഞുകൂടാ. അതുകൊണ്ട് ഈ വക കാര്യങ്ങളെപ്പറ്റി അന്വേഷിച്ചേ മറുപടി പറയാന്‍ പറ്റുകയുള്ളൂ.'

ഈ ആരോപണം ശരിയാണെങ്കില്‍ അതു പുനഃ പരിശോധിക്കുമോ എന്ന മാണിയുടെ തുടര്‍ന്നുള്ള ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി പറഞ്ഞു:

'അങ്ങനെ പറയാന്‍ പറ്റുകയില്ല. പുനഃപരിശോധന ചെയ്യേണ്ട ആവശ്യമുണ്ടെങ്കിലല്ലേ പുനഃപരിശോധന ചെയ്യുന്ന പ്രശ്‌നം ഉദിക്കുന്നുള്ളൂ. ടിസിസിയില്‍ നിയമനം നടത്തിയ അവസരത്തില്‍ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഇന്റര്‍വ്യൂ നടത്തി, എന്റെ മരുമകന് ഉദ്യോഗം കിട്ടിയെന്നു വന്നാല്‍ ഞാന്‍ മന്ത്രിയായിപ്പോയതുകൊണ്ടുമാത്രം പാടില്ലെന്ന് പറയാന്‍ പറ്റുകയില്ല'.

ടിസിസി പോലെയുള്ള ഒരു കമ്പനിയില്‍ നടന്ന, അതു മാതിരി ചെറിയ തസ്തികകളിലേക്കുള്ള താല്‍ക്കാലിക നിയമനങ്ങളെക്കുറിച്ച് സംസ്ഥാനത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിയോ വ്യവസായ മന്ത്രിയോ അറിയേണ്ട യാതൊരു കാര്യവുമില്ല. ക്ലാര്‍ക്കായിട്ടും അറ്റന്‍ഡറായിട്ടും ജോലി ചെയ്യാന്‍ ബാധ്യതയുള്ള അത്തരമൊരു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ആകെ കിട്ടുന്ന പ്രതിമാസ ശമ്പളം നൂറോ നൂറ്റമ്പതോ രൂപ ആയിരുന്നു. മൂന്നു മാസം കഴിഞ്ഞോ പിഎസ്‌സി നിയമിക്കുന്ന ആളുകള്‍ വരുമ്പോഴോ, അതില്‍ ഏതാണാദ്യം സംഭവിക്കുന്നത്, അതുവരെയുള്ളൂ ജോലിയെന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ആ മൂന്നുമാസക്കാലത്തേക്ക് പരമാവധി കിട്ടുന്ന തുക 450 രൂപയായിരുന്നു.

മാണിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ അച്യുത മേനോന് ഒരു വസ്തുതയെക്കുറിച്ച് അറിവില്ലായിരുന്നു. കമ്പനി തെരഞ്ഞെടുത്ത പാനലില്‍ തന്റെ അനന്തിരവന്‍ സി അച്യുതന്‍, മന്ത്രി അവുക്കദാര്‍ കുട്ടി നഹയുടെ ബന്ധുവായ അബൂബേക്കര്‍ നഹ, സിപിഐ നേതാവ് സിജി സദാശിവന്റെ മകന്‍ സിഎസ് സജിത്, മറ്റൊരു സിപിഐ നേതാവ് എന്‍ ശിവന്‍ പിള്ളയുടെ മകന്‍ രാജു എന്നിവര്‍ കൂടി ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു അത്

മാണിയുടെ ചോദ്യത്തിന് മറുപടി പറയുമ്പോള്‍ അച്യുത മേനോന് ഒരു വസ്തുതയെക്കുറിച്ച് അറിവില്ലായിരുന്നു. കമ്പനി തെരഞ്ഞെടുത്ത പാനലില്‍ തന്റെ അനന്തിരവന്‍ സി അച്യുതന്‍, മന്ത്രി അവുക്കദാര്‍ കുട്ടി നഹയുടെ ബന്ധുവായ അബൂബേക്കര്‍ നഹ, സിപിഐ നേതാവ് സിജി സദാശിവന്റെ മകന്‍ സിഎസ് സജിത്, മറ്റൊരു സിപിഐ നേതാവ് എന്‍ ശിവന്‍ പിള്ളയുടെ മകന്‍ രാജു എന്നിവര്‍ കൂടി ഉള്‍പ്പെട്ടിരുന്നു എന്നതായിരുന്നു അത്.

നിയമസഭാ സമ്മേളനം അന്ന് അവസാനിച്ചയുടനെ തന്നെ അച്യുത മേനോന്‍ കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. ഈ നിയമനങ്ങള്‍ ഉടനെതന്നെ റദ്ദു ചെയ്യാനുള്ള നിര്‍ദ്ദേശവും കൊടുത്തു. അടുത്ത ദിവസം തന്നെ വ്യവസായ മന്ത്രി എന്‍ഇ ബാലറാം ഒരു പത്ര സമ്മേളനം വിളിച്ച് ടിസിസിയിലെ നിയമനങ്ങള്‍ റദ്ദ് ചെയ്തതായി പ്രഖ്യാപിച്ചു. സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എസ് നാരായണ സ്വാമിയെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താനായി നിയോഗിക്കുകയും ചെയ്തു.

പുതിയ വഴിത്തിരിവുകള്‍

ഇതിനിടയിലാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ലോക്‌സഭ പിരിച്ചുവിട്ട് ഇടക്കാല തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. പ്രധാനമന്ത്രി തന്നെ മുന്‍കൈയ്യെടുത്ത് കേരളാ കോണ്‍ഗ്രസിനെ കൂടി ഒപ്പം നിറുത്തിക്കൊണ്ടാണ് ഐക്യമുന്നണി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ദിരയുടെ കോണ്‍ഗ്രസ് ഇന്ത്യയെമ്പാടും തൂത്തുവാരി ജയിച്ച തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഐക്യമുന്നണി - കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി. സിപിഎം നേതാക്കളായ എകെജിയും എംകെ കൃഷ്ണനും പാര്‍ട്ടി പിന്തുണച്ച സ്വതന്ത്രസ്ഥാനാര്‍ത്ഥി വികെ കൃഷ്ണമേനോനും മാത്രമാണ് വിജയിച്ച സിപിഎം മുന്നണി സ്ഥാനാര്‍ത്ഥികള്‍. കേരളാ കോണ്‍ഗ്രസ് മൂന്നു സീറ്റുകള്‍ നേടിയെങ്കിലും അവരെ മന്ത്രിസഭയിലെടുക്കാന്‍ ഐക്യമുന്നണി അപ്പോഴും തയ്യാറായില്ല. അങ്ങനെ മന്ത്രിസഭയില്‍ പ്രവേശനം ലഭിക്കാത്തതില്‍ കേരളാ കോണ്‍ഗ്രസ് ആകെ കുണ്ഠിതരായി കഴിയുമ്പോഴാണ് ടിസിസി പ്രശ്‌നം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നത്.

വളരെ സമഗ്രമായി തന്നെ അന്വേഷണം നടത്തിയ നാരായണ സ്വാമി പേപ്പറുകള്‍ രണ്ടാമത് വാല്യൂ ചെയ്യാന്‍ നിര്‍ദ്ദേശം കൊടുത്തു. നേരത്തെ ലഭിച്ച മാര്‍ക്കുകളില്‍ വലിയ വ്യത്യാസം കണ്ടെത്തി. 37 മാര്‍ക്ക് കിട്ടിയ രാജുവിന് 28 മാര്‍ക്കും 37 മാര്‍ക്ക് തന്നെ കിട്ടിയിരുന്ന അബൂബേക്കര്‍ നഹക്ക് 13 മാര്‍ക്കും 35 മാര്‍ക്ക് കിട്ടിയ സജിത്തിന് ഇരുപതര മാര്‍ക്കും മാത്രമാണ് റിവാല്യുവേഷനില്‍ ലഭിച്ചത്. 36 മാര്‍ക്ക് കിട്ടിയിരുന്ന അച്യുതനായിരുന്നു കൂട്ടത്തില്‍ ഏറ്റവും കുറവ് മാര്‍ക്ക്. വെറും രണ്ടര.

കുറഞ്ഞ മാര്‍ക്ക് കിട്ടിയ, ചില ഉദ്യോഗസ്ഥരുടെ ബന്ധുക്കളെ സെലക്ട് ചെയ്തത് രാഷ്ട്രീയക്കാര്‍ ചോദ്യം ചെയ്യാതിരിക്കാന്‍ വേണ്ടി മുഖ്യമന്ത്രിയുടെയും ചില പാര്‍ട്ടി നേതാക്കളുടെയും ചില ബന്ധുക്കളെക്കൂടി ലിസ്റ്റില്‍ തിരുകി കയറ്റുകയായിരുന്നുവെന്നും അങ്ങനെ സിപിഐയെ കരിവാരി തേയ്ക്കാനുള്ള ചിലരുടെ ലക്ഷ്യം നടപ്പാക്കുകയായിരുന്നുവെന്നുമായിരുന്നു ചില സിപിഐ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയോ പാര്‍ട്ടിയുടെ മറ്റു നേതാക്കളോ ഇതില്‍ ഇടപെട്ടിട്ടില്ലെന്ന് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതിനിടയില്‍ സിപിഐ പ്രതിക്കൂട്ടിലായ മറ്റൊരു സംഭവമുണ്ടായി. 1969- 70 കാലത്ത് കാര്‍ഷിക സര്‍വകലാശാലക്കു വേണ്ടി മണ്ണുത്തിയിലെ വെറ്റിനറി കോളജിനടുത്തുള്ള തട്ടില്‍ റബ്ബര്‍ എസ്റ്റേറ്റില്‍ നിന്നും ആയിരം ഏക്കര്‍ ഭൂമി വിലയ്‌ക്കെടുക്കാന്‍ തീരുമാനിച്ചു. അതിന്റെ നടപടി ക്രമങ്ങള്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോള്‍ പത്രങ്ങളില്‍ ചില ആരോപണങ്ങള്‍ പ്രത്യക്ഷപ്പെട്ടു. സിപിഐയിലെ ചില പ്രമുഖ നേതാക്കളുടെ താല്‍പര്യമനുസരിച്ചാണ് ഈ ഭൂമിയേറ്റെടുക്കാന്‍ തീരുമാനിച്ചതെന്നും ഇതിന്റെ ഭാഗമായി ഇരുപത്തിയഞ്ചു ലക്ഷം രൂപയുടെ ഓഫര്‍ പാര്‍ട്ടിക്കു ലഭിച്ചുവെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷം ആരോപണം ശക്തമായി ഏറ്റെടുത്തതോടെ സമഗ്രമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. റവന്യൂ ബോര്‍ഡ് അംഗവും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായ കെ രാമന്‍ കുട്ടിയാണ് അന്വേഷണം നടത്തി 1971 ഫെബ്രുവരി 10ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ലാന്‍ഡ് അക്വസിഷനോടും അതിനായി നിശ്ചയിച്ച രണ്ടു കോടി പ്രതിഫലത്തുകയോടും വിയോജിപ്പ് പ്രകടിപ്പിച്ച രാമന്‍ കുട്ടി ഇക്കാര്യത്തില്‍ സിപിഐയെയാണ് പ്രധാനമായും കുറ്റപ്പെടുത്തിയത്. തട്ടില്‍ എസ്റ്റേറ്റ് വിലയ്‌ക്കെടുക്കുന്നതില്‍ സിപിഐക്ക് പ്രത്യേക താല്പര്യമുണ്ടെന്നും പാര്‍ട്ടി നേതാക്കന്മാര്‍ക്ക് 25 ലക്ഷം രൂപ കൊടുക്കാമെന്ന് എസ്റ്റേറ്റ് ഉടമ ഏറ്റിട്ടുണ്ടെന്നുമുള്ള കാര്യങ്ങള്‍ തൃശൂര്‍ അങ്ങാടിയില്‍ പാട്ടാണെന്നും മറ്റും രാമന്‍ കുട്ടി റിപ്പോര്‍ട്ടില്‍ എഴുതി. അനുകൂലമായി റിപ്പോര്‍ട്ട് എഴുതാന്‍ വേണ്ടി കാര്‍ഷിക സര്‍വകലാശാലയുടെ ആദ്യത്തെ വൈസ് ചാന്‍സലര്‍ ആയി നിയമിക്കാമെന്ന ഓഫറുമായി ചീഫ് സെക്രട്ടറി തന്നെ സമീപിച്ചുവെന്നും രാമന്‍ കുട്ടി എഴുതിച്ചേര്‍ത്തു. ഈ വിഷയത്തില്‍ ഗവണ്‍മെന്റിന് അനുകൂലമായി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച കേരളശബ്ദം സ്വതന്ത്ര രാഷ്ട്രീയ വാരികയും രാമന്‍കുട്ടിയുടെ ആക്രമണത്തിന് വിധേയമായി. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ള സിപിഐ നേതൃത്വത്തെ വല്ലാതെ പ്രകോപിപ്പിച്ച ഈ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കാബിനറ്റ് തയ്യാറായില്ല.

സി അച്യുത മേനോൻ

ഈ രണ്ട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നിയമസഭയുടെ മേശപ്പുറത്തു വെച്ച് ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുയര്‍ന്നു. 1971 ഏപ്രില്‍ ഒന്നാം തീയതി മുഖ്യമന്ത്രി റിപ്പോര്‍ട്ടുകള്‍ സഭയുടെ മേശപ്പുറത്തുവച്ചു. രാമന്‍ കുട്ടിയുടെ റിപ്പോര്‍ട്ടിലെ നിഗമനങ്ങളെല്ലാം തന്നെ വസ്തുതകള്‍ക്ക് നിരക്കാത്തതോ അടിസ്ഥാന രഹിതമോ ആയതിനാല്‍ അവ ഗവണ്‍മെന്റ് നിരാകരിക്കുകയാണെന്നും ഒരു ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നുമുള്ള സ്റ്റേറ്റ്‌മെന്റ് മുഖ്യമന്ത്രി സഭയില്‍ വായിച്ചു. അതേസമയം ടിസിസി നിയമനങ്ങളെ സംബന്ധിച്ച നാരായണ സ്വാമി റിപ്പോര്‍ട്ട് ഗവണ്‍മെന്റ് സ്വീകരിക്കുകയാണെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. പ്രതിപക്ഷത്തിന് സ്വീകാര്യമായ തീരുമാനങ്ങള്‍ ആയിരുന്നില്ല അത്. സ്റ്റേറ്റ്‌മെന്റ് സഭയില്‍ ചര്‍ച്ച ചെയ്യുകയും 'അഴിമതി ഭരണം നടത്തിയ' അച്യുത മേനോന്‍ സര്‍ക്കാര്‍ രാജിവെക്കുകയും ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ജുഡീഷ്യല്‍ എന്‍ക്വയറിക്ക് ഉത്തരവിട്ടിരിക്കുന്നതുകൊണ്ട് അതിന്റെ റിപ്പോര്‍ട്ട് വരുന്നതുവരെ ചര്‍ച്ചയ്ക്കായി കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി പ്രതിപക്ഷം മറ്റൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചു. അഞ്ചു മാസം പിന്നിട്ട അച്യുത മേനോന്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുക എന്നതായിരുന്നു അത്.

അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി ലഭിച്ച അന്നു ചര്‍ച്ച തുടങ്ങാമെന്ന് തീരുമാനമായെങ്കിലും പോളിറ്റ് ബ്യുറോ മീറ്റിങ്ങിനായി കല്‍ക്കത്തയിലേക്ക് പോയിരിക്കുന്ന പ്രതിപക്ഷ നേതാവ് ഇഎംഎസ് മടങ്ങി വരുന്ന ദിവസം വരെ ചര്‍ച്ച നീട്ടണമെന്ന് -അതായത് മൂന്നു ദിവസം പ്രമേയം ചര്‍ച്ച ചെയ്യാന്‍ വേണ്ടി നീക്കിവെക്കണമെന്ന് - ഉപനേതാവ് കെആര്‍ ഗൗരി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും സ്പീക്കര്‍ ബാവ ഹാജി എന്ന മൊയ്തീന്‍ കുട്ടി ഹാജിയും അതിനു വഴങ്ങിയില്ല. സഭയിലെ ഏറ്റവും ശ്രദ്ധേയരായ അംഗങ്ങളില്‍ ഒരാളായ സിപിഎമ്മിലെ സിബിസി വാര്യരാണ് പ്രമേയം അവതരിപ്പിക്കാന്‍ നിയുക്തനായത്.

യുദ്ധം തുടങ്ങുന്നു, മുറുകുന്നു

1971 ഏപ്രില്‍ ആറാം തീയതി അവിശ്വാസ പ്രമേയത്തിന്റെ ചര്‍ച്ച തുടങ്ങിയപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അരയും തലയും മുറുക്കിയുള്ള പോരാട്ടത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. തങ്ങളുടെ ആജന്മശത്രുവായ 'വലതു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി' യെയും അവരുടെ സര്‍വ്വാദരണീയനായ നേതാവ് അച്യുത മേനോനെയും പത്മവ്യൂഹത്തില്‍ തളയ്ക്കാനുള്ള അവസരമായിട്ടാണ് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതിനെ കണ്ടത്. ആരെയും മുഖം നോക്കാതെ കടന്നാക്രമിക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കാത്ത സഭയിലെ പുതിയ അംഗം എംവി രാഘവന്‍, സീനിയര്‍ നേതാവ് കെ ചാത്തുണ്ണി മാസ്റ്റര്‍, ഇഎംഎസിന്റെ അസാന്നിദ്ധ്യത്തില്‍ ഉപനേതാവ് കെആര്‍ ഗൗരി എന്നിവരെയും ഘടക കക്ഷിനേതാക്കളായ ബി വെല്ലിങ്ടന്‍ (കെടിപി), ജോണ്‍ മാഞ്ഞൂരാന്‍ (കെഎസ്പി), പിബിആര്‍ പിള്ള (എസ്എസ്പി) തുടങ്ങിയവരെയുമാണ് പ്രതിപക്ഷം യുദ്ധമുന്നണിയില്‍ അണി നിരത്തിയത്. പ്രതിപക്ഷ ബെഞ്ചുകളില്‍ ഇരിക്കുകയാണെങ്കിലും മാര്‍ക്‌സിസ്റ്റ് മുന്നണിയോട് അകല്‍ച്ച പാലിക്കുന്ന നിലപാടായിരുന്നു കേരളാ കോണ്‍ഗ്രസിന്റേത്. താന്‍ സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ടിസിസി പ്രശ്‌നം ഇങ്ങനെയൊരു ഡയമന്‍ഷനിലേക്ക് വളര്‍ന്നതില്‍ ഏറെ സന്തോഷവാനായിരുന്നു, 1970 ലെ നിയമസഭയിലെ ഏറ്റവും വീറും വീര്യവുമുള്ള അംഗമായിരുന്ന കെഎം മാണി.

സിബിസി വാര്യര്‍

ട്രഷറി ബെഞ്ചില്‍ നിന്ന് ചര്‍ച്ചയില്‍ പ്രധാനമായും പങ്കെടുത്തത് ഭരണത്തില്‍ നേരിട്ടുള്ള പങ്കാളിത്തമൊന്നുമില്ലാത്ത കോണ്‍ഗ്രസിന്റെ അംഗങ്ങളാണ്. അവരുടെ ലീഡര്‍ കെ കരുണാകരന്‍, കെടി ജോര്‍ജ്ജ്, എഎ റഹീം, പുതിയ അംഗങ്ങളായ എകെ ആന്റണി, വക്കം പുരുഷോത്തമന്‍, പിവി ശങ്കരനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മറ്റു ഘടക കക്ഷികളില്‍ നിന്ന് മന്ത്രിമാരായ ടികെ ദിവാകരന്‍, ബേബി ജോണ്‍ (ആര്‍എസ്പി), സിഎച്ച് മുഹമ്മദ് കോയ (മുസ്ലീം ലീഗ്), എന്‍കെ ബാലകൃഷ്ണന്‍ (പിഎസ്പി)തുടങ്ങിയ പ്രമുഖരാണ് പ്രതിരോധത്തിനിറങ്ങിയത്.

സിപിഐ പ്രധാനമായും ശ്രദ്ധിച്ചത് കാര്‍ഷിക സര്‍വകലാശാല ഭൂമി സംബന്ധിച്ച പ്രശ്‌നത്തില്‍ പാര്‍ട്ടിക്ക് പ്രതിരോധം തീര്‍ക്കാനാണ്. ടിസിസി നിയമനങ്ങള്‍ പ്രാദേശികതലത്തില്‍ പാര്‍ട്ടിക്ക് സംഭവിച്ച ഒരു നോട്ടപ്പിശകായി കണ്ട് ആ തെറ്റു തിരുത്താന്‍ ഉടനെതന്നെ നടപടി എടുത്തതോടെ അതൊരു അടഞ്ഞ അദ്ധ്യായമായിട്ടാണ് പാര്‍ട്ടി കണ്ടത്. അച്യുത മേനോന്റെ ഇമേജിന് കോട്ടം തട്ടത്തക്കവണ്ണം അതൊരു വലിയ പ്രശ്‌നമായി കാണാത്തത് കൊണ്ടാവാം ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ സംസ്ഥാന സെക്രട്ടറി എംഎന്‍ ഗോവിന്ദന്‍ നായരും ടിവി തോമസും ആ വിഷയം സ്പര്‍ശിക്കാന്‍പോലും മെനക്കെട്ടില്ല. കേരളാ കോണ്‍ഗ്രസ് നേതാവ് കെഎം ജോര്‍ജ്ജ് സംസാരിച്ചപ്പോള്‍ ഇടപെട്ടുകൊണ്ട് ടിവി പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തു:

'പിഎസ്സിക്ക് നിയമനമെല്ലാം വിട്ടതിനു ശേഷം അങ്ങനെ നിയമനം നടത്തിയത് തെറ്റാണ്. അഞ്ചുപേരെ മാത്രമല്ല 84 പേരെ നിയമിച്ചതുതന്നെ തെറ്റാണ്.'

കാര്‍ഷിക സര്‍വകലാശാലാ ഭൂമിയേറ്റെടുക്കലിനെയും രാമന്‍കുട്ടിയുടെ റിപ്പോര്‍ട്ടിനെയും കുറിച്ച് വളരെ വിശദമായി സംസാരിച്ച എംഎന്‍ 'എടുക്കാത്ത ഭൂമിയുടെ കൊടുക്കാത്ത വിലയില്‍ നിന്നും വാങ്ങാത്ത കൈക്കൂലിക്ക് ഉത്തരവാദിയായ അച്യുത മേനോന്‍ മന്ത്രിസഭ രാജി വെയ്ക്കണമെന്നു പറയുന്ന'പ്രതിപക്ഷത്തെ പരിഹസിച്ചു. ടിവിയും ആ വിഷയത്തെ സമഗ്രമായിത്തന്നെ അവതരിപ്പിക്കാനും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനുമാണ് ശ്രദ്ധിച്ചത്. ഈ ലേഖനം കാര്‍ഷിക സര്‍വകലാശാലാ വിഷയത്തെ കുറിച്ചല്ലാത്തതുകൊണ്ട് അതു സംബന്ധിച്ച് നടന്ന ചര്‍ച്ചകളിലേക്ക് പോകുന്നില്ല. ടിസിസി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചയിലൊതുങ്ങി നില്‍ക്കുകയാണ്.

എന്നാല്‍ അച്യുതമേനോനെയും സിപിഐയെയും കടന്നാക്രമിക്കാനുള്ള അവസരം വിട്ടുകളയാന്‍ പ്രതിപക്ഷം, പ്രത്യേകിച്ച് മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരുക്കമായിരുന്നില്ല.

'ബഹുമാനപ്പെട്ട അച്യുത മേനോന്‍! സത്യസന്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പൊയ്മുഖം അണിഞ്ഞുകൊണ്ട് ധര്‍മ്മ പുത്രര്‍ ചമഞ്ഞ് അധികാരത്തിലിരിക്കാന്‍ നാണമില്ലേ നിങ്ങള്‍ക്കെന്നു ഞാന്‍ ചോദിക്കുകയാണ്. ഈ രാജ്യത്തെ മുഖ്യമന്ത്രിയായി തുടരാന്‍ നാണമില്ലേ? നാണമുണ്ടെങ്കില്‍ രാജിവയ്ക്കു!' അവിശ്വാസ പ്രമേയം അവതരിപ്പിച്ച സിബിസി വാര്യര്‍ ആവശ്യപ്പെട്ടു.

'നമ്മുടെ മുഖ്യമന്ത്രി ഇരിക്കുന്ന ഇരിപ്പ് നോക്കിയാട്ടെ. കണ്ടാല്‍ എത്ര മാന്യന്‍, സുന്ദരന്‍, സുമുഖന്‍. നാണം, ഉളുപ്പ് എന്നെല്ലാം പറയുന്നത് ഈ രാജ്യത്തെ മുഖ്യമന്ത്രി കസേര കയറിക്കഴിഞ്ഞാല്‍ ഉണ്ടാകുകയില്ല എന്നാണോ പറയേണ്ടത്. രണ്ടര മാര്‍ക്കുകാരന്‍ സ്വന്തക്കാരന് ഉദ്യോഗം. 49 മാര്‍ക്കുകാരന് ഇന്റര്‍വ്യൂവില്ല. എന്റെ നാണം കെട്ട അച്യുത മേനോനേ!'

എംവി രാഘവന്‍ (സിപിഎം ) തന്റെ സ്വതസിദ്ധമായ മാടായി ശൈലിയില്‍ കത്തിക്കയറി.

'ഇവിടെ ബഹുമാനപ്പെട്ട അച്യുതമേനോന്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതവും അദ്ദേഹം പ്രതിനിധീകരിക്കുന്നു എന്നു പറയുന്ന പാര്‍ട്ടിയുടെ ഇതേവരെയുള്ള ജീവിതവും, സാമ്പാദിച്ചിട്ടുള്ളതെല്ലാം ഈ രാജ്യത്തെ പിന്തിരിപ്പന്മാര്‍ക്ക് അടിയറ വെച്ചിരിക്കുകയാണ്.' എന്നായിരുന്നു സിപിഎമ്മിലെ കെ ചാത്തുണ്ണി മാസ്റ്ററുടെ വിമര്‍ശനം.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ, അച്യുത മേനോന്റെ മുഖത്തേയ്‌ക്കൊന്നു നോക്കണം. പണ്ട് വളരെ വെളുത്തിരുന്ന അദ്ദേഹത്തിന്റെ മുഖം ഇന്നു വിഷാദം കൊണ്ടു കറുകറുത്ത് ഇരുണ്ട് പൈശാചിക രൂപം കൈക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അങ്ങ് ഈ കാപാലികന്മാരുടെ കൈകളില്‍ നിന്നും ഒഴിഞ്ഞ് പഴയ ചേലാട്ട് അച്യുത മേനോനായി ത്തീരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.' കെഎസ്പി നേതാവായ ജോണ്‍ മാഞ്ഞൂരാന്‍ പ്രസംഗിച്ചു.

'അഴിമതിയുള്ള ഒരു ഗവണ്മെന്റും അധികാരത്തില്‍ ഇരിക്കുന്നതിന് പങ്കാളിയാവുകയില്ലെന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ നയം' എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് കേരളാ കോണ്‍ഗ്രസ്സ് നേതാക്കള്‍ സംസാരിച്ചത്.

'സ്വന്തം കൈകള്‍ കറ പുരണ്ടതല്ലെങ്കിലും സര്‍വീസ് ചെയ്ത തെറ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് വന്നപ്പോള്‍ രാജി വെച്ച് മഹനീയ മായ മാതൃക കാണിച്ച ചരിത്രം ഇന്ത്യന്‍ ജനാധിപത്യത്തിലുണ്ട്. ശ്രീ അച്യുത മേനോന്‍ തെറ്റിന് ഉത്തരവാദിയല്ലെങ്കില്‍പ്പോലും തെറ്റിന്റെ മുഴുവന്‍ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജി വെയ്ക്കുക. അങ്ങനെയാണെങ്കില്‍ നൂറിരട്ടി ശോഭയോട് കൂടി അച്യുത മേനോന്‍ ഉയര്‍ന്നുവരും.' കെഎം മാണി പറഞ്ഞു.

അദ്ദേഹത്തിന്റെ കൈകളില്‍ അഴിമതിയുടെ കറ അശേഷം തീണ്ടുകയില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്. ഇതിലപ്പുറം ക്രൂരമായി ആ മനുഷ്യനോട് പെരുമാറാനില്ല
കെ കരുണാകരന്‍

പിന്നീട് പ്രസംഗിച്ച കെഎം ജോര്‍ജ്ജിന്റേത് കരുതലോടുകൂടിയ ഒരു രാഷ്ട്രീയ നീക്കമായിരുന്നു.

'മന്ത്രിസഭ എപ്പോഴും കളങ്കമറ്റതായിരിക്കണം. ലേശമെങ്കിലും സംശയമുണ്ടെങ്കില്‍ അതില്ലാതാക്കാനും അതിനാവശ്യമായ അന്വേഷണം നടത്താനും തയ്യാറാകണം. ഈ മന്ത്രിസഭ വ്യക്തമായും അഴിമതിയുടെ ലാഞ്ചന പോലുമില്ലെന്നു കാണിക്കുന്നതിനുള്ള നടപടികള്‍ എടുക്കാന്‍ തയ്യാറാകുകയാണെങ്കില്‍ ഞങ്ങള്‍ ഈ അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുമെന്നും അതല്ല കളങ്കത്തിന്റെ ലേശമുണ്ടെന്ന സംശയവുമായിട്ടാണ് മുന്നോട്ടു പോകാന്‍ തയ്യാറാകുന്നതെങ്കില്‍ ഞങ്ങള്‍ ഈ അവിശ്വാസ പ്രമേയ ത്തെ പിന്താങ്ങേണ്ടി വരുമെന്നും ഓര്‍മ്മിപ്പിക്കുവാന്‍ ഞാനാഗ്രഹിക്കുകയാണ്.'

അച്യുത മേനോനെ പ്രതിരോധിക്കാനും പ്രതിപക്ഷത്തെ കടന്നാക്രമിക്കാനും മുന്നിട്ടിറങ്ങിയത് പ്രധാനമായും കോണ്‍ഗ്രസിന്റെ നേതാക്കളാണ്.

'മൂന്നു മാസത്തേക്ക് മാത്രമുള്ള താല്‍ക്കാലിക നിയമനത്തില്‍ ഉദ്യോഗം കൊടുക്കാന്‍ വേണ്ടി അച്യുത മേനോന്‍ മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ചു എന്നുപറഞ്ഞാല്‍ അച്യുത മേനോനെ അറിയാവുന്ന കേരളം അതു വിശ്വസിക്കുകയില്ല എന്നെനിക്കറിയാം. 1938 മുതല്‍ അച്യുത മേനോനെ എനിക്കറിയാം. അദ്ദേഹത്തെ നഖ ശിഖാന്തം എതിര്‍ത്ത കാലമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നേതാവെന്ന നിലയില്‍ അച്യുത മേനോനും ഞാനുമായി ശക്തിയായി പോരാട്ടം നടത്തിയ കാലമുണ്ട്. അന്നും ഞാന്‍ ബഹുമാനിച്ചിരുന്ന ഒരു വ്യക്തിയാണ് അച്യുത മേനോന്‍. അദ്ദേഹത്തിന്റെ കൈകളില്‍ അഴിമതിയുടെ കറ അശേഷം തീണ്ടുകയില്ലെന്ന വിശ്വാസമാണ് എനിക്കുള്ളത്. ഇതിലപ്പുറം ക്രൂരമായി ആ മനുഷ്യനോട് പെരുമാറാനില്ല. അദ്ദേഹത്തിന്റെ കുടുംബക്കാരോ മറ്റു ബന്ധുക്കളോ ആരെങ്കിലുമോ ഉദ്യോഗത്തിനുവേണ്ടി അദ്ദേഹത്തിന്റെ പടിക്കല്‍ ചെല്ലുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.' കെ കരുണാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെടി ജോര്‍ജ്ജ് ചൂണ്ടിക്കാട്ടിയത് അന്വേഷണോദ്യോഗസ്ഥന്‍ നടത്തിയ റീ വാല്യൂവേഷനില്‍ സംഭവിച്ച ചില പിഴവുകളാണ്.

'പരീക്ഷ നടത്തിയിട്ട് പത്തന്‍പത് ആളുകളുടെ ഉത്തരക്കടലാസില്ല. അതെല്ലാം കെട്ടുകെട്ടി ചവറ്റുകുട്ടയില്‍ ഇട്ടിരിക്കുന്നതില്‍ നിന്നും പെറുക്കിയെടുത്ത് റീ വാല്യൂവേഷന്‍ നടത്തുകയായിരുന്നു.

സി അച്ചുതന് ആദ്യം വാല്യൂ ചെയ്ത അവസരത്തില്‍ 36 മാര്‍ക്കും റിവാല്യൂ ചെയ്തപ്പോള്‍ രണ്ടര മാര്‍ക്കും കിട്ടി.

ആ കടലാസ്സിന്റെ കോപ്പികളില്‍ നിന്നും തെരഞ്ഞെടുത്ത ഈ പ്രത്യേക കാന്‍ഡിഡേറ്റിന്റെ ഉത്തരക്കടലാസ്സില്‍ നിന്നും ഒരു ഷീറ്റ് മാത്രം പരിശോധിച്ച് രണ്ടര മാര്‍ക്കിനുള്ള കാര്യം മാത്രമേ എഴുതിയിരുന്നുള്ളൂ എന്നും ബാക്കിയുള്ള കടലാസും കൂടി കിട്ടിയിരുന്നുവെങ്കില്‍ മുപ്പതര മാര്‍ക്കിനുവരെ അര്‍ഹതയുണ്ടായിരുന്നുവെന്നും കാണുന്നുണ്ട്. ഇതുകൊണ്ട് വാല്യൂഷന്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാനല്ല ഞാന്‍ തയ്യാറാകുന്നത്. ഈ റിപ്പോര്‍ട്ടില്‍ത്തന്നെ പറഞ്ഞിട്ടുള്ളത് മുഴുവന്‍ കടലാസ്സുകളും കിട്ടിയിരുന്നെങ്കില്‍ മുപ്പതര മാര്‍ക്ക് കിട്ടാനുള്ള സാഹചര്യം നിഷേധിക്കുന്നില്ല എന്നാണ്. മുഴുവന്‍ കടലാസ്സുകളും കിട്ടാതിരുന്ന സാഹചര്യത്തിലുള്ള ഒരു തീരുമാനം മാത്രമാണ്. ഒരാളുടെ കടലാസ് മാത്രമല്ല 50 ആളുടെ കടലാസും ഇത്തരത്തില്‍ സൂക്ഷിച്ചിരുന്നില്ല. ലൂസായിട്ട് കെട്ടിവെച്ചിരുന്ന ബണ്ടിലില്‍ നിന്നും എടുത്തു പരിശോധിച്ചതില്‍ വന്നിട്ടുള്ള തെറ്റ് അത്രമാത്രം ഗുരുതരമാണെന്ന് പറയേണ്ടതുണ്ടോ?'

സി എച്ച്, അച്യുത മേനോൻ, കെ കരുണാകരൻ

ആഭ്യന്തര - വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രി സിഎച്ച് മുഹമ്മദ് കോയ സിപിഎമ്മിനെതിരെ നിശിതമായ ആക്രമണം തന്നെ അഴിച്ചുവിട്ടു.

'എന്റെ സ്‌നേഹിതനായ, എന്റെ നാട്ടുകാരനായ, മലബാര്‍ കാരനായ ശ്രീമാന്‍ ഇമ്പിച്ചിബാവ ഇവിടെ വാദപ്രതിവാദം നടത്തുമ്പോള്‍ ഇന്ന ആളുകളെ നിയമിച്ചില്ലേ? അളിയന്‍ മമ്മൂട്ടിയെ നിയമിച്ചില്ലേ എന്നു ചോദിച്ചപ്പോള്‍ ഞാനല്ലാതെ പിന്നെയാര് നിയമിക്കാന്‍ എന്ന അര്‍ത്ഥത്തില്‍ സംസാരിച്ചു. ശ്രീ. എകെ ഗോപാലന്റെ ആളുകളെയും സിഎച്ച് കണാരന്റെയും ആളുകളെയും അപേക്ഷ പോലും ക്ഷണിക്കാതെ നിയമിച്ചില്ലേയെന്നു ചോദിച്ചപ്പോള്‍ അവരെല്ലാം എ ക്ലാസ്സ് പൗരന്മാരാണെന്നും അതെല്ലാം ക്ലീന്‍ നിയമനങ്ങളാണെന്നുമാണ് സ്വതസിദ്ധമായ ആത്മാര്‍ത്ഥതയോടും ശുദ്ധതയോടും അന്ന് ഇമ്പിച്ചി ബാവ പറഞ്ഞത്.

എനിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ സ്‌നേഹിതന്മാരോട് ചോദിക്കാനുള്ളത് നിങ്ങള്‍ ഈ രാജ്യത്ത് അധികാരത്തില്‍ വന്നപ്പോള്‍ ലക്ഷക്കണക്കായ യുവാക്കന്മാര്‍ 10 ഉം 15 ഉം രൂപ സ്റ്റാംപൊട്ടിച്ച് ഈ രാജ്യത്ത് ട്രാന്‍സ്പോര്‍ട്ടിലേക്കും മറ്റും അപേക്ഷകള്‍ അയച്ചിട്ട്, ആ യുവാക്കന്മാരുടെ അപേക്ഷകള്‍ പോലും തൊട്ടുനോക്കാതെ ആ അപേക്ഷകളെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളുടെ അനന്തിരവന്മാര്‍ക്കും നിങ്ങളുടെ കുടുംബങ്ങള്‍ക്കും ഉദ്യോഗം കൊടുത്തും അത് ക്ലീന്‍ ഭരണമാണെന്ന് അഭിമാനിച്ചു നടന്ന - പൃഷ്ടത്തില്‍ ഒരാല്‍ കുരുത്താല്‍ അതും തണലാണെന്ന് കരുതുന്ന നിങ്ങള്‍ - മാര്‍ക്‌സിസ്റ്റുകാര്‍ എവിടെ? അഴിമതിയെക്കുറിച്ച് അപശബ്ദം കേട്ടപ്പോള്‍ നിയമിക്കപ്പെട്ടവരെ പിരിച്ചുവിടാനും ഉടനുടന്‍ അന്വേഷണം നടത്താനും റിപ്പോര്‍ട്ട് വെയ്ക്കാനും നടപടികളെടുക്കാനും ധൃതഗതിയില്‍ മുന്നോട്ടു വന്ന അച്യുത മേനോന്‍ എവിടെ? അച്യുത മേനോന്റെ നാലയലത്തു ചെന്നു നില്‍ക്കാന്‍ നിങ്ങള്‍ക്കര്‍ഹതയില്ലെന്നു മാത്രമാണ് ഞാന്‍ പറയാനാഗ്രഹിക്കുന്നത്.'

(മൂന്നാം കേരള നിയമ സഭയില്‍ അന്നത്തെ ഗതാഗത മന്ത്രിയും സിപിഎം നേതാവുമായ ഇകെ ഇമ്പിച്ചി ബാവ നല്‍കിയ മറുപടിയാണ് സിഎച്ച് പരാമര്‍ശിച്ചത്.

കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ നടന്ന ക്രമവിരുദ്ധമായ നിയമനങ്ങളെ സംബന്ധിച്ച് 1969 ഒക്ടോബര്‍ 13ന് സിപിഐ അംഗം ടിഎ മജീദ് നോട്ടീസ് നല്‍കിയതിന്റെ മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുമ്പോള്‍ കെഎം മാണി ഒരു ആരോപണം ഉന്നയിച്ചു.

പിഎല്‍സി -2-99095/64 ഓര്‍ഡര്‍ പ്രകാരം സിഎച്ച് കണാരന്റെ മകള്‍ സികെ ശ്യാമള കുമാരിക്ക് കെഎസ്ആര്‍ടി സിയുടെ പ്രോവിഡന്റ് ഫണ്ട് സെക്ഷനിലും എകെ ഗോപാലന്‍ എംപിയുടെ സഹോദരന്റെ പുത്രി കെ പത്മകുമാരിക്ക് ലീഗല്‍ സെക്ഷന്‍ ചീഫ് ഓഫീസിലും അപേക്ഷകള്‍ ക്ഷണിക്കാതെ നടപടികള്‍ക്കു വിരുദ്ധമായി ജോലി നല്‍കി എന്നായിരുന്നു മാണിയുടെ ആരോപണം.

'ഇമ്പിച്ചിബാവോയുടെയോ എകെ ഗോപാലന്റെയോ സിഎച്ച് കണാരന്റെയോ കുടുംബത്തില്‍പ്പെട്ടവര്‍ക്ക് ജോലി കൊടുക്കുന്നത് തെറ്റൊന്നുമല്ല' എന്ന് ന്യായീകരിച്ചുകൊണ്ടാണ് ഇമ്പിച്ചി ബാവ അതിന് മറുപടി നല്‍കിയത്:

'ഇവരൊക്കെ ഇന്ത്യയിലെ എ ക്ലാസ് പൗരന്മാരാണ്. അവരെ അര്‍ഹതയുള്ള ഏതു ജോലിയിലും നിയമിക്കാം.')

രണ്ടു ദിവസത്തെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി തന്റെ പ്രസംഗത്തിന്റെ അവസാനഘട്ടത്തിലാണ് ടിസിസി വിഷയത്തിലേക്ക് വന്നത്.

'ഞങ്ങള്‍ എ ക്ലാസ്സ് പൗരന്മാരാണെന്നും ക്ളീനായിട്ടുള്ള നിയമനമാണ് നടത്തിയിട്ടുള്ളതെന്നുമുള്ള യാതൊരു നിലപാടും ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടില്ല. ആ നിയമനം നടത്തിയത് തെറ്റാണെന്ന് കണ്ടപ്പോള്‍ത്തന്നെ ആ ആളുകളെ പിരിച്ചു വിടുകയുണ്ടായി. ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നത് അവിടുത്തെ മാനേജിങ് ഡയറക്ടര്‍ക്കു മൂന്നുമാസക്കാലത്തേക്കുള്ള താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുന്നതിനുള്ള അധികാരമുണ്ട്. പിഎസ്സിക്ക് നിയമനങ്ങള്‍ എല്ലാം വിട്ടാലും ആളുകളെ പെട്ടെന്ന് നിയമിക്കേണ്ടി വരികയാണെങ്കില്‍, പബ്ലിക് സര്‍വീസ് കമ്മീഷന്റെ സെലക്ഷന്‍ പ്രകാരമുള്ള ആളുകള്‍ വരുമ്പോഴൊ അതല്ലെങ്കില്‍ മൂന്നു മാസമോ ഇതില്‍ ഏതാണ് കുറവ് ആ കാലത്തേക്ക് നിയമനം നടത്താനുള്ള വ്യവസ്ഥയുണ്ട്. അല്ലാതെ ഒരു നിയമനവും നടത്താന്‍ പാടില്ലെന്നല്ല. നിയമനം ആവശ്യമാണെന്ന് വരികയാണെങ്കില്‍ താല്‍ക്കാലിക നിയമനം പോലും നടത്താന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്ന് തോന്നുന്നില്ല. അങ്ങനെ നടത്തിയിട്ടുള്ളത് തന്നെ ശരിയായിട്ടാണോ തെറ്റായിട്ടാണോ എന്നന്വേഷിക്കുന്നതിനുവേണ്ടി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. അദ്ദേഹം വളരെ സത്യസന്ധവും നിഷ്പക്ഷവുമായ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നാണ് ഗവണ്‍മെന്റ് കരുതുന്നത്. ആ റിപ്പോര്‍ട്ട് ഗവണ്‍മെന്റ് അംഗീകരിച്ചു.ആ റിപ്പോര്‍ട്ടിനെപ്പറ്റി യാതൊരു പരാതിയോ പ്രസ്താവനയോ കൂടാതെ ശരിയായിട്ടുള്ളതുകൊണ്ട് സ്വീകരിക്കുകയുണ്ടായി. ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അവിടുത്തെ ഉദ്യോഗസ്ഥന്‍ തെറ്റു ചെയ്തിട്ടുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. അതിന് ആ ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. വിശദീകരണം കിട്ടിയിട്ട് അതിന്റെ അടിസ്ഥാനത്തില്‍ ശരിയായ നടപടികള്‍ സ്വീകരിക്കുന്നതാണ്.'

'എക്‌സ്‌ട്രേനിയസ് ഇന്‍ഫ്‌ലൂവന്‍സ് ഉണ്ടെന്ന് മാനേജ്‌മെന്റ് പറഞ്ഞാല്‍ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുമോ 'എന്ന ചോദ്യവുമായി വീണ്ടും കെഎം മാണി എഴുന്നേറ്റപ്പോള്‍ മുഖ്യമന്ത്രി ക്ഷുഭിതനായി.

'സാധ്യമല്ല. അങ്ങനെ പറയുന്നത് ശരിയല്ല. മാനേജ് മെന്റിനോട് എക്‌സ്പ്ലനേഷന്‍ ചോദിച്ചിട്ടുണ്ട്. അതിനുള്ള മറുപടി കിട്ടിയിട്ടില്ല. മാത്രമല്ല, ഞാന്‍ പറഞ്ഞു, വളരെ വ്യക്തമായി പറഞ്ഞു, ഇതില്‍ യാതൊരു വിധത്തിലും ഞാന്‍ ഇടപെട്ടിട്ടില്ലെന്ന്. അത് ഞാന്‍ പോവീണ്ടും ആവര്‍ത്തിക്കുകയാണ്. ശ്രീ. രാമചന്ദ്രന്‍ നായര്‍ എന്നയാളെ ഈ വാക്ക് സംസാരിക്കുന്നതുവരെ ഞാന്‍ കണ്ടിട്ടില്ല. എക്‌സ്പ്ലനേഷന്‍ ചോദിച്ചിട്ടുണ്ട്. അതല്ലാതെ ഒരിക്കല്‍ ഒരന്വേഷണം. അതിന്‍ മേല്‍ വേറൊരു അന്വേഷണം. ഇങ്ങനെ പോയാല്‍ എങ്ങനെയാണ്?'

അവിശ്വാസ പ്രമേയം അപ്പോള്‍ത്തന്നെ വോട്ടിനിട്ടു. 67 വോട്ടുകള്‍ പ്രമേയത്തിനെതിരായി രേഖപ്പെടുത്തി. അനുകൂലമായി 48 വോട്ടുകളും.13 കേരളാ കോണ്‍ഗ്രസുകാര്‍ നിഷ്പക്ഷത പാലിച്ചു.

നിയമസഭയില്‍ അരങ്ങേറിയ വാക് പയറ്റുകള്‍ക്കും ഒളിയമ്പുകള്‍ക്കുമെല്ലാം സാക്ഷ്യം വഹിക്കുകയായിരുന്ന അന്നത്തെ നിയമസഭാ സെക്രട്ടറി ഡോ. ആര്‍ പ്രസന്നന്‍ അദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളില്‍ ആരും കാണാത്ത ഒരു രംഗം കൂടി രേഖപ്പെടുത്തി വെക്കുന്നുണ്ട്. ജീവിതത്തില്‍ പരിശുദ്ധിക്കും മൂല്യങ്ങള്‍ക്കും അങ്ങേയറ്റം വില കല്‍പ്പിച്ചിരുന്ന അച്യുത മേനോന്‍ ആ ദിവസങ്ങളില്‍ അനുഭവിച്ചിരുന്ന മാനസിക സംഘര്‍ഷം അറിയാതെ പുറത്തു പ്രകടിപ്പിച്ചുപോയ ഒരു സന്ദര്‍ഭം.

'ശ്രീ അച്ചുതമേനോന്‍ തന്റെ സുദീര്‍ഘമായ രാഷ്ട്രീയജീവിത ത്തിനിടയ്ക്ക് നിരവധി വിപല്‍സന്ധികളും പരീക്ഷണഘട്ടങ്ങളും തരണം ചെയ്തിട്ടുണ്ടാവാം. പക്ഷേ അവിശ്വാസപ്രമേയം ചര്‍ച്ചചെയ്ത ആ ദിവസങ്ങളില്‍ അദ്ദേഹം കേള്‍ക്കേണ്ടിവന്ന ആരോപണങ്ങളും ആക്ഷേപങ്ങളും അധിക്ഷേപവചനങ്ങളും അതിനുമുമ്പോ അതില്‍ പിന്നീടോ ഒരിക്കലും അദ്ദേഹം കേട്ടിട്ടുണ്ടാവില്ല. അവിശ്വാസപ്രമേയചര്‍ച്ചയുടെ രണ്ടാംദിവസം, ആസുരമായ പ്രതികാരാവേശത്തോടെ തന്റെ പൂര്‍വ്വകാലസഹപ്രവര്‍ത്തകര്‍ തന്റെ നേര്‍ക്കു നടത്തുന്ന വന്യമായ ആക്രമണത്തില്‍നിന്നും അല്പസമയത്തേയ്ക്ക് ഒഴിഞ്ഞുനില്ക്കാനായി, അദ്ദേഹം സ്പീക്കറുടെ ചേംബറിലേയ്ക്കു കടന്നു വന്നു. സ്പീക്കറും ഞാനുമല്ലാതെ മറ്റാരും അപ്പോഴവിടെ ഉണ്ടായിരുന്നില്ല.

സ്പീക്കര്‍ക്കെതിരെയുള്ള ഒരു കസേരയില്‍ കൊടും കൈയും കുത്തി അദ്ദേഹം ഏറെനേരം ഇരുന്നു. അദ്ദേഹമനുഭവിക്കുന്ന ഹൃദയവ്യഥ നിര്‍മ്മലമായ ആ മുഖത്തു നിഴലിച്ചിരുന്നു. അതുകൊണ്ടുതന്നെ ആരും ഒന്നും മിണ്ടിയില്ല. ആശ്വാസവചനങ്ങള്‍ക്കു വലിയ പ്രയോജനമുണ്ടാവില്ലെന്നും എനിക്കു തോന്നി.

ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു: 'ഇതൊക്കെ കര്‍മ്മഫലമാണ്. കര്‍മ്മഫലം - അപ്പുറത്തിരുന്ന പ്പോള്‍ ഓരോരുത്തരെപ്പറ്റി എന്തെല്ലാം പറഞ്ഞിട്ടുണ്ട്; പറയേണ്ടി വന്നിട്ടുണ്ട്. അതിന്റെയെല്ലാം ഫലമായിരിക്കാം ഇത്.'

ഒരു കറകളഞ്ഞ കമ്മ്യൂണിസ്റ്റായ ശ്രീ അച്ചുതമേനോനെയും കര്‍മ്മഫലചിന്ത അലട്ടുന്നുവെന്നു കണ്ടപ്പോള്‍ എനിക്ക് അതാദ്യം അവിശ്വസനീയമായി തോന്നി. മനസ്സിന്റെ അകത്തളങ്ങളില്‍ എവിടെയോ ഒളിഞ്ഞുകിടക്കുന്ന അത്തരം ചിന്തകളും വിശ്വാസങ്ങളും ചില പരീക്ഷണഘട്ടങ്ങളില്‍ മനസ്സറിയാതെ പുറത്തു വന്നുപോകുമായിരിക്കാം.'

(നിയമസഭയില്‍ നിശ്ശബ്ദനായി)

പിന്‍കുറിപ്പ്

അച്യുത മേനോന്റെ ഇളയ സഹോദരിയും സിപിഐയുടെ തൃശ്ശൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവുമൊക്കെയായിരുന്ന സി സത്യഭാമയുടെ ആദ്യവിവാഹത്തിലുള്ള മകനായിരുന്നു സി അച്യുതന്‍. സത്യഭാമ പിന്നീട് വിവാഹം കഴിച്ചത് പില്‍ക്കാലത്ത് മന്ത്രിയും രാജ്യസഭാംഗവുമൊക്കെയായ കമ്മ്യൂണിസ്റ്റ് നേതാവ് വിവി രാഘവനെയാണ്. കഷ്ടിച്ച് പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അച്യുതന് ടിസിസിയിലെ താത്കാലിക അപ്രന്റീസ് ജോലി നഷ്ടപ്പെട്ടതിന് ശേഷം അച്യുത മേനോന്‍ തന്നെ ഒരു സ്വകാര്യ കമ്പനിയില്‍ ചെറിയൊരു ജോലി വാങ്ങിക്കൊടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം ആ ജോലി ഉപേക്ഷിച്ച അച്യുതന്‍ തൃശൂര്‍ ടൗണില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന ജോലിയിലേര്‍പ്പെട്ടു. വിവി രാഘവന്‍ മന്ത്രിയായിരിക്കുമ്പോള്‍ അന്ന് പത്രങ്ങളില്‍ 'മന്ത്രിയുടെ മകന്‍' ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ച വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നത് ഓര്‍മ്മയുള്ളവര്‍ ഉണ്ടാകും.

The allegation raised by the CPI(M) to bring a no-confidence motion against C. Achutha Menon was that his nephew was given a temporary job with a salary of 150 rupees. The nuance of this allegation highlights a fascinating era in Kerala politics, showcasing both the hyper-intense political scrutiny of the time and the legendary personal integrity of C. Achutha Menon.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകകേരള സഭ തുടരില്ല; ആറാമത് എഡീഷന് ഒരുരൂപ പോലും വകയിരുത്തിയിട്ടില്ല; മുഖ്യമന്ത്രി

യുഎഇയില്‍ ഇന്ത്യക്കാര്‍ക്ക് ആശ്വാസം; ഇനി മുതല്‍ ഞായറാഴ്ചയും പാസ്‌പോര്‍ട്ട് വാങ്ങാം

'ക്യാപ്റ്റാ... കപ്പലണ്ടി വിൽക്കാൻ വന്നതാണോ'! ബാബറിനെതിരെ അക്രം

ഏകദേശം 7000 കോടി ചെലവ്, ഷെല്‍ട്ടര്‍ ഹോമുകള്‍ നിര്‍മ്മിക്കേണ്ടത് പ്രാദേശിക ഭരണകൂടങ്ങള്‍; സുപ്രീംകോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി

പത്തുലക്ഷം രൂപയില്‍ താഴെ വില; മഹീന്ദ്ര 'XUV 3XO REVX EDGE' വേരിയന്റ് വിപണിയില്‍, ഫീച്ചറുകള്‍