പട്ടം കേരള രാഷ്ട്രീയം അടക്കിവാണ കഥ 
News+

പട്ടത്തിന്റെ സ്വന്തം പാര്‍ട്ടി അഥവാ പിഎസ്പി

ബൈജു ചന്ദ്രൻ

ണ്ട് പണ്ട് എന്നു പറഞ്ഞു തുടങ്ങേണ്ടിയിരിക്കുന്നു. അതെ, പത്തറുപത് വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥയാണ്. അന്നിവിടെ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നൊരു രാഷ്ട്രീയകക്ഷിയുണ്ടായിരുന്നു. അതിന് ഉഗ്ര പ്രതാപിയായ ഒരു നേതാവും. തിരുവിതാംകൂര്‍ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ സര്‍വ്വ സൈന്യാധിപനായിരുന്ന പട്ടം താണുപിള്ളയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വത്തിനു കീഴില്‍ ഏതാണ്ട് ഒരു വ്യാഴവട്ടക്കാലത്തോളം നിര്‍ണായകമായ സ്വാധീനശക്തിയുള്ള കക്ഷിയായിരുന്നു പിഎസ്പി.

പിഎസ്പി പിറവിയെടുക്കുന്നു

സ്വാതന്ത്ര്യ ലബ്ധിക്കു മുന്‍പ് കേരളത്തിലെ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാര്‍ ഒന്നടങ്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറിയപ്പോള്‍ അക്കൂട്ടത്തില്‍ ചേരാതെ സിഎസ്പിയായി തന്നെ തുടര്‍ന്ന കുറച്ചു പേര്‍ സ്വാതന്ത്ര്യത്തിന് ശേഷം ജയപ്രകാശ് നാരായണനും രാം മനോഹര്‍ ലോഹ്യയും അശോക് മേത്തയും മറ്റും നേതൃത്വം കൊടുത്ത ഇന്ത്യന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ച്ചേര്‍ന്നു. തിരുവിതാംകൂറിലെയും കൊച്ചിയിലെയും കമ്മ്യൂണിസ്റ്റേതര ഇടതുപക്ഷക്കാര്‍ എന്‍ ശ്രീകണ്ഠന്‍ നായരുടെയും മത്തായി മാഞ്ഞൂരന്റെയും നേതൃത്വത്തില്‍ കേരളാ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി. രണ്ടുപേരും തമ്മില്‍ കലഹിച്ചു പിരിഞ്ഞപ്പോള്‍ ശ്രീകണ്ഠന്‍ നായരും മറ്റും ചേര്‍ന്ന് ബംഗാളിലെ തീപ്പൊരി പാര്‍ട്ടിയായ റവലൂഷണറി സോഷ്യലിസ്റ്റ് പാര്‍ട്ടി - ആര്‍ എസ് പിക്ക് കേരളത്തിലൊരു ബ്രാഞ്ച് തുറന്നു.

1952 ലെ ആദ്യ പൊതു തിരഞ്ഞെടുപ്പില്‍ 254 പാര്‍ലമെന്റ് സീറ്റുകളില്‍ മത്സരിച്ച സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ആകെ നേടാന്‍ കഴിഞ്ഞത് പന്ത്രണ്ട് സീറ്റുകളാണ്. അങ്ങനെയാണ് കൂടുതല്‍ ശക്തി നേടാന്‍വേണ്ടി ആചാര്യ കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടിയുമായി ലയിച്ചുചേര്‍ന്ന് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയെന്ന അപൂര്‍വ ശിശുവിന് ജന്മം കൊടുക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നയങ്ങളോടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോടുമുള്ള ആജന്മശത്രുതയായിരുന്നു ഈ രണ്ടു കക്ഷികളെയും തമ്മില്‍ ഒന്നിച്ചു ചേര്‍ത്തുനിറുത്തിയ പ്രധാന ഘടകം. പിന്നെ അമേരിക്കയോടുള്ള കടുത്ത ചായ്‌വും പക്ഷപാതിത്വവും.

പി എസ് പിയുടെ ദേശീയ നേതാക്കളായ എസ് എം ജോഷിയും അശോക് മേത്തയുമൊത്ത് പട്ടം താണുപിള്ള

പട്ടം താണുപിള്ള സഖാവ് ആകുന്നു

തിരുവിതാംകൂറിന്റെ ആദ്യത്തെ ജനകീയ പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം നടത്തിയ പ്രസിദ്ധമായ തന്റെ പഴവങ്ങാടിപ്രസംഗത്തില്‍ പട്ടം പ്രഖ്യാപിച്ചു: 'തിരുവിതാംകൂറിന്റെ മണ്ണില്‍ സോഷ്യലിസത്തെയും കമ്മ്യൂണിസത്തെയും കാലു കുത്താന്‍ അനുവദിക്കുകയില്ല' അധിക നാളുകള്‍ കഴിഞ്ഞില്ല, പട്ടം പഴയ സമര സഖാക്കളുമായി പിണങ്ങി പാര്‍ട്ടി അദ്ധ്യക്ഷപദവിയും പ്രധാനമന്ത്രിപ്പട്ടവും വലിച്ചെറിഞ്ഞ ശേഷം ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി പ്രതിപക്ഷ ബഞ്ചില്‍ചെന്നിരുന്നു. സ്വാതന്ത്ര്യ സമരത്തിലെ സഹപോരാളിയും രാഷ്ട്രീയ ചരിത്രകാരനുമായ സി നാരായണ പിളള പട്ടത്തെ വിലയിരുത്തുന്നത് ഇങ്ങനെയാണ്:

'സംഘടനയിലായാലും മറ്റേതു രംഗത്തായാലും രണ്ടാംസ്ഥാനം സ്വീകരിക്കാന്‍ താണുപിള്ളയ്ക്ക് കഴിയുമായിരുന്നില്ല. സംഘടനയിലാണെങ്കില്‍ പ്രസിഡന്റ്, മന്ത്രിസഭയിലാണെങ്കില്‍ മുഖ്യമന്ത്രി, ഡലിഗേഷനുകളിലാണെങ്കില്‍ നേതാവ് - ഈ നിലകളിലല്ലാതെ ഒരടിയെങ്കിലും മുന്നോട്ടുവയ്ക്കാനുള്ള സന്നദ്ധതയില്ലായ്മയെ അദ്ദേഹത്തിന്റെ ഔദ്ധത്യമെന്നു വിവക്ഷിക്കുന്നതു ശരിയായിരിക്കയില്ല. എങ്കിലും ശാരീരികമോ മനശ്ശാസ്ത്രപരമോ ആയ ഒരു ദൗര്‍ബല്യമായി അതിനെ വീക്ഷിക്കാതെ നിവാഹവുമില്ല...

...താണുപിള്ള, പ്രക്ഷോഭണകാലത്തും തന്നെ ആദരിക്കാനും അഭിനന്ദിക്കാനും തനിക്കു ജയ്വിളിക്കാനും സമ്മേളിച്ചിരുന്ന ജനസഹസ്രങ്ങളെ ഇഷ്ടപ്പെട്ടിരുന്നു എന്നുള്ളതു ശരിയാണ്. അതു അവരോടുള്ള താദാത്മ്യം കൊണ്ടായിരുന്നില്ല, തന്നെപ്പറ്റിയുള്ള മതിപ്പിന്റെയും തനിക്കവകാശപ്പെട്ട ജനസമ്മതിയുടെയും അംഗീകാരമെന്ന നിലയില്‍ മാത്രമായിരുന്നു. അതിനപ്പുറം സാധാരണ ജനങ്ങളെപ്പറ്റി അദ്ദേഹത്തിനു വലിയ മതിപ്പൊന്നുമുണ്ടായിരുന്നില്ല. ജനകീയപ്രകടനങ്ങള്‍ അദ്ദേഹം തന്റെ ആവശ്യത്തിനപ്പുറം ഇഷ്ടപ്പെട്ടിരുന്നില്ല. ഭരണാധികാരിയെന്ന നിലയില്‍ ജനഹിതമാദരിക്കാനല്ല, തന്റെ ഹിതാഹിതങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്പിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടത്. താന്‍ നിശ്ചയിക്കുന്നതു ജനങ്ങള്‍ക്കു നന്നായിരിക്കുമെന്നും ജനങ്ങള്‍ക്കവരുടെ ആവശ്യം ശരിയാംവണ്ണം അറി ഞ്ഞുകൂടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം....

..... ജനാധിപത്യത്തിലെ നിയന്ത്രണങ്ങളും അധികാരപരിമിതിയും അദ്ദേഹത്തെ അസഹ്യപ്പെടുത്തുകയാണു ചെയ്തതു. അദ്ദേഹം ഒരു സര്‍വാധിപതിയെപ്പോലെ അധികാരകാംക്ഷിയായിരുന്നു എന്നു പറഞ്ഞാല്‍ അതു ശരിയായിരിക്കയില്ല. ജനങ്ങള്‍ക്കു നന്മചെയ്യാന്‍ എപ്പോഴുമദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷേ, ആ നന്മ എന്തായിരിക്കണമെന്നു നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടായിരിക്കണമെന്നുമാത്രം. ജനാധിപത്യത്തിലെ നിയന്ത്രണങ്ങള്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും ഒരു വെല്ലുവിളിയായിരുന്നു. നേതാക്കന്മാരുടെ കര്‍ത്തവ്യം ജനങ്ങളെ നയിക്കയാണെന്നും അവരെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്കവകാശമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മതം... ഒരു പാര്‍ട്ടിയംഗമെന്ന നിലയില്‍ തന്റെ വ്യക്തിത്വത്തെ സംഘടനയ്ക്ക് വിധേയമാക്കാനദ്ദേഹം തയാറായിരുന്നില്ല. താന്‍ പാര്‍ട്ടിയെ നിയന്ത്രിക്കയല്ലാതെ പാര്‍ട്ടി തന്നെ നിയന്ത്രിക്കാനദ്ദേഹം അനുവദിക്കുമായിരുന്നില്ല.' (പട്ടം മുതല്‍ പനമ്പിള്ളി വരെ)

'അയാള്‍ക്ക് ഭ്രാന്താണ്' എന്നു പറഞ്ഞുകൊണ്ട് പട്ടം ടെലിഗ്രാം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു. പാര്‍ട്ടി പട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ലോഹ്യ പുറത്തുപോയി വേറെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി!

'അയാള്‍ക്ക് ഭ്രാന്താണ്'

'കമ്മൂണിഷ്ട്ടു'കാരെ പട്ടം എക്കാലവും ബദ്ധ ശത്രുക്കളായിട്ടാണ് കണ്ടിരുന്നത്. എന്നാല്‍ 1954 ലെ തിരുകൊച്ചി തിരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന്, 'ജയിക്കും നമ്മള്‍, ഭരിക്കും നമ്മള്‍' എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് സഖാവ് പട്ടം താണുപിള്ളയായി മത്സരിക്കാന്‍ ആ ശത്രുത തടസ്സം നിന്നില്ല. തിരഞ്ഞെടുപ്പ് ജയിച്ചതോടെ പിഎസ്പിയുടെ രക്തത്തിലിലലിഞ്ഞു ചേര്‍ന്ന കമ്മ്യൂണിസ്റ്റ് വിരോധം വീണ്ടും ഉണര്‍ന്നു. പ്രതിപക്ഷത്തിരുന്നുകൊണ്ട് പിന്താങ്ങാന്‍ തയ്യാറായ കോണ്‍ഗ്രസിന്റെ സഹായത്തോടെ ന്യൂനപക്ഷ മന്ത്രിസഭയുടെ തലവനായി പട്ടം ഒരു വര്‍ഷത്തില്‍ താഴെ കാലം തിരുകൊച്ചി ഭരിച്ചു. ഭാഷാ സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ട് തമിഴ്‌നാട് കോണ്‍ഗ്രസുകാര്‍ മാര്‍ത്താണ്ഡത്ത് നടത്തിയ പ്രക്ഷോഭത്തിനെ പൊലീസ് നേരിട്ടത് തോക്കു കൊണ്ടാണ്. എട്ട് തമിഴ്‌നാട് കോണ്‍ഗ്രസുകാര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത കേട്ടയുടന്‍ തന്നെ പിഎസ്പി നേതാവ് രാം മനോഹര്‍ ലോഹ്യ മന്ത്രിസഭ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പട്ടത്തിന് ടെലിഗ്രാം അയച്ചു. 'അയാള്‍ക്ക് ഭ്രാന്താണ്' എന്നു പറഞ്ഞുകൊണ്ട് പട്ടം ടെലിഗ്രാം ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു. പാര്‍ട്ടി പട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ലോഹ്യ പുറത്തുപോയി വേറെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുണ്ടാക്കി!

'ഞാന്‍ കുറച്ചുനാള്‍ കൂടി അധികാരത്തില്‍ തുടര്‍ന്നാല്‍ കമ്മൂണിഷ്ട്ടുകാരുടെ മാത്രമല്ല കോണ്‍ഗ്രസിന്റെയും ആപ്പീസ് പൂട്ടു'മെന്ന് പത്രക്കാരോട് പട്ടം വീമ്പ് പറഞ്ഞതറിഞ്ഞ് കുപിതനായ പനമ്പിള്ളി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആവശ്യപ്രകാരം പട്ടം പുന്നപ്ര വയലാര്‍ പ്രതികളെ വിട്ടയ്ക്കാന്‍ തയ്യാറായെങ്കിലും പഴയ ചതി ഓര്‍ത്ത് അവരും സഹായിക്കാന്‍ കൂട്ടാക്കിയില്ല. മന്ത്രിസഭയെ താഴെ വീഴ്ത്തിയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് പട്ടത്തിന്റെ അധികാര പ്രമത്തതയില്‍ സഹികെട്ട ടിഎസ് രാമസ്വാമി എന്ന പിഎസ്പി നേതാവ് തന്നെയായിരുന്നു!

മുങ്ങിത്താഴുന്ന പാര്‍ട്ടിയുടെ പെന്‍ഷന്‍ പറ്റിയ നേതാവ്

1957 ലെ നിയമസഭയില്‍ ഇളമുറക്കാരായ പിടി ചാക്കോയുടെയും സിഎച്ച് മുഹമ്മദ് കോയയുടെയും നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പട നയിച്ച പട്ടത്തിന്റെ മുഖത്തുനോക്കി മന്ത്രി വിആര്‍ കൃഷ്ണയ്യര്‍ തുറന്നടിച്ചു:

' The Superannuated leader of a sinking party! '

മുങ്ങിത്താണുകൊണ്ടിരിക്കുന്ന ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ പെന്‍ഷന്‍ പറ്റിയ നേതാവ്!

വയോവൃദ്ധനായ താണുപിള്ള സാറിന് യുവത്വവും ഉന്മേഷവും പകര്‍ന്നുകൊടുത്തത് തിരുവിതാംകൂര്‍ ഭാഗത്ത് പ്രത്യേകിച്ച് അദ്ദേഹം രാഷ്ട്രീയത്തില്‍ മുങ്ങിക്കുളിച്ചു വളര്‍ന്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്ന വലിയ അനുയായി വൃന്ദമായിരുന്നു. ശാസ്തമംഗലം, വഴുതക്കാട്, പാല്‍ക്കുളങ്ങര, വട്ടിയൂര്‍ക്കാവ്, പൂജപ്പുര, തിരുമല, പട്ടം തുടങ്ങിയ നഗരഭാഗങ്ങളിലും നേമം, നെയ്യാറ്റിന്‍കര, നെടുമങ്ങാട്... തുടങ്ങിയ നായന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള പ്രദേശങ്ങളിലുമെല്ലാം പട്ടത്തിന് സാമാന്യത്തിലേറെ ജനസ്വാധീനമുണ്ടായിരുന്നു. രാജഭരണം അരങ്ങൊഴിഞ്ഞതോടെ, അതുവരെ പൊന്നുതമ്പുരാന്റെ ശേവുകരും ദിവാന്‍സ്വാമിയുടെ സേവകരുമായിരുന്ന നായര്‍തറവാട്ടുകാരൊക്കെ താണുപിള്ള സാറിന്റെ വിശ്വസ്ത പ്രജകളായി മാറി. തിരുവനന്തപുരം ഒന്ന്, തിരുവനന്തപുരം രണ്ട് എന്നീ അസംബ്ലി മണ്ഡലങ്ങള്‍ പിഎസ്പിയുടെ കുത്തക സീറ്റുകളായി. പിഎസ്പി എന്നുവെച്ചാല്‍ തിരുവനന്തപുരത്തുകാരെ സംബന്ധിച്ചിടത്തോളം 'പട്ടത്തിന്റെ സ്വന്തം പാര്‍ട്ടി' എന്നായിരുന്നു അര്‍ത്ഥം. 1957 ല്‍ തിരുവനന്തപുരം പാര്‍ലമെന്റ് സീറ്റില്‍ കമ്മ്യൂണിസ്റ്റ് സ്വതന്ത്രന്‍ എസ് ഈശ്വരയ്യരോട് സ്വയം അടിയറവ് പറയേണ്ടി വന്നപ്പോഴാണ് കാറ്റു മാറി വീശിത്തുടങ്ങി എന്ന് പട്ടത്തിന് ബോധ്യമാകുന്നത്.

പൊന്നറ ശ്രീധർ

തലയെടുപ്പുള്ള നേതാക്കന്മാരുടെ ഒരു വലിയനിര തന്നെ അന്ന് പട്ടത്തിന്റെ തൊട്ടുപിറകിലായി നിലയുറപ്പിച്ചിരുന്നു. പൊന്നറ ശ്രീധര്‍, പിഎസ് നടരാജപിള്ള, കെപി നീലകണ്ഠപ്പിള്ള, ബിസി വര്‍ഗീസ്, ടിഎസ് രാമസ്വാമി, വി ഗംഗാധരന്‍, പിപി വില്‍സണ്‍, പി വിശ്വംഭരന്‍, ഡി ദാമോദരന്‍ പോറ്റി, ഇപി ഈപ്പന്‍... സ്വാതന്ത്ര്യസമരകാലത്ത് സ്റ്റേറ്റ് കോണ്‍ഗ്രസ്സിനെ തള്ളിപ്പറഞ്ഞ് മുസ്ലീം ലീഗുണ്ടാക്കിക്കൊണ്ട് സിപിയുടെ പക്ഷത്തേക്കു പോയ പികെ കുഞ്ഞ് 53 ല്‍ ഒരുപറ്റം അനുയായികളെയും കൊണ്ട് പിഎസ്പിയില്‍ ചേര്‍ന്നു; ചേര്‍ന്നയുടനെ തന്നെ മന്ത്രിയുമായി. മലബാറില്‍ നിന്നുള്ള എം നാരായണക്കുറുപ്പ്, പിആര്‍ കുറുപ്പ്, കെ ചന്ദ്രശേഖരന്‍, പിഎം കുഞ്ഞിരാമന്‍ നമ്പ്യാര്‍, ചാലക്കുടിയില്‍ പനമ്പിള്ളിയെ തോല്‍പ്പിച്ച സിജി ജനാര്‍ദ്ദനന്‍ എന്നിവര്‍ പൊന്നറയോടൊപ്പം 1957 ലെ നിയമസഭയില്‍ പട്ടത്തിന് കരുത്തുപകര്‍ന്നു. കെബി മേനോന്‍, അരങ്ങില്‍ ശ്രീധരന്‍, കെഎ ശിവരാമഭാരതി എന്നിവരായിരുന്നു മറ്റു പ്രധാന പിഎസ്പി നേതാക്കള്‍.

1956 ല്‍ പനമ്പിള്ളിയുമായി പിണങ്ങി ടിഎം വര്‍ഗ്ഗീസ്സ് ഉള്‍പ്പെടെയുള്ള ആറ് എംഎല്‍എമാരെ അണി നിരത്തിക്കൊണ്ട് അഖണ്ഡവാദികളുടെ ഗ്രൂപ്പ് രൂപീകരിച്ച കുമ്പളത്ത് ശങ്കുപ്പിള്ള കേരളാ പീപ്പിള്‍സ് പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും അത് ക്ലച്ച് പിടിച്ചില്ല. പണ്ട് പ്രധാനമന്ത്രി കസേരയില്‍ നിന്ന് പട്ടത്തെ ഇറക്കി വിടുന്നതില്‍ പ്രധാനപങ്കു വഹിച്ച കുമ്പളം പിന്നെയും താണുപിള്ള സാറിന്റെ വലിയ പടത്തലവനായി.1959 ല്‍ കൊല്ലത്തു ചേര്‍ന്ന പിഎസ്പിയുടെ സംസ്ഥാന സമ്മേളനത്തില്‍വെച്ച് കുമ്പളം പാര്‍ട്ടി സഖാക്കളെ ആഹ്വാനം ചെയ്തു:

'കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കടപുഴക്കിയെറിയാന്‍ ഓരോ പി എസ് പിക്കാരനും രംഗത്തിറങ്ങുക!'

കുമ്പളത്ത് ശങ്കുപ്പിള്ള

ഉരുള്‍പൊട്ടലിന്റെ ആരംഭം

വിമോചനസമരം കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടിക്കുള്ളില്‍ ഒരു വലിയ ഉരുള്‍പൊട്ടലിന്റെ ഇരമ്പം കേട്ടു തുടങ്ങി. ടിഎസ് രാമസ്വാമിക്കു പിന്നാലെ പ്രമുഖനേതാക്കളില്‍ പലരും പരമോന്നതനേതാവുമായി ഇടയുന്ന കാഴ്ചക്കാണ് കേരളരാഷ്ട്രീയം സാക്ഷ്യം വഹിച്ചത്. പിഎസ്പി - കോണ്‍ഗ്രസ് - മുസ്ലീം ലീഗ് മുക്കൂട്ടുമുന്നണിയുടെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം ആലുവയില്‍ ചേര്‍ന്ന പിഎസ്പിയുടെ പ്രത്യേക സമ്മേളനത്തിലാണ് പട്ടത്തിനെതിരെ ആദ്യത്തെ വെടി പൊട്ടുന്നത്. മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനും ഒരാളാകരുതെന്ന് സമ്മേളനത്തില്‍ ഒരു വിഭാഗം പ്രമേയം കൊണ്ടുവന്നു. വികാരാധീനനായ പട്ടത്തിന്റെ പ്രസംഗത്തെ തുടര്‍ന്ന് തത്കാലം വെടി നിറുത്തലുണ്ടായി. എട്ടുമാസങ്ങള്‍ക്കുശേഷം നടന്ന എറണാകുളം സമ്മേളനത്തില്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാര്‍ പാര്‍ട്ടി ഭാരവാഹികളാകരുതെന്നുള്ള ആലുവാ പ്രമേയം റദ്ദാക്കാനുള്ള പ്രമേയം കുമ്പളം, പികെ കുഞ്ഞ്, ബിസി വര്‍ഗീസ്, സിജി ജനാര്‍ദ്ദനന്‍ തുടങ്ങിയവരുടെ എതിര്‍പ്പുകളെ മറികടന്ന് പാസ്സായി. അതുകൊണ്ടവസാനിച്ചില്ല. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പട്ടത്തിനെതിരെ സിജി ജനാര്‍ദ്ദനനും ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തേക്ക് അരങ്ങില്‍ ശ്രീധരനെതിരെ പിഎം മുഹമ്മദലിയും മത്സരിച്ചു. വമ്പിച്ച പ്രചരണ കോലാഹലങ്ങളോടെയാണ് മത്സരിച്ചതെങ്കിലും രണ്ടുപേരും ദയനീയമായി പരാജയപ്പെട്ടു.

സിജി ജനാര്‍ദ്ദനന്‍ അതുകൊണ്ട് അടങ്ങിയിരിക്കാന്‍ തയ്യാറായില്ല. നിയമസഭ ഉള്‍പ്പെടെയുള്ള വേദികളില്‍ പട്ട ത്തിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. സിജിയെ ഒടുവില്‍ പാര്‍ട്ടി പുറത്താക്കി.

സി ജി ജനാർദ്ദനൻ

സിജി ജനാര്‍ദ്ദനനെപ്പോലെ തന്നെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തപ്പെടാതെ പോയതില്‍ പ്രതിഷേധമുള്ളവരവായി രുന്നു എം നാരായണക്കുറുപ്പും പികെ കുഞ്ഞും. കുഞ്ഞിനെ മന്ത്രിയാക്കണമെന്ന് പട്ടത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വവും മന്നത്ത് പത്മനാഭനും എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടാണ് അത് നടക്കാതെ പോയത്. 'ഞാന്‍ ഒരു മുസ്ലീം സ്ത്രീയുടെ വയറ്റില്‍ പിറന്നതാണ് എന്റെ കുറ്റം' എന്നു തുടങ്ങിയ കുഞ്ഞിന്റെ പ്രസ്താവനകളും അച്ചടക്ക നടപടി ക്ഷണിച്ചു വരുത്തി. കുഞ്ഞും പുറത്തുപോയി.

'പട്ടത്തിന് രാഷ്ട്രീയവുമില്ല, സോഷ്യലിസവുമില്ല' എന്നായിരുന്നു പികെ കുഞ്ഞിന്റെ പ്രതികരണം. സോഷ്യലിസ്റ്റ് മന്ത്രിമാരുടെ അഴിമതിയെപ്പറ്റി ഇന്ത്യ മുഴുവന്‍ നടന്നു പറയുമെന്ന് പറഞ്ഞ സിജിയെ അസംബ്ലിയില്‍ നടന്ന ചര്‍ച്ചകളില്‍ വെച്ച് പട്ടം വിശേഷിപ്പിച്ചത് 'റൗഡി'യെന്നും 'ഭ്രാന്തനെ'ന്നുമാണ്. 'പിഎസ്പിയില്‍ ജനാധിപത്യം അപകടത്തിലാണെ'ന്ന് ആരോപിച്ചുകൊണ്ട് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച നാരായണക്കുറുപ്പ് ഒരു കാര്യം കൂടി പറഞ്ഞു.' പിഎസ്പിയും രാജ്യവും നശിച്ചാലും വേണ്ടില്ല, മുഖ്യമന്ത്രി സ്ഥാനം പോകരുത് എന്ന ഒരൊറ്റ ആഗ്രഹം മാത്രമേ പട്ടം താണുപിള്ളയ്ക്കുള്ളൂ. '

പട്ടത്തിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പ്രമുഖ നേതാവ് ബിസി വര്‍ഗീസും അടുത്ത അനുയായിയായിരുന്ന അച്യുതനും പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്കുള്ള പാതയിലായിരുന്നു.

പി കെ കുഞ്ഞ്

സമന്മാരില്ലാത്ത ഒന്നാമന്‍

കോണ്‍ഗ്രസുമായുള്ള പട്ടത്തിന്റെ ബന്ധവും ഒട്ടും സുഖകരമായിരുന്നില്ല. പ്രശ്‌നങ്ങള്‍ ദിനം പ്രതി വര്‍ദ്ധിച്ചു വന്നു. 1960 ലെ തിരഞ്ഞെടുപ്പില്‍ 31 സീറ്റുകള്‍ പിഎസ്പിക്ക് വിട്ടുകൊടുക്കേണ്ടി വന്നതിനു പിന്നാലെ മുഖ്യമന്ത്രി സ്ഥാനവും കയ്യില്‍ നിന്ന് പോയതോടെ കോണ്‍ഗ്രസിനുള്ളില്‍ അമര്‍ഷം ആളിക്കത്തി. നേരത്തെ പറഞ്ഞതുപോലെ സമന്മാരിലെ ഒന്നാമനെന്നല്ല സമന്മാരില്ലാത്ത ഒന്നാമന്‍ എന്നതായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള പട്ടത്തിന്റെ സങ്കല്‍പ്പം. ഉപമുഖ്യമന്ത്രി ആര്‍ ശങ്കറിനെയും ആഭ്യന്തര മന്ത്രി പിടി ചാക്കോയോടും വ്യവസായ മന്ത്രി കെഎ ദാമോദരമേനോനോടും അദ്ദേഹത്തിന് പരമപുച്ഛമായിരുന്നു. പിപി ഉമ്മര്‍കോയ കൈകാര്യം ചെയ്തിരുന്ന വിദ്യാഭ്യാസ വകുപ്പ് പിടിച്ചുവാങ്ങി സ്വന്തം കീഴിലാക്കിയപ്പോള്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ആഭ്യന്തര വകുപ്പിലും വനം വകുപ്പിലുമൊക്കെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട്, നിര്‍ണായകമായ തീരുമാനങ്ങള്‍ പലതും കൈക്കൊണ്ടു. കാബിനറ്റ് മീറ്റിങ്ങുകളില്‍ ചര്‍ച്ചകള്‍ അനുവദിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു. ശങ്കറിനെ പത്രക്കാരോട് പോലും പരാമര്‍ശിച്ചിരുന്നത് 'ആ ചങ്കരന്‍' എന്നാണ്, ചിലപ്പോള്‍ തെമ്മാടി എന്നും തത്വദീക്ഷയില്ലാത്തവനെന്നും. ചാക്കോയോട് തമ്മില്‍ തമ്മില്‍ മിണ്ടാട്ടം പോലും ഉണ്ടായിരുന്നില്ല. അടുത്തടുത്ത മുറികളിലിരുന്നുകൊണ്ട് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മന്ത്രിമാരും തമ്മില്‍ എഴുത്തുകുത്തുകളിലൂടെയാണ് സംഭാഷണം നടത്തിപ്പോന്നിരുന്നത്.

പട്ടം ലാല്‍ ബഹാദൂര്‍ ശാസ്ത്രിക്കൊപ്പം

രാജ്യരക്ഷാ മന്ത്രി വികെ കൃഷ്ണമേനോന്‍ കേരളം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും സഞ്ചരിച്ചിരുന്ന കാറില്‍ കയറാന്‍ വ്യവസായ മന്ത്രിയെ പട്ടം അനുവദിക്കാതിരുന്ന സംഭവം പത്രങ്ങളിലെല്ലാം വലിയ വാര്‍ത്തയായി. മലയോര പ്രദേശങ്ങളില്‍ നിന്ന് പാവപ്പെട്ടവരെ കുടിയിറക്കിയതിനെതിരെ നിരാഹാരസമരം ആരംഭിച്ച കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലനെ പരിഹസിച്ച് 'ആരാണീ കോവാലന്‍' എന്നു പത്രക്കാരോട് ചോദിച്ചതും നിരാഹാരസമരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വേണ്ടി മുഖ്യമന്ത്രിയെ കാണാന്‍ ചെന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എംഎന്‍ ഗോവിന്ദന്‍ നായരോട് തട്ടിക്കയറിയ സംഭവവും പണ്ടേ ചാര്‍ത്തിക്കിട്ടിയ 'താണുപിള്ള ദളവ' എന്ന പേര് അരക്കിട്ടുറപ്പിക്കാനേ സഹായകമായുള്ളൂ.

വിവാദങ്ങളുടെ വരവ്

അതിനിടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി അനന്തന്‍ പിള്ളയെയും മകള്‍ ലളിതാംബികയുടെ ഭര്‍ത്താവും പിഎസ്പി മുഖപത്രമായ കേരള ജനതയുടെ മാനേജരുമായ പട്ടം കൃഷ്ണപിള്ളയെയുമൊക്കെ കേന്ദ്രീകരിച്ച് ധാരാളം വിവാദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി.

നിയമസഭയില്‍ ആഭ്യന്തര മന്ത്രിയോട് ഉന്നയിച്ച ഒരു ചോദ്യത്തിലൂടെ നെടുമങ്ങാട് അംഗം എന്‍എന്‍ പണ്ടാരത്തില്‍ പട്ടം കൃഷ്ണപിള്ള ആയിടെ സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ച് പരാമര്‍ശം നടത്തി.

'മുഖ്യമന്ത്രിയുടെ മരുമകനായ പട്ടം കൃഷ്ണ പിള്ള നെടുമങ്ങാട് താലൂക്കില്‍ പാലോട് വില്ലേജില്‍ 25 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള വെങ്കിടഗിരി എസ്റ്റേറ്റും ശ്രീകാര്യത്ത് ആറേക്കര്‍ തെങ്ങിന്‍ തോപ്പും കരകുളം വില്ലേജില്‍ പതിനാറര ഏക്കര്‍ റബ്ബര്‍തൈ വെക്കാനുള്ള സ്ഥലവും ഈയിടെ വാങ്ങിയിട്ടുള്ളതായി അറിയാമോ?' എന്നായിരുന്നു പണ്ടാരത്തിലിന്റെ ചോദ്യം.' 'മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ വാങ്ങിച്ച സ്വത്തുക്കളെക്കുറിച്ച് ഗവണ്‍മെന്റിന് അന്വേഷിക്കേണ്ട കാര്യമില്ലെ'ന്ന് ഉത്തരം നല്‍കിക്കൊണ്ട് ചാക്കോ വഴുതി മാറി.

പട്ടം കൃഷ്ണപിള്ള

തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചുവന്ന നവശക്തി എന്ന പത്രത്തില്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന നിരവധി അഴിമതിക്കഥകള്‍ ഇതിനിടെ പ്രസിദ്ധീകരിച്ചുവന്നു. പൊന്നമ്മ താണുപിള്ളയുടെ ഉറ്റവര്‍ മാത്രമല്ല അല്‍പ്പം അകന്ന ബന്ധത്തിലുള്ളവരുമായ പലരും ഗവണ്‍മെന്റുമായി ബന്ധപ്പെട്ട പല തസ്തികകളിലും നിയമിക്കപ്പെട്ട സംഭവങ്ങള്‍ ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അങ്ങനെയുള്ള നിയമനങ്ങളെ സംബന്ധിച്ച് പത്രാധിപര്‍ കെവി ഗംഗാധരന്‍ നായര്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ട് ഒരു ചോദ്യാവലി പ്രസിദ്ധീകരിച്ചു. അതില്‍ നിന്ന്:

'കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പ് കാലത്ത് മൈക്ക് ജീപ്പ് ഫണ്ടെന്ന ടിക്കറ്റുവിറ്റ് 50000 രൂപയുടെ ഒരു ഫണ്ടുണ്ടാക്കിയല്ലോ. മൈക്ക് എവിടെ? ജീപ്പെവിടെ? ഫണ്ടെവിടെ?

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് വെളിയില്‍ നിന്ന് സോഷ്യലിസ്റ്റ് നേതാക്കന്മാര്‍ ഇവിടെ എത്ര പണമെത്തിച്ചു?

ഷൊര്‍ണ്ണൂര്‍ ഗവണ്‍മെന്റ് പ്രസ്സില്‍ മെഷീന്‍ വാങ്ങിയപ്പോള്‍ കേരളജനതയ്ക്ക് ഒരു സെല്‍ഫ് ഫീഡിംഗ് പ്രസ്സ് കൂടി ചേക്കോസ്ലോവാക്യയില്‍ നിന്നു വന്നതായ സംശയാസ്പദമായ ആ പ്രസ്സിടപാടിനെപ്പറ്റി നവശക്തിയില്‍ ഒരു ലേഖനം വന്നു. നവശക്തി പത്രാധിപര്‍ക്ക് ഇന്നത്തെ സ്ഥാനാര്‍ത്ഥി പട്ടം കൃഷ്ണപിള്ള ഒരു പ്രസിദ്ധ അഡ്വക്കേറ്റ് മുഖാന്തിരം ഒരു നോട്ടീസ് അയച്ചു. നവശക്തി പത്രാധിപര്‍ അതിനെ പുല്ലുപോലെ അവഗണിച്ചില്ലേ? ആ പ്രസ്സ് വ്യാപാരം സംബന്ധിച്ച് അസംബ്ലിയില്‍ ചോദ്യമുണ്ടായില്ലേ? അതു സംബന്ധിച്ച് ഒരു ജുഡീഷ്യല്‍ എന്‍ക്വയറി വേണമെന്ന് കമ്മ്യൂണിസ്റ്റ് മെമ്പര്‍മാര്‍ വാദിച്ചില്ലേ? നിയമസഭാ സ്പീക്കറുടെ എന്‍ക്വയറിക്കു വിടാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. ഒരു ജുഡീഷ്യല്‍ എന്‍ക്വയറി വേണ്ടെന്നുപറഞ്ഞ് ആ കുംഭകോണ കേസ്സവസാനിപ്പിച്ചു. നവശക്തി പത്രാധിപര്‍ക്കയച്ച നോട്ടീസും അതിനു കൊടുത്ത മറുപടി യും പത്രാധിപര്‍ ഒന്നു പ്രസിദ്ധീകരിച്ചു കണ്ടാല്‍ കൊള്ളാമായിരുന്നു.

ശ്രീവരാഹം വനിതാ സമാജത്തിനുവേണ്ടി ലക്ഷത്തിലധികം രൂപക്ക് ടിക്കറ്റുകൊടുത്തത് ഉദ്യോഗസ്ഥന്മാര്‍ മുഖാന്തിരം പൊന്നമ്മസാര്‍ പിരിച്ചെടുക്കുകയുണ്ടായി എന്ന് അക്കാലത്തു കേട്ടു. ഐജി കൃഷ്ണമേനോന്‍ തുടങ്ങിയ ഉന്നതോദ്യഗസ്ഥന്മാര്‍ പലരും ആ ടിക്കറ്റും കൊണ്ട് തേരാപ്പാരാ രാജ്യം മുഴുവനും നടന്നതായി അറിവുണ്ട്. ഇന്ദിരാ പ്രിയദര്‍ശിനി ഫണ്ട് എന്നൊരു ഫണ്ടിന്റെ പേരില്‍ മറ്റൊരു പിരിവു നടത്തി. അതിലുള്ള 500 രൂപയുടെ രണ്ടു ടിക്കറ്റ് ഇതാ എന്റെ മുമ്പില്‍ ഇരുന്നെന്നെ പരിഹസിക്കുന്നു. 'പണമുണ്ടാക്കാന്‍ പഠിക്കണമെടാ, നാണം കെട്ടും പണം നേടിക്കൊണ്ടാല്‍, നാണക്കേടാ പണം തീര്‍ത്തുകൊള്ളുമെടാ 'എന്നാ ടിക്കറ്റുകള്‍ എന്നോട് പറയുന്നതുപോലെ എനിക്കു തോന്നുന്നു.'

പൊന്നമ്മ സാർ എന്ന പൊന്നമ്മ താണുപിള്ള

1961 ജൂണ്‍ 28 ന് സിജി ജനാര്‍ദ്ദനന്‍ പട്ടം മന്ത്രിസഭയ്‌ക്കെതിരെയുള്ള അവിശ്വാസപ്രമേയം അവതരിപ്പിച്ചു. പിഎസ്പി മന്ത്രിമാരുടെ പേരില്‍ അവിശ്വാസപ്രമേയം കൊണ്ടുവരാനാണ് താനാഗ്രഹിച്ചതെന്നും നിയമപ്രകാരം അത് സാദ്ധ്യമല്ലാത്തതുകൊണ്ടാണ് താന്‍ മന്ത്രിസഭയുടെ പേരില്‍ അവിശ്വാസം അവതരിപ്പിക്കുന്നതെന്നും ജനാര്‍ദ്ദനന്‍ പറഞ്ഞു.

'സര്‍, സാധാരണയായി നാം മധുര വഴി രാമേശ്വരത്തേക്കു പോകുമ്പോള്‍ വഴിമധ്യേ പക്ഷിശാസ്ത്രിയുടെ അടുത്തുപോയാല്‍ 25 രൂപയ്ക്കു കാര്യങ്ങള്‍ അവസാനിപ്പിക്കാമെന്നും മറ്റേ ശാസ്ത്രിയുടെ അടുത്താണെങ്കില്‍ 50 രൂപകൊടുത്താലേ കാര്യങ്ങള്‍ സാധിക്കുകയുള്ളൂ എന്നും ചിലര്‍ പറയുന്നതുപോലെ ' നിങ്ങളുടെ പ്രശ്‌നം പരിഹരിക്കണമെങ്കില്‍ മഹാനായ മുഖ്യമന്ത്രി താണുപിള്ളയുടെ പ്രിയപ്പെട്ട മരുമകനായ കൃഷ്ണപിള്ളയെ ഒന്നുപോയി കാണുക അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പട്ടമഹിഷി പിരിക്കുന്ന ഇന്ദിരാ പ്രിയദര്‍ശിനി ഫണ്ടിനുവേണ്ടി എന്തെങ്കിലും സംഭാവന ചെയ്യുക 'എന്നാണ് പറയുന്നത്.'

സിജി ജനാര്‍ദ്ദനന്റെ അവിശ്വാസ പ്രമേയത്തിനും അതിനെ അനുകൂലിച്ചു കൊണ്ട് സി അച്യുതമേനോന്‍, ഇപി ഗോപാലന്‍, ഇറവങ്കര ഗോപാലക്കുറുപ്പ് തുടങ്ങിയ കമ്മ്യൂണിസ്റ്റംഗങ്ങള്‍ നടത്തിയ പ്രസംഗങ്ങള്‍ക്കും ഇംഗ്ലീഷില്‍ നടത്തിയ മറുപടി പ്രസംഗത്തില്‍ അഴിമതി യാരോപണത്തെ സംബന്ധിച്ച് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞു:

'മുഖ്യമന്ത്രിയുടെ ഭാര്യ ഒരു പണപ്പിരിവും നടത്തുന്നതായി എനിക്കറിയില്ല. എന്നാല്‍ ഒന്നെനിക്കറിയാം. മുഖ്യമന്ത്രി യുടെ ഭാര്യ തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തിനുവേണ്ടി പ്രശസ്തമായ സേവനം നടത്തുന്നുണ്ട്. എന്റെ കമ്മ്യൂണിസ്റ്റ് സ്‌നേഹിതന്മാര്‍ ആ സ്ഥാപനം ഒന്നുചെന്ന് കാണേണ്ടതാണ്. മുഖ്യമന്ത്രിയുടെ ഭാര്യയുടെ സേവനത്തെക്കുറിച്ച് അപ്പോള്‍ ബോദ്ധ്യമാകും. '

പിഎസ് നടരാജപിള്ള

മരുമകന്‍ രാഷ്ട്രീയം

അവിശ്വാസ പ്രമേയം തള്ളിപ്പോയെങ്കിലും പട്ടം താണുപിള്ളയുടെയും കുടുംബത്തിന്റെയും പേരിലുള്ള അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കഥകള്‍ രാഷ്ട്രീയകേരളത്തിന്റെ അന്തരീക്ഷത്തിലാകെ നീറിപ്പുകഞ്ഞുനിന്നു. അപ്പോഴാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വരവ്. മുക്കൂട്ട് മുന്നണി അപ്പോഴേക്കും തകര്‍ച്ചയുടെ വക്കിലെത്തി നില്‍ക്കുകയായിരുന്നു. സിഎച്ച് മുഹമ്മദ് കോയ സ്പീക്കര്‍ സ്ഥാനം രാജിവെക്കുകയും മുസ്ലീം ലീഗ് മുന്നണി വിടുകയും ചെയ്തു. പിഎസ്പിയും കോണ്‍ഗ്രസ്സും തമ്മിലുള്ള ബന്ധവും അങ്ങേയറ്റം വഷളായ അവസ്ഥയിലായിരുന്നു. എന്നാല്‍ സീറ്റുകളുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പിഎസ്പി തയ്യാറായില്ല. കെബി മേനോന്റെ സിറ്റിങ് സീറ്റായ വടകരക്കു പുറമേ തിരുവനന്തപുരം - നെയ്യാറ്റിന്‍കര, അമ്പലപ്പുഴ, കാസര്‍കോട് എന്നീ സീറ്റുകളിലും പാര്‍ട്ടി മത്സരിക്കാന്‍ തീരുമാനമായി. 1957 ല്‍ താന്‍ തന്നെ നിന്നു പരാജയപ്പെട്ട തിരുവനന്തപുരം സീറ്റിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. മരുമകനായ പട്ടം കൃഷ്ണപിള്ളയെ സ്ഥാനാര്‍ത്ഥിയാക്കുക എന്നതായിരുന്നു അത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മാസങ്ങള്‍ക്കു മുന്‍പു തന്നെ അതിലേക്കാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടായിരുന്ന ആള്‍ സ്വാതന്ത്ര്യസമരത്തിന്റെ നാളുകള്‍ തൊട്ട് പട്ടത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്ന പിഎസ് നടരാജപിള്ളയായിരുന്നു. 1960 ലെ തിരഞ്ഞെടുപ്പില്‍തന്നെ അദ്ദേഹത്തിന് സീറ്റ് നിഷേധിക്കാന്‍ പട്ടം ഒരു ശ്രമം നടത്തിനോക്കിയിരുന്നു. നടരാജ പിള്ളയെയും എ അച്യുതനെയും കുറിച്ച് മോശപ്പെട്ട പ്രചരണം പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം അഴിച്ചുവിട്ടു.

സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കാന്‍ കൂടിയ യോഗം വാദപ്രതിവാദങ്ങള്‍കൊണ്ട് മുഖരിതമായിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപജാപങ്ങള്‍ പൊളിച്ചുകാട്ടിയ ആറ്റിങ്ങല്‍ ഗോപാലപിള്ള സ്വയം സ്ഥാനാര്‍ത്ഥിയായി മുന്നോട്ടു വന്നെങ്കിലും ഒടുവില്‍ പട്ടം പിടിച്ചിടത്തു തന്നെ കൊണ്ടുചെന്നുകെട്ടി. പട്ടം കൃഷ്ണപിള്ള സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടു! അതോടെ അന്നേ നാള്‍വരെ പട്ടത്തിന്റെ അടുത്ത സഹചാരികളായി അറിയപ്പെട്ടിരുന്ന കുമ്പളത്തു ശങ്കുപ്പിള്ള, പിഎസ് നടരാജപിള്ള, പൊന്നറ ശ്രീധര്‍ എന്നിവര്‍ നേതാവുമായി പൂര്‍ണ്ണമായും തെറ്റി.

ആരാണ് പട്ടം കൃഷ്ണപിള്ള?

പട്ടത്തിന്റെ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തനങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ചിരുന്ന, അഭിഭാഷകന്‍ കൂടിയായ കൃഷ്ണപിള്ള തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തെക്കുറിച്ചും അവിടുത്തെ സാമൂഹ്യ രാഷ്ട്രീയ അടിയൊഴുക്കുകളെക്കുറിച്ചുമൊക്കെ സാമാന്യം ധാരണയുള്ള വ്യക്തിയായിരുന്നു. 'വലിയ ഒച്ചപ്പാടുണ്ടാക്കാതെ വേണ്ടപ്പെട്ട കാര്യങ്ങള്‍ ശരിപ്പെടുത്തിയെടുക്കുന്നതില്‍ ശ്രീ. കൃഷ്ണപിള്ളയ്ക്കുള്ള കഴിവിനുള്ള തെളിവാണ് കേരള ജനതാ പ്രസ്സും മറ്റും. ഏതു പ്രകോപനത്തിലും ക്ഷോഭിക്കാതെ എന്തും നയതന്ത്രങ്ങളോടെ സ്വന്തം കാര്യം നോക്കാനുള്ള സന്നദ്ധതയാണ് ശ്രീ. കൃഷ്ണ പിള്ളയുടെ പ്രത്യേകത. തന്റെ ആയുഷ്‌ക്കാല മിത്രമായ പിഎസ് നടരാജ പിള്ളയെ കൈയൊഴിയാന്‍ പട്ടം താണുപിളളയ്ക്കു തോന്നത്തക്കവണ്ണം അത്രമാത്രം പ്രിയംകരനാണ് ഈ ജാമാതാവ്.'( ജനയുഗം)

പട്ടം കൃഷ്ണപിള്ളയാണ് ഐക്യകക്ഷിയുടെ സ്ഥാനാര്‍ത്ഥിയെന്ന് അറിഞ്ഞപ്പോള്‍, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വേണ്ടി കമ്മ്യൂണിസ്റ്റ് - ആര്‍എസ്പി മുന്നണി ആദ്യം ചെന്നുകണ്ടത് സി നാരായണ പിള്ളയെയാണ്. സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കാനുള്ള തീരുമാനം അറിയിച്ചുകൊണ്ട് അദ്ദേഹം ഒഴിഞ്ഞുമാറി. തുടര്‍ന്ന് അവര്‍ പിഎസ് നടരാജ പിള്ളയെ സമീപിച്ചു. പട്ടം തന്നോടു കാണിച്ച നീതികേടിനെച്ചൊല്ലിയുള്ള അമര്‍ഷം അടക്കിപ്പിടിച്ചിരിക്കുകയായിരുന്ന അദ്ദേഹം തന്റെ സമ്മതം അറിയിച്ചു. പട്ടം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നീക്കമായിരുന്നു അത്. കമ്മ്യൂണിസ്റ്റുകാര്‍ മാത്രമല്ല അവരോട് പല കാര്യങ്ങളിലും വിയോജിപ്പുള്ള പി കേശവദേവ്, കെ ബാലകൃഷ്ണന്‍ തുടങ്ങിയ എഴുത്തുകാരും ബുദ്ധിജീവികളുമൊക്കെ നടരാജ പിള്ളക്ക് പിന്തുണ പ്രഖ്യാപിച്ചു. ഈ മത്സരം വാസ്തവത്തില്‍ പട്ടം കൃഷ്ണപിള്ളയും പിഎസ് നടരാജപിള്ളയും തമ്മിലല്ല, മുഖ്യമന്ത്രി പട്ടവും അദ്ദേഹത്തിന്റെ ഉറ്റ അനുയായിയായിരുന്ന നടരാജ പിള്ളയും തമ്മിലാണെന്ന് അവര്‍ പറഞ്ഞു. പട്ടവും അങ്ങനെതന്നെയാണ് മത്സരത്തെ കണ്ടത്.

മരുമകനെ വിജയിപ്പിക്കാനായി പട്ടം ഭരണയന്ത്രത്തെയാകെ രംഗത്തിറക്കി എന്ന ആക്ഷേപമുയര്‍ന്നു. പല ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരും ഒരു പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗവും പരസ്യമായിത്തന്നെ കൃഷ്ണപിള്ളക്കുവേണ്ടി വോട്ടുപിടിക്കാനിറങ്ങി.

ഇന്ത്യയുടെ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി കടുത്ത ശത്രുതയിലായിരുന്ന പിഎസ്പിയുടെ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി വോട്ടാവശ്യപ്പെട്ട് പ്രസംഗിക്കാന്‍ പ്രധാനമന്ത്രി നെഹ്‌റു വിസമ്മതം പ്രകടിപ്പിച്ചു. പിഎസ്പിയുടെ പരമോന്നത നേതാവ് ആചാര്യ കൃപലാനി അന്ന് ബോംബെ സെന്‍ട്രല്‍ മണ്ഡലത്തില്‍ രാജ്യരക്ഷാ മന്ത്രി വികെ കൃഷ്ണമേനോനെതിരെ അതിരൂക്ഷമായ തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസുകാരെ പ്രീണിപ്പിക്കാന്‍ വേണ്ടി കൃഷ്ണമേനോനെ എതിര്‍ക്കുന്നവര്‍ വിഡ്ഢികളാണെന്ന് പട്ടം പരസ്യമായി പ്രസംഗിച്ചു.

പട്ടം മന്ത്രിസഭ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് വെള്ളപ്പൊക്കകാലത്തുപോലും നല്‍കാതിരുന്ന പണം തിരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ തീരദേശവാസികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാനായി ഉപയോഗിച്ചത് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. നാടാര്‍ സമുദായത്തില്‍പ്പെട്ടവരെ പിന്നോക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് അവര്‍ക്ക് വിദ്യാഭ്യാസാനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതും വിമര്‍ശിക്കപ്പെട്ടു.

രാഷ്ട്രീയത്തിനുവേണ്ടി ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം നഷ്ടപ്പെടുത്തിയതല്ലാതെ കാര്യമായൊന്നും സമ്പാദിക്കാത്ത, തികഞ്ഞ സാത്വികനായ പിഎസ് നടരാജ പിള്ളയോട് എല്ലാവര്‍ക്കും പൊതുവേ ആദരവായിരുന്നു. വിഖ്യാത പണ്ഡിതനായ മനോന്‍മണീയം സുന്ദരന്‍ പിള്ളയുടെ പുത്രനായ നടരാജപിള്ളയായിരുന്നു 1954 ലെ സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണബില്ലിന്റെ മുഖ്യശില്‍പ്പി. ശ്രീമൂലം പ്രജാസഭയില്‍ അംഗമായിരുന്ന കാലം മുതല്‍ക്കുള്ള നടരാജപിള്ളയുടെ പ്രവര്‍ത്തന പാരമ്പര്യവും അനുഭവസമ്പത്തും കണക്കിലെടുത്ത് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അദ്ദേഹത്തെ ഭരണപരിഷ്‌കാര കമ്മിറ്റിയില്‍ അംഗമാക്കി.

പട്ടം താണുപിള്ളയോട് എക്കാലവും ആദരവ് മാത്രം സൂക്ഷിച്ചിരുന്ന നടരാജ പിള്ളക്ക് പോലും സഹികെട്ട് ഒടുവില്‍ പത്രക്കാരെ വിളിച്ച് സര്‍ക്കാരിന്റെ അധികാരദുര്‍വിനിയോഗത്തെക്കുറിച്ചും പിഎസ്പി ഗുണ്ടകളുടെ അക്രമത്തെക്കുറിച്ചും പറയേണ്ടിവന്നു. താണുപിള്ള സാറിന്റെ ലെഫ്റ്റനന്റുകളായിരുന്ന കുമ്പളവും പൊന്നറയും പൊട്ടിത്തെറിക്കുകതന്നെ ചെയ്തു.

'കന്യാകുമാരി ഡിസ്റ്റിക്റ്റില്‍ ഇലക്ഷന്‍ പ്രചരണത്തിനുപോകാന്‍ വന്ന കാമരാജ നാടാരെ പട്ടം വിമാനത്താവളത്തില്‍ കാത്തുനിന്ന് സ്വീകരിച്ചു. കൂടാതെ കാറില്‍ കയറി കളീക്കവിള വരെ ഇടയ്ക്കിടെ സ്വീകരണങ്ങളും ഏര്‍പ്പാടുചെയ്തിട്ട് ഒന്നിച്ചുപോകാനും അവിടെവരെ എത്ര ശ്രമിച്ചിട്ടും ശ്രീ. കാമരാജിനെക്കൊണ്ട് മരുമകന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങി ഒറ്റവാക്ക് പറയിക്കാന്‍ പോലും കഴിയാതെ കുഴങ്ങാനും ഒടുവില്‍ കളീയ്ക്കവിളയില്‍ ചെന്നു കോണ്‍ഗ്രസ്സിനെ അനുകൂലിച്ചു പ്രസംഗിക്കാനും നേരിട്ട ഗതികേട് മരുമോനെ ജയിപ്പിക്കണമെന്ന അതിമോഹമല്ലാതെ മറ്റെന്താണ്? പിഎസ്പി സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്ന നിയോജക മണ്ഡലങ്ങള്‍ സന്ദര്‍ശിക്കുക പോലുമില്ലെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടെ കോണ്‍ഗ്രസ്സ് ഇലക്ഷന്‍ പ്രചരണത്തിന് യാത്ര തിരിക്കാന്‍ തുടങ്ങിയ പണ്ഡിറ്റ്ജിയുടെ കാറില്‍ നേരത്തെ കയറിയിരുന്നിട്ട് ഇറക്കി വിട്ടപ്പോള്‍ ഇളിഭ്യനാകേണ്ട ആവശ്യവും പിഎസ്പിയുടെ ചെയര്‍മാനു ചേര്‍ന്നതാകുമോ?' കുമ്പളം ചോദിച്ചു.

'അച്ചടക്കം ലംഘിച്ച് പാര്‍ട്ടിയെ അവഹേളിച്ചത് മുഖ്യമന്ത്രി പട്ടമാണ്. മരുമകനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നീതിയും ചട്ടവും തോട്ടിലെറിഞ്ഞു. രാഷ്ട്രീയ പാരമ്പര്യമുള്ള സഹപ്രവര്‍ത്തകരെ അവഗണിച്ചു; ആക്ഷേപിച്ചു. ഭീഷണിയും കള്ളപ്രചരണവും കൊണ്ട് കാര്യം നേടാമെന്നാണ് ഇപ്പോള്‍ പട്ടത്തിന്റെ വ്യാമോഹം!' പൊന്നറ ശ്രീധര്‍ തുറന്നടിച്ചു.

1962 ഫെബ്രുവരി 25 ന് ബാലറ്റു പെട്ടി തുറന്നപ്പോള്‍ പട്ടം മാത്രമല്ല ഞെട്ടിയത്. പിഎസ്പി എന്ന പാര്‍ട്ടിക്ക് കേരളത്തില്‍ മേല്‍വിലാസം ഇല്ലാതാക്കിക്കൊണ്ട് മത്സരിച്ച നാലു സീറ്റുകളിലും പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. പിഎസ് നടരാജ പിള്ള അഭിമാനാര്‍ഹമായ വിജയം നേടി. കൂടെ നിന്നവരെല്ലാം തന്നെ കയ്യൊഴിഞ്ഞു എന്നും താന്‍ തികച്ചും ഒറ്റപ്പെട്ടുവെന്നും പട്ടത്തിന് ബോദ്ധ്യമായി. അധികം വൈകാതെ തന്നെ ചേര്‍ന്ന പിഎസ്പിയുടെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തില്‍ വെച്ച് താന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്ന് പട്ടം പ്രഖ്യാപിച്ചു. പിഎം കുഞ്ഞിരാമന്‍ നമ്പ്യാര്‍ പുതിയ ചെയര്‍മാനായി.

ആരോഹണം, അവരോഹണം

പട്ടത്തിനെ ഒഴിവാക്കിയില്ലെങ്കില്‍ സര്‍ക്കാരിന് ഇനി അധികനാള്‍ മുന്നോട്ടുപോകാനാകില്ലെന്ന് ബോദ്ധ്യം വന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒടുവില്‍ ഇടപെടാന്‍ തീരുമാനിച്ചു. നെഹ്‌റു ആഭ്യന്തര മന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയെ കേരളത്തിലേക്ക് അയച്ചു. ശാസ്ത്രിയും ഗവര്‍ണ്ണര്‍ വിവി ഗിരിയും തമ്മില്‍ ചര്‍ച്ച ചെയ്ത് ഒരു പദ്ധതി തയ്യാറാക്കി. സംഭവം ചോര്‍ന്നു കിട്ടിയ കെ ബാലകൃഷ്ണന്‍ അത് സ്‌കൂപ്പായി കൗമുദിപ്പത്രത്തില്‍ കൊടുക്കുകയും ചെയ്തു.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേ തീരൂ എന്ന് ശാസ്ത്രി പട്ടത്തിനോട് തീര്‍ത്തു പറഞ്ഞു. അതിന് പകരമായി വാഗ്ദാനം ചെയ്തത് പഞ്ചാബിന്റെ ഗവര്‍ണ്ണര്‍ സ്ഥാനമാണ്. വെറും കൈയോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിനേക്കാള്‍ നല്ലത് അത്തരമൊരു സ്ഥാനാരോഹണമാണെന്ന് തിരിച്ചറിഞ്ഞ പട്ടം സഹധര്‍മ്മിണിയോടും മറ്റു കുടുംബാംഗങ്ങളോടും ആലോചിച്ച ശേഷം അത് സ്വീകരിക്കാന്‍ തീരുമാനിച്ചു. 1962 സെപ്റ്റംബര്‍ 25 ന് ആറ്റിങ്ങലില്‍ ഒരു പാര്‍ട്ടി യോഗത്തില്‍ സംബന്ധിച്ച പട്ടം ഒപ്പമുണ്ടായിരുന്ന സോഷ്യലിസ്റ്റ് സഖാക്കളോട് പോലും ഇക്കാര്യം പറഞ്ഞില്ല. ആറ്റിങ്ങലില്‍ നിന്ന് മടങ്ങിവന്ന ശേഷം അന്നുരാത്രി തന്നെ രാജ്ഭവനില്‍ പോയി രാജി സമര്‍പ്പിച്ച പട്ടം അടുത്തൊരു ദിവസം തന്നെ പഞ്ചാബിലേക്ക് വിമാനം കയറുകയും ചെയ്തു.

പട്ടത്തിന്റെ ഈ നടപടിയെ കൊടിയ വിശ്വാസവഞ്ചനയായിട്ടാണ് പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരും പിഎസ്പി അഖിലേന്ത്യാ നേതൃത്വവും കണ്ടത്. പാര്‍ട്ടിയുടെ മന്ത്രിമാരായ കെ ചന്ദ്രശേഖരനും ഡി ദാമോദരന്‍ പോറ്റിയും മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിച്ചുകൊണ്ട് പ്രതിപക്ഷത്തേക്ക് മാറുകയും ചെയ്തു. പാര്‍ട്ടി നടപടി എടുത്തു പുറത്താക്കുകയോ സ്വയം പുറത്തുപോകുകയോ ചെയ്ത പലരും - പ്രത്യേകിച്ച് പൊന്നറ ശ്രീധറും പികെ കുഞ്ഞും പിഎസ്പിയിലേക്ക് തിരിച്ചുവന്നു.

പട്ടത്തിനെ ആശുപത്രിയിൽ രാഷ്ട്രപതി വി വി ഗിരി സന്ദർശിക്കുന്നു

ശേഷം സംഭവിച്ചത്

1964 ജൂണ്‍ മാസത്തില്‍ അഖിലേന്ത്യാ തലത്തില്‍തന്നെ പിഎസ്പിയും ലോഹ്യയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി ഉണ്ടായി. പിന്നീടത് കെഎസ്എസ്പിയും ഐഎസ്പിയും പിഎസ്പിയും വെറും എസ്പിയുമൊക്കെയായി പലതവണ പിളര്‍ന്നു മാറുകയും പഴയതുപോലെ കൂടിച്ചേരുകയുമൊക്കെ ചെയ്തു. 1971 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വികെ കൃഷ്ണ മേനോനോട് ഏറ്റുമുട്ടി ഡി ദാമോദരന്‍ പോറ്റി അടിയറവ് പറഞ്ഞതോടെ 'പട്ടത്തിന്റെ സ്വന്തം പാര്‍ട്ടി ' തിരുവനന്തപുരത്ത് നിന്ന് തീര്‍ത്തും അപ്രത്യക്ഷമായി! വര്‍ഷങ്ങള്‍ക്കു ശേഷം പട്ടത്തിന്റെ മരുമകന്‍ പട്ടം കൃഷ്ണപിള്ള വീണ്ടുമൊരു തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് 1978 ല്‍ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നാഷണല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി എന്ന നായന്മാരുടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിട്ടാണ്! ത്രികോണ മത്സരത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥി കെ അനിരുദ്ധനോട് അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. താണുപിള്ള സാറിന്റെ വിനീത വിധേയരായ എന്തിനും പോന്ന പഴയ നായര്‍പ്പട ഇന്ന് തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ കോട്ടകള്‍ കാക്കുന്നവരായി മാറിയിരിക്കുന്നു!

പട്ടം താണുപിള്ള പഞ്ചാബിലും തുടര്‍ന്ന് ആന്ധ്രയിലും ഗവര്‍ണ്ണര്‍ സ്ഥാനം വഹിക്കുമ്പോള്‍ പലതവണ കേരളം സന്ദര്‍ശിച്ചു. 1966 ജനുവരിമാസത്തില്‍ പിഎസ് നടരാജ പിള്ള വിടപറഞ്ഞു പോയി. തൊട്ടടുത്ത മാസം പൊന്നറ ശ്രീധറും. സ്വാതന്ത്ര്യസമരത്തിന്റെ നാളുകള്‍ മുതല്‍ കാല്‍നൂറ്റാണ്ട് കാലത്തോളം മറുത്തൊരക്ഷരം പോലും പറയാതെ തന്റെ ആജ്ഞകള്‍ അതേപടി ഏറ്റുവാങ്ങിക്കൊണ്ട് എല്ലായ്‌പ്പോഴും തൊട്ടുപിറകില്‍ തന്നെ നിലയുറപ്പിച്ചിരുന്ന ആ രണ്ടുപേരുടെയും വീടുകള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ തന്റെ അനുശോചനമറിയിക്കാന്‍ പട്ടം താണുപിള്ള സാര്‍ കൂട്ടാക്കിയില്ല. ഗവര്‍ണ്ണര്‍ സ്ഥാനമൊക്കെ ഒഴിഞ്ഞ് ഒടുവില്‍ ശയ്യാവലംബിയായി മാസങ്ങള്‍ കിടന്ന ശേഷം 1970 ജൂലൈ 27 ന് അദ്ദേഹവും ഈ ലോകത്തോട് വിടപറഞ്ഞു.

പട്ടം താണുപിള്ള തന്റെ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതത്തിന്റെ സ്വച്ഛതയും സൈ്വര്യതയും ഉപേക്ഷിച്ച രാജ്യസ്‌നേഹിയും പ്രഗത്ഭനായ ഭരണ കര്‍ത്താവുമായിരുന്നു. എന്നാല്‍ ജനാധിപത്യത്തെ ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സങ്കല്‍പ്പങ്ങള്‍ വ്യത്യസ്തമായിരുന്നുവെന്ന് മാത്രം. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍ വേറിട്ടു നില്‍ക്കുന്ന ഒരദ്ധ്യായമാകുന്നു തണ്ടും തലയെടുപ്പുമുള്ള ആ നേതാവിന്റെയും അദ്ദേഹത്തിന്റെ നേതൃവൈഭവത്തിന്‍ കീഴില്‍ അരങ്ങ് നിറഞ്ഞാടിയ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെയും കഥ.

Baiju Chandran writes about Pattom Thanu Pillai and his style of politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി

ഇനി നടന്ന് സമയം കളയണ്ട!, ആപ്പ് വഴി ആധാറിലെ അഡ്രസ് പുതുക്കാം; വെറും 75 രൂപ മാത്രം, വിശദാംശങ്ങള്‍

'ഖലീഫയിലെ 'സ്വപ്‌ന സുരേഷ്'; ആ രംഗം കാരണമാണ് ഡീഗ്രേഡിങ് കിട്ടുന്നത്'; കമന്റുകള്‍ക്ക് മറുപടിയുമായി സനൂജ

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; നൊവാക് ജോക്കോവിച്ചും വീനസ് വില്യംസും ആദ്യ റൗണ്ടില്‍ പുറത്ത്

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാം; 15 ഒഴിവുകൾ, തൃശൂർ, പാലക്കാട് ജില്ലകളിൽ നിയമനം