Churalmala, Mundakai landslide x
News+

കാലാവസ്ഥാ വ്യതിയാനം, കേരളം കരുതിയിരിക്കണം

നിലവിലെ സാഹചര്യത്തില്‍ വരുന്ന നൂറ് വര്‍ഷത്തിനുള്ളില്‍ കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും.

എന്‍ പി അനൂപ്

കാലാവസ്ഥാ വ്യതിയാനം, ലോകത്ത് ഏറ്റവും അധികം ഭീഷണി നേരിടുന്ന ആദ്യ പത്ത് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. നവംബര്‍ 10 മുതല്‍ 21 വരെ ബ്രസീലില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ (CO-P30) ജര്‍മ്മന്‍വാച്ച് പ്രസിദ്ധീകരിച്ച, കാലാവസ്ഥാ അപകട സൂചിക (CRI) 2026 എന്ന പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 1995 നും 2024 നും ഇടയില്‍ ലോകത്ത് കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഉണ്ടായ 9,700-ലധികം സംഭവങ്ങളില്‍ 832,000-ത്തിലധികം പേരാണ് മരിച്ചത്. ഏകദേശം 5000 കോടി ആളുകളെ നേരിട്ട് ബാധിച്ച ഇത്തരം കാലാവസ്ഥ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയ സാമ്പത്തിക നഷ്ടം 45 ലക്ഷം കോടി കവിയും.

കാലാവസ്ഥ മാറ്റങ്ങള്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ സമീപ മനുഷ്യ ജീവനെ പോലൂം പ്രതികൂലമായി ബാധിച്ചേക്കുന്ന നിലയിലാണെന്നാണ് ഈ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. വരുന്ന 25 വര്‍ഷത്തിനുള്ളില്‍ കാലാവസ്ഥാ വ്യതിയാനം ആഗോള തലത്തില്‍ ഒന്നരക്കോടി മരണങ്ങള്‍ക്ക് കാരണമാകുമെന്നാണ് അഗോള സംഘടനയായ അഡെല്‍ഫിയുടെ പുതിയ പഠനം നല്‍കുന്ന മുന്നറിയിപ്പ്. കാലാവസ്ഥാ വ്യതിയാനം പ്രതിരോധിക്കാനുള്ള നടപടികള്‍ കാര്യക്ഷമമായില്ലെങ്കില്‍ 2050 ഓടെ അനന്തര ഫലങ്ങള്‍ രൂക്ഷമാകും.

കാലാവസ്ഥാ വ്യതിയാനം മനുഷ്യനിലേക്ക്

താപനിലയിലെ വര്‍ധന, രോഗ വ്യാപനം, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം എന്നിവയാണ് പ്രധാനമായും മനുഷ്യ ജീവിതത്തെ നേരിട്ട് ബാധിക്കാന്‍ ഇടയുള്ള സാഹചര്യങ്ങള്‍. കാലാവസ്ഥാ വ്യതിയാനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആഗോള പ്രത്യാഘാതങ്ങളുടെ 18 ശതമാനം ദക്ഷിണേഷ്യയില്‍ ആയിരിക്കുമെന്നും അഡെല്‍ഫിയുടെ പഠനം അടിവരയിടുന്നു.

ഈ റിപ്പോര്‍ട്ടിനെ ഏറ്റവും അധികം ആശങ്കയോടെ കാണേണ്ട രാജ്യം ഇന്ത്യയാണ്. ലോകത്ത് ഏറ്റവും കഠിനമായ ഉഷ്ണ തരംഗങ്ങള്‍, ക്രമം തെറ്റിയ മഴക്കാലം, വരള്‍ച്ച ഇവയെല്ലാം ഇന്ത്യയെ തുടര്‍ച്ചയായി ബാധിക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പൊതുജനാരോഗ്യത്തെ പ്രതിസന്ധിയിലാക്കും. ഡെങ്കി, മലേറിയ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ രാജ്യത്ത് പതിവാകുന്ന റിപ്പോര്‍ട്ടുകളും നമുക്ക് മുന്നിലുണ്ട്. വര്‍ധിച്ചുവരുന്ന കാലാവസ്ഥ വ്യതിയാന വെല്ലുവിളികളെ നേരിടാന്‍ മാത്രം അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയ്ക്ക് 2.4 ട്രില്യണ്‍ ഡോളര്‍ (24 ലക്ഷം കോടി ) വേണ്ടിവരുമെന്നാണ് അഡെല്‍ഫി റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നത്.

തീവ്രമായ ഉഷ്ണതരംഗങ്ങള്‍, ഉയരുന്ന സമുദ്രനിരപ്പ്, ക്രമം തെറ്റുന്ന മണ്‍സൂണ്‍ എന്നിവയുള്‍പ്പെടെ വര്‍ദ്ധിച്ചുവരുന്ന കാലാവസ്ഥാ ഭീഷണികളെയാണ് ഇന്ത്യ നേരിടുന്നത് എന്ന് 2024 ലെ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍ റിപ്പോര്‍ട്ടും അടിവരയിടുന്നു. രാജ്യത്തെ ജനജീവിതത്തെ സാരമായി ബാധിക്കുന്ന വിധത്തില്‍ മനുഷ്യന്റെ ജീവിതത്തെയും ആവാസ വ്യവസ്ഥയ്ക്കും ഈ സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നു.

കഴിഞ്ഞ 30 വര്‍ഷത്തിനിടെ രാജ്യത്തെ ഉഷ്ണ തരംഗ ദിവസങ്ങളുടെ എണ്ണം പ്രതിവര്‍ഷം മൂന്ന് എന്ന നിലയില്‍ വര്‍ധിച്ചു. ആളുകളുടെ ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്ന നിലയിലേക്ക് ഇത് വളര്‍ന്നു. മരണങ്ങളുടെ എണ്ണം എന്ന തരത്തില്‍ വര്‍ധിച്ചു. മഴയുടെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് മറ്റൊന്ന്. രാജ്യത്തെ വിവിധ ഇടങ്ങളില്‍ വെള്ളപ്പൊക്കം ഉള്‍പ്പെടെയുള്ള മഴക്കെടുതികളും പതിവായിക്കഴിഞ്ഞു.

2024 ലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ ഈ ഉയര്‍ച്ച വ്യക്തമാകും. 2024 ജൂലൈ 30 ന് വയനാട്ടിലെ മുണ്ടക്കൈ- ചൂരല്‍ മല ഉരുള്‍പ്പൊട്ടലില്‍ മാത്രം 350 ഓളം പേര്‍ മരിച്ചു. ഇതേ വര്‍ഷം 1300 പേരാണ് രാജ്യത്ത് ഇടിമിന്നലേറ്റ് മരിച്ചത്. 2024 ജൂലൈ 19 മാത്രം ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളിലായി 72 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. കാലാവസ്ഥാ വ്യതിയാനം പൊതു ജനാരോഗ്യത്തെയും ജല- ഭക്ഷ്യ സുരക്ഷയെയും നേരിട്ട് ബാധിക്കുന്ന നിലയില്‍ വളരുമ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും വേഗത വേണമെന്ന് Strengthening India's climate-health resilience: a public health imperative-എന്ന പഠനവും അടിവരയിടുന്നു.

കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍

ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്രറ്റിട്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെ കാലാവസ്ഥ അനുബന്ധമായ ആരോഗ്യ ക്രമീകരണം: ഇന്ത്യയിലെ തിരിച്ചടികള്‍ എന്ന നയ രേഖയില്‍ കേരളം ഉള്‍പ്പെടെ നേരിടുന്ന പ്രശ്‌നങ്ങള്‍ വിശദമായി പരിശോധിക്കുന്നുണ്ട്.

ഈര്‍പ്പം നിറഞ്ഞ ട്രോപ്പിക്കല്‍ കാലാവസ്ഥയാണ് കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ പൊതുവിലുള്ള സ്വഭാവം. ഉഷ്ണമേഖലാ മണ്‍സൂണ്‍ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. കനത്ത മഴയും ചൂടുള്ള വേനലും ഇതില്‍ ഉള്‍പ്പെടുന്നു. കേരളത്തിന്റെ കാലാവസ്ഥയെ നിയന്ത്രിക്കുന്നതില്‍ പശ്ചിമ ഘട്ടത്തിന് വലിയ പങ്കുണ്ട്. മാര്‍ച്ച് മുതല്‍ മെയ് അവസാനം വരെയാണ് കേരളത്തിലെ കടുത്ത വേനല്‍ക്കാലം. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ നീണ്ടു നില്‍ക്കുന്ന മഴക്കാലത്തില്‍ സംസ്ഥാനത്ത് ശരാശരി 3000 മില്ലി ലിറ്റര്‍ മഴയാണ് പെയ്തിറങ്ങുക. ഇതിന്റെ 80% തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലും, 12% മണ്‍സൂണ്‍ കഴിഞ്ഞുള്ള സമയത്തും, 7% വേനല്‍ക്കാലത്തും, 1% ശൈത്യകാലത്തും ലഭിക്കുന്നു.

കാലാവസ്ഥാ ഭീഷണികള്‍

സമുദ്ര നിരപ്പ് ഉയരുന്ന സാഹചര്യമാണ് കേരളം ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യ നേരിടുന്ന പ്രധാന കാലാവസ്ഥാ പ്രശ്‌നങ്ങളില്‍ ഒന്ന്. ഇത് മൂലം ശുദ്ധ ജലത്തില്‍ ലവണാംശം കലരുകയും കുടിവെള്ള പ്രതിസന്ധി ഉണ്ടാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം സമുദ്രോപരിതലത്തിലെ ചൂട് വര്‍ധിപ്പിക്കുകയും പി എച്ച് മാറ്റങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. തീരദേശ ആവാസ വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുന്നു. മത്സ്യ ബന്ധനം, പവിഴ പുറ്റുകള്‍ എന്നിവയെ ഇത് നേരിട്ട് ബാധിക്കുന്നു. കടലിനെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗത്തിന്റെ ഉപജീവനമാര്‍ഗത്തെയും ഈ സാഹചര്യം സ്വാധീനിക്കുന്നു. ജല നിരപ്പിലെ ഉയര്‍ച്ചയും മറ്റ് മാറ്റങ്ങളും ന്യൂന മര്‍ദങ്ങള്‍ക്കും കൊടുങ്കാറ്റുകള്‍ക്കും വഴിവയ്ക്കുന്നു. ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റുകള്‍ മൂലം ഉണ്ടാകുന്ന കനത്ത മഴ തീര പ്രദേശങ്ങളില്‍ നിരന്തരം വെള്ളപ്പൊക്കം ഉണ്ടാകുന്നതിലേക്കും പ്രദേശത്തെ ജനജീവിതം ദുഃസ്സഹമാക്കുകയും ചെയ്യുന്നു.

നിലവിലെ സാഹചര്യത്തില്‍ വരുന്ന നൂറ് വര്‍ഷത്തിനുള്ളില്‍ കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും. സമുദ്ര നിരപ്പ് ഒരു മീറ്റര്‍ ഉയര്‍ന്നാല്‍ കൊച്ചിയുമായി ചേര്‍ന്നു കിടക്കുന്ന തീര മേഖലയുടെ 169 ചതുരശ്ര കിലോ മീറ്റര്‍ വെള്ളത്തിനടിയിലാകും.

താപനിലയും മഴയും

2030 ആകുമ്പോഴേക്കും ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തെ താപനില 1.7 മുതല്‍ 1.8 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് വിലയിരുത്തല്‍. അതേസമയം കിഴക്കന്‍ തീരത്തെ താപനില 1.6 മുതല്‍ 2.1 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. തെക്കേ ഇന്ത്യയുടെ തീരദേശ, ഉള്‍പ്രദേശങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങളില്‍ മഴക്കാലത്ത് ചൂട് കൂടുന്ന പ്രവണത നിലവില്‍ തന്നെ പ്രകടമാണ്.

കാലാവസ്ഥാ വ്യതിയാനം ഉണ്ടാക്കുന്ന പൊതുവായ ആരോഗ്യ അപകടസാധ്യതകള്‍

മഴയിലെ വര്‍ധന, കടല്‍ കയറ്റം, വെള്ളപ്പൊക്കം, അന്തരീക്ഷ താപനില എന്നിവ ഉയരുന്നതിലേക്കും രോഗാണുവാഹക-ജലജന്യ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതിലേക്കും നയിക്കും. മലേറിയ, ഫൈലേറിയ, ഡെങ്കി, ചിക്കുന്‍ഗുനിയ തുടങ്ങിയ പ്രധാന രോഗാണുവാഹക-ജലജന്യ രോഗങ്ങളുടെയും പ്രാണി ജന്യ രോഗങ്ങള്‍, കോളറ തുടങ്ങിയവയും കാലാവസ്ഥാ മാറ്റത്തിനൊപ്പം വ്യാപകമാകുന്നുണ്ട്. മലിനമായ ജലം കുടിവെള്ള സ്രോതസുകളുമായി കലരുന്നത് വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ് രോഗങ്ങളുടെ വ്യാപനത്തിനും വഴിയൊരുക്കുന്നു.

മണലീച്ചകള്‍ പോലുള്ള പരാന്ന ജീവികളിലൂടെ പകരുന്ന രോഗങ്ങള്‍ (മലേറിയ, കരിമ്പനി, ഡെങ്കി) പുതിയ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനും താപനില വര്‍ധന കാരണമാകുന്നു. ചൂട് ഉയരുന്ന സാഹചര്യം കൊതുകളുടെ പ്രചനനത്തെയും വര്‍ധിപ്പിക്കുന്നു.

തീരദേശങ്ങള്‍ പോലുള്ള ഉയര്‍ന്ന ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലുള്ളവര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂടുന്നു എന്നതാണ് മറ്റൊരു സാഹചര്യം. ജനങ്ങളില്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നത് ജീവിത ദുരിതം വര്‍ധിപ്പിക്കുന്നു.

വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവ കൃഷിയെയും ഉപജീവന മാര്‍ഗങ്ങളെയും നേരിട്ട് ബാധിക്കുന്ന ഒന്നാണ്. ഇത് ഭക്ഷ്യ ലഭ്യത കുറയ്ക്കുകയും ഫലമായി പോഷകാഹാരക്കുറവ് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും രൂപം കൊള്ളുന്നു.

ഇന്ത്യന്‍ നെറ്റ് വര്‍ക്ക് ഫോര്‍ ക്ലൈമറ്റ് ചെയ്ഞ്ച് അസസ്‌മെന്റ് റിപ്പോര്‍ട്ട് പ്രകാരം കേരളം സമീപ കാലത്തായി നേരിടുന്ന പ്രധാന പ്രശ്‌നം പുതിയ രോഗങ്ങളുടെ സാന്നിധ്യമാണ്. 1990 കളുടെ അവസാനത്തോടെയാണ് ഈ സാഹചര്യം ആരംഭിക്കുന്നത്. നിപ വൈറസ്, എലിപ്പനി, ഡെങ്കിപ്പനി തുടങ്ങി അമീബിക് മസ്തിഷ്‌ക ജ്വരം വരെ സംസ്ഥാനത്ത് നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത്തരം രോഗാവസ്ഥകള്‍ ക്രമാനുഗതമായി വര്‍ധിച്ചുവരികയും, ബാധിക്കപ്പെടുന്ന പ്രദേശങ്ങളുടെ പരിധി കൂടുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. ആരോഗ്യ പരിപാലന രംഗത്ത് സംസ്ഥാനം ലോകോത്തര നിലവാരത്തില്‍ എത്തിനില്‍ക്കുമ്പോഴും കേരളത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതിരിക്കുന്ന നിലയുണ്ട്. ചില ഗുരുതര പ്രശ്‌നങ്ങള്‍ ഉയരുകയും അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന പ്രവണതയാണ് സംസ്ഥാനത്തുള്ളതെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു.

Climate change presents major challenges for Kerala, including an increase in extreme weather events like floods and landslides, coastal erosion, and impacts on agriculture and public health

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉമർ നബി ചാവേർ തന്നെ; ഡൽഹി സ്ഫോടനത്തിൽ നിർണായക അറസ്റ്റുമായി എൻഐഎ, കാർ വാങ്ങിയ സഹായി പിടിയിൽ

തദ്ദേശ തെരഞ്ഞെടുപ്പ്: 2.86 കോടി വോട്ടര്‍മാര്‍, 4745 പേരെ ഒഴിവാക്കി

'കൈവിട്ട എ ഐ കളി വേണ്ട'; തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം, മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി

കണ്ണൂരില്‍ ബിഎല്‍ഒ തൂങ്ങിമരിച്ച നിലയില്‍, ഉമർ നബി ചാവേർ ത‌ന്നെ, ഇങ്ങനെയുണ്ടോ ഒരു തോല്‍വി! ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശരണം വിളികളാല്‍ മുഖരിതം, ശബരിമല നട തുറന്നു, ഇനി മണ്ഡല - മകര വിളക്ക് തീര്‍ഥാടന കാലം

SCROLL FOR NEXT