തഞ്ചാവൂര്‍ എസ് കല്യാണ രാമന്‍ സംഗീതത്തില്‍ ഏകാകിയായി സഞ്ചരിച്ച മനുഷ്യനാണ്. തനിക്കു മാത്രം സാധ്യമായ ഒരു ശൈലിയില്‍ അസാധ്യമാം വിധം രാഗങ്ങളെ അനായാസമാക്കി ഒഴുക്കിവിട്ട കര്‍ണാടക സംഗീതജ്ഞനാണ് അദ്ദേഹം. അപാരമായ ജ്ഞാന മാധുര്യത്തിന്റെ പേര്. പില്‍ക്കാലത്ത് കച്ചേരി വേദികളില്‍ നിറഞ്ഞു നിന്ന ടിഎന്‍ ശേഷഗോപാല്‍, സഞ്ജയ് സുബ്രഹ്മണ്യന്‍, ടിഎന്‍ കൃഷ്ണ അടക്കമുള്ളവരുടെ സംഗീത വഴികള്‍ രൂപപ്പെടുത്തിയ അദൃശ്യ സാന്നിധ്യം കൂടിയാണ് എസ് കല്യാണ രാമന്‍...
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കല്യാണരാമന്റെ 'ചാരുകേശി' രാഗം പോലെ മനോഹരമായ അനുഭവമാണ്. മറ്റു സംഗീതജ്ഞര്‍ക്കൊന്നുമില്ലാത്ത ഏന്തോ ഒരു വശ്യ സിദ്ധി കല്യാണ രാമനു മാത്രമുണ്ട്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നോക്കു. അയാള്‍ മാത്രം വ്യാഖ്യാനിക്കുന്ന ഫുട്‌ബോളും ലോകത്ത് മറ്റെല്ലാ താരങ്ങള്‍ക്കും വഴങ്ങുന്ന മറ്റൊരു ഫുട്‌ബോളും ഉണ്ട്. 40ാം വയസിലും ആ ഫുട്‌ബോള്‍ അനസ്യൂതം ഒഴുകുന്നത് രാഗ വഴക്കത്തിന്റെ കരുത്തു പോലെയാണ്. അത്ര അയത്‌ന ലളിതമായി...
അതുകൊണ്ടാണ് 40ാം വയസിലും റോണോ അക്രോബാറ്റിക് ഗോള്‍ അനായാസം വലയിലിടുന്നത്.
വിഖ്യാത ജര്‍മന്‍ മധ്യനിര താരം ടോണി ക്രൂസ് 34ാം വയസില്‍ ഫുട്‌ബോള്‍ മതിയാക്കിയ വര്‍ത്തമാന കാലത്താണ് നാം ജീവിക്കുന്നത്. അതായത് കരിയറിന്റെ ഉന്നതിയില്‍ മിന്നും ഫോമില്‍ നില്‍ക്കെ, 'സ്വരം നന്നാകുമ്പോള്‍ പാട്ട് നിര്‍ത്തുക' എന്ന ചൊല്ലിനെ പ്രത്യക്ഷത്തില്‍ നടപ്പാക്കിയ താരമായി ക്രൂസ് നില്‍ക്കുന്നു. കരിയറിന്റെ അവസാന സമയങ്ങളാണ് ഫുട്‌ബോള്‍ താരത്തെ സംബന്ധിച്ച് 35 വയസ്. അതും കഴിഞ്ഞ് 40ല്‍ നില്‍ക്കുമ്പോഴും ക്രിസ്റ്റ്യാനോ ഉജ്ജ്വല ഫുട്‌ബോളുമായി കാലത്തെ, ലോകത്തെ, സമയത്തെ അമ്പരപ്പിക്കുന്നു. റോണോ ജീനിയസാണെന്നു പറയാന്‍ അയാള്‍ നമ്മെ നിരന്തരം ഓർമപ്പെടുത്തുന്നു.
അസാമാന്യമായ ഇച്ഛാശക്തിയും ഫുട്‌ബോളിനോടുള്ള അടങ്ങാത്ത പ്രണയവുമാണ് റോണോയുടെ മുന്നേറ്റത്തെ നിര്‍ണയിക്കുന്നത്. വിട്ടുവീഴ്ചയില്ലാത്ത വര്‍ക്കൗട്ടും കഠിനാധ്വാനവും അയാളെ ലോകത്തെ ഏറ്റവും കരുത്തുള്ള ഫുട്‌ബോള്‍ താരമാക്കി 40ാം വയസ് പിന്നിടുമ്പോഴും സുന്ദരമാക്കി നിര്‍ത്തുന്നു. മൈതാനത്തിറങ്ങിയാല്‍ ഗോളിനായുള്ള അടങ്ങാത്ത ദാഹമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ തവണ വല ചലിപ്പിച്ചവനായി ചരിത്രം അയാളെ ഒന്നാം സ്ഥാനത്ത് നിര്‍ത്താന്‍ കാരണം.
കൃത്യം പറഞ്ഞാല്‍, നവംബര്‍ 23നു സൗദി പ്രൊ ലീഗില്‍ അല്‍ ഖലീജിനെതിരായ പോരാട്ടത്തിന്റെ ഇഞ്ച്വറി സമയത്താണ് ക്രിസ്റ്റ്യാനോ തന്റെ മാസ്റ്റര്‍ പീസ് ഷോട്ടുമായി ലോകത്തെ വീണ്ടും വിസ്മയിപ്പിച്ചത്. സൗദി അറേബ്യന്‍ താരമായ നവാസ് ബൗഷല്‍ വലത് വിങില്‍ നിന്നു കൊടുത്ത ക്രോസ് പാകത്തില്‍ ഒത്തുകിട്ടിയപ്പോഴാണ് റോണോയുടെ മാജിക്കല്‍ നിമിഷം വീണ്ടും പിറന്നത്. ആ നിമിഷം കണ്ടതിന്റെ ആനന്ദമാണ് ഈ കുറിപ്പിലേക്ക് നയിച്ചത്.
കരിയറില്‍ ഇത്തരം ഗോളുകള്‍ മുന്‍പും റോണോ വലയിലിട്ടുണ്ട്. എന്നാല്‍ 40ാം വയസിലും ആ മികവിനും കായിക ശേഷിക്കും ഒരു കോട്ടവും വന്നിട്ടില്ലെന്നു കളിച്ചു തെളിയിക്കാന്‍ അയാള്‍ കാണിക്കുന്ന മിടുക്കും കൗശലവുമാണ് വലിയൊരു പാഠ പുസ്തകമായി പഠിക്കാന്‍ നമുക്ക് മുന്നില്‍ അയാളും അയാളുടെ ഫുട്‌ബോളും തെളിഞ്ഞു നില്‍ക്കുന്നത്.
അടിച്ചു കൂട്ടിയ 954 ഗോളുകള്‍ ലോകത്തെ ഏത്രയെത്ര മൈതാനങ്ങളെയാണ് ത്രസിപ്പിച്ചത് എന്നാലോചിച്ചു നോക്കു. ലിസ്ബണില്‍, ലണ്ടനില്‍, മാഞ്ചസ്റ്ററില്‍, മിലാനില്‍, ടൂറിനില്‍, മാഡ്രിഡില്‍, അങ്ങനെ എണ്ണിയാല്‍ തീരത്തത്ര നഗര മൈതനത്തെ പുല്‍ക്കൊടികളെ അയാള്‍ വിസ്മയ മുനമ്പില്‍ നിര്‍ത്തിയിട്ടുണ്ടാകും. ശരീര വഴക്കങ്ങളുടെ കണക്കു പുസ്തകത്തില്‍ കൊള്ളിക്കാന്‍ സാധിക്കാത്ത ഗണിത സമവാക്യങ്ങളുടെ സൗന്ദര്യം നിറഞ്ഞ ഗോളുകള്‍ കൊട്ടക്കണക്കിനുണ്ട് റോണോയുടെ കരിയറില്‍. അതിലേക്കാണ് ഏറ്റവും പുതിയ അക്രോബാറ്റിക് കിക്കും.
ഫുട്‌ബോള്‍ കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള സര്‍വകലാശാല സിലബസാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലക്ഷ്യം നേടാന്‍ കുറുക്കു വഴികളൊന്നുമില്ലെന്നും എന്താണോ ആഗ്രഹിക്കുന്നത് അതിനൊപ്പം ഉറച്ച മനസോടെ സഞ്ചരിക്കുകയാണ് വഴിയെന്നും കളത്തിനകത്തും പുറത്തുമുള്ള അയാളുടെ പ്രവര്‍ത്തനങ്ങള്‍ പഠിപ്പിക്കും. ആഗോള വ്യാവസായിക രംഗത്ത് ഒരു ബ്രാന്‍ഡായും അയാള്‍ സ്വയം നിര്‍ണയിക്കുന്നു. 'സിആര്‍7' എന്നത് ഏറെ മൂല്യമുള്ള ബ്രാന്‍ഡ് നെയിം കൂടിയാണ്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മൈതാനത്ത് ഒരു കാലത്തെ അടയാളപ്പെടുത്തുന്ന വസന്തമാണ്. പന്തില്‍ അയാള്‍ വരുത്താത്ത ചമത്കാരങ്ങളില്ല. കല്യാണ രാമന്റെ ഭൈരവിയുടെ ഘനതയും വൃന്ദാവന സാംരഗത്തിന്റെ ലാവണ്യതയും പല തലമുറകളെ സ്വാധീനിക്കുന്ന രാഗ വഴികളാണ്...
ചിലര്‍ അങ്ങനെയാണ്... കാലത്തേയും തലമുറകളേയും അവര്‍ മറ്റൊരു തരത്തില്‍ കാണാനും കേൾക്കാനും പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates