പെന്‍സിൽ കൊണ്ട് ആരെങ്കിലും എന്തെങ്കിലും എഴുതുകയോ വരയ്ക്കുകയോ ചെയ്യുമ്പോൾ അവർ കൊല്ലത്തെ നിരവധി കുടുംബങ്ങളുടെ ജീവിതം കൂടിയാണ് രേഖപ്പെടുത്തുന്നത്. അക്ഷരങ്ങളിലൂടെയും നിറങ്ങളിലൂടെയുമാണ് ലോകമിന്ന് കൊല്ലം എന്ന ഭൂപ്രദേശത്തെ രേഖപ്പെടുത്തുന്നത്.
ലോകത്തിലെ പെന്‍സില്‍ നിര്‍മ്മാണത്തിനാവശ്യമായ പെന്‍സില്‍ തടിയുടെ എഴുപത്തിയഞ്ച് ശതമാനവും ലഭ്യമാകുന്നത് കഴിഞ്ഞ 65 വർഷങ്ങളായി കേരളത്തില്‍ നിന്നാണ്. അതില്‍ തന്നെ എഴുപത് ശതമാനവും കൊല്ലത്തു നിന്നും.
ഒരു കാലത്ത് കശുവണ്ടിയുടെ സ്വാദിന്റെ പെരുമയിലാണ് കൊല്ലത്തെ ലോകമറിഞ്ഞിരുതെങ്കില്‍ ഇന്ന് നിറങ്ങളിൽ വിരിയുന്ന പെന്‍സില്‍ തടിയുടെ വര്‍ണ്ണഭംഗി അടയാളപ്പെടുത്തുന്നത് കൊല്ലത്തെ ആരുമറിയാത്ത ഒരു ചെറുകിട വ്യവസായത്തിന്റെ നിറമുള്ള ജീവിതമാണ്.
പെന്‍സില്‍ ചെത്തി മുനയൊരുക്കുമ്പോള്‍ ആരും ഈ പ്രദേശത്തെ അറിയുന്നില്ലെങ്കിലും ലോകത്തിന്റെ കോണുകളില്‍ ആരെങ്കിലും മുനകൂര്‍പ്പിക്കുന്ന പെന്‍സില്‍ ഈ ജില്ലയുടെ സാമ്പത്തിക ഗ്രാഫ് കൂടിയാണ് വരച്ചുചേര്‍ക്കുന്നത്.
പെന്‍സില്‍ തടി (പെന്‍സില്‍ സ്ലാട്ട്) വ്യവസായത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊല്ലത്തു തന്നെയാണ് കേരളത്തിലെ ആദ്യത്തെ പെന്‍സില്‍ ഫാക്ടറി ആരംഭിച്ചതും. 1960കളില്‍ കൊല്ലത്തെ അയത്തില്‍ എന്ന പ്രദേശത്തായിരുന്നു ഈ ഫാക്ടറി ആരംഭിച്ചത്. ജനാര്‍ദ്ദന റെഡ്ഢിയാരായിരുന്നു ക്വയിലോൺ പെന്‍സില്‍ ഫാക്ടറി ആരംഭിച്ചത്. എന്നാൽ അധികകാലം അദ്ദേഹം അത് നടത്തിയിരുന്നില്ല.
പെന്‍സില്‍ സ്ലാട്ട് ഇവിടെ നിന്നും കയറ്റുമതി ആരംഭിക്കുന്നതും അറുപതുകളില്‍ തന്നെയായിരുന്നു. അന്ന് ആര്‍ ജെ ധനന്‍ എന്ന കമ്പനിയാണ് ഇതാരംഭിച്ചത്. ഇന്ന് ഇവിടെ 150 ഓളം പെന്‍സില്‍സ്ലാട്ട് നിര്‍മ്മാണ കമ്പനികൾ നിലവിൽ പ്രവര്‍ത്തിക്കുന്നുണ്ട്. പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, എറണാകുളം കണ്ണൂര്‍ ഭാഗങ്ങളിലും ചില പെൻസിൽ സ്ലാട്ട് നിർമ്മാണകമ്പനികളുണ്ട്
പെന്‍സില്‍ തടി നിര്‍മ്മാണം തടിമില്ലുകളുമായി ചേർന്നാണ് പ്രവര്‍ത്തിക്കുന്നത്. മറ്റ് തടി നിര്‍മ്മാണത്തിനൊപ്പം തന്നെ പെന്‍സില്‍ സ്ലാട്ടിന്റെ നിര്‍മ്മാണവും നടക്കുന്നത്. എന്നാല്‍ ഇതിന് പ്രത്യേക കഴിവുണ്ടാകണം. അതിന്റെ അളവും ഗുണവും തിരിച്ച് മുറിച്ച് എടുക്കാനും ഉണക്കാനും അവയെ ഗുണനിലവാരത്തിനനുസരിച്ച് തരം തിരിച്ച് അടുക്കി ലോഡ് കയറ്റി അയക്കാനും സാധിക്കണം. ഇത് വളരെ വിഷമമേറിയ പണിയാണ്.
തടിയെ കുറിച്ചും അതിന്റെ ഗുണത്തെക്കുറിച്ചുമുള്ള അറിവ് തൊഴിലാളിക്ക് അത്യാവശ്യഘടകമാണ്. കശുവണ്ടിയുടെ കാര്യമെന്നപോലെ തന്നെ തടി തരം തിരിക്കുന്നത് വളരെ ഗൗരവമുള്ള തൊഴിലാണെന്ന് ഈ മേഖലയില്‍ ജോലി ചെയ്യുന്നവർ പറയുന്നു.
കൊല്ലത്തെയും പരിസര പ്രദേശങ്ങളിലെയും പറമ്പുകളില്‍ നില്‍ക്കുന്ന വട്ട അഥവാ ഉപ്പില എറിയപ്പെടുന്ന മരത്തിന്റെ തടിയാണ് ഇതിന് വ്യാപകമായി ഈ മേഖലയില്‍ ഉപയോഗിക്കപ്പെടുന്നത്. നേരത്തെ വെങ്ങോട്ട ', മുള്ളെലവ്, ആറ്റ് തേക്ക്, പെരുന്തടി എന്നിവയാണ് പെന്‍സില്‍ തടിക്കായി ഉപയോഗിച്ചിരുന്നത്. ഇതില്‍ പലതും സര്‍ക്കാര്‍ വച്ചുപിടിപ്പിക്കുകയും ചെയ്തിരുന്നു.
ഒരു കാലത്ത് വ്യാപകമായിരുന്ന ഈ മരങ്ങള്‍ ഇന്ന് ലഭ്യമല്ലാതായിരിക്കുന്നു. 1985- നുശേഷമാണ് വട്ട എന്ന മരം പെന്‍സില്‍ തടിയായി ഉപയോഗിക്കാമെന്ന് കണ്ടെത്തുന്നത്. അതുവരെ അപ്പം ചുടാനുള്ള ഇലയ്ക്കായും (വട്ടയപ്പം) ചെടികള്‍ക്കുള്ള വളമായും മാത്രമുപയോഗിച്ചിരുന്ന ഇലകളുള്ള ഒരു മരം അതിന്റെ വ്യവസായ സാധ്യതയിലേയ്ക്കു വേരുപിടിപ്പിക്കുകയായിരുന്നു ഇതോടെ.
ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡ്, ഡോംസ് ഇന്ത്യ, കൊക്കുയോ കാംലിൻ ലിമിറ്റഡ് എന്നിവയാണ് കൊല്ലം സ്ലാറ്റുകൾ വാങ്ങുന്ന മൂന്ന് പ്രധാന കമ്പനികൾ. അപ്സര, നടരാജ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളാണ് ഈ മരത്തെ ആശ്രയിക്കുന്ന ചില പ്രധാനികൾ. കൊല്ലത്ത് നിന്നുള്ള സ്ലാറ്റുകൾ വിദേശ രാജ്യങ്ങളിലേക്ക് വരെ അയയ്ക്കുന്നുണ്ടെന്ന്കേരള പെൻസിൽ സ്ലാറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പെൻസിലുകൾക്കായി ലോകത്തിലെ ഏറ്റവും സുരക്ഷിതമായ മരങ്ങളിൽ ഒന്നായി വട്ട അഥവാ ഉപ്പിലയെ കണക്കാക്കുന്നു. “ഇത് ദോഷങ്ങളില്ലാത്ത മരമാണ്. ഒരു കുട്ടി അത് ചവച്ചാലും അപകടമില്ല. എന്നാൽ, ഇക്കാലത്ത് വട്ട കണ്ടെത്തുന്നത് എളുപ്പമല്ല,” കേരള പെൻസിൽ സ്ലാറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അശോകൻ പറഞ്ഞു. .
ജില്ലയിൽ നിന്ന് പ്രതിമാസം 180 ലോഡ് സ്ലാറ്റുകൾ അയച്ചിരുന്നു. ഇപ്പോൾ ഇത് ഏകദേശം 70 ലോഡുകളായി കുറഞ്ഞു. ഓരോ ലോഡിലും 300 മുതൽ 400 ബാഗുകൾ വഹിക്കാൻ കഴിയും, ഓരോ ബാഗിലും ഏകദേശം 900 സ്ലാറ്റ് പീസുകൾ അടങ്ങിയിരിക്കുന്നു. ഗുജറാത്ത്, മഹാരാഷ്ട്ര, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് ലോഡുകൾ കൊണ്ടുപോകുന്നു, ഓരോ ലോഡിനും ഏഴ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലവരുമെന്ന് അശോകൻ പറഞ്ഞു.
കൊല്ലത്ത് നിർമ്മിക്കുന്ന പെൻസിൽ സ്ലാട്ടിലെ ഏറ്റവും ഗുണനിലവാരമുള്ള തടിയില്‍ നിന്നും എട്ടു മുതല്‍ ഒന്‍പത് പെന്‍സില്‍ വരെ നിര്‍മ്മിക്കാനാകും. 188 മില്ലിമീറ്റര്‍ നീളവും 77 മില്ലിമീറ്റര്‍ വീതിയും 5.5 മില്ലിമീറ്റര്‍ കനവുമുള്ള രണ്ട് തടികള്‍ ചേര്‍ത്തുവച്ചാണ് പെന്‍സിലുകള്‍ ഉണ്ടാക്കുതെന്ന് കേരള പെൻസിൽ സ്ലാറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഏറ്റവും ഗുണനിലവാരം കുറഞ്ഞ സ്ലാറ്റിൽ നിന്നുപോലും രണ്ട് പെന്‍സിലുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. എങ്ങനെ കണക്കുകൂട്ടിയാലും ഏകദേശം ഇരുപത് കോടിയിലേറെ പെന്‍സിലുകള്‍ നിര്‍മ്മിക്കാന്‍ ബ്രാന്‍ഡഡ് കമ്പനികള്‍ക്ക് ഈ തടി സഹായകമാകുമെന്ന് കേരള പെൻസിൽ സ്ലാറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഷാജി പറയുന്നു.
കേരളത്തില്‍ വ്യാപകമായി ലഭിക്കുന്ന മരങ്ങളാണ് ഇപ്പോഴും പെന്‍സില്‍ തടിക്കായി ഉപയോഗിക്കുന്നത്. വട്ടയ്ക്കു പുറമെ മുള്ളിലവ്, പഞ്ഞി ഇലവ് എന്നിവയും ഉപയോഗിക്കും പഞ്ഞി ഇലവ് സാധാരണഗതിയില്‍ ഉപയോഗിക്കാറില്ല. പ്രധാനമായും ഗുണമേന്മ കുറഞ്ഞപെന്‍സിലുകള്‍, ചെറിയ വില കുറഞ്ഞ കളര്‍ പെന്‍സിലുകള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായാണ് പഞ്ഞി ഇലവിന്റെ തടി ഉപയോഗിക്കുതെന്ന് വ്യവസായികള്‍ പറഞ്ഞു. മറ്റ് രണ്ട് മരങ്ങളുമാണ് ഇന്ന് വ്യാപകമായി പെന്‍സില്‍ തടിക്കായി ഉപയോഗിക്കുന്നത്. ഗുജറാത്ത്, തമിഴ്‌നാട്, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലേയ്ക്കാണ് കൂടുതലും തടി കയറ്റി അയക്കുന്നത്. അവിടെ നിന്നാണ് പ്രധാനമായും വിദേശങ്ങളിലേക്ക് ഇത് പോകുന്നത്.
പെന്‍സില്‍ തടി നിര്‍മ്മാണത്തില്‍ നേരിട്ട് തൊഴില്‍ ലഭ്യമാക്കുന്നതിന് പുറമെ മരക്കച്ചടവടക്കാർ, ഗതാഗതം, കയറ്റിറക്ക് തുടങ്ങി മരപ്പൊടി ശേഖരിക്കുന്നവർ വരെ പരോക്ഷമായും നിരവധി പേർക്ക് തൊഴിൽ നൽകുന്ന വ്യവസായമാണിത്. നേരിട്ടുള്ള തൊഴിൽ ലഭിക്കുന്നത് കൂടുതലും സ്ത്രീകൾക്കാണ്.
കയറ്റിറക്കങ്ങള്‍ ഉണ്ടാകുമെങ്കിലും ഈ വ്യവസായ മേഖലയില്‍ പുതിയ യൂണിറ്റുകള്‍ ആരംഭിക്കുന്നതിന് കുറവൊന്നുമുണ്ടായില്ല കുറച്ചുകാലം മുമ്പ് വരെ. എന്നാൽ ഈ വ്യവസായത്തിന്റെ മുനയൊടിയുന്നതിന്റെ വര്‍ത്തമാനമാണ് ചെറുതായെങ്കിലും ഉയർന്നു കേൾക്കുന്നത്. പന്ത്രണ്ട് വർഷം മുമ്പ് 180 യൂണിറ്റുകൾ ഉണ്ടായിരുന്ന കൊല്ലം ജില്ലയിൽ ഇന്ന് 150 ഫാക്ടറികൾ ആയി ചുരുങ്ങി എന്ന് ഈ വ്യവസായ മേഖലയിൽ നിന്നുള്ള കണക്കുകൾ കാണിക്കുന്നു.
കൊല്ലം സ്ലാറ്റുകളുടെ ഗുണനിലവാരം സമാനതകളില്ലാത്തതാണ്. എന്നാൽ പല കാരണങ്ങളാൽ കഴിഞ്ഞ അഞ്ച് മുതൽ ആറ് വർഷത്തിനുള്ളിൽ വിതരണം ഏകദേശം 50% കുറഞ്ഞതിനാൽ ഈ മേഖല ഇപ്പോൾ ഭീഷണിയിലാണ്. തൊഴിൽ, ഗതാഗത ചെലവുകൾ കുത്തനെ ഉയർന്നെങ്കിലും, ആറ് വർഷത്തേക്ക് സ്ലാറ്റ് വിലകൾ മരവിപ്പിച്ചിരിക്കുന്നു, ഓരോന്നിനും 2.60 രൂപയാണ് ലഭിക്കുന്നത്.
“ഞങ്ങളുടെ സ്ലാറ്റുകൾ ജമ്മു കശ്മീരിലും ചൈനയിലും നിർമ്മിച്ചതിനേക്കാൾ വളരെ മികച്ചതാണ് - , സ്ലാറ്റ് നിരക്കിൽ കുറഞ്ഞത് 20% വർദ്ധനവ് ഇല്ലെങ്കിൽ, ഞങ്ങൾക്ക് അതിജീവിക്കാൻ പ്രയാസമായിരിക്കും, ” അസോസിയേഷൻ സെക്രട്ടറി ഷാജി പറഞ്ഞു.
നിലനിൽപ്പിന് സ്ലാറ്റ് വിലയിൽ കുറഞ്ഞത് 20% വർദ്ധനവ് അനിവാര്യമാണെന്നും പെൻസിൽ നിർമ്മാണ കമ്പനികളുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പറഞ്ഞു.
അസംസ്കൃത വസ്തുവായ തടിപോലും ആവശ്യത്തിന് ലഭ്യമാകാതെ ഈ വ്യവസായത്തെ തന്നെ ഇല്ലാതുകമോ എന്ന ഭയം ഒരു വശത്തുണ്ട്. എങ്കിലും നിറങ്ങളും അക്ഷരങ്ങളും കുഞ്ഞുങ്ങളുമുള്ളിടത്തോളം കാലം ഈ വ്യവസായം നിലനിൽക്കുമെന്ന സ്വപ്നത്തിന്റെ മുനയൊടിയില്ലെന്ന വിശ്വാസത്തിലാണ് വ്യവസായികളും തൊഴിലാളികളും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates