ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിത രേഖ George Fernandes File
News+

'ഡിയര്‍ മാഡം ഡിക്റ്റേറ്റര്‍... '; ഇന്ദിരയുടെ ഉറക്കം ഞെട്ടിച്ച ശബ്ദം

ജോര്‍ജിനെ പക്ഷേ, കുറെക്കൂടി അതിവിശേഷണങ്ങളിലൂടെ കടത്തിവിടാനാവും. സോഷ്യലിസത്തിന്റെ നായക പരിവേഷമാണ്, ആദ്യപകുതിയിലെ ജോര്‍ജ്. അതിനുശേഷമുള്ള ജോര്‍ജ് ആവട്ടെ നേരെ എതിര്‍പക്ഷത്തും.

പി ആര്‍ ഷിജു

'മാഡം ഇന്ദിര ഹിറ്റ്‌ലര്‍ക്ക് അവര്‍ തന്നെയാണ് ഗീബല്‍സ്. അവര്‍ പുലമ്പുന്ന പച്ച നുണകള്‍ തനി ഗീബല്‍സിയന്‍ രീതിയില്‍ നൂറുകണക്കിന് തവണയെന്നോണം രാജ്യത്തെ കേള്‍പ്പിക്കുകയാണ്. നുണയും ചതിയും ഭീഷണിയുമാണ് ശ്രീമതി ഇന്ദിര നെഹ്‌റു ഗാന്ധിയുടെ രാഷ്ട്രീയ ആയുധങ്ങള്‍. ശ്രീമതി നെഹ്‌റു ഗാന്ധി പറയുന്നതും ചെയ്യുന്നതും വച്ചു നോക്കുമ്പോള്‍ ഉഗാണ്ടയിലെ ഈദി അമീനൊക്കെ ശിശുവാണ്.' ബിഹാറിലെ ഗോപാല്‍പുരില്‍ നിന്ന് കടല്‍ കടന്നുപോയി ലണ്ടന്‍ വഴി അമേരിക്കയില്‍ എത്തിയ ആ ലഘുലേഖ മുഴുവന്‍ ക്ഷോഭമായിരുന്നു, അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര ഗാന്ധിയോടും കോണ്‍ഗ്രസിനോടുമുള്ള ക്ഷോഭം. ആ ക്ഷോഭം അവസാനം വരെ കെടാതെ കൊണ്ടു നടന്നു, ലഘുലേഖ എഴുതിയ ജോര്‍ജ് ഫെര്‍ണാണ്ടസ്. കടുത്ത കോണ്‍ഗ്രസ് വിരോധം ഒരാളെ സംഘ കൂടാരത്തില്‍ എത്തിക്കുമോയെന്ന ചോദ്യത്തിനും വഴി മരുന്നിട്ടു തരും, ഒരു കാലത്ത് അടിമുടി സോഷ്യലിസ്റ്റായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതം. അത്രയ്ക്ക് ഗാഢമായിരുന്നു ജോര്‍ജിന്റെ കോണ്‍ഗ്രസ് വിരോധം. അമേരിക്കയിലെ ഇന്ത്യന്‍സ് ഫോര്‍ ഡെമോക്രസി പ്രസിദ്ധീകരിച്ച, ആദ്യത്തെ അടിയന്താരവസ്ഥാ വിരുദ്ധ ലേഖനത്തില്‍ ജോര്‍ജ് എഴുതുന്നു; 'നെഹ്‌റുവിന്റെ മകള്‍ സ്വയം ഒരേകാധിപതിയായി പ്രതിഷ്ഠിക്കുന്നതില്‍ അതിശയിക്കാനൊന്നുമില്ല, കാലുമാറ്റക്കാരേയും അവസരവാദികളേയും നികൃഷ്ടരും മ്ലേച്ചരുമായ പാദസേവക്കാരെയും കൊണ്ട് അവര്‍ പാര്‍ട്ടിയെ കുത്തി നിറച്ചപ്പോഴേ അതുറപ്പായിരുന്നു. എല്ലാ സ്വേച്ഛാധിപതികളെയും പോലെ അവരും ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ ഒടുങ്ങുക തന്നെ ചെയ്യും.'

ബിഹാര്‍ തെരഞ്ഞെടുപ്പ് ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഓര്‍ക്കാനുള്ള വഴികളിലൊന്നാണ്. 77ല്‍ ജയിലില്‍ കിടന്നു തെരഞ്ഞെടുപ്പിനെ നേരിട്ട ജോര്‍ജിന്റെ തട്ടകം മുസാഫര്‍പുര്‍ ആയിരുന്നു. ജയപ്രകാശ് നാരായണനാണ് ജോര്‍ജിനെ ബിഹാര്‍ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചത്. പിന്നീട് പലവട്ടം അവിടുന്നു പാര്‍ലമെന്റിലെത്തി, ജോര്‍ജ് ഫെര്‍ണാണ്ടസ്. കടുത്ത ജലദൗര്‍ലഭ്യത്തില്‍ വിഷമിച്ച മുസാഫര്‍പുരിലെ യോഗങ്ങളിലൊന്നില്‍, ജില്ലാ കലക്ടര്‍ ജോര്‍ജിനു കൊക്ക കോള വിളമ്പിയതാണ് പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ കോക്ക് നിരോധനത്തിലേക്ക് നയിച്ചതെന്നൊരു ഉപകഥയുണ്ട്, രാഷ്ട്രീയത്തിന്റെ പിന്നാമ്പുറങ്ങളില്‍.

ജോര്‍ജ് ഫെര്‍ണാണ്ടസ്

ബിഹാര്‍ രാഷ്ട്രീയത്തിനപ്പുറം അടിയന്തരാവസ്ഥാ പ്രതിരോധം, കോണ്‍ഗ്രസിലെ കുടുംബ വാഴ്ചാ വിരുദ്ധത എന്നിങ്ങനെ ജോര്‍ജിനെ ഓര്‍ക്കാന്‍ പലതുണ്ട്, വഴികള്‍. ബിജെപി ചിന്തിക്കും മുമ്പു തന്നെ ആ വഴിക്കെല്ലാം നടന്നുനോക്കിയിട്ടുണ്ട്, ജോര്‍ജ് ഫെര്‍ണാണ്ടസ്. അടിയന്തരാവസ്ഥയ്‌ക്കെതിരെ ഇറക്കിയ ലഘുലേഖയില്‍ ഓരോ തവണയും ഇന്ദിരയെ ഇന്ദിര നെഹ്‌റു ഗാന്ധി എന്നാണ് ജോര്‍ജ് പരാമര്‍ശിക്കുക, അതില്‍ കുറഞ്ഞ് ഒന്നുമില്ല. എങ്കിലും പക്ഷേ ജോര്‍ജ് ഇപ്പോള്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ കടന്നുവരിക തെഹല്‍ക്കയുടേയും ശവപ്പെട്ടി കുംഭകോണത്തിന്റേയും പേരിലാവും. രാഷ്ട്രീയത്തിന് അങ്ങനെ ചില രീതികളുണ്ട്. തെഹല്‍ക വെളിപ്പെടുത്തലുകളെക്കുറിച്ചുള്ള അന്വേഷണത്തില്‍ എവിടെയും പ്രതിസ്ഥാനത്തായില്ല ജോര്‍ജ്. എങ്കിലും ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന ഇന്ത്യന്‍ സോഷ്യലിസ്റ്റില്‍നിന്ന് എല്ലാ അതികായത്വവും ചോര്‍ത്തിക്കളഞ്ഞ വിവാദം എന്ന നിലയില്‍ തെളിഞ്ഞുതന്നെ നില്‍ക്കും അത്, പൊതുമണ്ഡലത്തില്‍ ചര്‍ച്ചകള്‍ക്കു തീ കൊളുത്തി ഇടയ്ക്കിടെ തിരിച്ചുവരവുകള്‍ നടത്തും. രാഷ്ട്രീയത്തില്‍ അങ്ങനെയാണ്. വ്യക്തികളല്ല, സംഭവങ്ങളാണ് ഹൈബര്‍നേഷനിലേക്കു വീണുപോവുക. ദീര്‍ഘനിദ്രയ്ക്കു ശേഷം സമാനതകളുടെയും സൈഡ് സ്റ്റോറികളുടെയും പിടിവള്ളികളില്‍ തൂങ്ങി സംഹാരാത്മകമായ കരുത്തോടെ അവ പുനഃപ്രവേശം നടത്തും. ബൊഫോഴ്സ് കേസിനെ നോക്കുക. ക്വത്റോച്ചിയെ കണ്ടുകിട്ടിയില്ലെന്ന സിബിഐയുടെ അജീര്‍ണ ന്യായത്തില്‍ തീര്‍ന്നതാണ് എല്ലാം. പുതുതായി ഒന്നും സംഭവിച്ചില്ല. എന്നിട്ടും ക്വത് റോച്ചിയുടെയും വിന്‍ ഛദ്ദയുടെ ചരമവാര്‍ത്തയ്ക്കൊപ്പം ഉപകഥയായി അത് നമ്മിലേക്കു വന്നു. അതിനു മുന്‍പ് അര്‍ജന്റൈന്‍ പൊലീസ് ക്വത്റോച്ചിയെ തടഞ്ഞുവച്ചെന്ന്, ലണ്ടനിലെ ബാങ്ക് അക്കൗണ്ടുകള്‍ ഡീഫ്രോസ് ചെയ്തെന്ന്, അങ്ങനെയങ്ങനെ ബൊഫോഴ്സിലേക്കെത്താന്‍ വാര്‍ത്തകളില്‍ നമുക്ക് വഴികള്‍ പലതു തുറന്നുകിട്ടി. കാര്‍ഗില്‍ കാസ്‌കറ്റുകളില്‍, തെഹല്‍കയില്‍, ബരാക് മിസൈലില്‍ അങ്ങനെ പ്രതിരോധ അഴിമതിയെക്കുറിച്ചുള്ള ഓരോ വാര്‍ത്തയ്ക്കുമൊപ്പവും അക്ബര്‍ റോഡിനെയും പത്താം നമ്പര്‍ ജന്‍പഥിനെയും അസ്വസ്ഥപ്പെടുത്തി നാം ഒന്നുകൂടി വായിക്കുന്നു, ബൊഫോഴ്സ്. 2ജി, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങി പൊതുരംഗത്തെ ഏത് അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കൊപ്പവും പരാമര്‍ശവിധേയമായി ഈ സ്വീഡീഷ് തോക്കിടപാട്. എണ്‍പതുകളുടെ രാഷ്ട്രീയ ഓര്‍മകളെ കെട്ടിയിടാനുള്ള മീസാന്‍ കല്ലുപോലെ അതവിടെത്തന്നെ കൂര്‍ത്തുനില്‍ക്കുന്നു.

എണ്‍പതുകള്‍ ബൊഫോഴ്സിന്റേതെങ്കില്‍ ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകം തെഹല്‍കയുടേതാണ്. ബൊഫോഴ്സ് കോണ്‍ഗ്രസിനെങ്കില്‍ തെഹല്‍ക ബിജെപിക്ക്. പക്ഷേ, ബിജെപിയുടെ ഏതു നേതാവിനെയുംകാള്‍ ജോര്‍ജ് ഫെര്‍ണാണ്ടസിനെയാണ് അതു വരിഞ്ഞുകെട്ടിയത്. ബിജെപി അധ്യക്ഷസ്ഥാനത്തെത്തിയെങ്കിലും ലോപ്രൊഫൈല്‍ ബയോഡാറ്റയില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയാതിരുന്ന ബങ്കാരു ലക്ഷ്മണാണ് തെഹല്‍കയുടെ ചൂണ്ടയില്‍ കൊത്തിയത്. ഇന്ദ്രപ്രസ്ഥത്തെ ഇളക്കിമറിച്ച വിവാദത്തില്‍ വില കൊടുക്കേണ്ടിവന്ന ബിജെപി നേതാവും ബങ്കാരു തന്നെ. ബങ്കാരുവിനു പക്ഷേ, മാഞ്ഞുപോവാന്‍ മാത്രമുള്ളൊരു ചരിത്രമില്ലായിരുന്നു. പ്രഭ കെട്ടുപോയത് ജോര്‍ജിനാണ്, മംഗലാപുരത്തും ബോംബെയിലും ഡല്‍ഹിയിലും ജോര്‍ജ് നടന്നുതീര്‍ന്ന വഴികള്‍ക്കാണ്. ജസ്റ്റിസ് ഫുക്കന്‍ കമ്മിഷനും ജസ്റ്റിസ് വെങ്കടസ്വാമി കമ്മിഷനും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടും, പ്രതിരോധമന്ത്രിപദത്തില്‍ തിരിച്ചെത്തിയിട്ടും പിന്നീട് ഒരിക്കലും ജോര്‍ജ് ഫെര്‍ണാണ്ടസ് ആവാനാവാത്ത വിധം അതു ജോര്‍ജിനെ ഭാരരഹിതനാക്കി.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏതൊരു സോഷ്യലിസ്റ്റ് നേതാവിനെയും പോലെ വളര്‍ച്ചവീഴ്ചകളുടെ പരാബോളിക് ഗ്രാഫില്‍ തന്നെയാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെയും ജീവിതത്തെ അടയാളപ്പെടുത്താനാവുക. ജോര്‍ജിനെ പക്ഷേ, കുറെക്കൂടി അതിവിശേഷണങ്ങളിലൂടെ കടത്തിവിടാനാവും. സോഷ്യലിസത്തിന്റെ നായക പരിവേഷമാണ്, ആദ്യപകുതിയിലെ ജോര്‍ജ്. അതിനുശേഷമുള്ള ജോര്‍ജ് ആവട്ടെ നേരെ എതിര്‍പക്ഷത്തും.

ജോര്‍ജ് ഫെര്‍ണാണ്ടസ് റെയില്‍വേ പണിമുടക്കു കാലത്ത്

മംഗലാപുരത്തെ ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ കുടുംബത്തില്‍നിന്ന് പുരോഹിതനാവാന്‍ നിയോഗിക്കപ്പെട്ടവനാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. റെക്റ്റര്‍മാര്‍ക്ക് മറ്റുള്ളവരുടേതില്‍നിന്ന് മെച്ചപ്പെട്ട ഭക്ഷണം കൊടുക്കുന്നതില്‍ പ്രതിഷേധിച്ച് ബംഗളൂരുവിലെ സെമിനാരിയില്‍നിന്ന് പുറത്തുവരുമ്പോള്‍, സമത്വത്തിന്റെ സൈദ്ധാന്തിക രൂപമായ സോഷ്യലിസം രാഷ്ട്രീയമായി ആവേശിച്ചുതുടങ്ങിയിരുന്നില്ല ജോര്‍ജിനെ. ലോകത്തോടു പ്രതികരിക്കുന്ന ഒരു യുവാവിന്റെ സ്വാഭാവിക റിഫ്‌ളക്സ് ആക്ഷന്‍ മാത്രമായിരുന്നു അത്. കൊങ്കണി യുവാക്കള്‍ക്കു വേണ്ടി ജോര്‍ജ് നടത്തിയ മാഗസിന്‍ അച്ചടിച്ചിരുന്നത് മംഗലാപുരത്തെ സോഷ്യലിസ്റ്റുകളുടെ പത്രം അച്ചടിച്ചിരുന്ന അതേ പ്രസിലായിരുന്നു എന്നതാണ് വരാനിരിക്കുന്ന വലിയ ഒരു നേതാവിനെ ആ പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിക്കാന്‍ പ്രകൃതി കാത്തുവച്ച കാരണം. ജോര്‍ജിന്റെ മാഗസിന്‍ നിലച്ചുപോയപ്പോള്‍ സ്വന്തം മാഗസിന്‍ സോഷ്യലിസ്റ്റുകള്‍ ജോര്‍ജിനെ ഏല്‍പ്പിച്ചു. അങ്ങനെ മംഗലാപുരത്തെ സോഷ്യലിസ്റ്റുകളില്‍ ഒരാളായ ജോര്‍ജ് പിന്നീട് കര്‍മരംഗം ബോംബെയിലേക്കു മാറ്റി. ജോര്‍ജ് ഫെര്‍ണാണ്ടസ് എന്ന ട്രേഡ് യൂണിയനിസ്റ്റും രാഷ്ട്രീയ നേതാവും രൂപപ്പെടുന്നത് വ്യാവസായിക വിസ്ഫോടന കാലത്തെ ബോംബെയില്‍ വച്ചാണ്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ബോംബെ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ച ജോര്‍ജ് 1969ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബോംബെ സൗത്തില്‍ എസ്‌കെ പാട്ടീലിനെ നേരിട്ടതോടെയാണ് ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. മൂന്നു തവണ ബോംബെയുടെ മേയര്‍ പദവിയിലെത്തി, കിരീടമില്ലാത്ത രാജാവായി വാണിരുന്ന പാട്ടീലിനെ തോല്‍പ്പിച്ച് ജയന്റ് കില്ലറായി ജോര്‍ജ്. ഇന്ദിരാഗാന്ധി ജോര്‍ജ് എന്ന രാഷ്ട്രീയ നേതാവിന്റെ സാന്നിധ്യമറിയുന്നത് അങ്ങനെയാവണം.

പാട്ടീലിന്റെ തോല്‍വിയല്ല പക്ഷേ, ജോര്‍ജ് ഇന്ദിരയ്ക്കായി കരുതിവച്ച വലിയ ആഘാതം. 1974ലെ റെയില്‍വെ പണിമുടക്ക്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാജ്യത്തിന്റെ നാഡീഞരമ്പുകളെ തളര്‍ത്തിയിട്ട പണിമുടക്കിന്റെ സംഘാടകന്‍, റെയില്‍വെ എംപ്ലോയീസ് ഫെഡറേഷന്‍ പ്രസിഡന്റുകൂടിയായ ജോര്‍ജ് ആയിരുന്നു. ഒരു വശത്ത് ജയപ്രകാശ് നാരായണനെ നേരിടാന്‍ ബുദ്ധിമുട്ടിയ ഇന്ദിരയ്ക്ക് താങ്ങാവുന്നതിന് അപ്പുറമായിരുന്നു റെയില്‍വെ പണിമുടക്ക്. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിദേശശക്തികളാണ് ജോര്‍ജിനു പിന്നിലെന്നായിരുന്നു ഇന്ദിരയുടെ ആരോപണം. 74ലെ റെയില്‍വെ പണിമുടക്കില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ദിര പൊക്രാനിലെ ഒന്നാം ആണവ പരീക്ഷണത്തിന് ഒരുങ്ങിയത് എന്നൊരു പരദൂഷണ പാഠഭേദമുണ്ട് ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിന്. അതു ശരിയാണെങ്കിലും അല്ലെങ്കിലും അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് കാരണങ്ങളിലൊന്നായി, ചരിത്രത്തില്‍ ഇടംനേടിയ പണിമുടക്ക്. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ പൊലിസ് ഏറ്റവുമധികം വേട്ടയാടിയ പ്രതിപക്ഷ നേതാക്കളില്‍ ഒരാളായിരുന്നു, ജോര്‍ജ്.

ജോര്‍ജ് ഫെര്‍ണാണ്ടസ് അടിയന്തരാവസ്ഥാകാലത്ത് അറസ്റ്റിലായപ്പോള്‍

അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ കുടുംബവീട്ടില്‍ വീട്ടുവേഷത്തില്‍നിന്ന നിന്നിരുന്ന ജോര്‍ജ് അപ്രത്യക്ഷനായതിനെക്കുറിച്ച് ലൈല കബീര്‍ ഓര്‍ത്തെടുത്തിട്ടുണ്ട്, ചില അഭിമുഖങ്ങളില്‍. ഒരു വര്‍ഷത്തിലേറെയാണ് ജോര്‍ജ് ഒളിവില്‍ കഴിഞ്ഞത്. ആ ഒരു വര്‍ഷവും ഇന്ദിരയുടെയും സഞ്ജയിന്റെയും പകല്‍സ്വപ്നങ്ങളെപ്പോലും അലോസരപ്പെടുത്തിയിട്ടുണ്ടാവും, ഇസ്തിരിയിടാത്ത കുര്‍ത്ത ധരിച്ച ഈ മനുഷ്യന്‍. മാഡം ഡിക്റ്റേറ്റര്‍ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ജോര്‍ജ് എഴുതിയ കത്ത് അടിയന്തരാവസ്ഥാ പ്രതിരോധത്തിന്റെ വേദപുസ്തകമായി മാറി. ഒളിവിടങ്ങളില്‍നിന്ന് ഒളിവിടങ്ങളിലേക്ക് പോര്‍ട്ടബിള്‍ ടൈപ്പ് റൈറ്ററുമായി ആയിരുന്നു, ജോര്‍ജിന്റെ സഞ്ചാരം. വെട്ടുകിളി ശല്യത്തെക്കുറിച്ച് മുഖപ്രസംഗങ്ങള്‍ എഴുതി സ്വയം ഇളിഭ്യരായ പത്രമാരണകാലത്തെ ഫോര്‍ത്ത് എസ്റ്റേറ്റിനെ സ്വയം ടൈപ്പ് ചെയ്തെടുത്ത ലേഖനങ്ങളും ലഘുലേഘകളും കൊണ്ട് മറികടന്നു, അദ്ദേഹം. എഴുത്തിലും ആഹ്വാനങ്ങളിലും ഒടുങ്ങിയില്ല, ജോര്‍ജിന്റെ പ്രതിരോധം. ബറോഡ ഡൈനമൈറ്റ് മുതല്‍ ഇടുക്കി ഡാം തകര്‍ക്കാനുള്ള നീക്കം വരെ അടിയന്തരാവസ്ഥയില്‍ ജോര്‍ജിന്റെ പേരില്‍ വന്നത് ഒട്ടേറെ പദ്ധതികള്‍. പിടയിലാവുന്നിടത്തുവച്ച് തീര്‍ത്തുകളയുക എന്ന അടിയന്തരാവസ്ഥാ നീതിക്കു യോഗ്യനാവും വിധം പ്രതിരോധത്തിന്റെ എല്ലാ മുഖങ്ങളിലും നിറഞ്ഞുനിന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. കൊല്‍ക്കത്തയില്‍ ജോര്‍ജ് പിടിയിലായെന്നു കാണിച്ച് വിദേശത്തായിരുന്ന ഇന്ദിരയ്ക്ക് ഡല്‍ഹിയില്‍നിന്ന് അയച്ച സന്ദേശം ബിബിസി ചോര്‍ത്തിയതാണ്, ഉള്‍വനത്തിലെവിടെയോ വ്യാജ ഏറ്റുമുട്ടലില്‍ ഒടുങ്ങാനുള്ള വിധിയില്‍നിന്ന് അദ്ദേഹത്തെ രക്ഷിച്ചതെന്ന് നിരീക്ഷിച്ചിട്ടുണ്ട്, ചിലരെങ്കിലും. വിലങ്ങണിഞ്ഞുനില്‍ക്കുന്ന ജോര്‍ജിന്റെ ചിത്രം അടിയന്തരാവസ്ഥയെ ന്യായീകരിച്ച് രാജ്യാന്തര തലത്തില്‍ ഇന്ദിര നടത്തിയ പ്രചാരണ കോലാഹലങ്ങളുടെ കാറ്റുചോര്‍ത്തിക്കളഞ്ഞു. അതിന്റെ അനന്തരഫലമായിരുന്നു, ജോര്‍ജിനെ കടുത്ത ശിക്ഷകളില്‍നിന്ന് രക്ഷിക്കാന്‍ സോഷ്യലിസ്റ്റ് ഇന്റര്‍നാഷനല്‍ നടത്തിയ സമ്മര്‍ദം.

അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ളത് ജോര്‍ജിന്റെ രണ്ടാം പകുതിയാണ്. ജയിലില്‍നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജോര്‍ജ് ജനതാ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായി. കൊക്ക കോളയ്ക്കും ഐബിഎമ്മിനും എതിരായ നടപടികള്‍ ഇക്കാലത്താണ്. പിന്നീടിങ്ങോട്ട് നിലപാടുകളുടെ വൈരുദ്ധ്യവും കൂടിക്കുഴയലും കൊണ്ട് അതേവരെയുള്ള ആത്മകഥയുടെ എതിര്‍ദിശയിലേക്കായിരുന്നു ജോര്‍ജിന്റെ സഞ്ചാരം. ജനസംഘത്തിന്റെ ദ്വയാംഗത്വ പ്രശ്നത്തിന്റെ പേരില്‍ ജനതാ സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ മുന്നില്‍നിന്ന ജോര്‍ജ് ഒരു പതിറ്റാണ്ടിനിപ്പുറം സംഘരാഷ്ട്രീയത്തിന്റെ ഭരണനടത്തിപ്പുകാരനായി. ഇന്ത്യന്‍ പൊതുമേഖലയുടെ പേരില്‍ കോക്കിനെ നാടുകടത്തിയ അദ്ദേഹം പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിയാന്‍ തീരുമാനിച്ച എന്‍ഡിഎ സര്‍ക്കാരിന്റെ ചാലകശക്തികളില്‍ ഒരാളായി.

എബി വാജ്‌പേയിക്കൊപ്പം ജോര്‍ജ് ഫെര്‍ണാണ്ടസ്‌

രണ്ടുവട്ടം ഭരണത്തെ മുന്നോട്ടുകൊണ്ടുപോവുന്നതില്‍ പരാജയപ്പെട്ട സംഘപരിപാറിനെ കാലംതികച്ചു ഭരിക്കാന്‍ പ്രാപ്തമാക്കുംവിധം മുന്നണിയെ നയിച്ചത് ജോര്‍ജ് ആണ്. സംഘരാഷ്ട്രീയത്തിന്റെ സുന്ദരമുഖമായ വാജ്പേയിയും തീവ്രസാന്നിധ്യമായ അഡ്വാനിയും സ്വന്തം കൂടാരത്തിനു പുറത്തെ ചെറുകക്ഷികളിലേക്ക് എത്തുന്നതില്‍ ഒരര്‍ഥത്തില്‍ പരാജയപ്പെട്ടപ്പോള്‍ അമ്പരപ്പിക്കുന്ന കയ്യടക്കത്തോടെ ആ ദൗത്യം നിര്‍വഹിച്ചത് ജോര്‍ജ് ആയിരുന്നു. സംഘവുമായി ആശയതലത്തില്‍ വിയോജിച്ചുനിന്ന ഇരുപതിലേറെ കക്ഷികളെയാണ് എന്‍ഡിഎ എന്ന ചരടില്‍ ജോര്‍ജ് കൂട്ടിക്കെട്ടിയത്. കേന്ദ്രത്തില്‍ ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയത് അങ്ങനെയാണ്.

പ്രതിരോധ അഴിമതിയെക്കുറിച്ചുള്ള തെഹല്‍ക്ക വെളിപ്പെടുത്തലും ശവപ്പെട്ടി കുംഭകോണവും ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ പ്രതിഛായയിലെ എല്ലാ അതികായത്വവും ചോര്‍ത്തിക്കളഞ്ഞെന്നു തന്നെ പറയാം. തെഹല്‍ക ടേപ്പുകളില്‍ ജോര്‍ജിനെതിരേ ഒന്നുമില്ലെന്നാണ് രണ്ട് ജുഡീഷ്യല്‍ കമ്മിഷനുകള്‍ വിധിയെഴുതിയത്. പിന്നീടു വന്ന ശവപ്പെട്ടി കുംഭകോണത്തിലും ഒഴിവാക്കപ്പെട്ടു, ജോര്‍ജ്. എങ്കിലും പക്ഷേ, തിളക്കമാര്‍ന്ന പൊതുജീവിതത്തിലെ ആ കറുത്ത പൊട്ടുകളുമായിത്തന്നെയാണ് ജോര്‍ജിന്റെ ഓര്‍മകള്‍ മറഞ്ഞുപോയത്.

Life sketch of former leader George Fernandes, his opposition to Congress and Nehru family

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT