പ്രശസ്ത മനശ്ശാസ്ത്രവിദഗ്ധന്‍ ഡോ. എടി കോവൂരിന്റെ കേസ് ഡയറിയില്‍നിന്നുമെടുത്ത ഒരു ആശയത്തെ അടിസ്ഥാനമാക്കി രചിച്ച്, മഞ്ഞിലാസിന്റെ ബാനറില്‍ സേതുമാധവന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുനര്‍ജ്ജന്മം. 1972 ഓഗസ്റ്റില്‍ പ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന്റെ പുതുമകൊണ്ടും വിഷയാവതരണം കൊണ്ടും സാമ്പത്തിക വിജയം നേടി.
ഈഡിപ്പസ് കോംപ്ലക്‌സുമായി ബന്ധപ്പെട്ട, ഡോ. കോവൂരിന്റെ ഒരു കേസ് ഡയറിയില്‍നിന്നുമാണ് ഈ സിനിമയുടെ കഥ ഉരുത്തിരിഞ്ഞത്. അരവിന്ദന്‍ എന്ന കോളജ് ലക്ചറര്‍ രാധയെന്ന വിദ്യാര്‍ത്ഥിനിയെ അകമഴിഞ്ഞു സ്‌നേഹിക്കുകയും ഒടുവില്‍ വിവാഹിതരാവുകയും ചെയ്തു. പക്ഷേ, അയാള്‍ക്ക് അവളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ല. വീട്ടിലെ വേലക്കാരിയെ ബലാല്‍സംഗത്തിനു ശ്രമിക്കുന്നുമുണ്ട്. ഒടുവില്‍ അയാളുടെ മാനസിക പ്രശ്‌നം അമ്മയോടുള്ള ആത്മബന്ധത്തിന്റെ സ്വാധീനംകൊണ്ടുണ്ടായതാണെന്നും അമ്മയുടെ അതേ ഛായയിലുള്ള രാധയോടുള്ള ബന്ധത്തില്‍ ഇതാണ് വിഷയമാവുന്നതെന്നു ഡോക്ടര്‍ വിശദീകരിക്കുകയും അത് മാറാനുള്ള ചികിത്സ ആരംഭിക്കുകയും രാധയുടെ സഹായത്തോടെ ഇത് ഫലം കാണുകയും ചെയ്യുന്നു. ഈ സിനിമയുടെ വിജയത്തിനുള്ള കാരണങ്ങളില്‍ പ്രധാനം മലയാളത്തില്‍ ഇതുവരെ ആരും കൈകാര്യം ചെയ്തിട്ടില്ലാത്ത മനഃശാസ്ത്രപരമായ വിഷയം ഒതുക്കത്തോടെ സേതുമാധവന്‍ കൈകാര്യം ചെയ്തു എന്നതാണ്. കഥയുടെ ആഴത്തിലേക്കു കടന്നും കഥാപാത്രങ്ങളുടെ വികാരവിചാരങ്ങളെ സൂക്ഷ്മമായി പകര്‍ത്തിയുമാണ് ഇതിലെ ഗാനങ്ങള്‍ ഒരുക്കിയത്. ഗാനങ്ങള്‍ക്ക് കഥാതന്തുവുമായി ആത്മബന്ധം ഓരോ വരിയിലും കാണാം.
എല്ലാ ഭാവങ്ങളോടെയും ജയചന്ദ്രന്‍ പാടിയ കാമശാസ്ത്രമെഴുതിയ മുനിയുടെ കനക തൂലികേ, താരാട്ടെന്ന മട്ടില്‍ ഒരു പെണ്ണിന്റെ നോവുകള്‍ പകര്‍ത്തി സുശീല പാടിയ സൂര്യകാന്തക്കല്പടവില്‍, ഗതകാലത്തിന്റെ സ്വാധീനത്തില്‍ വാര്‍ത്തമാനത്തെ നിഷ്പ്രഭമാക്കുന്ന ജീവിതത്തെ ഓര്‍ക്കുംവിധം യേശുദാസ് പാടിയ പ്രേമഭിക്ഷുകീ, പ്രണയവും രതിയും തുളുമ്പും വിധം യേശുദാസ് പാടിയ കാമിനീ കാവ്യമോഹിനീ, മാധുരി പാടിയ വെളിച്ചമസ്തമിച്ചു, അമ്മയുടെ ഓര്‍മയെ വരച്ച പി. ലീലയുടെ ഉണ്ണിക്കൈ വളര്, സിനിമയുടെ നിര്‍ണായകഘട്ടത്തില്‍ മാധുരിയുടെ സ്വരത്തില്‍ മദന പഞ്ചമീ, മുത്തച്ഛന്റെ ആഘോഷമായി ആന്റോ പാടിയ കാക്കേം കാക്കേടെ കുഞ്ഞും എന്ന കുട്ടിപ്പാട്ട് എന്നിങ്ങനെ എട്ട് ഗാനങ്ങള്‍ പുനര്‍ജ്ജന്മത്തിലുണ്ട്. '70 കാലഘട്ടത്തില്‍ ഗാനങ്ങളുടെ എണ്ണം ചുരുങ്ങിവരുന്ന സമയത്താണ് ഈ സിനിമയില്‍ കഥയോട് ലയിച്ചുചേരും വിധം ഇത്രയും ഗാനങ്ങള്‍ വയലാറിന്റെ തൂലികയില്‍നിന്നും ഒഴുകിയത്. കഥയുടെ ഒഴുക്കിനും കഥാപാത്രങ്ങളുടെ മാറ്റങ്ങളറിയുവാനും മനഃശാസ്ത്രപരമായ ഒരു സമീപനം ഈ ഗാനങ്ങളില്‍ വയലാര്‍ സ്വീകരിച്ചത് ഈ സിനിമയുടെ വിജയത്തിന് ഒരു പ്രധാനഘടകമായിരുന്നു.
നസീറും ജയഭാരതിയും കഥാപാത്രങ്ങളുടെ ഉള്ളറിഞ്ഞഭിനയിച്ചു എന്നതും പുനര്‍ജ്ജന്മം മലയാളസിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചതില്‍ പ്രധാനഘടകമായിരുന്നു.
ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും കഥയുമായി ഇഴുകിച്ചേര്‍ന്നതാണെങ്കിലും മൂന്നു ഗാനങ്ങള്‍ പരിശോധിക്കാമെന്ന് കരുതുന്നു. സിനിമയുടെ വിജയത്തിനും കഥയുടെ പുരോഗതിക്കും ഒരു ഗാനരചയിതാവ് എങ്ങനെയൊരു ഘടകമാവുമെന്ന് തെളിയിച്ച ഗാനങ്ങള്‍ ഒരു പാഠപുസ്തകം തന്നെയാണ്.
കാമശാസ്ത്രമെഴുതിയ മുനിയുടെ
കനക തൂലികേ - നീ
മാനവഹൃദയമാം തൂണീരത്തിലെ
മന്ത്രശരമായി - എന്തിനു
മല്ലീശരമായി.
ധ്യാനധന്യമാം മനുഷ്യാത്മാവിനെ
തപസ്സില്‍ നിന്നുണര്‍ത്തുവാനോ
ജനനവും മരണവും മയങ്ങുമ്പോള്‍ വന്നു
ജന്മവാസനകള്‍ തിരുത്തുവാനോ
താളം തകര്‍ക്കുവാനോ.
മായമൂടിയ യുഗസൗന്ദര്യങ്ങള്‍
നായാടിപ്പിടിക്കുവാനോ
മധുരവും ദിവ്യവുമാമനുരാഗത്തിനെ
മാംസദാഹമായ് മാറ്റുവാനോ
രാഗം പിഴയ്ക്കുവാനോ
ഇണ ചേരുവാനുള്ള പുരുഷന്റെ കാമനയ്ക്ക് സാഹചര്യവും ഒരു ഘടകമാണ്. കിടപ്പുമുറിയില്‍ വച്ച് ഭാര്യയുടെ അര്‍ദ്ധനഗ്‌നത കണ്ടു വികാരഭരിതനായ ഭര്‍ത്താവ് ലൈംഗികവേഴ്ചയ്ക്ക് ശ്രമിക്കുന്ന ഒരു ഘട്ടത്തില്‍ അയാള്‍ക്ക് അമ്മയെക്കുറിച്ചുള്ള ഓര്‍മയില്‍ ഉത്തേജനം നഷ്ടപ്പെടുന്ന രംഗത്തില്‍, വരി പൂര്‍ത്തിയാകാത്ത ഗാനം പോലെ വികാരവും ഒടുങ്ങുന്ന ഈ രംഗം ശ്രോതാക്കളെ ആംകാംക്ഷാഭരിതരാക്കിയിരുന്നു.
മാനവഹൃദയം ഒരു ആവനാഴിയായിട്ടും അതിലെ മന്ത്രശരങ്ങളും മല്ലീശരങ്ങളുമാണെന്ന് പറയുമ്പോള്‍ കാമശാസ്ത്രത്തിലെ അറുപത്തിനാല് കലകളും കാമദേവന്റെ പഞ്ചശരങ്ങളും എത്ര കാവ്യാത്മകമായി സൂചിപ്പിച്ചു വയലാര്‍
പല്ലവിയില്‍ ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റും വിധം ഉല്ലേഖഭംഗികൊണ്ടും കാവ്യസൗന്ദര്യംകൊണ്ടും സമ്പന്നമാണ്. കാമശാസ്ത്രം എഴുതിയ മുനിയുടെ കനകതൂലികയെ പ്രകീര്‍ത്തിച്ചുകൊണ്ടാണ് ആരംഭം. മാനവഹൃദയമാകുന്ന തൂണീരത്തിലെ മന്ത്രശരമായി, എന്തിനു മല്ലീശരമായി എന്നതില്‍ തന്നെ അവതരിപ്പിക്കുന്ന വിഷയത്തിന്റെ ഗാംഭീര്യം മനസ്സിലാകും. മാനവഹൃദയം ഒരു ആവനാഴിയായിട്ടും അതിലെ മന്ത്രശരങ്ങളും മല്ലീശരങ്ങളുമാണെന്ന് പറയുമ്പോള്‍ കാമശാസ്ത്രത്തിലെ അറുപത്തിനാല് കലകളും കാമദേവന്റെ പഞ്ചശരങ്ങളും എത്ര കാവ്യാത്മകമായി സൂചിപ്പിച്ചു വയലാര്‍. സ്ത്രീപുരുഷപ്രണയത്തെ മന്ത്രഭാവത്തില്‍ കാണിച്ച് അവയിലെ സൂത്രങ്ങളെ കലകളായി അവതരിപ്പിച്ചാണ് കാമശാസ്ത്രമെന്ന ലൈംഗിക വിജ്ഞാനഗ്രന്ഥം വാത്സ്യായന മഹര്‍ഷി രചിച്ചത് എന്നും സൂക്ഷ്മത്തില്‍ പറഞ്ഞു.
ചരണത്തില്‍ ജനനവും മരണവും മയങ്ങുമ്പോള്‍ ജന്മവാസനകളുണര്‍ത്തുവാനോ, മനുഷ്യനെ ഉണര്‍ത്തുവാനോ, താളം തകര്‍ക്കുവാനോ എന്നെല്ലാമാണ് ചോദ്യങ്ങള്‍! ഉപബോധമനസ്സിലുള്ള വികാരവിചാരങ്ങളുടെ തിര തള്ളുമ്പോള്‍ താളം തെറ്റുന്ന മനുഷ്യന്റെ അവസ്ഥയെ ഒരു മനോരോഗവിദഗ്ധന്റെ ചാതുര്യത്തോടെയാണ് കവി ഇവിടെ സമീപിക്കുന്നത്. തീര്‍ന്നില്ല, മധുരവും ദിവ്യവുമായ അനുരാഗത്തെ മാംസരാഗമായി കാണുമ്പോള്‍ രാഗം പിഴയ്ക്കുന്ന പ്രണയഗാനമാകുന്നു ജീവിതം എന്നും കൂട്ടിച്ചേര്‍ക്കുന്നുണ്ട്. മനുഷ്യന്റെ കാവ്യഭാവനയും ജീവിതവും പുരോഗതിയും യുഗസൗന്ദര്യമെന്ന് കാണുന്ന കവി അവയെ പിറകോട്ടടിക്കുന്ന മാനസിക വ്യാപാരങ്ങളാല്‍ ഈ സൗന്ദര്യത്തെ നായാടിപ്പിടിക്കുന്ന അവസ്ഥയുടെ പരിണതഫലമായാണ് പിഴയ്ക്കുന്ന രാഗത്തെ ധ്വനിപ്പിച്ചത്. ജയചന്ദ്രന്റെ ഭാവലയത്തില്‍ ഇന്നുമീ ഗാനം നമ്മെ പിടിച്ചിരുത്തുന്നുണ്ട്.
അപൂര്‍ണ്ണമായ ലൈംഗികമോഹങ്ങളുടെ കാവ്യഭാവമാണ് ഈ രചനയില്‍ വയലാര്‍ പ്രയോഗിച്ചത്
സൂര്യകാന്ത കല്‍പ്പടവില്‍ ആര്യപുത്രന്റെ പൂമടിയില്‍
നിന്റെ സ്വപ്നങ്ങളെ നീ കിടത്തിയുറക്കൂ
സ്വയംപ്രഭേ സന്ധ്യേ ഉറക്കൂ - ഉറക്കൂ.
ശൃംഗാരകാവ്യ കടാക്ഷങ്ങള്‍ കൊണ്ടുനീ ശ്രീമംഗലയായീ
പൂക്കളുടെ മണമേറ്റു പുരുഷന്റെ ചൂടേറ്റു പൂണാരമണിയാറായീ കാറ്റേ - കടലേ കയ്യെത്തുമെങ്കിലാ കവിളക്കിന്‍
തിരിതാഴ്ത്തൂ - തിരിതാഴ്ത്തൂ.
സിന്ദൂരപുഷ്പപരാഗങ്ങള്‍ ചാര്‍ത്തി നീ സീമന്തിനിയായീ
അംഗരാഗമണിഞ്ഞു നീ കണവന്റെ പൂമെയ്യില്‍
ആശ്ലേഷമാകാറായീ കാറ്റേ - കടലേ
സ്വര്‍ഗ്ഗത്തില്‍ നിന്നൊരു
കല്‍പ്പകപ്പൂമഴ ചൊരിയൂ - മഴ ചൊരിയൂ.
അമ്മയുടെ ഓര്‍മയില്‍നിന്നും മോചനം നേടിയിട്ടില്ലാത്ത ഭര്‍ത്താവ് ഭാര്യയോട് ഒരു താരാട്ട് പാടാനാണ് അവരുടെ സ്വകാര്യനിമിഷങ്ങളില്‍ ആവശ്യപ്പെടുന്നത്. ഭര്‍ത്താവിന്റെ മാനസികമായ അനാരോഗ്യം അറിയാത്ത ഭാര്യ താരാട്ടില്‍ തന്റെ പ്രണയവും അഭിലാഷങ്ങളും ധ്വനിപ്പിച്ചുകൊണ്ട് പാടുന്നു, സൂര്യകാന്തക്കല്പടവില്‍ ആര്യപുത്രന്റെ പൂമടിയില്‍ അവളുടെ സ്വപ്നങ്ങളെ കിടത്തിയുറക്കൂ എന്ന്. സ്ത്രീമോഹങ്ങളെ യാതൊരു കവചവും കൂടാതെ അവതരിപ്പിക്കുന്ന ഈ ഗാനത്തില്‍ താരാട്ടിന്റെ മറവില്‍ നായികകഥാപാത്രം തന്റെ ഇംഗിതമാണ് പറയുന്നത്.
ആര്യപുത്രന്റെ പൂമടിയില്‍ അവളുടെ സ്വപ്നങ്ങളെ കിടത്തിയുറക്കാന്‍ നായിക സ്വയം പറയുമ്പോള്‍ അവളുടെ നോവുകളും പ്രേക്ഷകന് അനുഭവവേദ്യമാവുന്നുണ്ട്. ശൃംഗാരകാവ്യ കടാക്ഷങ്ങള്‍കൊണ്ടു ശ്രീമംഗലയായതും പുരുഷന്റെ ചൂടേറ്റു പൂണാരമണിയാറായതും ഒരു താരാട്ടിന്റെ മട്ടല്ല, കയ്യെത്തുമെങ്കില്‍ കല്‍വിളക്കിന്റെ തിരി താഴ്ത്താന്‍ പറയുന്ന അസംതൃപ്തയായ സ്ത്രീയുടെ വികാരപൂര്‍ത്തിക്കുള്ള ക്ഷണമാണ്. പുരുഷന്റെ ബോധ-ഉപബോധ മനസ്സുകളുടെ വടംവലിയില്‍ അവള്‍ ഭാര്യയും അമ്മയുമാണ് എന്ന ദ്വന്ദഭാവത്തില്‍ ഒരു പെണ്ണിന്റെ ജീവിതമാണ് തുലാസ്സിലാടുന്നത്. സീമന്തിനിയായിട്ടും കണവന്റെ ആശ്ലേഷത്തില്‍ അമരാന്‍ കൊതിച്ചിട്ടും സാധ്യമാകാത്ത മോഹം, അയാള്‍ ഉറങ്ങുന്നത് ഉപബോധമനസ്സിലെ അമ്മയുടെ താരാട്ടിലും അവള്‍ ഉണര്‍ത്തുന്നത് അവളുടെ മോഹങ്ങളേയുമാണ്. അപൂര്‍ണ്ണമായ ലൈംഗികമോഹങ്ങളുടെ കാവ്യഭാവമാണ് ഈ രചനയില്‍ വയലാര്‍ പ്രയോഗിച്ചത്. സുശീലയുടെ മധുരരാഗത്താലും ജയഭാരതിയുടെ അതുല്യമായ സൂക്ഷ്മാഭിനയത്താലും ഈ ഗാനരംഗം ഇന്നും മികച്ചതാണ്.
പ്രേമഭിക്ഷുകീ, ഭിക്ഷുകീ, ഭിക്ഷുകീ
ഏതു ജന്മത്തില്‍ ഏതു സന്ധ്യയില്‍
എവിടെവച്ചു നാം കണ്ടൂ - ആദ്യമായ്
എവിടെവച്ചു നാം കണ്ടൂ.
ചിരിച്ചും കരഞ്ഞും - തലമുറകള്‍ വന്നു
ചിരിച്ചും കരഞ്ഞും തലമുറകള്‍ വന്നു
ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍
പൊഴിഞ്ഞ നമ്മള്‍ തന്‍ കാലടിപ്പാടുകള്‍
പൊടികൊണ്ടു മൂടിക്കിടന്നു - എത്രനാള്‍
പൊടികൊണ്ടു മൂടിക്കിടന്നു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ - വീണ്ടും
അടുക്കാതിരുന്നെങ്കില്‍
ഭിക്ഷുകീ... ഭിക്ഷുകീ...
നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടന്നും തളര്‍ന്നും വഴിയമ്പലത്തിലെ
നടക്കല്‍ വിളക്കിന്‍ കാല്‍ചുവട്ടില്‍
വിടര്‍ന്ന നമ്മള്‍തന്‍ മാനസപൂവുകള്‍
വിധിവന്നു നുള്ളിക്കളഞ്ഞു- ഇപ്പൊഴും
വിധിവന്നു നുള്ളിക്കളഞ്ഞു
മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍-- വീണ്ടും
അടുക്കാതിരുന്നെങ്കില്‍
ഭിക്ഷുകീ... ഭിക്ഷുകീ... ഓ...
അതിപ്രശസ്തമായ ഈ ഗാനം പ്രേമത്തിന്റെ ഉദാത്ത ഭാവത്തെ പ്രത്യക്ഷമാക്കുന്നു എന്നാണ് ഒഎന്‍വി വയലാര്‍ഗാനങ്ങള്‍ക്ക് ആമുഖമായി പറഞ്ഞത്.
കഥാനായകന്റെ മാനസികവ്യാപാരം അതിസൂക്ഷ്മതയോടെ വരച്ചിട്ടുള്ള ഈ ഗാനം വെറുമൊരു പ്രണയഗാനമായി മാത്രമല്ല കാണേണ്ടത് എന്നു തോന്നുന്നു.
ചിരിച്ചും കരഞ്ഞും തലമുറകള്‍ വന്നു ചവിട്ടിക്കുഴച്ചിട്ട വീഥികളില്‍ നമ്മുടെ കാലടിപ്പാടുകള്‍ പൊടികൊണ്ടു മൂടിക്കിടക്കുന്നു എന്ന ഭാഗത്ത് കൃത്യമായി ഒരു ഗതകാലത്തിന്റെ ഭാരം ചുമക്കുന്ന നായകനെ വ്യക്തമാക്കി വയലാര്‍. എല്ലാം മറക്കാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന ഭാഗം അമ്മയെ മറന്നാല്‍ ഭാര്യയോടുള്ള പ്രണയം പൂര്‍ണ്ണമാകുമെന്ന ധ്വനിയുണ്ട്. വീണ്ടും അടുക്കാതിരുന്നെങ്കില്‍ എന്നാണ് അഭ്യര്‍ത്ഥനയില്‍ മാനസിക സംഘര്‍ഷവുമുണ്ട്! അടുത്ത ചരണത്തില്‍, നമ്മുടെ മാനസപ്പൂവുകള്‍ വിധി വന്നു നുള്ളിക്കളഞ്ഞു എന്നുള്ളിടത്ത് ഭാര്യയോടുള്ള പ്രണയം, കുറ്റബോധം, ദുര്‍ബലമായ അയാളുടെ മനസ്സ് എല്ലാം വരച്ചു. തന്റെ ഭാര്യ പ്രേമം യാചിക്കുന്നവളാണ് എന്ന് അറിയുന്ന ഭര്‍ത്താവിന്റെ നിസ്സഹായമായ അവസ്ഥയാണ് പ്രേമഭിക്ഷുകീ എന്ന ആദ്യ സംബോധനയിലൂടെ പുറത്തേക്ക് വന്നത്.
മനസ്സിന്റെ ഊഞ്ഞാലാട്ടത്തില്‍ നിസ്സഹായനായ ഒരു പുരുഷന്റെ ചിന്തയുടെ വരമൊഴിയാണ് ഈ ഗാനം. യേശുദാസിന്റെ സ്വരം ഈ രംഗത്തിന് കൊഴുപ്പുകൂട്ടി.
ഒരുപക്ഷേ, ഈ ഗാനത്തോടു ചേര്‍ത്തുവായിക്കേണ്ടതാണ് 'സന്യാസിനീ നിന്‍ പുണ്യാശ്രമത്തില്‍ ഞാന്‍ സന്ധ്യാപുഷ്പവുമായ് വന്നു' എന്ന ഗാനം. ആത്മബോധം 'നിന്നെ ഞാന്‍ സ്‌നേഹിച്ചിരുന്നു' എന്ന് മന്ത്രിക്കുമ്പോഴും എവിടെ വച്ചു നാം കണ്ടു ആദ്യമായെന്ന ചോദ്യമാണ് ഉപബോധമനസ്സില്‍ ഉയരുന്നത്. ഇങ്ങനെയാണ് വയലാര്‍. ഒരു ഗാനത്തിന്റെ ഹാങ്ങ് ഓവറില്‍ മറ്റു ഗാനങ്ങളുടെയും ഉറവ പൊട്ടും.
ഗാനരചനയിലൂടെ മനഃശാസ്ത്രപരമായ ചികിത്സ സാധിച്ച കാവ്യസഞ്ചാരിയാണ് വയലാര്‍ എന്നു തെളിയിച്ച ചലച്ചിത്രമാണ് പുനര്‍ജ്ജന്മം. കാലത്തിന്റെ കയ്യൊപ്പും പതിഞ്ഞ ഈ സിനിമയിലെ ഗാനങ്ങള്‍ അനശ്വരമാകുന്നതും അതുകൊണ്ടാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates