History of moral-turpitude and harassment cases in Kerala’s political sphere  samkaliak malayalam
News+

സദാചാരം മുതൽ സ്ത്രീപീഡനം വരെ, കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച വിവാദങ്ങൾ

കേരളത്തി​ന്റെ രാഷ്ട്രീയ ചരിത്രത്തിൽ 62 വർഷം മുമ്പ് ധാർമ്മിക വിഷയമായി ഉയർന്നുവന്ന ഒന്നായിരുന്നു പിടി ചാക്കോയ്ക്കെതിരെ ഉന്നയിച്ച ആരോപണം. അവിടെ നിന്ന് ഇന്നുവരെ രാഷ്ട്രീയകക്ഷി ഭേദമന്യേ നേതാക്കൾക്കെതിരെ ഉയർന്നതെല്ലാം സ്ത്രീപീഡന ആരോപണങ്ങളാണ്.

സമകാലിക മലയാളം ഡെസ്ക്

കേരള രാഷ്ട്രീയത്തിൽ ഏറ്റവും കൂടുതൽ വിവാദ​ങ്ങൾക്ക് വഴിയൊരുക്കിയിട്ടുള്ള ഒന്നാണ് സ്ത്രീകൾക്ക് നേരെ രാഷ്ട്രീയ നേതാക്കൾ നടത്തിയ പീഡനങ്ങളും സദാചാരവിഷയങ്ങളും. പലപ്പോഴും രാഷ്ട്രീയത്തിൽ കൊടുങ്കാറ്റ് ഉയർത്തിയ വിഷയങ്ങളായി അവ മാറുകയും രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല രാഷ്ട്രീയ പാർട്ടികളുടെ ഭാവി പോലും വഴിമാറ്റുകയും ചെയ്ത ചരിത്രം ഈ സംഭവങ്ങൾക്കുണ്ട്. സ്മാർത്തവിചാര തുല്യമായ വിചാരണകൾ മുതൽ ആരോപണങ്ങളിൽ സ്വന്തം നേതാക്കളെ രക്ഷിച്ചെടുക്കാനുള്ള തത്രപ്പാടിൽ അക്രമങ്ങൾ വരെ അരങ്ങേറിയ സംഭവങ്ങളും കേരളത്തിലുണ്ടായിട്ടുണ്ട്.

സ്ത്രീ പീഡന കേസുകളായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ നേതാക്കൾ ആരോപണ വിധേയരായിട്ടുള്ളത് കോൺ​ഗ്രസിൽ നിന്നാണ്. നിലവിൽ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പടെ മൂന്ന് കോൺ​ഗ്രസ് എംഎൽഎ മാരാണ് സ്ത്രീ പീഡന കേസിൽ പ്രതിസ്ഥാനത്തുള്ളത്. കേരളത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ ആദ്യത്തെയും രണ്ടാമത്തെയും എം എൽ എ മാർ കോൺ​ഗ്രസിലെ പ്രധാന നേതാക്കളായിരുന്നു. കോൺ​ഗ്രസിന് പുറമെ ജനതാദൾ, സിപി എം, മുസ്ലിം ലീ​ഗ്, കേരളാ കോൺ​ഗ്രസ് നേതാക്കളും ഇങ്ങനെ ആരോപണങ്ങളിൽ പ്രതിസ്ഥാനത്ത് വന്നിട്ടുണ്ട്.

കേരളത്തിലെ അധികാരത്തിലിരിക്കുന്ന ഒരു രാഷ്ട്രീയനേതാവുമായി ബന്ധപ്പെട്ട് സദാചാര വിഷയമാക്കി ഉയർന്നുവരുന്നത് 62 വർഷം മുമ്പാണ്. കേരള രൂപീകരണത്തിന് ശേഷമുള്ള മൂന്നാമത്തെ മന്ത്രിസഭയുടെ കാലത്താണ് ആ വിഷയം. കേരള രാഷ്ട്രീയത്തിലെ ഉന്നതനായ നേതാക്കളിലൊരാളും രണ്ടും മൂന്നും മന്ത്രിസഭകളിൽ ആഭ്യന്തരമന്ത്രിയുമായിരുന്ന പി ടി ചാക്കോയ്ക്കെതിരായാണ് ആ വിവാദം ഉയർന്ന് വന്നത്.

1963 ഡിസംബര്‍ എട്ടിന് പീച്ചിക്ക് പോവുകയായിരുന്ന ചാക്കോയുടെ ഔദ്യോഗിക കാര്‍ തൃശൂര്‍-വാണിയമ്പാറ റോഡില്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കേരള നിയമസഭയിൽ സ്ത്രീ വിഷയവുമായി ബന്ധപ്പെട്ട സദാചാര ച‍ർച്ചയ്ക്ക് വഴിയൊരുക്കിയത്. ആഭ്യന്ത്രമന്ത്രി ചാക്കോയുടെ കാര്‍ ഒരു ഉന്തുവണ്ടിയില്‍ തട്ടി മൂന്ന് പേര്‍ക്ക് പരിക്കേറ്റു. അദ്ദേഹം കാര്‍ നിര്‍ത്താതെ ഓടിച്ച് പോയി. വാഹനത്തില്‍ ചാക്കോയുടെ കൂടെയുണ്ടായിരുന്നത് നെറ്റിയില്‍ പൊട്ടു തൊട്ടൊരു സ്ത്രീയായിരുന്നുവെന്നും, അത് അദ്ദേഹത്തിന്റെ ഭാര്യയല്ലെന്നുമുള്ള വാര്‍ത്ത അന്ന് ഇളകി മറിഞ്ഞു നിന്ന സംസ്ഥാന രാഷ്ട്രീയത്തെ ഒന്നു കൂടെ കലക്കി.

സ്മാ‍ർത്ത വിചാരത്തി​ന്റെ കഥ പറഞ്ഞാണ് പിടി ചാക്കോ പ്രതിപക്ഷത്തെ നേരിട്ടത്. ഒരു നമ്പൂതിരി ഇല്ലത്തില്‍ നടന്ന സ്മാര്‍ത്തവിചാരം ഉദ്ധരിച്ചാണ് ചാക്കോയുടെ നിയമസഭയിലെ മറുപടി. ബന്ധുവല്ലാത്ത ഒരു യുവാവിനോട് സംസാരിച്ചു എന്നതായിരുന്നു കുറ്റം. പെണ്‍കുട്ടിയുടെ വിശദീകരണം കേള്‍ക്കാന്‍ ക്ഷമ കാട്ടാതെ അവളെ ചവിട്ടിപ്പുറത്താക്കിയ അപ്ഫനോടാണ് പ്രതിപക്ഷ നേതാവ് ഇഎം എസ് നമ്പൂതിരിപ്പാടിനെ ചാക്കോ ഉപമിച്ചത്. തന്നെയും ചവിട്ടി പുറത്താക്കാനാണ് ഇഎംഎസും പ്രതിപക്ഷവും ശ്രമിക്കുന്നതെന്ന വാദത്തിനായിരന്നു അദ്ദേഹം നൽകിയ ഊന്നൽ.

രാഹുല്‍ മാങ്കൂട്ടത്തില്‍, പിടി ചാക്കോ rahul, PT Chacko

എന്നാൽ, പ്രത്യക്ഷത്തിൽ ആ വിഷയത്തെ മാറ്റി നിർത്തിയായിരന്നു പ്രതിപക്ഷ നേതാവായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാട് തിരിച്ചടിച്ചത്. അപകടം നടന്ന ശേഷം മന്ത്രി കാ‍ർ നിർത്താതെ പോയതിൽ പിടിച്ചായിരുന്നു അദ്ദേഹത്തി​ന്റെ ആക്രമണം. മന്ത്രി ആശൂപത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചില്ല, വിവരം ഡിവൈഎസ്പിയെ അറിയിച്ചില്ല 'മന്ത്രി ക്രിമിനല്‍ നിയമവും മനുഷ്യത്വ നിയമവും ലംഘിച്ചു. അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംശയത്തിനുള്ള സാഹചര്യമുണ്ട്'.

കോണ്‍ഗ്രസ് പ്രവര്‍ത്തകയായ പദ്മം എസ്. മേനോനാണ് തന്റെ കാറില്‍ ഉണ്ടായിരുന്നതെന്നാണ് ചാക്കോ അവകാശപ്പെട്ടത്. പദ്മവും പത്രക്കാരോട് അങ്ങനെ തന്നെയാണ് അന്ന് പറഞ്ഞത്. പില്‍കാലത്ത് താനല്ല ആ വണ്ടിയില്‍ ഉണ്ടായിരുന്നതെന്നും മറ്റൊരു സ്ത്രീയായിരുന്നുവെന്നും പദ്മം വെളിപ്പെടുത്തി

ഈ സംഭവം വലിയ വിവാദമാകുകയും പ്രതിപക്ഷം മാത്രമല്ല, ഭരണപക്ഷത്തെ ചാക്കോ വിരുദ്ധരും ഇത് ആയുധമാക്കി. അവസാനം സുഹൃത്തും മുഖ്യമന്ത്രിയുമായ ആർ ശങ്കറും ചാക്കോയെ കൈയൊഴിഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം 1964 ഫെബ്രുവരി 20 ന് ചാക്കോ രാജി വച്ചു. രാഷ്ട്രീയത്തിൽ നിന്നകന്ന് അഭിഭാഷക വൃത്തിയിലേക്ക് മടങ്ങിയ ചാക്കോ കോഴിക്കോട് വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് 1964 ജൂലൈ 31 ന് 49ാം വയസില്‍ നിര്യാതനായി.

ആ മരണത്തെ തുടർന്നാണ് കോൺ​ഗ്രസിൽ പുകഞ്ഞുകൊണ്ടിരുന്ന പോര് പുതിയൊരു രാഷ്ട്രീയ പാർട്ടിയായി രൂപപ്പെട്ടു. അധികം വൈകാതെ 1964 ഒക്ടോബറിൽ കേരളാ കോൺ​ഗ്രസ് രൂപീകരിച്ചു.

പിന്നീട് ഏതാണ്ട് മുപ്പത് വർഷത്തോളം കേരള രാഷ്ട്രീയത്തിൽ സ്ത്രീകളുമായി ബന്ധപ്പെട്ട ആരോപണങ്ങളൊന്നും വിവാദമായി ഉയർന്നുവന്നില്ല.എന്നാൽ 1996 ലാണ് കേരളത്തെ ഞെട്ടിച്ച വാർത്ത പുറത്തുന്നവന്നത്. സൂര്യനെല്ലി കേസ് എന്ന് പീന്നീട് അറിയപ്പെട്ട സംഭവത്തിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി 40 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് പീഡിപ്പിച്ചതായിരുന്നു ഈ കേസ്. ഈ കേസിൽ പല പ്രമുഖരുടെയും പേര് ഉയർന്നു വന്നു.

അതിനിടയിൽ ഒരു പ്രസിദ്ധീകരണത്തിൽ കണ്ട പടം തന്നെ പീഡിപ്പിച്ച ബാജി എന്ന് വിളിക്കുന്ന ആളാണ് എന്ന് അതിജീവിതയായ കുട്ടി പറഞ്ഞു. അത് മുതിർന്ന കോൺ​ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി ജെ കുര്യനായിരുന്നു. തുടർന്ന് കേരളരാഷ്ട്രീയത്തിന് തീ പിടിച്ചു. കേന്ദ്രത്തിലും കേരളത്തിലും ഭരണത്തിലിരുന്ന കോൺ​ഗ്രസ് പി ജെ കുര്യനെ രക്ഷിക്കാനും സി പി എം ഉൾപ്പെടുന്ന പ്രതിപക്ഷം കുര്യനെതിരെയും രം​ഗത്തെത്തി. വിവാദങ്ങളിൽ കുര്യന് അനുകൂലമായിരുന്നു പൊലീസ് നിലപാടും.

സൂര്യനെല്ലി കേസ് വിവാദമായിരിക്കെയായിരുന്നു കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് അധികാരത്തിൽ വന്നു. സിപി എം നേതൃത്വം നൽകുന്ന സർക്കാർ അധികാരത്തിലിരിക്കെ 1997 ലാണ് കോഴിക്കോട് ഐസ്ക്രീം പെൺവാണിഭ കേസ് പുറത്തുവരുന്നത്.

PJ Kurien

മുസ്ലിം ലീ​ഗ് നേതാവും മന്ത്രിയുമായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിക്കെതിരായിരുന്നു ഐസ്ക്രീം പെൺവാണിഭ കേസിലെ ആരോപണങ്ങൾ. എന്നാൽ ഭരണപക്ഷമോ പ്രതിപക്ഷമോ ഉൾപ്പടെ മുഖ്യധാര പാർട്ടികളാരും ഈ വിഷയത്തിൽ നിന്ന് അകന്ന് നിൽക്കാനാണ് ശ്രമിച്ചത്. അതേസമയം സ്ത്രീ സംഘടനകളും നക്സലൈറ്റ് പ്രസ്ഥാനങ്ങൾ, മുഖ്യധാരയില്ലാത്ത സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവർ ഈ വിഷയം ഉയർത്തിക്കൊണ്ടുവന്നു. പക്ഷേ പ്രതിപക്ഷത്തായിരുന്നിട്ടും കുഞ്ഞാലിക്കുട്ടിക്കോ ലീ​ഗിനോ ഈ വിവാദങ്ങൾ ഒരു അസ്വാരസ്യവും സൃഷ്ടിക്കാതെ കടന്നുപോയി. പക്ഷേ അത് വരാനിരിക്കുന്ന കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തതയായിരുന്നു.

മൂന്നാം ഇ കെ നായനാർ സർക്കാരി​ന്റെ കാലത്താണ് ഇടതുപക്ഷത്തെ ഒരു മന്ത്രിക്കെതിരെ സ്ത്രീപീഡനാരോപണം ആദ്യമായി ഉയർന്നത്. മന്ത്രിയായിരുന്ന ഡോ. എ നീലലോഹിതദാസൻ നാടാർക്കെതിരെ ഐ എ എസ് ഉദ്യോ​ഗസ്ഥയും ഐ എഫ് എസ് ഉദ്യോ​ഗസ്ഥയുമാണ് പരാതി പറഞ്ഞത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് കോടതി ഈ കേസുകളിൽ അദ്ദേഹത്തെ ശിക്ഷിക്കുകയും. പിന്നീട് കുറ്റവിമുക്തനാക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അപ്പീൽ പോകുമെന്ന് ഐ എഫ് എസ് ഉദ്യോ​ഗസ്ഥ വ്യക്തമാക്കുകയും ചെയ്തു.

kunjalikkutty

2001 ൽ അധികാരത്തിൽ വന്ന എ കെ ആ​ന്റണി ശേഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് വ്യവസായ മന്ത്രിയാപി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഐസ്ക്രീം കേസിലെ അതിജീവിതകളിലൊരാളായ പെൺകുട്ടി മാധ്യമങ്ങൾക്ക് മുന്നിൽ ഈ ആരോപണങ്ങൾ ഉന്നയിച്ചു. തുടർന്ന് കേരളത്തിൽ ഇത് വലിയ കോളിളക്കം സൃഷ്ടിച്ചു. പ്രതിപക്ഷം വിഷയം ഏറ്റെടുത്ത് തെരുവിലിറങ്ങി.

ലീ​ഗ് പ്രവർത്തകർ മാധ്യമപ്രവർത്തകരെ ആക്രമിക്കുകയും തെരുവിൽ അക്രമം അഴിച്ചുവിടുകയും ചെയ്തതോടെ വിഷയം കത്തിപ്പടർന്നു. അവസാനം കുഞ്ഞാലിക്കുട്ടിക്ക് രാജിവെക്കേണ്ടി വന്നു. മൊഴി നൽകിയ പെൺകുട്ടി പിന്നെ മൊഴിമാറ്റി. അതിന് ശേഷം 2011 ലെ ഉമ്മൻചാണ്ടി സർക്കാരി​ന്റെ കാലത്ത് കുഞ്ഞാലിക്കുട്ടിയുടെ ഭാര്യ സഹോദരിയുടെ ഭർത്താവായ കെ എ റൗഫ് ഐസ്ക്രീം കേസിലെ ആരോപണങ്ങൾ വീണ്ടും ഉന്നയിച്ചു. മൊഴിമാറ്റാനും കേസ് അനുകൂലമായി വിധി സമ്പാദിക്കാനും വൻ തുക നൽകിയ വിവരങ്ങളാണ് അദ്ദേഹം വെളിപ്പെടുത്തിയത്. പക്ഷേ, അത് ആ മൊഴികളിൽ തന്നെ കത്തിത്തീർന്നു.

എന്നാൽ, തൊട്ടുപിന്നാലെ സോളാർ വിവാദം തുടങ്ങിയപ്പോൾ അതിലെ അഴിമതിയേക്കാൾ കത്തിപ്പടർന്നത് ആ കേസിലെ പ്രതി ഉന്നയിച്ച ആരോപണങ്ങളായിരുന്നു. സോളാർ വിവാദകാലത്ത് നിരവധി കോൺ​ഗ്രസ് നേതാക്കൾക്കെതി രായാണ് ആരോപണം ഉയർന്നത്. ഉമ്മൻചാണ്ടി, കെസി വേണു​ഗോപാൽ, ഹൈബി ഈഡൻ,എ പി അനിൽകുമാർ, അടുർ പ്രകാശ്, സി പി എം വിട്ട് കോൺ​ഗ്രസിലും പിന്നീട് ബി ജെ പിയിലും പോയ എ പി അബ്ദുള്ളക്കുട്ടി എന്നിവർക്കെതിരയാണ് സോളാർ കേസിലെ പ്രതി ആരോപണം ഉന്നയിച്ചത്. ഇതിൽ നടന്ന അന്വേഷണത്തിനൊടുവിൽ എല്ലാവരെയും കുറ്റവിമുക്തരാക്കി.

ഉമ്മൻചാണ്ടിക്കെതിരെ രണ്ട് തവണ സദാചാര ആരോപണങ്ങൾ ഉയർന്നു. ഒരു സ്ത്രീയുമായി അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്തു എന്നായിരുന്നു ആദ്യ ആരോപണം. എന്നാൽ അത് താനായിരുന്നുവെന്ന് അദ്ദേഹത്തി​ന്റെ ഭാര്യ വെളിപ്പെടുത്തിയതോടെ അത് അവസാനിച്ചു. അതിന് ശേഷമായിരുന്നു സോളാർ വിഷയവുമായി ബന്ധപ്പെട്ടു ഉയർന്നുവന്ന പീഡനാരോപണം.

ഒന്നാം പിണറായി വിജയൻ സർക്കാരി​ന്റെ കാലത്ത് പുതുതായി തുടങ്ങിയ ചാനൽ അവരുടെ തുടക്കത്തിനായി ഒരുക്കിയ ഫോൺകെണിയിൽപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് അദ്ദേഹം കുറ്റവിമുക്തനായി തിരിച്ചെത്തി. ഷൊർണ്ണൂരിൽ നിന്നുള്ള സി പി എം, എൽ എ എയായിരുന്ന പി കെ ശശിക്കെതിരെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ആരോപണം ഉയർന്നിരുന്നു. പിന്നീട് പാർട്ടി തലത്തിൽ ശശിക്കെതിരെ നടപടി വന്നു. എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.

ഇതുപോലെ തന്നെ നിലവിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശിക്കെതിരെയും എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന ​ഗോപി കോട്ടമുറിക്കലിനെതിരെയും ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതിലും ഇരുവർക്കുമെതിരെ പാർട്ടി നടപടികൾ ഉണ്ടായി. നയതന്ത്ര സ്ഥാപനവുമായി ബന്ധപ്പെട്ടുണ്ടായ സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിയായ സ്ത്രീ അന്ന് സ്പീക്കറായിരുന്ന പി.ശ്രീരാമകൃഷ്ണനെതിരെ ആരോപണം ഉന്നയിച്ചു. ഇതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ശ്രീരാമകൃഷ്ണൻ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

നിലവിൽ  രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒന്നിലേറെ സ്ത്രീകൾ ആരോപണം ഉന്നയിക്കുകയും അത് പിന്നീട് കേസിലേക്ക് വഴിമാറുകയും ചെയ്തു. ഈ കേസുകൾ വരുന്നതിന് മുമ്പ് തന്നെ കോൺഗ്രസിന്റെ   കോവളം എം എൽ എ ആയ എം വിൻസെന്റും പെരുമ്പാവൂർ എം എൽ എ ആയ എൽദോസ് കുന്നപ്പള്ളിയും സ്ത്രീ പീഡനകേസുകളിൽ ജാമ്യത്തിലാണ്.

history of moral turpitude and harassment against women within the political landscape in Kerala

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാത്സംഗം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും കേസ്

അഭിപ്രായ വ്യത്യാസങ്ങള്‍ മാറും; ഈ ആഴ്ച ദാമ്പത്യം എങ്ങനെ

പ്രശ്‌നങ്ങളില്‍ പരിഹാരം; ജോലി രംഗത്ത് പുതിയ അവസരങ്ങള്‍

റണ്‍മല താണ്ടി ദക്ഷിണാഫ്രിക്ക, റായ്പൂരില്‍ ഇന്ത്യയ്ക്ക് തോല്‍വി

'വെട്ടുകിളിക്കൂട്ടങ്ങളേ, ദാ അവള്‍ വന്നിട്ടുണ്ട്'; രാഹുലിനെതിരെ ആരോപണം ഉന്നയിച്ച ഷഹനാസിന് പിന്തുണയുമായി ഹണി ഭാസ്‌കരന്‍

SCROLL FOR NEXT