A look at IUML’s traditional stronghold constituencies and electoral history in Kerala Samakalika Malyalam
News+

വിജയത്തുടർച്ചയുടെ കോണി കയറിയവരുടെ കഥ, 'തുടർഭരണം' തുടർക്കഥയാക്കിയ ലീഗ് മണ്ഡലങ്ങൾ

കേരളത്തിലെ തെരഞ്ഞെടുപ്പിൽ തുടർഭരണം ചർച്ചയാകുമ്പോൾ ഏറ്റവും കൂടുതൽ മണ്ഡലങ്ങൾ, കൂടുതൽ തവണ സ്വന്തമാക്കിയവരിൽ മുന്നിൽ നിൽക്കുന്ന പാർട്ടികളിലൊന്നാണ് മുസ്ലിം ലീഗ്. ആ ചരിത്രം അറിയാം.

അനിൽ എസ്

സംസ്ഥാന ചരിത്രത്തിൽ തുടർ ഭരണം നേടുന്ന രണ്ടാമത്തെ സർക്കാരാണ് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ മുന്നണിയുടേത്. ഇതിനുമുൻപ് അടിയന്തരാവസ്ഥയ്ക്ക് ശേഷം കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരിന് ലഭിച്ചത് വേണെങ്കിൽ സാങ്കേതികമായ ഭരണ തുടർച്ച എന്ന് പറയാം. വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ സർക്കാരിൻറെ മാത്രമല്ല പല എംഎൽഎമാരുടെയും തുടർച്ചയായുള്ള സ്ഥാനാർത്ഥിത്വം ചർച്ചയാകുന്നുണ്ട്.

സംസ്ഥാനത്തെ ചില മണ്ഡലങ്ങൾ എങ്കിലും സ്ഥിരമായി ഒരേ പാർട്ടിയോ സ്ഥാനാർത്ഥിയോ തന്നെ ജയിക്കുന്ന സ്ഥിതി വിശേഷം ഉണ്ട്. ഏതാണ്ട് 53 വർഷം തുടർച്ചയായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതിനിധാനം ചെയ്ത പുതുപ്പള്ളി, 13 തവണയായി 54 വർഷം കെഎം മാണി കയ്യടക്കി വച്ചിരുന്ന പാല എന്നീ മണ്ഡലമൊക്കെ ഈ ഗണത്തിൽ പെടുന്നവയാണ്. ചിഹ്നം മാറാതെ തുടർ ഭരണം നടക്കുന്നതിലേറെയും ഇടതുപക്ഷത്തിന്റെയും മുസ്ലിം ലീഗിന്റെയും കോട്ടകളാണ്. അത്തരം ചില ലീഗ് മണ്ഡലങ്ങൾ പരിശോധിക്കാം.

കൊണ്ടോട്ടിയിൽ തുടങ്ങുന്ന ചരിത്രം

കൊണ്ടോട്ടിയുടെ ഇന്നു വരെയുള്ള ചരിത്രത്തിൽ മുസ്‌ലിം ലീഗ് മാത്രമേ വിജയിച്ചിട്ടുള്ളൂ. ലീഗ് മുന്നണി മാറിയിട്ടുണ്ടോ എന്നത് വിഷയമാകാതെ ലീഗിനെ എന്നും ജയിപ്പിച്ച മണ്ഡലമാണത്. മണ്ഡല പുനർനിർണ്ണയങ്ങൾ പോലും കൊണ്ടോട്ടിയിലെ ലീഗ് വിജയത്തെ ബാധിച്ചില്ല. 1957ൽ എം പി എം അഹമ്മദ് കുരിക്കൾ തുടങ്ങിയ വിജയം ഉമ്മർ ബാഫഖി തങ്ങളിലൂടെ, സി എച്ച് മുഹമ്മദ് കോയയിലൂടെ, സീതി ഹാജിയിലൂടെ, ഒടുവിൽ ടി വി ഇബ്രാഹിമിലെത്തി നിൽക്കുന്നു. തിരൂരിലും ഒരു തവണ മാത്രമാണ് ലീഗ് അല്ലാതെ ഒരു പാർട്ടിക്ക് വിജയിക്കാനായത് - അതും 2006ൽ വി എസ് അച്യുതാനന്ദൻ അധികാരത്തിലെത്തിയ തരംഗത്തിൽ.ആദ്യമായി ലീഗ് തിരൂരിൽ വിജയത്തിത്തി​ന്റെ കോണിയിറങ്ങിയത് അന്നായിരുന്നു. അന്ന് വിജയം സി പി എമ്മിന്റെ പി പി അബ്ദുള്ളക്കുട്ടിക്കൊപ്പമായിരുന്നു.

1952 മുതൽ 60 വരെ കോൺഗ്രസിനൊപ്പവും പിന്നീട് 1977 മുതൽ ഇന്നേ വരെ ലീഗിനൊപ്പവും നിന്ന മണ്ഡലമാണ് കാസറഗോഡ്. മലപ്പുറത്തെ മഞ്ചേരിയിലും ഏതാണ്ട് സമാനമാണ് സ്ഥിതി. 1957ൽ പി പി ഉമ്മർ കോയയിലൂടെ കോൺഗ്രസ് നേടിയ മണ്ഡലം പിന്നീടൊരിക്കൽ കൂടി കോൺഗ്രസിനൊപ്പം നിന്നത് 1960ൽ മാത്രം. പിന്നീട് ലീഗിലേക്ക് പോയ മണ്ഡലം പിന്നീടിത് വരെ നിന്നത് അവർക്കൊപ്പം തന്നെയാണ്.ഇതിനിടയിൽ സി എച്ച് മുഹമ്മദ് കോയ ഉൾപ്പെടെയുള്ള പ്രമുഖർ ഇവിടെ നിന്ന് ജനവിധി തേടി.

മങ്കടയാണ് ഇതുപോലെ രസകരമായ തെരഞ്ഞെടുപ്പ് ചരിത്രമുള്ള മറ്റൊരു മണ്ഡലം. 1957ന് ശേഷം രണ്ട തവണ മാത്രമാണ് മുസ്ലിം ലീഗല്ലാതെ മറ്റൊരു പാർട്ടി ഇവിടെ ജയിച്ചിട്ടുള്ളത് - 2001ലും 2006ലും. രണ്ടു തവണയും മഞ്ഞളാം കുഴി അലിയായിരുന്നു ഇടതുപക്ഷ സ്ഥാനാർഥി. രസകരമെന്ന് പറയട്ടെ പിന്നീട് അലി തന്നെ മുസ്ലിം ലീഗിലേക്ക് ചുവടു മാറ്റി.2010 ൽ സിപിഎം വിട്ട് ലീഗിനൊപ്പം ചേർന്ന അലി, 2011 ൽ പെരിന്തൽമണ്ണയിൽ നിന്നാണ് വിജയിച്ച് ഉമ്മൻചാണ്ടി മന്ത്രസഭയിൽ മന്ത്രിയായതെങ്കിൽ 2021ൽ മങ്കടയിലെത്തി ആ മണ്ഡലത്തിൽ നിന്ന് ലീഗ് സ്ഥാനാർത്ഥിയായി വിജയിക്കുകയും ചെയ്തു.

ലീഗിന് അപ്രമാദിത്വമുള്ള മറ്റൊരു മണ്ഡലമാണ് മലപ്പുറം 1987 നു ശേഷം ഇവിടെ ലീഗ് അല്ലാതെ മറ്റൊരു പാർട്ടിയും വിജയിച്ചിട്ടില്ല മാത്രമല്ല എല്ലാത്തവണയും ആധികാരിക വിജയവും നേടിയിട്ടുണ്ട്. സി എച്ച് മുഹമ്മദ് കോയ ഉൾപ്പെടെയുള്ള മുതിർന്ന ലീഗ് നേതാക്കൾ മുതൽ ഇപ്പോഴും സംസ്ഥാന രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന പി കെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും അടക്കമുള്ള നേതാക്കൾ ഇവിടെ നിന്ന് ജനവിധി നേടി സംസ്ഥാന നിയമസഭയിൽ എത്തിയിട്ടുണ്ട്. 2016 മുതൽ പി ഉബൈദുള്ളയാണ് ഇവിടെ നിന്നും വിജയിക്കുന്നത്.

ചാഞ്ചാട്ടമില്ലാത്ത തിരൂരങ്ങാടി

ലീഗിന്റെ ഉറച്ച കോട്ട കോൺഗ്രസിന് പിന്തുണച്ച ചരിത്രവും ഉണ്ട്. 1957ൽ കെ അവുക്കാദർ കുട്ടി നഹയിൽ തുടങ്ങി 2021ൽ കെ പി എ മജീദിൽ എത്തിനിൽക്കുന്നതാണ് തിരൂരങ്ങാടിയിലെ ലീഗ് എംഎൽഎമാരുടെ പട്ടിക. ഈ ലിസ്റ്റിൽ ഒരിക്കൽ മാത്രമേ മുസ്ലിം ലീഗുകാരൻ അല്ലാത്ത ഒരാൾ കടന്നു കയറിയിട്ടുള്ളൂ മറ്റാരുമല്ല കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് എ കെ ആൻറണി. 1995ൽ യുഡിഎഫ് സർക്കാരിലെ അവസാനകാലത്ത് കെ കരുണാകരിൽ നിന്ന് മുഖ്യമന്ത്രിപദം ഏറ്റെടുക്കാൻ എ കെ ആന്റണിക്ക് കളം ഒരുക്കിയത് ലീഗ് വച്ച് നീട്ടിയ തിരൂരങ്ങാടി സീറ്റിലൂടെയാണ്.

സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ പലപ്പോഴും മുന്നണി മാറ്റങ്ങൾക്ക് ശേഷവും ഈ കോട്ടകൾ തകരാതെ സൂക്ഷിക്കാൻ ലീഗിന് സാധിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്

തുടർഭരണവും തുടർച്ചയായി വിജയങ്ങളും ജനങ്ങളെ എതിരാക്കുമെന്ന പൊതുധാരണയ്ക്ക് വിരുദ്ധമാണ് പലപ്പോഴും ലീഗ് കോട്ടകളിലെ ഈ വിജയങ്ങൾ. പലരും കരുതുന്നതുപോലെ തുടർ വിജയങ്ങൾ ഭരണവിരുദ്ധ വികാരം മാത്രമല്ല ഉണ്ടാക്കുന്നതെന്നും ചിലയിടത്തെങ്കിലും സ്ഥാനാർഥികൾക്കും സർക്കാരിനും അനുകൂലമായും ഭവിക്കാറുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകനായ എൻ എം പിയേഴ്സൺ ചൂണ്ടിക്കാട്ടുന്നു.

കുത്തക തുടരുമോ?

"തുടർച്ചയായ വിജയങ്ങളിലൂടെ സ്ഥാനാർഥി ആയ എംഎൽഎ ജനങ്ങൾക്ക് പരിചിതനാണ് അതുകൊണ്ടുതന്നെ ചില തെരഞ്ഞെടുപ്പുകൾ ഈ പരിചിതത്വം അനുകൂല ഘടകമായി മാറാറുണ്ട് മാത്രമല്ല ഇത്തവണത്തെതു പോലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് വളരെ ചെറിയൊരു കാലയളവ് മാത്രമുള്ള തെരഞ്ഞെടുപ്പിൽ ഈ പരിചിതത്വം സ്ഥാനാർത്ഥികൾക്ക് ഗുണം ചെയ്യുന്നുണ്ട്. പലപ്പോഴും എതിർ പാർട്ടിക്ക് സ്വന്തം സ്ഥാനാർത്ഥിയെ ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തേണ്ടി വരുമ്പോൾ സ്ഥാനാർത്ഥിയെയും പാർട്ടിയെയും ഒരു മുഖവുരയും കൂടാതെ അവതരിപ്പിക്കാൻ ഇത് സഹായകമാകുന്നുണ്ട്" പിയേഴ്സൺ ചൂണ്ടിക്കാട്ടി.

കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത് 2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷം ഇടതുമുന്നണി 51 നിയോജക മണ്ഡലങ്ങൾ തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പിലും വിജയിച്ചിട്ടുണ്ട് എന്നാണ്. അതുപോലെ കോൺഗ്രസും മുസ്ലിം ലീഗും നേതൃത്വം നൽകുന്ന യു ഡിഎഫ് 26 മണ്ഡലങ്ങളിൽ തുടർച്ചയായി വിജയം നേടിയിട്ടുണ്ട്.

ഒരിക്കൽ കൂടി സംസ്ഥാനം ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽ എത്തിനിൽക്കെ തുടർ വിജയങ്ങളും കുത്തക കോട്ടകളും എത്രമാത്രം ലീഗിനെയും യുഡിഎഫിനെയും പിന്തുണയ്ക്കുമെന്ന് കണ്ടറിയാം. ഒരു ദശാബ്ദകാലത്തെ പ്രതിപക്ഷ സ്ഥാനത്തിനുശേഷം ഭരണത്തിലേക്ക് എത്താൻ യുഡിഎഫിന് ലീഗി​ന്റെ​ കോട്ടകൾ കാവലാകുമോ എന്ന് അറിയാൻ ഇനി ആഴ്ചകൾ മാത്രം.

Explore the history of constituencies where the Indian Union Muslim League (IUML) has consistently secured victories. A look into its political strongholds and influence in Kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സാധനങ്ങൾ വാങ്ങാൻ പോകുന്നു എന്ന് അവസാന സന്ദേശം; ഇസ്രയേലിൽ മലയാളി യുവാവ് മരിച്ചു

വെള്ളപ്പൊക്ക താഴ്‌വരകളിൽ പ്രവേശിച്ചാൽ 2,000 ദിർഹം വരെ പിഴ, വാഹനം കണ്ടുകെട്ടൽ, ബ്ലാക്ക് പോയിന്റുകൾ, നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ

വീട്ടില്‍ പ്രസവത്തിന് പിന്നാലെ ആരോഗ്യപ്രശ്‌നം; യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയെ മദ്യം ഒഴിച്ചു തീകൊളുത്തി കൊല്ലാൻ ശ്രമം; 'സ്പാ' ഉടമ അറസ്റ്റിൽ

ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ എട്ട് പ്രോഗ്രാമുകൾ, അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സ് മുതൽ പിഎച്ച്ഡിവരെ; മാർച്ച് 31 വരെ അപേക്ഷിക്കാം

SCROLL FOR NEXT