കേരളാ കോണ്‍ഗ്രസ് (എം) തല്‍ക്കാലത്തേക്ക് എങ്കിലും ഇടത് മുന്നണിയില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് വെള്ളിയാഴ്ച പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി നടത്തിയ പ്രസ്താവനയോടെ ഉറപ്പായി. ആപത്ബാന്ധവനായി നിന്ന മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും സ്തുതിച്ചും മറിച്ചുള്ള പ്രചരണങ്ങള്‍ പാടെ തള്ളിയും അഞ്ച് എംഎല്‍എമാര്‍ക്കൊപ്പം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനം ഫലത്തില്‍ സി പി എമ്മിനോടുള്ള കൂറ് തെളിയിക്കല്‍ കൂടിയായിരുന്നു. എന്നാല്‍, ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യമാണ്, മുന്നണി വിടുമെന്ന വാർത്തകൾക്ക് കളമൊരുക്കി മാസങ്ങള്‍ക്ക് മുമ്പ് രാഷ്ട്രീയ, മതമേലധ്യക്ഷര്‍ പങ്കാളികളായി നടന്ന അന്തർ നാടകങ്ങൾ എന്തായിരുന്നുവെന്നത്?
ഏറെക്കാലം നീറിപ്പുകഞ്ഞാണ് കേരള കോൺഗ്രസ് എമ്മും യു ഡി എഫും തമ്മിൽ 2020 ല്‍ വഴിപിരിയുന്നത്. കേരളാ കോൺഗ്രസ് എമ്മിനെ മുന്നണിയിൽ നിന്ന് പുറത്താക്കിയതായി യുഡിഎഫ് ചെയര്‍മാന്‍ ബെന്നി ബെഹനാന്‍ മാധ്യമങ്ങളോട് പ്രഖ്യാപിക്കുകയായിരുന്നു.
2020 തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ചതാണ് ഇടതു മുന്നണി ബന്ധം. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം, വീണ്ടും കേരളാ കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തെ കുറിച്ചുള്ള വാർത്തകൾ നിറഞ്ഞത്. ഈ സമയത്തിന് മറ്റൊരു പ്രത്യേകത കൂടിയുള്ളത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കുന്നു എന്നതാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ട് യുഡിഎഫ് മുന്നിലേക്ക് വരുകയും ചെയ്തിട്ടുണ്ട്.
വീണ്ടും യു ഡി എഫിലേക്ക് ചേക്കാറാൻ തയ്യാറെടുത്ത ജോസ് കെ മാണിയെ അതിൽ നിന്ന് പിന്തിരിപ്പിച്ച ഘടകങ്ങള്‍ എന്തൊക്കെയാവാം എന്ന് അന്വേഷിച്ചാൽ അതിനുള്ള ഉത്തരം ഒറ്റവാക്കിൽ പറയാനാകില്ല. 'കറുപ്പ് അല്ലെങ്കിൽ വെളുപ്പ് ' എന്ന് പറയുന്നത് പോലെ ലളിതമല്ല കാര്യങ്ങൾ. രാഷ്ട്രീയവും പൗരോഹിത്യവും വ്യക്തികളും തമ്മിലുള്ള പാരസ്പര്യവും വിശ്വാസബന്ധവും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്നതാണത്. നേതാക്കളുടെ താൽപ്പര്യ പ്രകാരം പിളർത്തി വളരുന്ന പാർട്ടി എന്നാണ് കേരളാ കോൺഗ്രസിനെ കുറിച്ചുള്ള ചരിത്രപരമായ പൊതുസങ്കൽപ്പം. അതല്ല യാഥാർത്ഥ്യം എന്ന് അതിനോട് ചേർന്ന് നിന്ന് നിരീക്ഷിച്ചാൽ മനസ്സിലാകും. കത്തോലിക്കാ സഭയും വിശ്വാസികളായ അണികളും ടോര്‍ച്ചടിച്ച് മുന്നില്‍ പോവും, പിന്നില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികളും എന്നാണ് കേരളാ കോൺഗ്രസ് 'പിളര്‍പ്പിനെ' കുറിച്ച് കേരളാ കോൺഗ്രസ് നേതാവ് നടത്തിയ വിശകലനം. അതാണ് യാഥാർത്ഥ്യത്തോട് അടുത്ത് നിൽക്കുന്നതും.
സീറോ മലബാര്‍ സഭയുടെ നയം വ്യക്തമാക്കലില്‍ നിന്നാണ് കേരളാ കോണ്‍ഗ്രസിന്റെ യുഡിഎഫിലേക്കുള്ള മടക്കത്തെ കുറിച്ചുള്ള ചരട് വലികളും കരുനീക്കങ്ങളും ആരംഭിക്കുന്നത്. ക്രൈസ്തവ സ്വാധീനമുള്ള പാര്‍ട്ടികള്‍ ഒരു മുന്നണിയില്‍ ഒരുമിക്കണമെന്നതിനേക്കാള്‍, ക്രൈസ്തവ സഭയുടെയും മാണി ഗ്രൂപ്പിന്റെ ജീവനാഡിയായ പ്രവര്‍ത്തകരുടെയും വികാര പ്രകടനം ആയിരുന്നു അത്. 2020 ലെ പ്രത്യേക സാഹചര്യത്തില്‍ ഒപ്പം അണികള്‍ വന്നു, മന്ത്രിസഭയില്‍ പ്രാതിനിധ്യവും ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളും ലഭിക്കുകയും ചെയ്തു. എന്നാൽ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തപ്പോഴേക്കും അണികള്‍ക്ക് മുന്നണിയുമായി ഇഴുകിചേരാന്‍ കഴിയില്ലെന്ന് തെളിഞ്ഞിരുന്നു. ദശകങ്ങളായി യുഡിഎഫ് പാളയത്തിലും കോണ്‍ഗ്രസുമായും ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന വിശ്വാസികളായ അണികള്‍ക്കും സഭയ്ക്കും സ്വാഭാവികമായ മുന്നണി വലതുമുന്നണി തന്നെയായിരുന്നു. വിശ്വാസവുമായി ബന്ധപെട്ട മറ്റു വിഷയങ്ങളും മാറണമെന്ന ചിന്തയ്ക്ക് വേഗത പകര്‍ന്നു.
ശബരിമല സ്വര്‍ണ്ണപാളി കൊള്ള ആരോപണത്തില്‍ ഇടതുപക്ഷ സര്‍ക്കാറും സിപിഎമ്മും പ്രതികൂട്ടിലായതോടെ മാണി ഗ്രൂപ്പ് അണികള്‍ക്കും പ്രതിപക്ഷം ഉയര്‍ത്തിയ അതേ സംശയങ്ങള്‍ തന്നെയായിരുന്നു ഉണ്ടായത്. ശബരിമലയിലെ കൊള്ള എന്നത് കേവലം ഹിന്ദുക്കളുടെ വിഷയം ആയല്ല വിശ്വാസ സമൂഹത്തില്‍ പ്രതിഫലിച്ചത്. കമ്മ്യൂണിസ്റ്റുകളെ കുറിച്ച് വിമോചന സമരകാലത്ത് പ്രചരിപ്പിക്കപെട്ടതിന് സമാനമായ പേരുദോഷം ഈ വിവാദം സിപിഎമ്മിന് സമ്മാനിച്ചു.
ഈ സാഹചര്യത്തിലാണ് മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക് മടങ്ങണമെന്നതാണ് സഭയുടെ പൊതുതാല്‍പര്യമെന്ന് സീറോ മലബാര്‍ സഭാ അധികാരികള്‍ അറിയിച്ചത്. രാഷ്ട്രീയ തീരുമാനം പാര്‍ട്ടിക്ക് എടുക്കാമെങ്കിലും അങ്ങനെ തീരുമാനം എടുത്തശേഷം ഒരാവശ്യം തങ്ങളെ വരുമ്പോള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് അണികളും സഭയും ഒപ്പമില്ലെന്ന പരമാര്‍ത്ഥം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി തിരിച്ചറിയുന്നത്.
സഭ തീരുമാനിച്ചാൽ പിന്നെ യുക്തിക്ക് അടിസ്ഥാനമില്ലെന്ന് ആണ് കേരളാ കോൺഗ്രസിൻ്റെ സത്യ വിശ്വാസം. അവിശ്വാസികൾക്കായി ഒരു ചരിത്രം ഓർമ്മിപ്പിക്കാം. 1989 ലാണ് പിജെ ജോസഫ് യുഡിഎഫുമായി പ്രശ്നം ഉണ്ടാക്കി മുന്നണി വിടുന്നത്. അതിന് ശേഷം എൽഡിഎഫിൻ്റെ ഭാഗമായ ജോസഫ് ഗ്രൂപ്പിന് ലഭിച്ചത് ഗംഭീര പരിഗണന ആയിരുന്നു.
സിപിഎം അഞ്ച് വർഷം ജോസഫിനെ വിദ്യാഭ്യാസ മന്ത്രിയാക്കി, പിന്നെ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയാക്കി. ഇടക്ക് മോൻസ് ജോസഫ് മന്ത്രിയായി. പക്ഷേ, 2010 മാർച്ചിൽ ജോസഫ് ഗ്രൂപ്പ് പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ ഇടതുമുന്നണി വിട്ടു. രണ്ട് ദശകത്തിലേറെ ഇടതുപക്ഷത്ത് നിന്ന ജോസഫും അതിന് ശേഷം 16 വർഷം വലതു മുന്നണി പക്ഷത്ത് നിന്ന ജോസഫിനേയും താരതമ്യം ചെയ്താൽ നഷ്ടം ആർക്കായിരുന്നുവെന്ന് അറിയാം. പക്ഷേ, പറഞ്ഞിട്ട് കാര്യമില്ല, അത്രയ്ക്കാണ് കത്തോലിക്കാ സഭയുടെ കല്ലേപിളർക്കുന്ന ഉത്തരവ്.
ഈ പശ്ചാത്തലത്തിൽ നടന്ന നീക്കുപോക്ക് ചര്‍ച്ചകളില്‍ കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധിക്ക് നിര്‍ണ്ണായകമായ പങ്കുണ്ടായിരുന്നുവെന്ന് നേരത്തെ തന്നെ കേരളാ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ നിന്ന് സൂചനകൾ ഉണ്ടായിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണിക്ക് രാഹുല്‍ ഗാന്ധിയുമായി നല്ല ബന്ധമാണ്. അഞ്ച് വര്‍ഷത്തിന് ശേഷം പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തിരികെ മടങ്ങാനൊരുങ്ങിയ മാണി ഗ്രൂപ്പിന്റെ മൂലധനം ഈ ഉറപ്പ് തന്നെയായിരുന്നു.
ഇതിനൊപ്പം കെസി വേണുഗോപാല്‍ അടക്കമുള്ളവരുടെ ഇടപെടലും. മാണി കോണ്‍ഗ്രസ് ശോഷിച്ച് നില്‍ക്കുന്ന അവസ്ഥയിലാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് പുറമേ വാദിക്കുകയായിരുന്നുവെങ്കിലും അവരുടെ തിരിച്ച് വരവ് കോണ്‍ഗ്രസിന്റെ ആവശ്യം കൂടി ആയിരുന്നു. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സ്ഥാനാര്‍ത്ഥികളുടെ ജയം ഉറപ്പാക്കുന്നത് മുതല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതില്‍ വരെ മാണി ഗ്രൂപ്പിന്റെ വരവിന് നിര്‍ണ്ണായക പങ്ക് വഹിക്കാനുണ്ടായിരുന്നു.
മാത്രമല്ല, കേരളാ കോണ്‍ഗ്രസ് എം പോലുള്ള പാര്‍ട്ടി വരുന്നതോടെ യുഡിഎഫ് അധികാരത്തിലേക്ക് എന്ന ഉറച്ച സന്ദേശം പൊതുസമൂഹത്തിന് നല്‍കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ്-മുസ്‌ലീംലീഗ് നേതൃത്വം കണക്ക്കൂട്ടി.
മറ്റു ചില ഘടകങ്ങള്‍ കൂടി പങ്ക് വഹിച്ചിട്ടുണ്ട്. സിപി എം പുറത്താക്കിയ ബിനു പുളിക്കണ്ടത്തിനോട് സിപി എമ്മിന്റെ കോട്ടയം ജില്ലാ നേതൃത്വം പുലര്‍ത്തിയ മൃദുസമീപനം കേരളാ കോൺഗ്രസ് എമ്മിനെ അലോസരപെടുത്തിയിരുന്നു.
2004 ല്‍ ജോസ് കെ മാണി മൂവാറ്റുപുഴയില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിക്കുമ്പോള്‍ തുടങ്ങിയ വൈരമാണ് ബിനുവുമായി ഉള്ളതെന്നാണ് കേരള കോൺഗ്രസിനുള്ളിലെ അടക്കം പറച്ചിൽ.അന്ന് കേരളാ കോൺഗ്രസ് എമ്മിന് ഒപ്പം നിന്ന ബിനുവാണ് പിസി തോമസിന് വിവരങ്ങള്‍ ചോര്‍ത്തികൊടുത്തതെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. അങ്ങനെയുള്ള ബിനുവിന്റെ വീട്ടിലാണ് മന്ത്രി വിഎന്‍ വാസവന്‍ പോയി സമവായ ചര്‍ച്ച നടത്തിയത്.
ജോസ് കോട്ടയത്ത് നിന്ന് ജയിച്ച് മന്ത്രിയാകരുതെന്ന ആഗ്രഹം സിപിഎമ്മില്‍ ചിലര്‍ക്കുണ്ടെന്ന ആക്ഷേപവും ഇതിനൊപ്പം കൂട്ടിചേര്‍ത്ത് വായിക്കാം. ജോസ്,പാലയില്‍ മാണി സി കാപ്പനോട് തോറ്റതില്‍ വരെ ബിനുവില്‍ കാരണം കണ്ടെത്തിയ മാണി കോണ്‍ഗ്രസും സിപിഎമ്മിലെ ഒരു നേതാവുമായി കഴിഞ്ഞ അഞ്ച് വര്‍ഷമായി പുകഞ്ഞിരുന്ന അസ്വാരസ്യവും മുന്നണി വിടുക എന്ന ചിന്തയ്ക്ക് ആക്കം കൂട്ടിയിരുന്നു.
ജോസിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചത്, റോഷി അഗസ്റ്റിനെ വിശ്വാസത്തില്‍ എടുക്കാതെ സ്വന്തം നിലക്ക് ഉഭയകക്ഷി ചർച്ചയ്ക്ക് ഇറങ്ങി പുറപ്പെട്ടതായിരുന്നു. ചര്‍ച്ചയുടെ രഹസ്യം സൂക്ഷിച്ച് സമവായത്തില്‍ എത്തിയ ശേഷം വിവരം വിശദീകരിച്ച ജോസിന്റെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു മന്ത്രി റോഷി അഗസ്റ്റന്റെയും സര്‍ക്കാര്‍ ചീഫ് വിപ്പ് എന്‍ ജയരാജിന്റെയും പ്രമോദ് നാരായണൻ എംഎല്‍എയുടെയും മറുചോദ്യങ്ങള്‍.
ജോസ് പറഞ്ഞ കാരണങ്ങള്‍ക്ക് മറുപടിയായി റോഷിയും ജയരാജും ചോദിച്ചത് 'അഞ്ച് വര്‍ഷം മുമ്പ് യുഡിഎഫ് പുറത്താക്കിയതിനാലാണ് നമ്മള്‍ എല്‍ഡിഎഫിലേക്ക് വന്നത്. ഇവിടെ അവര്‍ എല്ലാ പരിഗണനയും തന്നും ഇപ്പോള്‍ വീണ്ടും അഞ്ചു വര്‍ഷം ആവുമ്പോള്‍ തിരികെ ഒരു കാരണവും ഇല്ലാതെ മടങ്ങുന്നത് എങ്ങനെയാണ് ജനങ്ങളുടെ മുന്നില്‍ ഇത് എങ്ങനെ വിശദീകരിക്കും?' എന്നായിരുന്നു. മറ്റ് രണ്ട് എംഎല്‍എമാരായ ജോബ് മൈക്കിളും സെബാസ്റ്റ്യൻ കളത്തിങ്കിലും ജോസിനൊപ്പം നിലകൊണ്ടു.
എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജയസാദ്ധ്യതാ പട്ടികയിൽ പ്രമോദും ജയരാജും ഒഴികെ ആരുമില്ല. എന്നിട്ടും റോഷി മുന്നണി മാറ്റത്തെ അനുകൂലിച്ചില്ലെന്നത് ജോസ് കെ മാണിക്ക് ഷോക്ക് ആയിരുന്നു. ഇടുക്കിയില്‍ കൈപ്പത്തി ചിഹ്നത്തോട് മല്‍സരിച്ചാല്‍ ജയം അത്ര എളുപ്പമല്ലെന്ന യാഥാർത്ഥ്യം മുന്നിലുള്ളപ്പോഴാണ് റോഷി ഈ നിലപാട് സ്വീകരിച്ചത്. റോഷിക്ക് മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുലര്‍ത്തിയ സ്വാധീനം അത്ര വലുതായിരുന്നു. രാജി അത്ര എളുപ്പമല്ലെന്ന സന്ദേശം കൂടിയായിരുന്നോ സിപിഎം റോഷിക്ക് കൈമാറിയതെന്ന് കാലം പറയേണ്ടതാണ്.
യുഡിഎഫ് നേതാക്കള്‍ വിശിഷ്യാ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അത്ഭുതങ്ങള്‍ നടക്കാനിരിക്കുന്നുവെന്ന് പ്രഖ്യാപിച്ച് നടത്തിയ 'വിസ്മയ' ബഹളം കൂടി ആയതോടെ പിണറായി വിജയൻ ചടുലമായി കരുക്കള്‍ നീക്കി. യുഡിഎഫിന് ഇന്നില്ലാത്തത് ഒരു പിണറായി വിജയനാണെന്ന് കൂടി തെളിയിക്കുന്നതായിരുന്നു ഇത്.
പരാജയപെട്ട ഈ ചതുരംഗ കളിയില്‍ നഷ്ടം സംഭവിച്ചത് തീര്‍ച്ചയായും ജോസ് കെ മാണിക്കാണ്. പിണറായി വിജയനും സിപിഎമ്മിനും മുന്നില്‍ വിശ്വാസ്യതയ്ക്ക് ഇടിവേറ്റ നേതാവാണ് ഇന്ന് ജോസ്. ആ നഷ്ടത്തിന്റെ നേട്ടം റോഷിക്കാണ്. മുന്നണിയിലെ ആ വിശ്വാസ്യത നഷ്ടത്തിന് പുറമെ കത്തോലിക്കാ സഭയെ ധിക്കരിച്ചുവെന്ന പേരുദോഷവും ജോസിനായി.
ജോസിനു തിരിച്ചടി ലഭിച്ചു എന്നത് ശരിയാണെങ്കിലും, എന്നാൽ പാർട്ടിക്കുള്ളിൽ അതങ്ങനെയല്ല. കേരളാ കോൺഗ്രസ് ചരിത്രത്തിൽ പുതിയ അധ്യായം അദ്ദേഹം എഴുതിച്ചേർത്തു. തത്ത്വദീക്ഷ ഇല്ലാതെ സ്വന്തം കാര്യം മാത്രം നോക്കി, പിളർത്തുന്ന നേതാക്കളുടെ പാർട്ടി എന്ന് പേരുദോഷം കേൾപ്പിച്ചവരുടെ കൂട്ടത്തിൽ താനില്ലെന്ന് ജോസ് തെളിയിച്ചു. വേണമെങ്കിൽ തന്നോടൊപ്പം ഉള്ള രണ്ട് എംഎൽഎമാർക്ക് ഒപ്പം ഒരു എംപി എന്ന സ്ഥാനത്തോടെ ജോസിന് യുഡിഎഫിലേക്ക് മാറി കേരളാ കോൺഗ്രസ് പിളർപ്പുകളുടെ ചരിത്രത്തിൽ ഇടം പിടിക്കാമായിരുന്നു.
എന്നാൽ,തനിക്കൊപ്പം നിന്നവർ തയ്യാറല്ലെങ്കിൽ താനുമില്ലെന്ന നിലപാട് ജോസ് കെ മാണി സ്വീകരിച്ചു. നിങ്ങൾക്ക് എപ്പോൾ ബോധ്യം വരുന്നോ അന്ന് തീരുമാനിക്കാമെന്നായിരുന്നു ജോസ് എടുത്ത നിലപാട്. വിശ്വാസങ്ങൾക്കും വ്യക്തി ബന്ധങ്ങൾക്കും വില നൽകുന്ന പുതു തലമുറ നേതാവ് എന്നത് ജോസിനെ കേരളാ കോൺഗ്രസിനുള്ളിൽ വരും കാല രാഷ്ട്രീയത്തിൽ ഒരു പണത്തൂക്കം മുന്നിൽ നിർത്തും. അഭിപ്രായവ്യത്യാസങ്ങളുടെ ഘട്ടത്തിൽ പിളർപ്പുകളിലൂടെ ചരിത്രമെഴുതിയവരുടെ പാർട്ടിയിൽ, സംഘടനയെ ഒന്നിച്ചു നിർത്തിയാണ് ജോസ് ചരിത്രത്തിൽ ഇടം നേടിയത്.
2011 ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് കോണ്‍ഗ്രസില്‍ നിന്നുള്ള ഉപദ്രവം സഹിക്കാനാവാതെ പലകുറി മുന്നണി വിടാന്‍ കെഎം മാണി തീരുമാനിച്ചുവെങ്കിലും തടഞ്ഞത് സഭ ആയിരുന്നു.ഒരാളിന്റെ ബലത്തിൽ നിൽക്കുമ്പോൾ പോലും ഭരണത്തിന്റെ ഇടനാഴിയില്‍ കോണ്‍ഗ്രസ് മന്ത്രിമാര്‍ 'ജുബ്ബാ ചേട്ടന്‍ ' എന്ന് വിളിച്ച് മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം വെക്കുന്ന നിര്‍ദ്ദേശത്തെ മുഴുവന്‍ എതിര്‍ത്തു തള്ളിയിട്ടും മാണി കടിച്ച് പിടിച്ചാണത്രെ ആ മന്ത്രിസഭയില്‍ തുടര്‍ന്നത്.
കാരുണ്യ ബെനവലന്റ് ഫണ്ട് എന്ന പദ്ധതിയുടെ ആശയം കൊണ്ട് വന്നപ്പോഴും ആരോഗ്യ വകുപ്പിന്റെ പദ്ധതി ധന വകുപ്പ് എങ്ങനെ നടപ്പാക്കുമെന്ന് മാണിയുടെ ആശയത്തിനെതിരെ മന്ത്രിസഭയില്‍ ചോദ്യം ഉയര്‍ത്തി. മന്ത്രിസഭാ യോഗത്തിന് മുമ്പേ മുഖ്യമന്ത്രിയുടെ ഓഫീസില്‍ യോഗം ചേരുന്ന കോണ്‍ഗ്രസ് മന്ത്രിമാരുടെ അന്നത്തെ പ്രധാന ലക്ഷ്യം മാണി ആയിരുന്നു.
ധനമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോകുന്ന എല്ലാ ഫയലിലും മുഖ്യമന്ത്രി മന്ത്രിസഭയുടെ പരിഗണനയ്ക്കായി നോട്ട് എഴുതിയ കഥകള്‍ മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇപ്പോഴും പാട്ടാണ്. ഒടുവില്‍ സിപിഎം ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കാമെന്ന് ഉറപ്പ് നല്‍കി മുന്നണി വിടാന്‍ ഒരുങ്ങിയ മാണിയെ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി വെട്ടിയത് പ്രമുഖനായ കത്തോലിക്ക ആര്‍ച്ച് ബിഷപ്പിനെ വെച്ചായിരുന്നു.
അങ്ങനെയുള്ള സഭയുടെ വാക്കാണ് ജോസ് ഇപ്പോൾ ലംഘിച്ചിരിക്കുന്നത്. ജോസിന്റെ ആ നിഷേധത്തിന് എത്ര ആയുസ്സുണ്ടാകും ശക്തിയുണ്ടാകും എന്നതെല്ലാം കാത്തിരിന്ന് കാണേണ്ടതാണ്. സഭയ്ക്ക് സ്വാധീനിക്കാന്‍ കഴിയാതിരുന്ന അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സന്ദർഭങ്ങൾ മാത്രമേ 70 വർഷം പിന്നിട്ട കേരളാ കോണ്‍ഗ്രസുകളുടെ രാഷ്ട്രീയ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളൂ. 1967 ൽ കെ എം ജോർജിനോട് കേരളാ കോൺഗ്രസ് പിരിച്ചുവിട്ട് കോൺഗ്രസിൽ ചേരാൻ സഭയും മന്നത്ത് പത്മനാഭനും ഒരുപോലെ ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ആ തെരഞ്ഞെടുപ്പിൽ അതിന്റെ ഫലവും കേരളാ കോൺഗ്രസ് അനുഭവിച്ചു.
പിന്നീട് അതുപോലൊരു സഭാനിഷേധം ഉണ്ടാകുന്നത് 1989 ൽ പി ജെ ജോസഫിന്റെ ഭാഗത്ത് നിന്നാണ്. യു ഡി എഫ് വിട്ട് പോയി. അധികം വൈകാതെ എൽ ഡി എഫിനൊപ്പം ചേർന്നു. 1991 ൽ ലോകസഭാ തെരഞ്ഞെടുപ്പിൽ പരാജയം രുചിച്ചു. 1996 ൽ എൽ ഡി എഫിനൊപ്പം നിന്ന് നിയമസഭയിലേക്ക് ജയിച്ചു മന്ത്രിയായി. 2006 ലും അദ്ദേഹം എൽ ഡിഎഫിനൊപ്പം നിന്ന് മന്ത്രിയായി. എന്നാൽ, 2010 ഓടുകൂടി തിരികെ യു ഡി എഫിലേക്ക് പോയി.
നിലവിൽ എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സ്റ്റിയറിങ് കമ്മിറ്റി കൂടി തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തല്‍ക്കാലത്തേക്ക് പാര്‍ട്ടി എൽ ഡി എഫ് സര്‍ക്കാറിലും മന്നണിയിലും തുടരും. പക്ഷേ, സഭയും വിശ്വാസികളായ അണികളും പോയ പാതയും അവര്‍ തെളിച്ച വെളിച്ചവും കേരളാ കോണ്‍ഗ്രസിനെയും ജോസിനെയും കാത്ത് കിടക്കുന്നുണ്ടാവും. അധികം വൈകാതെ ആ വഴിയിലേക്ക് അവർ നടന്നുവരുമെന്ന പ്രതീക്ഷയിൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates