ജൂണ്‍ 2018. ഞാന്‍ വിജയവാഡ-ഡല്‍ഹി ഫ്‌ളൈറ്റില്‍ ചന്ദ്രബാബു നയിഡുവിനെ കാണാന്‍ പോകുകയായിരുന്നു. നായിഡുവിന്റെ രാഷ്ട്രീയ യാത്രയെ ആസ്പദമാക്കി ഒരു പുസ്തകം എഴുതിയതിനാല്‍, അദ്ദേഹത്തോടൊപ്പം സമയം ചെലവഴിച്ച് ആ രാഷ്ട്രീയ ചാതുര്യം അടുത്തറിയാനായിരുന്നു എന്റെ ഉദ്ദേശം. അന്നപ്പോള്‍ അദ്ദേഹം മോദി വിരുദ്ധ നിലപാടിലായിരുന്നു.
അതേ വിമാനത്തില്‍ തന്നെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാള്‍ ഇരിക്കുന്നത് ഞാന്‍ കണ്ടു. മറ്റ് മുഖ്യമന്ത്രിമാരെപ്പോലെ വലിയ അനുയായിസംഘമൊന്നുമില്ലാതെ, വര്‍ഷങ്ങളായി വിശ്വസ്തനായി ഒപ്പം നിന്നിരുന്ന, ആറടി ഉയരമുള്ള, സഫാരി സ്യൂട്ട് ധരിച്ച ഒരു ബോഡിഗാര്‍ഡ് മാത്രമായിരുന്നു അദ്ദേഹത്തിന്റെ കൂടെ. ഞാന്‍ പരിചയം പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് ചോദിച്ചു: ''ഇന്റര്‍വ്യൂ വേണോ?''
ഞങ്ങള്‍ ഏറെ നേരം സംസാരിച്ചു. വിജയവാഡയിലേക്ക് പോകുന്നത് നായിഡുവിന് വേണ്ടി പ്രചാരണം നടത്താനാനുള്ള ഉദ്ദേശത്തിലാണ് എന്ന് കെജരിവാള്‍ അറിയിച്ചു.
''തെലുഗു ദേശം ജയിക്കുമോ?'' ഞാന്‍ ചോദിച്ചു.
ഒരു രാഷ്ട്രീയക്കാരന്റെ ഇഷ്ടപ്പെട്ട മറുപടി തന്നെയായിരുന്നു അദ്ദേഹത്തിന്റെയും; ചോദ്യത്തിന് മറ്റൊരു ചോദ്യം കൊണ്ടുള്ള ഉത്തരം. അദ്ദേഹം എന്നോട് തിരിച്ചു ചോദിച്ചു, ' നിങ്ങള്‍ക്ക് എന്തു തോന്നുന്നു?''
''ചോദ്യത്തിന് മറുപടി ചോദ്യം? ശരിക്കും താങ്കള്‍ ഒരു രാഷ്ട്രീയക്കാരന്‍ തന്നെ!'' എന്ന് ഞാന്‍ ചിരിച്ചു.
സംഭാഷണത്തിനിടെ, ടിഡിപി തോല്‍ക്കുമെന്ന ആശങ്ക അദ്ദേഹത്തിനുമുണ്ടെന്ന് എനിക്ക് തോന്നി. ഡല്‍ഹിയിലെ ഒരു രാഷ്ട്രീയക്കാരന്‍ തെലുങ്ക് ഭാഷ പസംസാരിക്കാന്‍ കഴിയാതെ, ആ സംസ്ഥാനത്ത് പ്രചാരണത്തിനായി പോകുന്നത് എന്തുകൊണ്ടാണെന്ന് അപ്പോള്‍ എനിക്ക് വ്യക്തമായി. രാജ്യതലത്തില്‍ ദൃശ്യമായ സാന്നിധ്യം (visibility) സംസ്ഥാനങ്ങളിലൂടെ നേടിയെടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ആദ്യമായി ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍, മുന്‍ രാഷ്ട്രീയാനുഭവമില്ലാത്ത ചില ഹൈ പ്രൊഫൈല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അദ്ദേഹം ടിക്കറ്റുകള്‍ നല്‍കി. അവര്‍ കെട്ടിവച്ച കാശു പോലും നഷ്ടപ്പെടുത്തി എന്നത് ഒരു അത്ഭുതമായിരുന്നില്ല. എന്നാല്‍ കെജരിവാള്‍ ഉദ്ദേശിച്ചത് നേടി - ദൃശ്യമായ സാന്നിധ്യം.
ഇന്നലെ, സിബിഐ കേസ് കോടതി തള്ളിക്കളഞ്ഞപ്പോള്‍, കെജരിവാളിനും മനീഷ് സിസോദിയയ്ക്കും കവിതയ്ക്കും സഹപ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടായിരുന്ന കേസ് കെട്ടിച്ചമച്ചതാണെന്ന് ജഡ്ജി വിലയിരുത്തിയപ്പോള്‍, അദ്ദേഹത്തിന് വീണ്ടും രാജ്യതലത്തിലുള്ള അനുകൂല ശ്രദ്ധ ലഭിച്ചു. ''കേജ്ഡ് പാരറ്റ്'' (കൂട്ടിലടച്ച തത്ത) എന്ന അപഹാസ്യപ്പേരില്‍ മുമ്പ് വിശേഷിപ്പിക്കപ്പെട്ടിരുന്ന സിബിഐക്കെതിരെ പരാമര്‍ശം വീണ്ടും ഉയര്‍ന്നു. മറ്റൊരു കൂട്ടിലെ തത്ത എന്നു വിമര്‍ശിക്കപ്പെട്ട ഇന്ത്യന്‍ ന്യൂസ് ടിവി മീഡിയക്കും ഈ വാര്‍ത്ത അവഗണിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും ഒരിക്കല്‍ കൂടി കെജരിവാള്‍ ആഗ്രഹിച്ചതുതന്നെ നേടി - ദേശീയ ദൃശ്യമായ സാന്നിധ്യം.
ദൃശ്യതയുടെ രാഷ്ട്രീയം ഒരു നേതാവിന്റെ ഏറ്റവും വലിയ ആയുധമാകാം. അല്ലെങ്കില്‍ വീഴ്ചയാകാം. ഈ സാഹചര്യത്തില്‍ ബിജെപി അദ്ദേഹത്തെ വില്ലനാക്കാന്‍ ശ്രമിച്ചപ്പോള്‍, മറിച്ച് ഒരു 'മാര്‍ട്ട്യര്‍' രൂപത്തില്‍ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. വിചിത്രമായി, അതേ ഓപ്റ്റിക്സ് രാഷ്ട്രീയമാണ് മദ്യ കേസില്‍ കെജരിവാളിനെ 2024ലില്‍ തോല്‍പ്പിച്ചതും. രാഷ്ട്രീയം ചെറുനീക്കങ്ങളുടെ നീണ്ട കളിയാണ്.
അരവിന്ദ് കെജരിവാളും മനീഷ് സിസോദിയയും ഡല്‍ഹി എക്‌സൈസ് പോളിസി കേസില്‍ ഇപ്പോള്‍ ''പീഡിതര്‍'' എന്ന പഴയ ലേബല്‍ വീണ്ടും നേടി തിരിച്ചുവരുന്നു. 500 ദിവസത്തിലധികം ജയിലില്‍ കഴിഞ്ഞ സിസോദിയ, സിബിഐയുടെ ചോദ്യംചെയ്യലുകള്‍ക്കും ജുഡീഷ്യല്‍ കസ്റ്റഡിക്കും ശേഷം പുറത്തിറങ്ങി. കെജരിവാളിന് 2024 സെപ്റ്റംബറില്‍ ജാമ്യം അനുവദിക്കുമ്പോള്‍ സുപ്രീം കോടതി അന്വേഷണ ഏജന്‍സികള്‍ ''കേജ്ഡ് പാരറ്റ്'' എന്ന മുദ്രയില്‍ നിന്ന് മോചിതരാകണമെന്നു വീണ്ടും ഉത്തരവിട്ടു. ഈ പരാമര്‍ശം ആദ്യമായി 2013-ല്‍, കോള്‍ ബ്ലോക്ക് കേസിലാണ് ഉണ്ടായത്. തത്ത എന്നത് യജമാനനെ അനുകരിക്കുന്ന പക്ഷി തന്നെയാണ്; അന്ന് അത് കോണ്‍ഗ്രസ് സരക്കാരിന് എതിരായി പറഞ്ഞതായിരുന്നു. ആ ഉപമ പക്ഷേ, ഇപ്പോഴും മാറ്റമൊന്നുമില്ലാതെ നമ്മുടെ ഏജന്‍സികളെ വ്യഥിക്കുന്നു.
''കള്ളക്കേസില്‍ ബിജെപി പെടുത്തിയതാണെന്നും, കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് അദ്ദേഹത്തെ അകറ്റാനാണ് അറസ്റ്റ് ചെയ്തതെന്നുമാണ് കെജരിവാള്‍ ആവര്‍ത്തിക്കുന്നത്. മറുവശത്ത്, ബിജെപിയുടെ സോഷ്യല്‍ മീഡിയ സൈന്യം അദ്ദേഹത്തെ കുറ്റക്കാരനായി മുദ്രകുത്തുന്നു. ''മറ്റൊരു കേജ്ഡ് പാരറ്റ്'' എന്നപോലെ പ്രവര്‍ത്തിച്ച ടി.വി. ചാനലുകള്‍ വിധി വന്നതിന് മുമ്പേ ശിക്ഷ വിധിക്കുകയും ചെയ്തു.
ഡല്‍ഹിയുടെ മുഖ്യമന്ത്രിയായി മൂന്നു തവണ സത്യപ്രതിജ്ഞ ചെയ്ത കെജരിവാള്‍ ദേശീയ സാന്നിധ്യമായി മാറിയ ആളാണ്. ഒരു ദിവസം ഡല്‍ഹി മുഖ്യമന്ത്രിയുടെ മാളികയില്‍ കാപ്പി കുടിച്ചിരിക്കുമ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞു ''സോഷ്യല്‍ മീഡിയ വോട്ടു നേടില്ല; ദൃശ്യതയാണ് ജയിപ്പിക്കുന്നത്.'' പരാജയപ്പെട്ടാലും, ദേശീയ നേതാവെന്ന പേര് അദ്ദേഹത്തിന് സോഷ്യല്‍ മീഡിയയാണ് ഏറ്റവും സഹായമായത്. കുറ്റവാളിയായി ജയിലില്‍ പോകുമ്പോഴും അഴിമതി ആരോപണങ്ങളില്‍ നിന്നും സ്വതന്ത്രനായപ്പോഴും സോഷ്യല്‍ മീഡിയ ആണ് കാര്യങ്ങള്‍ ആംപ്ലിഫൈ ചെയ്തത്. ഇനി വീണ്ടും ഒരു സോഷ്യല്‍ മീഡിയ ക്യാംപെയ്ന്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാം.
ഇന്നലെ മുതല്‍ ചില പ്രാദേശിക പാര്‍ട്ടികളും ഇടതു പക്ഷവും അദ്ദേഹത്തെ സമീപിച്ചതായും കോണ്‍ഗ്രസ് പാര്‍ട്ടി അദ്ദേഹത്തെ അനൗപചാരികമായി സമീപിക്കാന്‍ തുടങ്ങിയെന്നും തലസ്ഥാനത്തെ ചില രാഷ്ട്രീയവൃത്തങ്ങള്‍ എന്നോട് പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ
ആദ്യകാലങ്ങളില്‍ കെജരിവാളിന്റെ കൂടെയുണ്ടായിരുന്ന, പിന്നീടു പുറത്താക്കപ്പെട്ട ചില മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ''കഠിന നിയന്ത്രണാത്മകവുമായ'' നേതാവായി വിശേഷിപ്പിക്കുന്നു. അധികാരം ഉറപ്പിക്കാന്‍ മുന്‍ അനുയായികളെ നീക്കം ചെയ്ത ചരിത്രം പുതിയതല്ല. സ്റ്റാലിനും ബുഖാറിനും ഹിറ്റ്‌ലറും ഒക്കെ പ്രാരംഭ കൂട്ടാളികളെ ''വ്യതിചലനം'' ആരോപിച്ച് നീക്കിയതും, എതിരാളികളെ പര്‍ജ് ചെയ്ത് സൈന്യത്തിന്റെ പിന്തുണ ഉറപ്പിച്ചതും ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരം പിടിക്കാനാവശ്യമായ തന്ത്രങ്ങള്‍ പലപ്പോഴും അധികാരം നിലനിര്‍ത്താനാവശ്യമായ തന്ത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്; വിമര്‍ശകരെ നീക്കുന്നത് ''സ്ഥിരത''യുടെ പേരില്‍ നടക്കും. അധികാരം വളരുമ്പോള്‍ വിമര്‍ശനം ദ്രോഹമായി തോന്നും.
ഇപ്പോള്‍ പഞ്ചാബ് മുഖ്യമന്ത്രി ബല്‍വന്ത് മന്നിന്റെ നേതൃത്വത്തില്‍ ആംആദ്മി ഭരിക്കുന്നതു ഏക സംസ്ഥാനം ആണ്. ചണ്ഡീഗഢിലെ ഗോള്‍ഫ് ക്ലബ്ബിന്റെ വിശാലമായ ബാറില്‍ രാഷ്ട്രീയവും ഗോസിപ്പും കൈകോര്‍ക്കുമ്പോള്‍, ''കെജരിവാള്‍ പഞ്ചാബ് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചു'' എന്ന കഥകള്‍ പറക്കും. ഔദ്യോഗികമായി സ്ഥിരീകരണമില്ലെങ്കിലും, പാര്‍ട്ടി മേധാവിയായി അദ്ദേഹത്തിന് സുരക്ഷയും വാഹനവും മാന്‍ നല്‍കിയതിനെ ചിലര്‍ പരിഹാസത്തോടെ കാണുന്നു. മാന്‍ പഞ്ചാബില്‍ വളരെ പോപ്പുലറായ നേതാവാണെന്നും, അദ്ദേഹം ഇല്ലെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ 60തോളം എംഎല്‍എമാരെ പ്രലോഭിക്കാന്‍ ബിജെപിക്ക് കഴിയും എന്നുള്ള കഥകളും കെജരിവാള്‍ കേട്ട് കാണും എന്ന് പ്രതീക്ഷിക്കാം എന്ന് ഒരു സീനിയര്‍ എഡിറ്റര്‍ എന്നോട് പറഞ്ഞു.
കളങ്കം കളഞ്ഞ് പുറത്തിറങ്ങിയ ശേഷം, കെജരിവാളും സിസോദിയയും ''പീഡിതരായി'' ജനഹൃദയങ്ങളില്‍ ഇടം പിടിക്കാന്‍ ശ്രമിക്കും. കോടതിയുടെ വാക്കുകള്‍ക്ക് രാഷ്ട്രീയ നേതാക്കളെക്കാളും മനുഷ്യര്‍ക്ക് വിശ്വാസമുണ്ടെന്ന് അവര്‍ ആവര്‍ത്തിക്കും എന്നത് ഉറപ്പാണ്. കണ്ണുനീര്‍ വീഴ്ത്തി മനീഷ് സിസോദിയെ കെട്ടിപ്പിടിച്ച് നിന്ന കെജരിവാളിന്റെ ചിത്രം വൈറലായി. മോദിയുടെ
ലോക പ്രസിദ്ധമായ ''ഹഗ് പൊളിറ്റിക്‌സ്''നെതിരെ ഒരു ദേശീയ ഹഗ് പൊളിറ്റിക്‌സ് ആണോ എന്ന ചോദ്യം തള്ളാനാവില്ല. ഇത്തവണ കോടികള്‍ ചെലവഴിച്ച ഹോര്‍ഡിങ്ങുകള്‍ അല്ല, കണ്ണുനീരാണ് സോഷ്യല്‍ മീഡിയയില്‍ കെജരിവാളിന്റെ നിഷ്‌കള രൂപം സൃഷ്ടിക്കുന്നത്.
ഡല്‍ഹി രാഷ്ട്രീയത്തില്‍ പരാജയവും ആരോപണങ്ങളും താങ്ങിയ ശേഷം, ''ആം ആദ്മി''യുടെ സാധാരണ വേഷം വീണ്ടും അണിയാന്‍ കെജരിവാള്‍ ശ്രമിക്കുന്നുവോ? അധികാരം ഒരു മയക്കുമരുന്നുപോലെയാണ്. ഒരിക്കല്‍ രുചിച്ചാല്‍ വിട്ടൊഴിയാന്‍ പ്രയാസം. ചരിത്രം കാണിച്ചുതന്നിട്ടുണ്ട്, അധികാരം നഷ്ടപ്പെട്ടവന്‍ വീണ്ടും അത് പിടിക്കാനിറങ്ങുമ്പോള്‍, കഥയും കണ്ണുനീരും രാഷ്ട്രീയ രംഗത്ത് കൈകോര്‍ക്കും. കെജരിവാള്‍ വീണ്ടും പ്രസക്തനായി രംഗത്തിറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ ദൃഷ്ടിയുടെ ദൂരവും കൈപ്പത്തിയുടെ ശക്തിയും എത്ര എന്ന് അറിയാന്‍ അധികം സമയം വരില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates