അയോധ്യയിലെ ക്ഷേത്രക്കൊള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ രവിശങ്കര്‍ ഏറ്റത്ത് എഴുതുന്നു  
News+

''അടിക്ക് മോനേ... ചുമര്‍ തകര്‍ക്കൂ... തകര്‍ത്തുകളയൂ...'; കാതില്‍ ഇന്നും മാഞ്ഞിട്ടില്ല, ആ ശബ്ദം

രവി ശങ്കർ ഏറ്റത്ത്

1992 ഡിസംബര്‍ ആറിന്റെ പ്രഭാതത്തില്‍, മഞ്ഞ് ഇനിയും ഉരുകിത്തീര്‍ന്നിരുന്നില്ല. സിന്ധുനദീതടത്തിന്റെ പുത്രന്മാര്‍ ആരെന്ന്, ഹിന്ദു എന്ന വാക്കിന്റെ ആഴം എന്നതൊക്കെ ആ മഞ്ഞു മാറ്റിമറിക്കുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു.

ബാബ്രി മസ്ജിദിന്റെ ചുവടെ, കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മൈതാനത്ത് യുദ്ധഭൂമിയുടെ ആര്‍ദ്രത നിറഞ്ഞിരുന്നു. കൂടാരങ്ങള്‍. ഇഷ്ടിക തിരുകിയ മണ്ണ് കൈകൊണ്ടു തൊട്ടു നോക്കുന്ന സന്ന്യാസിമാര്‍. ദേശത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തിയ യൗവ്വനം. ഒരു കൂടാരത്തില്‍ കേരളത്തില്‍ നിന്നുള്ള കുറെ കര്‍സേവകര്‍. ഒട്ടുമുക്കാലും ശബരിമലതീര്‍ഥാടകരുടെ കറുത്ത വേഷം ധരിച്ചവര്‍.

''മലയാളിക്ക് ശ്രീരാരമനേക്കാള്‍ കൃഷ്ണനും ശിവനും വിഷ്ണുവുമൊക്കെ അല്ലേ പ്രിയം?''

''ഇത് ഒരു ദേവന്റെ മാത്രം കാര്യമല്ല. ഹിന്ദുവിന്റെ ആത്മാഭിമാനത്തിന്റെ കാര്യമാണ്.''

അത് ആരായിരുന്നു, എവിടെ നിന്നു വന്നു? എനിക്കിന്ന് ഓര്‍മ്മ തെളിയുന്നില്ല. മുപ്പതു കൊല്ലം മുമ്പല്ലേ ഇതെല്ലാം നടന്നത്. പക്ഷേ ആ ചെറുപ്പക്കാരന്റെ വാക്കുകള്‍ മനസ്സില്‍ ഇന്നും ചരിത്രത്തിന്റെ സോപാനമായി നില നില്കുന്നു. ലങ്കയില്‍ നിന്ന് സീതയുമൊത്ത് മടങ്ങിയ രാമന്റെ പാദം കേരളത്തിലൂടെ കടന്നു പോയി എന്ന് ഐതിഹ്യം പറയുന്നു. കേരളത്തിലെ ഗ്രാമങ്ങളില്‍, പട്ടണങ്ങളില്‍ക്കൂടെ ഒഴുകുന്ന ആ പുരാതനമായ പുണ്യവീഥിയിലൂടെ ഇന്നു ആളുകള്‍ കൂടുതല്‍ സഞ്ചരിക്കാന്‍ തുടങ്ങുന്നു.

ഫൈസാബാദില്‍ വെച്ച് ഞാന്‍ എല്‍കെ അഡ്വാനിയെ കണ്ടുമുട്ടിയപ്പോള്‍ രാമ ഭക്തന്മാരുടെ ആദ്യ സൈനികന്‍ എന്നോടു പറഞ്ഞു: ''ഇക്കൂട്ടര്‍ വിഎച്ച്പിക്കാര്‍ കുഴപ്പമൊന്നുമുണ്ടാക്കില്ല. നാളെ ഒരു പ്രശ്‌നവും ഞാന്‍ പ്രതീക്ഷിക്കുന്നില്ല .''

ലക്നൗവില്‍ കല്യാണ്‍ സിങ്ങിനെ അടുത്ത ദിവസം കാണണമായിരുന്നു, പക്ഷേ ആ നാളെ വന്നില്ല. മറ്റൊരു നാളെയാണ് സൂര്യന്‍ കൊണ്ടുവന്നത്. ഹിന്ദുവിന്നും ഇന്ത്യക്കുമുള്ള മറ്റൊരു നാളെ.

അഡ്വാനി പറഞ്ഞ ആ പ്രഭാതമായപ്പോഴേക്കും മൂടല്‍മഞ്ഞ് പൂര്‍ണമായി പിരിഞ്ഞിരുന്നു. അതുപോലെതന്നെ സംശയങ്ങളും. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ബാബര്‍ പണിത, ചരിത്രത്തിന്റെ വസൂരിക്കല വീണ മിനാരങ്ങളുടെ മുകളിലേക്ക് യുവാക്കള്‍ കയറിയ നിമിഷം മുതല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്നു ഞാന്‍ ഊഹിച്ചു.

ജയ് ശ്രീ റാം എന്ന പോര്‍വിളി ഉയര്‍ത്തുന്ന ഒരാളുടെ കാവി ഗംഛ വാങ്ങി ഞാന്‍ പൊളിഞ്ഞുവീഴുന്ന മസ്ജിദിനുള്ളിലേക്ക് കടന്നു.

പൊടിപടലങ്ങള്‍ തവിട്ടുനിറമുള്ള മേഘംപോലെ ഉയര്‍ന്നുനിന്നു. അതിനിടയില്‍ ആദ്യം ഞാന്‍ കണ്ടുമുട്ടിയത് കാവിവസ്ത്രം ധരിച്ച, പുരാണങ്ങളുടെ ചിത്രരചനയിലെന്ന പോലെ ഒരു സന്യാസിയെയായിരുന്നു. കൈയില്‍ മിന്നിത്തിളങ്ങുന്ന ത്രിശൂലം. ഇടിഞ്ഞുവീഴാന്‍ തുടങ്ങിയ ചുമരില്‍ അദ്ദേഹം അതിവേഗം പ്രഹരിക്കുകയായിരുന്നു.

എന്നെ കണ്ടയുടന്‍ അദ്ദേഹം ത്രിശൂലം എന്റെ കൈകളിലേക്ക് തള്ളിവച്ചു.

''അടിക്ക് മോനേ... ചുമര്‍ തകര്‍ക്കൂ... തകര്‍ത്തുകളയൂ...'

ആ ശബ്ദം ഇന്നും ചെവികളില്‍ നിന്ന് മാഞ്ഞിട്ടില്ല.

അതിനുമുമ്പ് ക്യാമ്പില്‍ കോടാലികളോ ഇരുമ്പുദണ്ഡുകളോ ത്രിശൂലങ്ങളോ ഒന്നും ഇല്ലെന്ന് പൊലീസ് ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥ സുഹൃത്തിനോട് അതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചുമലുയര്‍ത്തി, കണ്ണിറുക്കി പറഞ്ഞു:

''പൊലീസിനേക്കാള്‍ നന്നായി ദൈവത്തിനു അറിയാം.''

എന്നാല്‍ പൊലീസിന് ദൈവത്തിന്റെ ആ അറിവിന്റെ ലക്ഷണമൊന്നും കണ്ടില്ല.

രാംജന്മഭൂമി ക്ഷേത്രത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടത് ഒരു ക്രിമിനല്‍ കുറ്റം മാത്രമല്ല. നൂറ്റാണ്ടുകളിലൂടെ, ദശകങ്ങളിലൂടെ, ത്യാഗങ്ങളിലൂടെ ഇഴചേര്‍ക്കപ്പെട്ട ഒരു ആശയത്തിന്മേല്‍ ആഘാതമേല്‍ക്കലാണ്. ഏതൊരു ദേവാലയത്തില്‍ നിന്നുള്ള മോഷണവും ദ്രോഹം; അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലേതാകുമ്പോള്‍ ആ ദ്രോഹം ഇരട്ടിക്കുന്നു. ഇത് ഒരു സാധാരണ ക്ഷേത്രമല്ല, സ്വതന്ത്ര ഇന്ത്യ ഇത്രമേല്‍ രാഷ്ട്രീയ ഭാരവും ഹൃദയഭാരവും ഒരുമിച്ചു ചൊരിഞ്ഞ മറ്റൊരു ദേവഗൃഹം ഇല്ല.

2024 ജനുവരി ഇരുപത്തിരണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രാണ പ്രതിഷ്ഠ കേവലം ക്ഷേത്ര ഉദ്ഘാടനമായിരുന്നില്ല. ഒരു നാഗരികതയുടെ ദീര്‍ഘകാല അഭിലാഷത്തിന്റെ പൂര്‍ത്തീകരണമായി ഉദ്‌ഘോഷിക്കപ്പെട്ടതതാണ് അത്. 2019ല്‍ സുപ്രീം കോടതിയുടെ ഏകകണ്ഠ വിധിന്യായം ആ ചരിത്രാന്വേഷണത്തിന്റെ ഒടുവില്‍ ഒരു ക്ഷേത്രത്തിന് അടിത്തറ പാകി. ആ ക്ഷേത്രം ഒടുവില്‍ ഉയര്‍ന്നു. ഒരു ഭരണഘടനാ തര്‍ക്കത്തിന്റെ ഭൗതികമായ ഉത്തരമായി.

ഈ പ്രസ്ഥാനം ഇന്ത്യന്‍ രാഷ്ട്രീയത്തെ ആകെ പ്രക്ഷുബ്ധമാക്കി. 1990-ല്‍ അഡ്വാനിയുടെ രഥയാത്ര സോമനാഥ് മുതല്‍ അയോദ്ധ്യ വരെ ഹിന്ദുവില്‍ ആഴ്ന്നുകിടന്ന ആദ്ധ്യാത്മിക ഞരമ്പില്‍, ഒരു രാഷ്ട്രീയ ഉദ്യമം ചേര്‍ത്തിണക്കി. ഭക്തിയും ബാലറ്റും ഒന്നാകുന്ന, ആദ്യത്തെ ആ ദേശീയ തീര്‍ത്ഥരാഷ്ട്രീയ യാത്ര. ഒരു ദലം പുനര്‍ജ്ജനിച്ചു; ഒരു ജനതയുടെ ഉള്‍മനസ്സ് ഇളകി.

അബ്രഹാം മതങ്ങള്‍ക്ക് ജറൂസലം ഏതാകുന്നുവോ, ഹിന്ദുവിന്റെ ഭൂഗോളചിത്രത്തില്‍ അയോദ്ധ്യ അതാകുന്നു; ഒരേ ചരിത്രം കൊണ്ടല്ല, ഒരേ ആഴം കൊണ്ട്. ഓര്‍മ്മ, ഭക്തി, ഐഡന്റിറ്റി, ചരിത്രം ഇവ ഒരൊറ്റ ഭൂഭാഗത്തേക്ക് ഒഴുകിക്കൂടുന്ന ആ അസാധാരണ ഘനം. ''മര്യാദ പുരുഷോത്തമന്‍'' ധര്‍മ്മത്തിന്റെ ആള്‍രൂപം. ആ ശ്രീരാമന്‍ ഇവിടെ ജനിച്ചെന്ന് വേദങ്ങള്‍, പുരാണങ്ങള്‍, ഭക്തകാവ്യ പാരമ്പര്യം ഇവ ഒരൊറ്റ ശബ്ദത്തോടെ ഉദ്‌ഘോഷിക്കുന്നു.

ആഗമങ്ങളും അര്‍ഥശാസ്ത്രവും പഠിപ്പിക്കുന്നത് ഭക്തന്‍ ദേവന് സമര്‍പ്പിക്കുന്ന വഴിപാട് ഒരു വ്യക്തിക്കും അവകാശപ്പെടില്ല: അത് ദേവന്റേതു മാത്രം. ക്ഷേത്ര സ്വത്ത് അപഹരിക്കല്‍ വെറും മോഷണമല്ല; ഭക്തന്‍, ദൈവം, കൈകാര്യക്കാരന്‍ ഈ ത്രയം ചേര്‍ക്കുന്ന ദിവ്യ വിശ്വാസത്തെ ദ്രോഹിക്കലാണ്. ഇവിടെ, ഈ ക്ഷേത്രത്തില്‍, ആ ദ്രോഹം ഇരട്ടി ഭാരം പേറുന്നു.

യോഗി ആദിത്യനാഥ് ഉടന്‍ ഇടപെട്ടു, അന്വേഷണത്തിന് ഉത്തരവിട്ടു, ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പ് നല്‍കി. അറസ്റ്റുകള്‍ ഉണ്ടായി. ഡല്‍ഹിയില്‍ കേള്‍ക്കാവുന്ന ഗോസ്സിപ് ഇതാണ്: യോഗിയും ഒരു ശക്തനായ സെന്‍ട്രല്‍ നേതാവും ഒരുപോലെയല്ല കാര്യങ്ങള്‍ കാണുന്നത്. മുഖ്യ മന്ത്രി മോഷണക്കുറ്റവാളികളെ പിടിക്കാന്‍ നടത്തിയ വേഗം എതിര്‍ പക്ഷത്തിന്റെ ആരോപണം മുന്നേ തടുക്കാനായിരുന്നു: രാഷ്ട്രീയത്തിന്റെ കണ്ണാടിയില്‍ ശത്രുക്കള്‍ രണ്ട് ഭാഗത്തും നോക്കിയതു കാണാം. ആ ദൃഢത ആവശ്യമാണ്. പക്ഷേ ഉത്തരവാദിത്വം, ചെറിയ ഉദ്യോഗസ്ഥരില്‍ ഒതുങ്ങിക്കൂടാ. പഴി ചെറിയ ആള്‍ക്കാരില്‍ വന്നു നില്‍ക്കാറുണ്ട്; ഉത്തരവാദിത്വം; അത് ഉയരത്തിലേക്കും കൂടി സഞ്ചരിക്കണം. ദേവഗൃഹത്തിന്റെ ഭദ്രതാ ചുമതല ഏറ്റ ഓരോ ഉദ്യോഗസ്ഥനും അതിന്റെ ഉത്തരവാദിത്തമുണ്ട്. സ്ഥാനം ഉയര്‍ന്നതാകുന്തോറും ഉത്തരവാദിത്വം ഇരട്ടിക്കണം.

ബിജെപിക്ക് ഇതൊരു ക്രമസമാധാന പ്രശ്നം മാത്രമല്ല. രാംജന്മഭൂമി ആ പാര്‍ട്ടിയുടെ ആദര്‍ശ അച്ചുതണ്ടായിരുന്നു. ഒരു തലമുറ തങ്ങളുടെ രാഷ്ട്രീയ ജീവന്‍ അതിനര്‍പ്പിച്ചു. ക്ഷേത്രം ബിജെപിയുടെ ആത്മീയ വൈശിഷ്ട്യത്തില്‍ നിന്ന് വേര്‍തിരിയില്ല. ആ അമ്പലത്തില്‍ ഇന്ന് അഴിമതി, അലക്ഷ്യം, ഒത്തുകളി ഇവ നടക്കുകയാണെങ്കില്‍ അത് ആ ദേവഗൃഹത്തോടു മാത്രമുള്ള ദ്രോഹമല്ല, ദശകങ്ങള്‍ കൊണ്ടുണ്ടാക്കിയ ധാര്‍മ്മിക മൂലധനത്തോടു ചെയ്യുന്ന ദ്രോഹമാണ്.

പ്രധാനമന്ത്രി പ്രാണ പ്രതിഷ്ഠ നടത്തി; ആ ക്ഷേത്രത്തെ ദേശീയ ബോധത്തിന്റെ പ്രതീകമെന്ന് ആവര്‍ത്തിച്ച് ഉദ്‌ഘോഷിച്ചു. ആ ഉദ്‌ഘോഷം ഒരു ദ്വിമുഖ ബദ്ധതയാണ്. ക്ഷേത്ര ഭരണത്തിന്റെ ഭദ്രതയ്ക്കും സ്വച്ഛതയ്ക്കും സ്ഥാപനത്തില്‍ ഉള്ളവര്‍ ബാധ്യസ്ഥരാണ്. ദോഷം പ്രത്യക്ഷ ഭരണ ലാഘവമെന്ന നിലയില്‍ കൈകാര്യം ചെയ്തുകൂടാ.

രാമായണം നല്‍കുന്ന ശ്രേഷ്ഠ പാഠം ഒന്നേ ഉള്ളൂ: ശ്രീരാമന്റെ ഔന്നത്യം ശക്തിയല്ല, ധര്‍മ്മപ്രതിബദ്ധതയാണ്. ദേവഗൃഹത്തിന്റെ ദൈനംദിന ഭരണത്തില്‍ ആ ധര്‍മ്മം ജ്വലിക്കണം. ഭവ്യമായ വാസ്തുവിദ്യ കൊണ്ടോ, ആഘോഷ ആഡംബരം കൊണ്ടോ, ഉദ്‌ഘോഷ ഭാഷണം കൊണ്ടോ മാത്രം ഒരു ആദര്‍ശം സജീവമാകില്ല. ദോഷം ഭ്രമിക്കാതെ അന്വേഷിക്കണം, കുറ്റക്കാരന്‍ ആര് ആണെങ്കിലും ശിക്ഷ ഉറപ്പ് വരുത്തണം, സ്ഥാപനത്തിലെ പോരായ്മ തിരുത്തണം. ഇല്ലെങ്കില്‍ ഒരു ദേവഗൃഹത്തെ മാത്രമല്ല, ആ ദേവഗൃഹം ഉയര്‍ന്നതിന് ആധാരമായ ആദര്‍ശങ്ങളെ കൂടി, നാം ഇടിച്ചു താഴ്ത്തുകയാണ്.

1992ലെ മൂടല്‍മഞ്ഞില്‍ തെളിഞ്ഞ പിറ്റേന്നു രാവിലെ കല്യാണ്‍ സിങ്ങിന് എന്നെ കാണാന്‍ സമയമുണ്ടായിരുന്നില്ല, അദ്ദേഹം മുഖ്യമന്ത്രിയുടെ ചേംബറില്‍ ഇന്ത്യയുടെ ഭാവി പരിശോധിക്കുന്ന തിരക്കിലായിരുന്നു. തന്റെ യാത്രയുടെ കര്‍മ്മഫലം അന്തിമമായ മൂടല്‍ മഞ്ഞാണെന്ന് അഡ്വാനിയും പ്രതീക്ഷിച്ച് കാണില്ല.

Ravi Shankar writes about Ayodhya temple scam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? എനിക്കു കിട്ടിയ കമ്മിഷന്‍റെ കണക്കു വരെ പറഞ്ഞു, വിഴിഞ്ഞത്ത് ഒരു ഓഹരി കൈമാറ്റവും നടന്നിട്ടില്ല'

'എവിടെയായാലും നന്നായി പഠിക്കണം....'; ശിശുക്ഷേമ സമിതിയിലെ 7 വയസുകാരി ഇറ്റലിയിലേയ്ക്ക്

'സങ്കടമുണ്ട്, കൂടെ അഭിനയിച്ച ഒരുപാട് പേർ ഇന്നില്ല, വളരെ ഇമോഷണൽ സിനിമയാണിത്'; 'കിരീടം' കണ്ട് കണ്ണ് നിറഞ്ഞ് മോഹൻലാൽ

'ചതിയന്മാര്‍, ചര്‍ച്ച ചെയ്തു സമയം പാഴാക്കാനില്ല'; ഇറാനുമായി വെടിനിര്‍ത്തല്‍ അവസാനിച്ചെന്ന് ട്രംപ്

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഇപ്പോഴും അഴിമതിയുടെ സ്മാരകം; ദുരിതത്തിൽ 140 ഭവനരഹിത കുടുംബങ്ങൾ