

വ്യംഗ്യം രാഷ്ട്രീയത്തിന്റെ ഓക്‌സിജന്‍ ആയിരുന്നു ഒരു കാലത്ത്. എന്നാല്‍ ഇന്നത്തെ ഇന്ത്യയില്‍ അത് ഭ്രഷ്ടാണ്.
ആന്ധ്രപ്രദേശ് പൊലീസിന്റെ അറസ്റ്റ് - സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍സ് ആയ അനുദീപ് കാട്ടിക്കാലയെയും റഫീഖ് മുഹമ്മദിനെയും ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പവന്‍ കല്യാണിനെയും ഐടി മന്ത്രി നാര ലോകേഷിനെയും കുറിച്ചുള്ള ''അപകീര്‍ത്തികരമായ'' പരാമര്‍ശങ്ങളുടെ പേരില്‍ - ഒരു അപവാദമല്ല; മങ്ങിയതെങ്കിലും അപകടകരമായ ഒരു പ്രവണതയുടെ തെളിവാണ്. ഒരാളെ പിടികൂടാന്‍ പൊലീസ് പ്രയാഗ് രാജ് വരെ പോയെന്ന റിപ്പോര്‍ട്ടുകള്‍ ഈ ദുരന്തപരമായ പ്രഹസനത്തിന് ഒരു നാടകീയത കൂടി നല്‍കുന്നു. ഒരിക്കല്‍ അധികാരത്തിന്റെ കണ്ണാടി ആയിരുന്ന കോമഡി, ഇപ്പോള്‍ അതിനെതിരായ ആയുധമായി കണക്കാക്കപ്പെടുന്നു. സംസ്ഥാനം അതുകൊണ്ട് തന്നെ വിദൂഷകനെ ആയുധരഹിതനാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
ഇത് ഹാസ്യത്തിന് ആദ്യമായി കൈ കെട്ടിയതല്ല. 2021-ല്‍ മുനാവര്‍ ഫാറൂഖിയുടെ മുന്‍കരുതല്‍ അറസ്റ്റ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടില്ലാത്ത തമാശകളുടെ പേരിലായിരുന്നു. അധികാരികളെ പരിഹസിച്ചതിന് കുനാല്‍ കാമ്രയ്‌ക്കെതിരായ ആവര്‍ത്തിച്ച നിയമ പീഡനങ്ങള്‍, അഴിമതിയെ പരിഹസിച്ച കാര്‍ട്ടൂണുകളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട അസീം ത്രിവേദിയെപ്പോലുള്ള കാര്‍ട്ടൂണിസ്റ്റുകള്‍.. ഇതിലെല്ലാം സന്ദേശം വ്യക്തമാണ്: ചിരിക്കാം, പക്ഷേ ഭരണകൂടത്തിന്റെ അനുമതിയോടെ മാത്രം. ഒരു തമാശ സഹിക്കാന്‍ കഴിയാത്ത ജനാധിപത്യം തന്നെയാണ് യഥാര്‍ത്ഥ തമാശ.
ഹാസ്യത്തിലേക്കുള്ള നിയമപരമായ അതിക്രമത്തിനും മുന്‍ഗണനകളുണ്ട്. ഓണ്‍ലൈന്‍ സറ്റയറിനെയും മീം സംസ്‌കാരത്തെയും നിയന്ത്രിക്കാന്‍ ശ്രമിച്ച ആദ്യകാല രാഷ്ട്രീയ നീക്കങ്ങളില്‍ ഒന്ന് അന്നത്തെ ടെലികോം മന്ത്രി കപില്‍ സിബല്‍ നടത്തിയതായിരുന്നു. രാഷ്ട്രീയ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കമെന്ന പേരില്‍ സോഷ്യല്‍ മീഡിയ ഉള്ളടക്കത്തിന് മുന്‍പരിശോധന വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സോണിയ ഗാന്ധിയെയും മറ്റുള്ളവരെയും ലക്ഷ്യമാക്കിയ മീമുകള്‍ കാരണം പ്രകോപിതനായ സിബല്‍, ഞങ്ങള്‍ ഇരുവരും പ്രസംഗകരായിരുന്ന ഒരു പരിപാടിയില്‍ എന്നോട് പറഞ്ഞത് 'ഇത് ജനാധിപത്യമല്ല, അശ്ലീലമാണ്' എന്നാണ്. ഇന്ന് അശ്ലീലത്തെ നിര്‍വചിക്കുന്നത് അധികാരത്തെ പരിഹസിക്കാന്‍ ഉള്ള ധൈര്യമെന്നാണ്.
സങ്കീര്‍ണ്ണവും വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ഈ അതിസൂക്ഷ്മത എന്തിനെയാണ് വിശദീകരിക്കുന്നത്? രണ്ട് വാക്കുകള്‍: അടുപ്പവും അഹങ്കാരവും. ഇന്ത്യയില്‍ അധികാരത്തിന് അടുപ്പവുമായി എപ്പോഴും ഒരു വിരോധാഭാസ ബന്ധമുണ്ട്. പ്രതിപക്ഷത്തിലിരിക്കുമ്പോള്‍ നേതാക്കള്‍ എപ്പോഴും സമീപിക്കാവുന്നവരായിരിക്കും. സംഭാഷണം, തര്‍ക്കം, എന്തിന്, സ്വയം പരിഹസിക്കലിനു പോലും. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ ഉടന്‍ അവര്‍ സ്വയംപ്രാധാന്യത്തിന്റെ കോട്ടകളിലേക്ക് പിന്മാറുന്നു. രാഷ്ട്രീയക്കാരന്‍ രാജാവായി മാറുന്നു. ജനസേവകന്‍ ജനാധിപനായി മാറുന്നു. ഭാവുകത്വത്തെ പൊട്ടിക്കുന്ന ഹാസ്യം അപ്പോള്‍ അസഹ്യമായി മാറുന്നു.
ഒരു കാലത്ത് അധികാരത്തിന്റെയും ജനങ്ങളുടെയും ഇടയില്‍ ഇത്ര വലിയ അകലം ഉണ്ടായിരുന്നില്ല. ഇന്ദിരാ ഗാന്ധിക്ക് എത്ര അധികാരാധിപത്യമുണ്ടായിരുന്നെങ്കിലും ഇന്ന് അസാധ്യമായി തോന്നുന്ന രീതിയില്‍ ലഭ്യയായിരുന്നു. പത്രപ്രവര്‍ത്തകര്‍ അവര്‍ താമസിച്ചിരുന്ന 1 സഫ്ദര്‍ജംഗ് റോഡിലേക്ക് നടന്നുപോയി ആര്‍കെ ധവാനുമായി ഗോസ്സിപ് ചെയ്യുകയും, ചിലപ്പോള്‍ പ്രധാനമന്ത്രിയുമായുള്ള ഒരു രസാവഹമായ നിമിഷം കണ്ടെത്തുകയും ചെയ്തിരുന്നു.
ഒരു രാവിലെ, മിസിസ് ഗാന്ധി പാര്‍ലമെന്റിലേക്ക് പുറപ്പെടുന്നത് ഞാന്‍ ഓര്‍ക്കുന്നു, മനോഹരമായ കൈത്തറി സാരിയണിഞ്ഞ്. ഞാന്‍ കമ്പൗണ്ടില്‍ നില്‍ക്കുന്നത് കണ്ട അവര്‍ എന്നെ നോക്കി ധവാനോട് എന്തോ ചോദിച്ചു. അദ്ദേഹം എന്ത് മറുപടി നല്‍കിയെന്ന് എനിക്ക് കേള്‍ക്കാനായില്ല, പക്ഷേ അവര്‍ തലകുനിച്ച് എന്നെ നോക്കി ഒരു ചെറിയ പുഞ്ചിരി നല്‍കി കാറില്‍ കയറി പോയി. ഒരു പത്രപ്രവര്‍ത്തകനും അത്ര ശക്തമായ ഒരു പ്രധാനമന്ത്രിയും തമ്മിലുണ്ടായിരുന്ന ആ സ്വാഭാവികവും മൗനവുമായ അടുപ്പം ഞാന്‍ ഒരിക്കലും മറക്കില്ല. അവരുടെ പിന്നീടു സംഭവിച്ച അതിക്രമങ്ങള്‍ ഉണ്ടായിട്ടും, ഞാന്‍ എപ്പോഴും അവരുടെ ആരാധകനായിരിക്കും. ഇന്ന് പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് കയറാന്‍ ശ്രമിക്കുന്നതു പോലും നടക്കുന്ന കാര്യമല്ല. ഇന്ന് അധികാരം അകലം കൊണ്ടാണ് നിര്‍വചിക്കുന്നത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ ഇന്നത് ഒരു കഥപോലെ ഓര്‍ക്കുന്നു: കുല്‍ദീപ് നയ്യാര്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനൊപ്പം നടന്ന് സംസാരിക്കുന്നത്. നെഹ്‌റു പത്രപ്രവര്‍ത്തകരെ ശത്രുക്കളായല്ല, സംവാദകരായാണ് കണ്ടത്. നയ്യാര്‍ പിന്നീട് അദ്ദേഹത്തെ ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രിയെന്ന് വിളിച്ചു.
വിരോധാഭാസം ഇതാണ്: നെഹ്‌റുവിന്റെ മകള്‍ തന്നെ അടിയന്തരാവസ്ഥയില്‍ അദ്ദേഹത്തിന്റെ സുഹൃത്തിനെ ജയിലിലടച്ചു. ഇന്ദിരാ ഗാന്ധിയുടെ അധികാരാധിപത്യത്തില്‍ ചില വിചിത്രമായ വൈരുദ്ധ്യങ്ങള്‍ ഉണ്ടായിരുന്നു. കാര്‍ട്ടൂണിസ്റ്റ് അബു അബ്രഹാമിനെ അവര്‍ രാജ്യസഭയിലേക്ക് നിയമിച്ചു. അടിയന്തരാവസ്ഥയില്‍, അബ്രഹാമും ആര്‍.കെ. ലക്ഷ്മണും സെന്‍സര്‍ഷിപ്പിനെ ചുറ്റിപ്പറ്റി സൂക്ഷ്മമായി, ചിലപ്പോള്‍ ധൈര്യമായി, കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു. ഒ.വി. വിജയന്‍ മാത്രമാണ് പൂര്‍ണമായും പിന്മാറിയത്. 'സെന്‍സര്‍ ചെയ്ത പത്രത്തിനായി വരയ്ക്കില്ല'' എന്ന് അദ്ദേഹം തീരുമാനിച്ചു. അത് വേറിട്ട ധൈര്യമായിരുന്നു. നൈതികമായ ധൈര്യം. ജയിലിലാകുന്നത് എല്ലാവര്‍ക്കും സാധ്യമല്ല.
ഇന്നത്തെ അവസ്ഥയില്‍, തിരഞ്ഞെടുപ്പ് കൂടുതല്‍ കഠിനമാണ്: സ്വയം സെന്‍സര്‍ ചെയ്യുക, അല്ലെങ്കില്‍ സെന്‍സര്‍ ചെയ്യപ്പെടുക. ഞാന്‍ തന്നെ ആദ്യത്തേത് തിരഞ്ഞെടുത്തിട്ടുണ്ട്. ഒരിക്കല്‍ മൂര്‍ച്ചയുണ്ടായിരുന്ന എന്റെ പേന ഇപ്പോള്‍ ഡ്രോയറില്‍ അസ്വസ്ഥമായി കിടക്കുന്നു. മറ്റുള്ളവര്‍ അധികാരത്തിലേക്ക് മൃദുവായ പന്തുകള്‍ എറിയുമ്പോള്‍, ഞാന്‍ മൂര്‍ച്ചയുള്ള വെടിക്കോപ്പുകള്‍ ഇഷ്ടപ്പെട്ടു. എന്നാല്‍ ഇപ്പോള്‍ മൂര്‍ച്ച ശിക്ഷ ക്ഷണിക്കുന്നു. 'പ്രധാനമന്ത്രിയെ അപമാനിച്ചു' എന്ന പേരില്‍ ഒരു എഫ്ഐആര്‍ പ്രൊഫഷണല്‍ അപകടമല്ല; അത് വ്യക്തിപരമായ ഭീഷണിയാണ്. നിങ്ങള്‍ക്ക് അതിനെ ഭീരുത്വമെന്ന് വിളിക്കാം. ഞാന്‍ അതിനെ അസഹിഷ്ണുതയേറിയ കാലഘട്ടത്തിലെ ഒരു കണക്കുകൂട്ടലെന്ന് വിളിക്കുന്നു. നഷ്ടം പക്ഷേ, വ്യക്തിപരമല്ല, സംസ്‌കാരപരമാണ്.
ഹാസ്യം ജനാധിപത്യത്തിന്റെ അലങ്കാരമല്ല; അതിന്റെ ഭാരം വഹിക്കുന്ന തൂണുകളില്‍ ഒന്നാണ്. അത് മൂന്ന് പ്രധാന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നു. ഒന്നാമത്, അത് അധികാരത്തെ മനുഷ്യവല്‍ക്കരിക്കുന്നു. സ്വയം ചിരിക്കാനാകുന്ന നേതാവ് തന്റെ പരാജയസാധ്യതയെ മനസ്സിലാക്കുന്നവനാണെന്ന് പൗരന്മാര്‍ക്ക് ഉറപ്പുനല്‍കുന്നു. നെഹ്‌റു പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ പിള്ളയോട് 'എന്നെ വെറുതെ വിടല്ലേ ശങ്കര്‍' എന്ന് പറഞ്ഞപ്പോള്‍, അത് മഹാനുഭാവം കാണിച്ചതല്ല; ആത്മവിശ്വാസത്തിന്റെ സൂചനയായിരുന്നു. സുരക്ഷിതരായവര്‍ക്കാണ് സറ്റയര്‍ സഹിക്കാന്‍ കഴിയുക.
രണ്ടാമത്, ഹാസ്യം ഒരു സുരക്ഷാ വാല്‍വാണ്. സമൂഹങ്ങള്‍ സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക വിഷമങ്ങള്‍ ശേഖരിക്കുന്നു. സറ്റയര്‍ അവയെ പൊട്ടിത്തെറിക്കാതെ പ്രകടിപ്പിക്കാന്‍ അനുവദിക്കുന്നു. ഒരു തമാശക്ക് ഒരു മുദ്രാവാക്യത്തിന് കഴിയാത്തത് പറയാനാവും. അതു കോപത്തെ ശമിപ്പിക്കുകയും അതേസമയം അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഹാസ്യത്തെ ക്രിമിനലൈസ് ചെയ്യുന്നത് സമ്മര്‍ദ്ദത്തിലുള്ള അസമ്മതത്തെ പൂട്ടിവയ്ക്കലാണ്. മൂന്നാമത്, ഹാസ്യം ഒരു നിര്‍ണ്ണായക ഉപകരണമാണ്. ഒരു സമൂഹം എന്തിനാണ് ചിരിക്കുന്നത്, എന്തിനാണ് ചിരിക്കാത്തത് എന്നത്് അതിന്റെ ഭയങ്ങളെ വെളിപ്പെടുത്തുന്നു. ഒരു ഉച്ചാരണം, ഒരു കൈചലനം, ഒരു ചേര്‍ത്തുപിടിക്കല്‍ എന്നിവയുടെ അനുകരണത്തിന് രാഷ്ട്രീയക്കാര്‍ കോപത്തോടെ പ്രതികരിക്കുമ്പോള്‍, അവര്‍ മാന്യതയെ സംരക്ഷിക്കുന്നില്ല; അവര്‍ അരക്ഷിതത്വം വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ സംസാരശൈലിയെയും വിദേശ നേതാക്കളുമായി ഉള്ള ചേര്‍ത്തുപിടിക്കലുകളെയും പരിഹസിച്ച ഒരു മീം നീക്കം ചെയ്യാന്‍ അധികാരികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് ആവശ്യപ്പെട്ട സംഭവം അതിനെ കൂടുതല്‍ വേഗത്തിലും കൂടുതല്‍ രസകരമായും പ്രചരിക്കാന്‍ സഹായിച്ചു. ഇന്റര്‍നെറ്റിന്റെ കാലത്ത് സെന്‍സര്‍ഷിപ്പ് സ്വാതന്ത്ര്യവിരുദ്ധത മാത്രമല്ല.
ആഴത്തിലുള്ള പ്രശ്‌നം എന്തെന്നാല്‍, ഇന്ത്യ ഒരു വമ്പന്‍ രാഷ്ട്രമായിരിക്കുമ്പോഴും, അത് ക്രമേണ ചെറുതായ അഹങ്കാരങ്ങളാല്‍ നയിക്കപ്പെടുന്നു. ഇത് കഠിനമായി തോന്നാം, പക്ഷേ തെളിവുകള്‍ കെട്ടിക്കിടക്കുന്നു. വലിയ ജനവിധി നേടിയ നേതാക്കള്‍ക്ക് അതുപോലെ വലിയ ആത്മവിശ്വാസം ഉണ്ടാകണം. പക്ഷേ അവര്‍ വിമര്‍ശനത്തോടും പരിഹാസത്തോടും കളിയോടും അതിസൂക്ഷ്മമായ പ്രതികരണമാണ് കാണിക്കുന്നത്. ഭരണകൂടം അതിന്റെ പ്രതിഫലനമായി മാറുന്നു. ഭരണ സംവിധാനത്തെ സംരക്ഷിക്കാന്‍ അല്ല, മറിച്ച് അഹങ്കാരം സംരക്ഷിക്കാന്‍ നിയമങ്ങളും പൊലീസും ഡിജിറ്റല്‍ നിയന്ത്രണങ്ങളും വിനിയോഗിക്കുന്നു.
ഒരു ചോദ്യം ചോദിക്കേണ്ടതുണ്ട്: അധികാരത്തില്‍ ഇല്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ ഒരു കോമേഡിയന് എതിരെ പൊലീസില്‍ പരാതി നല്‍കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ? വളരെ അപൂര്‍വം. കാരണം അധികാരത്തെ വ്യക്തിത്വമായി കാണുന്നവര്‍ക്കാണ് ഹാസ്യം ഭീഷണിയാകുന്നത്. അധികാരം നഷ്ടപ്പെട്ടാല്‍, അതേ നേതാക്കള്‍ക്ക് വീണ്ടും ലാഘവവും സ്വയം പരിഹസിക്കാനുള്ള മനസ്സും ലഭിക്കുന്നു. അടുപ്പം തിരിച്ചുവരുന്നു, കാഴ്ചപ്പാടും. അതുവരെ, തമാശ നമ്മളിലാണ്.
കോമേഡിയനെ ഭയപ്പെടുന്ന ഒരു റിപ്പബ്ലിക്ക്, സ്വയം ആത്മവിശ്വാസമില്ലാത്ത റിപ്പബ്ലിക്കാണ്. ചിരി കേസുകളാകുകയും സറ്റയര്‍ നിരീക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍, ജനാധിപത്യം ഇരുട്ടിലല്ല, അതിവൈരാഗ്യത്തില്‍ മരിക്കുന്നു. ഒരുപക്ഷേ അതാണ് ഏറ്റവും ഇരുണ്ട പഞ്ച്ലൈന്‍: തമാശയെ നിശബ്ദമാക്കാന്‍ ശ്രമിച്ചപ്പോള്‍, അധികാരം തന്നെയാണ് ഒരു തമാശയായി മാറിയത്.
പ്രശ്‌നം 'ആക്‌സസും' 'അഹങ്കാരവും' തന്നെയാണ്. പ്രതിപക്ഷത്തിലിരിക്കുമ്പോള്‍ എളുപ്പത്തില്‍ സമീപിക്കാവുന്ന രാഷ്ട്രീയ നേതാക്കള്‍ അധികാരത്തില്‍ എത്തിയാല്‍ കൈയെത്താപ്പുറത്തുള്ള ദൈവങ്ങളായി മാറുന്നു; അധികാരം നഷ്ടപ്പെട്ടാല്‍ വീണ്ടും പത്രപ്രവര്‍ത്തകരും പൊതുജനങ്ങളും ഇടപെടാവുന്ന മനുഷ്യരായി തിരിച്ചെത്തുന്നു. എന്തുകൊണ്ട് അധികാരം, ഇന്ദിരാ ഗാന്ധിയെപ്പോലെ ചിലരെ അമിതാധിപത്യത്തിലേക്കും ഗിരിരാജ് സിങ്ങിനെപ്പോലുള്ളവരെ ഗര്‍വിലേക്കും നയിക്കുന്നു? വ്യത്യാസം ജനാധിപത്യ മനോഭാവത്തിലാണ്. ആക്‌സസ് ഉണ്ടായിരുന്നത് നേതാക്കള്‍ക്ക് സ്വന്തം വ്യക്തിത്വത്തില്‍ ആത്മവിശ്വാസമുണ്ടായിരുന്നതിനാലാണ്. എന്നെ വിടരുത് എന്നാണ് നെഹ്‌റു ശങ്കറിനോട് പറഞ്ഞതെങ്കില്‍ ഇന്ന് ഹാസ്യകാരരെ സര്‍ക്കാര്‍ വിടാതെ പിന്തുടരുകയാണ്. രാഷ്ട്രീയ നേതാക്കളുടെ അഹങ്കാരങ്ങള്‍ എത്രത്തോളം നിസ്സാരവും നിസ്സഹായവുമാണെന്നു മാത്രമാണ് അതിലൂടെ വെളിവാവുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates