ആരാവും ബിജെപിയുടെ അടുത്ത പ്രസിഡന്റ്? BJP President 
News+

പേരുകള്‍ പലത്, പക്ഷേ ഒടുവില്‍ ആര്?

ആരാവും ബിജെപിയുടെ അടുത്ത പ്രസിഡന്റ്? രവി ശങ്കര്‍ ഏറ്റത്ത് എഴുതുന്നു

രവി ശങ്കർ ഏറ്റത്ത്

ണ്ടിനോട് രണ്ട് ചേര്‍ത്താല്‍ നാല്. പക്ഷേ ബിജെപിയുടെ ഗണിതത്തില്‍ രണ്ടിനോട് രണ്ട് ചേര്‍ന്നാല്‍ ഒന്ന് മാത്രമേ ഉണ്ടാകൂ. ഒന്നാമത് മോദിയും ഷായും, രണ്ടാമത് ആര്‍എസ്എസ്സും പാര്‍ട്ടിയും. ഒടുവില്‍ അവയെല്ലാം ചേര്‍ന്നത് ''ഒരു'' വ്യക്തി പാര്‍ട്ടി പ്രസിഡന്റില്‍.

പാര്‍ട്ടി പ്രസിഡന്റിന്റെ നിയമനത്തിലെ വൈകലും അതിനോടനുബന്ധിച്ചുള്ള അനിശ്ചിതത്വവും ബിജെപിയും ആര്‍എസ്എസ്സും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ പിറന്നുവെന്ന സൂചനയാണോ? ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജെപി നഡ്ഢയുടെ ആര്‍എസ്എസ്സിനെ വിമര്‍ശിച്ച പ്രസ്താവനയ്ക്കു ശേഷം പാര്‍ട്ടിയിലെ ഉന്നതര്‍ പ്രകോപിതരായെന്നാണ് പറയപ്പെടുന്നത്. മോദി ആരാധനയും അമിത് ഷായുടെ ശക്തിപ്രതിച്ഛായയും ആര്‍എസ്എസ്സിനെ അത് സ്വയം പരിമിതമായിരിക്കുന്നു എന്ന് തോന്നിക്കുന്നതായും പറയുന്നു. ഇപ്പോള്‍ ലഭിക്കുന്ന സൂചനപ്രകാരം, ആര്‍എസ്എസ് മേധാവിയും സര്‍ക്കാര്‍ സംവിധാനത്തിന് പുറത്തും 'രാജനീതിജ്ഞന്‍' എന്ന നിലയില്‍ ഖ്യാതി നേടിയ വ്യക്തിയുമായ മോഹന്‍ ഭാഗവത്, അടുത്ത ബിജെപി പ്രസിഡന്റ് ആദ്യം ആര്‍എസ്എസ്സിനോടും അതിനു ശേഷമേ മോദി-ഷാ കൂട്ടുകെട്ടിനോടും ആത്മനിഷ്ഠ പുലര്‍ത്തണമെന്ന നിലപാട് എടുത്തിരിക്കുകയാണെന്ന് പറയുന്നു.

പത്തു വര്‍ഷമായി മോദിയും ഷായും ചേര്‍ന്നാണ് പാര്‍ട്ടിയുടെ ദേശീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മറ്റാരെയും അനുവദിക്കാത്ത രീതിയില്‍ ആ ഘടന വളര്‍ന്നു. ഒരിക്കല്‍ കുശാഭാവു ഠാക്കറെ, രാജ്‌നാഥ് സിങ് തുടങ്ങിയ നേതാക്കളുടെ കാലത്ത് ശക്തമായ സ്ഥാനമായിരുന്ന പാര്‍ട്ടി പ്രസിഡന്റിന്റെ പദവി, ഇന്ന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ഒരു വിപുലീകരണമായി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. എങ്കിലും പാര്‍ട്ടി പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതില്‍ മോദി കടുത്ത നിലപാട് എടുക്കുന്നു, കാരണം ഹിന്ദി ബെല്‍റ്റിലെ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍ പോലുള്ള ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ വിജയത്തിന് തന്റെ മുഖമാണ് കാരണം എന്ന് അദ്ദേഹവും ആര്‍എസ്എസ്സും നന്നായി ബോധ്യപ്പെട്ടിരിക്കുന്നു. അതിനാലാണ് ഈ നിലച്ചിരിപ്പ്.

പുതിയതായി കേള്‍ക്കുന്നത്, ഒരു സ്ത്രീയെ പാര്‍ട്ടി പ്രസിഡന്റായി പരിഗണിക്കണമെന്ന നിര്‍ദ്ദേശം ഉന്നതനിലയില്‍ ഉയര്‍ന്നുവെങ്കിലും, പുരുഷാധിപത്യ കാഴ്ചപ്പാടുള്ള ആര്‍എസ്എസ് അതിനെ തള്ളി എന്നതാണ്. അതുകൊണ്ട് തന്നെ നിര്‍മല സീതാരാമന്‍, എത്രയും യോഗ്യതയുള്ളവളായിട്ടും, പരിഗണനയില്‍ ഇല്ല. അതിനിടെ മാധ്യമപ്രവര്‍ത്തകര്‍, ബ്യൂറോക്രാറ്റുകള്‍, വിശകലനക്കാര്‍ എന്നിവര്‍ അനിശ്ചിതമായ കാലാവസ്ഥയില്‍ പറക്കുന്ന പട്ടം പോലെ നിരവധി പേരുകള്‍ പരാമര്‍ശിക്കുന്നു.

ഇത് ആദ്യമായല്ല പാര്‍ട്ടി പ്രസിഡന്റിന്റെ സ്ഥാനം വെറും ആചാരപരമായ പദവിയായി ചുരുങ്ങുന്നത്. വാജ്‌പേയിഅഡ്വാനി കാലത്തും ജനാ കൃഷ്ണമൂര്‍ത്തി, ബംഗാരു ലക്ഷ്മണ്‍ തുടങ്ങിയവര്‍ തലവന്‍മാരായി കാണപ്പെട്ടെങ്കിലും യഥാര്‍ത്ഥ അധികാരം പ്രധാനമന്ത്രിയുടെയും ഉപപ്രധാനമന്ത്രിയുടെയും കയ്യിലായിരുന്നു. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നതുപോലെ, ഇന്ന് വീണ്ടും ആധിപത്യകേന്ദ്രിതമായ ഒരു ഘടന പാര്‍ട്ടിയെ ബാധിക്കുന്നു. എങ്കിലും അഡ്വാനിയുടെ കഠിന ഹിന്ദുത്വവും വാജ്‌പേയിയുടെ സ്വതന്ത്രചിന്തയും ചേര്‍ന്നിട്ടാണ് ആ കാലഘട്ടത്തിലെ രാഷ്ട്രീയ തുലനം നിലനിന്നത്.

പതിനൊന്ന് വര്‍ഷം നീണ്ട മോദി ഭരണകാലം ആര്‍എസ്എസ്സിനെ സര്‍ക്കാര്‍ പിന്തുണയും സ്വകാര്യ ധനസഹായവും കൊണ്ട് കൂടുതല്‍ ശക്തമാക്കി. അതുകൊണ്ട് തന്നെ അവര്‍ ഇനി ''രണ്ടാമന്‍'' ആകാന്‍ തയ്യാറല്ല.

ഇപ്പോള്‍ പരിഗണനയിലുള്ള പേരുകള്‍ ധാരാളം. ശിവരാജ് സിങ് ചൗഹാന്‍ ജനസമ്പര്‍ക്കത്തിലും സംഘാടകശേഷിയിലും ശക്തനാണെങ്കിലും, അധികമായി സ്വതന്ത്രവായ്പുള്ളവന്‍. അതിനാല്‍ മോദി അംഗീകരിക്കില്ല. നിര്‍മല സീതാരാമന്‍, ഡി പുരന്ദേശ്വരി, വാനതി ശ്രീനിവാസന്‍ എന്നിവര്‍ പരിഗണനയില്‍ വന്നിട്ടും മറുപടി 'ഇല്ല'. മനോഹര്‍ലാല്‍ ഖട്ടര്‍, ഭൂപേന്ദ്ര യാദവ് എന്നിവര്‍ സാധ്യതയില്ലാത്തവര്‍. ധര്‍മേന്ദ്ര പ്രധാന്‍ പുതിയ പ്രമോദ് മഹാജനായി പ്രത്യക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കിലും, അമിത് ഷായുടെ ആളായി ഒരിക്കല്‍ കാണപ്പെടുന്നതിനാല്‍ അദ്ദേഹത്തിനു ചാന്‍സ് ഇല്ല. മാത്രമല്ല ഭൂരിപക്ഷം ലോക് സഭയില്‍ ഇല്ലാത്ത ബിജെപിക്കു ഒരു എംപി വോട്ട് നഷ്ടപ്പെടും.

പാര്‍ട്ടി പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് ബിഹാര്‍ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകൂ എന്നാണ് ദില്ലിയില്‍ വര്‍ത്തമാനം. അതിനുശേഷം കേരളം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളും കാരണം പാര്‍ട്ടി ഇലക്ഷന്റെ തിയതി വീണ്ടും നീട്ടാം. ഇവിടെ രാജ്യതന്ത്രം പ്രത്യയശാസ്ത്രത്തിനെ ചെക്ക്‌മേറ്റ് ചെയ്തു.

ഒടുവില്‍ പറയാനുള്ളത് ഒന്ന് മാത്രമേയുള്ളൂ, ഉത്തരം ഒന്നുമില്ല. ചോദ്യങ്ങള്‍ മാത്രമാണ് ഉത്തരങ്ങള്‍ എന്ന് നമുക്ക് ഓര്‍ത്തു സമാധാനിക്കാം.

Ravi Shankar writes about BJP president election

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT