നിങ്ങളുടെ ശ്രീനിവാസൻ, എന്റെ ശ്രീനി, എന്റെ കൊച്ചനിയനായിരുന്നു. ഞങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങുന്നത് ശ്രീനി മട്ടന്നൂർ കോളജിൽ പഠിക്കുന്ന കാലത്താണ്. അതായത് 1969 ൽ. അന്ന് ഞാൻ, നെയ്‌വേലിയിൽ നിന്നും ജോലി ഉപേക്ഷിച്ച് നാട്ടിൽ വന്ന കാലമായിരുന്നു. അച്ഛന്റെ മരണത്തെ തുടർന്നാണ് ഞാൻ നാട്ടിലെത്തിയത്.
ശ്രീനിയുടെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ശ്രീനിയുടെ മൂത്ത സഹോദരനും ഞാനും ഒരേ പ്രായക്കാരും. ഞങ്ങൾ കുടുംബ സുഹൃത്തുക്കളുമായിരുന്നു. പക്ഷേ, ശ്രീനിയും ഞാനുമായി കൂടുതലായി അടുക്കുന്നത് കലാപ്രവർത്തനങ്ങളിലൂടെയായിരുന്നു.
ശ്രീനിയോടൊപ്പം കോളജിൽ പഠിച്ചിരുന്ന മോഹൻ എന്റെ അയൽവാസിയായിരുന്നു. കോളജ് കാലത്ത് ശ്രീനി ആ വീട്ടിൽ വരുമായിരുന്നു. അന്ന്, ഞാൻ ജോലി ഉപേക്ഷിച്ച് അമ്മയ്ക്കൊപ്പം നിൽക്കാൻ നാട്ടിൽ വന്ന കാലമായിരുന്നു. മോഹന്റെ വീട്ടിൽ വരുന്ന ശ്രീനിയും ഞാനും തമ്മിൽ നല്ല കൂട്ടായി. അന്ന് നാട്ടിൽ നിരവധി ചെറുപ്പക്കാർ പഠനമൊക്കെ കഴിഞ്ഞ് ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും ചേർന്ന് അവിടെ ഒരു ആർട്സ് ക്ലബ് രൂപീകരിക്കാൻ ആലോചിച്ചു.
നാട്ടിൽ ചെറുപ്പക്കാരായ ഞങ്ങൾ പത്തിരുപത് പേർ ചേർന്ന് 1970 ൽ കൽപ്പന ആർട്സ് ക്ലബ് എന്നൊരു സംഘടന രൂപീകരിച്ചു. അതിന്റെ പേരിൽ നാടകം കളിക്കുക എന്നതായിരുന്നു പ്രധാന പരിപാടി. അന്നേ ശ്രീനിവാസന് നാടകത്തിലും സിനിമയിലും വലിയ താൽപ്പര്യമായിരുന്നു. സിനിമയായിരുന്നു ശ്രീനിയുടെ സ്വപ്നം. എപ്പോഴും സിനിമയിലേക്ക് നോക്കുന്ന ഒരു ശ്രീനി. അന്ന് എല്ലാ ദിവസവും വൈകുന്നരം എന്റെ വീട്ടിൽ വന്ന് നാടകം പ്രാക്ടീസ് ചെയ്യുമായിരുന്നു.
ക്ലബ് രൂപീകരിച്ചപ്പോൾ പിന്നെ അത് ഉദ്ഘാടനം ചെയ്യണമല്ലോ.. അതിനായി സംഭാവന കൂപ്പൺ നൽകിയാണ് ഉദ്ഘാടനം നടത്തിയത്. വേറ്റുമൽ ചുരുട്ടു കമ്പിനിയുടെ ഓഡിറ്റോറിയത്തിൽ നാടകം കളിക്കാൻ തീരുമാനിച്ചു. പി ആർ ചന്ദ്രൻ എഴുതിയ അഹല്യ എന്ന രചനയെ ആസ്പദമാക്കി നാടകം രൂപപ്പെടുത്തി. നാടകം കളിച്ചു. കാണാനെത്തിയവരൊക്കെ നല്ല അഭിപ്രായം പറഞ്ഞു
അങ്ങനെയിരിക്കെ ശ്രീനിവാസൻ സ്വന്തമായി ഒരു നാടകമെഴുതി. ജനിമൃതി. അന്ന് വരെ മലയാളത്തിൽ കണ്ടുവന്ന നാടകപാരമ്പര്യങ്ങളെ പാടെ കൈയൊഴിഞ്ഞ ഒരു ശൈലിയായിരുന്നു അത്. ഇത് എവിടെയെങ്കിലും കളിക്കാനായിരുന്നില്ല. ഞങ്ങൾക്ക് വീട്ടിൽ വച്ച് വൈകുന്നേരങ്ങളിൽ പ്രാക്ടീസ് ചെയ്യുക എന്നത് മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളൂ. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഈ നാടകം ഞങ്ങൾ എല്ലാ ദിവസവും പ്രാക്ടീസ് ചെയ്യും.
അങ്ങനെയിരിക്കുമ്പോൾ കുന്ദംകുളത്തെ ബ്യൂറോ ഓഫ് ആർട്സ് റിക്രിയേഷൻ ക്ലബ് അമേച്വർ നാടകമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. ഞങ്ങൾ ജനിമൃതിയുടെ സ്ക്രിപ്റ്റ് അയച്ചു കൊടുത്തു. അവർ മത്സരത്തിൽ പങ്കെടുക്കാൻ ഞങ്ങളെ ക്ഷണിച്ചു. കണ്ടൻപുള്ളി ബാലൻ സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള നാടകമത്സരമാണ്. കേരളത്തിൽ വലിയ ക്ലബ്ബുകളൊക്കെ പ്രത്യേകിച്ച് സർക്കാർ ജീവനക്കാർ, കെ എസ് ആർ ടിസി, ഫാക്ട്, തുടങ്ങിയ സ്ഥാപനങ്ങളിലെ നല്ല വരുമാനമുള്ള കലാസമിതികളുമായാണ് മത്സരം. സംഘാടകർ ചെലവ് കാശ് തരുമെന്നതിനാൽ ഞങ്ങൾ പോയി.
ഞങ്ങൾ കോസ്റ്റ്യുമോ ലൈറ്റിങ്ങോ ഒന്നും ഇല്ലാതെ നാടകം കളിച്ചു. സമ്മാനം പ്രഖ്യാപിച്ചപ്പോൾ കൽപ്പനാ ആർട്സ് ക്ലബ്ബിന്റെ ജനിമൃതിക്ക് ഒന്നാം സമ്മാനം. അന്ന്, അതായത് 1972-73 ൽ രണ്ടായിരം രൂപയാണ് സമ്മാനമായി ലഭിച്ചത്. ശ്രീനിവാസന്റെ ആദ്യ നാടകത്തിന് തന്നെ അവാർഡ്. അവതരണത്തിലെ പുതുമ കൊണ്ടാണ് മറ്റെല്ലാ പരിമിതികളെയും ഞങ്ങളന്ന് മറികടന്നത്. അത് ശ്രീനിയുടെ വ്യത്യസ്തമായ വീക്ഷണത്തിന്റെ ഫലമായിരുന്നു. പുതിയ രചനാ രീതിക്ക് ലഭിച്ച അംഗീകാരമായിരുന്നു അത്. പിന്നീട് തുടർച്ചയായി നാല് വർഷം ഞങ്ങൾക്കായിരുന്നു അവിടെ അവാർഡ് ലഭിച്ചത്.
പ്രായം കൊണ്ട് മൂത്തതെങ്കിലും എന്നെ ഏറെ സ്വാധീനിച്ചതായിരുന്നു എന്നേക്കാൾ ഇളയവനായ ശ്രീനിയുടെ സമീപനം. ശ്രീനിയുടെ ശൈലിയെ പിന്തുടർന്നാണ് ഞാൻ ഡി ഐ ആറിനെതിരായ നാടകമെഴുതിയത്. ശ്രീനിക്ക് നാടകത്തിൽ നിൽക്കുമ്പോൾ മാത്രമല്ല, പഠിക്കുന്ന കാലത്തും സിനിമ ആയിരുന്നു ലക്ഷ്യം. ശ്രീനിയുടെ അച്ഛനോ വീട്ടുകാർക്കോ സിനിമയോട് താൽപ്പര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ശ്രീനിയുടെ ലോകം സിനിമയിൽ ചുറ്റിത്തിരിയുകയായിരുന്നു.
അന്ന് ഇന്ത്യൻ സിനിമ പൊതുവിൽ തന്നെ, ആകാരസൗഷ്ഠവമുള്ളവരുടെ മാത്രം മേഖലയായി ചുരുങ്ങിയിരുന്ന കാലമാണ്. അതുകൊണ്ട് തന്നെ നടൻ എന്ന നിലയിൽ ശ്രീനിക്കുള്ള സാധ്യതകളെ കുറിച്ച് നാട്ടിലുള്ള സുഹൃത്തുകൾക്കൊക്കെ സംശയമായിരുന്നു. എന്നാൽ, ശ്രീനി അതൊന്നും കാര്യമാക്കാതെ സിനിമ എന്ന ലക്ഷ്യത്തേക്ക് മാത്രം നോക്കിയായിരുന്നു സഞ്ചാരം.
അക്കാലത്ത് മദ്രാസിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വൈസ് പ്രിൻസിപ്പൽ ഞങ്ങളുടെ നാട്ടുകാരനായ പ്രഭാകരൻ ആയിരുന്നു. അവിടെ അപേക്ഷ ക്ഷണിച്ചപ്പോൾ ശ്രീനിവാസൻ അതിന് അപേക്ഷിച്ചു. അവിടെ പ്രവേശനവും ലഭിച്ചു. അതിനിടയിൽ നാട്ടിലെ ഞങ്ങളുടെ നാടകസംഘത്തിലുണ്ടായിരുന്ന പലരും ജോലിയും മറ്റുമായി വിവിധ സ്ഥലങ്ങളിലേക്ക് പോയിരുന്നു. അതോടെ അവിടുത്തെ നാടക പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച മട്ടായി. അതേ സമയത്ത് തന്നെ തൃക്കരിപ്പൂരിലെ ദേശീയകലാവേദിക്കാർ എന്നെ അവരുടെ നാടകം ചെയ്യാൻ വിളിച്ചു കൊണ്ടുപോയി.
ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നാട്ടിൽ വരുന്ന അവസരങ്ങളിൽ ശ്രീനിയും എന്നോടൊപ്പം കൂടി. കോഴ്സിന് ശേഷവും അതിനിടയിലും ശ്രീനി നാടകം കളിക്കാൻ എത്തി. അവരുമായി ചേർന്ന് നാല് നാടകങ്ങൾ കളിച്ചു. അതിനിടയിൽ ശ്രീനിക്ക് ഒരു സിനിമയിൽ സഹകരിക്കാൻ അവസരം കിട്ടി. വയനാട് വച്ചായിരുന്നു ഷൂട്ടിങ്ങൊക്കെ. ആ സിനിമ സംവിധായകന് അതേ കുറിച്ച് വലിയധാരണയൊന്നുമുണ്ടായിരുന്നില്ല. അതിനാൽ ഇതൊക്കെ പഠിച്ച ശ്രീനിയായിരുന്നു ശരിക്കും ആ സിനിമ ചെയ്തത്.
ഇതിനിടയിൽ എന്റെ മൂത്തസഹോദരനും കോൺഗ്രസ് നേതാവും വക്കീലുമായിരുന്ന ജനാർദ്ദൻ ചീഫ് എഡിറ്ററായും കെ തായാട്ട് എഡിറ്ററായും ഞാൻ പ്രിന്റർ ആൻഡ് പബ്ലിഷറായും 'മിത്രം' എന്ന ഒരു പത്രം തുടങ്ങി. അതിൽ ശ്രീനി സാമൂഹിക വിഷയങ്ങളെ കുറിച്ച് ലേഖനമെഴുതിയിരുന്നു. ഇതിനിടയിൽ ശ്രീനി ജീവിത പ്രാരാബ്ധങ്ങളിലേക്ക് വീണിരുന്നു. സിനിമയിൽ പിടിച്ചു നിൽക്കാൻ വേണ്ടി അക്കാലത്ത് ശ്രീനി ഗോസ്റ്റ് റൈറ്റിങ് ചെയ്തിരുന്നു.
ശ്രീനിയുടെ പേരിൽ വന്ന ആദ്യ സിനിമ ദൂരെ ദുരെ ഒരൂ കൂടുകൂട്ടാം എന്നതായിരുന്നു എന്നാണ് എന്റെ ഓർമ്മ. നടനാകുന്നതിന് അന്നത്തെ മലയാള സിനിമയുടെ അഴകളവ് ചട്ടക്കൂടിൽ അവന് ഒരുപാട് കടമ്പകൾ നേരിടേണ്ടി വന്നു. എഴുതാനുള്ള അഭിരുചി, വിശാലമായ വായന, സമൂഹത്തെ വേറിട്ട് കാണാനുള്ള കഴിവ് എന്നിവ സിനിമ എഴുതി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ശ്രീനിയെ സഹായിച്ചു. അഭിനയത്തിന്റെ തട്ടിൽ മുകളിലേക്ക് ഉയർന്നു വരുന്നത് വരെ അവനെ സിനിമയിൽ പിടിച്ചു നിർത്തിയ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള ആ എഴുത്താണ്.
ശ്രീനിയുടെ ഏറ്റവും വലിയ കഴിവ് സൂക്ഷ്മ നിരീക്ഷണമാണ്. ഒരു സാമൂഹിക ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെയാണ് അവൻ സമൂഹത്തിലെ ഓരോ ചലനത്തെയും നിരീക്ഷിച്ചത്. ജന്മനാ പ്രതിഭയായിരുന്നു ശ്രീനി. മൂർച്ചയേറിയ നർമ്മ ബോധവും അതിസൂക്ഷ്മമായ കാര്യങ്ങളെ പോലും കാന്തികശക്തിയോടെ പിടിച്ചെടുക്കുന്ന നിരീക്ഷണവും അവനിലെ സാമൂഹിക വിമർശകനെയും സിനിമാക്കാരനെയും ഏറെ മുന്നോട്ട് കൊണ്ടുപോയി. അതുകൊണ്ട് തന്നെ മലയാളത്തിന് വളരെ വ്യത്യസ്തമായ നിരവധി സിനിമകൾ ലഭിച്ചു.
മലയാളത്തിൽ ഇ വി കൃഷ്ണപിള്ളയ്ക്ക് ശേഷം ഇത്രയധികം സറ്റയർ പറയുന്ന വേറൊരാൾ ഉണ്ടായിട്ടില്ല. ഒരു ദിവസമെങ്കിലും അവന്റെ ഒരു ഡയലോഗ് പറയാത്ത മലയാളി ഉണ്ടാകില്ല.
മലയാള അമേച്വർ നാടകവേദിയിൽ വ്യത്യസ്തമായ ശൈലി എഴുതിയുണ്ടാക്കിയ ശ്രീനി തന്നെയാണ് മലയാള സിനിമയിലും വ്യത്യസ്തയുടെ വെള്ളിവെളിച്ചം വിതറിയത്. മലയാള സിനിമയിൽ ശ്രീനിക്ക് മുമ്പും ശ്രീനിക്ക് ശേഷവും എന്ന് തന്നെ ഒരു വേർ തിരിവ് നടത്തിയാലും അത് തെറ്റാകില്ല. ശ്രീനി വെട്ടിയ വഴിയിൽ ശ്രീനി മാത്രമേ നടന്നുള്ളൂ. ശ്രീനിക്ക് മാത്രം സാധ്യമാകുന്ന വഴികളാണ് അവ. നിശിതമായ സാമൂഹിക, രാഷ്ട്രീയ വിമർശനം സമൂഹത്തിലേക്കുള്ള ശ്രീനിയുടെ അകകണ്ണിന്റെ വെളിച്ചം കണ്ടെത്തിയതാണ്. ആ അകകണ്ണ്, ആദ്യം കണ്ടവരിൽ ഒരാൾ ഞാനാണ്. 1970 ൽ ശ്രീനിയെഴുതിയ ജനിമൃതി എന്ന നാടകത്തിൽ.
ശ്രീനിയുടെ ആ ഉൾക്കാഴ്ചയുടെ തെളിച്ചം ഓരോ സിനിമ എഴുതുമ്പോഴും കൂടുതൽ കൂടുതൽ തെളിച്ചത്തോടെ സമൂഹത്തെ കാണുകയായിരുന്നു. ആ കാഴ്ച ഇനി ഒരു എഴുത്തുകാരന് ഉണ്ടാകുമോ എന്നറിയില്ല. ശ്രീനി, അവന്റെ സ്വന്തം പ്രതിഭ കൊണ്ട് മലയാളിയുടെ ഹൃദയത്തിൽ ഇടം പിടിച്ച വ്യക്തിത്വമാണ്.
പാട്യം ശ്രീനി എന്ന ഞങ്ങളുടെ ശ്രീനി മലയാളികളുടെ എല്ലാം സ്വന്തമായി മാറിയത് ഞങ്ങൾ അഭിമാനത്തോടെയാണ് കണ്ടത്. രണ്ട് മാസം മുമ്പ് വരെ അതായത് ശ്രീനിക്ക് ബുദ്ധിമുട്ടില്ലാതെ സംസാരിക്കാൻ കഴിയുന്ന സമയത്തെല്ലാം ഞങ്ങൾ മിക്കവാറും എല്ലാ ദിവസവും സംസാരിക്കുമായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ പലപ്പോഴും പഴയ കാര്യങ്ങൾ കേൾക്കാനും പറയാനും ശ്രീനിക്ക് വലിയ ഉത്സാഹമായിരുന്നു. ശ്രീനിയില്ലാത്ത ഈ ലോകം, മലയാളിയെ സംബന്ധിച്ച് വളരെ ചെറുതായി പോകും. അവൻ, മലയാളിയുടെ ഹിപ്പോക്രസിക്ക് നേരെ നിറയൊഴിച്ച നർമ്മത്തിന്റെ വെടിയുണ്ടകൾ ലക്ഷ്യം തെറ്റാതെ കൊണ്ടിരുന്നു. ഇന്നും ശ്രീനിയുടെ ഡയലോഗുകൾക്കുള്ള ജനപ്രിയത വ്യക്തമാക്കുന്നത് ആ സത്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates