കേരളത്തിലെ റോഡ് ഗതാഗതം സുഗമാക്കുന്നതിന് വേണ്ടി ആരംഭിച്ച ആറുവരിയാക്കുന്ന ദേശീയപാത 66 വികസനവുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ കുറച്ച് കാലമായി അപകട വാർത്തകളുടെയും ഗതാഗതക്കുരുക്കുകളുടെയും കഥയാണ് പറയുന്നത്. നിർമ്മാണത്തിനിടയിൽത്തന്നെ റോഡുകൾ ഇടിഞ്ഞമരുകയും മണ്ണിടിച്ചിൽ ഉണ്ടാകുകയും നെടുകെ വിണ്ടുകീറുകയും പാലത്തിന്റെ ഗർഡർ വീഴുകയും ഒക്കെ ചെയ്ത വാർത്തകൾ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗതാഗതകുരുക്ക് ദേശീയപാതയിലെ നിത്യസംഭവമായി.
ഇതിനിടയിൽ ദേശീയ പാതയിലെ വടക്കേയറ്റത്തെ തലപ്പാടി – ചെങ്കള സ്ട്രെച്ച് നിശ്ചിത സമയത്തിന് മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ അവസാനിപ്പിച്ച്, ഗതാഗതത്തിനായി തുറന്നു കൊടുത്തു. രാജ്യത്തെ മുൻനിര കരാർകമ്പനികൾക്കൊപ്പം നിർമ്മാണക്കരാർ എടുത്ത ഏക കേരളീയസ്ഥാപനമായ ഊരാളുങ്കൽ ലേബർ കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു എൽ സി സി എസ് ) ആണ് സ്ട്രെച്ചിന്റെ നിർമ്മാണ പ്രവർത്തനം നിർവഹിച്ചത്.
കേരളത്തിലുൾപ്പടെ രാജ്യത്തെ പലഭാഗത്തും നിർമ്മാണ പ്രവർത്തനങ്ങൾ വൈകുന്ന സാഹചര്യത്തിലാണ് തലപ്പാടി – ചെങ്കള സ്ട്രെച്ച് നിർമ്മാണ പ്രവർത്തനം ദേശീയ ശ്രദ്ധയിലേക്ക് തന്നെ വന്നത്. പരാതികളും, അപകടങ്ങളും ഒഴിവാക്കി ഏറ്റെടുത്ത നിർമ്മാണ പ്രവർത്തനം നിർവഹിച്ചതിന് യു എൽ സി സി എസ് ദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടു. ദേശീയപാത അതോറിട്ടി പുതുവർഷ കലണ്ടർ പ്രസിദ്ധീകരിച്ചപ്പോൾ തലപ്പാടി- ചെങ്കള സ്ട്രെച്ചിന്റെ പടം ഉൾപ്പെടുത്തുകയും ചെയ്തു.
കേരളത്തിലെ ബാക്കി സ്ട്രെച്ചുകളെല്ലാം ചെയ്യുന്നതിന് കരാർ നേടിയിരിക്കുന്നവർ ഇന്ത്യയിലെ പ്രമുഖരായ വൻകിട നിർമ്മാണ കമ്പനികളാണ്. അവരെല്ലാം ലക്ഷ്യത്തിലെത്താൻ കിതയ്ക്കുമ്പോൾ, അപകടങ്ങളോ, മണ്ണിടിച്ചിലോ പരാതികളോ പ്രദേശവാസികളുടെ സമരങ്ങളോ ഇല്ലാതെ എങ്ങനെയാണ് യു എൽ സി സിഎസ് കൃത്യമസമയത്തിന് നാലര മാസം മുമ്പ് ലക്ഷ്യം പൂർത്തീകരിച്ചത്. അത് നിസ്സാരമായ ഒരു കാര്യമായിരുന്നില്ല എന്നാണ് ദേശീയ തലത്തിലെയും കേരളത്തിലെയും നിർമ്മാണ പ്രവർത്തനങ്ങളുടെ സമീപകാല ചരിത്രം പരിശോധിക്കുമ്പോൾ കാണാനാവുന്നത്.
രാജ്യത്തു പലഭാഗത്തും പുതിയതും നിർമ്മാണത്തിലിരിക്കുന്നതുമായ റോഡുകളും പാലങ്ങളും തകരുന്നത് പുതിയ അനുഭവമാണ്. ഗുജറാത്തിലെ വഡോദരയിൽ ഗംഭീരാ പാലവും ഗുജറാത്തിലെതന്നെ മോർബി തൂക്കുപാലവും തെലങ്കാനയിലെ ഖമ്മം – ദേവരപള്ളി ഗ്രീൻഫീൽഡ് ഹൈവേയിലും ഉത്തരാഖണ്ഡിൽ രുദ്രപ്രയാഗിലും നിർമ്മാണത്തിലിരുന്ന പാലങ്ങളും തകർന്നതിന്റെ ദൃശ്യങ്ങൾ നടുക്കത്തോടെയാണു നാം കണ്ടത്.
പാർലമെന്റിൽ കേന്ദ്ര മന്ത്രി നൽകിയ ഒരു മറുപടിയിൽ പറയുന്നത് 2020-നു 25-നും ഇടയിൽ ദേശീയപാതാനിർമ്മാണങ്ങളിൽ രാജ്യത്ത് ഡസൻ കണക്കിനു തകർച്ചകളും വീഴ്ചകളും ഉണ്ടായി എന്നതാണ്. ഇവയിൽ ഏറെയും നാഗ്പൂരുകാരനായ മന്ത്രിയുടെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലും പിന്നെ കേരളത്തിലുമാണ്. നിർമ്മാണവേളയിൽ സംഭവിച്ചവയടക്കം 55 തകർച്ചകളാണ് ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിനിടെ റിപ്പോർട്ട് ചെയ്തത്.
കേരളത്തിലും ഏതാനും മാസങ്ങൾക്കിടെ ഇരുപതോളം സംഭവങ്ങളാണ് ഉണ്ടായത്. മലപ്പുറം ജില്ലയിലെ കൂരിയാടും കൊല്ലം കൊട്ടിയത്തിനു സമീപം മൈലക്കാടും അരൂർ - തുറവൂർ സ്ട്രെച്ചിലെ എരമല്ലൂരും സംരക്ഷണഭിത്തി തകർന്ന വിവിധ സ്ഥലങ്ങളുമെല്ലാം ആശങ്ക പതിന്മടങ്ങാക്കി. ഇതിൽ, മൈലക്കാട്ടെ തകർച്ചയ്ക്കു കാരണം ബലപ്പെടുത്തി ഉയർത്തേണ്ടിയിരുന്നിടം ചെളിമണ്ണും പൂഴിമണലുമൊക്കെയിട്ട് ഉയർത്തിയതാണെന്ന വാർത്ത നിർമ്മാണക്കരാറുകാരുടെ ഉത്തരവാദിത്വമില്ലായ്മയും മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരുടെ അലംഭാവവുമാണു സാക്ഷ്യപ്പെടുത്തിയത്. ആദ്യറൗണ്ട് തകർച്ചകൾക്കും അതിനുശേഷം ഉണ്ടായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും ശുപാർശകൾക്കും നടപടികൾക്കുമെല്ലാം ശേഷമാണ് മൈലക്കാട്ടും എരമല്ലൂരും വലിയ വീഴ്ചകൾ ഉണ്ടായത് എന്നത് ഈ അവസ്ഥയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ഇവിടെയാണ് തലപ്പാടി- ചെങ്കള സ്ട്രെച്ച് നിർമ്മാണം ശ്രദ്ധയമാകുന്നത്.
തലപ്പാടി – ചെങ്കള എന്നു സെർച്ച് ചെയ്തപ്പോൾ ഒരു മാവിന്റെ വാർത്തയാണ് ആദ്യം ശ്രദ്ധയിൽ വന്നത്. കവയിത്രി സുഗതകുമാരി കാസര്‍ഗോഡ് ടൗണില്‍പുതിയ ബസ് സ്റ്റാന്‍ഡിനു സമീപം 2006 ഡിസംബർ മൂന്നിനു നട്ട ‘പയസ്വിനി’ എന്നു പേരിട്ട മാവ്. റോഡു നിർമ്മിക്കുമ്പോൾ അതു മുറിക്കണം. എന്നാൽ, നാട്ടുകാരുടെ വികാരവും സുഗതകുമാരിയോടുള്ള ആദരവും കണക്കിലെടുത്ത് കരാറുകാർ അതു മാറ്റിനടാൻ തീരുമാനിച്ചു. വലിയ തയ്യാറെടുപ്പുകളോടെ താളിപ്പടുപ്പ് അടുക്കത്ത് ബയല്‍ സ്കൂൾ അങ്കണത്തിലേക്കു മാറ്റി നട്ടു. അന്നു 16 വയസായിരുന്ന മാവ് ആ സ്കൂളിലെ കുട്ടികൾ പൊന്നുപോലെ കാക്കുന്നു. ഇതായിരുന്നു ആ വാർത്ത.
നിർമ്മാണങ്ങൾക്കായി മരം വെട്ടിത്തള്ളുന്ന നാട്ടിൽ ഇതൊരു കൗതുകമായി തോന്നി. ഒരുപക്ഷേ, ആ ഭാഗം കരാർ എടുത്തത് കേരളത്തിലെ സ്ഥാപനം ആയതുകൊണ്ടാകാം അങ്ങനെ സംഭവിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി എന്ന യു എൽ സി സി ആണ് ആ കരാർ എടുത്തത്. അതൊഴികെ എല്ലാം എടുത്തിരിക്കുന്നത് സംസ്ഥാനത്തിനു പുറത്തുള്ള കരാറുകാരാണ്. തൊഴിലാളികളുടെ സഹകരണസംഘമാണ് ഊരാളുങ്കൽ സൊസൈറ്റി.
ആ മാവ് മാറ്റി നട്ടുവെന്ന വാർത്തയിൽ തോന്നിയ കൗതുകത്തിൽ അതേകുറിച്ച് അന്വേഷിക്കാമെന്ന് കരുതി. യു എൽ സി സി ചെയർമാൻ രമേശൻ പാലേരിയോട് ഒരു മാവിന് വേണ്ടി ഇത്രയധികം പണം ചെലവാക്കിയെന്ന വാർത്തയുമായി ബന്ധപ്പെട്ട സംശയം ഉള്ളിൽ വച്ചാണ് സംസാരിച്ചു തുടങ്ങിയത്. എന്നാൽ, അദ്ദേഹം ഇതിനോട് ചേർന്ന് മറ്റ് ചില കാര്യങ്ങൾ കൂടി പറഞ്ഞുകൊണ്ടാണ് സംശയത്തിനുള്ള മറുപടി നൽകിയത്.
“മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ 40 വർഷം പ്രായമുള്ള അപൂർവയിനം മാവ് ഉണ്ടായിരുന്നു. അതും മുറിക്കാതെ മാർഗ്ഗമില്ലായിരുന്നു. ഞങ്ങൾ കാസർകോട് തോട്ടവിളഗവേഷണകേന്ദ്രത്തിലെ കൃഷിവിജ്ഞാൻ കേന്ദ്രത്തെ സമീപിച്ചു. അവരുടെ സഹായത്തോടെ ഗ്രാഫ്റ്റ് ചെയ്ത് ആ മാവിന്റെ 500 തൈ ഉണ്ടാക്കി ഞങ്ങൾ നട്ടുപിടിപ്പിച്ചു. അതിൽ നൂറു തൈ സൊസൈറ്റിതന്നെ വാങ്ങി ഞങ്ങളുടെ മുക്കം, കുറ്റ്യാടി, കയ്യാർ തുടങ്ങിയ ക്വാറികളിൽ നട്ടുവളർത്തുന്നു. എല്ലാ തൈയും വളർന്നതിന് ശേഷമാണ് ‘മൊഗ്രാൽ മാവ്’ മുറിച്ചത്. മുറിക്കേണ്ട മരങ്ങളിൽ കുമ്പള പാലത്തിന് അരികിൽ നിന്ന ഈന്തപ്പനയെ യു എൽ സിസി, സ്വന്തം ചെലവിൽ കയ്യാറിലെ സൊസൈറ്റിവക തോട്ടത്തിൽ മാറ്റി നട്ടു. മൂന്നുകൊല്ലം കഴിഞ്ഞു. നന്നായി വളരുന്നു. ഈന്തപ്പഴവും ഉണ്ടായി. ഒരു കഥകൂടി പറയാം. റോഡുപണിക്കു നിലമൊരുക്കി വരുമ്പോഴാണ് ഒരിടത്ത് പെരുമ്പാമ്പ് മുട്ടയിട്ടിരിക്കുന്നതു കാണുന്നത്. ഞങ്ങൾ അവിടത്തെ പണി 55 ദിവസത്തോളം നിർത്തിവച്ച് മുട്ടകൾ വിരിയാൻ കാത്തിരുന്നു.
“കരാർവ്യവസ്ഥയൊന്നും ഇല്ലെങ്കിലും പരിസ്ഥിതിസൗഹൃദമായി നിർമ്മാണം നടത്തുന്ന സ്ഥാപനമാണ് ഞങ്ങളുടേത്. പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ നിർമ്മാണരീതികളെപ്പറ്റി കഴിഞ്ഞ വർഷം രാജ്യാന്തര കോൺക്ലേവ് തന്നെ സംഘടിപ്പിച്ചവരാണു ഞങ്ങൾ. ഈ വിഷയത്തിൽ നിരന്തര അന്വേഷണങ്ങളും നടത്തുന്നുണ്ട്. പരിസ്ഥിതിസംരക്ഷണത്തിനും മലിനീകരണനിയന്ത്രണത്തിനും ഈ കഴിഞ്ഞ വർഷങ്ങളിലെല്ലാം സംസ്ഥാനസർക്കാരിന്റെ അവാർഡുകൾ വാങ്ങുന്ന സ്ഥാപനമാണിത്.” അദ്ദേഹം പറഞ്ഞു.
പ്രദേശത്തുള്ളവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ എങ്ങനെയാണ് ശ്രമിച്ചത് എന്ന ചോദ്യത്തോട് “കേരളത്തിലെ കോൺട്രാക്റ്റർമാരായ ഞങ്ങൾ കേരളീയരുടെ പ്രശ്നങ്ങൾ അറിഞ്ഞില്ലെങ്കിൽ പിന്നെ ആരാണ് അറിയുക?” എന്നായിരുന്നു മറുപടി. “സമൂഹത്തോട് പ്രതിജ്ഞാദ്ധതയുള്ള സ്ഥാപനം എന്ന നിലയിൽ നാട്ടുകാരുടെ ഓരോ ആവശ്യവും പ്രശ്നവും ഞങ്ങൾ ദേശീയപാത അതോറിട്ടിയുടെയും സംസ്ഥാനസർക്കാരിന്റെയും ശ്രദ്ധയിൽ എത്തിച്ചു. ജനപ്രതിനിധികളും മറ്റും ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം പരിഹാരമുണ്ടാക്കി. അതുകൊണ്ടുതന്നെ നാട്ടുകാരുടെ നല്ല പിന്തുണയോടെയും സഹകരണത്തോടെയുമാണു ഞങ്ങൾ പ്രവൃത്തി പൂർത്തിയാക്കിയത്.” അദ്ദേഹം അവകാശപ്പെട്ടു.
“രൂപകൽപ്പനകൂടി കരാറുകാരുടെ ഉത്തരവാദിത്വത്തിൽ വരുന്ന ഹൈബ്രിഡ് ആന്വിറ്റി മോഡൽ (HAM) നിർമ്മാണമാണ് ‘ഭാരത്‌മാല’ പദ്ധതിയിൽപ്പെട്ട ഈ പ്രവൃത്തികളുടേത്. അതുകൊണ്ട്, തികഞ്ഞ ഉത്തരവാദിതത്തോടെയാണ് ഞങ്ങൾ റോഡ് ഡിസൈൻ ചെയ്തത്. മാത്രമല്ല, ഓരോ പ്രദേശത്തെയും ഭൂമിയുടെ ഘടനയും മണ്ണിന്റെ സ്വഭാവവും ഉറപ്പുമെല്ലാം പരിശോധിച്ച് അനുയോജ്യമായ ഘടനകളാണ് അതതു ഭാഗത്തിനു നിശ്ചയിച്ചത്. അങ്ങനെയൊക്കെ ചെയ്തതുകൊണ്ട് അപകടാവസ്ഥ ഇല്ല.” എന്ന് നിർമ്മാണ പ്രവർത്തനം നടത്തിയ രീതിയെ കുറിച്ച് തലപ്പാടി – ചെങ്കള സ്ട്രെച്ചിന്റെ ചുമതല വഹിച്ച ഊരാളുങ്കൽ സൊസൈറ്റിയിലെ ഡെപ്യൂട്ടി പ്രൊജക്റ്റ് മാനേജർ അജിത് കുമാർ കെ ടി കെ വിശദീകരിച്ചു.
ഒറ്റത്തൂണിൽ ആറുവരിപ്പാത എന്നത് ഒരു വെല്ലുവിളി ആയിരുന്നെന്നാണ്. “സുരക്ഷിതമായിത്തന്നെ ഞങ്ങൾ അതു നിർമ്മിച്ചു. രാജ്യത്തുതന്നെ ബോക്സ് ഗർഡർ സംവിധാനമുള്ള ഏറ്റവും നീലമുള്ള ഒറ്റത്തൂൺ ആറുവരിപ്പാലമായി അതു മാറി. ആ പ്രാധാന്യം മനസിലാക്കി അതിനു പരമാവധി ഭംഗി പകരാൻ രൂപകല്പന ഞങ്ങൾ മെച്ചപ്പെടുത്തി വലിയൊരു ഭാഗം മണ്ണിട്ടുയർത്തുന്നതിനു പകരം ഒറ്റത്തൂൺ പാലമായി നിർമ്മിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മുൻനിര നിർമ്മാണക്കമ്പനികളാണ് സംസ്ഥാനത്തെ മറ്റു സ്ട്രെച്ചുകൾ നിർമ്മിക്കുന്നത്. ഇവയിൽ ഒന്നുപോലും ഇതുവരെ പൂർത്തിയായില്ല. രണ്ടോമൂന്നോ ആണ് ഭാഗികമായി തുറന്നവ. മറ്റുള്ളവ ഏറെ പിന്നിലാണ്. എന്നാൽ, ഈ സ്ട്രെച്ച് 2025 ഓഗസ്റ്റ് 25-നു പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുനൽകി. നിർമ്മാണത്തിന് എടുത്തത് മൂന്നു കൊല്ലവും ഒൻപതു മാസവും. ഇത് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യത്തോട്
“സൊസൈറ്റിയുടെ ഭരണവിഭാഗത്തിന്റെ പൂർണ്ണപിന്തുണ പ്രൊജക്ടിന് ഉണ്ടായിരുന്നു.” അജിത് കുമാർ പറഞ്ഞു. “ചെയർമാന്റെതന്നെ നേതൃത്വത്തിൽ ഓരോ ഘട്ടത്തിലും അവലോകനം നടത്തി കൃത്യമായ രൂപരേഖ തയ്യാറാക്കി അതു നടപ്പാക്കി. പി പ്രകാശൻ, സി കെ. ശ്രീജിത്, കെ ടി കെ അജി, കെ ടി. രാജൻ, പി കെ. സുരേഷ് ബാബു എന്നീ അഞ്ചു ഡയറക്ടർമാർ നിരന്തരം നിർമ്മാണം മോണിട്ടർ ചെയ്തു.
പ്രധാന നിർമ്മാണവസ്തുവായ മെറ്റലിനു ബുദ്ധിമുട്ടു വരാതിരിക്കാൻ പദ്ധതിപ്രദേശത്ത് ക്വാറി സൊസൈറ്റി വിലയ്ക്കെടുത്തു. ക്രഷർ യൂണിറ്റും കോൺക്രീറ്റ് മിക്സിങ്ങിനും ബിറ്റുമിൻ തയ്യാറാക്കാനുമുള്ള പ്ലാന്റുകളും മറ്റു യന്ത്രങ്ങളും സ്ഥാപിച്ചു. പ്രതികൂല കാലാവസ്ഥ നിർമ്മാണത്തെ ബാധിക്കുന്നുവെന്നു വന്നപ്പോൾ, അനുകൂല കാലാവസ്ഥയിൽ കൂടുതൽ തൊഴിലാളികളെയും യന്ത്രസജ്ജീകരണങ്ങളും കൊണ്ടുവന്നു. ഓരോ സമയത്തും തീർക്കാൻ നിശ്ചയിച്ചിരുന്നതിലും കൂടുതൽ ഏരിയയിലെ പ്രവൃത്തികൾ നല്ല കാലാവസ്ഥയിൽ തീർത്തു. ചെയർമാനും അഞ്ച് ഡയറ്കടർമാരും നേരിട്ട് നിരന്തരം മോണിട്ടർ ചെയ്തു. സൊസൈറ്റി മൊത്തത്തിൽ ഒപ്പം നിന്നു.
ഈ റോഡിന്റെ പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ സൊസൈറ്റിക്ക് കേന്ദ്ര റോഡ് ഗതാഗത – ഹൈവേ മന്ത്രാലയത്തിന്റെ 2023ലെ ‘നാഷണൽ ഹൈവേസ് എക്സലൻസ് അവാർഡ്’ ലഭിച്ചകാര്യം അജിത് കുമാർ പറഞ്ഞു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരിയാണ് അവാർഡ് സമ്മാനിച്ചത്. ദേശീയപാത അതോറിറ്റിയുടെ ആദ്യമായി ഏറ്റെടുത്ത നിർമ്മാണത്തിനുതന്നെ സഹകരണ കരാർ സ്ഥാപനം കാഴ്ചവച്ച മികച്ച പ്രകടനത്തിന് അംഗീകാരം നേടി എന്ന നേട്ടവും യു എൽ സിസി സ്വന്തമാക്കി.
“മാജിക്കൊന്നുമില്ല. ഞങ്ങൾ കരാർ ജോലികളെ കാണുന്നത് ലാഭത്തിനുള്ള ബിസിനസ് ആയല്ല; രാഷ്ട്രനിർമ്മാണമായാണ്. പൊതുനിർമ്മാണരംഗത്ത് സത്യസന്ധമായ കരാർജോലി സാദ്ധ്യമാണെന്നു കാട്ടിക്കൊടുത്തവരാണ് ഞങ്ങൾ. ഒരു നിർമ്മാണം ഒരുദിവസം മുമ്പേ തീർന്നാൽ അത്രയും നേരത്തേ ജനങ്ങൾക്ക് അതിന്റെ പ്രയോജനം കിട്ടും എന്ന ബോദ്ധ്യമാണ് ഞങ്ങളെ നയിക്കുന്നത്.” എന്ന രമേശൻ പാലേരിയുടെ വാക്കുകൾ ഇതെങ്ങനെ സാദ്ധ്യമായി എന്ന സംശയത്തിന് ഉത്തരമാണ്.
“ഞങ്ങൾക്കു സ്ഥിരം തൊഴിലാളികളാണ്. അതുകൊണ്ടുതന്നെ അവർ സ്കിൽഡ് ആണ്. പോരാത്തതിന് ഓരോ പുതിയ നിർമ്മാണസങ്കേതവും വരുമ്പോഴും ആ നൈപുണ്യം പകരാൻ പരിശീലനം നൽകും. നൈപുണ്യം ഉയർത്തി മെച്ചപ്പെട്ട വേതനത്തിന് തൊഴിലാളികളെ അർഹരാക്കുക എന്നതാണു സമീപനം. അപ്പോൾ പണിക്കു വേഗവും ഗുണമേന്മയും കൂടും. ഏതു പ്രവൃത്തിയിലും മെറ്റലിനും സിമന്റിനും കമ്പിക്കും മണലിനുമൊപ്പം ആത്മാർത്ഥതയും അലിഞ്ഞുചേരണം എന്ന മൂല്യബോധം സ്വാംശീകരിച്ചവരാണു ഞങ്ങളുടെ തൊഴിലാളികൾ. കേരളീയനവോത്ഥാനത്തിന്റെ പൈതൃകമുള്ള, ഗുരു വാഗ്ഭടാനന്ദന്റെ ദർശനങ്ങൾ ഉൾക്കൊള്ളുന്ന, സ്ഥാപനമാണു ഞങ്ങളുടെ സൊസൈറ്റി. ഞങ്ങളുടെ ഓരോ തൊഴിലാളിയിലും ആ സാമൂഹികബോധമുണ്ട്.” പ്രവർത്തനമികവിന്റെ രസതന്ത്രം രമേശൻ പാലേരി വിശദീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates