Kerala leads in women’s education and health indicators, yet the state has never elected a woman Chief Minister. samakalika Malayalam
News+

കേരളത്തിലെ വനിതാ മുഖ്യമന്ത്രി സ്വപ്നവും, അമേരിക്കൻ ക്യാപ്സൂളും

സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി, ആരോ​ഗ്യം പൊതു ഇടപെടൽ എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്ന കേരളത്തിൽ വനിത മുഖ്യമന്ത്രി എന്നത് ആ​ഗ്രഹം മാത്രമാകുന്നത് എന്തുകൊണ്ടാകാം?

അനിൽ എസ്

കപ്പിനും ചുണ്ടിനുമിടയിൽ പലതവണ തുളുമ്പി പോയ ഒരു ചായക്കോപ്പയാണ് കേരളത്തിന് ആദ്യ വനിതാ മുഖ്യമന്ത്രി. രണ്ടുതവണയെങ്കിലും ആ സ്വപ്നത്തിലേക്ക് രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങൾ ഏറെ അടുത്തെത്തിയിട്ടും കേരളത്തിന് ഇതേവരെ ആ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുമ്പോൾ കേരളത്തിന് ആദ്യ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യം ഒരിക്കൽ കൂടി ഉയർന്നു വരികയാണ്.

'കേരം തിങ്ങും

കേരള നാട്

കെ ആർ ഗൗരി

ഭരിച്ചീടും'

എന്ന മുദ്രാവാക്യം ഉയർന്നു കേട്ട 1987ലെ തെരഞ്ഞെടുപ്പിലും അതിനുമുൻപ് 1980ലും കേരളത്തിലെ വനിതാ മുഖ്യമന്ത്രി സ്ഥാനം കയ്യെത്തും ദൂരത്തായിരുന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് നയിച്ച മന്ത്രിസഭയി അം​ഗമായിരുന്ന, ഇടക്കാലത്ത് മുഖ്യമന്ത്രിയുടെ ചുമതല പോലും വഹിച്ചിരുന്ന അന്നത്തെ അതിശക്തയായ റവന്യൂ മന്ത്രിക്ക് ആദ്യ വനിതാ മുഖ്യമന്ത്രിയിലേക്ക് എത്താനുള്ള ദൂരം ഏറെയൊന്നുമില്ലായിരുന്നു.

1987 ലെ മന്ത്രിസഭ അംഗങ്ങൾ

അതുകൊണ്ടുതന്നെ ഇടതുപക്ഷം അധികാരത്തിലെത്തുന്ന തുടർന്നുള്ള മന്ത്രിസഭകളിൽ കെ ആർ ഗൗരി എന്ന ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചവർ ഏറെ. നിയമസഭയിൽ മുഖ്യമന്ത്രിയെ പോലും തിരുത്താൻ ആജ്ഞ ശക്തിയുണ്ടായിരുന്ന ഗൗരിയമ്മ ഒരിക്കൽ കേരളത്തി​ന്റെ മുഖ്യമന്ത്രിയാകുമെന്ന് രാഷ്ട്രീയക്കാർ മാത്രമല്ല കേരളത്തിൻ്റെ സാമൂഹിക സാംസ്കാരിക സാഹിത്യ രംഗവും പ്രതീക്ഷിച്ചു.

അതുകൊണ്ടാണല്ലോ കെ ആർ ഗൗരി മുഖ്യമന്ത്രിയാകാതിരിക്കുകയും പിന്നീട് സിപി എമ്മിൽ നിന്ന് പുറത്താകപ്പെടുകയും ചെയ്തതിനെ തുട‍‍‍ർന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട് കരയാത്ത ഗൗരിയുടെ കവിതയെഴുതിയത്.

"കരയാത്ത ഗൗരി

തളരാത്ത ഗൗരി

കലികൊണ്ടു നിന്നാൽ

അവൾ ഭദ്രകാളി

ഇതു കേട്ടുകൊണ്ടേ

ചെറുബാല്യമെല്ലാം

പതിവായി ഞങ്ങൾ

ഭയമാറ്റി വന്നു"

എന്ന് തുടങ്ങി ഒടുവിൽ

"കരയുന്ന ഗൗരി

തളരുന്ന ഗൗരി"

എന്ന് ചുള്ളിക്കാട് എഴുതിയത് അന്നത്തെ കേരളത്തിന്റെ വികാരമായിരുന്നു.

രണ്ടു തവണയും സിപിഎമ്മിനകത്തെ ഉൾപാർട്ടി രാഷ്ട്രീയവും വിഭാഗിയതയും പുരുഷ മേൽക്കോയ്മയും കുതികാൽ വെട്ടും ഒത്തുചേർന്ന് ഗൗരിയമ്മയെ മൂലയ്ക്കിരുത്തി. തുടർന്ന് 1994 ൽ രാഷ്ട്രീയ ജീവിതത്തിലെ ഇരുണ്ട അധ്യായം സമ്മാനിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കി. അതിനുശേഷം കോൺഗ്രസ് നയിക്കുന്ന വലതു വർഷത്തേക്ക് വന്ന ഗൗരിയമ്മ പിന്നീട് ഒരിക്കലും ആ പദവിക്ക് അടുത്ത് പോലും എത്തിയില്ല. എന്തിന് അവസാനകാലത്ത് താൻ കൂടി ചേർന്ന് കെട്ടിപ്പടുത്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് തിരിച്ചു വരണമെന്ന ആഗ്രഹം പോലും പൂർത്തീകരിക്കാൻ കഴിയാതെ മടങ്ങേണ്ടിയും വന്നു.

കെ ആർ ഗൗരിയമ്മ

ഗൗരിയമ്മയിൽ നിന്ന് സുശീലാ ഗോപാലനിൽ എത്തുമ്പോൾ

ഗൗരിയമ്മ 80ൽ ഒരു സ്വാഭാവിക സാധ്യതയായാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കപ്പെട്ടതെങ്കിൽ 90 കളിൽ വിധിയുടെ വിളയാട്ടമാണ് സുശീലാഗോപാലൻ എന്ന വനിതാ മുഖ്യമന്ത്രി സാധ്യത ഇടതുപക്ഷത്തിനും കേരളത്തിലും മുന്നിൽ തുറന്നിട്ടത്. സിപിഎമ്മിൽ വിഭാഗീയത അതിൻറെ മൂർദ്ധന്യത്തിൽ എത്തി നിന്ന 90കളിൽ സിഐടിയു ലോബിയുമായി വിഎസ് അച്യുതാനന്ദൻ നയിച്ച പ്രബല വിഭാഗം ഏറ്റുമുട്ടിയപ്പോൾ ഭരണത്തിലും സംഘടനയിലും പാർട്ടിക്ക് ഒന്നിലേറെ തിരിച്ചടികൾ നേരിടേണ്ടിവന്നു. അതിലേറ്റവും പ്രത്യക്ഷമായത് പാർട്ടിയുടെ ചുവപ്പ് കോട്ടയായ മാരാരിക്കുളത്തു നിന്ന് അച്യുതാനന്ദൻ്റെ 1996 ലെ പരാജയമായിരുന്നു.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിപിഎമ്മും ഇടതുപക്ഷവും ഒറ്റമനസ്സോടെ ഉയർത്തിക്കാട്ടിയിരുന്ന അച്യുതാനന്ദൻ പാർട്ടിക്കുളളിലെ വിഭാഗീയതയിൽ വീണു പോയപ്പോൾ ഉറപ്പായും മുഖ്യമന്ത്രിസ്ഥാനത്തെത്തുമെന്ന് കേരളം പ്രതീക്ഷിച്ചിരുന്നത് അന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെയിടയിലെ ഏറ്റവും മുതിർന്ന നേതാക്കളിലൊരാളായ സുശീലാ ഗോപാലാനായിരുന്നു.

എന്നാൽ പുരോഗമന സംസ്ഥാനം എന്നവകാശപ്പെടുന്ന കേരളം അപ്പോഴും ഒരു വനിതയെ ഭരണ സാരഥ്യമേൽപ്പിക്കാൻ പാകപ്പെട്ടിരുന്നില്ല. പാർട്ടിയും മുന്നണിയും ചർച്ചകൾക്കുശേഷം തീരുമാനിച്ചത് നിയമസഭാ തിരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെ റിട്ടയർമെൻറിലേക്ക് നീങ്ങി തുടങ്ങിയിരുന്ന ഇ കെ നായനാരെ തിരിച്ചുകൊണ്ടുവന്ന് മുഖ്യമന്ത്രിയാക്കാനാണ്.

സുശീലാ ഗോപാലൻ

യാദൃശ്ചികമെന്ന് തോന്നാം എന്നാൽ കെ ആർ ഗൗരി തഴയപ്പെട്ട 1987ലും ഇ കെ നായനാർ തന്നെയായിരുന്നു മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിയുടെ പ്രതിനിധി. ഒരുപക്ഷേ അറിഞ്ഞുകൊണ്ടല്ലെങ്കിലും രണ്ടുതവണ ചരിത്രത്തിൽ അത്തരമൊരു പേരുദോഷം ആ മുതിർന്ന നേതാവിന് പേറേണ്ടിയും വന്നു. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട സുശീലയാകട്ടെ നായനാർ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി.

മൂന്നാം തവണ വനിതാ മുഖ്യമന്ത്രി എന്ന ചർച്ച ഉയർന്നുവന്നത് 2021 ലാണ്. നിപ്പയും കോവിഡ് മഹാമാരിയുൾപ്പെടെ കേരളം നേരിട്ട ആരോഗ്യ പ്രതിസന്ധികളെ മികച്ച രീതിയിൽ തരണം ചെയ്ത അന്നത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാർട്ടിക്ക് അകത്തും മുന്നണിക്കകത്തും സമൂഹത്തിലും പലതവണ ചർച്ചയായത്. മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിൽക്കുകയാണെങ്കിൽ പകരം വയ്ക്കാനാര് എന്ന് ചോദ്യത്തിന് ശൈലജയുടെ പേര് ഉയർന്നുവന്നു. എന്നാൽ മുഖ്യമന്ത്രിയായില്ല എന്നതു പോട്ടെ മന്ത്രിസഭയിൽ പോലും പ്രാതിനിധ്യം കിട്ടിയില്ല. അതിന് ശേഷം ആ ചർച്ചകൾക്ക് അധികം ആയുസുമുണ്ടായില്ല.

സംസ്ഥാനം വീണ്ടും മറ്റൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുമ്പോൾ കേരളത്തിൽ ആദ്യ വനിതാ മുഖ്യമന്ത്രി ഉണ്ടാകുമോ എന്ന ചോദ്യം ഒരിക്കൽക്കൂടി ഉയർന്നു വരികയാണ് ഇത്തവണ ഇടതുമുന്നണി പ്രത്യക്ഷമായോ പരോക്ഷമായോ അത്തരമൊരു വാഗ്ദാനം നൽകുന്നില്ല

കെ കെ ശൈലജ

പേരിന് പോലും പേരുകളില്ലാത്ത പാർട്ടികൾ

കേരളത്തിന് ഒരു വനിതാ മുഖ്യമന്ത്രിയെ സമ്മാനിച്ചില്ലെന്ന പേരിൽ ഇടതുപക്ഷത്തെ വിമർശിക്കുമ്പോൾ തന്നെ മറുവശത്തെ ദയനീയാവസ്ഥ കാണാതിരിക്കാൻ കഴിയില്ല.

ഇടതുപക്ഷത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാണെങ്കിലും ഒരു പേരുണ്ട്. എന്നാൽ വലതുപക്ഷത്തിന് അതുപോലുമില്ല.

മാത്രമല്ല എം ടി പത്മയും പത്മജ വേണുഗോപാലും റോസമ്മ ചാക്കോയും ലീലാ ദാമോദരമേനോനും സാവിത്രി ലക്ഷ്മണനും ശോഭനാ ജോർജും ഉൾപ്പെടെ ചില വനിതാ നേതാക്കളുടെ പേരുകൾ മാത്രമേ കേരളത്തിലെ കോൺഗ്രസിന് പറയാനുണ്ടാകൂ. അതുപോലും വനിതാ മുഖ്യമന്ത്രി എന്ന സ്ഥാനത്തേക്ക് പേരായി പോലും പരിഗണിക്കപ്പെട്ടിട്ടില്ല. ഇവരിൽ ആർക്കും അത്രമാത്രം പ്രാധാന്യം ഒരിക്കലും വന്നിട്ടില്ല എന്നതും വസ്തുതയാണ്.

ബിജെപിയിലാകട്ടെ സംസ്ഥാന തല നേതൃത്വത്തിൽ വരുന്ന ഒരേ ഒരു പേര് ശോഭ സുരേന്ദ്രൻ മാത്രമാണ്.

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നത് ഇടതുപക്ഷത്തിന് മാത്രമുള്ള ബാധ്യതയുമല്ല. ഇന്ത്യയിൽ ആദ്യ വനിതാ പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും സംഭാവന ചെയ്ത കോൺഗ്രസിനോ, രണ്ടാം വനിത പ്രസിഡന്റിനെ സംഭാവന ചെയ്ത ബി ജെ പിക്കോ കേരളത്തിൽ ആ നിലപാട് പേരിന് പോലും കാണാനില്ല.

യുവജനങ്ങൾക്കും സ്ത്രീകൾക്കും അർഹമായ പരിഗണന കൊടുക്കുക എന്ന നിലപാട് ഇടതുപക്ഷം സ്വീകരിക്കുമ്പോൾ അത്തരം ഒരു പരിഗണന ഒരിക്കലും വലതു പക്ഷത്ത് ഉണ്ടായിട്ടില്ല.

ഒരുതവണ വനിതാ പ്രധാനമന്ത്രിയും രണ്ടുതവണ വനിത രാഷ്ട്രപതിയും ഉണ്ടായിട്ടുണ്ട് ഇന്ത്യയിൽ. സാമൂഹിക പുരോഗമന സൂചികകളിൽ കേരളത്തേക്കാൾ പിന്നാക്കം നിൽക്കുന്ന പല സംസ്ഥാനങ്ങളിലും ഇതിനോടകം പലതവണ വനിതാ മുഖ്യമന്ത്രിമാർ വന്നു പോയിട്ടുണ്ട്.

ഇതിൽ കേരളത്തി​ന്റെ തൊട്ടയൽപക്കമായ തമിഴ്നാട് മുതൽ വടക്കേ അറ്റത്തെ ജമ്മു കാശ്മീരും വലിയ സംസ്ഥാനങ്ങൾ ആയ ഉത്തർപ്രദേശും മധ്യപ്രദേശും പശ്ചിമ ബംഗാളും ബീഹാറും കേന്ദ്രസർക്കാറിന്റെ തലസ്ഥാനമായ ഡൽഹിയും ഉൾപ്പെടുന്നു.

പടിഞ്ഞാറൻ സംസ്ഥാനങ്ങളായ ഗുജറാത്തിലും രാജസ്ഥാനിലും പഞ്ചാബിലും പിന്നെ തെക്ക് ഗോവയിലും മധ്യേന്ത്യയിൽ ഒറീസയിലും വടക്ക് കിഴക്ക് ആസാമിലും ഉൾപ്പെടെ പന്ത്രണ്ടോളം സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായി വനിതാ നേതാക്കൾ വന്നിട്ടുണ്ട്. പലയിടത്തും ഒന്നിലേറെ തവണ വനിതകൾ സംസ്ഥാന ഭരണം കയ്യാളി. എന്നിട്ടും പുരോഗമന രാഷ്ട്രീയം പിന്തുടരുന്ന, സാമൂഹിക വിദ്യാഭ്യാസ സാംസ്കാരിക മാനദണ്ഡങ്ങളിൽ മറ്റ് പല സംസ്ഥാനങ്ങളെക്കാൾ മുന്നിട്ടു നിൽക്കുന്ന, കേരളത്തിൽ ഇന്നേവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല എന്നതാണ് വൈരുദ്ധ്യം.

ആശ്വസിക്കാൻ അമേരിക്കൻ മോഡൽ

കേരളത്തിലെ സ്ത്രീവാദ,‌ പുരോ​ഗമന വാദികൾക്ക് ആശ്വസിക്കാൻ വഴിയുണ്ട്. സാധാരണ എല്ലാത്തിലും നമ്മൾ മികവ് പറയാൻ ചൂണ്ടിക്കാണിക്കുന്ന രാജ്യത്തോട്ട് തന്നെ വിരൽ ചൂണ്ടാം. ലോകരാഷ്ട്രങ്ങളിൽ ജനാധിപത്യത്തി​ന്റെ അപ്പോസ്തലരാണ് യുഎസ്. ലോകത്തെ പല കാര്യങ്ങളിലും മുൻനിരയിലുള്ള രാജ്യം. ആ രാജ്യത്തോട് കിടപിടക്കുന്ന പല നേട്ടങ്ങളും കൈവരിച്ച ചെറിയ ഭൂപ്രദേശമാണ് കേരളം എന്ന സംസ്ഥാനവും. ഇത് വീമ്പു പറച്ചിൽ അല്ല കണക്കുകളാണ്.

എന്നാൽ, നേട്ടത്തി​ന്റെ കണക്കിൽ മാത്രമല്ല, അധികാരികളെ തെരഞ്ഞെടുക്കന്ന കാര്യത്തിലും നമ്മൾ അമേരിക്കാർക്കൊപ്പമാണ്. അമേരിക്കയുടെ ഇത്രയും കാലത്തെ ചരിത്രത്തിൽ പ്രസിഡ​ന്റായി ഒരു വനിത വന്നിട്ടില്ല. നമുക്ക് ഒരു വനിതാ മുഖ്യമന്ത്രിയും ഉണ്ടായിട്ടില്ല. ഈ കാപ്സ്യൂൾ ഒരു നമ്മുടെ പുരോ​ഗമനത്തിന് ഒരു ആശ്വാസമാകും എന്ന് കരുതാം.

Despite leading India in women’s education, health and social development, Kerala has never had a woman Chief Minister. why the disparity persists?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനം നീട്ടി

വിന്‍ഡീസിനേയും അട്ടിമറിക്കുമോ? വാംഖഡെയില്‍ ടോസ് സിംബാബ്‍വെയ്ക്ക്

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടഭാഗം തകര്‍ന്നുണ്ടായ അപകടം; മരണം നാലായി

'തിലക് വര്‍മ്മേ... വന്ന ഉടനെ വലിച്ചടിക്കാന്‍ നോക്കുകയാണോ വേണ്ടത് ?'

ആവേശ കൊടുമുടിയിൽ ദേശങ്ങൾ, നാളെ ഉത്രാളിക്കാവ് പൂരം; അറിയാം ഐതീഹ്യവും പ്രത്യേകതകളും

SCROLL FOR NEXT