

തിരുവനന്തപുരം: പാര്‍ട്ടി സംസ്ഥാന സെക്രട്ടറി മാറുക എന്നത് മാധ്യമങ്ങളുടെ സ്വപ്‌നം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അടിമുടി മാറുമെന്നും കാലം ആവശ്യപ്പെടുന്നതിലുമപ്പുറമുള്ള മാറ്റമായിരിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ കള്ളന്‍ വിജയനെന്ന ലേഖനമുണ്ടായിരുന്നില്ലെന്നും എന്ത് പ്രസിദ്ധികരിക്കണമെന്ന് ദേശാഭിമാനി തീരുമാനിക്കുമെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ എല്ലാ തലത്തിലും പുതുക്കി പണിയല്‍ ഉണ്ടാകും. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും മാറ്റമുണ്ടാകും. അതിനര്‍ഥം നേതാക്കള്‍ മാറുമെന്ന് അല്ല. സംഘടനപരമായ ദൗര്‍ബല്യങ്ങള്‍ ഉള്‍ക്കൊണ്ട് താന്‍ ഉള്‍പ്പടെയുള്ളവര്‍ എങ്ങനെ മാറണമെന്നാണ് മാറ്റമെന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കേരളത്തിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം മേല്‍ഘടകം മുതല്‍ താഴെത്തട്ടുവരെ സമഗ്രമായി പരിശോധിച്ചാണ് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിലേക്കുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ക്കുപുറമെ പാര്‍ട്ടിയുമായി സഹകരിക്കുന്നവരില്‍നിന്നും പാര്‍ട്ടിക്ക് പുറത്തുള്ള വിവിധ ജനവിഭാഗങ്ങളില്‍നിന്നുമായി പതിനായിരക്കണക്കിന് പേരുടെ അഭിപ്രായങ്ങളും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ശേഖരിച്ചതായും എംവി ഗോവിന്ദന്‍ പറഞ്ഞു.
ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ കള്ളന്‍ വിജയന്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. സാമാന്യ മര്യാദ അനുസരിച്ച് ഒരു പത്രം എന്ത് പ്രസിദ്ധീകരിക്കണമെന്നതില്‍ മറ്റ് മാധ്യമങ്ങള്‍ ഇടപെടാറില്ല. ലേഖനം സംബന്ധിച്ച് കൃത്യമായി സ്വരാജ് തന്നെ വിശദീകരിച്ചിട്ടുണ്ട്. സാങ്കേതിക കാരണങ്ങളാലാണ് ഞായറാഴ്ചച്ചെ വാരാന്തപതിപ്പ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. ദേശാഭിമാനി എന്ത് പ്രസിദ്ധീകരിക്കണമെന്ന കാര്യം ലേഖകനല്ല തീരുമാനിക്കുക.ദേശാഭിമാനി എന്തുകൊണ്ട് പ്രസിദ്ധീകരിച്ചില്ലെന്ന് ചോദിക്കാന്‍ മറ്റ് മാധ്യമങ്ങള്‍ക്ക് എന്ത് അവകാശം. നിങ്ങള്‍ എത്ര വാര്‍ത്ത പ്രസിദ്ധികരിക്കാതിരുന്നിട്ടുണ്ട്. ദേശാഭിമാനി കുറച്ചുകൂടി മെച്ചപ്പെടണമെന്ന ജാഗ്രത സ്വാഗതം ചെയ്യുന്നു. കുടുതല്‍ ശ്രദ്ധയോടെ മുന്നോട്ടുപോകും.
പാര്‍ട്ടിയുടെ സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റി സെപ്തംബര്‍ 13, 14, 15 തീയതികളില്‍ കോഴിക്കോട് ചേരും. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ടും സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചെയ്തു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍, പാര്‍ട്ടിയുടെ പ്രകടനം, നേരിട്ട രാഷ്ട്രീയ വെല്ലുവിളികള്‍, വിവിധ സംസ്ഥാനങ്ങളിലെ സംഘടനാ സ്ഥിതി എന്നിവയാണ് റിപ്പോര്‍ട്ടില്‍ പരിശോധിച്ചത്.
പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം, പൊതുസമൂഹവുമായുള്ള ബന്ധം, പുതിയ തലമുറയിലേക്കുള്ള ഇടപെടല്‍, രാഷ്ട്രീയപ്രത്യയശാസ്ത്ര പ്രചാരണം തുടങ്ങിയ മേഖലകളെക്കുറിച്ചാണ് പ്രധാനമായും അഭിപ്രായങ്ങള്‍ തേടിയത്. ഇവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളില്‍വരെ അവതരിപ്പിക്കും. പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്ന നിര്‍ദേശങ്ങള്‍ സ്വീകരിച്ച് സംഘടനാ സംവിധാനത്തിലും പ്രവര്‍ത്തനരീതിയിലും ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം. സംഘടനാപരമായും പ്രത്യയശാസ്ത്രപരമായും കൂടുതല്‍ ഫലപ്രദമായ മുന്നേറ്റം ഉറപ്പാക്കുന്നതിനുള്ള കര്‍മപദ്ധതിക്ക് കോഴിക്കോട് ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റി രൂപം നല്‍കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates