ചരക്കും കലയും സാംസ്‌കാരികതയും കടലുകടന്ന് വന്‍കരകളില്‍ നിന്നും വന്‍കരകളിലേക്ക് സഞ്ചരിച്ചൊരു കടല്‍പാത. നവോത്ഥാനകാലത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പുള്ളൊരു കടല്‍ത്തട്ട്. രണ്ടേ രണ്ടു കപ്പലുകള്‍ക്കുപോലും പരസപരം ഉരസാതെ കടന്നുപോകാന്‍ ബുദ്ധിമുട്ടുള്ളത്ര ചെറിയൊരു ഇടനാഴി. ഇന്ന് ഭൂഗോളം മുഴുവനും കണ്ണും നട്ടിരിക്കുന്നത് അവിടെ എന്തു സംഭവിക്കുമെന്നറിയാനാണ്. കാരണം നമ്മുടെ നാളെകളിരിക്കുന്നത് ആ ഇടവഴിയിലാണ്. തുറന്നുതന്നില്ലെങ്കില്‍ എനര്‍ജി പ്ലാന്റുകള്‍ തകര്‍ത്തുകളയുമെന്ന് അമേരിക്ക വെല്ലുവിളിക്കുകയും ശത്രുക്കള്‍ക്ക് വഴിയൊരുക്കില്ലെന്ന് ഇറാന്‍ കട്ടായം പറയുകയും ചെയ്തതോടെ കടന്നുപോയ ഓരോ നിമിഷവും ഹൃദയമിടിപ്പ് കൂട്ടിയ ഹോര്‍മുസ്. സമാധാനം പുലര്‍ന്നില്ലെങ്കില്‍ ലോകത്തെക്കൊണ്ട് കണക്കുപറയിക്കാന്‍ ത്രാണിയുള്ളയിടം.
'ഹോര്‍മുസ് അടച്ചാലും തുറന്നാലും നമുക്കെന്താണ്? ആവശ്യത്തിലേറെ എണ്ണ നമ്മുടെ കയ്യിലുണ്ടല്ലോ' എന്നു പറഞ്ഞു കൂസലില്ലാതിരുന്ന അമേരിക്കന്‍ പ്രസിഡന്റ് 48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് തുറന്നുതന്നില്ലെങ്കില്‍ കാണിച്ചുതരാം എന്ന് വെല്ലുവിളിക്കുകയും അതേ 48 മണിക്കൂര്‍ കഴിയും മുന്‍പ് ആക്രമണത്തിന് അവധിപ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. എണ്ണ വില കൂടുകയാണോ? എങ്കില്‍ കൂടട്ടെ, ലോകത്തെ ഏറ്റവും വലിയ ഉത്പാദകരായ നമുക്ക് വിലക്കയറ്റം നല്ലതല്ലേ എന്ന് ചോദിച്ച അതേ പ്രസിഡന്റ് ഹോര്‍മുസ് ബ്ലോക്കില്‍ ക്ഷമവെടിഞ്ഞത് എന്തിനായിരുന്നു? ഇറാന്റെ മറുത്തുള്ള ഭീഷണിക്കു പിറകേ അഞ്ചു ദിവസത്തേക്ക് സൈനിക ആക്രമണങ്ങള്‍ പിന്‍വലിക്കാന്‍ മുതിര്‍ന്നതെന്തിനാകും? എന്താണ് അമേരിക്കയെ വലയ്ക്കുന്നത്? ഇന്ത്യയെ ഈ പ്രതിസന്ധി എങ്ങനെ ബാധിക്കും?
ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ നിര്‍മ്മാതാവ് അമേരിക്കയാണ്. ലോകത്തെ മുഴുവന്‍ ഉത്പാദനത്തിന്റെ 22 ശതമാനം അസംസ്‌കൃത എണ്ണയും യു.എസ്സില്‍ മാത്രമായി നിര്‍മ്മിക്കപ്പെടുന്നുണ്ട്. അമേരിക്കക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 60 ശതമാനവും രാജ്യത്തുതന്നെ ലഭിക്കും. അതിനു പുറമെ കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുമാണ് പ്രധാനമായും അമേരിക്ക എണ്ണയെത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇറാന്റെ പ്രതിരോധവും ഹോര്‍മുസ് കടലിടുക്കിലെ കുരുക്കും വെറും എട്ടു ശതമാനം എണ്ണയെ മാത്രമേ നേരിട്ട് ബാധിക്കുന്നുള്ളൂ. ആ കണക്കുകൂട്ടലിലാണ് മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് വിലക്കയറ്റം അമേരിക്കക്ക് ഗുണം ചെയ്യുമെന്നു പറഞ്ഞത്.
എണ്ണവില വര്‍ധന ഏറ്റവുമധികം സഹായിക്കാന്‍ പോകുന്നത് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ആണെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. ലോകത്തെ ഏറ്റവും വലിയ ഓയില്‍ നിര്‍മാതാക്കള്‍ തങ്ങളാണെന്നും അതുകൊണ്ട് വില വര്‍ദ്ധിക്കുന്നത് ഗുണകരമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നെങ്ങനെയാണ് എണ്ണ അമേരിക്കക്കൊരു പ്രതിസന്ധിയാകുന്നത്?
ഏറ്റവും വലിയ ഉത്പാദകര്‍ എന്നപോലെ തന്നെ ഉപഭോക്താവും അമേരിക്കയാണ്. യുഎസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ബഹ്റൈന്‍, ഇറാന്‍, ഇറാക്ക്, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവയുള്‍പ്പെടെ പേര്‍ഷ്യന്‍ ഗള്‍ഫിലെ രാജ്യങ്ങളില്‍ നിന്നു പ്രതിദിനം ഏകദേശം 4,90,000 ബാരല്‍ അസംസ്‌കൃത എണ്ണയാണ് യുഎസ് ഇറക്കുമതി ചെയ്തിട്ടുള്ളത്. അമേരിക്കയില്‍ ദിവസേന ഉല്പാദിപ്പിക്കുന്ന 13.5 മില്യണ്‍ ബാരല്‍ ക്രൂഡ് ഓയിലില്‍ ഭൂരിഭാഗവും സ്വീറ്റ് ക്രൂഡ് ആണ്. റിഫൈന്‍ ചെയ്‌തെടുക്കാന്‍ കൂടുതല്‍ എളുപ്പമുള്ള തരം എണ്ണയാണത്. എന്നാല്‍ പഴക്കം ചെന്ന റിഫൈനറികളുള്ള രാജ്യത്തിനു സ്വീറ്റ് ക്രൂഡ് റിഫൈന്‍ ചെയ്‌തെടുക്കുന്നതില്‍ പരിമിതികളുണ്ട്.
സള്‍ഫറും മറ്റ് രാസപദാര്‍ത്ഥങ്ങളുമടങ്ങിയ ഹെവി സോര്‍ ക്രൂഡ് ആണ് അമേരിക്കയുടെ പഴഞ്ചന്‍ പ്ലാന്റുകള്‍ക്ക് ശുദ്ധീകരിച്ചെടുക്കാന്‍ സാധിക്കുക. പാരിസ്ഥിതിക പ്രതിസന്ധികളുള്ളതുകൊണ്ടും ചെലവേറിയതായതുകൊണ്ടും പുതിയ പ്ലാന്റുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടില്ല. കൂടാതെ പൈപ്പ്ലൈന്‍ പ്രശ്‌നങ്ങള്‍ കാരണം ടെക്‌സസ്, ന്യൂ മെക്‌സിക്കോ പോലെയുള്ള സ്ഥലങ്ങളില്‍ നിന്നും ഓയില്‍ എത്തിക്കുന്നതിനേക്കാള്‍ ചെലവുകുറവ് സൗദി, കാനഡ പോലെയുള്ള രാജ്യങ്ങളില്‍ നിന്നും കടല്‍ മാര്‍ഗം എത്തിക്കുന്നതായിരുന്നു. അതായത് അമേരിക്കയ്ക്ക് ഒരേസമയം കയറ്റുമതിയും ഇറക്കുമതിയും ആവശ്യമാണ്. ഉത്പാദനം കൂട്ടിയാലും, മാർക്കറ്റിലെ വില വർധിച്ചാലും ലാഭമുണ്ടാകില്ല. ഉത്പാദിപ്പിക്കുന്ന ഓയിൽ വിൽക്കുകയാണ് വഴി. പകരം ഉപയോഗിക്കാൻ വേണ്ട എണ്ണ എത്തുകയുമില്ല. നിലവിലെ പ്രതിസന്ധി അമേരിക്കയിലെ ഉപയോഗയോഗ്യമായ എണ്ണയുടെ അളവിൽ ഗണ്യമായ കുറവുവരുത്തുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾക്ക് ഗ്ലോബൽ മാർക്കറ്റ് അനുസരിച്ചാണ് വില നിർണയിക്കപ്പെടുന്നത് എന്നതുകൊണ്ട് തന്നെ വിലക്കയം പിടിച്ചുനിർത്താനാവില്ല. ലോകത്തെ മുഴുവൻ ബാധിക്കുന്ന ക്ഷാമം ആനുപാതികമായിത്തന്നെ അമേരിക്കയെയും ബാധിക്കും.
നിലവില്‍ എണ്ണ സാധാരണക്കാരന്റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഭക്ഷണം, ഗതാഗതം തുടങ്ങി അടിസ്ഥാന മേഖലകളിലെ വിലക്കയറ്റം വെല്ലുവിളിയായി. പേര്‍ഷ്യന്‍ ഗള്‍ഫ് പ്രദേശത്തുനിന്നുമുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുറഞ്ഞതോടെ എണ്ണവില ഇരട്ടയക്ക ശതമാനത്തില്‍ ഉയര്‍ന്നു. അന്താരാഷ്ട്ര എണ്ണ വില നിര്‍ണ്ണയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 126 ഡോളറായി വരെ (11,840 രൂപ) വര്‍ധിച്ചു. ഈ വിലക്കയം അമേരിക്കയുടെ ജി ഡി പി യില്‍ 0.3-1.3 ശതമാനം വരെ ഇടിവുണ്ടാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിപണി സ്ഥിരപ്പെടുത്താന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ് 172 ദശലക്ഷം ബാരല്‍ എണ്ണ പുറത്തിറക്കിയിരുന്നു. ക്ഷാമം രൂക്ഷമായാല്‍ ഉപയോഗിക്കാന്‍ വേണ്ട എണ്ണയുടെ വലിയൊരു ഭാഗമാണിത്. ഹോര്‍മുസ് പൂര്‍ണ്ണമായി അടച്ചാല്‍ ഇന്ധനക്ഷാമം നേരിടേണ്ടി വരികയും വിലക്കയറ്റം നിയന്ത്രണാതീതമാവുകയും ചെയ്യും. എണ്ണയുടെ ഉപയോഗത്തിനു പുറമെ സൈനിക പ്രതിരോധത്തിനായും ചെലവുകൂടുന്ന സാഹചര്യമാണ് അമേരിക്ക നേരിടുന്നത്. പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധന മറ്റു ചരക്ക് നിരക്കുകളെയും പ്ലാസ്റ്റിക്കടക്കം മറ്റു രാസവസ്തുക്കളുടെ വിലയേയും സാരമായി ബാധിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ സൈനിക കേന്ദ്രങ്ങളെ തിരിച്ചടിക്കുകമാത്രമല്ല വെള്ളംകുടി മുട്ടിക്കുമെന്നായിരുന്നു ഇറാന്റെ തിരിച്ചുള്ള ഭീഷണി. യു എ ഇയിലെ കടല്‍ വെള്ള ശുദ്ധീകരണ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നറിയിച്ച് രംഗത്തുവന്നിട്ടുണ്ടായിരുന്നു ഇറാന്.
ഹോര്‍മുസ് തുറന്നു നല്‍കിയില്ലെങ്കില്‍ പവര്‍ പ്ലാന്റുകള്‍ ആക്രമിച്ചുതകര്‍ക്കുമെന്നാണ് ട്രംപ് അറിയിച്ചിരുന്നത്. ഏറ്റവും വലുതില്‍ നിന്നുതന്നെ തുടങ്ങുമെന്നും പ്രസിഡന്റിന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ ഉണ്ടായിരുന്നു. എന്തിനാണ് ന്യൂക്ലിയര്‍ പ്ലാന്റുകള്‍ അമേരിക്ക ലക്ഷ്യമിടുന്നത്? വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ഇറാന്‍ മറുപടി നല്‍കിയത്. എന്താകും അമേരിക്കയുടെ നീക്കം ഇറാന് സമ്മാനിക്കുക?
ഇറാനിലെ ഏറ്റവും വലിയ ആണവനിലയം ബുഷെര്‍ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ്. ടെഹ്‌റാനില്‍ നിന്നും 1200 കിലോമീറ്ററകലെ പേര്‍ഷ്യന്‍ ഗള്‍ഫിനോടു ചേര്‍ന്ന് ഇറാന്റെ പടിഞ്ഞാറന്‍ തീരത്താണ് ബുഷെര്‍ സ്ഥിതിചെയ്യുന്നത്. 1975 ല്‍ ജര്‍മന്‍ സഹായത്തോടെ ആരംഭിച്ച പ്ലാന്റ് നിര്‍മാണം ഇസ്ലാമിക് വിപ്ലവകാലത്ത് നിര്‍ത്തിവെക്കുകയും പിന്നീട് റഷ്യന്‍ ആണവമന്ത്രാലയവുമായി സഹകരിച്ച് പൂര്‍ത്തിയാക്കുകയും ചെയ്തതാണ്. റഷ്യന്‍ ഡിസൈനിലുള്ള 1000 മെഗാവാട്ടിന്റെ പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടറുകളാണ് ബുഷെറിലുള്ളത്. എന്നാല്‍ ഈ ആണവനിലയം അപകടകരമാണെന്ന് കുവൈത്ത്, അബുദാബി, ഖത്തര്‍ തുടങ്ങിയ അയല്‍രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. നിലവിലെ പ്ലാന്റിന് അപകടം സംഭവിച്ചാല്‍ തൊട്ടടുത്തുള്ള പേര്‍ഷ്യന്‍ ഗള്‍ഫിലേക്ക് റേഡിയേഷന്‍ ഉണ്ടാകുമെന്നതായിരുന്നു വാദം. വലിയ ആഘാതമാണ് അത് ലോകത്തുണ്ടാക്കുക. ഇറാന്റെ ഇനിയും കണക്ക് വ്യക്തമല്ലാത്ത ആണവശേഖരത്തെയും അതു ബാധിച്ചേക്കാം.
യുദ്ധം തുടരുന്നതിനിടെ മാര്‍ച്ച് 17ന് ആണവനിലയത്തിനുള്ളില്‍ സ്‌ഫോടനം നടന്നിരുന്നു. റിയാക്ടറില്‍ നിന്നും അകലെയുള്ള മെത്തോളജിക്കല്‍ കോംപ്ലെക്‌സിലാണ് ബോംബിട്ടത് എന്നത് വലിയ അപകടം ഒഴിവാക്കി. റഷ്യന്‍ ശാസ്ത്രജ്ഞരടക്കം രണ്ടായിരത്തിലധികം ജനവാസമുള്ള പ്ലാന്റിന് നേരെയുള്ള ആക്രമണത്തെ റഷ്യ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. സാഹചര്യം കൂടുതല്‍ കലുഷിതമാവുകയും പ്ലാന്റിന് നേരെ അക്രമണമുണ്ടാവുകയും ചെയ്താല്‍ അത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കും. യുദ്ധത്തിലേക്ക് പ്രത്യക്ഷമായി തന്നെ റഷ്യ കടന്നുവന്നേക്കും. തലസ്ഥാന നഗരിയായ ടെഹ്‌റാനില്‍ സ്ഥിതിചെയ്യുന്ന ദാമാവന്ദ് താപവൈദ്യുതനിലയവും കാസ്പിയന്‍ തീരത്തുള്ള ഷാഹിദ് സലിമി വൈദ്യതനിലയവുമാണ് ഇറാനിലെ മറ്റു സുപ്രധാന പവര്‍ പ്ലാന്റുകള്‍. മൂന്ന് ന്യൂക്ലീര്‍ റിസര്‍ച്ച് റിയാക്ടറുകളും രണ്ടു യുറേനിയം എന്റിച്ച്‌മെന്റ് പ്ലാന്റുകളും ഇറാനിലുണ്ട്.
അതേസമയം യുദ്ധം തുടരുന്ന സാഹചര്യമുണ്ടായാല്‍ ഇറാന്റെ കിരീടരത്‌നമായ 'ഖാര്‍ഗ് ദ്വീപിലും' ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. അതീവജാഗ്രതാ നിര്‍ദ്ദേശമാണ് ഖാര്‍ഗിനു നല്‍കിയിരിക്കുന്നത്. ഹോര്‍മുസ് തടഞ്ഞാല്‍ ഖാര്‍ഗ് ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ നേരത്തെയുണ്ടായിരുന്ന ഭീഷണി. വെറും 20 ചതുരശ്ര കിലോമീറ്റര്‍ മാത്രം വലുപ്പമുള്ള ഖാര്‍ഗ് ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമാണ്. 95 കോടി ക്രൂഡോയില്‍ ദിവസേന ഇതുവഴി കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഖാര്‍ഗിനെ കീഴ്‌പ്പെടുത്തുകയെന്നാല്‍ ഇറാനെ കീഴ്‌പ്പെടുത്തുക എന്നുകൂടെ അമേരിക്ക അര്‍ഥം വെക്കുന്നുണ്ട്. തിരിച്ചടികളുണ്ടാവുകയായണെങ്കില്‍ അതില്‍ ഖാര്‍ഗ് ഉള്‍പ്പെടാനുള്ള സാദ്ധ്യതകള്‍ നിഷേധിക്കാനാവില്ല.
ദിവസേന 20 മില്യണ്‍ ബാരല്‍ എണ്ണ കടന്നുപോകുന്ന, 33 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഹോര്‍മുസ് കടലിടുക്കില്‍ ഒരു വര്‍ഷം 600 ബില്യണ്‍ ഡോളറിന്റെ (49,95,000 കോടി രൂപ) കച്ചവടം നടക്കുന്നുണ്ടെന്നാണ് യു.എസ് എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്റെ (EIA) കണക്കുകള്‍ പറയുന്നത്. ഫെബ്രുവരി 28നു ആരംഭിച്ച ഇറാന്‍ - അമേരിക്കന്‍ - ഇസ്രയേല്‍ യുദ്ധം മൂലം അനൗദ്യോഗികമായി ഇറാന്‍ അടച്ചിട്ട ഹോര്‍മുസില്‍ ശത്രുക്കളല്ലാത്ത രാജ്യങ്ങള്‍ക്ക് ഗതാഗതം അനുവദിക്കുകയാണ്. അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ഇന്ത്യയടക്കം നിലവില്‍ രൂക്ഷമായ ഇന്ധനക്ഷാമം നേരിടുന്ന രാജ്യങ്ങളെ അത് കൂടുതല്‍ വെട്ടിലാകും.
ശരാശരി 90,000 ടൺ എൽ.പി.ജയിയാണ് ഇന്ത്യയുടെ പ്രതിദിന ഉപയോഗത്തിന് ആവശ്യമായിവരുന്നത്. അതിന്റെ 38 ശതമാനം മാത്രമാണ് ഇപ്പോഴും രാജ്യം ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. 62 ശതമാനം ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ഇന്ത്യയിലേക്കുള്ള ആകെ ഇറക്കുമതിയുടെ 85 ശതമാനവും ഹോർമുസ് കടലിടുക്കുകടന്നാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഹോർമുസിലെ പ്രതിസന്ധി തുടരുന്നത് രാജ്യത്തെ സാരമായി തന്നെ ബാധിക്കും. ഇന്ത്യൻ എൽപിജി സംവിധാനം ഉപയോഗയോജ്യമായി മാത്രമാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. സംഭരണത്തിനായുള്ള സംവിധാനങ്ങൾ വളരെ കുറവാണ്. ഭൂഗർഭ സംഭരണശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വ്യക്തമായ നിർദ്ദേശങ്ങളും നിലവിൽ നൽകിയിട്ടില്ല. ഇന്ത്യയിലെ സംഭരണശേഷികളുടെ അഭാവവും അടിസ്ഥാന സൗകര്യങ്ങളുടെ ബലഹീനതയുമാണ് നിലവിലെ ക്ഷാമം രൂക്ഷമാക്കിയതെന്ന് അന്താരാഷ്ട്ര ഊർജ്ജ ഏജൻസി (ഐഇഎ) ചൂണ്ടിക്കാട്ടിയിരുന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ കാര്യത്തിൽ നിലവിൽ ഇത്തരം പ്രതിസന്ധിയില്ലാത്തതും അതുകൊണ്ടാണ്. രണ്ടു മാസത്തോളം ഉപയോഗിക്കാൻ ആവശ്യമായ ക്രൂഡ് ഓയിലും പൊഡക്ടുകളും ഇന്ത്യ കരുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വിതരണത്തെ കാര്യമായത് ബാധിക്കില്ല.
കഴിഞ്ഞ ദിവസം രണ്ടു ഇന്ത്യൻ കപ്പലുകൾകൂടെ ഹോർമുസ് കടന്നിരുന്നു. ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകളിലായി ഏകദേശം 92,600 ടൺ പാചക വാതകം രണ്ടു ദിവസത്തിനകം ഇന്ത്യൻ തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംടി ശിവാലിക്, എംടി നന്ദാദേവി എന്നീ കപ്പലുകൾ ഹോർമുസ് കടന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തിയിരുന്നു. 93,000 മെട്രിക് ടൺ പാചകവാതകമാണ് രണ്ടു കപ്പലുകളിലായി ഉണ്ടായിരുന്നത്. ഹോർമുസിൽ കുരുങ്ങിയ 28 കപ്പലുകളിൽ ഇനിയും 24 കപ്പലുകളാണ് ബാക്കിയുള്ളത്. ഇന്ത്യൻ കപ്പലുകളിൽനിന്നായി 1,85,600 മെട്രിക് ടൺ വാതകവും കഴിഞ്ഞ ദിവസം അമേരിക്കൻ കപ്പലായ പിക്സിസ് പയനിയർ മംഗളുരു തീരത്ത് എത്തിച്ച 16,714 മെട്രിക് വാതകവും റഷ്യൻ കപ്പലായ അക്വ ടൈറ്റാൻ എത്തിക്കുന്ന 96,000 മെട്രിക് ടൺ വാതകവുമാണ് നിലവിലെ പ്രതിസന്ധിയിൽ ആശ്വാസമാവുക. 2,98,314 മെട്രിക് ടൺ പാചകവാതകമാണ് നിലവിൽ ഇന്ത്യയിലെത്തിയത്. ഇത് മൂന്നോ നാലോ ദിവസത്തേക്കുള്ള ആകെ ഉപയോഗത്തോളമേ വരൂ. എന്നാൽ ആറ് റഷ്യൻ ടാങ്കറുകൾ എത്തുന്നത് കൂടുതൽ ആശ്വാസമാണ്. ഇതിനു പുറമെ ഇന്ത്യതന്നെ ഉത്പാദിപ്പിക്കുന്ന 48000 ടൺ വാതകവും. എന്നാൽ യുദ്ധം നീളുന്ന സാഹചര്യമുണ്ടായാൽ ആഴ്ചകൾക്കുള്ളിൽ പാചകവാതകത്തിൽ വീണ്ടും കടുത്ത ക്ഷാമം നേരിടേണ്ടി വരും. പാചകവാതകത്തിന് പുറമെ രാസവളത്തിനും ക്ഷാമമുണ്ട്. വിളവെടുപ്പ് കാലത്തെ ഈ തിരിച്ചടി കാര്ഷികരംഗത്തെക്കൂടെ പ്രതിസന്ധിയിലാഴ്ത്തുകയാണ്.
ഇറാന്റെ പവര്‍ പ്ലാന്റുകള്‍ ആക്രമിക്കപ്പെടു ന്ന സാഹചര്യമുണ്ടായാല്‍, ഹോര്‍മുസ് പൂര്‍ണ്ണമായും അടച്ചിടുകയും ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതം സ്തംഭിക്കുകയും അതിരൂക്ഷമായ ഇന്ധനക്ഷാമം അനുഭവിക്കുകയും ചെയ്യും. ആഗോളമാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ കുത്തിക്കുകയും ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ യുദ്ധം വ്യാപിപ്പിക്കുകയും ചെയ്യും. അത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് ചെറുതായല്ല ക്ഷതമേല്‍പ്പിക്കുക. വലിയ ആക്രമണങ്ങള്‍ ഉണ്ടായില്ലെങ്കില്‍, ഹോര്‍മുസ് വഴി 50 ശതമാനം ഗതാഗതം അനുവദിക്കുകയും ഉയര്‍ന്ന തുകക്കെങ്കിലും ക്ഷാമമില്ലാതെ ഇന്ധനം എത്തിക്കുന്നതിനും സാധിക്കും. എന്നാല്‍ യുദ്ധം അനിശ്ചിതമായി തുടര്‍ന്നാല്‍ ഇന്ധനവില നിലവിലെ നിരക്കിനേക്കാള്‍ വേഗത്തില്‍ ഉയരുകയും ആനുപാതികമായി വിലക്കയറ്റമുണ്ടാവുകയും ചെയ്യും. അതുകൊണ്ടു തന്നെ ഇറാന്‍ - അമേരിക്കന്‍ ബന്ധത്തിന് ഇന്ത്യയുടെ ഭാവിയില്‍ സുപ്രധാന പങ്കാണ് നിലവിലുള്ളത്.
യുദ്ധം അതിലുള്‍പ്പെട്ട രണ്ടോ മൂന്നോ രാജ്യങ്ങളുടേത് മാത്രമല്ലെന്നും അതിന്റെ പ്രകമ്പനം ഭൂഗോളമൊട്ടുക്ക് വ്യാപിക്കുമെന്നും സമാധാനത്തിനു വലിയ വില നല്‍കേണ്ടിവരുമെന്നും ലോകത്തെ പഠിപ്പിക്കുകയാണ് ഹോര്‍മുസ്. അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് ഇറാനുനേര്‍ക്ക് തൊടുത്തുവിട്ട ആക്രമണപരമ്പര അടികളും തിരിച്ചടികളുമായി നാലാം വാരവും നില്‍ക്കാതെ മുന്നോട്ടുപോവുകയാണ്. അഞ്ചുദിവസത്തേക്ക് സൈനിക ആക്രമണം നിര്‍ത്തിവെച്ചതായി ട്രംപ് അറിയിച്ചെങ്കിലും അതിനോട് മറ്റുരാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. യുദ്ധം ഉടന്‍ നിര്‍ത്തുമെന്ന അമേരിക്കയുടെ നിലപാടിനോട് മുന്‍പ് ഇസ്രയേല്‍ അതൃപ്തി അറിയിച്ചിരുന്നു. നിലവില്‍ ഇറാനിയന്‍ നേതാക്കളെ കൊലപ്പെടുത്തുന്നത് ഇസ്രയേലും ഇസ്രയേല്‍ ആണവനിലയങ്ങള്‍ക്കരികെ ആക്രമണം നടത്തുന്നത് ഇറാനും തുടരുന്ന സാഹചര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates