ഉറങ്ങുമ്പോള്‍ കാണുന്നതല്ല സ്വപ്നം. ഉറങ്ങാന്‍ സമ്മതിക്കാത്തതാണ് സ്വപ്‌നമെന്നു എപിജെ അബ്ദുല്‍ കലാം പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ആഗ്രഹം അതിതീവ്രമാണോ എങ്കില്‍ അതു സാധ്യമാക്കാന്‍ പ്രപഞ്ചം ഗൂഢാലോചന നടത്തുമെന്ന് ആല്‍ക്കെമിസ്റ്റില്‍ പൗലോ കൊയ്‌ലോയും പറഞ്ഞു. സ്വപ്‌നം കാണുകയും അതിനായി കഠിനമായി അധ്വാനിക്കുകയും ചെയ്താല്‍ ഒന്നും അസാധ്യമല്ലെന്നു ഫുട്‌ബോള്‍ മൈതാനത്തു നിന്നു ഒരു കുഞ്ഞന്‍ രാജ്യം ലോകത്തോടു കളിച്ചു തെളിയിച്ച് വിളിച്ചു പറഞ്ഞത് കഴിഞ്ഞ ദിവസമാണ്.
2010ല്‍ സ്വാതന്ത്ര്യം നേടിയ ഒരു രാഷ്ട്രമുണ്ട് അങ്ങ് കരീബിയന്‍ ദ്വീപ് സമൂഹങ്ങള്‍ക്കിടെ. ജനസംഖ്യ രണ്ട് ലക്ഷത്തിനു അടുത്തു മാത്രം. കേരളത്തിലെ കണക്കില്‍ ഒരു പഞ്ചായത്തിന്റെ വലിപ്പമുള്ള രാജ്യം. 'ക്യുറസാവ്' എന്നാണ് ആ രാജ്യത്തിന്റെ പേര്. ചരിത്രത്തിലാദ്യമായി ആ കുഞ്ഞന്‍ രാഷ്ട്രം 2026ലെ ഫിഫ ലോകകപ്പ് പോരാട്ടത്തിനെത്തുകയാണ്. 2026ലെ ലോകകപ്പ് കളിക്കാനെത്തുന്ന ഏറ്റവും ചെറിയ രാജ്യമെന്ന പെരുമയും പേറിയാണ് അവര്‍ വരുന്നത്.
140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ ഫിഫ റാങ്കിങില്‍ 142ാം സ്ഥാനത്തേക്ക് വീണുപോയതിന്റെ വാര്‍ത്തകള്‍ക്കിടെയാണ് ഈ കുറിപ്പെഴുതുന്നത് എന്നതും കൂട്ടി വായിക്കുക.
ലോകകപ്പ് യോഗ്യതാ പോരാട്ടത്തിന്റെ അവസാന മത്സരത്തില്‍ ജമൈക്കയുമായി സമനിലയോ ജയമോ മതിയെന്ന ജീവന്‍ മരണ നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചെത്തിയാണ് ക്യുറസാവ് ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. കരുത്തരായ, തങ്ങളേക്കാള്‍ റാങ്കിങില്‍ മുന്നിലുള്ള ജമൈക്കയെ ഗോളടിക്കാന്‍ സമ്മതിക്കാതെ പിടിച്ചു നിര്‍ത്തിയപ്പോള്‍ ദീര്‍ഘനാളായി കൊണ്ടു നടന്ന ആ സ്വപ്‌നം അവര്‍ക്ക് മുന്നില്‍ പ്രപഞ്ചം സാര്‍ഥകമാക്കി കൊടുത്ത സുന്ദര കാഴ്ചയായിരുന്നു ജമൈക്കയിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍.
ഡച്ച് അധിനിവേശം
2010ല്‍ സ്വാതന്ത്ര്യം നേടിയെങ്കിലും ക്യുറസാവ് ഇപ്പോഴും ഡച്ച് മൊണാര്‍ക്കിയ്ക്കു കീഴില്‍ തന്നെയാണ്. സ്വന്തമായി ഭരണ സംവിധാനങ്ങളും മറ്റും രാജ്യത്തിനുണ്ടെങ്കിലും പ്രതിരോധം, വിദേശകാര്യ വിഷയങ്ങള്‍ ഇപ്പോഴും നെതർലൻഡ്സാണ് കൈകാര്യം ചെയ്യുന്നത്. 444 കിലോമീറ്ററിനുള്ളിലാണ് രാജ്യം നില്‍ക്കുന്നത്. നിലവിലെ ജനസംഖ്യ 1,85,494.
1924 മുതല്‍ അവര്‍ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്. ലോക ഫുട്‌ബോളിൽ പറയത്തക്ക നേട്ടങ്ങളൊന്നും അവകാശപ്പെടാനുമില്ല. 2019ല്‍ കോണ്‍കാക്കാഫ് ഗോള്‍ഡ് കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയതാണ് അവരുടെ സമീപ കാലത്തെ മികച്ച നേട്ടം.
അത്യന്തം നാടകീയതകള്‍ നിറഞ്ഞ പോരാട്ടം അതിജീവിച്ചാണ് ക്യുറസാവ് ലോകകപ്പ് യോഗ്യതയെന്ന സ്വപ്നം തൊടുന്നത്. അവസാന നിമിഷം ജമൈക്കയ്ക്ക് അനുകൂലമായി ഒരു പെനാല്‍റ്റി കിട്ടുമായിരുന്നു. ഇഞ്ച്വറി സമയത്തെ ആ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിയാല്‍ ജമൈക്ക ലോകകപ്പ് ടിക്കറ്റുറപ്പിക്കും. എന്നാല്‍ വാര്‍ അവിടെ രക്ഷയ്‌ക്കെത്തുന്നു. അതു പെനാല്‍റ്റിയല്ലെന്നു വിധിക്കുന്നു. ക്യുറസാവ് ലോകകപ്പ് യോഗ്യത ഉറപ്പിക്കുന്നു.
2015ല്‍ ക്യുറസാവ് ഫിഫ റാങ്കിങില്‍ 150ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നു 10 വര്‍ഷം കൊണ്ട് അവരുണ്ടാക്കിയ മുന്നേറ്റം വലിയൊരു പാഠ പുസ്തകമാണ്. ഇന്ന് 82ാം റാങ്കിലെത്തിയാണ് അവര്‍ ലോകകപ്പ് യോഗ്യതയെന്ന അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്.
ഡിക്ക് അഡ്വക്കാറ്റ്
നിരവധി രാജ്യങ്ങളില്‍ നിരവധി ക്ലബുകളെ, ഒട്ടനവധി ദേശീയ ടീമുകളെ പരിശീലിപ്പിച്ചതിന്റെ മഹത്തായ ചരിത്രമുള്ള ഒരു പരിശീലകനാണ് ക്യുറസാവിന്റെ സ്വപ്‌ന സഞ്ചാരത്തിന്റെ ഉപജ്ഞാതാവ്. ഡച്ച് പരിശീലകന്‍ ഡിക്ക് അഡ്വക്കാറ്റ്. നെതര്‍ലന്‍ഡ്‌സ്, റഷ്യ, പിഎസ്‌വി ഐന്തോവന്‍, ഫെയര്‍നൂദ്, സണ്ടര്‍ലാന്‍ഡ്, ദക്ഷിണ കൊറിയ തുടങ്ങി നിരവധി ടീമുകള്‍ക്കു തന്ത്രമോതിയ അഡ്വക്കാറ്റ് 2024ലാണ് ക്യുറസാവിന്റെ പരിശീലകനായി എത്തുന്നത്.
ടീം ലോകകപ്പ് യോഗ്യത നേടുന്ന നിമിഷത്തില്‍ മൈതാനത്തു നിന്നു അതു നേരിട്ടു കാണാന്‍ അദ്ദേഹത്തിനു യോഗമുണ്ടായിരുന്നില്ല. എങ്കിലും 78കാരന്‍ ആ ടീമിലേക്ക് സന്നിവേശിപ്പിച്ച ആവേശം അത്രയുണ്ട്. അവരുടെ അത്മവിശ്വാസവും പോരാട്ട വീര്യവും ശ്രദ്ധേയമായിരുന്നു. അഡ്വക്കാറ്റ് പിന്നില്‍ നില്‍ക്കുന്ന ടീമുകളെ മുന്നിലേക്ക് എത്തിക്കുന്നതില്‍ അപാരമായ കഴിവുള്ള പരിശീകനാണ്. വലിയ, നിര്‍ണായക മത്സരങ്ങളെ ഏതു വിധത്തില്‍ സമീപിക്കണമെന്ന തന്റെ ഫിലോസഫി എല്ലാ ടീമുകളിലും അദ്ദേഹം സമര്‍ഥമായി തന്നെ സന്നിവേശിപ്പിക്കുന്നു. ആ രസതന്ത്രത്തെ ക്യുറസാവ് താരങ്ങള്‍ അതേ ശക്തിയില്‍ മൈതാനത്ത് നടപ്പാക്കി.
ഫിഫ ലോകകപ്പ് ചരിത്രത്തിലാദ്യമായി 48 ടീമുകളുമായി നടത്താന്‍ ഒരുങ്ങുകയാണ്. അതിനാല്‍ തന്നെ ക്യുറസാവ് പോലെയുള്ള ടീമുകള്‍ക്കും അവസരം കിട്ടുന്നു. അതൊന്നും പക്ഷേ അവരുടെ ഈ നേട്ടത്തെ കുറയ്ക്കുന്നില്ല. സ്വപ്‌നം കാണുകയും അതു സാധ്യമാക്കാന്‍ ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഒന്നും അസാധ്യമല്ലെന്നു ക്യുറസാവിന്റെ നേട്ടം കാണിക്കുന്നു.
സിംഹത്തിന്റെ കഥ മാത്രം മതിയോ?
ക്യുറസാവ് എന്ന കുഞ്ഞൻ രാജ്യത്തിന്റെ മുന്നേറ്റം ഇന്ത്യയെ സംബന്ധിച്ച് വലിയ പാഠപുസ്തകമാണ്. ഗ്രാസ് റൂട്ട് ലെവൽ മുതൽ ഫുട്ബോൾ വളർത്തി നവീകരണത്തിനു പുതിയ ദിശാബോധം കണ്ടെത്താനുള്ള കൂട്ടായ ശ്രമങ്ങളുണ്ടെങ്കിൽ ഒന്നും അസാധ്യമല്ലെന്ന പാഠം.
ഇതിഹാസ താരം മെസിയും അര്‍ജന്റീന ടീമും ഇന്ത്യയിലേക്ക് കളിക്കാന്‍ വരാമെന്നു സമ്മതിച്ചപ്പോള്‍ അവര്‍ ആവശ്യപ്പെട്ട ഒരു കാര്യമുണ്ട്. 50ല്‍ താഴെ റാങ്കിലുള്ള ഒരു ടീമായിരിക്കണം സൗഹൃദ മത്സരത്തിലെ എതിരാളികള്‍ എന്നതായിരുന്നു മുന്നോട്ടു വച്ചത്. ഇന്ത്യയുമായി കളിക്കാന്‍ കഴിയില്ലെന്നു മറ്റൊരു തരത്തില്‍ പറയുകയായിരുന്നു ലോക ചാംപ്യന്‍മാര്‍.
ഇന്ത്യൻ ഫുട്ബോളിന്റെ നിലവാരം താഴേക്കാണെന്നു വ്യക്തമാക്കുന്നതാണ് ടീമിന്റെ സമീപകാല പ്രകടനങ്ങളെല്ലാം. ഇത്തവണയും ലോകകപ്പ് യോഗ്യതയില്ല. ഏഷ്യൻ യോഗ്യതാ പോരിന്റെ രണ്ടാം ഘട്ടത്തിൽ തന്നെ ഇന്ത്യ പുറത്തായി. ഏഷ്യൻ കരുത്തരായ ജപ്പാൻ, ദക്ഷിണ കൊറിയ, സൗദി അറേബ്യ പോലുള്ള ടീമുകളുമായുള്ള മത്സരങ്ങളാണ് ഇന്ത്യക്ക് നിലവിൽ ആവശ്യമുള്ളത്. കളിക്കാർക്ക് അതൊരു അനുഭവമായിരിക്കും. അവരുടെ വളർച്ചയ്ക്കും. പ്രതിഭാധനരായ ഒട്ടേറെ താരങ്ങൾ നമുക്കുണ്ട്. എന്നാൽ അവരെല്ലാം കുറച്ചു കാലം മാത്രം കണുന്നു. പിന്നീട് അപ്രത്യക്ഷരാകുന്നു. ഒരു ഐഎം വിജയനുണ്ട് നമുക്ക്. ഓർക്കണം അതിനു ശേഷം അത്ര മികവുള്ള ഒരു സ്ട്രൈക്കറെ ഇന്ത്യക്ക് കിട്ടിയിട്ടില്ല.
ലോക നിലവാരത്തിലുള്ള കളി നമുക്കിപ്പോഴും ആര്‍ജിക്കാനായില്ല എന്നത് അധികാര മത്തില്‍ മയങ്ങിക്കിടക്കുന്നവര്‍ ഓര്‍ത്താല്‍ നല്ലതാണ്. വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണ് നമ്മുടെ ഫുട്‌ബോള്‍. ക്യുറസാവ് പോലെയുള്ള ടീമുകളുടെ മുന്നേറ്റങ്ങളെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ തലപ്പത്തിരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കുമെന്നു വെറുതെയെങ്കിലും ആശിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates