ഫുട്‌ബോള്‍ വീഞ്ഞിലേക്ക് കടും വീര്യം പകര്‍ന്ന ജനതയാണ് അര്‍ജന്റീനക്കാര്‍. ഫുട്‌ബോള്‍ അവര്‍ക്ക് കാല്‍പ്പന്തു കൊണ്ടുള്ള കവിതയാണ്. മഹാ മാന്ത്രികരായ, വിസ്മയങ്ങള്‍ തീര്‍ത്ത ഇതിഹാസങ്ങളായ ഒട്ടേറെ താരങ്ങള്‍ ആ മണ്ണില്‍ നിന്നു പിറവിയെടുക്കുന്നതിന്റെ ജനിതക രഹസ്യത്തില്‍ കാല്‍പ്പന്തിനോടുള്ള ഉന്മാദം കൂടി അടയാളപ്പെടുന്നു.
ആല്‍ഫ്രഡോ ഡി സ്‌റ്റെഫാനോ, മരിയോ കെംപസ്, ഡീഗോ മറഡോണ, യുവാന്‍ റോമന്‍ റിക്വല്‍മി, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട, ഏരിയല്‍ ഒര്‍ട്ടേഗ മുതല്‍ ലയണല്‍ മെസി വരെ നീളുന്ന കാതലും കാമ്പുമുള്ള ഫുട്‌ബോള്‍ കാണിച്ചു തന്ന മഹാരഥന്‍മാരുടെ പറുദീസ. ഭ്രാന്തും ആനന്ദവും സമം ചേര്‍ത്ത ഫുട്‌ബോള്‍ ജന്‍മങ്ങളായിരുന്നു അവരെല്ലാം. ജീനില്‍ കാല്‍പ്പന്തിന്റെ ആസക്തി അളവില്‍ കൂടുതല്‍ പേറുന്ന മനുഷ്യരുടെ കൂട്ടത്തില്‍ നിന്നാണ് അവര്‍ മൈതാനത്തേക്ക് വന്നത്.
ഫുട്‌ബോള്‍ അനുരാഗവും അതിജീവനവും മാത്രമല്ല. അതിനു നൂറ്റാണ്ടുകള്‍ താണ്ടുന്ന വൈരത്തിന്റെ കറുത്ത വഴികളുമുണ്ടെന്നു കാണിച്ചതും അര്‍ജന്റീനക്കാര്‍ തന്നെ. റിയോ ഡി ലാ പ്ലാറ്റ നദിയുടെ തെക്കന്‍ തീരത്തുള്ള ബ്യൂണസ് അയേഴ്‌സ് എന്ന പൗരാണിക നഗരത്തിന്റെ ഇടുങ്ങിയ തെരുവുകളില്‍ കാല്‍പ്പന്ത് കൊണ്ടു മാത്രം ഉരുവം കൊണ്ട കൊടും വൈരത്തിന്റെ നിശ്വാസങ്ങള്‍ കേള്‍ക്കാം. കുടിപ്പകയുടെ അടങ്ങാത്ത വര്‍ത്തമാനങ്ങള്‍ ഇപ്പോഴും ഉയരുന്ന, നൂറ്റാണ്ട് പഴക്കമുള്ള ഫുട്‌ബോള്‍ വൈരത്തിന്റെ കഥ കൂടിയാണ് ബ്യൂണസ് അയേഴ്‌സിന്റെ ചരിത്രം. വിജയങ്ങളും വിയോജിപ്പുകളും കൂടിക്കലര്‍ന്ന ഫുട്‌ബോള്‍ ചരിത്രം കൂടിയാണ് ഈ നഗരം.
വൈകാരികതയുടെ നാള്‍വഴിക്കുറിപ്പ്
1901ല്‍ ലാ റോസാലസ്, സാന്റാ റോസ എന്നീ രണ്ട് ക്ലബുകള്‍ ലയിപ്പിച്ച് 'റിവര്‍ പ്ലേറ്റ്' എന്ന പേരില്‍ പുതിയൊരു ക്ലബ് നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നു. ക്ലബ് അത്‌ലറ്റിക്കോ ലിവര്‍പ്ലേറ്റ് എന്നായിരുന്നു സംഘത്തിന്റെ മുഴുവന്‍ പേര്. മെയ് 25ന് നിലവില്‍ വന്ന റിവര്‍ പ്ലേറ്റില്‍ അവിടങ്ങളിലെ വരേണ്യ വര്‍ഗങ്ങളായിരുന്നു അംഗങ്ങള്‍.
1905ല്‍ മറ്റൊരു ക്ലബും വന്നു. 'ബോക്ക ജൂനിയേഴ്‌സ്'. ഏപ്രില്‍ മൂന്നിനു നിലവില്‍ വന്ന ക്ലബിന്റെ മുഴുവന്‍ പേര് ക്ലബ് അത്‌ലറ്റിക്കോ ബോക്ക ജൂനിയേഴ്‌സ്. ക്ലബില്‍ ഭൂരിഭാഗവും സാധാരണ ജോലികള്‍ ചെയ്തിരുന്ന തൊഴിലാളികള്‍. ശുചീകരണ തൊഴിലാളികളടക്കമുള്ളൊരു ഫുട്‌ബോള്‍ ടീം. ലാ ബൊക്കയില്‍ പാര്‍ത്ത കുടിയേറ്റക്കാരുടെ ടീം.
അര്‍ജന്റീന സൂപ്പര്‍ ലീഗ് കളിച്ച (പ്രീമിയേറ ഡിവിഷന്‍) 18 ടീമുകളുണ്ട് ബ്യൂണസ് അയേഴ്‌സ് പ്രവിശ്യയില്‍ മാത്രം. പലതും നൂറ്റാണ്ട് പഴക്കമുള്ള സംഘങ്ങള്‍. ആ പ്രദേശത്തെ രണ്ട് നിര്‍ണായക ഫുട്‌ബോള്‍ ശക്തികളാണ് റിവര്‍ പ്ലേറ്റും ബോക്ക ജൂനിയേഴ്‌സും. ഇരു ടീമുകളും ലാ ബൊക്കയില്‍ തന്നെയാണ് പിറന്നു വീണത്.
കളിയും കലഹവും
1913ല്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ ആദ്യമായി വരുന്നോതോടെയാണ് കളിയുടെ കലാപ ചരിത്രം തുടങ്ങുന്നത്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടം സാംസ്‌കാരിക, സാമ്പത്തിക, വംശീയ പകകളുടെ ആകെത്തുകയായി മാറുന്ന കാഴ്ചയായിരുന്നു ആദ്യ മത്സരം മുതല്‍. റിവര്‍പ്ലേറ്റ് സമ്പന്നതയുടെ പുളപ്പില്‍ ഉയര്‍ന്ന ക്ലബായിരുന്നുവെങ്കില്‍ ബോക്ക വിപരീത ദിശയിലാണ് തുടക്കത്തില്‍ സഞ്ചരിച്ചത്. റിവര്‍പ്ലേറ്റ് ഒരുകാലത്ത് 'ദി മില്ല്യണയേഴ്‌സ്' എന്നാണ് അറിയപ്പെട്ടിരുന്നത്. ആദ്യ പോരാട്ടത്തില്‍ റിവര്‍പ്ലേറ്റാണ് വിജയം സ്വന്തമാക്കിയത്. 2-1ന്റെ ജയം.
എന്നാല്‍ ബോക്കയുടെ പോരാട്ട വീര്യമാണ് പിൽക്കാലത്ത് റിവര്‍പ്ലേറ്റിന്റെ പണക്കൊഴുപ്പിനു മുകളില്‍ നിന്നത്. ആദ്യ വരവില്‍ തന്നെ അവര്‍ പ്രീമിയേറ കിരീടം സ്വന്തമാക്കി. തുടര്‍ ജയങ്ങളുമായി അവരുടെ മുന്നേറ്റങ്ങളാണ് പിന്നീട് കണ്ടത്. ബോക്കയുടെ മുന്നേറ്റത്തെ മെരുക്കാന്‍ പണമെറിഞ്ഞ് വമ്പന്‍ താരങ്ങളെ റിവര്‍ പ്ലേറ്റ് ടീമിലെത്തിച്ചു.
ബോക്കയുടെ പോരാട്ടങ്ങളെല്ലാം അവരുടെ നിലനില്‍പ്പിന്റെ ആവശ്യകതയായിരുന്നു. അതിനാല്‍ വിജയം മാത്രമാണ് മഹത്തരമെന്ന ഉറച്ച വിശ്വാസമാണ് അവരെ നയിച്ചത്.
1929 മുതല്‍ ആരംഭിച്ച് 40കളുടെ തുടക്കം വരെ നീണ്ടു നിന്ന ലോകമെങ്ങും ബാധിച്ച 'ഗ്രേറ്റ് ഡിപ്രഷന്‍' എന്ന പേരില്‍ അറിയപ്പെട്ട മഹാ സാമ്പത്തിക മാന്ദ്യത്തോടെ ഇരു ക്ലബുകളും തമ്മിലുള്ള അന്തരം അതിന്റെ മൂര്‍ധന്യത്തിലെത്തിയിരുന്നു. 20ാം നൂറ്റാണ്ട് കണ്ട ഏറ്റവും ദൈര്‍ഘ്യമുള്ള, സമൂഹത്തിലെ സമസ്ത മേഖലകളേയും ആഴത്തില്‍ ബാധിച്ച സാമ്പത്തിക മാന്ദ്യം അര്‍ജന്റീനയെ വന്‍ തകര്‍ച്ചയിലേക്ക് തള്ളിയിട്ടതോടെ ഇരു ടീമുകളും തമ്മിലുള്ള മത്സരങ്ങളുടെ സ്വഭാവവും മാറി. ആരാധകര്‍ തമ്മിലുള്ള ചേരി തിരിവ് രൂക്ഷമാകുന്നതും ഈ ഘട്ടം മുതലാണ്.
ബോക്ക ആരാധകര്‍ റിവര്‍പ്ലേറ്റ് സംഘത്തെ ഗാലിനാസ് (കോഴികള്‍) എന്നാണ് അധിക്ഷേപിച്ചു വിളിച്ചതെങ്കില്‍ ലോസ് ചാഞ്ചിറ്റോസ് (കുട്ടിപ്പന്നികള്‍) ആയിരുന്നു ബോക്ക ടീം അംഗങ്ങള്‍ റിവര്‍ പ്ലേറ്റ് ആരാധകരുടെ കണ്ണില്‍. കലഹങ്ങള്‍ കലാപത്തിലേക്കും ദുരന്തങ്ങളിലേക്കും നയിച്ച നീറിപ്പുകയുന്ന അടങ്ങാത്ത വൈരമാണ് ഇരു ഭാഗവും കൊണ്ടു നടന്നത്. കളി നടക്കുന്ന സ്റ്റേഡിയങ്ങളിലെ വീറും വാശിയും നോക്കിയാല്‍ അറിയാം അവരുടെ ഉള്ളിലെ ആസക്തിയുടെ കടലാഴങ്ങള്‍. ജയമായാലും തോല്‍വിയായാലും തെരുവുകള്‍ കത്തും. വീടുകള്‍ തീവയ്ക്കപ്പെടും. പരസ്പരം പതിയിരുന്നുള്ള ആക്രമണങ്ങള്‍ വരെ അരങ്ങേറും.
ഫുട്‌ബോളിന്റെ യുദ്ധപ്പുസ്തകം
ലോകത്തെ മറ്റ് ലീഗുകളിലെ നാട്ടങ്കങ്ങള്‍ (ഡാർബി) പോലെയല്ല റിവര്‍ പ്ലേറ്റ്- ബോക്ക ജൂനിയേഴ്‌സ് പോരാട്ടങ്ങള്‍. അത് പ്രീമിയേറയായാലും കോപ്പ സുഡാമേരിക്കാന ആയാലും കോപ്പ ലിബര്‍ട്ടഡോറസായാലും പകയുടെ കുപ്രസിദ്ധിയ്ക്കു ചുറ്റുമായിരുന്നു ആ മത്സരങ്ങളെല്ലാം. ലോകത്തെ ഏറ്റവും വാശി നിറഞ്ഞ മനുഷ്യ വൈരത്തിന്റെ പ്രതീകമാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഈ മത്സരങ്ങള്‍. പോർവിളികളുടെ ഒട്ടനവധി അധ്യായങ്ങള്‍ തുന്നി വയ്ക്കുന്നത് ഇന്നും തുടരുന്ന ഒരു യുദ്ധപ്പുസ്തകം. അതാണ് 'സൂപ്പര്‍ ക്ലാസിക്കോ' എന്ന പേരില്‍ അറിയപ്പെട്ട പോരാട്ടങ്ങള്‍.
1968ല്‍ എസ്റ്റാഡിയോ മാസ് മോണുമെന്റല്‍ സ്‌റ്റേഡിയത്തില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തില്‍ തിക്കും തിരക്കും വന്നതോടെ അതു ദുരന്തത്തിന്റെ വേദിയായി. ജൂണ്‍ 23ലെ ആ അശാന്തമായ രാത്രിയില്‍ തിക്കിലും തിരക്കിലും പെട്ട് ചവിട്ടേറ്റ് മരിച്ചത് 80 പേര്‍. കൗമാരക്കാരാണ് മരിച്ചവരില്‍ കൂടുതലുണ്ടായിരുന്നത്. തലമുറകളിലേക്ക് പകരുന്ന പകയുടെ പ്രതീകങ്ങളായിരുന്നു അവര്‍.
21ാം നൂറ്റാണ്ടിലേക്ക് കടന്നപ്പോഴും തലമുറകള്‍ മാറുമ്പോഴും കുടിപ്പകയ്ക്കു മാത്രം മാറ്റം വന്നില്ല.
2015ല്‍ കോപ്പ ലിബര്‍ട്ടഡോറസ് പോരാട്ടത്തിലെ വിവാദം തന്നെ ഉദാഹരണം. ബോക്ക ജൂനിയേഴ്‌സ് ആ മത്സരം മുഴുമിപ്പിക്കാതെ പുറത്തായി. 1-0ത്തിനു മുന്നില്‍ നിന്ന റിവര്‍പ്ലേറ്റിനെ അന്നു വിജയിയായി പ്രഖ്യാപിച്ചു. മത്സരത്തില്‍ 1-0ത്തിനു റിവര്‍പ്ലേറ്റ് മുന്നില്‍ നില്‍ക്കുന്നതു സഹിക്കാനാകാതെ ബോക്ക ജൂനിയേഴ്‌സ് ആരാധകര്‍ റിവര്‍പ്ലേറ്റ് ആരാധകര്‍ക്കു നേരെ പെപ്പര്‍ സ്പ്രേ പ്രയോഗിച്ചതോടെ കളി അക്രമാസക്തമായി. മത്സരം തടസപ്പെട്ടതോടെ റിവര്‍പ്ലേറ്റിനെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
ലാറ്റിനമേരിക്കയിലെ ചാംപ്യന്‍സ് ലീഗെന്നു അറിയപ്പെടുന്ന കോപ്പ ലിബര്‍ട്ടഡോറസ് പോരാട്ടത്തില്‍ 2018ലാണ് ആദ്യമായി ഇരു ടീമുകളും ഫൈനലില്‍ നേര്‍ക്കുനേര്‍ വന്നത്. അര്‍ജന്റീന ജനതയെ ഒന്നടങ്കം ഈ ഫൈനല്‍ ആവേശത്തിലാക്കി. ആദ്യ പാദ ഫൈനല്‍ 2-2നു സമനിലയില്‍ അവസാനിച്ചു.
ആദ്യ പാദം സമനിലയില്‍ അവസാനിച്ചതോടെ രണ്ടാം പാദ ഫൈനല്‍ തീപ്പാറുമെന്നു ഉറപ്പായിരുന്നു. റിവര്‍പ്ലേറ്റ് സ്റ്റേഡിയമായ എസ്റ്റാഡിയോ മാസ് മോണുമെന്റലിലാണ് മത്സരം തീരുമാനിച്ചിരുന്നത്. നവംബര്‍ 24നു നടക്കുന്ന മത്സരത്തിനായി പോകുന്നതിനിടെ ബോക്ക ജൂനിയേഴ്‌സ് ടീം ബസിനു നേരെ റിവര്‍ പ്ലേറ്റ് ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. കല്ലുകളും പെപ്പെര്‍ സ്പ്രേ അടക്കമുള്ളവയും സ്ഫോടക വസ്തുക്കളും ബസിനു നേരെ ആരാധകര്‍ തുടരെ എറിഞ്ഞു. പല ബോക്ക ജൂനിയേഴ്‌സ് താരങ്ങള്‍ക്കും പരിക്കേറ്റു. പൊലീസ് എത്തി കണ്ണീര്‍വാതകമടക്കം പ്രയോഗിച്ചാണ് അക്രമികളെ തുരത്തിയത്. ഇതോടെ നവംബര്‍ 24ലെ രണ്ടാം പാദ ഫൈനല്‍ മാറ്റിവച്ചു.
നവംബര്‍ 25നു നടത്താനുള്ള സാധ്യതകള്‍ അധികൃതര്‍ അതിനിടെ തേടുന്നുണ്ടായിരുന്നു. എന്നാല്‍ താരങ്ങളുടെ പരിക്കും മറ്റും കാരണം മത്സരം മാറ്റണമെന്നു ബോക്ക ജൂനിയേഴ്‌സ് ആവശ്യപ്പെട്ടു. 27, 29 തീയതികളില്‍ നടത്താനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ഒരുറപ്പും നല്‍കാന്‍ സാധിക്കാതെ വന്നതോടെ ഫൈനല്‍ അര്‍ജന്റീനയില്‍ നിന്നു മാറ്റി മറ്റൊരു രാജ്യത്തു നടത്താന്‍ ഒടുവില്‍ തീരുമാനം വരുന്നു.
അങ്ങനെ സംഭവ ബഹുലമായ ആ പോരാട്ടത്തിന്റെ പരിസമാപ്തിയ്ക്കു വേദിയായത് റയല്‍ മാഡ്രിഡിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യുവായിരുന്നു. ഡിസംബര്‍ 9നു നടന്ന രണ്ടാം പാദ ഫൈനലില്‍ റിവര്‍പ്ലേറ്റ് 5-3 എന്ന സ്‌കോറിനു ബോക്ക ജൂനിയേഴ്‌സിനെ പരാജയപ്പെടുത്തി കപ്പുയര്‍ത്തി.
കുടിപ്പകയുടെ അവസാനമില്ലാത്ത രാത്രികള്‍
കാലവും മനുഷ്യരും കടന്നു പോകുമ്പോഴും ചില കാര്യങ്ങള്‍ക്ക് തുടര്‍ച്ച സംഭവിച്ചു കൊണ്ടേയിരിക്കും. അത്തരത്തിലൊന്നാണ് സൂപ്പര്‍ ക്ലാസിക്കോ. അര്‍ജന്റീനയില്‍ ജനിച്ചു വീഴുന്ന ഒരോ കുഞ്ഞും റിവര്‍ പ്ലേറ്റ്, ബോക്ക ജൂനിയേഴ്‌സ് ടീമുകളില്‍ ഒന്നിനെ ഭ്രാന്തമായ ആവേശത്തില്‍ സ്‌നേഹിക്കുന്നു എന്നതാണ് ആ തുടര്‍ച്ചയുടെ ഒഴുക്കിനെ നിര്‍ണയിക്കുന്നത്. ലോകത്തിലെ ഒരു ഫുട്‌ബോള്‍ സ്‌റ്റേഡിയവും റിവര്‍ പ്ലേറ്റ്- ബോക്ക ജൂനിയേഴ്‌സ് പോരാട്ട വേദി പോലെ തീ പിടിക്കാറില്ല. കൂറ്റന്‍ ടിഫോകള്‍ ഉയര്‍ത്താറില്ല. ആരവങ്ങളും ആക്രോശങ്ങളും മുഴക്കാറില്ല. അതാണ് ആ ഫുട്‌ബോള്‍ വൈരത്തിന്റെ ചരിത്രവും വര്‍ത്തമാനവും.
'ബോക്ക ജൂനിയേഴ്‌സ് ടീമാണ് എന്നെ സംബന്ധിച്ചു ലോകത്തിലെ ഏറ്റവും വെറുപ്പുള്ള കാര്യം. അവരുടെ താരങ്ങളും ആരാധകരും മത്സരം തോല്‍ക്കുമ്പോള്‍ സങ്കടപ്പെട്ടിരിക്കുന്നത് കാണുന്നതു തന്നെ ഒരു പ്രത്യേക ആനന്ദമാണ്'- റിവര്‍ പ്ലേറ്റ് ആരാധകനായ യുവാന്‍ ഇഗല്‍ പറയുന്നു.
'ബോക്കയ്ക്കു വേണ്ടി മരിക്കണോ ഞാന്‍ അതിനൊരുക്കമാണ്. ലിബര്‍ട്ടഡോറസ് രാത്രികള്‍ക്കും സൂപ്പര്‍ ക്ലാസിക്കോ പോരാട്ടം കാണാനുമാണ് ഞാന്‍ ജീവിക്കുന്നതു തന്നെ. ബോക്ക മത്സരങ്ങള്‍ തോല്‍ക്കുന്നതു ചിന്തിക്കാന്‍ പോലും എനിക്കു സാധിക്കില്ല'- ബോക്ക ജൂനിയേഴ്‌സ് ആരാധകനായ റോബ് സ്മിത്ത് പറയുന്നു.
ഫുട്ബോൾ കാൽപ്പനികത മാത്രമല്ല. വിയോജിപ്പുകളുടെ കൂട്ടിമുട്ടലും വെറുപ്പും കൂടിയാണ്. അടങ്ങാത്ത പകയുടെ ചോരത്തുള്ളികൾ തെറിക്കുന്ന, നമ്മുടെ ചിന്തകളോടു സമരസപ്പെടാത്ത കാര്യങ്ങളും ആ ഉരുണ്ട പന്ത് മൈതാനങ്ങളിലേക്ക് പേറുന്നുണ്ട്!
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates